എന്തുകൊണ്ടാണ് ഒരു കവി ഇങ്ങനെ പാടിയതെന്നു മനസ്സിലാക്കാന്‍ വളരെനാള്‍ ശ്രമിച്ചു. കണ്ടെത്തിയ ഈ ഉത്തരം തൃപ്തികരമാണോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.
സ്നേഹിക്കുന്നവരെ എന്നും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട്: എന്തുകൊണ്ട് ആര്‍ക്കുംതന്നെ സ്നേഹത്തില്‍നിന്നു ദുഖത്തെ മാറ്റിനിര്‍ത്താനാവില്ല? അനുഭവത്തില്‍നിന്നു നമുക്കറിയാം, സ്നേഹം എപ്പോഴുംതന്നെ ദു:ഖവുമായി ബന്ധപ്പെട്ടിരിക്കും. ദു:ഖമയമല്ലാത്ത സ്നേഹം വിരളമെന്നല്ല, അസ്സാധ്യംതന്നെയാണ്. പ്രതിസ്നേഹം കിട്ടാത്തതിന്റെ, തെറ്റുധാരണയുടെ, വേര്‍പാടിന്റെ, ചതിയുടെ ഒക്കെ വേദന സ്നേഹത്തിന്റെയാനന്ദത്തെ കുറയ്ക്കുകയോ തീര്‍ത്തും ഇല്ലാതാക്കുകയോ ചെയ്തേക്കാം. സ്നേഹിക്കുന്നവര്‍ക്ക് ഇതെന്നുമൊരു സമസ്യയാണ്. ഏവരും ഈ കടങ്കഥക്ക് ഉത്തരംതേടുന്നു. എന്നാല്‍ ആര്‍ക്കുംതന്നെ തൃപ്തികരമായ ഒരു വിശദീകരണം ഒട്ടു ലഭിക്കാറുമില്ല.
എന്നാല്‍, താത്ത്വികമായിട്ടെങ്കിലും അംഗീകരിക്കാവുന്ന ഒരുത്തരം ഒരു സെന്‍ഗുരു തരുന്നുണ്ട്. അതിങ്ങനെയാണ്. സ്നേഹിക്കുക എന്നത് ഒരു പ്രത്യാശയുടെ തുടക്കമാണ്. മറ്റൊരു വ്യക്തിയുമായി താദാത്മ്യപ്പെടാമെന്ന പ്രത്യാശ. ഇത് ആനന്ദദായകമാണ്. സ്നേഹിച്ചുതുടങ്ങുന്നവരെ അതു ത്രസ്സിപ്പിക്കും. അതൊരു പ്രകാശമാണ്, ഒരു പുതിയ കാഴ്ചപ്പാടിനുള്ള വെളിച്ചമാണ്. ഈ വെളിച്ചത്തിനു മങ്ങലേല്‍ക്കുകയെന്നാല്‍, വേദനയുടെ തുടക്കമായി. ഈ പ്രക്രിയ ഒരുപമയിലൂടെ വിശദീകരിക്കാം. നാം ഇരുട്ടത്ത് നില്‍ക്കുകയാണെന്നു വിചാരിക്കൂ. ഹെഡ് ലൈറ്റിട്ട് ഒരു വണ്ടി കടന്നുപോകുന്നു. അതോടെ അല്‍പനേരത്തേക്ക് നാം ഇരുട്ടിലായതുപോലെയാണ്. നേരത്തേതിലും കൂടുതല്‍ ഇരുട്ട് നമുക്കനുഭവപ്പെടും. സ്നേഹാനുഭൂതി എന്ന വിശേഷവെളിച്ചംകൊണ്ടു നിറഞ്ഞയാള്‍ അതിന്റെ നഷ്ടത്തിലനുഭവിക്കുന്ന വേദനയും ഇതുപോലാണ്. അയാളുടെ മാനസികാവസ്ഥ പണ്ടത്തേതിലും കഷ്ടമായിത്തീരുന്നു.
എന്തുകൊണ്ടാണ് ശാശ്വതവും അഗാധവുമായ സ്നേഹം മിക്കവര്‍ക്കും അപ്രാപ്യമായിരിക്കുന്നത്? അതിനുള്ളയുത്തരം ഏവര്‍ക്കുംതന്നെയറിയാം, അവനവന്റെ ഭാഗത്ത് അതംഗീകരിക്കാന്‍ ആര്‍ക്കുമാവുന്നില്ലെന്നു മാത്രം. അതായത്, അഹന്തയുടെ ഇടപെടലാണ് എപ്പോഴും സ്നേഹത്തെ നശിപ്പിക്കുന്നത്. അഹംബോധം ശക്തിയാര്‍ജ്ജിക്കുന്നിടത്ത് സ്നേഹമസ്സാധ്യമാണ്. സ്വയമില്ലാതാകാന്‍ പഠിക്കാതെ സ്നേഹിക്കാനാവില്ലതന്നെ. അവനവനെ നഷ്ടപ്പെടുത്താന്‍ ധൈര്യമുള്ളവര്‍ ചുരുക്കമായതിനാല്‍, ശരിക്ക് സ്നേഹിക്കാന്‍ കഴിയുന്നവരും ചുരുക്കമാണ്.
രതിയുടെ കാര്യത്തിലെന്നപോലെ തന്നെ, സ്നേഹത്തിലും, ഒന്നായിത്തീരുക എന്നയനുഭവം ചഞ്ചലിതമാണ്. സ്നേഹം ഉത്പാദിപ്പിക്കുന്നയാനന്ദത്തിന്റെ ആ ഹൃസ്വാനുഭവം തുടരാനാകണമെങ്കില്‍ അവനവനിലേക്ക്, അഹത്തിലേക്ക്, ചുരുങ്ങിപ്പോകാതിരിക്കാന്‍ കഴിയണം. മറ്റു തരത്തില്‍ പറഞ്ഞാല്‍, തന്നിഷ്ടം മറക്കാന്‍ കഴിയണം. മാനുഷികമായി ഇതേതാണ്ട് അപ്രാപ്യമായ കാര്യം തന്നെയാണ്. അങ്ങനെ സ്നേഹത്തിന് എപ്പോഴും മുറിവേല്‍ക്കപ്പെടുന്നു. വീണ്ടും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ദാഹം മാത്രം ബാക്കിയാവുന്നു. അതുതന്നെ ദു:ഖകാരണം. അല്‍പനേരത്തെ ഒന്നാകല്‍ മറ്റൊന്നില്‍ അലിഞ്ഞുചേരുന്നതിന്റെ ഒരു പ്രതീകമായി മാത്രം അവശേഷിക്കുമ്പോള്‍ ഉള്ളില്‍ അതൃപ്തിയുടലെടുക്കുന്നു. പൂര്‍ണമായി മറ്റെയാളുമായി അലിഞ്ഞുചേരുകയെന്നാല്‍, അഹത്തെ പൂര്‍ണമായും അവഗണിക്കുക എന്നുതന്നെയാണ്. അതിന് കഴിവുള്ളവര്‍ എത്ര വിരളമെന്ന് സ്വാനുഭവത്തില്‍നിന്ന് നമുക്കേവര്‍ക്കുമറിയാം. അതുകൊണ്ടാണ്, സ്നേഹം മിക്കവര്‍ക്കും ദു:ഖപര്യവസായിയായി പരിണമിക്കുന്നത്.
അതു കഴിഞ്ഞോ? ഒരിക്കല്‍ സ്നേഹിതരും കമിതാക്കളുമായിരുന്നവര്‍ പരസ്പരം പഴിചാരുന്നു. ദു:ഖകാരണം തെരയപ്പെടുന്നത് എപ്പോഴും മറുവശത്താണ്. അവിടെ നന്ദികേടും ചതിയും ആരോപിക്കപ്പെടുന്നു. സ്വന്തമഹം നീതിമത്ക്കരിക്കപ്പെടുകയാണ് എപ്പോഴും സംഭവിക്കുക. സ്നേഹത്തില്‍ അനിവാര്യമായി വന്നുഭവിക്കുന്ന നിതാന്തദു:ഖത്തില്‍നിന്ന് പഠിക്കാനാവുന്നയൊന്നുണ്ട്. സ്വന്തം എകാകിതയെക്കുറിച്ചുള്ളയവബോധം. സ്വന്തം ഏകാകിതയെക്കുറിച്ച് മറ്റൊരാളെ അറിയിക്കുക എന്നതുതന്നെയാണ് സ്നേഹത്തിനു വേണ്ടിയുള്ള യാചനയായിത്തീരുന്നത്. ഈ തിരിച്ചറിവ് ജീവിതത്തില്‍ അതിപ്രധാനമാണ്. കാരണം, മറ്റൊരാള്‍ക്ക് എന്നതുപോലെതന്നെ, ദൈവത്തിനും (ഈശ്വരചൈതന്യത്തിന്) നമുക്കുള്ളിലേക്ക് കടന്നുവരാനുള്ള ഒരേയൊരു വാതില്‍ അതുതന്നെയാണ്. അതുകൊണ്ടാണ്, എല്ലാ യഥാര്‍ത്ഥ സ്നേഹാനുഭവവും ധ്യാനാത്മകതയിലേക്ക് നയിക്കുന്നത്. സ്നേഹിക്കുന്നവര്‍ സ്വാഭാവികമായിത്തന്നെ ധ്യാനത്തെ വിലമതിക്കാന്‍ പഠിക്കും. സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ അതിന് കഴിയൂതാനും. പുറത്തുനിന്നുള്ള ഒരു പ്രിയതമനും ഒരു പ്രിയതമയും തന്നെ തൃപ്തിപ്പെടുത്തുകയില്ല എന്ന തിരിച്ചറിവാണ് ധ്യാനം അല്ലെങ്കില്‍ പ്രാര്‍ത്ഥന. അവിടെവരെയെത്താത്തവര്‍ എന്നും ദു:ഖിതരായിരിക്കും.
ഉള്‍ക്കൊള്ളാന്‍ അത്രയൊന്നും എളുപ്പമല്ലെങ്കിലും, സ്നേഹത്തെപ്പറ്റി ബുദ്ധന്‍ പറഞ്ഞിട്ടുള്ളത് വളരെ ശ്രദ്ധേയമാണ്. സ്നേഹമാണ് പരമസത്യമെന്ന് തിരിച്ചറിഞ്ഞ ബുദ്ധന്റെ വാക്കുകള്‍ "ധര്‍മപദ"ത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. "സ്നേഹത്തില്‍' നിന്നു വെറുപ്പും അസൂയയും ഉയരുന്നതിനാല്‍ ഒന്നിനെയും സ്നേഹിക്കരുത്." എന്തായിരിക്കാം ഈ വാക്കുകളുടെ പൊരുള്‍? സ്നേഹിക്കുകയേ അരുത് എന്നാകില്ലല്ലോ അത്. ചിലതിനെ മാത്രം, ചിലരെ മാത്രം സ്നേഹിക്കുന്നതാണ് ദു:ഖത്തിനും സംഘര്‍ഷത്തിനും, വെറുപ്പിനും അസൂയക്കും കാരണമായിത്തീരുന്നത് എന്നായിരിക്കാം അദ്ദേഹമുദ്ദേശിച്ചത്. ആത്യന്തികമായി, അതിനര്‍ത്ഥം മറ്റൊന്നുമല്ല - എല്ലാറ്റിനെയും സ്നേഹിക്കുന്നവന് മാത്രമേ ഒന്നിനെയും വെറുക്കാതിരിക്കാനാവൂ. തിരിച്ചും പറയാം: ഒന്നിനെയും വെറുക്കാത്ത ഒരുവന്/ഒരുവള്‍ക്ക് മാത്രമേ ആരെയെങ്കിലും, എന്തിനെയെങ്കിലും, സ്നേഹിക്കാനാവൂ.
ഒരു പക്ഷേ, ഒരു ബുദ്ധന് മാത്രമേ ഇതുള്‍ക്കൊള്ളാനാവൂ. പരമസത്യം പാതി വഴി നടക്കുന്നവര്‍ക്കുള്ളതല്ലല്ലോ. ബുദ്ധന്മാര്‍ മാത്രമേ ബുദ്ധനില്‍ നിന്നു പഠിക്കുകയുണ്ടായിട്ടുള്ളൂ എന്ന് ബോധിവൃക്ഷത്തിന്റെ ഇലകള്‍ എന്ന കൃതിയില്‍ ശ്രീ പി.എന്‍. ദാസ് എഴുതിയിട്ടുണ്ട്. ഇതുകൂടി അദ്ദേഹം കുറിച്ചിരിക്കുന്നു: "അധീശത്വം, ആശ്രിതത്വം, ഉടമസ്ഥത, ഉത്തരവാദിത്തം, ആത്മാനുകമ്പ, എന്നിവയൊന്നും സ്നേഹമല്ല. സ്നേഹിക്കപ്പെടുന്നില്ല എന്ന വിഷാദവും സ്നേഹമല്ല. പിന്നെയെന്താണ് സ്നേഹം? ഇവയെയെല്ലാം ഇല്ലാതാകുന്നതാണത്. എങ്ങനെ സ്നേഹിക്കണമെന്നു നിങ്ങള്‍ അറിയുമ്പോള്‍, നിങ്ങള്‍ ഇഷ്ടപ്പെടുന്നപ്രകാരമെല്ലാം ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയുന്നു." സ്നേഹത്തെ പുറത്തുനിന്നു കിട്ടുന്ന സുഖമായി കണ്ടാല്‍ അതില്‍നിന്ന് ദു:ഖം ജനിക്കുക അനിവാര്യമാണ്. എന്നാല്‍ സ്നേഹത്തെ ഉള്ളില്‍നിന്നു വരുന്ന സന്തുഷ്ടിയായി അനുഭവിക്കാമെങ്കില്‍, അതു ശാശ്വതമായിരിക്കുമെന്ന് നമുക്ക് ഉപസംഹരിച്ചു പറയാം. സ്വന്ത മനസ്സില്‍ ഒരാള്‍ ഖനനം ചെയയ്തെടുക്കുന്ന വെളിച്ചമാണ് സുഖത്തെ തരുന്നത്. അല്ലാത്തവ, വെളിച്ചമെന്ന് തോന്നിയാലും, ദു:ഖമേ തരൂ.
ഇത്രയുമായിട്ടും, "വെളിച്ചം ദു:ഖമാണുണ്ണീ" എന്ന് മഹാകവി അക്കിത്തം കാവ്യഭാവന നെയ്തത് ഏതര്‍ത്ഥത്തിലാണെന്ന് ഒട്ടും തന്നെ വ്യക്തമല്ലായെന്ന് വായനക്കാര്‍ കെറുപറഞ്ഞാല്‍ അതില്‍ വാസ്തവമുണ്ട്. വെളിച്ചം സ്നേഹത്തിനു പര്യായമെന്നോണം എടുത്താണ് മുകളിലത്രയും കുറിച്ചത്. അല്പംകൂടി ആന്തരികവും ക്ലിപ്തവുമായ വിശകലനംതേടി ഞാനെത്തിയത്, ഓഷോയിലാണ്. ജീവിതം ലൈംഗികോര്‍ജ്ജമാണ് എന്ന കൃതിയില്‍ അദ്ദേഹം പങ്കുവയ്ക്കുന്ന ചില ഉള്‍ക്കാഴ്ചകള്‍ ഇവിടെ നമുക്ക് ഉപകരിക്കുന്നവയാണ്. വോള്‍ട്ടയര്‍ പറയാറുണ്ടായിരുന്നത്രേ, നിങ്ങള്‍ നിങ്ങളുടെ വാക്കുകളെ ആദ്യമേതന്നെ നിര്‍വചിക്കാതെ നിങ്ങള്‍ക്ക് ആശയവിനിമയം സാദ്ധ്യമല്ല. എന്നാല്‍ അതസ്സാദ്ധ്യമാണ്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് വെളിച്ചത്തെ നിര്‍വചിക്കേണ്ടതുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് ഇരുട്ടിനെ അവിടേയ്ക്ക് കൊണ്ടുവരേണ്ടിവരും. എന്നാല്‍ എന്താണ് ഇരുട്ട് എന്ന് ചോദിച്ചാല്‍, നിങ്ങള്‍ക്ക് വീണ്ടും വെളിച്ചത്തെ ആശ്രയിക്കേണ്ടിവരും. ചുരുക്കത്തില്‍, എല്ലാ നിര്‍വചനങ്ങളും ചാക്രികമാണ്. അതിന്റെ വിപരീതമില്ലാതെ, ഒരു പദത്തെയും നിര്‍വചിക്കാനാവില്ലാത്തതിനാല്‍, ഒന്നിനെ നമ്മള്‍ മറ്റൊന്നുകൊണ്ട് വിശദീകരിക്കുന്നു. ഇതൊരു കൌശലമാണ്; അത്ര ഫലപ്രദമല്ല താനും.
ഓരോന്നും അതിന്റെ വിപരീതത്തോടോത്തു സ്ഥിതിചെയ്യുന്നു. അത്യാനന്ദത്തെ അനുഭവിക്കുന്നവന് തീവ്രദു:ഖവുമുണ്ടായിരിക്കും എന്നാണ് ഓഷോയുടെ കണ്ടെത്തല്‍. ഇരുട്ടില്ലാതെ വെളിച്ചവും ദു:ഖമില്ലാതെയാനന്ദവും നേടുകയെന്നത് മനുഷ്യന്റെ പരിമിതികള്‍ക്കപ്പുറത്താണ്. ഞാന്‍ പ്രബുദ്ധനാണ് എന്നൊരാള്‍ പറഞ്ഞാല്‍, അയാള്‍ ഒട്ടും പ്രബുദ്ധനല്ലായെന്ന് ധരിച്ചുകൊള്ളുക എന്ന് ഉപനിഷത്തുകള്‍ താക്കീതുചെയ്യുന്നുണ്ട്. പ്രബുദ്ധനാകുക അസ്സാദ്ധ്യമാണെന്നല്ല, പക്ഷേ, അതിന് ചില നിബന്ധനകളുണ്ട്. മനുഷ്യന്‍ അവനവനില്‍ തന്നെ പരിമിതികളുടെ കൂമ്പാരമാണ്. അവനെ ബാധിക്കുന്നതിനെല്ലാം അവയുടെ എതിരുകളുമുണ്ട്. ഈ വിപരീതങ്ങളെ സമന്വയിപ്പിക്കുക, പരിമിതികളെ കവച്ചുവയ്ക്കുക എന്നതാണ് ധ്യാനത്തിന്റെ വഴി. അതെങ്ങനെയെന്നു മനസ്സിലാക്കാമോ എന്ന് നോക്കാം.
സാധിക്കുമ്പോളൊക്കെ വിശാലമായ ഒരു ഭൂതലത്തിലേയ്ക്കോ, മലനിരകളിലേയ്ക്കോ, സമുദ്രത്തിന്റെ നോക്കെത്താത്ത വിസ്ത്രുതിയിലേയ്ക്കോ കുറേനേരം കണ്ണുനട്ടിരിക്കുക ഒരു സെന്‍ വ്യായാമമാണ്. കാരണം, അതു മനസ്സിനെ വികസിപ്പിക്കും. മനസ്സെന്നത് ഏറ്റവും ഇടുങ്ങിയ ഒരു സംവിധാനമാണ്. പരിധികളെ സൃഷ്ടിക്കുക, സ്വന്തമായ ഇടുങ്ങിയ കാഴ്ചപ്പാടിലൂടെ നിരന്തരം കാര്യകാരണങ്ങളെ വിശകലനം ചെയ്തുകൊണ്ടിരിക്കുക എന്നതൊക്കെയാണ് അതിന്റെ ജോലി. അതില്‍പ്പെടുന്നു വേലികളെയും വ്യത്യാസങ്ങളെയും തിരഞ്ഞുപിടിച്ച്, എല്ലാം അതിനുള്ളിലൊതുക്കുകയെന്നത്. എല്ലാ വ്യത്യാസങ്ങളും ആപേക്ഷികങ്ങളാണ്. 'ഞാന്‍ വേറെയാണ്' എന്ന അസ്തിത്വബോധമാണ് പരിധികളെയുണ്ടാക്കുന്നത്. അതില്‍നിന്നൊരു വിടുതല്‍കിട്ടുന്നതിന് ദൂരേയ്ക്കുള്ള ദൃഷ്ടി സഹായിക്കും. ദൂരേയ്ക്ക് നോക്കുമ്പോള്‍, ഒരാള്‍ അയാളില്‍ നിന്ന് തന്നെ അകലുകയും പ്രപഞ്ചവിസ്തൃതിയോടടുക്കുകയുമാണ് ചെയ്യുക.
ഭൂമിയില്‍ ഒറ്റക്കായിപ്പോയ ഒരാളെ സങ്കല്‍പ്പിക്കുക. വിപരീതങ്ങള്‍ എന്തെന്നറിയാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാവും. നന്മയും തിന്മയും, ആണ്‍പെണ്‍ വ്യത്യാസങ്ങള്‍, രൂപസൌന്ദര്യവും അതിന്റെ ഏറ്റക്കുറച്ചിലും, സമ്പത്തും ദാരിദ്ര്യവുമൊന്നും അയാള്‍ക്ക് ബാധകമാവില്ല. കാരണം, താരതമ്യത്തിന് അയാളുടെ ലോകത്ത് വകയില്ലതന്നെ. ഇനി നമുക്ക് വെളിച്ചത്തിലേയ്ക്ക് വരാം. വെളിച്ചം കണ്ണിന്റെ ഒരു പ്രതിഭാസമാണ്. കണ്ണില്ലാത്ത പ്രപഞ്ചത്തില്‍, എത്ര സൂര്യന്മാര്‍ കത്തിനിന്നാലും, വെളിച്ചമില്ല. വളരെ ചെറിയ ഒരു തരംഗവ്യാപ്തിക്കുള്ളില്‍പെടുന്ന സൌരോര്‍ജ്ജം കണ്ണുകളാല്‍ വ്യാഖ്യാനിക്കപ്പെടുന്നതാണ് വെളിച്ചം. ആ വ്യാഖ്യാനമില്ലാത്തിടത്തു ഇരുട്ടാണ്. ഇങ്ങനെ നാം 'ഉണ്ടാക്കുന്ന' വെളിച്ചമാണ് നമ്മെ എല്ലാവിധ സങ്കുചിതത്വത്തിലേയ്ക്കും വലിച്ചിഴക്കുന്നത്. നാം കാണുന്നതാണ് വാസ്തവം, സത്യം, എന്ന് നാം ധരിച്ചുപോകുന്നു. ഈയര്‍ത്ഥത്തില്‍, ഓരോ ഇന്ദ്രിയവും നമ്മെ നമ്മിലേയ്ക്ക് ഒറ്റപ്പെടുത്തി കബളിപ്പിക്കുകയാണ്. അവ കാണിക്കുന്നതിലേയ്ക്ക് നാം അറിയാതെതന്നെ ചുരുങ്ങിപ്പോകുന്നു. അതെല്ലാം ഏതോ പ്രതിഭാസത്തിന്റെ ഒരു ചെറിയതരി മാത്രമാണെന്നും, അതിനൊക്കെയപ്പുറത്ത് പരമാര്‍ത്ഥത്തിന്റെ വിശാലത ഒളിഞ്ഞിരിപ്പുണ്ടെന്നുമാണ് ദൂരേയ്ക്ക് കണ്ണോടിക്കുമ്പോള്‍, നാം തിരിച്ചറിയുന്നത്. പലപ്പോഴും ഇത്തരമനുഭവങ്ങള്‍ ധ്യാനത്തിന്റെ ഒരു നിമിഷത്തെ നമുക്ക് ദാനം ചെയ്തെന്നുവരാം. അനന്തമായതിനെ കാണാന്‍ പഠിക്കുക എന്നതാണ് ധ്യാനം. എല്ലാവിധ വിഭജനത്തില്‍നിന്നും മുക്തിനേടുന്നവന്‍ ബുദ്ധനായിക്കഴിഞ്ഞു. അതോടേ മുക്തി നേടുന്നവന്‍ തന്നെ അപ്രത്യക്ഷനാവുകയാണ്. അല്ലെങ്കില്‍ അവിടെ വീണ്ടും വിഭജനം നിലനില്‍ക്കും. "ഞാന്‍" മുക്തി നേടുക എന്നത് മുക്തിയല്ല. അതുകൊണ്ടാണ് ബുദ്ധന്‍ പറയുന്നത്, ധ്യാനിക്കരുത്, ധ്യാനത്തിലാവുകയാണ് വേണ്ടത് എന്ന്. ധ്യാനിക്കുമ്പോള്‍, "ഞാന്‍" ആണത് ചെയ്യുന്നത്. ധ്യാനമാകട്ടെ, അങ്ങേയറ്റത്തെ ശൂന്യതയിലേയ്ക്കുള്ള പ്രവേശനമാണ്. ഏത് പ്രവൃത്തിയും പ്രവര്‍ത്തിക്കുന്നവന്‍ മറഞ്ഞുപോകുന്നതിന്റെ അനുപാതത്തിലാണ് ആനന്ദമായി പരിണമിക്കുന്നത്. അങ്ങനെ വരുമ്പോള്‍, ആരെന്നും എന്തിനെന്നുമുള്ളത് അപ്രസക്തമാകുന്നു. കാരണം, എല്ലാ ലക്ഷ്യവും പരിമിതിയാണ്. ജീവിതത്തെ മുഴുവന്‍ അര്‍ത്ഥം, ഉപയോഗം, ലക്ഷ്യം എന്നിവയുരുവിട്ടുകൊണ്ട് തള്ളിനീക്കുന്നത് മതവിരുദ്ധവും അശ്ലീലവുമാണെന്ന് ലാവോത്സു എന്നേ പഠിപ്പിച്ചിട്ടുണ്ട്. ലക്ഷ്യമില്ലാതെവരുമ്പോള്‍, പ്രവൃത്തി ഒരു കളിയായിത്തീരുന്നു. പ്രപഞ്ചം ദൈവത്തിന്റെ ലീലാവിനോദമാണെന്നും നമുക്കതില്‍ പങ്കാളികളാകാമെന്നും പറയുന്നത് ഈയര്‍ത്ഥത്തിലാണ്. ഫലത്തെക്കുറിച്ച് ആകുലതയില്ലാതെ കര്‍ത്തവ്യനിരതനാകുക എന്ന് ശ്രീകൃഷ്ണന്‍ അര്‍ജുനനെ പ്രോത്സാഹിപ്പിക്കുന്നത് അതുകൊണ്ടാണ്. അതു ചെയ്യാനാകണമെങ്കില്‍, കാണപ്പെടുന്ന ഈ പ്രപഞ്ചം പൊള്ളയായ ഒരു പുറംതോടുമാത്രമാണെന്ന സത്യം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ മനസ്സിനറിയാവുന്നത് ഈ പുറംതോട് മാത്രമാണ്, അതില്‍ കുടുങ്ങിപ്പോകരുത് എന്ന് സ്വയം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം.
വെളിച്ചം ദു:ഖമാകുന്നത്, അതു (വെളിച്ചം) ചിലതെല്ലാം നമുക്ക് വെളിപ്പെടുത്തിത്തരുന്നു എന്ന മിഥ്യാധാരണ മൂലമാണ്. അപ്പോള്‍ നാം ചിലതൊക്കെ കാണുന്ന, ചിലതൊക്കെ അറിയുന്ന ആരോ ആയിത്തീരുന്നു. എന്നാല്‍, ഈ 'ആരോ' നമ്മുടെ ശരിയായ സത്തയുടെ മുമ്പില്‍ ഒന്നുമല്ല. അതിന്റെ ഒരു തരിപോലുമല്ല. അതാണ് വെളിച്ചം കൊണ്ടുണ്ടാകുന്ന വലിയയപകടം. സത്യത്തില്‍, നമുക്ക് കിട്ടുന്ന നേരിയ വെളിച്ചം നാം കാണാത്തതിനെയെല്ലാം മറച്ചുകളയുകയാണ് ചെയ്യുന്നത്. ഇതെപ്പറ്റി അജ്ഞതയില്‍ കഴിയുന്നവര്‍ക്ക് കുഴപ്പമൊന്നും തോന്നണമെന്നില്ല. എന്നാല്‍, അവബോധത്തിലേയ്ക്കുള്ള അഭിരുചിയുള്ളവര്‍ 'വെളിച്ചത്തെ' ദു:ഖകാരണമായി തിരിച്ചറിയുന്നു. എല്ലാ യഥാര്‍ത്ഥ കവിയിലും ബുദ്ധത്വത്തിന്റെ ഒരംശമുണ്ടായിരിക്കും. അതുകൊണ്ട്, "വെളിച്ചം ദു:ഖമാണുണ്ണീ" എന്നയാള്‍ക്ക് പാടേണ്ടിവരുന്നു.
നിരത്തില്‍ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍;
മുല ചപ്പി വലിക്കുന്നു
നരവര്ഗനവാതിഥി.
......(കണ്ടിടും) കവി ചൊല്ലുന്നു
ഭാവിപൌരനോടിങ്ങനെ:
'വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം!'
0 comments:
Post a Comment