പുസ്തകനിരൂപണം

പാലായിൽ വിവാഹ ഒരുക്ക ധ്യാനത്തിന് ചെല്ലുന്നവർക്ക് കൊടുക്കുന്ന ഒരു പുസ്തകം കാണാനിടയായി. ദൈവത്തിൻ സ്വപ്നം കുടുംബം എന്നാണ് പേര്. ഇതൊന്ന് വായിച്ചു നോക്കാമോ എന്നൊരു സുഹൃത്ത് കുറേ നാൾ മുമ്പ് ചോദിച്ചിരുന്നു. ഈയിടെയാണ് ഒന്ന് കൈയിൽ കിട്ടിയത്. ഒന്നോടിച്ചു വായിച്ചു. അത്ര വലിയ പോരായ്മകളൊന്നും എടുത്തുപറയാനില്ലെങ്കിലും, ആഴമായ പഠനത്തിന്റെ അഭാവം മൂലം പുരോഹിത കാഴ്ചപ്പാടുകളിൽ വന്നു പിണഞ്ഞിരിക്കുന്ന ചില അപാകതകൾ കണ്ടെത്തുകതന്നെ ചെയ്തു. അവയെ അത്ര ലഘുവായി തള്ളിക്കളയാനാവില്ല താനും.  

 p . 41
"ഗർഭനിരോധനം അതിൽത്തന്നെ ഒരു തിന്മയാണ്. കാരണം, ദാമ്പത്യസ്നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും അത് തടയുന്നു."
ഈ പുസ്തകം ക്രോഡീകരിച്ചത് അച്ചന്മാരായതിനാൽ ദാമ്പത്യസ്നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്നവർ ഉദ്ദേശിക്കുന്നത് ഓരോ ബന്ധപ്പെടലിലും ഒരു കുഞ്ഞ് എന്നായിരിക്കാനാണ് സാദ്ധ്യത. ലൈംഗികതയെ പരസ്പര സ്നേഹത്തിന്റെ പങ്കുവയ്ക്കലിനുള്ള ഒരുപാധികൂടിയായിക്കൂടി കാണാൻ അവർക്കാവില്ലെന്നതാണ് ഇതിലെ പാളിച്ച. വളരെ സങ്കുചിതമായ പഠനത്തിൽ നിന്നുണ്ടാകുന്ന ഒരഭിപ്രായം മാത്രമായി ഇതിനെ വിലയിരുത്തിയാൽ മതി.
p. 67 
ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത് എന്ന കല്പനയെ വിശദീകരിക്കുന്നിടത്ത്  "നേര്ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്. നേർന്ന നേർച്ചകൾ പൂർത്തിയാക്കാതിരുന്നിട്ടുണ്ടോ?" എന്നും 
അക്കൂടെത്തന്നെ "എല്ലാറ്റിനും എപ്പോഴും നേർച്ച നേരുന്ന പ്രകൃതിക്കാരനാണോ? (പ്രഭാ. 18, 22-23; 23, 11-12; പുറ. 35, 21; നിയ. 23, 21-23) എന്നും കാണുന്നു. വിവാഹ ഒരുക്കത്തിനു ചെല്ലുന്ന യുവതീയുവാക്കൾക്ക്  മാനസ്സിക സംഘർഷമുളവാക്കാൻ പോരുന്നത്ര അവ്യക്തത ഇവിടെ കടന്നുകൂടിയിട്ടുണ്ട്. കാര്യസാദ്ധ്യത്തിനായി പുണ്യാളന്മാർക്ക് കോഴ കൊടുക്കുന്നതിനു പറയുന്ന വാക്കാണല്ലോ നേർച്ച.  അത് തെറ്റാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ഗ്രന്ഥകർത്താവിന്റെ മനസ്സാക്ഷി പറയുമ്പോൾ തന്നെ അതിനെ വളച്ചൊടിച്ച്, "നേര്ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്. നേർന്ന നേർച്ചകൾ പൂർത്തിയാക്കാതിരുന്നിട്ടുണ്ടോ?" എന്ന ചോദ്യത്തിലൂടെ പള്ളിക്കും പട്ടക്കാരനും കണക്കില്ലാത്ത വരുമാനം ഉണ്ടാക്കുന്ന ഈ ശീലം (അത് മോശമാണെങ്കിലും) വിശ്വാസികൾ ഉപേക്ഷിക്കരുത് എന്ന കൌശലവും പ്രയോഗിക്കപ്പെടുന്നു. നിഷ്ക്കളങ്കരായ ചെറുപ്പക്കാരിൽ അന്ധവിശ്വാസം കുത്തിനിറക്കുന്ന എര്പ്പാടല്ലേ ഇത്? 
p. 71 
"നന്മ ലഭിക്കാൻ അവകാശമുള്ളവർക്ക് അത് നിഷേധിച്ചിട്ടുണ്ടോ?" മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്പനക്കുള്ള ആത്മശോധനയുടെ ഭാഗമാണീ ചോദ്യം. സാമാന്യ മനസ്സാക്ഷിയുള്ള ഏതു ക്രൈസ്തവനും അവന്റെ ഏതു സഹോദരനും അവനിൽ നിന്ന് നന്മ ലഭിക്കാൻ യോഗ്യതയുള്ളവനാണ്. അപ്പോൾ പിന്നെ അത് മാതാപിതാക്കൾ മാത്രമായി കാണുന്നത് ക്രിസ്തീയ കാഴ്ചപ്പാടല്ല. സ്വന്തക്കാരെന്നും അല്ലാത്തവരെന്നുമുള്ള വേർതിരിവ് തന്നെ യേശു പാടേ നിഷേധിച്ചിട്ടുള്ളതാണ്. അതൊന്നും ഉൾക്കൊള്ളാൻ മാത്രം പക്വത നേടിയിട്ടില്ലാത്ത ആരോ ആണ് ഈ പുസ്തകം എഴുതിയത്.
p. 75 
"മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ചിട്ടുണ്ടോ?" കോഴിയെയും പോത്തിനെയും വെട്ടിയറഞ്ഞു തിന്നുന്നത് മാത്രമല്ല, ചെറുത്തുനില്ക്കാൻ കെല്പില്ലാത്ത കുഞ്ഞാടുകളെ പിരിവുകളുടെ ആധിക്യംകൊണ്ട് പിഴിഞ്ഞു ശ്വാസം മുട്ടിക്കുന്നതും മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കലാണെന്നു മനസ്സിലാക്കുമെങ്കിൽ, വിവാഹാർഥികൾ മാത്രമല്ല വൈദികരും ഉത്തരം പറയേണ്ട ഒരു ചോദ്യമാണിത്. 
p. 84
സ്നേഹവും പ്രേമവും എന്തെന്ന് വിവരിക്കാൻ തുടങ്ങുന്നിടത്ത് - റാഹേലിനുവേണ്ടി 14 വർഷം കഠിനവേല ചെയ്ത യാക്കോബിന്റെ കഥ (ഉല്പത്തി 29, 20) പറഞ്ഞിട്ട്, "അപരനുവേണ്ടി നൊമ്പരപ്പെടാനുള്ള സന്നദ്ധതയാണ് സ്നേഹം" എന്നാണ് കുറിപ്പായി ചേർത്തിരിക്കുന്നത്. അതിമനോഹരമായ ഈ കഥ വായിചിട്ടുള്ളവർക്കറിയാം അതിൽ യാക്കോബ് സ്വന്തം നേട്ടത്തിനായിട്ടാണ് തന്റെ അമ്മാവനു കീഴ്പ്പെട്ട്‌ പണിയെടുത്തതെന്ന്. സ്നേഹത്തെപ്പറ്റിയും പ്രേമത്തെപ്പറ്റിയും ഒരു ചുക്കും അറിയില്ലാത്ത കത്തനാരന്മാർ ഇത്തരം പുസ്തകങ്ങൾ എഴുതാനും ക്ലാസെടുക്കാനും ഇറങ്ങിത്തിരിക്കരുത് എന്ന് മാത്രമേ ഇവിടെ പറയാൻ പറ്റൂ. 
p. 89 
"ബുദ്ധിവൈകല്യം മാനസിക രോഗങ്ങൾ എന്നിവ കല്യാണം കഴിക്കാൻ അയോഗ്യതകളാണ് - അത്തരക്കാർ വികാരിയച്ചന്റെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കണം!" നല്ല കൂത്തായിപ്പോയി! വികാരിയച്ചൻ ഒരു clinical psychologist കൂടിയാണെങ്കിൽ ok. അല്ലെങ്കിൽ സംഭവിക്കുന്നത്‌ എന്തൊക്കെയെന്ന് ആര്ക്കും അനുമാനിക്കാവുന്നതേയുള്ളൂ. സെമിനാരിയിലെ പഠനം കഴിഞ്ഞാൽ മനുഷ്യൻറെ സകലമാന പ്രശ്നങ്ങൾക്കും തങ്ങളുടെ കൈയിൽ ഉത്തരമുണ്ട് എന്ന് വൈദികർ ധരിച്ചു വയ്ക്കുന്നതിന്റെ പോഴത്തം അനുഭവിച്ചു മടുത്ത വിശ്വാസികൾക്ക് കൂടുതലൊന്നും എഴുതാതെ തന്നെ ഇതിലെ വിഡ്ഢിത്തം മനസ്സിലാകും.
p. 90
"പള്ളിയിൽ എല്പ്പിക്കേണ്ട ഫീസുകൾ (പസ്സാരം, വാടക) വിവാഹത്തിനു മുമ്പ് തന്നെ അടയ്ക്കണം." തീർച്ചയായും, അല്ലെങ്കിൽ ഒരു കാര്യവും നടക്കില്ലല്ലോ! എന്തെല്ലാം extras അക്കൂടെ വരുമെന്നുള്ളത്‌ അനുഭവസ്തർക്കേ അറിയൂ. പിന്നെ, ഫീസെന്ന പ്രയോഗം എല്ലാ മലയാളികളുടെയും ഭാഷാവൈകല്യങ്ങളിൽ പെടുന്നു. ഫീ (fee) ആണ് വാക്ക്. പല ഫീ-കൾ സംഗതമാകുന്നിടത്തേ ഫീസ് എന്ന് ഉപയോഗിക്കേണ്ടതുള്ളൂ. ഫീസുകൾ എന്നത് ഭാഷാബോധമില്ലാത്തവന്റെ പ്രയോഗമാണ്. ബട്ടണ്‍, ഫീ എന്നീ ഏകവചന നാമങ്ങൾ ഉണ്ടെന്നത് മലയാളികൾ മറന്നുപോയിരിക്കുന്നു!
p. 93 
"പള്ളിയിലെ തിരുക്കർമങ്ങൽ അവസാനിക്കുമ്പോൾ വധൂവരന്മാർ കാർമികരോടോത്ത് ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സങ്കീർത്തി ഭാഗത്ത് വേഗം എത്തിച്ചേരണം." ഇവിടെ കാർമികർ എന്നുദ്ദേശിക്കുന്നത് സന്നിഹിതരായ വൈദികരെയാണ്. അവരൊന്നും കാർമികരല്ല, വെറും അതിഥികൾ മാത്രമാണെന്നും വധുവും വരനുമാണ് വിവാഹമെന്ന കൂദാശയിലെ കാർമികരെന്നുമുള്ള സാമാന്യജ്ഞാനം പോലും ഈ പുസ്തകം തയ്യാറാക്കിയവർക്കും അതിന് അംഗീകാരവും പ്രശംസയുമെഴുതിയ മെത്രാന്മാർക്കും മേയ്ജറിനും പോലും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല എന്നത് പരിതാപകരമാണ്. ശരിക്കുള്ള വേദപാഠം പോലും അറിയില്ലാത്തവർ ഒരുക്കിവിടുന്ന പാവം കുട്ടികൾ!
 
Tel. 9961544169 / 04822271922

0 comments: