'മ'

26. 11. 2007

നാഴികമണിയുടെ സൂചികളെ ദിവസത്തിന്റെ കാലുകളായി സങ്കല്പിച്ചാൽ, ഇന്നിൽനിന്ന് നാളെയിലേയ്ക്കുള്ള എടുത്തുചാട്ടത്തിന് ഒരുങ്ങുകയാണവ എന്ന് പറയാം. വൈകീട്ട് എഴരമണിക്ക് ആല്ലെർഹൈലിഗെൻബെർഗ് (Allerheiligenberg) എന്ന മലമ്പ്രദേശത്തുകൂടെ നടക്കാനിറങ്ങിയപ്പോൾ (900 മീറ്റർ ഉയരമുള്ള ഈ സ്വിസ് മൌണ്ടനിലാണ് 1981 മുതൽ 19 വർഷം ഞാനും കുടുംബവും താമസിച്ചിരുന്നത്.) പൂർണചന്ദ്രൻ കിഴക്കുനിന്ന് ഒളിഞ്ഞുനോക്കുകയായിരുന്നു. ഇപ്പോഴത്‌ 500 മീറ്റർ താഴെയുള്ള ഞങ്ങളുടെ വീടിന്റെ നേർമുകളിൽ എത്തിയിട്ടുണ്ട്. തെളിഞ്ഞു ശുദ്ധമായ നീലാകാശമാണിന്ന്. ഒരു A4 താളിന്റെ ഒരരികിൽ ഒരു കലാകാരൻ വരച്ചുവച്ച 'മ' പോലെ മിക്കവാറും ഒഴിഞ്ഞ മുറിയുടെ ഒരു ഭിത്തിയിൽ ചാരി ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നറിയില്ല. A4 താളിന്റെ ഉപമ പറയാൻ കാരണം എന്റെ മുറിയിൽ കട്ടിലോ മേശയോ കസേരയോ ഇല്ലെന്നതാണ്. ആറുവർഷമായി അങ്ങനെയാണ്. എനിക്ക് വായിക്കാനുള്ളവ തറയിൽ വിരിച്ചുകിടക്കുന്ന പുതപ്പിൽ കാണും. എഴുതാൻ വേണ്ടവയും ഒരോടക്കുഴലും. ഭിത്തികൾ നഗ്നം. ജോലി കഴിഞ്ഞെത്തിയാൽ കുറേ ഏറെനേരം നടന്നിട്ടുവന്ന് അത്യാവശ്യ സന്ധ്യാനിഷ്ഠകളെല്ലാം ഒതുക്കിയാൽ, എകാകിതയുടെ ഈ സ്വർഗത്തിലേയ്ക്ക് ഞാൻ കയറുകയായി. അവിടെയാണ് എന്റെ ദിനസരിക്കുറിപ്പുകൾ രൂപമെടുക്കുക. ഉറക്കം വരുമ്പോൾ, തറയ്ക്ക്‌ ചൂടുള്ളതിനാൽ, അതിൽ കൈകാലുകൾ വിരിച്ച്, ശവാനഭാവത്തിൽ കിടക്കാം, നിദ്രയിലാഴാം.

മനസ്സിൽ രൂപംകൊള്ളുന്നതെല്ലാം കഴിവതും വ്യക്തമായി പകര്ത്താൻ ഞാൻ ശ്രമിക്കുന്നു. അല്പം വായിച്ചും ഈ കടലാസിൽ ഞാനെഴുതുന്ന അക്ഷരങ്ങൾവഴി എന്റെതന്നെ ഛായ വരച്ചും മറ്റൊരാളുമായി സംവദിക്കാനാകുമെങ്കിൽ എന്നാശിച്ചും ആണ് ഈ കുത്തിയിരുപ്പും ഉറക്കമിളപ്പുമൊക്കെ. സ്വയമറിയാത്ത ഞാൻ മറ്റൊരാളെ എന്റെ മനസ്സറിയിക്കാനുള്ള ശ്രമം നടത്തുന്നു എന്നത് എത്ര കഷ്ടമാണ്! 

എന്റെ മൗനങ്ങളെയും സങ്കോചപൂർവം പുറത്തുവിടുന്ന ശബ്ദങ്ങളെയും സന്ദേഹപൂർവമുള്ള കുത്തിക്കുറിക്കലുകളെയും കൌതുകത്തോടെ ഏറ്റുവാങ്ങിയ ഒരാളെങ്കിലും ഈ അക്ഷരങ്ങളിലൂടെ പലതും ഓർത്തെടുക്കും എന്നെനിക്കറിയാം. ഒരിക്കലവൾ താത്പര്യപ്രണയത്തിൽ വായിചെടുത്തവ തരിപോലും വ്യതിയാനമില്ലാതെ ഇപ്പോഴും നിലനില്ക്കുന്നുവെന്ന ബോദ്ധ്യംവരുമ്പോൾ സംഭവിക്കുന്നതെന്താവുമോ? ഒരുക്കലും നശിപ്പിക്കാതെ, കളങ്കപ്പെടുത്താതെ, ഒരാളുടെ ആന്തരികസത്തയെ മറ്റൊരാളുടെ ബോധഫലകത്തിൽ പ്രതിഫലിപ്പിക്കാൻ തൂലികയിലൂടെ ഒഴുകുന്ന മഷി വളഞ്ഞുപുളഞ്ഞ നീർച്ചാലുകളാകുമ്പോൾ ക്ഷരമായവയിൽനിന്നും അക്ഷരമായത് സംഭവിക്കുന്നു. കൈവിരലുകളിലൂടെ ആത്മാവിന്റെ സുതാര്യതയുടെ ഒരു രഹസ്യഗ്രന്ഥമുണ്ടാകുന്നു. ആ ഗ്രന്ഥം ആരുമേ കണ്ടെന്നു വരില്ല. എന്നാൽ അതുൾക്കൊള്ളുന്ന കുഞ്ഞുരഹസ്യങ്ങളി ലൊന്നെങ്കിലും ഏറ്റുവാങ്ങാനൊരാളുണ്ടാകുമെന്നത് മാത്രമാണ് ഈ കൃത്യം തുടരാൻ എനിക്ക് പ്രേരണയാകുന്നത്.

ഒരു 'മ'പോലെ, കാലുകള പുറകോട്ടു മടക്കി ഭിത്തിയിൽ ചാരിയിരിക്കുകയാൽ, ഇതുവരെ ലംബമായി നിലകൊണ്ട എന്റെ അവയവഭാഗങ്ങളെ, 90 ഡിഗ്രി ചരിച്ചുവച്ചാലെന്നപോലെ, തിരശ്ചീനമായി നീട്ടിവച്ച്, ഞാനിനി വിശ്രമിക്കട്ടെ.

http://seekersforum.blogspot.in/2014/08/blog-post_11.html

0 comments: