സിമോണ്‍ പരീക്ഷയില്‍ മിടുക്കിയായി ജയിച്ചതില്‍ അഭിനന്ദിച്ചുകൊണ്ടു പോള്‍ പറഞ്ഞു: ഇനിമുതല്‍ നിന്നെ ഞാന്‍ എന്റെ ചിറകിനടിയില്‍ സൂക്ഷിക്കും. അവളോടൊത്ത് വായിക്കാനും പഠിക്കാനും പോള്‍ ഇഷ്ടപ്പെട്ടിരുന്നു. ഓരോരോ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ട് സൈന്‍ നദീതീരത്ത് നടക്കുക അവര്‍ക്കിഷ്ടമായിരുന്നു. ഇടക്ക് പുസ്തകക്കടയില്‍ കയറും. നല്ല പുസ്തകങ്ങളെ അവര്‍ ഒരുമിച്ചു തിരിച്ചറിഞ്ഞു.
അവന്‍ നാണംകുണുങ്ങിയായിരുന്നു, എന്നിട്ടും എന്റെയടുത്ത് വാചാലനായി. അവന്‍ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കാന്‍ ഞാനിഷ്ടപ്പെട്ടു. വെറുംവാക്കിനും പരദൂഷണത്തിനുമായി ഞങ്ങള്‍ സമയം കളഞ്ഞില്ല. എന്നാലുമെന്റെ നിരീക്ഷണപടുത്വത്തെ അവന്‍ പുകഴ്ത്തിയിരുന്നു.
അസ്വസ്ഥതകളിലവന്‍ ധൈര്യം കാണിച്ചു. നിസ്സാരമെന്നു മറ്റുള്ളവര്‍ക്ക് തോന്നിയിരുന്നതിനെ പോള്‍ തള്ളിക്കളഞ്ഞില്ല.എല്ലാറ്റിന്റെ യും തനിമയാര്‍ന്ന സൌന്ദര്യത്തെ ദര്‍ശിക്കാനാണവന്‍ ശ്രമിച്ചതെന്നെനിക്ക് തോന്നി.
ചിലപ്പോള്‍ നിസ്സാരകാര്യത്തിനെന്നോടു തര്‍ക്കിച്ച് മൂകനായി അവന്‍ സ്ഥലംവിട്ടിരുന്നു. എന്നാല്‍, വീണ്ടും ഒരു കുട്ടിയെപ്പോലെ അനുതപിച്ചുവരും. ഇതെന്റെയടുത്ത് മാത്രമേ സാധിച്ചിരുന്നുള്ളൂ എന്നവന്‍ പറയുമായിരുന്നു. അപ്പോഴെന്റെ സന്തോഷം നിസ്സീമമായിരുന്നു.
ഴ്ഷാന്ഗ് പോള്‍ എന്നെ അതിയായി സ്നേഹിച്ചു. എപ്പോഴും എന്നെ അദ്ദേഹത്തിന്റെ ഭാഗമായി ചേര്‍ത്താണ് എന്തും ചെയ്തിരുന്നത്. എന്റെ മൂല്യങ്ങളുടെ കോണില്‍ നിന്നുകൊണ്ടാണദ്ദേഹം പെരുമാറിയിരുന്നത്. ഈ അനന്യത്വം ഞാന്‍ വളരെ വിലമതിച്ചിരുന്നു. തന്റെയൊപ്പമോ, അതിലധികമോ ശ്രേഷ്ഠത അദ്ദേഹമെനിക്ക് കല്പിച്ചുതന്നിരുന്നു. പകരം, അങ്ങനെയൊന്നും ആര്‍ക്കും കീഴടങ്ങുകയില്ലാത്ത ഞാന്‍, അദ്ദേഹത്തിന് കീഴ്ടങ്ങുന്നതില്‍ ആനന്ദിച്ചു. ഒരു കാര്യമെനിക്കു മനസ്സിലായി - ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ സ്വപ്നംകണ്ടിരുന്ന എന്റെയാത്മാവിന്റെ ആ കൂട്ടുകാരനെയാണെനിക്ക് കിട്ടിയത്. പതിനഞ്ചാമത്തെ വയസ്സ് മുതല്‍ ഞാനിവനെ കാത്തിരിക്കുകയായിരുന്നു. എന്റെതന്നെ മറ്റൊരു ജന്മമാണ് ഈ മനുഷ്യന്‍.
എന്റെയെല്ലാ ഭാവനകളും സ്വപ്നങ്ങളും ഈ മനുഷ്യനില്‍ ഉജ്ജ്വലിച്ചു നില്‍ക്കുന്നു. എന്തുമെനിക്ക് ഇയാളുമായി പങ്കുവയ്ക്കാം. യഥാര്‍ത്ഥ സ്നേഹത്തില്‍ ലൈംഗികതക്ക് കാര്യമായ പ്രസക്തിയില്ലെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്റെ ചുണ്ടുകളെ മറ്റൊരാള്‍ സ്പര്‍ശിക്കുന്നതുപോലും അന്യായമായി ഞാന്‍ കരുതി. ചവിട്ടിതേയ്ക്കപ്പെട്ട ലിലിപ്പൂക്കളുടെ ഓര്‍മ്മയായിരിക്കാം സ്നേഹമുക്തമായ ശാരീരികാനുഭവങ്ങളെപ്പോലും മലിനമായി കാണാന്‍ എന്നെ പ്രേരിപ്പിച്ചത്.
എന്നാല്‍, സ്നേഹത്തിന്റെ പാഠങ്ങളില്‍ അദ്ദേഹമെനിക്ക് ഗുരുവായി. സ്നേഹത്തിന്റെ കാര്യത്തിലെന്നും ഞാനൊരു തീവ്രവാദിയായിരുന്നു. സ്നേഹിക്കുന്നെങ്കില്‍, തീവ്രമായി സ്നേഹിക്കണമെന്നായിരുന്നു എന്റെ നിലപാട്. എന്നെ മുഴുവനായി സ്നേഹിക്കുന്നവന് എന്നെ മുഴുവനായിത്തന്നെ കൊടുക്കാതിരിക്കാന്‍ എനിക്കാവില്ല. ഞങ്ങളില്‍ ആര് ആരെയിത് പഠിപ്പിച്ചുവെന്നു മാത്രം ചോദിക്കരുത്.
അസ്തിത്വവാദതത്ത്വചിന്തകരില്‍ അഗ്രഗണ്യനായിരുന്ന ഴ്ഷാന്ഗ് പോള്‍ സാര്‍ത്രിന്റെ ജീവിതസഖിയും പ്രഗല്ഭ സാഹിത്യകാരിയുമായിരുന്ന സിമോണ്‍ ദെ ബുവ്വാറിന്റെ ആത്മകഥയില്‍ നിന്ന്.
0 comments:
Post a Comment