ജീവിക്കുക എന്ന കല

The Art of Living എന്നൊരു പ്രോഗ്രാം ശ്രീ രവിശങ്കര്‍ നടത്തുന്നുണ്ട്. അതിന്റെയുള്ളടക്കം എന്തെന്ന് ഒരൂഹമേ എനിക്കുള്ളൂ. എന്നാലൊന്നു തീര്‍ച്ചയാണ്, ജീവിക്കുകയെന്നത് ഒരേ സമയം ഒരു തമാശയും ഒരു കാര്യവുമാണ്. തമാശയും കാര്യവും കലയുടെ ഭാഗമാണുതാനും.


നര്‍മം വിതറാനും നുകരാനുമുള്ള കഴിവ് മറ്റെല്ലാ ജീവികളെയുമപേക്ഷിച്ച് മനുഷ്യന്റെ പ്രത്യേകതയാണ്. സ്വയം ഒരു ഫലിതമായികണ്ടുകൊണ്ട് ജീവിക്കാനുള്ള കഴിവും ചുരുക്കം ചിലര്‍ ശീലിച്ചെടുക്കാറുണ്ട്. സൂക്ഷിച്ചു നിരീക്ഷിച്ചാല്‍, ജീവിതം തന്നെ മൊത്തത്തില്‍ ഒരു ഫലിതമല്ലേ?  ഓരോരുത്തരും എന്തെല്ലാം ഭാവനയില്‍ കാണുന്നു, രൂപകല്‍പനചെയ്യുന്നു, എന്നിട്ടതിനുവേണ്ടി കാത്തിരിക്കുന്നു. എന്നാല്‍, മിക്കപ്പോഴും സംഭവിക്കുന്നത്‌, അതിനൊക്കെ നേരേ തലതിരിഞ്ഞും. എന്നിട്ടും, ഈവക നിത്യാനുഭവങ്ങള്‍ തരുന്ന പാഠങ്ങളെയംഗീകരിക്കാന്‍ അധികമാര്‍ക്കുമാകുന്നില്ല.


എന്നാല്‍ ഈ സത്യം അല്പം നര്‍മ്മബോധത്തോടെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, പരിഭ്രമത്തിന് പകരം ഏതോ ഒരു സുരക്ഷിതത്വമാണ് ഉള്ളില്‍ തോന്നുക. കാരണം, എല്ലാം നിയന്ത്രിക്കുന്ന ആ ശക്തി നമുക്ക് വെളിയിലാണെങ്കിലും നമ്മെ അതെങ്ങനെയോ പൂര്‍ണമായി  ഉള്‍ക്കൊള്ളുന്നുവെന്നും, പ്രപഞ്ചസമഗ്രതയില്‍ എല്ലാം ശുഭപര്യവസായിയായിത്തീരുമെന്നും അറിയുന്നത് ഏത്‌ അസ്വസ്ഥചിന്തക്കും മരുന്നാണ്. നമുക്കനിഷ്ടകരമായതിനെതിരെയുള്ള എതിര്‍പ്പ് ഫലശൂന്യമാണെന്ന ബോധ്യം കൈവരിച്ചാല്‍, സാവധാനമെങ്കിലും, പ്രതിരോധം മതിയാക്കി, ഉണ്മയെ അംഗീകരിക്കാനുള്ള തന്റേടത്തെ അതു നമ്മില്‍ സൃഷ്ടിക്കുന്നു. പ്രകൃതിയിലുള്ളയൊന്നിനോടും പൊരുതി ജയിക്കാമെന്നു കരുതരുത് എന്ന് താവോ തേ ചിങ്ങ് രണ്ടര സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് പ്രബോധിപ്പിച്ചിട്ടുണ്ട്. പ്രപഞ്ചസംവിധാനവുമായി സന്ധിയിലാകുന്നതാണ് മനശാന്തിയിലേക്കുള്ള ഏക വഴി. അതുവരെ നാം ചെയ്യുന്നത്, ഒരിക്കലും ജയിക്കാന്‍പോകുന്നില്ലാത്ത യുദ്ധമാണ്.


മനസ്സിന്റെ വ്യത്യസ്തവ്യാപാരങ്ങളെപ്പറ്റിയുള്ള ഒരു നല്ല വിശദീകരണം വായിച്ചിട്ടുണ്ട്. അതില്‍ പകലത്തെ കോലാഹലങ്ങളില്‍ നിന്ന് മാനസികമായ ഒരകലംകാക്കുക എന്ന കലയെ അതിന്റെ തോതനുസരിച്ച് ഒരു കോവണിയുടെ പടികളോടുപമിക്കുകയാണ്. ഏറ്റം താഴത്തെ പടിയില്‍ നിന്നാല്‍, കാണുന്നതും കേള്‍ക്കുന്നതുമായ വിശദാംശങ്ങള്‍ നമ്മുടെ ഏകാഗ്രതയെ കൊല്ലാന്‍ പോരുന്നത്രയാണ്. ഉദാഹരണത്തിന്, അവിടെ നിന്നുകൊണ്ട് നാം തെങ്ങ്, തേക്ക്, ആഞ്ഞിലി, മുരിക്ക്‌ എന്ന് തുടങ്ങുന്ന മരങ്ങളെയും പശു, പട്ടി, ആട് തുടങ്ങിയ മൃഗങ്ങളെയും, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, താണവന്‍ ‍, ഉയര്‍ന്നവന്‍ എന്നും മറ്റും തരംതിരിച്ചു മനുഷ്യരെയും കാണേണ്ടിവരും. എന്നാല്‍, അല്പം മുകളിലേക്ക് കയറിയാല്‍, നമ്മുടെ കാഴ്ച മരങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിങ്ങനെ കുറേക്കൂടി സമഗ്രതയുള്ളതായി ചുരുങ്ങും. വീണ്ടും ഒരുപടികൂടി മുകളിലേക്ക് കയറാനാകുന്നവന്, ചേതനം, അചേതനം എന്ന വ്യത്യാസമേ കാണാനാകൂ. അവിടെനിന്ന് വീണ്ടുമുയരത്തിലേക്ക് കയറാമെങ്കില്‍, വ്യത്യസ്തതകള്‍ ഏതാണ്‌ടില്ലാതായി, സമഗ്രതയും ഭംഗിയുമാര്‍ന്ന പ്രപഞ്ചത്തിന്റെ വശ്യത ശ്രദ്ധയില്‍ വന്നുപെടും.


അപ്രസക്തങ്ങളായ വിശദാംശങ്ങളുടെ പ്രളയം മനസ്സില്‍ ഇരുട്ടുണ്ടാക്കുന്നുവെന്ന് ചുരുക്കം. അതാണ്‌ റ്റിവിയും മറ്റു വാര്‍ത്താമാധ്യമങ്ങളും നിത്യേന ചെയ്തുകൊണ്ടിരിക്കുന്നത്. എത്ര മണിക്കൂറുകളാണ് ചിലര്‍ ചുറ്റുംനടക്കുന്ന എല്ലാത്തിനെപ്പറ്റിയും, തങ്ങളെ സംബധിച്ച് ഒരു പ്രസക്തിയുമില്ലാത്ത വിവരങ്ങള്‍ തലയില്‍ കുത്തി നിറയ്ക്കാനായി ചെലവാക്കുന്നത്! ആരെയും എന്തിനെയുംപറ്റി രണ്ട് വാക്ക് പറയാന്‍ കഴിയുമെങ്കില്‍ അതു പാണ്ഡിത്യലക്ഷണമായി!


അല്‍പനേരം പോലും തനിയെയിരിക്കാനോ, ഇരുട്ടത്ത് കുറേ നേരം കഴിയാനോ ഇന്ന് മിക്കവര്‍ക്കും ഭയമാണ്. എന്തുകൊണ്ട്? ഏകാകിതയും ഇരുട്ടും അവനവനെ നേരിടാനുള്ള നിമിത്തങ്ങളാകുന്നു എന്നതാകാം കാരണം. ഈ ഭയം സ്വന്തം അസ്തിത്വത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണെങ്കിലും അവിടേക്ക് കണ്ണ് തിരിക്കാന്‍ ധൈര്യമുള്ളവര്‍ വിരളമാണ്.


വിശ്രാന്തമായ സായംസന്ധ്യയിലോ, തീര്‍ത്തും ഇരുട്ടിയിട്ടോ, വിജനമായൊരിടത്ത് തനിയെ നടക്കാനിറങ്ങുക ഒരു നല്ല മാനസികാനുഭവമായിത്തീരാം. ശ്രദ്ധയെ ആകര്‍ഷിക്കുന്നയൊന്നുമില്ലാത്ത ചുറ്റുപാടില്‍, പയ്യെപ്പയ്യെ, മുമ്പറിഞ്ഞിട്ടില്ലാത്ത ഒരു കുളിര്‍മ ഉള്ളിലേക്ക് കടന്നുവരും.  മേല്‍പ്പറഞ്ഞ കോവണിയുടെ ഏതാണ്ടുയര്‍ന്ന ഒരു പടിയില്‍ കയറാന്‍ അതു നമ്മെ പഠിപ്പിക്കും.


"നിങ്ങളുടെ സത്തയിലേക്ക് നിശബ്ദത പ്രവേശിക്കുന്ന നിമിഷം നിങ്ങളമ്പരക്കും". (റഷന്‍ മിസ്റ്റിക്ക് ഗുര്‍ജിയെഫ്) എന്തുകൊണ്ട്? അതിനുള്ളില്‍ നിങ്ങള്‍ നിറച്ചിരിക്കുന്ന ചപ്പും ചവറും കാണുമ്പോള്‍! അതൊരു വശം. എന്നാല്‍, ആ നിശബ്ദത പ്രവര്‍ത്തനനിരതമാവുകയും ഉള്ളിനെ ശുദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ അവിടെ നാം കണ്ടെത്തുന്ന ദിവ്യസാന്നിദ്ധ്യത്തെ അനുഭവിക്കുമ്പോള്‍ സംഭവിക്കുന്നത്‌  അതിലും വലിയ അമ്പരപ്പായിരിക്കും.


ഒട്ടുമേ ദഹിപ്പിക്കാനാവാതെ ഒത്തിരി വായിക്കുന്നവരുണ്ട്. ഒന്നും വിനിമയം ചെയ്യാതെ ഒത്തിരി സംസാരിക്കുന്നവരുണ്ട്. അനങ്ങാത്തവയെ മൊത്തത്തിലുപേക്ഷിച്ചിട്ട് അനങ്ങുന്നയെന്തിനെയും നിരന്തരം തുറിച്ചുനോക്കിയിരിക്കുന്നവരുണ്ട്. അത്തരക്കാരില്‍പെടുമോ നമ്മളും? പ്രകൃതിലെന്തെങ്കിലുമായി സംവദിക്കാന്‍ നമുക്കാകുന്നുണ്ടോ? അതോ മനസ്സുമുഴുവന്‍ വേണ്ടാതിനങ്ങളുടെ ഒരു മാലിന്യക്കൂമ്പാരമാണോ? എങ്കില്‍ അവിടേക്ക് ഒരു വെളിച്ചവും കടന്നുവരില്ല, തീര്‍ച്ച.


"മൌനംകൊണ്ടെന്നെ നേരിട്ടു, നിന്റെ പ്രേമം. ഓരോ നിശീത്തിലും എന്റെ ഹൃദയകവാടത്തില്‍ വന്നു നീ നൃത്തം ചെയ്തു. ഞാന്‍ കൈ നീട്ടിയതേ, നീയത് ഗ്രഹിച്ചു. നിശ്ബ്ദ്തയുടെ വെളിച്ചത്തില്‍ നീ എന്നോടൊത്തു നടന്നു. വാക്കുകളില്ലാതെ നമ്മള്‍ സംവദിച്ചു. സൌന്ദര്യവും ശാന്തിയുമെന്തെന്നു ഞാനറിഞ്ഞു."

എത്ര പ്രാര്‍ത്ഥനാനിര്‍ഭരം! ജീവിക്കുക എന്നത് ഒരു കലയാകുന്നതെങ്ങനെയെന്നതല്ലേ ഇതിന്റെയുള്ളടക്കം?

0 comments: