മായയുടെ പ്രതിഭാസങ്ങള്‍

ചെറുപ്പക്കാരനായ നാരദന് ഒരു സംശയം. ശ്രീകൃഷ്ണനോട് അദ്ദേഹം ചോദിച്ചു: "മായയെന്നാല്‍ എന്താണ്, പ്രഭോ?" "നല്ല ചോദ്യം", കൃഷ്ണന്‍ പറഞ്ഞു. "പക്ഷേ, ഒരുപകാരം ചെയ്യൂ, നാരദാ. എനിക്ക് വല്ലാതെ ദാഹിക്കുന്നു, ചെന്നല്പം വെള്ളം കൊണ്ടുവരൂ."  നാരദന്‍ അടുത്തുള്ള നദിക്കരയിലേയ്ക്കോടി. അവിടെയതാ ഒരു   സുന്ദരി കുളിക്കുന്നു. പതിയെ അടുത്തുകൂടിയ നാരദനും അവളുമായുള്ള ബന്ധം ഒരു കുടുംബവും കുട്ടികളുമായി വളരുന്നതുവരെ കാര്യങ്ങള്‍ നീണ്ടുപോയി. അങ്ങനെയിരിക്കേ, കവിഞ്ഞൊഴുകിയ നദി നാരദന്റെ പെണ്ണിനേയും കുഞ്ഞുങ്ങളേയുമെടുത്തു. വ്യസനാന്വിതനായി കൃഷ്ണന്റെയടുത്തെത്തിയ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു: "സംഭവങ്ങളൊക്കെയറിഞ്ഞു. പഴയ ആ ചോദ്യത്തിന് ഉത്തരവുമായി. ഇതൊക്കെയാണ്, നാരദാ, മായ."  

ചില ഏകാന്തനിമിഷങ്ങളില്‍, ഏതോ സത്യത്തിന്റെ ഒരു ചീള്പോലെ മനസ്സിലൊരു മിന്നലാട്ടം ആര്‍ക്കുമുണ്ടാകാം. എല്ലാം മായയല്ലേ, നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന കോപ്രായങ്ങളൊക്കെ നമ്മുടെ അല്പബോധത്തിന്റെ സങ്കല്പസൃഷ്ടികളല്ലേ; എങ്കില്‍, ബോധം നിശ്ചലമാകുന്ന നിമിഷത്തില്‍, എന്നോടൊത്ത്‌ ഇതെല്ലാം കെട്ടടങ്ങില്ലേ, എന്നൊരു സംശയം.



ബൈബിളിലെ സഭാപ്രസംഗകന്‍ എന്ന പുസ്തകം തുടങ്ങുന്നതിങ്ങനെ: "മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ; .  . . സൂര്യനു കീഴെ നടക്കുന്ന എല്ലാ പ്രവൃത്തികളും ഞാന്‍ വീക്ഷിച്ചു; എല്ലാം മിഥ്യയും പാഴ്വേലയുമത്രേ . . .
ജീവിതത്തിന്റെ പ്രഭാതവും യുവത്വവും മിഥ്യയാണ്‌."(അ.11) സഭാപ്രസംഗകനില്‍ ആകെയുള്ള പന്ത്രണ്ടദ്ധ്യായങ്ങളും ഇത്തരം ചിന്തകള്‍ കൊണ്ട് നിറഞ്ഞവയാണ്. (ഇത് ഗ്രീക്ക്ചിന്തയുടെ സ്വാധീനമാണെന്നും ഗ്രന്ഥകാരന്റെ പര്യവേക്ഷണങ്ങള്‍ വികലമാണെന്നും K.C.B.C.യുടെ വിവര്‍ത്തനക്കമ്മിറ്റി ആമുഖത്തില്‍ താക്കീത് ചെയ്തിട്ടുണ്ട്.)
 
ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തുള്ള കാഴ്ച്ചയുടെ പൊരുള്‍ എന്ന ലേഖനം അവസാനിക്കുന്നത് ഇങ്ങനെ: നമ്മുടെ ലോകം നമ്മുടെ മാത്രം സൃഷ്ടിയാണ്. നമ്മുടെയഅളവുകോലുകളും നമ്മുടേത്‌ മാത്രമാണ്. അവ പ്രകൃതിയെ മൊത്തത്തില്‍ ബാധിക്കുന്നേയില്ല. ചരാചരങ്ങളായി, ചേതനാചേതനങ്ങളായി, പ്രകൃതിയിലുള്ളതെല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ (electro-magnetic energy) ഭാവഭേദങ്ങളാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ അവയിലെ തീരെ ചെറിയ ഒരംശവുമായി പ്രതികരിക്കുന്നതില്‍നിന്നാണ് നമ്മുടെ ലോകം ഉരുത്തിരിയുന്നത്. ഇതിലും സുപ്രധാനമായ മറ്റൊരു വസ്തുതയും അംഗീകാരമര്‍ഹിക്കുന്നു. അതായത്, പുറത്തുനിന്നും തുടര്‍ച്ചയായി എത്തുന്ന ഊര്‍ജ്ജപ്രസരങ്ങളെ വ്യാഖ്യാനിച്ചാണ് നാം യാഥാര്‍ത്ഥ്യത്തെ കണ്ടെത്തുന്നതെങ്കില്‍, നാമനുഭവിക്കുന്ന ജീവന്‍, ബോധം, അറിവ് എന്നിവയൊന്നും സുസ്ഥിരമല്ല, തുടര്‍ച്ചയാണ്. സ്ഥിരവും സുനിശ്ചിതവുമായിടത്ത്, ജീവനില്ല. നമ്മുടെ യാഥാര്‍ഥ്യം (അവിടെ നാം കണ്ടെത്തുന്ന അര്‍ത്ഥമെന്തോ, അത്) അനുനിമിഷം നമ്മള്‍ സൃഷ്ടിക്കുന്ന ഇന്ദ്രിയാനുഭവങ്ങളാണ്, അവിടെ നമുക്ക് വെളിയിലുള്ള അസ്തിത്വഭാവങ്ങളല്ല! ഉണ്മയെന്നത് നൈമിഷികമാണ്, ഓരോ നിമിഷത്തിന്റെയുമാണ്.

ഈ ചിന്താസരണി പൂര്‍ത്തീകരിക്കാനായാല്‍, ഞാനും എന്നെ ചുറ്റിപ്പറ്റി നിലക്കുന്നതെല്ലാവും എന്റെ ബോധപ്രക്രിയയുടെ സൃഷ്ടിയല്ലേ എന്ന് ചോദിക്കേണ്ടിവരും. ഇതൊരു ഭ്രാന്തന്‍ ചോദ്യമല്ല, മറിച്ച്, സത്യമാണ് എന്ന് സ്ഥിരീകരിക്കാനായാല്‍, എത്ര വ്യത്യസ്തമായിരിക്കും ഓരോരുത്തരുടെയും ജീവിതവ്യാപാരം! അപ്പോള്‍ താരതമ്യങ്ങള്‍ അര്‍ത്ഥശൂന്യമാവും. സ്പര്‍ദ്ധ, വൈരാഗ്യം, മത്സരം എന്നതൊക്കെ പോഴത്തങ്ങളായി തിരിച്ചറിയപ്പെടും. നാമെത്തിപ്പിടിക്കാനാഗ്രഹിച്ചിട്ട്‌ നടക്കാതെ നിരാശതയിലാണ്ടുപോകുന്നതിനൊന്നും സങ്കല്പത്തിലല്ലാതെ ഒരര്‍ത്ഥവുമില്ലെന്നു വന്നാല്‍, മാനം, മഹത്വം, ആദരവ്, വിജയം എന്നിവയും അവയുടെ എതിര്‍ധ്രുവങ്ങളും നമ്മെ ശല്യം ചെയ്യാതാവും. ഫലമോ, സുഖദായകമായ മന:ശാന്തി.


എങ്കില്‍, മായയെപ്പറ്റി ഒരു സൂക്ഷ്മപഠനം സാരവത്താണ്. ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന തന്റെ ലോകപ്രശസ്തിയാര്‍ജ്ജിച്ച സുന്ദരകൃതിയില്‍ മസനോബു ഫുക്കുവോക്ക പറയുന്നു: "ധൈഷണികമായ കാഴ്ചപ്പാടിലാണ്‌ പ്രബലരും ദുര്‍ബലരും, വലുതും ചെറുതുമുള്ളത്. ... എല്ലാം ശൂന്യമെന്ന് പറയുമ്പോള്‍ ബുദ്ധന്‍ ഉദ്ദേശിക്കുന്നത്, മനുഷ്യധിഷണയുടെ സൃഷ്ടിയായ ഒന്നിനും സഹജമായ ഉണ്മയില്ലെന്നാണ്." അപ്രസക്തങ്ങളായ കാര്യകാരണബന്ധങ്ങളെ സൃഷ്ടിച്ചാണ് നമ്മുടെ മനസ്സ് യാഥാര്‍ത്ഥ്യങ്ങളെന്ന പ്രത്യക്ഷഭാവങ്ങളെയുണ്ടാക്കുന്നത്. യാഥാര്‍ഥ്യമെന്നാല്‍ 'അവിടെയുള്ളതായി നാം കരുതുന്നതെന്തോ, അതാണ് '‌'. ലളിതമായ ഭാഷയില്‍, അവിടെയുള്ളത് പരമാര്‍ത്ഥമല്ല, മറിച്ച്, നമുക്കുമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കുന്ന പ്രകൃതിയെ നാം അളന്നെടുക്കുന്ന ഒരു രീതി മാത്രമാണ്. പരമാര്‍ത്ഥത്തെയറിയാന്‍ ഇന്ദ്രിയങ്ങള്‍ക്കു യാതൊരു കഴിവുമില്ല. 

രസകരമായ ഒരു പരീക്ഷണത്തില്‍ (lesion studies) ഭൌതിക ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി: യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി മനസ്സിലുണ്ടാകുന്ന ബിംബങ്ങള്‍ തലച്ചോറിന്റെ വ്യത്യസ്ത കേന്ദ്രഭാഗങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ കേന്ദ്രഭാഗങ്ങള്‍ക്ക് ക്ഷതംപറ്റുകയോ, അവ മുറിച്ചുമാറ്റുകയോ ചെയ്താല്‍ അതുമായി ബന്ധപ്പെട്ട ഐന്ദ്രികാനുഭവം അപ്രത്യക്ഷമാകും. ഉദാഹരണത്തിന്, സ്ഥാനവ്യതിയാനവും വേഗവുമാണ് നമുക്ക് ഇടത്തെപ്പറ്റിയുള്ള ബോധംതരുന്നത്. അതുമായി ബന്ധപ്പെട്ട ഭാഗം തലച്ചോറില്‍ നിന്ന് നീക്കം ചെയ്താല്‍, ഈ മാനസികാനുഭവങ്ങളും ഇല്ലാതാകും. (നാഡീശാസ്ത്രത്തിന്റെ ഇത്തരം വിവിധ പരീക്ഷണങ്ങളെപ്പറ്റി വിശദീകരിച്ചെഴുതുന്ന ഡോ. കെ. രാജശേഖരന്‍നായരുടെ തുടര്‍ലേഖനങ്ങള്‍ മലയാളം സമകാലിക വാരികയില്‍ വന്നിരുന്നു. 2009 ജൂലൈ 30ലെ ലക്കത്തിലേത് വളരെ നീണ്ടതും രസകരവുമാണ്‌.) ഇങ്ങനെ നോക്കിയാല്‍, ഇന്ദ്രിയാനുഭവം ഇല്ലാതാകുന്നതോടേ, ഒരുവന് ജീവന്‍ (ആന്തരികാവബോധം) തന്നെ അന്യമായിത്തീരുന്നു. അതായത്, യാഥാര്‍ത്ഥ്യബോധത്തിന്റെ നഷ്ടം. അങ്ങനെയെങ്കില്‍, നമ്മുടെ യാഥാര്‍ത്ഥ്യങ്ങളും അവയുടെ സഹജഭാവങ്ങളായ ഇടവും സമയവും (space and time), നിറവും സ്വരവും മണവുമൊക്കെപ്പോലെതന്നെ, അസ്തിത്വത്തിന്റെ സ്ഥായിയായ ഗുണങ്ങളേയല്ല. "Space and time are modes by which we think, and not conditions in which we live." (Albert Einstein) നമ്മുടെ ജീവിതംതന്നെ എന്തിന്റെയോ ഒക്കെ പാര്‍ശ്വഫലങ്ങളും അതിനാല്‍ താല്ക്കാലികവുമാണ്! അപ്പോള്‍, നാം ജീവിതത്തില്‍ വിലമതിക്കുന്ന കാര്യകാരണങ്ങളും ചരിത്രപാരമ്പര്യാദികളുമെല്ലാം വെറും മായ മാത്രമാണ്. യാഥാര്‍ത്ഥ്യത്തിന്റെ പിന്നിലെ പരമാര്‍ത്ഥമെന്തെന്നു നമുക്കറിയില്ലതന്നെ. പരമാര്‍ത്ഥത്തെപ്പറ്റി ഇന്ദ്രിയാതീതമായ അറിവുണ്ടാവാമെന്നും അതിലെത്തിയവരുണ്ടെന്നും നാം വായിക്കാറുണ്ട്. എന്നാല്‍ ഇതിലെത്രമാത്രം സത്യമുണ്ടെന്ന് എങ്ങനെ നിശ്ചയിക്കും? അതിന് മാനുഷികമായ മാനങ്ങളില്ല. മനുഷ്യനും അവന്റെ വിലപ്പെട്ട ജീവനും അപ്പോള്‍ എന്താണ്? മായ, മഹാമായ!


നമ്മുടെ പൂര്‍വ്വികര്‍ എത്രയോ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു, നമ്മുടെ ലോകം ഒരു പ്രതിഭാസമാണെന്നും, അതിനെയവലംബിച്ചുള്ള ജീവിതം മായയാണെന്നും.
അവര്‍ക്കതിനു സാധിച്ചത് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള പഠനത്തിലൂടെയാണ്.  


ഇന്ദ്രിയാണാം തു സര്‍വേഷാം
യദ്യേകം ക്ഷരതീന്ദ്രീയം  
തേ നാസ്യ ക്ഷരതി പ്രജ്ഞാം   
ദൃത്യെ പാദാദിവോദകം . (മനുസ്മൃതി 2,99)


അതായത്, ഇന്ദ്രിയങ്ങളിലൊന്ന് അതിന്റെ വിഷയങ്ങളില്‍ നിന്ന് ഊര്‍ന്നുപോയാല്‍ (സ്വാധീനമാകാതിരുന്നാല്‍), അയാളുടെ പ്രജ്ഞപോലും തോല്ത്തുരുത്തിലെ ദ്വാരത്തിലൂടെ വെള്ളം ചോര്‍ന്നുപോകുന്നതുപോലെ നഷ്ടപ്രായമായിത്തീരുന്നു. 


കുറേ നാളത്തെ സമ്പുഷ്ടമായ ഇന്ദ്രിയപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഒന്നൊന്നായി അവയെ നഷ്ടപ്പെടുന്നയാളിനു ബോധപ്രക്രിയ ഇല്ലാതാവുമോ? യുക്ത്യാനുസൃതമായി, ഒരിക്കല്‍ രൂപംകൊണ്ട ആന്തരികാവബോധങ്ങള്‍ ഇല്ലാതാകണമെന്നില്ല. എന്നാല്‍, ഇന്ദ്രിയപ്രക്രിയ ശരീരത്തിന്റെ പൊതുവായ ആരോഗ്യനിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ആരോഗ്യനഷ്ടം ഇന്ദ്രിയങ്ങളെയെന്നപോലെ ബോധപ്രക്രിയയെയും ബാധിക്കും. ജീവന്‍ ആരോഗ്യവുമായും ബോധാവസ്ഥ ജീവനുമായും പരസ്പരാശ്രിതത്വം പുലര്‍ത്തുന്നതിനാല്‍, ആദ്യത്തെ രണ്ടിന്റെയും നാശത്തോടെ ബോധവൃത്തിയും നിശ്ചലമാകണം. എങ്കില്‍, മരണശേഷം ഇവയിലെന്തെങ്കിലും ബാക്കിയിരിക്കുന്നത്, യുക്തിക്ക് നിരക്കുന്നതല്ല. പക്ഷേ, യുക്തിയും മനുഷ്യന്റെ ഒരപൂര്‍ണയുപകരണം മാത്രമാണെന്നോര്‍ക്കണം. തീര്‍ത്തും യുക്ത്യാവലംബമായ വഴികളിലൂടെ പ്രപഞ്ചരഹസ്യങ്ങളെ ഗ്രഹിക്കാനാവില്ലെന്ന് ആധുനിക ശാസ്ത്രംപോലും ഇന്നംഗീകരിച്ചുപോരുന്നു.


മായ എന്ന വാക്കുകൊണ്ട് ഭാരതഋഷികള്‍ ഉദ്ദേശിച്ചതെന്താണ്? നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്, അതായത്, നമ്മള്‍ അളന്നെടുക്കുന്നവയ്ക്ക്, (യഥാ = എങ്ങനെ: എങ്ങനെ കാണുന്നുവോ അങ്ങനെയുള്ളത്) പരമാര്‍ത്ഥവുമായി സാധര്‍മ്യം ഉണ്ടാവാനാവില്ല. പരമമായ അര്‍ത്ഥം പരമമായ സത്തയുടേത് മാത്രമാണ്. പരിമിതമായതിന് അപാരമായതിനെ അളക്കാനാവില്ല. അതിന്റെ ചില മായികലീലകളുമായി നമ്മള്‍ നടത്തുന്ന electro-magnetic interactionsന്റെ ഫലമാണ് നാം കാണുന്നതിനും അനുഭവിക്കുന്നതിനും പിന്നിലുള്ളത്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, നമ്മോട്  അവ നടത്തുന്ന electro-magnetic interactionsന്റെ പ്രതിഫലനമാണ് നമ്മുടെ ലോകം. അതിനപ്പുറത്തൊരു ജ്ഞാനമുണ്ടെങ്കില്‍, അത് മാത്രമേ സത്യവും സ്ഥിരവുമായിട്ടുള്ളൂ. പ്രകാശമാണ് എല്ലാറ്റിനും ആധാരം. വെളിച്ചമുണ്ടാകട്ടെ എന്നാണ് ആദിവചനം. എല്ലാ അറിവും പ്രകാശമാണെങ്കിലും അനന്തമായ അറിവ് പ്രകാശത്തെതന്നെ അറിയുകയാണ്. അതായത്, പ്രകാശമായിത്തീരുകയാണ്. അറിയുന്നവന്‍ അറിയുന്നതുമായി ഒന്നുചേരാത്തയറിവ് പൂര്‍ണമല്ല. ബാക്കിയെല്ലാം ഇന്ദ്രിയനഷ്ടത്തോടെ, അല്ലെങ്കില്‍ മരണത്തോടെ, തീര്‍ച്ചയായും, ഇല്ലാതാകും. 


Cognitive Neuroscience എന്ന ശാസ്ത്രശാഖയുടെ നിഗമനങ്ങളനുസരിച്ച്, നമ്മുടെ ജീവിതത്തെ ബാധിക്കുന്നതെല്ലാം - കാഴ്ച, വികാരം, ചിന്ത - electro-magnetic waves തലച്ചോറിലുണ്ടാക്കുന്ന വ്യതിചലനങ്ങളല്ലാതൊന്നുമല്ല. മതവിശ്വാസങ്ങള്‍, ഭക്തി, ആത്മീയത, ബോധോദയം എന്നിവയും അതിലപ്പുറമൊന്നുമല്ലെന്നു കരുതുന്നവര്‍ ഏറിവരുന്നു. അതായത്, ഇവയും മനസ്സ് നിര്‍മ്മിക്കുന്ന ഭാവനകളത്രേ. 

എല്ലാം മായ എന്ന് നിരീക്ഷിക്കുമ്പോഴും, ജീവന്റെ ഒരു കണിക നമ്മില്‍ കത്തിനില്‍ക്കുന്നു എന്ന സത്യം ബാക്കിയുണ്ട്. ആ ജീവന് മാത്രമാണ് ജീവനെ കാണാനാവുന്നതും അത് വിവരിക്കാനാവാത്ത ഒരദ്ഭുതമാണെന്ന് അറിയാനാവുന്നതും. അതുമാത്രമാണ് കാതല്‍. "മറ്റെന്തിനേക്കാള്‍ വിലകൊടുക്കേണ്ടത് ജീവനാണ്. കാരണം, ജീവന്‍ പരിശുദ്ധമാണ്." (Einstein‍) അതിനപ്പുറവുംമിപ്പുറവും ഭാവനാസൃഷ്ടികളാണ്; അവ കുമിളകള്‍ പോലെ പൊട്ടുമ്പോള്‍ ശൂന്യതയാണ് ബാക്കി. 

വൈവിധ്യത്തിലേകത്വം കണ്ടുകൊണ്ട് അതാസ്വദിക്കാനായാല്‍ ജ്ഞാനമായി. അപ്പോള്‍, ചെറുതും വലുതും, ഇന്നും ഇന്നലെയും, നീയും ഞാനും പോലും അപ്രത്യക്ഷമാകും. ഋഗ്വേദത്തില്‍ ഇങ്ങനെ കാണുന്നു: സമാനോ മന്ത്ര: സമിതിസ്സമിനീ  സമാനം മനസ്സഹ ചിത്തമഷാം. (ജീവന്റെ എല്ലാ കണികകളേയും ഒരേ കടലിലെ വെള്ളത്തുള്ളികളെപ്പോലെ കാണുക.)

അറിവിന്റെയടരുകള്‍

മനുഷ്യചൈതന്യത്തെ സ്പര്‍ശിക്കുന്നതെല്ലാം പ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു, ബാഹ്യതലത്തിലും ആന്തരികതലത്തിലും. ബാഹ്യതലത്തില്‍ ജീവനുത്തരവാദി സൌരോര്‍ജ്ജം അല്ലെങ്കില്‍ സൂര്യപ്രകാശമാണ്. ആന്തരികചൈതന്യമെന്നത് അവബോധമാണ്. അതിനുത്തരവാദി ആത്മീയപ്രകാശമാണ്. അതാണ്‌ അറിവ് എന്ന പദംകൊണ്ട് മനസ്സിലാക്കേണ്ടത്. മനുഷ്യന്‍ ആദ്യനോട്ടത്തില്‍ കാണുന്ന ലോകം ദ്രവ്യാത്മകമാണ്. ഇതാണ് അറിവിന്റെ ഒന്നാമത്തെ തലം. അവിടെ (യഥാ) ഇന്ദ്രിയം 'കാണുന്നതിന്' അതിന്റെ ഉടമസ്ഥന്‍ 'കൊടുക്കുന്ന' അര്‍ത്ഥം - യാഥാര്‍ഥ്യം - താല്‍ക്കാലികമായ വ്യവഹാരത്തിനായി മാത്രമുള്ളതാണ്. അതില്‍ മൌലികതയൊട്ടുമില്ല. രണ്ടാമത്തെ തലത്തിലേയ്ക്ക് കടക്കുകയെന്നാല്‍‍, ദ്രവ്യമായതൊക്കെയും (ഖരം, ദ്രവം, വാതകം, പ്ലവം) സ്ഥായിയായ പ്രപഞ്ചോര്‍ജ്ജമാണെന്ന കണ്ടെത്തലാണ്. അതില്‍നിന്ന് രൂപപ്പെട്ട സമവാക്യമാണ് E = mc². ഭൌതികശാസ്ത്രത്തിന്റെ പരിധിയതാണ്‌. ദൃശ്യപ്രപഞ്ചത്തിന്റെ വിസ്തൃതി സ്ഥിരമാണെന്ന് ആദ്യം കരുതിയ Einstein പോലും ‌പിന്നീട് സമ്മതിക്കേണ്ടി വന്നു, അതു നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്. പക്ഷേ, അതിലെ ഊര്‍ജ്ജത്തിന്റെയളവ് എപ്പോഴും ഒന്നുതന്നെ; അതിന്റെ പ്രതിഭാസങ്ങള്‍ മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്. അറിവിന്റെ മൂന്നാമത്തെ തലത്തില്‍, ഊര്‍ജ്ജലോകത്തെയും മറികടന്ന്, ഉള്ളതെല്ലാം ആത്യന്തികമായി, ബോധവും അതിന്റെ പ്രതിഭാസങ്ങളുമാണെന്ന തിരിച്ചറിവുണ്ടാകുന്നു. ഈ പറഞ്ഞ മൂന്നില്‍, താഴത്തെ രണ്ട് തലങ്ങളില്‍ ഉറച്ചുപോകുന്നവര്‍ക്ക് അതിനപ്പുറത്തേയ്ക്ക് കടക്കുക അത്രയൊന്നും എളുപ്പമല്ല. അതിലുമുയര്‍ന്ന വേറൊരു തലമുണ്ടെന്നു ചിന്തിക്കുകതന്നെ അവര്‍ക്കു പ്രയാസമാണ്. നാമോരോരുത്തരുമറിയുന്ന ലോകം അവരവരുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനം മാത്രമാണെങ്കിലും അത് തന്നെയാണ് അസ്തിത്വത്തിന്റെ ഉള്ളടക്കമെന്നു തെറ്റിദ്ധരിച്ചാണ് ഭൂരിഭാഗവും ജീവിക്കുന്നതും മരിക്കുന്നതും.

ദ്രവ്യലോകത്തെ മാത്രം പഠനവിഷയമാക്കിയിരുന്ന ഭൌതികശാസ്ത്രവും, ഒരമ്പതു വര്‍ഷമായി അതിന്റെ കടുംപിടുത്തത്തില്‍ അയവ് വരുത്തേണ്ടി വന്നിരിക്കുന്നു. അതായത് ബോധത്തിന്റെ സ്ഥാനം അംഗീകരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന വഴിയിലേയ്ക്കാണ് തിരിയുക. എല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രം അംഗീകരിച്ചുകഴിഞ്ഞു. ദ്രവ്യത്തെ കാണുകയും അതാണ്‌ പരമാര്‍ത്ഥം (അസ്തിത്വത്തിന്റെ പൊരുള്‍) എന്ന് വിശ്വസിച്ചുകൊണ്ട്, അതിലുറച്ചുനില്ക്കുകയുമെന്നത് വാസ്തവത്തില്‍ പക്വമാകാത്ത ഒരു മനസ്സിന്റെ ഭ്രമമാണെന്നാണ് അതിനര്‍ത്ഥം. ഐന്ദ്രികമായ കാഴ്ച അവിടെ മുമ്പിലുള്ളതിന്റെ കാഴ്ചയല്ല, ഉള്ളതായി തോന്നിപ്പിക്കുന്നതിന്റെ കാഴ്ചയാണ്. യാഥാര്‍ഥ്യമെന്ന ശബ്ദത്തിന്റെ ശരിയായ ഈ അര്‍ത്ഥം മറന്നുകൊണ്ട്, അതിന് സത്യമെന്ന പരിവേഷം നല്‍കുക ജീവിതത്തിലെ ഏറ്റം വലിയ വീഴ്ചയാണ്. 

ശ്രുതിയുടെ രണ്ട് പാരമ്പര്യങ്ങളുണ്ട് - വേദവും വേദാന്തവും. അജ്ഞാനിക്കുവേണ്ടിയുള്ള ഉക്തിയാണ് വേദം. വേദാന്തം (വേദങ്ങളുടെ അറുതി) വേദങ്ങള്‍ക്കപ്പുറത്തുള്ളതാണ്. ഇതാകട്ടെ ജ്ഞാനിക്കുവേണ്ടിയുള്ളതും. ഉപനിഷത്തുകള്‍ ഇതില്‍പെടുന്നു. ജ്ഞാനിക്ക് ദ്രവ്യം നിലവിലില്ല, ബോധവും അതിന്റെ ചൈതന്യവും മാത്രമേയുള്ളൂ. ദ്രവ്യലോകത്തെ വിശകലനം ചെയ്താരംഭിച്ച ആധുനികശാസ്ത്രചിന്ത ദ്രവ്യമല്ലാതെ മറ്റൊന്നും കണക്കിലെടുത്തില്ല. ബോധമെന്നത് ദ്രവ്യത്തിന്റെ ഒരുപോത്പന്നം മാത്രമായിട്ടാണ് അതില്‍ കരുതപ്പെട്ടത്. എന്നാല്‍, വിശ്ലേഷണം ചെയ്യുന്തോറും ശാസ്ത്രനിഗമനത്തിലുണ്ടായിരുന്ന ദ്രവ്യം വാസ്തവത്തില്‍ അവിടെയില്ലെന്ന അപ്രതീക്ഷിതമായ സത്യത്തിലേയ്ക്കാണ് ശാസ്ത്രം കണ്ണുതുറന്നത്. ദ്രവ്യമായി കാണപ്പെടുന്നയെന്തും മുറിച്ചു മുറിച്ചു ചെന്നാല്‍ വീണ്ടും ചെറുതാക്കാനാവാത്ത കണിക (atom) യിലെത്തുമെന്നും ദ്രവ്യാത്മകമായ എല്ലാ രൂപവിന്യാസങ്ങളുടെയും ഉള്ളിന്റെയുള്ള് ആറ്റമാണെന്നുമുള്ള അറിവ് ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ആറ്റത്തെയും പിളര്‍ക്കാമെന്നും അപ്പോള്‍ പുറത്താകുന്ന ഊര്‍ജ്ജം വിസ്മയിപ്പിക്കുംവിധം അതിശക്തമാണെന്നും ആറ്റംബോംബു വ്യക്തമാക്കി. E = mc² സമവാക്യമാണ് ബോംബിന്റെ നിര്‍മ്മിതിയിലേയ്ക്ക് നയിച്ചത്. ആത്യന്തികമായി എല്ലാവും ഊര്‍ജ്ജമാണെന്ന വലിയ കണ്ടെത്തലില്‍ മനുഷ്യന്‍ അല്പമല്ല  അഹങ്കരിച്ചത്. പക്ഷേ, വിചാരിച്ചതുപോലെ, അത് അറിവിന്റെ അവസാനമായിരുന്നില്ല. ഊര്‍ജ്ജത്തിലേയ്ക്ക് ആഴത്തില്‍ കടന്നുചെന്നാല്‍ അതും അപ്രത്യക്ഷമായിട്ട്, ബോധംമാത്രം ബാക്കിയാവും എന്നത് ഭാരതത്തിലാണ് ആദ്യം കടുപിടിക്കപ്പെട്ടത്! അസ്തിത്വത്തിന്റെ അത്യഗാധത്തിലേയ്ക്കുള്ള ഈ കുതിപ്പ് നമ്മിലെ ബോധത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ലാതാനും. മാക്സ് പ്ലാങ്ക്,  ഐന്‍ഷ്റ്റൈന്‍, ഹൈസെന്‍ബര്‍ഗ് എന്നിവര്‍ വേദാന്തഭാഷയോട് ഏറ്റവും അടുത്തുവന്ന ശാസ്ത്രജ്ഞരാണ്. നമ്മുടെ ദൃഷ്ടിയിലുള്ളതോ, ശാസ്ത്രത്തിലൂടെ എത്തിപ്പിടിക്കാവുന്നതോ അല്ല അസ്തിത്വത്തിന്റെ മൌലികത എന്നാണ് അവരും അവസാനം മനസ്സിലാക്കിയത്. 

ജീവിതം ലൈംഗികോര്‍ജ്ജമാകുന്നു എന്നൊരു കൃതിയില്‍ (അ. 7, താളുകള്‍ 203...) ബോധാവസ്ഥ എന്താണെന്ന് വ്യക്തമാക്കാന്‍ ഓഷോ ശ്രമിക്കുന്നുണ്ട്. അതു മനസ്സിലാക്കാനുള്ള 'ക്ലൂ' ഇതാണ് : അറിവിന്റെ ആദ്യത്തെ രണ്ടുതലത്തിലും ബോധത്തിന് വെറുതേ സാക്ഷിയായി നിലകൊള്ളാനാവും. അതിങ്ങനെ വിശദീകരിക്കാം. ഐന്ദ്രികതലത്തില്‍ ഞാന്‍ എന്റെ ശരീരമാണ്. പക്ഷേ, എന്റെ ശരീരത്തെപ്പറ്റി എനിക്കു ബോധമുണ്ട്. 'എനിക്ക്' എന്റെ ശരീരത്തെ കൈകാര്യം ചെയ്യാം. അതായത്, ഈ 'ഞാന്‍' എന്റെ ശരീരമല്ല‍; അല്ലെങ്കില്‍, അതു മാത്രമല്ല. അപ്പോള്‍, എന്റെ ശരീരവും എന്റെ ബോധവും രണ്ടാണ്. അതോടൊപ്പം, എനിക്ക് മനസ്സ് എന്നൊന്നുണ്ടെന്നും എനിക്കറിയാം. എന്റെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്ന അതെന്തോ, അത് എന്നില്‍നിന്ന് - എന്റെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും - വ്യത്യസ്തമായ എന്തോ ആണ്. ശരീരത്തിന് സ്വയമറിയാനാവില്ല. മനസ്സിനും സ്വയം നിരീക്ഷിക്കാനാവില്ല. എന്നാല്‍, എനിക്കു ചിന്തിക്കാനും, ചിന്തിക്കാതിരിക്കാനും, ചിന്തയെ എന്തിലേയ്ക്കുവേണമെങ്കിലും തിരിച്ചുവിടാനുമൊക്കെയാവും. അതായത്, ശരീരത്തിനും മനസ്സിനപ്പുറത്തുള്ള ഒരു ശക്തികൂടി എന്നിലുണ്ട്; അതിലൂടെയാണ് ഇതൊക്കെ എനിക്കു സാധ്യമാകുന്നത് എന്ന് സമ്മതിക്കാതെ തരമില്ല. ശരീരത്തെയും മനസ്സിനെയും നിരീക്ഷിക്കുന്ന ഈ മൂന്നാമത്തെ തലമാണ് ബോധം. സത്യത്തില്‍, ഈ സാക്ഷീഭാവമാണ് എന്റെ കാതല്‍. അതാണ്‌ ഞാന്‍. അതാണ്‌ ആത്മാവ് അല്ലെങ്കില്‍ മുകുളം. മുകുളത്തിന് ആത്മാവെന്നും അര്‍ത്ഥമുണ്ട്. എന്നിലുള്ള ബാക്കിയെല്ലാറ്റിനും സാക്ഷിയാകാന്‍ കഴിയുന്ന ഒരു ശക്തിയാണ് ഈ ബോധം. ഞാനെന്താണ് എന്ന ചോദ്യത്തിനു, 'നേതി, നേതി', അതല്ല, അതല്ല, എന്ന് പറഞ്ഞുകഴിഞ്ഞ് ഏറ്റവും അവസാനം ബാക്കിയാവുന്നതെന്തോ, അതാണ്‌ ബോധം. മനുഷ്യനിലെ ഈ ആത്മബോധം, അല്ലെങ്കില്‍ മുകുളം, വികസിച്ചുവളരണമെങ്കില്‍, തോടുപൊട്ടിച്ച് അത് വെളിച്ചത്തിലേയ്ക്കു വരണം. ഈ തോട് ഏത്‌ മനുഷ്യനും സഹജമായ, അവന്റെ/അവളുടെ അധികരിച്ചയഹംഭാവമാണ്. അതാണ്‌ ഊര്‍ജ്ജത്തിന്റെയൊഴുക്കിനെ തടഞ്ഞുവയ്ക്കുന്നത്. അഹന്തയെ മറികടന്നൊഴുകാന്‍ തുടങ്ങുന്ന ഉള്ളിലെയൂര്‍ജ്ജം മറ്റ് അസ്തിത്വങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെയാണ് ആനന്ദം കൈവരുന്നത്. ഈ താദാത്മ്യം എന്തിനോടുമാകാം. ഒരു വ്യക്തിയോടാകാം,ജീവികളോടാകാം, പുഴയോടും, വൃക്ഷത്തോടും പ്രകാശത്തോടുമൊക്കെയാകാം. നിരന്തരം സ്വന്തം സത്തയെയും ചുറ്റുപാടുകളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്, അത് ജീവനെന്ന അത്യുദാത്തമായ അത്ഭുതത്തോടാകാം. നമ്മുടെയോ, അയല്‍വക്കത്തെയോ ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെയും ആകാരസവിശേഷതകളും ചേഷ്ടകളും ആത്മഗുണങ്ങളും പോലും, ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ പ്രത്യക്ഷീകരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിനു, ചിന്തിക്കാതെ തന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. ആനന്ദമെന്തെന്നു അപ്പോഴേ നാമറിയൂ.    


'ഒരു കടുകുമണിയോളം വിശ്വാസം' എന്നൊരു വേദവാക്യശകലമുണ്ട്. ഒരു കടുകുമണിയിലുള്ളത് അസ്തിത്വത്തിന്റെ ഒരു ബോധകണമാണ്. അതതിലുള്ളതുകൊണ്ടാണ്, മണ്ണും വെളിച്ചവും കിട്ടുമ്പോള്‍, ഭൂമിയും സൂര്യനും അതിന് പോഷണവും സംരക്ഷണവും വാഗ്ദാനം ചെയ്യുമ്പോള്‍, മറ്റൊരു സഹായവുമില്ലാതെ, അതില്‍നിന്ന് ഭാവനാതീതമായ ഒരദ്ഭുതസസ്യം ഇരുകൈയും നീട്ടി അതിസാഹസത്തോടെ പുറത്തേയ്ക്കുചാടുന്നത്. തടസങ്ങള്‍ ഇല്ലാതിരുന്നാല്‍, തുടര്‍ന്നങ്ങോട്ട്, ഭൂമിയെ സ്വവംശത്താല്‍ നിറക്കാനുമുള്ള ശക്തിയതിനുണ്ട്. കായ്പൊട്ടി ചിതറിവീഴുന്ന ഓരോ കടുകുമണിയിലും ഈ ശക്തി അന്തര്‍ലീനമായി ഒളിഞ്ഞിരിപ്പുണ്ട്. ഇല്ലെങ്കിലതിന് തലമുറകളിലേയ്ക്കുള്ള തുടര്‍ച്ചയുണ്ടാവില്ല. കാലാകാലത്തോളം, ഏത്‌ കാലാവസ്ഥയിലും സാഹചര്യത്തിലും എങ്ങനെ അതിജീവിക്കണമെന്ന സൂത്രങ്ങളെല്ലാം മുന്‍കൂട്ടി അതില്‍ സംഭരിചിട്ടുണ്ട്. അതങ്ങനെയല്ലായിരുന്നെങ്കില്‍, വരാനിരിക്കുന്ന എല്ലാ തലമുറയ്ക്കും ആവശ്യമായ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രഹസ്യങ്ങള്‍ അടുത്തതിലേയ്ക്കും അത് അതിനടുത്തതിലേയ്ക്കും പകര്‍ന്നുകൊടുക്കാനാവില്ലല്ലോ. അങ്ങനെയെങ്കില്‍, ഏത്‌ പ്രാണിയിലും - ഏത്‌ കുരുവിലും, ഏതണ്ഡത്തിലും, ഏത്‌ ബീജത്തിലും - ഒളിഞ്ഞിരിക്കുന്ന ഈ ശക്തി അനന്തബോധമല്ലാതെ പിന്നെയെന്താണ്?

പരിശുദ്ധിയുടെയും സമ്പൂര്‍ണതയുടെയും ഈയൊരംശം തരവ്യത്യാസമില്ലാതെ, എല്ലാ അസ്തിത്വത്തിലുമുണ്ടെന്നു മനസ്സിലാവുമ്പോള്‍, എല്ലാവുമായി ഒരു സമഭാവന, തന്മയീഭാവം, നമ്മില്‍ വന്നുചേരുന്നു. അതുതന്നെയാണ് അവബോധം, സംശുദ്ധമായ ജ്ഞാനമെന്ന പ്രകാശം. എല്ലാ വായനയും പഠനവും, ചിന്തയും ധ്യാനവും ഇതിലേയ്ക്ക് നയിക്കണം. അതാണ്‌ തിരിച്ചുവരവ് അല്ലെങ്കില്‍ പരാവൃത്തി എന്ന് ജ്ഞാനികള്‍ വിളിക്കുന്ന ആത്മജ്ഞാനത്തിന്റെ വെളിച്ചം. അസ്തിത്വത്തിന്റെ  ഈ രഹസ്യത്തിലെത്താന്‍, ജ്ഞാനപ്രകാശം ഉള്ളില്‍ തെളിയുമ്പോള്‍‍, അന്വേഷിക്ക് ചിലപ്പോള്‍ ഒറ്റ നിമിഷം മതിയാവും‍. ഒന്നോര്‍ത്തുനോക്കൂ, അയ്യായിരം വര്‍ഷംമുമ്പ് ഇത് ഭാരതത്തിലുള്ള ചിലര്‍ക്ക് സാധിച്ചു. എന്നാല്‍, വിശ്ലേഷണങ്ങളിലൂടെ മുമ്പോട്ട്‌ പോകുന്ന ശാസ്ത്രത്തിന് ഊര്‍ജത്തിന്റെ അങ്ങേയടിത്തട്ടില്‍ ബോധമാണെന്ന സത്യം കണ്ടെത്താന്‍ ഇനിയും ഒരു നീണ്ട കാലം വേണ്ടിവന്നേയ്ക്കാം. കാരണം, അതിന് കാര്യകാരണങ്ങളിലൂടെ ക്രമബദ്ധമായേ സഞ്ചരിക്കാനാവൂ. എന്നാല്‍, ഹൃദയത്തിന് ഈ സമയകടമ്പയില്ല. അത് സത്യത്തിലേയ്ക്ക് നേരിട്ട് എടുത്തുചാടുകയാണ് ചെയ്യുക. ഒരന്വേഷിയുടെ ജീവിതത്തില്‍ ഇത് ഏത്‌ നിമിഷവും സംഭവിക്കാം. മിക്കവര്‍ക്കും അതിനായി പല ജന്മങ്ങള്‍ കാത്തിരിക്കേണ്ടിയും വരാം. ആര്‍ക്കും പ്രവചിക്കാനാവത്തത്ര അനിശ്ചിതമായ സമയമെന്നേ 'ജന്മങ്ങള്‍'കൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ.   


അറിവ് പ്രകാശമാണ്. മായയുടെ പ്രതിഭാസങ്ങള്‍ എന്നൊരു ലേഖനത്തില്‍ ഈ ലോകം നമ്മുടെ സൃഷ്ടിയാണെന്ന്‌ പറയുന്നുണ്ട്. ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള ഒരു വിഷയമാണിത്, എന്നാലും, അതുള്‍ക്കൊണ്ടുകഴിഞ്ഞാല്‍, ജീവിതം വളരെയധികം ശാന്തമാകും. എല്ലാം മായയാണെന്ന് പറഞ്ഞാലും, മിക്കവര്‍ക്കും അന്നന്നത്തെ ജീവിതത്തില്‍ മുമ്പില്‍ കാണുന്നതൊക്കെയും, സത്യത്തില്‍ ഉള്ളതും നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ടാണ് താല്പര്യം ജനിപ്പിക്കുന്നവയൊക്കെ സ്വന്തമാകാനുള്ള വ്യഗ്രതകള്‍ ഒരിക്കലും അടങ്ങാത്തത്. തത്ഫലമായി ഭൂതഭാവികളുടെ പിടിയില്‍ അമര്‍ന്നുപോകുന്ന ഭൂരിഭാഗത്തിനും കാതലായ ഈ നിമിഷത്തിലെ ജീവിതം കൈവിട്ടു പോകുന്നു. 



ഈ വിഷയത്തില്‍ അല്പം കൂടി വ്യക്തതയുണ്ടാകാന്‍, (ഓഷോയുടെ പ്രഭാഷണങ്ങളില്‍ കണ്ടെത്തിയ) താഴെപ്പറയുന്ന പരിചിന്തനത്തിനു സാധിക്കുമെന്ന് തോന്നുന്നു. ദ്രവ്യാത്മകമായ ഈ ലോകം നിലവിലുണ്ടെന്ന ധാരണ നമ്മെ കീഴടക്കുന്നത്‌, 'നാം' അവിടെയുണ്ടെന്നുള്ള സത്യം നമ്മള്‍ മറക്കുമ്പോഴാണ്. അല്ലെങ്കില്‍, 'നാം' അവിടെ ഇല്ലാത്തതുപോലെ പെരുമാറുന്നതുകൊണ്ടാണ്. ഇതില്‍ 'നാം' (ഞാന്‍) എന്ന് പറയുന്നത്, നേരത്തേ സൂചിപ്പിച്ചതുപോലെ, ആന്തരികത അല്ലെങ്കില്‍ ആത്മസത്തയെപ്പറ്റിയാണ്. ആത്മസത്ത ശരീരവുമായി താദാത്മ്യം പ്രാപിക്കാനിടയായാല്‍‍, ശരീരം മുന്‍കൈ നേടുന്നു. അപ്പോള്‍ ആത്മസത്ത ദ്രവ്യാത്മകമായവയുടെ നിഴലില്‍ മറഞ്ഞു നില്‍ക്കേണ്ടിവരുന്നു. ശരീരം അതിന്റെ ഭാവങ്ങളെ സൃഷ്ടിക്കുമ്പോള്‍‍, പരമാര്‍ത്ഥമായത് നിഗൂഢമെന്നപോലെയും ഭ്രമാത്മകമായത് അസ്ഥിത്വമുള്ളവയെപ്പോലെയും കാണപ്പെടും. അതായത്, ഉള്ളത് ഇല്ലാത്തതുപോലെയും ഇല്ലാത്തത് ഉള്ളതുപോലെയും, കാണപ്പെടുക; അതുതന്നെയാണല്ലൊ മായ.

ഒരുപക്ഷേ, പരമപ്രധാനമായ ഈ വിഷയത്തില്‍ അല്പംകൂടി വെളിച്ചംവീശാന്‍, സ്വപ്നമെന്ന നിത്യാനുഭവം സഹായിക്കും. ഉണര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ് സ്വപ്നം സ്വപ്നമാണെന്ന് നാമറിയുക. കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമായിട്ടാണ് നാമനുഭവിക്കുക. ആ സമയത്ത് ഉണര്‍ച്ചയിലെ കാര്യങ്ങള്‍ ആരുമോര്‍ക്കുന്നില്ല. നമ്മുടെ സ്വപ്നാനുഭവങ്ങള്‍ ഉണര്‍ച്ചയിലുള്ളവയെക്കാള്‍ തീവ്രമായതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്‌. അതുകൊണ്ടുതന്നെയാവണം, ഉണര്‍ന്നിരിക്കുന്നുവെന്നു നാം കരുതുന്ന സമയത്തും സ്വപ്നാനുഭവത്തിന് ഓര്‍മയില്‍ നിലനില്ക്കാനാകുന്നത്. ഒന്നുകൂടി വിശദീകരിച്ചാല്‍ - സ്വയംബോധം വരുമ്പോള്‍, അതായത്, ഞാനിവിടെയുണ്ട് എന്നുള്ള ബോധം വരുമ്പോള്‍, സ്വപ്നം മാഞ്ഞുപോകുന്നു. അതിനര്‍ത്ഥം, സ്വപനത്തിലെ സംഗതികള്‍ക്ക് സത്യത്തിന്റെ പ്രതീതി വരുന്നത്, 'ഞാന്‍' അപ്പോള്‍ അവടെയില്ലാത്തതുകൊണ്ടാണ് എന്നാണ്. ഈ തത്ത്വത്തെ ഇനി 'ഉണര്‍ജീവിത'ത്തിലേയ്ക്ക് കൊണ്ടുവരൂ. സാധാരണ ജീവിതവൃത്തികളില്‍ 'ഞാന്‍' അവിടെയില്ല! ഉള്ളത്, ഒരുതരം അര്‍ദ്ധബോധവും അതിന്റെ വെറും തഴക്കങ്ങളുമാണ്. എപ്പോള്‍ ഞാന്‍ വീണ്ടും പൂര്‍ണബോധത്തില്‍ തിരിചെത്തുന്നുവോ, അപ്പോള്‍ മാത്രമാണ്, ഐന്ദ്രികാനുഭവങ്ങള്‍ വെറും ഭ്രമങ്ങളാണെന്ന തിരിച്ചറിവുണ്ടാകുന്നത്. അതായത്‍, അവബോധമുണര്‍ത്തുന്ന പ്രകാശം അന്തരാത്മാവില്‍ വീഴുന്ന ആ ക്ഷണത്തില്‍, ഐന്ദ്രികമായവ നിഴലുകളെന്നോണം അപ്രത്യക്ഷമാകും. 


ഈ കണ്ടെത്തലിന് ജീവിതത്തിലെവിടെയും സാധുതയുണ്ട്, വളരെ വ്യക്തമായി, മനുഷ്യബന്ധങ്ങളില്‍. കാരണം, മനസ്സിന്റെ പ്രവര്‍ത്തനവും സമാനമാണ്. പാരസ്പര്യങ്ങളും വൈപരീത്യങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. അപ്രതീക്ഷിതങ്ങളായ സ്വന്തം പ്രതികരണങ്ങള്‍പോലും ചിലപ്പോള്‍ നമ്മെ പരിഭ്രമിപ്പിക്കാറും അന്ധാളിപ്പിക്കാറുമില്ലേ? എണ്ണിയാലൊടുങ്ങാത്ത ക്ഷിപ്രപ്രതികരണങ്ങള്‍ ഒന്നോടൊന്നു ചേര്‍ന്നാണ് ഓരോ നിമിഷത്തിലും നമ്മുടെ പ്രവൃത്തികള്‍ രൂപംകൊള്ളുന്നത്‌. പ്രകാശതരംഗങ്ങള്‍ പോലെ, വൈകാരിക തരംഗങ്ങളും ജന്മംകൊള്ളുന്നതും ചലിക്കുന്നതും ബോധപ്രക്രിയക്ക്‌ അതീതമായിട്ടാവാം. അതുകൊണ്ട് self knowledge 90%വും മിഥ്യാബോധമാണെന്നതാണ് വാസ്തവം. തരംഗവ്യതിയാനങ്ങളുടെ സമുദ്രത്തിലാണ് ഓരോ ചിന്തയും അതിനോട് ചേര്‍ന്ന ചേഷ്ടകളും സംഭവിക്കുന്നത്‌. ഓരോ സന്ദര്‍ഭത്തിനുമിണങ്ങുന്നത്, പരിചയംകൊണ്ട് നാം ഏതാണ്ടൊന്നു കണക്കാക്കിയെടുക്കുന്നു എന്നുമാത്രം. അങ്ങോട്ടുമിങ്ങോട്ടും വഴുതിപ്പോകുക ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. 


അബോധത്തിന്റെ അസ്വാരസ്യങ്ങളെന്നപോലെ, അവബോധത്തിന്റെ താല്‍ക്കാലികമായിട്ടെങ്കിലുള്ള  മിന്നലാട്ടങ്ങളുംഎല്ലാവര്‍ക്കുമുണ്ട്. എന്നാലവ അവിടെയും ഇവിടെയുമായി വന്നുപതിച്ചിട്ട്‌, ചിതറിപ്പോകുകയാണ്. നമുക്ക് ചുറ്റും നാമനുഭവിക്കുന്ന നന്മയും, കരുണയും, സ്നേഹവും; നാം കണ്ടെത്തുന്ന നിര്‍വൃതിയുടെ നിമിഷങ്ങളും സൌന്ദര്യവശ്യതകളുമെല്ലാം അല്പാല്പമായ അവബോധത്തിന്റെ കിരണങ്ങളാണ്. അഹത്തിന്റെ നിഴലില്‍ ഇവയെല്ലാം അടുത്ത നിമിഷം മങ്ങിപ്പോകാറാണ് പതിവ്. എപ്പോഴും, ആരെയും എന്തിനെയും 'ഞാന്‍', 'എന്റെ', 'എനിക്കു', 'എന്നോട്' എന്നിത്യാദി അളവുകോലുകൊണ്ട് തട്ടിച്ചുനോക്കുന്ന വെപ്രാളത്തില്‍, ബോധപ്രക്രിയയെ അഹത്തിന്റെ അതാര്യത തടഞ്ഞുനിര്‍ത്തുന്നു എന്ന് ചുരുക്കം. അതുകൊണ്ട് മേല്പ്പറഞ്ഞ മിന്നലാട്ടങ്ങള്‍ നമ്മെ കാര്യമായി സ്പര്‍ശിക്കുംമുമ്പ് മങ്ങിമറയുകയാണ്.


അതെന്തുകൊണ്ടെന്നറിയാന്‍ പ്രകാശത്തെപ്പറ്റിയുള്ള ചില നിരീക്ഷണങ്ങള്‍ സഹായകരമാകും. വീശിയെറിഞ്ഞ ചൈനാവലപോലെ എല്ലാറ്റിലും ചെന്നുവീഴുന്ന എന്തോ ആയിട്ടാണല്ലോ പ്രകാശം പരക്കുന്നത്. പക്ഷേ, ശരിക്കും അതിസൂക്ഷ്മമായ കണാംശങ്ങള്‍ (photons) ഒന്നോടൊന്നു ചേര്‍ന്ന് തരംഗരൂപത്തിലാണ് പ്രകാശം, സെക്കന്റില്‍ മൂന്നു ലക്ഷം കി.മീ. എന്ന വേഗത്തില്‍, സഞ്ചരിക്കുന്നത്. ഭൌതികപ്രപഞ്ചത്തിലെ ഏറ്റവും കൂടിയ ഈ വേഗത്തില്‍ പ്രസരിക്കുന്നതിനാല്‍, ഒരൊഴുക്കായിട്ടാണ് നാം പ്രകാശത്തെ അനുഭവിക്കുന്നതെങ്കിലും, ഓരോ ഫോട്ടോണിനും അതിന്റേതായ കനവും വേഗവുമുണ്ട്. E = mc² എന്ന സമാവാക്യമനുസരിച്ച്, സെക്കന്റില്‍ 6.626/1033 joule ആണ് ഒരു ഫോട്ടോണിന്റെ ഊര്‍ജ്ജം എന്ന് കണക്കാക്കിയിരിക്കുന്നു (നിത്യജീവിതത്തിലെ ശാസ്ത്രം, സി. രാധാകൃഷ്ണന്‍). തരംഗവ്യതിയാനം അതിന്റെ ഊര്‍ജ്ജത്തിലും തദ്വാരാ അളവിലും മാറ്റം വരുത്തും. ഭാരമുള്ളതിനാല്‍ ഫോട്ടോണ്‍ തട്ടുന്നിടത്ത്, ആഘാതവുമുണ്ടാകും. പക്ഷേ, ഏത്‌ ചെറുപ്രാണിക്കും താങ്ങാവുന്നത്രയേ അതുള്ളൂ എന്നതിനാല്‍ നാമതറിയുന്നില്ല. വെയില്‍ കായുമ്പോള്‍ ദേഹത്തെല്ലായിടത്തുമായി പതിയുന്ന സൂര്യപ്രകാശം ഒറ്റയടിക്ക് ഒരുമിച്ച് ഒരു ബിന്ദുവില്‍ അനുഭവപ്പെട്ടാല്‍, ഒരു വെടിയുണ്ടയേക്കാള്‍ മാരകമായിരിക്കുമത്. ലേയ്സര്‍ രശ്മി ഇങ്ങനെ സാന്ദ്രീകരിച്ച പ്രകാശമാണല്ലോ. പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ, അവബോധത്തിന്റെ രശ്മികള്‍ സുതാര്യമായും സുസ്ഥിരമായും ഉള്ളില്‍ പതിയാനനുവദിച്ചാല്‍, ഉണ്ടാകുന്നയാഘാതം - ആനന്ദത്തിന്റെയനുഭവം - നമുക്കുള്ളില്‍ തമസായി, അന്ധകാരമയമായി അടിഞ്ഞുകൂടിയിട്ടുള്ളതൊക്കെയെയും തകര്‍ത്തുകളയാന്‍ പോരുന്നത്രയായിരിക്കും.

കാഴ്ചയുടെ പൊരുള്‍

പുറത്തുള്ളവയെപ്പറ്റി ഇന്ദ്രിയങ്ങള്‍ നമുക്ക് തരുന്നയറിവുകള്‍ അപ്പാടേ ശരിയാണെന്ന ധാരണയാണ് മനുഷ്യര്‍ വച്ചുപുലര്‍ത്തുന്ന ഏറ്റവും വലിയ മിഥ്യ. നാം കാണുന്നതും കേള്‍ക്കുന്നതും മണക്കുന്നതുമൊക്കെ അതേപടി അവിടെ വെളിയിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ആണെന്നു തന്നെയാണ് മിക്കവരും കരുതുന്നത്. ഇതെത്ര വലിയ ഒരബദ്ധമാണെന്ന്‌ ഈ ലേഖനത്തിലൂടെ തെളിഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, നാം ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന ലോകം നമ്മുടെതന്നെ സൃഷ്ടിയാണ് എന്ന സത്യം ഒരു വലിയ തിരിച്ചറിവായിത്തീരാം.

പദാര്‍ത്ഥം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്, പദത്തിന്റെ (ശബ്ദത്തിന്റെ) അര്‍ത്ഥമെന്നും അതേസമയം വസ്തുവെന്നും ആണ്. അതായത്, വസ്തുക്കളെ 'മനസ്സില്‍ ആക്കുന്നതും' അവയ്ക്ക് പേരിടുന്നതും ഒരുമിച്ചു പോകുന്ന പ്രവൃത്തികളാണ്. ഒരു പദം മനസ്സിലൊരര്‍ത്ഥം സ്ഫുരിപ്പിക്കുമ്പോള്‍, ഈ പറഞ്ഞ രണ്ട് തരത്തിലും അതൊരു പദാര്‍ത്ഥമായിത്തീരുന്നു: ആദ്യത്തേത് സൂക്ഷ്മതലത്തിലും, രണ്ടാമത്തേത് സ്ഥൂലതലത്തിലും. മറ്റു തരത്തില്‍ പറഞ്ഞാല്‍, ഓരോ വാക്കും അകത്തും പുറത്തുമുള്ള, സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പദാര്‍ത്ഥരൂപീകരണത്തിനു മിക്കപ്പോഴും ഇന്ദ്രിയങ്ങളാണ് നമ്മെ സഹായിക്കുന്നത്.

 
അറിവും ഇന്ദ്രിയങ്ങളും  
കാഴ്ച്ചയെ കണ്ണുമായി ബന്ധപ്പെടുത്തിയാണ് സാധാരണ നാം ചിന്തിക്കാറുള്ളതെങ്കിലും, ഏത്‌ ഇന്ദ്രിയത്തിലൂടെ കിട്ടുന്ന അറിവിനെയും കാഴ്ചയെന്നു വിളിക്കാം. എന്നാലും ചുറ്റുപാടുകളെപ്പറ്റിയുള്ള ധാരണ കരഗതമാക്കാന്‍ ഓരോ ജീവിക്കും ഓരോ ഇന്ദ്രിയം പ്രഥമസ്ഥാനത്ത് നില്‍ക്കുന്നുണ്ട്. മനുഷ്യനത് കണ്ണാണെങ്കില്‍, (ആത്യന്തികമായി എതിന്ദ്രിയവും സ്പര്‍ശത്തിലൂടെയാണ് സംവേദിക്കുന്നത്.), വവ്വാലിന് അതു ശ്രവണേന്ദ്രിയമാണ്, പാമ്പിനത് ചര്‍മ്മമാണ് - ത്വക്കും നാക്കും. ഇന്ദ്രിയവിഷയമായ വസ്തുവില്‍നിന്നുള്ള ഊര്‍ജ്ജപ്രസരം ഒന്നുതന്നെയായിരിക്കേ, വ്യത്യസ്ത ജീവികള്‍ അതാതിന്റെ രീതിയില്‍ അതിനെ വ്യാഖ്യാനിച്ച് അവയ്ക്ക് വേണ്ടുന്ന 'അറിവ്' ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍നിന്ന് വ്യക്തമാകുന്നത്, 'കാഴ്ച' ഇന്ദ്രിയത്തിലല്ല, മറിച്ച്, തലച്ചോറിലാണ് സംഭവിക്കുന്നതെന്നാണ്.

"പ്രത്യക്ഷമെന്നു പറയുമ്പോള്‍ കണ്ണുകൊണ്ട് കാണുന്നതാണ് പ്രധാനം എന്ന തോന്നലുണ്ടാവാം. എന്നാല്‍, ഓരോ ഇന്ദ്രിയത്തെയും കണ്ണായി കരുതിപ്പോന്നിരുന്ന ഭാരതീയദര്‍ശനത്തില്‍ വര്‍ണങ്ങളെപ്പോലെതന്നെ സപ്തസ്വരങ്ങളും ഷഡ്രസങ്ങളും പഞ്ചപ്രാണങ്ങളും അവധിയില്ലാത്ത രസവൈവിധ്യങ്ങളും ആകാരങ്ങള്‍ക്ക് വികാരങ്ങളുടെ അനന്തവിസ്തൃതിയുണ്ടാക്കിവയ്ക്കുന്നുണ്ട്‌. അതായത്, ഓരോയിന്ദ്രിയവും ഓരോതരം കാഴ്ച്ചയെയാണ് ഉത്പാദിപ്പിക്കുന്നത്." (മന:ശാസ്ത്രം ജീവിതത്തില്‍‍, നിത്യചൈതന്യയതി. അ. 20)


നമുക്ക് കാണാനും കേള്‍ക്കാനും രുചിക്കാനും മണക്കാനുമൊക്കെ സാധിക്കുന്നത് ഈ പ്രവൃത്തികള്‍ക്കുള്ള വിഷയങ്ങള്‍ അതേപടി അവിടെയുള്ളതുകൊണ്ടാണ് എന്ന വിചാരം അത്ര ശരിയല്ലെന്ന് പറഞ്ഞാല്‍ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും തന്നെ ബുദ്ധിമുട്ടാവും. പക്ഷേ, വാസ്തവത്തില്‍ ബാഹ്യലോകം വ്യക്തിബോധത്തില്‍ യാഥാര്‍ഥ്യത്തിന്റെ ഏതോ വിധത്തിലുള്ള ഒരു പ്രതിഫലനമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍, ടെലിവിഷന്റെ പ്രവര്‍ത്തനരീതി സഹായിക്കും. (ഈ ഉപമ LSD യുടെ കണ്ടുപിടുത്തത്തോടെ പ്രശസ്തനായിത്തീര്‍ന്ന ആല്‍ബെര്‍ട്ട് ഹോഫ്മന്റെയാണ്.) നമ്മുടെ ശരീരം ഉള്‍പ്പെടെയുള്ള ബാഹ്യലോകം ഊര്‍ജ്ജപ്രസരണത്തിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്‌. ഈ സ്പന്ദനങ്ങളെ സ്വീകരിക്കുന്ന ഏരിയലുകളാണ് ഇന്ദ്രിയങ്ങള്‍. എന്നാലവയെ പടവും സ്വരവും മണവുമൊക്കെയാക്കി പ്രതിബിംബിപ്പിക്കുന്ന സ്ക്രീന്‍ നമ്മുടെ ബോധതലമാണ്. കൃത്യമായി പറഞ്ഞാല്‍ തലച്ചോറിന്റെ പണിയാണത്. ഏരിയലിന്റെ ഗുണവും മേന്മയുമനുസരിച്ച്, പടം വ്യക്തമോ അവ്യക്തമോ ആകാം.


കണ്ണെന്ന ഏരിയലിനെ നമുക്കൊന്ന് പരിശോധിക്കാം. വസ്തുക്കളില്‍ പതിയുന്ന പ്രകാശം പ്രതിഫലനത്തിലൂടെ നേത്രാന്തരപടലത്തില്‍ (retina) തട്ടുമ്പോഴുണ്ടാകുന്ന തരംഗങ്ങള്‍ ദൃക്തന്ത്രികളിലൂടെ തലച്ചോറിലെത്തുന്നതുകൊണ്ടാണ് കാഴ്ച സാധ്യമാകുന്നത്. അതിനിടയില്‍ സംഭവിക്കുന്നതൊക്കെ ശാസ്ത്രമാനങ്ങളാല്‍ അളക്കാവുന്നവയാണ്. എന്നാല്‍ നാഡികള്‍വഴി തലച്ചോറിലെത്തുന്ന വിദ്യുത്പ്രചോദനങ്ങള്‍ വസ്തുവിന്റെ പ്രതിബിംബമായി രൂപാന്തരപ്പെടുന്ന രഹസ്യം ഒന്നുകൊണ്ടും അളക്കാനാവാത്ത ഒരു പ്രതിഭാസമാണ്. (ഭാസം = പ്രകാശം; പ്രതിഭാസം = പ്രകാശപ്രതിബിംബം). പ്രകാശം വൈദ്യുത-കാന്ത തരംഗങ്ങളാണ്. ഫോട്ടോണ്‍ എന്ന കണമാണ് അതിന്റെ സൂക്ഷ്മഘടകമെങ്കിലും അവ സഞ്ചരിക്കുന്നത് തരംഗരൂപേണയാണ്. വൈദ്യുത-കാന്തതരംഗങ്ങള്‍ക്കു ഒരു മീറ്ററിന്റെ ശതകോടിയിലൊന്നു തൊട്ട് പല മീറ്റര്‍ വരെ വ്യാസമാകാം. റേഡിയോ തരംഗങ്ങള്‍ രണ്ടാമത്തേതിന് ഉദാഹരണമാണ്. ഓരോ വസ്തുവും അതിന്റെ ഘടനയും പ്രതലവുമനുസരിച്ച് അതില്‍ ചെന്നുപതിക്കുന്ന പ്രകാശത്തെ വിഗിരണം ചെയ്യുന്നുവെങ്കിലും അവയില്‍ ഒരു നിശ്ചിത തരംഗവ്യാപ്തിക്കുള്ളിലുള്ളവയെ മാത്രമേ നമ്മുടെ റെറ്റിനക്ക് സ്വീകരിക്കാനാവൂ. 350 മുതല്‍ 750 നാനോമീറ്റര്‍ വരെയാണ് ഈ അലകളുടെ വ്യാപ്തി. (ഒരു നാനോമീറ്റര്‍ = പത്ത് ലക്ഷത്തിലൊരു മില്ലിമീറ്റര്‍) 350 nm തരംഗങ്ങള്‍ നമ്മടെ തലച്ചോറില്‍ നീലയുടെ അനുഭവത്തെയുണ്ടാക്കുന്നു. 750 നം, ചുകപ്പിന്റെ. അതിനിടയിലുള്ളവ സപ്തവര്‍ണങ്ങളില്‍ ബാക്കിയോരോന്നുമായി തലച്ചോറിനാല്‍ വ്യാഖ്യാനിക്കപ്പെടുന്നു.


ഇതില്‍നിന്നൊക്കെ നമുക്ക് പലതുമനുമാനിക്കാം. ഉദാഹരണത്തിന്, പ്രകാശത്തിന്റെ ഇതേ തരംഗവ്യാപ്തിയെ സ്വീകരിക്കാന്‍ റ്റ്യൂണ്‍ ചെയ്തിട്ടുള്ള മറ്റൊരു ജീവി കാണുന്നത് നമ്മുടെ നിറങ്ങളായിരിക്കണമെന്നില്ല. color blind ആയ മനുഷ്യര്‍ തന്നെ ഇതിനൊരു തെളിവാണ്. അതുപോലെ തന്നെ, പ്രകൃതിയിലുള്ളവയെ, നമുക്ക് കാണാനാവാത്ത, എണ്ണമില്ലാത്തത്ര നിറങ്ങളിലും മണങ്ങളിലും സ്വരങ്ങളിലും രുചികളിലും കൂടി കാണുന്ന ജീവികളുമുണ്ട്. യന്ത്രസഹായത്തോടെ മാത്രം നമുക്ക് കൈകാര്യംചെയ്യാനാകുന്ന ഇന്‍ഫ്രാറെഡും അള്‍ട്രാവയലെറ്റും കാണാന്‍കഴിയുന്ന അല്‍പപ്രാണികള്‍ പോലുമുണ്ടെന്ന് ജന്തുശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ടല്ലോ.


അങ്ങനെയെങ്കില്‍, നിറങ്ങള്‍ നാം കാണുന്നവയിലല്ല, മറിച്ച്, അവ നമ്മുടെ തലച്ചോറിന്റെ സൃഷ്ടിയാണ് എന്ന്
നാം അംഗീകരിക്കേണ്ടിവരും.  ചുവന്ന പൂവെന്നു പറയുമ്പോള്‍ പ്രകൃതി അതിന്റെ ഇതളുകളില്‍ ചുകപ്പുനിറം തേച്ചുപിടിപ്പിച്ചിരിക്കുന്നു എന്നല്ലേ നാം അര്‍ത്ഥമാക്കുക? എന്നാല്‍ സത്യമതല്ല. എല്ലാ (എന്ന് വച്ചാല്‍, നമുക്ക് കാണാനാവാത്തവയും) നിറങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രകാശം ആ പൂവിന്റെ പ്രതലത്തില്‍ തട്ടുന്നുണ്ടെങ്കിലും, അതിന്റെ തനതായ രാസഘടനമൂലം, ചില നിശ്ചിത അലവ്യാപ്തിയിലുള്ളവമാത്രമാണ് വിഗിരണം ചെയ്യപ്പെടുന്നത്. ബാക്കിയെല്ലാം ആഗിരണം ചെയ്യപ്പെടുകയാണ്. ഇങ്ങനെ പ്രതിഫലിക്കുന്നവയില്‍ നിന്ന് നമുക്കാകുന്നവയെ (ഈ ഉദാഹരണത്തില്‍, നാം ചുകപ്പായി വ്യാഖ്യാനിക്കുന്നവയെ) നാം പിടിച്ചെടുക്കുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. അതേ പൂവിനെ വേറൊരു ജീവി വേറൊരു നിറത്തില്‍ കാണുന്നുണ്ടാവാം. നാം കാണുന്ന വസ്തുക്കളുടെയെല്ലാം കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്‌. മറ്റു വാക്കുകളില്‍, നമ്മള്‍ കാണുന്ന നിറങ്ങളും രൂപങ്ങളും സ്വരങ്ങളും രുചികളും നാം തന്നെയാണ് സൃഷ്ടിക്കുന്നത്, അവ വസ്തുക്കളില്‍ അങ്ങനെത്തന്നെ ഉള്ളവയല്ല!

പ്രകാശത്തിന്റെ അലദൈര്‍ഘ്യങ്ങളില്‍ മനുഷ്യന് പിടിച്ചെടുത്ത് വ്യാഖ്യാനിക്കാവുന്നവ വളരെ പരിമിതമാണ്. ഇവയില്‍ ഏഴെണ്ണത്തെ നമ്മുടെ തലച്ചോര്‍ ഏഴു നിറങ്ങളായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു എന്നുമാത്രം. ഇവക്കു വെളിയിലുള്ളവ അനന്തതയിലേയ്ക്കു നീളുന്നു. നിത്യജീവിതത്തിലെ ശാസ്ത്രം എന്ന കൃതിയില്‍ C. രാധാകൃഷ്ണന്‍ എഴുതുന്നു: "പ്രകാശം വിദ്യുത്കാന്തപ്രസരമാണ് (electro-magnetic waves). നിറമെന്നൊന്ന് വാസ്തവത്തില്‍ ഇല്ല. വ്യത്യസ്ത അലനീളമുള്ള വിദ്യുത്-കാന്തതരംഗങ്ങളേയുള്ളൂ. ഒരു പ്രത്യേക അലനീലമുള്ള തരംഗം നമ്മുടെ കണ്ണിലുളവാക്കുന്നയനുഭൂതിയെ നാം ഒരു നിറത്തിന്റെ പേരിട്ടു വിളിക്കുന്നു, അത്രമാത്രം. നാം കാണുന്ന നിറങ്ങളെത്തന്നെ മറ്റു ജീവികളും കാണുന്നുവെന്ന് ധരിക്കുന്നത് വിഡ്ഢിത്തമാണ്." 

 

ഇതേ തത്ത്വം മറ്റിന്ദ്രിയാനുഭവങ്ങളുടെ കാര്യത്തിലും ബാധകമാണ്. ഉദാഹരണത്തിന്, കേള്‍വി. മലമുകളില്‍ നിന്ന് ഒരു വലിയ പാറ പിളര്‍ന്നു താഴേയ്ക്കുരുളുന്നുവെന്ന് സകല്പ്പിക്കുക . അത് വായുവിലുണ്ടാക്കുന്ന സംഘര്‍ഷം ഒരു കൊടുങ്കാറ്റിനെ സൃഷ്ടിച്ചെന്നിരിക്കും. എന്നാല്‍ ഈ വായൂമര്‍ദ്ദത്തെ ഏതെങ്കിലും തരത്തില്‍ അളക്കാനോ അനുഭവിക്കാനോ കഴിയുന്ന ഒരു ജീവി അവിടെയില്ലെങ്കില്‍, ഒരു നേരിയ സ്വരംപോലും അവിടെയുണ്ടാകുന്നില്ലെന്ന് പറയാം. ഇത് അവിശ്വസനീയമാണെങ്കിലും, ഒന്നുകൂടി ചിന്തിച്ചു നോക്കുക. അവിടെ പൊട്ടിവീഴുന്ന പാറയും ഇടിഞ്ഞിറങ്ങുന്ന മണ്ണും മറിഞ്ഞുവീഴുന്ന മരങ്ങളുമുണ്ട്. അതെല്ലാം വായൂക്ഷോഭത്തിനും ഊര്‍ജ്ജസ്ഫോടനത്തിനും കാരണമാകുന്നു. എന്നാല്‍, 'അവമൂലമുണ്ടാകുന്ന' സ്വരം സമീപത്തുള്ള ജീവികളുടെ ശ്രവണേന്ദ്രിയത്തിനുള്ളില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. നാം കേള്‍ക്കുന്ന സ്വരം, അതു മൃദുലമോ കഠിനമോ ആയിക്കൊള്ളട്ടെ, അത് സ്വരമായി പ്രകൃതിയില്‍ സ്ഥിതിചെയ്യുന്നില്ല; അവിടെയുള്ളത് ചെറുതും വലുതുമായ വെറും ഊജ്ജസമ്മര്‍ദ്ദങ്ങളാണ്. അവയ്ക്ക് കാരണമാകുന്നതോ വായുവിന്റെയും വൈദ്യുതിയുടെയുമൊക്കെ വ്യതിയാനങ്ങളും. ഇങ്ങനെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ അതിവിപുലമാണ്. ഇവയില്‍, ഒരു സെക്കന്റില്‍ 20 മുതല്‍ 20'000 ഡസിബില്‍ വരെ (audio അല്ലെങ്കില്‍ sonic എന്നറിയപ്പെടുന്ന) ആവൃത്തിയിലുള്ളവയെ പിടിച്ചെടുക്കാനുള്ള സജ്ജീകരണം മാത്രമാണ് മനുഷ്യന്റെ ശ്രവണേന്ദ്രിയത്തിനുള്ളത്. അങ്ങനെ പിടിച്ചെടുക്കുന്നവ തരംഗവ്യതിയാനങ്ങള്‍ക്കനുസരിച്ച് നമ്മുടെ തലച്ചോറില്‍ ചെറുതും വലുതുമായ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നത്. അതായത്, പ്രകൃതിയിലുള്ളത്, വെറും സ്പന്ദനങ്ങളാണ്. അവയില്‍നിന്ന് ഒരു നിസ്സാരയംശത്തെ മാത്രം അളന്ന് വ്യത്യസ്ത സ്വരങ്ങളായി മനസ്സിലാക്കുന്ന രീതിയാണ് ശ്രവണം. DCBooks ന്റെ ശബ്ദസാഗരത്തില്‍ ശബ്ദത്തിന് അര്‍ത്ഥം പറഞ്ഞിരിക്കുന്നത് ഇങ്ങനെ: "വായുവിലുണ്ടാകുന്ന തരംഗപരമ്പരയാണ് ശബ്ദമായി കാതിനനുഭവപ്പെടുന്നത്." എല്ലാ തരംഗങ്ങളെയും അളക്കാനാവുന്ന ഒരു സംവിധാനത്തോടെ ഒരു ജീവിക്കും അതിജീവനം സാധ്യമേയല്ല. LSD പോലുള്ള രാസവസ്തുക്കള്‍ അകത്തുചെല്ലുമ്പോള്‍, മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്ത വര്‍ണബാഹുല്യവും സ്വരങ്ങളും അനുഭവിക്കാനാകുന്നതിനെപ്പറ്റി ധാരാളം അനുഭവസ്ഥരുടെ വിവരണങ്ങളുണ്ട് (LSD, mein Sorgenkind - LSD, എന്റെ വികൃതിക്കുട്ടി - Albert Hofmann). കഞ്ചാവ് വലിക്കുന്നവരുടെ അനുഭവത്തിനും ഇതിനോട് സാമ്യമുണ്ട്‌.
നമുക്കാഗിരണംചെയ്യാനാവാത്ത ഊര്‍ജ്ജസങ്കോച-സ്ഫോടനങ്ങള്‍ തിരിച്ചറിയുന്ന ജീവികള്‍ എത്ര വേണമെങ്കിലുമുണ്ട്. ഉദാ. വവ്വാല്‍, നായ, ഡോള്‍ഫിന്‍, തിമിംഗലം തുടങ്ങിയവ. എന്തിനീ വലിയവര്‍? ഒരു ചറിയ തുള്ളി രക്തത്തിനായി നമ്മെ ചുറ്റിപ്പറ്റി പറക്കുന്ന നിസാരനായ കൊതുകിനെ വീശിപ്പിടിക്കാനോ അടിച്ചുകൊല്ലാനോ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതെന്ത്? നമ്മുടെ കൈയൊന്നനങ്ങുന്നതിനു മുമ്പുതന്നെ അതിസൂക്ഷ്മമായ വായൂമര്‍ദ്ദം തിരിച്ചറിഞ്ഞ് വഴുതിമാറാന്‍ അണുസമാനമായ അതിന്റെ ഉണ്മക്കാകുന്നു! പൂക്കളിലൂടെ തെന്നിപ്പറന്ന് തേന്‍ കുടിക്കുന്ന ശലഭങ്ങള്‍ തിരിച്ചറിയുന്ന ഗന്ധങ്ങളും കാണുന്ന നിറങ്ങളുമേതെല്ലാമെന്നു നാമുണ്ടോ അറിയുന്നു! ഏത്‌ ഇന്ദ്രിയാനുഭവത്തിലും ഈ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ഈ വിചിന്തനങ്ങളില്‍ നിന്ന് മിക്കപ്പോഴും നാം ഒട്ടും ശ്രദ്ധിക്കാത്ത ചില സത്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നു: നമ്മുടെ ലോകം നമ്മുടെ മാത്രം സൃഷ്ടിയാണ്. നമ്മുടെയഅളവുകോലുകളും നമ്മുടേത്‌ മാത്രമാണ്.
അവ പ്രകൃതിയെ മൊത്തത്തില്‍ ബാധിക്കുന്നേയില്ല. ചരാചരങ്ങളായി, ചേതനാചേതനങ്ങളായി, പ്രകൃതിയിലുള്ളതെല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ (electro-magnetic energy) ഭാവഭേദങ്ങളാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ അവയിലെ തീരെ ചെറിയ ഒരംശവുമായി പ്രതികരിക്കുന്നതില്‍നിന്നാണ് നമ്മുടെ ലോകം ഉരുത്തിരിയുന്നത്. ഇതിലും സുപ്രധാനമായ മറ്റൊരു വസ്തുതയും അംഗീകാരമര്‍ഹിക്കുന്നു. അതായത്, പുറത്തുനിന്നും തുടര്‍ച്ചയായി എത്തുന്ന ഊര്‍ജ്ജപ്രസരങ്ങളെ വ്യാഖ്യാനിച്ചാണ് നാം യാഥാര്‍ഥ്യത്തെ കണ്ടെത്തുന്നതെങ്കില്‍, നാമനുഭവിക്കുന്ന ജീവന്‍, ബോധം, അറിവ് എന്നിവയൊന്നും സുസ്ഥിരമല്ല, തുടര്‍ച്ചയാണ്. സ്ഥിരവും സുനിശ്ചിതവുമായിടത്ത്, ജീവനില്ല. നമ്മുടെ യാഥാര്‍ഥ്യം (അവിടെ നാം കണ്ടെത്തുന്ന അര്‍ത്ഥമെന്തോ, അത്) അനുനിമിഷം നമ്മള്‍ സൃഷ്ടിക്കുന്ന ഇന്ദ്രിയാനുഭവങ്ങളാണ്, അവിടെ നമുക്ക് വെളിയിലുള്ള അസ്തിത്വഭാവങ്ങളല്ല! ഉണ്മയെന്നത് നൈമിഷികമാണ്, ഓരോ നിമിഷത്തിന്റെയുമാണ്.

സ്വാതന്ത്ര്യത്തെ വെറുക്കുന്നവര്‍

ഇതെഴുതുമ്പോള്‍ ഇനി വെറും രണ്ട് മണിക്കൂറേയുള്ളൂ 2010 ലെ ഓഗസ്റ്റ് 15പിറക്കാന്‍. നമ്മുടെ 'സ്വാതന്ത്ര്യദിനത്തിന്' ഇംഗ്ലീഷില്‍ Independence Day എന്ന് പറയുന്നത് തന്നെ വിവരക്കേടാണ്. ആരെയും ആശ്രയിക്കാതെ പല സഹസ്രാബ്ദങ്ങള്‍ സംസ്കൃതിയില്‍ കഴിഞ്ഞിരുന്ന ഒരു വലിയ രാജ്യത്തെ ജനതയെ അന്ന് കിരാതരും തീര്‍ത്തും പ്രാകൃതരുമായിരുന്ന യൂറോപ്പുകാര്‍ വന്ന് ബലംപ്രയോഗിച്ചും തമ്മിലടിപ്പിച്ചും ഏറെനാള്‍ ചൂഷണം ചെയ്തശേഷം, അവര്‍ക്ക് തിരികെ പോകാതെ തരമില്ലെന്നുവന്ന ദിനത്തെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമെന്നു വിളിക്കുന്നതില്‍ ഒരഅര്‍ത്ഥവുമില്ല. നമ്മള്‍ ആരെയും depend  ചെയതല്ലായിരുന്നു അതുവരെയും അന്നും ജീവിച്ചിരുന്നത്. മറിച്ച്, അവര്‍, നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് കട്ടെടുത്തും കവര്‍ച്ചചെയ്തും നമ്മെ depend ചെയ്താണ് കഴിഞ്ഞുകൂടിയത്. എന്നിട്ട്, ആ സാധ്യതയില്ലാതായ അവസ്ഥക്ക് India's Indipendence എന്ന് പറയുന്നത് തീരെ മോശമാണ്. അത്  അര്‍ത്ഥരഹിതം മാത്രമല്ല, പോഴത്തവുമാണ്. 



ഒരു മുന്‍പരിചയവുമില്ലാത്ത ഒരു ബാങ്കില്‍നിന്ന് ഇന്നെത്തിയ ഒരു ഇ-മെയിലില്‍ "Be proud to say I'm an Indian" എന്നെഴുതുന്നതിനു മുന്നോടിയായി ഒരു നീണ്ട ലിസ്റ്റ് തന്നിരിക്കുന്നു, എവിടെയെല്ലാം ഇന്നത്തെ ലോകത്ത് ഇന്ത്യക്കാര്‍ മുമ്പന്തിയില്‍നില്‍ക്കുന്നു, ഏതെല്ലാം വിജ്ഞാനശാഖകളില്‍ ഇന്ത്യ പണ്ട് അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നൊക്കെ കാണിച്ച്. മഹാന്മാരായ പലരും നമ്മുടെ സംസ്കാരത്തെപ്പറ്റി പ്രശംസിച്ചു പറഞ്ഞിട്ടുള്ളതിനുദാഹരണങ്ങളായി താഴെ കാണുന്നവ ചേര്‍ക്കുകയും ചെയ്തിരുന്നു.   

Albert Einstein: "We owe a lot to the Indians, who taught us how to count, without which no worthwhile scientific discovery could have been made."


Mark Twain: "India is the cradle of the human race, the birthplace of human speech, the mother of history, the grandmother of legend and the great grand mother of tradition."

 
Romain Rolland: "If there is one place on the face of the earth where all dreams of living men have found a home from the very earliest days when man began the dream of existence, it is India."


Hu Shih (former Chinese ambassador to USA ): "India conquered and dominated China culturally for 20 centuries without ever having to send a single soldier across her border."



ഇതൊക്കെയറിയാമെങ്കിലും അറിയില്ലെങ്കിലും, ഇന്നത്തെ ഇന്ത്യയെ നോക്കിക്കാണുന്ന ശരാശരി ഇന്ത്യാക്കാര്‍ക്ക് തോന്നുന്നതെന്ത് എന്നതിനെപ്പറ്റി മെയിലില്‍ ഒന്നും പറഞ്ഞിട്ടില്ല!
ഇങ്ങോട്ട് സൂത്രത്തില്‍ കയറിവന്ന് നമ്മുടെ ആതിഥേയത്വം സ്വീകരിച്ചശേഷം നമ്മെ ചതിച്ചും ആക്രമിച്ചും കൊള്ളയടിച്ചും കീഴ്പ്പെടുത്തിയവരെ ഈ രാജ്യത്തുനിന്ന് തുരത്തുന്നതിനു ഒരു വര്‍ഷംമുമ്പ്, ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ The Discovery of Indiaയുടെ ഏതാണ്ട്‌ അവസാനഭാഗത്ത്‌ അദ്ദേഹം കുറിച്ചത്, 65 നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും വാക്കിനു വാക്ക് ശരിയാണെന്നത് മതി, ഏത്‌ ഇന്ത്യാക്കാരനെക്കൊണ്ടും ഇങ്ങനെ പറയിപ്പിക്കാന്‍‍: "ഞാന്‍ സ്വാതന്ത്ര്യത്തെ വെറുക്കുന്നു!"


നെഹ്‌റു എഴുതി: "സര്‍വ്വഗ്രാഹിയായ ജീവിതത്തിനുതകുന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം നമ്മളന്യോന്യം കൊന്നൊടുക്കുന്നു.നമ്മുടെ ശക്തികള്‍ കൃത്രിമോത്പന്നങ്ങളും കൃത്രിമ വിനോദങ്ങളും ഉണ്ടാക്കുന്നതിനുവേണ്ടി വ്യതിചലിപ്പിക്കപ്പെടുകയാണ്. നന്നായി വിനിയോഗിക്കേണ്ട സമയത്തെ നാം നഷ്ടപ്പെടുത്തുന്നു. മെഴുകുതിരിയുടെ രണ്ടറ്റവും കനക്കെ കത്തിച്ചുകളയുന്നതുപോലെയാണ് നാം നമ്മുടെ വ്യക്തിഗതമായ ജീവിതങ്ങളെക്കൊണ്ട് കളിക്കുന്നത്. ഭൂമിയുടെ സമ്പത്തുകളെ വമ്പിച്ചതോതില്‍ നാം അതിവേഗം അപഹരിച്ചുകളയുന്നു. പകരമങ്ങോട്ടൊന്നും കൊടുക്കുന്നുമില്ല."

ഇതെഴുതപ്പെട്ട കാലത്തെന്നതിനേക്കാള്‍, ഇപ്പറഞ്ഞ ഓരോ കാര്യവും, ഇന്ന്, പതിന്മടങ്ങല്ല, നൂറുമടങ്ങ്‌ വസ്തുനിഷ്ഠമല്ലേ? ഇന്ത്യക്കാര്‍ക്ക് അടിമത്തംതന്നെയോ മെച്ചം?

വിശുദ്ധപട്ടം ഭൂമിയില്‍ കൊടുക്കപ്പെടും

ഇന്ന് 12 ഓഗസ്റ്റ് 2010 ആണ്. നാളെമുതല്‍ വിശുദ്ധിയുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളുമുപയോഗിച്ച് ദീപികപോലുള്ള പത്രങ്ങളില്‍ വെണ്ടക്കാശീര്‍ഷകങ്ങള്‍ പ്രത്യക്ഷപ്പെടും. ഭരണങ്ങാനത്ത് തോരാമഴയത്ത് സിസ്റ്റര്‍ അല്ഫോന്‍സയുടെ പേരില്‍ നടന്ന ജന്മശതാബ്ദി-മാമാങ്കത്തെപ്പറ്റി. നാളത്തെ മഴപോലും ദൈവാനുഗ്രഹത്തിന്റെ പ്രതീകമായി പ്രകീര്‍ത്തിക്കപ്പെടും. മലയാളികളുള്ളിടത്തെല്ലാം ഇനി കുറേ നാളേയ്ക്കു അല്‍ഫോന്‍സാമ്മ മാത്രമായിരിക്കും വിഷയം. തട്ടുകടയും പെട്ടിയോട്ടോയും തൊട്ട്‌ ഇന്റര്‍നെറ്റ്‌കഫെവരെ ഇന്ന് നാമകരണം ചെയ്യപ്പെടുന്നത് ഈ പേരിലാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ പാട്ടീലിനും പുതിയതൊന്നും വായില്‍ വന്നില്ല. 'സഹനത്തിലൂടെ വിശുദ്ധിയിലെത്തിയ സ്ത്രീരത്നം' ഇന്ത്യാക്കാര്‍ക്കെല്ലാം മാതൃകയാവട്ടെ പോലും! സഭയിലെ സകല ഉന്നതരും പറഞ്ഞുപറഞ്ഞു നാവുകുഴഞ്ഞ വാക്യമാണിത്. എന്തെങ്കിലും ചിന്തിച്ചിട്ടാണോ ഇവരൊക്കെയിങ്ങനെ ആവര്‍ത്തിക്കുന്നത്?
 

തീര്‍ച്ചയായും വിശുദ്ധരുണ്ട്, സ്വര്‍ഗ്ഗത്തിലും ഭൂമിയിലും. എന്നാല്‍ വിശുദ്ധപദവി എന്നൊന്നുള്ളതാണോ? ഒരു പദവിയെന്നതിനേക്കാള്‍, ചിലരുടെ ജീവിതശൈലിയല്ലേ അവരെ സാധാരണക്കാരില്‍ നിന്നുയര്‍ത്തുന്നത്? അങ്ങനെയൊന്ന് മറ്റു മനുഷ്യരറിയേണ്ടതാണെങ്കില്‍ എന്തുകൊണ്ടാണ് ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഒന്നും സംഭവിക്കാതെ, മരിച്ചുകഴിഞ്ഞ് ഈ ബഹളം മുഴുവന്‍? കോടിക്കണക്കിനു കാശ് മുടക്കി വര്‍ഷങ്ങളോളം റോമായിലുള്ളവരുടെ കാലുപിടിച്ചുവേണോ ഒരു പുണ്യവ്യക്തിക്ക് അംഗീകാരം നേടിയെടുക്കാന്‍? അത്തരമംഗീകാരം ആരുടെ ഗുണത്തിനും നന്മക്കും വേണ്ടിയാണ്?

കാര്യം മറ്റൊന്നുമല്ല. ഇത് ദൈവത്തിന്റെ വകുപ്പില്‍പെടുന്നതല്ല. മറിച്ച്, ഇവിടെ താഴെയുള്ള ദൈവങ്ങളുടെ പിടിപാടിലൂടെയാണ് ഒരാള്‍ സാവധാനം ദൈവദാസനും/ദാസിയും വാഴ്ത്തപ്പെട്ടവനും/വളും, ഒടുവില്‍, കൂട്ടില്‍വച്ചു തിരികത്തിക്കാനും പുകയടിപ്പിക്കാനും തക്കവിധം പാകമായ 'വിശുദ്ധനോ' 'വിശുദ്ധയോ' ആയിത്തീരുന്നത്! അതിന്മുമ്പ് അയാളെക്കൊണ്ട് നിസ്സാരമായതുതൊട്ട്‌ അല്പം പണിയുള്ള അത്ഭുതങ്ങള്‍ വരെ ചെയ്യിച്ചെടുക്കണം. അതിന് പത്രക്കാരുടെ നിര്‍ലോഭസഹായം കിട്ടണം. പതുക്കെപ്പതുക്കെ സ്വര്‍ഗ്ഗവാസികളുടെയിടയിലും ആള്‍ സംസാരവിഷയമാകും. അമ്പടീ, ഇവളിതിനകം നമ്മളറിയാതെ ഭൂമിയിലെന്തൊക്കെ ഒപ്പിച്ചെടുത്തു! മാതാവും, ഇശോമിശിഹാപോലും, ഒരു തകര്‍പ്പന്‍ സല്ക്കാരത്തിനുള്ള ഏര്‍പ്പാടാക്കുന്നു. കാര്യങ്ങള്‍ പിടിവിട്ടു പോയില്ലേ. നീ ഭൂമിയില്‍ കെട്ടുന്നതും അഴിക്കുന്നതും സ്വര്‍ഗ്ഗത്തിലും എന്ന് ഓര്‍ക്കാപ്പുറത്ത് ഒന്ന് പറഞ്ഞുംപോയില്ലേ!
 
വെറും തഴപ്പായില്‍ കിടന്ന്, ആവശ്യത്തിനു മരുന്നോ ഭക്ഷണമോ കിട്ടാതെ മരിച്ച ഈ കന്യാസ്ത്രീ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്നും മനുഷ്യരുടെ ചിലതരം രോഗങ്ങള്‍ സുഖപ്പെടുത്തുക അവരുടെ പെയ്റ്റെന്റില്‍പെടുമെന്നും പത്രോസിന്റെ പിന്ഗാമി തിരുവായ് മൊഴിയുന്നത്‌ നേരിട്ട് കേള്‍ക്കാനും കാണാനുമായി എത്ര ലക്ഷങ്ങളാണ് റോമായിലേയ്ക്ക് കുതിച്ചത്! കേരളത്തിലെ ദരിദ്രനാരായണന്മാരുടെ വിയര്‍പ്പിന്റെ ഫലമുപയോഗിച്ച് എത്ര അച്ചന്മാരും കന്യാസ്ത്രീകളുമാണ് വിദേശയാത്ര നടത്തിയത്! ഭരണങ്ങാനവും കേരളസഭയും കോടികളുടെ ഭൂട്ടാന്‍ലോട്ടറിയടിച്ചവരായി. അത്ഭുതങ്ങളുടെ വിലയായി ഇനി നേര്ച്ചപ്പെട്ടികള്‍ നിറഞ്ഞുകുമിഞ്ഞുകൊണ്ടിരിക്കും. പത്രക്കാര്‍ക്ക് കിട്ടുന്ന കാശിന്റെ തോതനുസരിച്ച്, പുണ്യവതി അനുഗ്രഹങ്ങളുടെ എണ്ണവും മുഴുപ്പും കൂട്ടും.

പമ്പരം കറങ്ങുമ്പോള്‍ അതിനറിയില്ലല്ലോ, കറങ്ങുകയാണെന്ന്‌. അതായിരിക്കാം വിഡ്ഢിയോടുചേര്‍ത്ത് പമ്പരമെന്ന വസ്തുവിനെ തരംതാഴ്ത്തിയത്. പമ്പരവിഡ്ഢികള്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ലല്ലോ. എന്നാല്‍ അന്ന്, ആര്‍ക്കും വേണ്ടാതെകിടന്ന് വേദനനിറഞ്ഞ ജീവിതം നയിച്ച അല്‍ഫോന്‍സാമ്മയെങ്കിലും ഇന്നത്തെ ഈ കോലാഹലങ്ങള്‍ അറിയുന്നുണ്ടോ, ആവോ! അവരുടെ ഇപ്പോഴത്തെ അവസ്ഥയിലെത്താന്‍ എത്ര പെണ്‍കൊച്ചുങ്ങളെ മദര്‍സുപീര്യര്‍മാര്‍ ഉപദേശിക്കുന്നുണ്ടാവാം. അല്‍ഫോന്‍സാമ്മയെപ്പോലെ പുണ്യവതിയാവണ്ടേ? ഒരനീതിക്കും മറുത്തൊന്നും മിണ്ടരുത്. എല്ലാം വായടച്ചുപിടിച്ച്‌ സഹിച്ചോണം. അതാണ്‌ വിശുദ്ധി. വിശുദ്ധയായാല്‍ പിന്നത്തെ പൂരമറിയാമല്ലോ? ഒരു കണക്കിന്, അല്‍ഫോന്‍സാമ്മയുടെ അന്നത്തെ സുപീര്യരിനും വിശുദ്ധപട്ടത്തിനു ഒരു ചാന്‍സ് കൊടുക്കേണ്ടതാണ്. അവരില്ലായിരുന്നെങ്കില്‍, വല്ല മരുന്നും ആവശ്യത്തിനു ഭക്ഷണവും ലഭിച്ച് അല്‍ഫോന്‍സാ സുഖം പ്രാപിക്കില്ലായിരുന്നോ? അപ്പോള്‍ പിന്നെയുള്ളത് ഒരു സാധാരണ ജീവിതവും സാധാരണ മരണവും. അതുകൊണ്ട് വിശുദ്ധയാകാനൊക്കുമോ?
 
ഇതൊക്കെ, എന്നാല്‍, പെണ്ണുങ്ങളുടെ കാര്യം മാത്രമാണോ? അല്ലെന്നും ഇതിനൊക്കെ മറ്റൊരു നല്ലവശമുണ്ടെന്നും ഫാ. ബോബി ജോസ് കട്ടിക്കാട്ട് പറഞ്ഞുതരുന്നുണ്ട്. മോസസിന്റെ പെങ്ങള്‍ ഒരു കുട്ടയില്‍ ഒഴുകിപ്പോകുന്ന കുഞ്ഞാങ്ങളയെ പിന്തുടര്‍ന്ന്, അവനെന്തുസംഭവിക്കുന്നുവെന്ന് ഒളിഞ്ഞിരുന്നു നോക്കി വേദനിച്ച കഥതൊട്ട്‌, യേശുവിന്റെ പെങ്ങന്മാരായി അവനെ സ്നേഹിച്ചു ശുശ്രൂഷിച്ച മാര്‍ത്താ-മിറിയന്മാര്‍ തൊട്ട്‌, ഫ്രാന്‍സീസിനു പോന്നുപെങ്ങളായിതീര്‍ന്ന അവന്റെ പ്രണയിനി ക്ലാരതൊട്ട്‌, കല്‍ക്കട്ടയില്‍ ഏതൊരാള്‍ക്കും പെങ്ങളായി ജീവിച്ച തെരേസവരെയുള്ള അസാധാരണ സാധാരണക്കാരുടെകൂടെ അല്‍ഫോന്‍സായെയും നിറുത്തി അദ്ദേഹം ആങ്ങളമാരെ ഉപദേശിക്കുന്നു: നിശബ്ദരായി, ആരുമറിയാതെയുമംഗീകരിക്കാതെയും, ആങ്ങളമാര്‍ക്കുവേണ്ടി സ്വയംബലിയായി, പഠനമുപേക്ഷിച്ചും കൂലിപ്പണിചെയ്തും കഴിയുന്ന പെങ്ങന്മാരെ നന്ദിയോടെ ചിലപ്പോഴെങ്കിലും ഒന്നോര്‍ക്കാന്‍. അല്‍ഫോന്‍സാമ്മയേക്കാള്‍ ഹൃദയവിശുദ്ധിയോടെ എത്രയോ സ്ത്രീകള്‍ നമ്മുടെയടുത്തുള്ള സാധാരണ കുടുംബങ്ങളില്‍പോലും ആരോരുമറിയാതെ കഴിയുന്നുണ്ടാവണം. റോമായിലെന്നല്ല, സ്വന്തം നാട്ടില്‍പോലും ആരുമൊരിക്കലും പേരുവിളിക്കില്ലാത്തയിവരെ അറിയാനും അംഗീകരിക്കാനും അവരുടെ കഷ്ടതകളിലൊരു ചെറിയ താങ്ങ് കൊടുക്കാനും ഒന്നുംചെയ്യാതെ, ഒരാളെ മാത്രം തേടിപ്പിടിച്ചു പെരുമ്പറമുഴക്കുകയാണ് കേരളസഭയിലെ വണിക്കുകള്‍.

പ്രകൃതിയെ മറന്ന ഫ്രാന്‍സീസുമാര്‍

കോട്ടയം ജില്ലയിലെ ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമത്തിലെ തലവന് ജൂണ്‍ 2, 2005 ല്‍ അയച്ച ഒരു കത്താണിത്.

"പ്രിയ സുഹൃത്തേ, 
ഒരു കൂട്ടുകാരനെ സന്ദശിക്കാനായി ഇന്നലെ ഞാന്‍ നിങ്ങളുടെ ആശ്രമത്തിലെത്തിയിരുന്നു. വിടപറഞ്ഞു തിരിച്ചുപോരുമ്പോള്‍, ഊട്ടുമുറിയുടെയടുത്തുള്ള വരാന്തയില്‍ നിന്നുകൊണ്ടുതൊടാവുന്ന വിധം രണ്ട് ചെറിയ കൂടുകളില്‍ ഓരോ അല്‍പപ്രാണികള്‍ ബന്ധനസ്ഥരായിരിക്കുന്നത് കണ്ടു. മതിഭ്രമംകൊണ്ട് ഒരഴിക്കൂടിനുള്ളില്‍ നിറുത്തില്ലാതെ വട്ടംകറങ്ങുന്ന ഒരണ്ണാനും മറ്റേതില്‍ വിഷാദമൂകയായിരിക്കുന്ന ഒരു മൈനയും എന്നിലുണ്ടാക്കിയ ദുഃഖം വിട്ടുമാറുന്നില്ല. ശ്യാമകേരളത്തിന്റെ അരണ്യപ്രാന്തങ്ങളില്‍ കാട്ടുപറവകളുടെ സല്ലാപങ്ങളാസ്വദിച്ചും ധ്യാനിച്ചും കഴിഞ്ഞിട്ടുള്ള സാധകരും, ശ്രീനഗറിന്റെയും ജലന്തറിന്റെയും മറ്റും ആര്‍ഷധന്യതകളില്‍ 'കുഞ്ഞാടുകളെ' മേയിച്ചിരുന്നവരും, ധ്യാനപ്രസംഗങ്ങളും കൌണ്‍സെലിങ്ങും നടത്താന്‍ യൂറോപ്പിലും അമേരിക്കയിലും ചുറ്റിക്കറങ്ങുന്നവരുമൊക്കെ വിശ്രമജീവിതം നയിക്കുന്ന ഈ ആവൃതിക്കുള്ളില്‍ ഇതെങ്ങനെ സംഭവ്യമായി എന്ന ചോദ്യത്തിനുത്തരം തരാന്‍ അപ്പോളവിടെ ആരുമുണ്ടായില്ല.

മണ്ണിലുറച്ചുചവുട്ടിയാല്‍ ദുര്‍ബലരായ പുഴുക്കളെ നോവിച്ചേയ്ക്കുമെന്നോര്‍ത്തു മനംനൊന്ത ഒരു വിശുദ്ധന്റെ അനുയായികള്‍ക്ക് ജാലകപ്പാളിയില്‍ തലതല്ലിയും അഴികളില്‍ നഖമുടക്കിയും രണ്ടരിപ്രാണികള്‍ ഇഞ്ചിഞ്ചായി നിത്യേന മൃതപ്പെട്ടുകൊണ്ടിരിക്കുന്നത് എങ്ങനെ കണ്ടിരിക്കാനാവുന്നു? സ്വാതന്ത്ര്യത്തിന്റെ മൂര്‍ത്തിമത്ഭാവങ്ങളായ ഒരണ്ണാര്‍ക്കണ്ണനെയും ആകാശപ്പറവയെയും വെറും രണ്ടുമൂന്നു ചതുരശ്രച്ചാണുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ നിങ്ങള്‍ താപസന്മാര്‍ക്ക് മനസ്സുവന്നതെങ്ങനെ? തങ്ങളുടെ ജന്മാവകാശമായ ആകാശം അവര്‍ക്ക് തിരിയെക്കൊടുക്കാന്‍ കേണുകൊണ്ടിരിക്കുന്ന ഈ മിണ്ടാപ്രാണികളുടെ രോദനങ്ങള്‍ ഒരു കഷായവസ്ത്രധാരിപോലും ശ്രദ്ധിക്കുന്നില്ലെന്നോ!

എകാകിതയുടെ ദുഃഖത്തില്‍നിന്നുള്ള രക്ഷക്കായി, എല്ലാറ്റിനും ദൈവം ഇണകളെ നല്‍കി. തൊട്ടുതാഴെ പൂന്തോപ്പില്‍ കൂട്ടുകൂടി തത്തിക്കളിച്ച് ഇരതേടുന്ന സ്വന്തം കൂട്ടരെ കാണുമ്പോള്‍ ഈ ബന്ധിതരുടെ ചങ്ക് വേദനയില്‍ തകരുന്നത്, സ്വന്തയിഷ്ടത്തിന്  ഒറ്റത്തടിയായി കഴിയുന്ന നിങ്ങള്‍ക്ക് കേള്‍ക്കാനാവില്ലായിരിക്കാം. ഇണയെ തൊട്ടുരുമ്മിയും കൂടെരമിച്ചും ഓടിപ്പറക്കേണ്ട ഈ പാവങ്ങളെ ഏകാന്തത്തുറുങ്കിലടക്കാന്‍ നിങ്ങള്‍ക്കധികാരം തന്നതാര്? പ്രകൃതി നിങ്ങള്‍ക്കൊരിക്കലും ഗുരുവായിരുന്നിട്ടില്ലെന്നോ? എങ്ങനെയാണ് നിങ്ങളുടെ മനസ്സുകള്‍ ഹിംസയുടെ ഹിമശൈലങ്ങളായിത്തീര്‍ന്നത്? ക്രിസ്തീയതയുടെ കാമ്പെന്തെന്നു തുടരെ പ്രസംഗിക്കുന്ന നിങ്ങളില്‍ ജനം പ്രതീക്ഷിക്കുന്നത് കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കതയും യോഗിയുടെ ജ്ഞാനവുമാണെന്ന് നിങ്ങള്‍ക്കറിയില്ലെന്നാണോ?

ഇരുട്ടിലായിപ്പോയ സസ്യത്തിന് ഒറ്റയാഗ്രഹമേ കാണൂ: അതിന്റെ കൈകള്‍ പ്രകാശത്തിലേയ്ക്കും കാലുകള്‍ ഭൂമിയുടെ നനവിലേയ്ക്കും നീട്ടാനാവുക. അഴികള്‍ക്കുള്ളിലെയണ്ണാനും കിളിക്കും പ്രകൃതിയുടെ വിശാലത മാത്രമാണ് സ്വപ്നം. അതു മറന്ന്, ഇവരെ അഴികളുടെയേകാന്തതക്കുള്ളില്‍ പൂട്ടിയിട്ടവരെ ഒരൊറ്റ ദിവസം ഒരു തൂണില്‍ കെട്ടിയിട്ടു നോക്കൂ. പ്രകൃതിയുടെ ആര്ദ്രതയെ വഞ്ചിക്കാതിരിക്കാന്‍, ജൈവതേജസിനെ ബഹുമാനിക്കാന്‍, അവര്‍ പഠിച്ചേയ്ക്കും!"

ഈ കത്തിന് ഒരു പ്രതികരണവുമുണ്ടായില്ല. അതുകൊണ്ട്, വീണ്ടും ഞാനൊരു ശ്രമം നടത്തി. ആശ്രമവാസികള്‍ക്കു വായിക്കാന്‍ താഴെ കാണുന്ന കഥയെഴുതി അയയച്ചുകൊടുത്തു.

മൈനാമോള്‍
പണ്ടുപണ്ടൊരു ആശ്രമമുണ്ടായിരുന്നു. ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും സൌമ്യനായ പ്രകൃതിസ്നേഹിയായിരുന്ന അസ്സീസിയിലെ ഫ്രാന്‍സീസിന്റെ അനുയായികളാണ് അവിടത്തെ അന്തേവാസികള്‍. അവരിലൊരാളൊരിക്കല്‍ ഒരു മൈനയെ കൂട്ടിലാക്കി വളര്‍ത്തി. മൈനാമോള്‍ എന്നവളെ ഓമനിച്ചുവിളിച്ചുപോന്നു. നന്യാസികള്‍ ദിവസവും സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥന ചെല്ലുന്നത് കേട്ടുകേട്ട് മൈനാമോളും അതു മന:പാഠമാക്കി. പക്ഷേ, ഒരു സവിശേഷതയുണ്ടായിരുന്നു. അവള്‍ അതാവര്‍ത്തിക്കുമ്പോള്‍, അന്നന്ന് വേണ്ടുന്നയാഹാരം എന്നതിന് പകരം, അന്നന്ന് വേണ്ടുന്നയാകാശം ഞങ്ങള്‍ക്ക് തരേണമേ  എന്നാണവള്‍ പറഞ്ഞുശീലിച്ചത്. അതു തിരുത്തിക്കൊടുക്കാന്‍ സന്യാസികള്‍ ആവതു ശ്രമിച്ചിട്ടും നടന്നില്ല.

അങ്ങനെയിരിക്കേ, ഒരിക്കല്‍ ശുദ്ധമനസ്ക്കനായ ബ്രദര്‍ സൂര്യപ്രിയന്‍ മൈനാമോളുടെ ഈ ആവര്‍ത്തനം കേട്ടപ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന് ഒരു വെളിപാടുണ്ടായി. ഞാനെന്താണീ കേള്‍ക്കുന്നത്? ഈ പറവ യഥാര്‍ത്ഥത്തില്‍ പ്രാര്‍ഥിക്കുകയാണല്ലോ. ആഹാരത്തെക്കാള്‍പോലും ഏത്‌ പറവക്കും ഇഷ്ടമായ ആകാശത്തിനുവേണ്ടിയല്ലേ അവള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്! ആകാശമെന്നാല്‍, സ്വതന്ത്രമായി വിഹരിക്കാനുള്ളയിടം എന്നാണല്ലോ. അതല്ലേ ഞങ്ങള്‍ അവള്‍ക്കു നഷ്ടപ്പെടുത്തിയത്! കഷ്ടം, ഇതിലും വലിയ ക്രൂരത ഒരു കിളിയോട് ചെയ്യാനില്ല. വിശുദ്ധ ഫ്രാന്‍സിസ് ഇതൊരിക്കലും അനുവദിക്കുമായിരുന്നില്ല.

സൂര്യപ്രിയന്‍ പിന്നെയൊന്നുമാലോചിച്ചില്ല, ചെന്ന് മൈനാമോളെ തുറന്നുവിട്ടു. ഒറ്റ കുതിപ്പിന്, അവള്‍ ആകാശത്തേയ്ക്ക് പറന്നുപോയി.

സ്വാതന്ത്ര്യത്തിലേയ്ക്കുള്ള തുറവ്

അല്പമാത്മകഥാംശം ക്ഷമിക്കുക. 1970 ല്‍ ആണ്, ഇംഗ്ലണ്ടില്‍ നിന്ന് ബോംബെക്ക് പറക്കവേ, ഒരു സെക്കന്റ്‌ഹാന്‍ഡ്‌ ക്യാമെറയുപയോഗിച്ച് മുകളില്‍നിന്ന് വെള്ളിമേഘക്കൂട്ടങ്ങളുടെ കുറേ പടങ്ങളെടുത്തു. വീട്ടിലുള്ളവരെ കാണിച്ച് അദ്ഭുതപ്പെടുത്തണം. പ്രിന്റെടുക്കാന്‍ ഫിലിം സ്റ്റുഡിയോവില്‍ കൊണ്ടുപോയികൊടുത്തിട്ട്, വലിയ പ്രതീക്ഷയോടെ പടങ്ങള്‍ വാങ്ങാന്‍ ചെന്നപ്പോള്‍ ഉണ്ടായത് ഒരു ഞെട്ടലാണ് - ഫില്മില്‍ ഒന്നും പതിഞ്ഞിരുന്നില്ലത്രേ. ക്യാമെറായ്ക്കുള്ളില്‍ അത് കറങ്ങിയതേയില്ല! അന്നു തുടങ്ങിയതാണ്‌ ഫോട്ടോഗ്രഫിയിലുള്ള വാശിയേറിയ താല്പര്യം. നന്നായി പടമെടുക്കാന്‍ മാത്രമല്ല, ഡാര്‍ക്ക്‌റൂമിലെ പണികളെല്ലാം പഠിച്ചെടുത്തു. സൗകര്യമൊത്തുവന്നപ്പോള്‍ ഒന്നാന്തരം ക്യാമെറകള്‍ വാങ്ങി. ഒത്തിരി പണം ഈ ഹോബിക്കായി ചെലവാക്കി. എന്നാല്‍, ഏതാണ്ട് പതിനഞ്ചുകൊല്ലം മുമ്പ്, ഈ ഹരത്തില്‍നിന്ന് ഞാന്‍ സ്വയം മോചിതനായി. ഫോട്ടോകള്‍ മാത്രമല്ല, കൈവശമുണ്ടായിരുന്ന കലാമൂല്യമുള്ള പടങ്ങളുടെ ഒരു വലിയ ശേഖരവും ഞാനുപേക്ഷിച്ചു. ഒക്കെ ചവറ്റുകുട്ടയില്‍. എന്തിനായി ഇവയെല്ലാം ഞാന്‍ സൂക്ഷിക്കണമെന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരമെനിക്കില്ലായിരുന്നു. എന്തുകൊണ്ട് ഞാന്‍തന്നെ, അല്ലെങ്കില്‍ മറ്റാരെങ്കിലും, ഇങ്ങനെ നേരത്തേയൊന്നു ചോദിച്ചില്ല എന്നത് മാത്രമായിരുന്നു ബാക്കിയായ എന്റെ സങ്കടം.

ഞാനുപയോഗിക്കുന്ന, അല്ലെങ്കില്‍ ഉപയോഗിക്കാനാഗ്രഹിക്കുന്നയെന്തിന്റെയും നേരേ ഈ ചോദ്യമെറിയുക അതോടെ ഞാനൊരു തഴക്കമാക്കി. ഉത്തരം തൃപ്തികരമല്ലെങ്കില്‍, ആ വസ്തു എനിക്കുതകുന്നതല്ല, എന്റെ മനസ്സിലെയും വീട്ടിലെയും ഇടത്തെ ദുഷിപ്പിക്കാനെ അതിടയാക്കൂ എന്നു ഞാന്‍ വിശ്വസിച്ചു. ഒരു വലിയ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള തുറവ് ഞാന്‍ കണ്ടെത്തുകയായിരുന്നു‍.

കാണാന്‍ യോഗ്യതയുള്ളതെന്നു കരുതാവുന്ന എന്തെങ്കിലുമായി നേര്‍ക്കുനേര്‍വരുമ്പോള്‍ കൈയില്‍ ഒരു ക്യാമെറയില്ലാതിരിക്കുന്നത് സത്യമായും ഒരു വലിയ നേട്ടമാണ്. അപ്പോള്‍ നമ്മുടെ ശ്രദ്ധ കാഴ്ചയിലാണ്; അതിന്റെ പടമെടുത്തു സൂക്ഷിക്കുന്നതിലല്ല. ക്യാമെറ കൈയിലുള്ളപ്പോള്‍, കാഴ്ച നാം ആ ഉപകരണത്തിനുവിടുന്നു. പടമെടുത്താല്‍, അത് സ്ഥിരമായി കൈവശമുണ്ടാകുമല്ലോ, എപ്പോള്‍ വേണമെങ്കിലും കാണാമല്ലോ എന്ന വിചാരം വാസ്തവത്തില്‍ വ്യര്‍ഥയുക്തിയാണ്. നമുക്കഭിമുഖമായി നിന്നിരുന്നതെന്തോ, അതിന്റെ വിലയും പ്രാധാന്യവും ആ നിമിഷത്തിലെപ്പോലെ പിന്നീടുണ്ടാവില്ല. അതു കാണാനുള്ളയവസരം പണ്ടേ പൊയ്പ്പോയി; ഒരു പക്ഷേ, അതു നമുക്ക് നിത്യമായി നഷ്ടപ്പെട്ടുകഴിഞ്ഞു. ഒരു വസ്തുവിനോടുണ്ടാകേണ്ട പാരസ്പര്യം അതിന്റെ പടത്തിന്റെ, വെറുമൊരു സാദൃശ്യത്തിന്റെ, സാന്നിദ്ധ്യത്തില്‍ ഒരിക്കലും സംഭവിക്കുകയില്ല. ഇതാര്‍ക്കും പരീക്ഷിച്ചുനോക്കാം. സുന്ദരമായ ഒരു പൂവിനുമുമ്പില്‍ വെറുംകൈയോടെയും, അതിന് ശേഷം അതിന്റെ പടമെടുക്കാനായി ഒരു ക്യാമെറയുമായും ചെന്ന് നില്‍ക്കുക. എന്ത് സംഭവിക്കുന്നുവെന്ന് സ്വയം നിരീക്ഷിക്കുക.

ഉപഭോഗത്തിന്റെ കയറിപ്പിടുത്തമാണ് ഇന്നെവിടെയും. വീടിനകത്തും പുറത്തും പാഴ്വസ്തുക്കള്‍ കുന്നുകൂടുന്നു. വെറും ഇടംകൊല്ലികളല്ലവ. മനസ്സിനുള്ളിലെ ഇടവും അവ നശിപ്പിക്കുന്നു എന്നതാണ് ഏറ്റവും പരിതാപകരം. വേണ്ടാത്തതു വേണ്ടെന്നുവയ്ക്കാനുള്ള കഴിവാണ് പക്വതയുടെ പ്രഥമ ലക്ഷണങ്ങളിലൊന്ന്.   12.05.2008