ശാന്തം, സ്വസ്ഥം

5. 8. 2007 
ശാന്തം, സ്വസ്ഥം 
സുര മന്ദിര തരു മൂല നിവാസ:
ശയ്യാ ഭൂതല മജിനം വാസ:
സർവ പരിഗ്രഹ ഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:   (ശ്രീശങ്കർ)
ദേവാലയ(മായ ഈ പ്രപഞ്ച)ത്തിന്റെ മുറ്റത്ത് മരച്ചുവട്ടിൽ താമസം; മണ്ണിൽ കിടപ്പ്; മരത്തോലുടുപ്പ്; ഒന്നുമെടുക്കുകയും സ്വന്തമാക്കുകയും വേണ്ടെന്ന മനോനില. ഈ വക വിരാഗം (വൈരാഗിയുടെയവസ്ഥ) ആർക്കാണ് സുഖം നൽകാത്തത്?
അക്ഷരാർത്ഥമത്രയേ ഉള്ളൂവെങ്കിലും, ഈ ചായ്‌വ് ആത്മശീലമായാൽ അതെല്ലാറ്റിലും പ്രത്യക്ഷമാകും. ജീവിതസ്വസ്ഥതയിലേയ്ക്ക് ഇതിലും പിഴക്കാത്ത പാതയില്ല.
അല്പം വല്ലതും വായിച്ചിട്ടുറങ്ങാമെന്നു വിചാരിച്ചെങ്കിലും ലൈറ്റണച്ച് നിലത്തുവിരിച്ച തുണിയിൽ വെറുതേ കിടന്നതേയുള്ളൂ. സർവതും ശരീരത്തിനാവശ്യമുള്ളത്ര മാത്രം പ്രതലത്തിൽ ചുരുക്കി, നിർവികാരനായി, സംതൃപ്തനായി, കിടന്നത് എത്രനേരമെന്ന് അറിഞ്ഞില്ല.

ഭൂമിയുടെ വാത്സല്യസംരക്ഷണവും വിഹായസിന്റെ നാനാദിക്കുകളിൽ നിന്നെത്തുന്ന ഊര്ജ്ജപ്രസരങ്ങളാൽ വിലയം  ചെയ്യപ്പെട്ടും അങ്ങനെ കഴിയുക മനസ്സിന്റെ കെട്ടഴിക്കും. ആരോടുമൊന്നിനോടുമെതിർപ്പോ, പകയോ, കടപ്പാടോ തോന്നില്ല. വെറും അഞ്ചരയടിയോളം മണ്ണിലൊതുങ്ങുന്ന ഏതോ കല്പിത സംതൃപ്തിയല്ലത്. എഴുന്നേറ്റിരുന്ന് അത് കുറിച്ചിടണമെന്നു തോന്നി.
ആയുർവേദത്തിൽ രണ്ടു സമീപനങ്ങളുള്ളതിൽ ആദ്യത്തേത് സ്വസ്ഥവൃത്തമാണെന്ന് വായിച്ചിട്ടുണ്ട്. ചിത്സയല്ലത്. മറിച്ച്, ഒരു ജീവിതചര്യയുടെ പരിശീലനമാണ്. ആത്മശരീരങ്ങളെയും മനസ്സിനെയും പ്രസന്നഭാവത്തിലെത്തിക്കുന്ന ഒരു രീതി. അത് കൊണ്ടെത്തിക്കുന്ന അവസ്ഥ പ്രകൃത്യാതന്നെ എനിക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇവിടെ അഹംഭാവത്തിനിടം വേണ്ടാ. കാരണം, അളക്കാനാവാത്തതിന്റെയും ഉത്തരമില്ലാത്തതിന്റെയും നടുവിലേയ്ക്കാണ് നമ്മെ എറിഞ്ഞിരിക്കുന്നത് എന്ന തോന്നലാണത്. ആ തോന്നൽ നിസ്സഹായതയുടേതല്ല,മറിച്ച്, സുരക്ഷിതത്വത്തിന്റേതാണ്. പ്രപഞ്ചവിസ്തൃതി, ജീവവൈവിദ്ധ്യങ്ങളുടെ ഉത്ഭവം, എന്റെ ബോധം, അപ്രതിഹതമായ സ്നേഹത്തിന്റെ ഉറവപൊട്ടൽ, ഏറ്റവും സുന്ദരമെന്നു കരുതിയിരിക്കുന്നതിനേയും നശിപ്പിക്കുന്ന വിധിയുടെ ലീലാവിലാസം തുടങ്ങി ഒരിക്കലുമറിയാനോ അളക്കാനോ ആവില്ലാത്ത നിഗൂഢതകളുടെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ആ ബോധമാണ് നമ്മെ മനുഷ്യരാക്കുന്നത്. അത് സുന്ദരമാണെന്നു തോന്നിത്തുടങ്ങിയാൽ എന്തെന്നില്ലാത്ത ഒരു ശാന്തതയും സ്വസ്ഥതയും കൈവരുകയായി. 

0 comments: