കിണര്‍ പണ്ടുകാലംതൊട്ട് ഭൂമിയുടെ അകിടെന്നോണം മനുഷ്യന് ജീവജലം നല്‍കിക്കൊണ്ടിരിക്കുന്നു. നദീതടങ്ങളെ ചുറ്റിപ്പറ്റി എന്നപോലെ, കിണറുകളെ ചുറ്റിപ്പറ്റിയും തലമുറകള്‍ ജീവിച്ചിട്ടുണ്ട്. ചില കിണറുകള്‍ മരിക്കാത്ത ഓര്‍മ്മകളുള്ളതാണ്. അതിലൊന്നാണ് സിക്കാറില്‍ ഇസ്രയേല്‍ ജനത്തിന്റെ ഗോത്രപിതാവ് ജേക്കബ് തന്റെ മകന്‍ ജോസെഫിനു കൊടുത്ത വയലിലുള്ള കിണര്‍. അതിന്റെ വക്കത്തിരുന്നാണ്, യേശു യഹൂദര്‍ വെറുത്തിരുന്ന സമരിയാക്കാരില്‍ ഒരുവളോട് ആത്മീയതയുടെ രഹസ്യം വെളിപ്പെടുത്തുന്നത്. അതായത്, ദൈവത്തെ ആ മലയിലോ ഈ മലയിലോ (ആരാധനാലയങ്ങളില്‍) അല്ല, ഓരോരുത്തരുടെയും ഉള്ളിലാണ് തെരയേണ്ടത് എന്ന സത്യം. എന്നിട്ടും ലോകമാസകലം ഇന്നും മനുഷ്യര്‍ ദൈവത്തെത്തേടി പള്ളിയായ പള്ളികളെല്ലാം കയറിയിറങ്ങുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു കിണറിന്റെ കഥയാണ് ഇവിടെ കുറിക്കുന്നത്.
ഇന്ന് 12 ഫെബ്രുവരി 2009, വ്യാഴാഴ്ച. ഇന്നാണത് സംഭവിച്ചത്. മുപ്പതടിയാഴത്തില്‍, മനുഷ്യനും മരത്തിനും മൃഗത്തിനും നുണഞ്ഞിറക്കാനുള്ള ഭൂമിയുടെയകിട് അതാ ചുരത്തുന്നു! ഒരു മുലഞെട്ടില്‍നിന്നെന്നപോലെ, പല ധാരകളിലൂടെയതാ ഉറവകള്‍! ആരുമൊരിക്കലും ദാഹിക്കാതിരിക്കാന്‍, അമൃതിനേക്കാള്‍ കുളിര്‍മ്മയുള്ള നുര, ഇറ്റിറ്റുവീഴുന്ന പാല്‍ത്തുള്ളികള്‍. അത് തേടിയാണ് ഈ മൂന്നാഴ്ചകള്‍ ഞാനും മൂന്നു സഹായികളുംകൂടി മണ്ണ് മാന്തി ഇറങ്ങിച്ചെന്നത്. ഓരോ ഇഞ്ച് താഴുമ്പോഴും, അമ്മക്ക് നോവല്ലേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. തുടങ്ങുംമുമ്പേ, സ്ഥാനം കണ്ടയാള്‍ കുറ്റിയടിച്ചിടത്തു രാത്രിയില്‍ മുട്ടുകുത്തിനിന്ന്, ഭൂമിയുടെ മാറില്‍ മുത്തി ഞാന്‍ മന്ത്രിച്ചു, ക്ഷമിക്കൂ, നിന്നെ നോവിക്കാനല്ലിതൊന്നും, ദാഹം ശമിപ്പിക്കണേ. നിന്റെ മേനിയെ പിളര്‍ക്കുകയല്ലീ മകന്‍, നിന്റെ മുലകളെ തപ്പുകയാണ്. നിന്റെ ജലം ഞങ്ങള്‍ക്ക് പാലും തേനുമാകട്ടെ.
ഇന്നും പണി തുടരേണ്ടതുകൊണ്ട്, ആയുധങ്ങള്‍ ഉള്ളിലിട്ടിട്ടാണ് പണിക്കാര്‍ പോയത്. രാവിലെ നോക്കിയപ്പോള്‍ അഞ്ചടിയോളം വെള്ളം! വെള്ളത്തിന്റെ മേല്പ്പാളിയില്‍ തൊട്ടുവരെ ശുദ്ധമായ ഉറവ. ഉദാരവതിയായ വസുധക്കും പ്രണയിനിയായ സ്ത്രീയെപ്പോലെ മുകളിലും അവള്‍ക്കുള്ളിലും ആകാശവും അതിന്റെ നീലിമയും ഉണ്ടെന്ന് എത്ര വിരളമായിട്ടാണ് മനുഷ്യനറിയുന്നത്! ഭൂമിയൊരു വലിയ ഗര്ഭപാത്രമാണ്. ഒരു കിണര്‍ രൂപപ്പെടുത്തുകയെന്ന അദ്ധ്വാനമുള്ള ജോലി, വയറ്റാട്ടി ചെയ്യുമ്പോലെ, കുഞ്ഞിനെ പുറത്ത് കൊണ്ടുവരാന്‍ സഹായിക്കുകയാണ്. ഭൂമി നിത്യം ഗര്‍ഭിണിയാണ്. ഓരോ ചെടിയിലൂടെയും, മൃഗത്തിലൂടെയും മനുഷ്യരിലൂടെയും അവള്‍ അനുക്ഷണം പ്രസവിച്ചുകൊണ്ടിരിക്കുന്നു.
പണി കഴിഞ്ഞ് കുളിച്ചുവന്നിട്ട് കൈയിലെടുത്തത് ബോബി ജോസ് കട്ടിക്കാടിന്റെ 'കേളി' എന്ന പുസ്തകമാണ്. അതില്‍ ആദ്യാദ്ധ്യായം തന്നെ 'കിണര്‍' എന്ന ശീര്‍ഷകത്തില്‍. ആണ്‍മനസ്സുകള്‍ക്ക് കോപ്പയുടെ ആഴമേയുള്ളൂ പലപ്പോഴും; സ്ത്രീയുടെതോ, യാക്കോബിന്റെ സിക്കാരിലുള്ള കിണറിനേക്കാള്‍ ആഴമുള്ളതാകാമെന്ന് ഗ്രന്ഥകര്‍ത്താവ്. തമ്മിലൊരുമിച്ചു കഴിയുന്നവരുടെ ആഴങ്ങള്‍ ഒരുപോലെയാകുന്നില്ലെങ്കില്‍, ഒരാള്‍ക്ക് മറ്റാളെ മടുക്കും.
വെള്ളം കണ്ടതോടെ, ഒന്നു തേകിക്കഴുകിയിട്ട് പണിക്കാര്‍ പോയി. ഇനിയാണ് മോടിപിടിപ്പിക്കല്‍. കിണര്‍ ഭംഗിയുള്ളതാക്കിത്തീര്‍ക്കുന്ന അദ്ധ്വാനമുള്ള പണി തനിയെ ചെയ്യാമെന്ന് വച്ചു. പുരോഗമിക്കുന്തോറും ഉത്സാഹം ഏറിവരികയായിരുന്നു. കിണറ്റിലെ ജലനിരപ്പ് ദിനംതോറും ഉയരുന്നത് കാണുമ്പോള്‍, പറയാനാവാത്ത ചാരിഥാര്‍ത്ഥ്യം. വായുടെ വക്കിടിഞ്ഞു പോകാതിരിക്കാനും, മുകളിലേയ്ക്കുള്ള അരഭിത്തിയെ താങ്ങി നിറുത്താനുമായി ഏതാണ്ട് നാലടി ഉയരത്തില്‍ കരിങ്കല്ലുകൊണ്ട് ഒരരഞ്ഞാണവും അതിന് മുകളിലെ ഭിത്തിയും കെട്ടിയുണ്ടാക്കണം. ഇതിനകം, അടുത്ത് നില്‍ക്കുന്ന ജീവനുള്ള ഒരു സുന്ദരിയെപ്പോലെയായി, എനിക്ക് ഈ കിണര്‍. അവളെ അണിയിച്ചൊരുക്കുക ഒരു ഹരമായി. കല്ലും മണ്ണും കൊണ്ട് വിയര്‍ത്തുള്ള പണി എനിക്കിഷ്ടമാണ്. ശരീരത്തെ മാത്രമല്ല, മനസ്സിനെയും അത് ശുദ്ധീകരിക്കുന്നു. ഓരോ തരി മണ്ണും കല്ലും താഴേയ്ക്ക് വീഴുമ്പോള്‍, വലിയ ശബ്ദത്തില്‍ താഴെ ജലം പ്രതികരിക്കും. തനിയെനിന്ന് പണിയുമ്പോള്‍ മിണ്ടുന്നത് കല്ലിനോടും മണ്ണിനോടും വെള്ളത്തോടുമാണ്. കലാപരമായ ഒരു വലിയ സംരംഭംപോലെ അത് ഞാനാസ്വദിച്ചു. കല്ല് കീറുക, അതിന്റെ മുഖം ചെത്തുക, സിമന്റുചേര്‍ത്ത് രൂപഭംഗിയോടെ വട്ടത്തില്‍ കെട്ടിയെടുക്കുക എന്നതെല്ലാം രസകരമായ നേരമ്പോക്കാണ്.
അരഞ്ഞാണം: അരയെ അണിയിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും അരഞ്ഞാണം ആഭരണമാകുന്നത് പൌരസ്ത്യരുടെയിടയിലാണ്. ആ ഭംഗി അവര്‍ അവരുടെ കിണറിനും നല്കാനാഗ്രഹിക്കുന്നു. മനുഷ്യരെപ്പോലെ കിണറിനും അരഞ്ഞാണം എന്നതൊരു മനോഹര സങ്കല്പമാണ്. കാരണം, കിണര്‍ വെറുമൊരു കുഴിയല്ല. തലകുത്തി നില്‍ക്കുന്ന ഒരു മരമാണ് ഓരോ കിണറും എന്നൊരു സങ്കല്പവുമുണ്ട്. കിണറിനടിയിലെ ഉറവകളും അവകൊണ്ട് നിറയുന്ന ജലശേഖരവും ഈ മരത്തിന്റെ ഉച്ചിപോലെയാണ്. അതിന്റെ വേരുകളോ എന്നാല്‍ ആകാശത്തിലാണ്. അങ്ങനെയെങ്കില്‍, അരഞ്ഞാണം വേണ്ട സ്ഥാനത്തു തന്നെ എന്ന് സങ്കല്പിക്കാന്‍ വിഷമമില്ല.
മനുഷ്യന്റെ ഉള്ള് അവന്റെ ശരീരത്തിലൂടെ പ്രതിഫലിക്കുന്നുണ്ട്. നീണ്ട കാലത്തെ നിരീക്ഷണങ്ങളിലൂടെ അത് വായിച്ചെടുക്കാന്‍ പഠിച്ചവരുണ്ട്. നല്ല വൈദ്യന്മാര്‍ ഈ കഴിവുള്ളവരാണ്. ഉദാ: നഖങ്ങളിലെ വെളുത്ത കുത്തുകള്‍ ആരോഗ്യക്കുറവിന്റെ സൂചനയാണ്; കറുത്ത പുള്ളികള്‍ രക്തത്തിലെ വിഷാംശത്തിന്റെയും. അതുപോലെ, ഭൂമിയുടെ ആന്തരിക
ഘടനയും ജലശേഷിയും മരങ്ങളെ നിരീക്ഷിച്ചു മനസിലാക്കാം. വഴിയച്ചന്‍ എന്നപരനാമമുണ്ടായിരുന്ന ഫാ. തോമസ് വിരുത്തിയില്‍ ഈ വിഷയത്തില്‍ ചിലതൊക്കെ കുറിച്ചിട്ടിട്ടുണ്ട്. അവയില്‍ ചിലത് ഇങ്ങനെ: ഭൂമിക്കു തനതായ ഒരു പമ്പിംഗ് സിസ്റ്റമുണ്ട്. നിലത്തു വന്നുവീഴുന്ന വെള്ളം മലമുകളിലെത്തി ഉറവയായി വീണ്ടും താഴേയ്ക്കൊഴുകുന്നതും മരത്തിനു മുകളിലേയ്ക്ക് വെള്ളമെത്തുന്നതും ഇത് മൂലമാണ്. മറ്റ് വസ്തുക്കളിലെന്നപോലെ വള്ളത്തിന്റെ തന്മാത്രകളും നിത്യ ചലനത്തിലാണ്. ഈ ചലനത്തില്‍നിന്നാണ് റേഡിയേയ്ഷന്‍ ഉണ്ടാകുന്നത്. കല്ലിലും മണ്ണിലും ഇത് സംഭവിക്കുന്നുണ്ട്. ഈ കമ്പനോര്‍ജ്ജം വേരിലൂടെയും അന്തരീക്ഷത്തിലൂടെയും തടിയിലും ഇലകളിലുമെത്തുന്നു. Quantum principle തന്നെയാണ് ഇതിനു പിന്നിലും. ചെടിയുടെ മൂലലോമങ്ങളെ മണ്ണുമായി അതിനെ ബന്ധപ്പെടുത്തുന്ന ഫ്യൂസുകളായി കരുതാം. ഇപ്പറഞ്ഞ ഊര്‍ജ്ജപ്രസരണങ്ങള്‍ എല്ലാ ചെടിയിലും അതാതിന്റെ അടയാളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഫാ. വിരുത്തിയില്‍ പറയുന്നത്, ഭൂമി മരങ്ങളില്‍ photonic spray നടത്തുന്നുണ്ട് എന്നാണ്. തടിയില്‍ കാണുന്ന വെളുത്ത പൂപ്പലുകള്‍ അടിയിലുള്ള ജലത്തിന്റെ അളവും താഴ്ചയും തിട്ടപ്പെടുത്താന്‍ സഹായകരമാണെന്നാണ്. പത്തടി മുകളില്‍ കാണുന്ന പൂപ്പലിനര്‍ത്ഥം പ്രതലത്തില്‍ നിന്ന് പത്തടി താഴെ ശുദ്ധജലമുന്ടെന്നാണ്. അതുപോലെ, അടിയിലുള്ള പാറയുടെയും കല്ലിന്റെയും മണ്ണിന്റെയും ഘടനയും നിറങ്ങളും തടിയില്‍ കാണുന്ന ഫംഗസില്‍ നിന്ന് തിട്ടപ്പെടുത്താമത്രേ. അതുപോലെ, ഇലകളുടെ നിറവും താഴേയ്ക്കുള്ള ചായ് വുമൊക്കെ അടിയിലെ വെള്ളത്തിന്റെ തോതനുസരിച്ച് വ്യത്യസ്തമായിരിക്കും. ഒരു മരത്തിന്റെ വെള്ളം കൂടുതലുള്ള മണ്ണിന്റെ വശത്തെ ഇലകള്‍ക്ക് വിസ്താരം കൂടുതലും ഏറിയ പച്ചപ്പും കാണാം. അവ മറ്റവയെക്കാള്‍ താഴേയ്ക്ക് ചാഞ്ഞിരിക്കുകയും ചെയ്യും. നിസ്സാരമെന്നു നാം കരുതുന്ന വസ്തുക്കള്‍ തമ്മിലും ഊര്‍ജ്ജമാറ്റത്തിലൂടെ പരസ്പരം സ്വാധീനിക്കുന്നു എന്നര്‍ത്ഥം. നാമുള്‍പ്പെടെ എല്ലാം ചുറ്റുമുള്ള പ്രകമ്പനോര്‍ജ്ജത്തില്‍ കുളിച്ചാണ് നില്‍ക്കുന്നത്. വലിയ മരങ്ങള്‍ വലിയ ഊര്‍ജ്ജസംഭരണികളാണ്. മരങ്ങളോടുള്ള അടുപ്പംപോലും നമ്മിലെ ഊര്‍ജ്ത്തെ ധനാത്മകമായി നിയന്ത്രിക്കുന്നുണ്ട്.
കേരളത്തില്‍ എല്ലായിടത്തും ഉള്ളതോ എന്നറിയില്ല, ഏതായാലും ഇവിടങ്ങളില്‍ (മീനച്ചില്‍ താലൂക്) ഒരു കിണര്‍ കുഴിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഒരു മുഴുവന്‍ തേങ്ങാ പണിക്കാരോടൊപ്പം താഴേയ്ക്ക് കൊണ്ടുപോകും. ഭിത്തിയിലെ വിടവിലെവിടെയെങ്കിലും അത് സൂക്ഷിച്ചുവയ്ക്കും. ഉറവ കണ്ടാല്‍ അതാഘോഷിക്കുന്നത് പുതിയ വെള്ളത്തോടൊപ്പം ഈ തേങ്ങായുടെ പാലും ചേര്‍ത്ത് പായസം വച്ചാണ്. തെങ്ങ്, തേങ്ങാ എന്ന അദ്ഭുതങ്ങളോടും ഭൂമിയോടുമുള്ള ആദരവിനെയാണ് ഇത് കാണിക്കുന്നത്. തലകുത്തിനിന്ന് വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമായി കിണറിനെ കാണുന്ന സുന്ദരഭാവനയെപ്പറ്റി നേരത്തേ സൂചിപ്പിച്ചല്ലോ. ഓരോ കിണറ്റുവക്കത്ത്നിന്നും താഴേയ്ക്ക് നോക്കുമ്പോഴും മനസ്സ് ആകാശത്തിലേയ്ക്ക് ഉയരണം, ഭൂമിയുടെ മഹിമാവിലേയ്ക്കും. നിങ്ങള്‍ ഒരു കിണര്‍ കുഴിക്കുമ്പോള്‍, അത് നിങ്ങളിലേയ്ക്കും കുഴിഞ്ഞിറങ്ങട്ടെ.
അപ്സ്വന്തരമൃതം, അപ്സുഭേഷജം, അപാമുത പ്രശസ്തയേ. (ഋഗ്വേദം 1, 23,19.) ജലത്തിലത്രേ അമൃതത്വം, ജലത്തിലത്രേ ഔഷധം. അത്രയ്ക്കാണ് ജലത്തിന്റെ മഹത്ത്വം.
0 comments:
Post a Comment