സൗഗന്ധികം

മുറ്റത്തും കാട്ടിലും മുറ്റിത്തഴച്ചുനി-
ന്നറ്റം വരെ പൂത്ത കുറ്റിച്ചെടികളും 
മോടിയായ് പച്ചപ്പിൽ മൂടിയ കായ്കളെ 
ചൂടിൽ പഴുപ്പിച്ച വൃക്ഷങ്ങളും
ചാഞ്ഞു പതിക്കുന്ന സൂര്യകടാക്ഷത്തിൻ 
മാഞ്ഞുപോകും വേനൽ കണ്ടു ഞെട്ടി
ശരത്ക്കാല മാരുതൻ വാതുക്കൽ വന്നെത്തി 
പരതി നടന്നെന്തോ ചൊല്ലിയോടാൻ 
ഇനിയേതു നേരത്തുമെത്തീടും ശീതത്തെ 
മുനിവരനെപ്പോലെയെതിരേല്ക്കുവാൻ
പ്രകൃതിയൊരുങ്ങുന്നു, ബഹളമൊതുക്കുന്നു 
വികൃതിപ്പറവകൾ ശാന്തരായി
ദൃശ്യങ്ങളിങ്ങനെയോരോന്നായ് മാറവേ 
കൃശാംഗിയവളതാ നിസ്സംഗയായ് 
തൊട്ടടുത്തെന്നുടെ ഭൂമുഖവാതുക്ക-
ലഷ്ടശിഖരിയാം സൗഗന്ധികം
ചിട്ടയോടെ തന്റെയോമലാംഗങ്ങളെ-
യൊട്ടു വിതറി, - തേ പുഷ്പാഗമം! *
രണ്ടുവരിയിലായ്ട്ടെട്ടെട്ടു പത്രങ്ങൾ 
തണ്ടിലോരോന്നിലും ഭംഗിയോടെ 
അറ്റത്തു സുശിഖപോലോരോ മൊട്ടുമായ്‌ 
സെപ്തംബറൊട്ടങ്ങു തീരും മുമ്പേ 
മാത്രമോ മണ്ണിനെ വെട്ടിത്തുറന്നിടാൻ
തത്രപ്പെടും മൂന്നു മുകുളങ്ങളും
എത്ര രമണീയമെത്രയാഹ്ളാദമീ 
ചിത്ര യൌവനത്തിന്നാരബ്ധങ്ങൾ!

* നാട്ടിൽനിന്നു കൊണ്ടുവന്നു നട്ട കല്യാണസൗഗന്ധികം ഇവിടെ സ്വിറ്റ്സർന്റിൽ, മുറിക്കുള്ളിലെ ചൂടേറ്റ് തഴച്ചുവളർന്ന്, ഇതാ പുഷ്പിണിയായി നില്ക്കുന്നു. നാട്ടിലും ഈ സമയത്തുതന്നെയാണ് ഈ ചെടി പൂക്കുന്നത്.  
Tel. 9961544169 / 04822271922

0 comments: