അല്മായശബ്ദം: നിന്റെ സ്വരൂപം

അല്മായശബ്ദം: നിന്റെ സ്വരൂപം: നീ മറ്റെല്ലാവരിലുംനിന്ന് വ്യത്യസ്തനാണെന്ന് സ്വയം കരുതുന്നത് അഹത്തിന്റെ ഒരു രക്ഷാകവചം മാത്രമാണ്. നിന്റെ ദേഹീദേഹങ്ങൾ ആണ് നീ എന്ന ചിന്ത...

വിശുദ്ധരെ നാമകരണം ചെയയ്തെടുക്കുന്ന പരിപാടി


  1. വിശുദ്ധരെ നാമകരണം ചെയയ്തെടുക്കുന്ന പരിപാടിതന്നെ ദുരുദ്ദേശ്യപരമാണ്. അവരെവച്ച് കാശുണ്ടാക്കുക എന്നതിനപ്പുറത്ത് ഒരൊറ്റ കാരണം അതിനു പിന്നിലില്ല. ഒരാള്‍ വിശുദ്ധനോ വിശുദ്ധയോ എന്നത് അയാളുടെ ജീവിതവുമായി നിരന്തരം ബന്ധപ്പെട്ട ഒരു സത്യമാണ്. അയാള്‍ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും എന്നൊരു വ്യത്യാസം അതില്‍ വരാന്‍ പാടില്ല. ഭൂമിയിലുള്ളവര്‍ മരിച്ചയൊരാളെ ഒരു പദവി നല്‍കി ഉയര്‍ത്തിയിട്ട്, അയാളുടെ പടം വച്ചും രൂപമുണ്ടാക്കിയും കാട്ടിക്കൂട്ടുന്ന ബഹളമെല്ലാം സ്വര്‍ഗത്തില്‍ ഒരു നേരിയ ചലനം പോലുമുണ്ടാക്കാത്ത കൂത്തുകളാണ്. ഒരു തരിപോലും കൂടുതല്‍ സൌഭാഗ്യം അതുകൊണ്ട് ഒരു സ്വര്‍ഗ്ഗനിവാസിക്കോ ഭൂനിവാസിക്കോ ഉണ്ടാകുന്നില്ല. ഇവിടെനിന്നുയരുന്ന മുഖസ്തുതികളുടെ കൂടുതല്‍ കുറവനുസരിച്ച്‌ ഇവരിലാരെങ്കിലും ദൈവം തമ്പുരാനെ സമീപിച്ച്, കുറെപ്പേര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നേടിയെടുത്തുതരും എന്നൊക്കെ വളരെ ലളിതമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും, അത് കാര്യങ്ങളുടെ നടത്തിപ്പ് ഭൂമിയിലെപ്പോലെയാണ് സ്വര്‍ഗത്തിലും എന്ന മിഥ്യാബോധത്തില്‍ നിന്നുളവാകുന്ന വിഡ്ഢിത്തമാണ്. മനുഷ്യഭാവനക്ക് ഭൂമിയിലോ അതിനു വെളിയിലോ യാതൊരു പരിധിയും ഇല്ലാത്തിടത്തോളം, ഇങ്ങനത്ത ക്രയവിക്രയങ്ങള്‍ നടക്കുന്നു എന്നതിനുള്ള "തെളിവുകളും" (അത്ഭുതങ്ങള്‍) തുടര്ന്നുണ്ടായിക്കൊണ്ടിരിക്കും. അതൊക്കെ മനുഷ്യന് ഉണ്ടാക്കാവുന്ന സംഗതികളാണ്. അങ്ങനെയാണ് നടക്കുന്നതും.
    വിശുദ്ധിയെ അംഗീകരിക്കുന്നത് നല്ലതാണ്, മാന്യമാണ്, അതുതന്നെ വിശുദ്ധിയുടെ ലക്ഷണവുമാണ്. എന്നാല്‍ അത് വിശ്വാസവും സഹനവുമായി മാത്രം ബന്ധപ്പെടുത്തി ചുരുങ്ങിപ്പോകരുത്. ആരാണ് ഭാഗ്യവാന്മാര്‍ (വിശുദ്ധര്‍) എന്ന് മലയിലെ പ്രസംഗത്തില്‍ (മത്തായി 5, 1-11) യേശു അടിവരയിട്ടു പഠിപ്പിച്ചിട്ടുണ്ട്. ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍. ഇതൊക്കെയാണ് വിശുദ്ധിയുടെ അടയാളങ്ങള്‍ എങ്കില്‍, നമുക്ക് ചുറ്റും ഇത്തരം എത്രയോ പേരെ നാം കണ്ടെത്തുന്നു. അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ വിശുദ്ധരാന്. ഒരു പട്ടികയുണ്ടാക്കി എതിന്കിലുമൊരു പള്ളി അവരെ അതില്‍ പേര് ചേര്‍ത്തോ എന്നത് ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാണ്. തന്നെയല്ല, ജീവിച്ചിരിക്കുന്ന വിശുദ്ധര്‍ നമുക്ക് ചുറ്റും ആയിരക്കണക്കിന് ഉള്ളപ്പോള്‍, മരിച്ചവരില്‍ നിന്ന് ഏതാനും പേരെ തിരഞ്ഞു പിടിച്ച്, അളവില്ലാത്ത കാശ് കൊണ്ടുപോയി റോമായില്‍ കൊടുത്ത് അവര്‍ക്കായി ഒരു സര്ട്ടിഫിക്കറ്റുണ്ടാക്കിയ ശേഷം ആ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അതുണ്ടാക്കാന്‍ നഷ്ടപ്പെട്ടതിന്റെ ലക്ഷം മടങ്ങ്‌ വാരാനുള്ള പദ്ധതി കളിച്ചുവയ്ക്കുന്ന പരിപാടി ഏമ്പോക്കിത്തരമാണ്, നാണമില്ലാത്ത ലാഭക്കച്ചവടമാണ്. മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, രാമപുരം കുഞ്ഞച്ചന്‍, ചാവറയച്ചന്‍ എന്നിങ്ങനെ ഏറെപ്പേരുടെ കൂടെ ഇപ്പോഴിതാ ഒരു നീലകണ്ഠപ്പിള്ള അഥവാ ദൈവസഹായം പിള്ളയും.

    സ്വയം വിശുദ്ധിയിലേയ്ക്ക് എത്തിച്ചേരാന്‍ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, വിശുദ്ധരെന്നു ഏതാനും ചിലരെ മുദ്ര കുത്തിയിട്ട്, അവരെ വച്ച് പകല്‍ക്കൊള്ള നടത്തുന്ന അവിശുദ്ധിക്ക് കൂട്ട് നില്‍ക്കുന്ന സഭയെ അക്കാര്യത്തില്‍ എതിര്‍ക്കുന്നതും നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. അത്ഭുതപ്രകടനങ്ങളും വിശുദ്ധിയുമായി ബന്ധപ്പെടുത്തുന്നതില്‍ കച്ചവടതാത്പര്യമല്ലാതെ വേറൊന്നുമില്ല. കാരണം, താത്ത്വികമായി ഇവ രണ്ടും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താനാവില്ല. സഭയുടെ ഏറ്റവും വലിയ ബൌദ്ധിക പാപ്പരത്തമാണ് ഈ പ്രവണതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഇതിലൊരു ഭയങ്കര തമാശയുള്ളത്, ദൈവത്തിന്റെ (പ്രകൃതിയുടെ) നിയമങ്ങളെ പുശ്ചിച്ചുതള്ളി, വളഞ്ഞ വഴിയില്ക്കൂടെ ഓരോന്ന് ഒപ്പിക്കുന്നവർക്കാണ് (അതാണല്ലോ അദ്ഭുതം) വിശുദ്ധരെന്ന പദവി കൊടുക്കുന്നത്. അങ്ങനെയെങ്കിൽ ദൈവനിയമങ്ങളെ നിഷേധിക്കുന്നവർക്ക് (പാപികൾ) ഒക്കെ ഈ പദവി കൊടുക്കേണ്ടതല്ലേ? അപ്പോൾ ഇന്ത്യാക്കാര്ക്ക് ഇപ്പോഴുള്ള വിവേചനം ഉണ്ടാവ്കയുമില്ല. കാരണം നമ്മുടെ പിഎം തൊട്ട് ശക്തൻ വരെ ഇക്കൂട്ടത്തിൽ പെടുന്നവരാണ്, മാണിയും ഉമ്മനും തൊട്ട് എല്ലാ കോന്തന്മാരും വിശുദ്ധരാകും. നമ്മുടെ മെത്രാന്മാരുടെ കാര്യം ഒട്ടു പറയാനുമില്ല. It is not even important that the living should remember the dead, they are gone their way beyond the confines of time and space. Dirges doles and requiems are in fact in the interest of the living, the religious institutions have perfected this industry stoutly rooted on man’s apprehensions about themselves. ‘Remember me if it makes you glad, forget me if memories make you sad,’ Christina Rossetti wrote to this effect.

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്: വേണ്ടത് ദൈവവിശ്വാസമല്ല, ദൈവാവബോധമാണ്. നിരീശ്വരവാദം പോലെ തന്നെ അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ് ദൈവവിശ്വാസവും. ദൈവവിശ്വാസം എപ്പോഴുംതന...

അല്മായശബ്ദം: മനുഷ്യൻ, പള്ളി, ദൈവം

അല്മായശബ്ദം: മനുഷ്യൻ, പള്ളി, ദൈവം: സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. അവരാണ് നീണ്ട താടിയുള്ള അപ്പൂപ്പനായി ദൈവത്തെയും പല പേറുകൾക്കുശേഷവും കന്യകയാ...

അല്മായശബ്ദം: ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ

അല്മായശബ്ദം: ദൈവത്തിന്റെ പ്രേമോല്ലാസനർത്തകൻ: https://www.facebook.com/saidatimes/videos/756827154426856/ വായനക്ക് മുമ്പ് മനം കുളിർപ്പിക്കുന്ന ഈ വീഡിയോ കാണണം. കൂടുതൽ ആസ്വാദനത്തിന...

അല്മായശബ്ദം: 'ഹിസ്‌ പരിശുദ്ധി'!

അല്മായശബ്ദം: 'ഹിസ്‌ പരിശുദ്ധി'!: "ഞാൻ പാപിയാണ്" എന്ന് നമ്മുടെ ഏതെങ്കിലും ഒരു മെത്രാനോ ഒരു വികാരിയോ പറയുന്നത് നമുക്ക് ഭാവനയിൽ പോലും കാണാൻ കഴിയാത്ത ഒരു സംഭവമാണ്. ...

അല്മായശബ്ദം: ജപ്പാൻ ജനതയിൽ നിന്ന് പഠിക്കേണ്ടവ

അല്മായശബ്ദം: ജപ്പാൻ ജനതയിൽ നിന്ന് പഠിക്കേണ്ടവ: അന്യനോടുള്ള ബഹുമാനം എന്താണ്, അവരോട് എങ്ങനെ പെരുമാറണം എന്ന് ആരും നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നില്ല. അടിസ്ഥാനപരമായ ധാർമികാവബോധംപോ...

അല്മായശബ്ദം: ഇതെന്റെയാലയമാണ്, അതിനെ മനോഹരമാക്കൂ!

അല്മായശബ്ദം: ഇതെന്റെയാലയമാണ്, അതിനെ മനോഹരമാക്കൂ!: അസ്സീസിയിലെ ഫ്രാൻസിസിന്റെ കാലത്ത് സഭയുടെ സ്ഥിതി വളരെ ശോചനീയമായിരുന്നു. എന്റെ ആലയം പുതുക്കിപ്പണിയുക എന്ന ഉൾവിളി കേട്ട ഫ്രാൻസിസ്  കരുതിയത്...

Pranavam: ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.

Pranavam: ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.: മറന്നുകിടന്ന എന്നിലെ പൈതലിനെ കണ്ടെത്തി ഓമനിക്കാൻ നേരവും താത്പര്യവും കാണിച്ച മഹതിയെ ഓർത്തുപോയി. ആ പൈതൽ വളർന്നുപോയിട്ടില്ല. ശൈശവത്തിന...

ആയിരിക്കുക എന്നത് പരിപൂർണമാണ്

ഡയറി എഴുതുക എന്നത് വളരെക്കാലം മുമ്പുതൊട്ടുള്ള എന്റെ ശീലമാണ്. എഴുതണമെന്ന് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, എന്റെ അഛൻ ഒരു ഡയറി സൂക്ഷിക്കാറുണ്ടായിരുന്നു. അതറിഞ്ഞുകഴിഞ്ഞും സമയമെടുത്തു, എനിക്ക് സ്വയം അങ്ങനെ തോന്നാൻ. പിന്നെപ്പിന്നെ ദിവസവും ഓരോതരം കൈപ്പടയിൽ എഴുതുക എനിക്ക് രസകരമായി തോന്നി. അങ്ങനെ ഒരു പത്തുതരത്തിലുള്ള കൈയക്ഷരം എനിക്കനായാസമായിത്തീർന്നു. വെറുതേ കിടക്കുമ്പോൾ ഇപ്പോഴും എന്റെ കൈവിരലുകൾ വായുവിൽ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. മറ്റു ഭാഷകളെയപേക്ഷിച്ച് മുന്നാക്കത്തിൽ തന്നെ വളഞ്ഞുപുളഞ്ഞുള്ള മലയാളത്തിന്റെ പോക്ക് എന്നെ ആസ്വദിപ്പിക്കുന്നു. ഉദാ. ഇംഗ്ളീഷിലും ഹിന്ദിയിലും ഉള്ളതുപോലെ കൈയുടെ ചലനം പിന്നോട്ട് പോകേണ്ട അക്ഷരങ്ങൾ ഭാഷയിൽ ഒന്നുരണ്ടെയുള്ളൂ.


എല്ലാ സ്കൂളുകളിലും കയറിയിറങ്ങി, ഡയറിയെഴുതുന്നതിന്റെ നല്ല ഗുണങ്ങൾ പറഞ്ഞുകൊടുക്കണമെന്ന്  ആഗ്രഹിക്കാറുണ്ട്. ഞാൻ എനിക്കുവേണ്ടിത്തന്നെ കുറിച്ചിട്ടിരുന്നവയിൽ ചിലത് വായിക്കാനിടയായപ്പോൾ അതാസ്വദിക്കുന്നവർ ഉണ്ടെന്നറിയുന്നത്‌ സന്തോഷകരമാണ്. ആരും കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ഇടയ്ക്കു പഴയ കുറിപ്പുകൾ ഒന്നുകൂടെ നോക്കുമ്പോൾ ഒരു സുഖമുണ്ട്. എന്നാൽ  അതിലെന്തിരിക്കുന്നു? വാക്ക് നേരെയായാൽ പോക്ക് നേരെയാകും; പോക്ക് നേരെയായാൽ വാക്കും നേരെയാകും എന്നതിരിക്കുന്നു.

വന്ദനം സൃഷ്ടി സ്ഥിതിലയ ഭാവികേ 
വന്ദനം സർവ പുരുഷാർഥസാധികേ 
വന്ദനം ലോക ശുഭസുഖദായികേ 
വന്ദനം വാക്കിന്നനശ്വരനായികേ.

12. 10. 2007ൽ 
Cosmic Coincidences (Gribbin and Grees) കാണാനിടയാക്കിയത് എന്റെ മകനാണ്. ബഹിരാകാശസംഭവങ്ങളിൽ താത്പര്യം കണ്ടെത്തിയ അവൻ എങ്ങനെയോ അതെനിക്കും പകർന്നുതന്നു. സംഭവം നേരേ തിരിച്ചാണെന്നാണ് അവന്റെ മതം. അത് പോകട്ടെ. 

ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിൽ അതിപ്രധാനമാണ്. ("All states of motion must be equal in the eyes of physical law. All uniform motion is relative.") അതനുസരിച്ച്, നമ്മൾ എങ്ങനെ ചരിച്ചുകൊണ്ടിരുന്നാലും, എന്തെല്ലാം മാറ്റങ്ങള്ക്ക് നമ്മൾ വിധേയരായാലും, പ്രകൃതിനിയമങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്. സൗന്ദര്യത്തിന്റെ ഏകത്വത്തെ, അല്ലെങ്കിൽ ഏകത്വത്തിന്റെ സൗന്ദര്യത്തെ അന്വേഷിച്ചുപോയിയാണ് ഐൻസ്റ്റൈൻ ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.

അതേപ്പറ്റി മനനം ചെയ്ത്, ഞാനെന്ന പരമാണു ചോദിക്കുന്നു, എന്തുകൊണ്ട് ഞാനിവിടെ, വേറൊരിടത്തല്ല? എന്തുകൊണ്ട് ഞാനിപ്പോൾ, മറ്റൊരു സമയത്തല്ല? എന്തുകൊണ്ട് ഈ ചോദ്യംതന്നെ ഇപ്പോൾ, നേരത്തെ അല്ലെങ്കിൽ പിന്നീടായില്ല? 
എനിക്കായിരിക്കാവുന്നയിടത്തിനും സമയത്തിനും എവിടെയാണ് പരിധി? എന്നെ ചുറ്റിപ്പറ്റിയുള്ളതെല്ലാം യാദൃശ്ചികതയാണ് എന്നേ എനിക്ക് കരുതാനാവൂ. ഒന്നും ഞാനാഗ്രഹിക്കുന്നതുകൊണ്ടോ ഞാനറിഞ്ഞോ സംഭവിക്കുന്നതല്ല. അതിനർഥം, ഞാൻ വന്നുപെട്ടിരിക്കുന്നത് അനന്തതയിലേയ്ക്കാണ് എന്നല്ലേ? അതെന്നെ ആഹ്ളാദിപ്പിക്കുന്നു, എനിക്ക് ഭയമില്ല. അനന്തതയിൽ ഭയത്തിന് കാരണമില്ല. ഞാൻ എന്ന് പറയാതെ ഞാൻ എന്നുമുണ്ടായിരുന്നെങ്കിൽ ഈ വിഹായസിൽ എനിക്കെങ്ങനെ, എന്തിനെ ഭയപ്പെടാനാകും? അതായത്, തനിയെ ആയിരിക്കുന്നതും അല്ലാത്തതും തമ്മിൽ എന്തു വ്യത്യാസം? ഞാനറിയുകപോലും ചെയ്യാതെ, എല്ലാമാകാൻ പോന്നൊരു പരമാണുവാണു ഞാൻ. ഹാ, ഹാ! ആർക്കും ആരുമായിരിക്കാമായിരുന്നുവെങ്കിൽ, ഓരോന്നും ഞാൻ തന്നെയാണ്; ഞാനെല്ലാമാണ് - അതിനുള്ള സാദ്ധ്യതയെങ്കിലുമാണ് ഞാൻ. പക്ഷേ, അനന്തതയിൽ, സാദ്ധ്യത എന്നത് ആയിരിക്കുന്നതിനു തുല്യമാണ്. അതുപോലെ, എല്ലാമറിയുന്നതും ഒന്നുമറിയാത്തതും സമം. അപ്പോൾ, എനിക്കപുറത്തേയ്ക്ക് പ്രതിഫലിക്കുന്ന ഒരു പ്രതിച്ഛായക്ക് ഒരർഥവുമില്ല. ആയിരിക്കുക എന്നത് പരിപൂർണമാണ്.

ഹൃദ്യമായ ഒരിടവേള

മനോഹരമായ ഈ സന്ദേശം ഹൃദ്യമായ ഒരിടവേളക്കുതകട്ടെ!
കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾകൊണ്ട് ദിവസത്തെ നിറക്കുവിൻ!


നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ച് ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിയോടെ സംസാരിക്കാറുണ്ട് ?

ഈ ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട!
റിയാദ് മസ്ജിദിൽ വെള്ളിയാഴ്ച ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണിവ.

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ?
ഇതെവിടെ?
അത് താ, ഇത് താ.
നീയെവിടെ പോയി? ഒന്ന് വേഗം വാ!
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവൾക്ക് നേരേ എറിയുന്നത്!
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്!

എന്നിട്ടോ ?
അവളെ ഏതെങ്കിലും വീട്ടുകാര്യത്തില്‍ നീ സഹായിക്കാറുണ്ടോ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദിക്കാറുണ്ടോ ?

യാ ഫാത്തിമാ, യാ ഹുര്‍മാ,
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
ശോഭേ!
സുമിത്രേ!
ചിന്നമ്മേ!
എടിയേ ......!!!

പോത്തേ!
കഴുതേ!
പണ്ടാരമേ! ... എന്നുമുണ്ട് വിളികൾ.

ഇമാം തുടരുന്നു,
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ് -

യാ ഹബീബത്തീ
യാ ഖമര്‍, യാ ഖല്‍ബീ ...

ഇമാം പറയുന്നതിന് അനുസരിച്ച് നമ്മൾ മനസ്സില്‍ ഇങ്ങനെ നമ്മുടെ ഭാഷയില്‍ ‍പറപറഞ്ഞിരിക്കാം - പ്രിയേ, ചന്ദ്രികേ, കരളേ!

ഒടുവില്‍ അദ്ദേഹം പറഞ്ഞു:
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്.
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന,
കേള്‍ക്കുമ്പോള്‍തന്നെ അവളുടെ മനം നിറയുന്ന
ഒരു തനത് പേര് കണ്ടെത്തണം;
അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്,
മറ്റാരും വിളിക്കാത്ത ഒരു പേര്.

അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്,
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കണം.
അല്ലെങ്കില്‍ ഇമ്പമുള്ള ഒന്ന് സ്വയം കണ്ടുപിടിക്കണം.

ഓർത്തുവയ്ക്കൂ ...
നാം വളരെ നിസ്സാരമെന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ.
'ഉണങ്ങിയ' കുടുംബനാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.

'കനിവുള്ള' 'സ്നേഹമുള്ള' കുടുംബനാഥനില്‍ നിന്ന്
കുളിർമയുള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക!

"ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ,
അവനാണ് മാന്യന്‍.
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ,
അവനാണ് നിന്ദ്യന്‍." (റസ്സൂൽ)

Samadh Ethix's photo in FB (abridged and adapted by Zach Nedunkanal)

Take a short break!


മനോഹരമായ ഈ സന്ദേശം ഹൃദ്യമായ ഒരിടവേളക്കുതകട്ടെ!
കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾകൊണ്ട് ദിവസത്തെ നിറക്കുവിൻ!


ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട!
നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ച് ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിയോടെ സംസാരിക്കാറുണ്ട് ?

റിയാദ് മസ്ജിദിൽ വെള്ളിയാഴ്ച ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണിവ.

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു
അതെവിടെ?
ഇതെവിടെ?
അത് താ, ഇത് താ.
നീയെവിടെ പോയി? ഒന്ന് വേഗം വാ!
തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്‍പ്പിക്കുന്നത്!
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്!

എന്നിട്ടോ ?
അവളെ ഏതെങ്കിലും വീട്ടുകാര്യത്തില്‍ നീ സഹായിക്കാറുണ്ടോ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദിക്കാറുണ്ടോ ?

യാ ഫാത്തിമാ, യാ ഹുര്‍മാ,
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?
ശോഭേ!
സുമിത്രേ!
ചിന്നമ്മേ!
എടിയേ ......!!!

പോത്തേ!
കഴുതേ!
പണ്ടാരമേ! ... എന്നുമുണ്ട് വിളികൾ.

ഇമാം തുടരുന്നു,
അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ് -

യാ ഹബീബത്തീ
യാ ഖമര്‍, യാ ഖല്‍ബീ ...

ഇമാം പറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ ഭാഷയില്‍ ‍പറഞ്ഞു കൊണ്ടിരുന്നു - പ്രിയേ, ചന്ദ്രികേ, കരളേ!

ഒടുവില്‍ അദ്ദേഹം പറഞ്ഞു:
ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്.
നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന
ഒരു തനത് പേര് കണ്ടെത്തണം,

അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്,
മറ്റാരും വിളിക്കാത്ത ഒരു പേര്.

അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്,
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കണം.
അല്ലെങ്കില്‍ സ്വയം കണ്ടുപിടിക്കണം.

ഒന്നോര്‍ത്തു നോക്കൂ ..
നാം വളരെ നിസ്സാരമെന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട്, അല്ലേ ?

അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .
'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.

'കനിവുള്ള' 'സ്നേഹമുള്ള' കുടുംബനാഥനില്‍ നിന്ന്
കുളിർമയുള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക!

"ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ,
അവനാണ് മാന്യന്‍.
ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ,
അവനാണ് നിന്ദ്യന്‍." (റസ്സൂൽ)

Samadh Ethix's photo in FB (abridged and adapted by Zach Nedunkanal)

സ്വവർഗവിവാഹവും പൌരോഹിത്യശ്രേണിയും

സ്വവർഗവിവാഹവും പൌരോഹിത്യശ്രേണിയും


 Displaying DSC03020a.jpg

അയർലണ്ടുകാർ സ്വവർഗവിവാഹത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. അങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യം. ജപ്പാനിലും ഇതുതന്നെ ഉടൻ സംഭവിക്കും എന്നാണറിയുന്നത്. മറ്റു ചില രാജ്യങ്ങൾ നിയമം വഴി സ്വവർഗവിവാഹത്തെയും എകലിംഗ കുടുംബബന്ധത്തെയും അംഗീകരിച്ചിട്ടുണ്ട്. കത്തോലിക്കർ കൂടുതലുള്ള അമേരിക്കയിലും അവരാണ് അകത്തോലിക്കരെക്കാൾ ഈ വിഷയത്തിൽ മുന്നോട്ട് ചിന്തിക്കുന്നത് എന്നാണ് നാം കാണുന്നത്. എന്നാൽ, ഇവിടങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന വളരെ വിചിത്രമായ ഒരു കാര്യം എന്തെന്നാൽ, മെത്രാന്മാരുടെ ഭൂരിപക്ഷാഭിപ്രായം സ്വവർഗവിവാഹത്തിന് എതിരാണെന്നതാണ്.

തന്റെ ഇമെയിൽ സുഹൃത്തുക്കളുമായി ഈ വിഷയം ചർച്ച ചെയ്തപ്പോൾ Dr. ജെയിംസ്‌ കോട്ടൂർ (Chief editor, www.almayasabdam.com  - Church Citizens' voice) ചൂണ്ടിക്കാട്ടിയ ചില നിരീക്ഷണങ്ങൾ ഇത്തരുണത്തിൽ വളരെ പ്രാഥമികമായി എനിക്ക് തോന്നുന്നു.

1. വിധിക്കേണ്ടവർ നമ്മളല്ല. അത് പറയുമ്പോൾ നമ്മുടെ പുരോഹിത ശ്രേഷ്ഠരെയും വിധിക്കാൻ നാം ധൃതി കൂട്ടരുത് എന്ന് കൂട്ടിച്ചേർക്കട്ടെ. കാരണം പട്ടം കിട്ടുന്നതോടെ എല്ലാ തുടർപഠനങ്ങളും നിറുത്തി വച്ച് അജ്ഞതയുടെ സുഖത്തിലേയ്ക്ക് ആണ്ടുപോകുന്ന ഒരു കൂട്ടരാണവർ. അവരെ വെളിച്ചത്തേയ്ക്ക് കൊണ്ടുവരാൻ വല്ല വഴിയും ഉണ്ടോ? അല്മായർ എഴുതുന്ന വെബ്‌ സൈറ്റുകൾ വഴി അവരെ പലതും പഠിപ്പിക്കാമെന്നാണ് ജെയിംസ്‌ജി വിചാരിക്കുന്നത്. www.almayasabdam.com എന്ന ഇംഗ്ലീഷ് സൈറ്റും www.almayasabdam.blogspot.com എന്ന ഗ്രൂപ്പ് ബ്ലോഗും ഉത്തമോദാഹരണങ്ങളാണ്. ക്ലെർജി മുൻകൈയെടുത്തു നടത്തുന്ന വെബ്‌ സൈറ്റുകൾ പലതുണ്ടെങ്കിലും അവയെല്ലാം പഴങ്കഥകളും അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും വ്യക്തിപരമായ വിശേഷങ്ങളും പരസ്പര സ്തോത്രഗീതങ്ങളുംകൊണ്ട് നിറഞ്ഞിരിക്കും. (Church media will always be caged parrots, nor will they sit with lay discussion groups to listen and learn. james kottoor)

2. ക്ലെർജിക്ക് സ്വവർഗബന്ധങ്ങളെപ്പറ്റി പോയിട്ട് സാധാരണ കുടുംബബന്ധങ്ങളെപ്പറ്റിപ്പോലും ഒരു ചുക്കും അറിയില്ല. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതായിട്ടും, പ്രകൃത്യാ നിയന്ത്രിക്കപ്പെടുന്ന മറ്റ് ആകർഷണങ്ങൾ പോലെ സ്വാഭാവികമാണ് ഏകലിംഗാകർഷണവും എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി അവർക്കില്ല. സ്ത്രീപുരുഷാകർഷണംപോലെ ഇതും ദൈവസൃഷ്ടിയുടെ ഭാഗമായിട്ടു വേണം കാണാൻ എന്നാണ് സമകാലിക നിരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഏവരാലും വിശുദ്ധനെന്നു വിളിക്കപ്പെടുന്ന, കത്തോലിക്കാ സഭയിലേയ്ക്ക് വന്ന ആംഗ്ലിക്കൻ കർദിനാൾ, ന്യൂമാൻ gay ആയിരുന്നു; തന്റെ വത്സല സുഹൃത്തിന്റെ കല്ലറയിൽ അടക്കപ്പെടണമെന്നദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു എന്നത് പരക്കെ അറിവുള്ളതാണ്.

3. ഏതെങ്കിലും വിഷയത്തിൽ സഭാനവീകരണം സാദ്ധ്യമാകണമെന്നുണ്ടെങ്കിൽ സഭാനേതൃത്വത്തെ നോക്കിയിരുന്നിട്ടു കാര്യമില്ല. അല്മായർ മുന്നോട്ടു പോകുക തന്നെ വേണം. അതിനിടെ സാമം, ദാനം, ഭേദം, ദണ്ഡം എന്നീ ഉപാധികളിലൂടെ ഇപ്പോഴത്തെ നേതൃത്വത്തെ ബോധവത്ക്കരിക്കാൻ ശ്രമിക്കുകയും വേണം. (Through peaceful means, giving them enticing gifts, showing indifference to them, and finally caning them as Jesus would have done. jk)


മെത്രാന്മാരല്ല സഭ എന്നത് അവർതന്നെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഭയിൽ ഭൂരിഭാഗം വരുന്ന അല്മായർ 
(സഭാപൗരർ) ഒരു കാര്യം ശരിയെന്നു തീരുമാനിക്കുന്നിടത്ത് തലകുനിക്കാൻ മെത്രാന്മാർ നിര്ബന്ധിക്കപ്പെടുന്ന ഒരവസ്ഥ യേശു തീർച്ചയായും അംഗീകരിക്കും. പുരോഹിതരെയോ മെത്രാന്മാരെയോ അല്ല, സാധാരണ മനുഷ്യരെയാണ് അവിടുന്ന് ദൈവജനം എന്ന് വിളിച്ചത്. രണ്ടാം വത്തിക്കാന് ശേഷം യൂറോപ്പിൽ അലയടിച്ച കാഹളമായിരുന്നു 'ഞങ്ങളാണ് സഭ' എന്നത്. എന്നാൽ മാറിമാറി വന്ന യാഥാസ്ഥിതികരായ പാപ്പാമാർ ദൈവജനത്തിന്റെ ഈ സ്വരത്തെ അവഗണിക്കുകയും അടിച്ചമർത്തുകയും ആണ് ചെയ്തത്. ദൈവകൃപയാൽ ഇപ്പോഴത്തെ പോപ്പിന്റെ സന്മനസ്സ് അല്മായർക്ക് സഭാപൗരർ എന്ന അർഹമായ സ്ഥാനം അതിന്റെ എല്ലാ അംഗീകാരങ്ങളോടെയും തിരികെക്കൊടുത്തിരിക്കുകയാണ്. 

അയർലണ്ട്കാർ തൊട്ട് ജപ്പാൻകാർ വരെ ചെയ്യുന്നത് സഭയിൽ നിന്ന് പഠിച്ച പാഠം പ്രവൃത്തിയിൽ കൊണ്ടുവരിക എന്നതാണ്. അതായത്, അവഗണനയ്ക്കും പീഡനത്തിനും ഇരയായ ന്യൂനപക്ഷങ്ങളോട് ദൈവികവും മാനുഷികവുമായ അനുകമ്പ കാണിക്കുക. അവരെ അടിച്ചമർത്താതിരിക്കുക. കാരണം, വ്യത്യസ്തമായി സൃഷ്ടിക്കപ്പെട്ടെങ്കിൽ, നമ്മെപ്പോലെ അവരും തേടുന്നത് ദൈവഹിതം തന്നെയായിരിക്കും.

ഇതോടോത്തു വിചിന്തനമർഹിക്കുന്ന ഒരു വിഷയമാണ് അല്മായരോടോത്തു ചിന്തിക്കാൻ കഴിവുള്ളവരെ സഭയുടെ നേതൃസ്ഥാനത്ത് എത്തിക്കുക എന്നത്. അതുണ്ടാവണമെങ്കിൽ ഏകപക്ഷീയമായ ഇപ്പോഴത്തെ 'വാഴിക്കൽ' രീതി മാറ്റി, ജനങ്ങൾ ഇടപെട്ട് വൈദികാർഥികളെയും മെത്രാന്മാരെയും മാത്രമല്ല, പോപ്പിനെപോലും തിരഞ്ഞെടുക്കുന്ന ഒരു ജനസമ്മതി പ്രക്രിയയ്ക്ക് രൂപം കൊടുക്കണം. കാരണം, ദൈവാരൂപിയുടെ സാന്നിദ്ധ്യം ആഗോളസഭയിലാണ്, ഏതെങ്കിലും വൈദിക ശ്രേഷ്ഠരിലോ, മെത്രാന്മാരുടെയോ കർദിനാളന്മാരുടെയോ കൂട്ടായ്മകളിലോ അല്ല എന്ന സത്യം ആദിമസഭയിലെന്നപോലെ വീണ്ടും സജീവമാകണം. "Voice of the people, voice of God" (ജനഹിതം ദൈവഹിതം)  എന്നത് സഭയിൽ പരക്കെ അംഗീകരിച്ചിരുന്ന ഒരു തത്ത്വമായിരുന്നു. കാലക്രമേണ പൌരോഹിത്യകൌശലം ഈ മഹത് സത്യത്തെ കൊന്നു കുഴിച്ചുമൂടി. എന്നാൽ ഇനിയങ്ങോട്ട് അല്മായർ, പുരോഹിതർ എന്ന തരംതിരിവ് ഇല്ലാതാകണം. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ ആ വഴിയ്ക്കാണ് മുന്നേറുന്നത് എന്നത് ശുഭലക്ഷണമാണ്. ഇനിയൊരു പിന്നാക്കം സംഭവ്യമല്ല. ക്ലേർജിയുടെ ബോധവത്ക്കരണം അനിവാര്യമാണ്. അതിലേയ്ക്ക് നിസ്സാരമല്ലാത്ത സംഭാവന ചെയ്യാൻ KCRMൻറെ നേതൃത്വത്തിലുള്ള മുകളിൽ പറഞ്ഞ വെബ്‌ സൈറ്റിനും ബ്ലോഗിനും സാധിക്കും എന്നത് അനുദിനം വളരെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

വേണമെങ്കില്‍ ചക്ക...

യാത്രാനുഭവം... സി. രാധാകൃഷ്ണന്‍
സിംഗപ്പൂരില്‍ കണ്ട കാഴ്ചകളാണ് ഈ പഴമൊഴി ഓര്‍മയില്‍ വരുത്തിയത്; വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും!
അവിടെ കഴിയുന്നവരും സാധാരണ മനുഷ്യര്‍തന്നെ. സമാധാനത്തോടെ ജീവിക്കാന്‍ ദൈവം പ്രത്യേകമായി സൃഷ്ടിച്ചവരൊന്നുമല്ല. പക്ഷേ, മനുഷ്യന്‍ എന്ന ജീവിക്ക്, ജാതിയോ മതമോ ഭാഷയോ എന്തായിരുന്നാലും, സമാധാനത്തോടെ കൂട്ടായി ജീവിക്കാന്‍തക്ക മനസ്സുതന്നാണ് സൃഷ്ടി എന്ന് അവര്‍ തെളിയിക്കുന്നു.
മലേഷ്യക്കാരും ചീനരും ഇന്ത്യക്കാരും  വിദേശികളും  എല്ലാമുണ്ട് അവിടെ. ആര്‍ക്കും    വിശേഷാധികാരമോ അവകാശമോ അവഗണനയോ ഇല്ല. ഏതു മതത്തിലും വിശ്വസിക്കാം,  ആ മതം ആചരിക്കാം. ഏതു ഭാഷയും പറയാം.  ഏതു മതക്കാരുടെ ആരാധനാലയത്തിലും ആര്‍ക്കും പ്രവേശിക്കാം. അവിടത്തെ മര്യാദകളും സമ്പ്രദായങ്ങളും ശാന്തിയും ഒരു തരത്തിലും ഊനപ്പെടാതെ നോക്കണമെന്നു മാത്രം. തെരുവിലായാലും  അതു വേണംതാനും!
എന്‍െറ മതം എത്ര നല്ലതാണെന്ന് എനിക്ക് എത്ര തവണയും എത്ര ഉറക്കെയും എവിടെയും പറയാം. പക്ഷേ, മറ്റൊന്ന് നല്ലതല്ളെന്ന് എവിടെവെച്ചും എത്ര പതുക്കെയും ഒരു തവണപോലും പറയാന്‍ പറ്റില്ല. മരണാനന്തരവും സമാധാനപരമായ സഹവര്‍ത്തിത്വംതന്നെ രീതി. തൊട്ടുതൊട്ടാണ് എല്ലാ അന്ത്യവിശ്രമസങ്കേതങ്ങളും.
‘മലബാര്‍ ജുമാ മസ്ജിദ്’ എന്ന് മലയാളത്തില്‍ പേരെഴുതിവെച്ച ആരാധനാലയത്തില്‍ ചെന്നപ്പോള്‍ എന്നെയും വീട്ടുകാരിയെയും അവിടത്തെ ഇമാമും സഹായികളും അകത്തളത്തിലേക്ക് ക്ഷണിച്ചു (സിംഗപ്പൂരില്‍ ഞാന്‍ കണ്ട ഏക മലയാളം നെയിംബോര്‍ഡാണ് ഇത്). പുരാതനകാലത്ത് മലബാറില്‍നിന്നുപോയ ആളുകള്‍ സ്ഥാപിച്ച ആ പള്ളിയില്‍ പതിറ്റാണ്ടുകളുടെ ഓര്‍മകള്‍ ഉറങ്ങുന്നു, ഉണര്‍ന്നും ഇരിക്കുന്നു. നന്നേ ചെറുപ്പമാണെന്നാലും ഇമാമിന് മതപരിജ്ഞാനത്തോടൊപ്പം ചരിത്രത്തിലും സാഹിത്യത്തിലും സമൂഹശാസ്ത്രത്തിലും ആഴമുള്ള അറിവുണ്ട്. കുടിവെള്ളവും വൈദ്യുതിപോലും ഇല്ലാതിരുന്നകാലത്ത് കുടിയേറിയവരുടെ കഥകള്‍ അദ്ദേഹം പറഞ്ഞു.
പതിനഞ്ചു വര്‍ഷമായി സിംഗപ്പൂരില്‍ കഴിയുന്ന വ്യവസായിയായ ഷെരീഫും അദ്ദേഹത്തിന്‍െറ സുഹൃത്ത് സാലിഹുമാണ് ഞങ്ങളെ അവിടേക്ക് വഴികാണിച്ച് സഹായിച്ചത്. ഷെരീഫിന്‍െറ വീട്ടുകാരുടെ സ്നേഹത്തിന്‍െറയും വീട്ടിലെ ചായയുടെയും നാടന്‍ രുചി അറിയാനും സാധിച്ചു.
കഴിവ് എന്ന ഒന്നല്ലാതെ ഒരു കാര്യത്തിനും ആര്‍ക്കും സിംഗപ്പൂരില്‍ ഒരു മുന്‍ഗണനയുമില്ല. ഡെമോക്രസി നിലനില്‍ക്കണമെങ്കില്‍ അത് മെറിറ്റോക്രസിതന്നെ ആയിരിക്കണം എന്നാണ് അംഗീകൃതനിയമം. ആ മെറിറ്റ് പക്ഷേ, സമൂഹത്തിന് നന്മവരുത്തുന്ന വഴിയില്‍ അഴിമതിയില്ലാതെവേണം ഫലത്തില്‍ വരാന്‍.
എന്തിലെങ്കിലും മായംചേര്‍ത്തോ ആര്‍ക്കെങ്കിലും കൈക്കൂലി കൊടുത്തോ ലാഭം കാണാനുള്ള കഴിവിനെയല്ല അംഗീകരിക്കുന്നത്, നല്ലതു ചെയ്ത് ലാഭമുണ്ടാക്കാനുള്ള കഴിവിനെയാണ്. ആര്‍ക്കുമൊന്നും സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നില്ല. അധ്വാനിച്ച് ഉണ്ടാക്കിക്കൊള്ളണം. പ്രായമാകുമ്പോള്‍ സൈ്വരമായി ജീവിക്കണമെങ്കില്‍ നല്ലകാലത്ത് ആവശ്യാനുസാരം സമ്പാദിച്ചുവെച്ചിരിക്കണം. ജോലിചെയ്യാന്‍ കഴിയുമെങ്കില്‍ എത്ര പ്രായമായാലും ജോലിയില്‍ തുടരാം!
അഴിമതി എന്നൊരു സംഗതിയേ ഇല്ല. അത് തീരെ ഇല്ലാത്ത അവസ്ഥ കേരളത്തിലോ ഇന്ത്യയിലോ ജീവിക്കുന്ന നമുക്ക് ചിന്തിക്കാന്‍പോലും ഒക്കില്ലല്ളോ. ഉപ്പില്ലാത്ത കടല്‍വെള്ളമെന്നോ നീലനിറമില്ലാത്ത ആകാശം എന്നോ ഒക്കെ കേള്‍ക്കുമ്പോഴത്തെ മനഃസ്ഥിതിയാണ് അഴിമതിയില്ലാത്ത സമൂഹം എന്നു കേള്‍ക്കുമ്പോള്‍ നമ്മിലുണ്ടാകുക. അത്രമാത്രം മൂക്കറ്റം അഴിമതിയില്‍ നൂറ്റാണ്ടുകളായി ആണ്ടുകിടപ്പാണല്ളോ മഹത്തായ ആര്‍ഷപാരമ്പര്യത്തിന്‍െറ സന്തതികളായ നാം.
ഏതു കൊച്ചു കുട്ടിക്കും ഏതു പാതിരാക്കും സുരക്ഷിതമായി എവിടെയും നടക്കാം. ഏത് കടയില്‍നിന്നും എന്തു ഭക്ഷണസാധനവും വാങ്ങി വിശ്വസിച്ച് കഴിക്കാം. ഏതു പൊതുവാഹനത്തിലും സുഖമായി യാത്രചെയ്യാം. ഏതു സര്‍ക്കാര്‍ സ്ഥാപനത്തിലും എന്തു കാര്യം നടത്താനും സമയബദ്ധിതമായ രീതികളുണ്ട്. ആരും കാലണ ചോദിക്കുകയോ കൊടുത്താലും വാങ്ങുകയോ ഇല്ല എന്നു മാത്രമല്ല, കൊടുക്കാന്‍ ശ്രമിച്ചവന്‍ അഴികള്‍ക്കകത്ത് പെടുകയും ചെയ്യും!
നാലു ദിവസം ഞാനവിടെ കഴിഞ്ഞതിനിടെ ഒരു പൊലീസുകാരനെയും ഒരിടത്തും കാണാന്‍ പറ്റിയില്ല. പൊലീസിന്‍െറ ഉടുപ്പെങ്ങനെയെന്നുപോലും അറിയില്ല, ഇപ്പോഴും. മഹാഭൂരിഭാഗം പൊലീസുകാരും മഫ്തിയിലാണത്രെ. സാന്നിധ്യം അറിയാനാവില്ല, പിടികൂടുമ്പോഴേ മനസ്സിലാവൂ. ഉദാഹരണത്തിന്, ഹോട്ടലില്‍ കയറി ഒരാള്‍ ഭക്ഷണം കഴിക്കുന്നു, പോകുമ്പോള്‍ ബില്ലിന്‍െറകൂടെ ഒരു കുറ്റപത്രവും മേശപ്പുറത്തുണ്ടായിക്കൂടായ്കയില്ല! മേല്‍കോടതിക്ക് മേല്‍കോടതിയായി ആജീവനാന്തം കേസ് വാദിച്ച് നിന്നുപൊറുക്കാമെന്നു കരുതാനുമാവില്ല, ഒരേയൊരു പുനരാലോചനയേ നടക്കൂ. അതിലും കുറ്റം തെളിഞ്ഞാല്‍ ശിക്ഷ ഇരട്ടിയാവുകയും ചെയ്യും!
ഒരു നിയമപാലകനും ആരോടും അപമര്യാദയായി പെരുമാറുകയോ ദേഹം വേദനിപ്പിക്കയോ ചെയ്യില്ല. പൊതു വാഹനങ്ങളിലെയും ടാക്സികളിലെയും ജോലിക്കാര്‍ പെരുമാറുന്നത് അവരുടെ വീട്ടില്‍ചെന്ന അതിഥികളോടെന്ന മട്ടിലാണ്. പൊതുവാഹനങ്ങള്‍ വേണ്ടുവോളം ഉള്ളതിനാല്‍ സ്വകാര്യകാറുകള്‍ കുറവ്, നിരത്തില്‍ ജാമോ ബ്ളോക്കോ ഇല്ല. കാറുകളുടെ നികുതി വളരെ ഉയര്‍ന്നതാകയാല്‍, അത്യാവശ്യമുള്ള ആളുകളേ കാര്‍ വാങ്ങി ഉപയോഗിക്കൂ. ബിസിനസ് കൊണ്ടുനടക്കാന്‍ ദിവസവും ഏറെ യാത്രകള്‍ ആവശ്യമായതിനാല്‍ താന്‍ ഉപയോഗിക്കുന്ന സ്വകാര്യകാറാണ് തന്‍െറ പ്രതിമാസച്ചെലവിന്‍െറ സിംഹഭാഗവും അപഹരിക്കുന്നതെന്ന് ഷെരീഫ് പറയുന്നു.
സര്‍ക്കാറില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം കിട്ടുന്നത് അധ്യാപകര്‍ക്കാണ്. സമൂഹത്തില്‍ ഏറ്റവും ഉയര്‍ന്ന മെറിറ്റുള്ളവര്‍ അതിനാല്‍ അധ്യാപകവൃത്തി സ്വീകരിക്കുന്നു. ആശാന് അക്ഷരം ഒന്നുപോലും പിഴയ്ക്കുന്ന സാഹചര്യം ഇല്ളെന്നര്‍ഥം.
വളരെ കുറച്ച് ആളുകളും വളരെ കുറച്ച് സ്ഥലവുമുള്ള ഒരു രാജ്യം. മലപ്പുറം ജില്ലയുടെ മൂന്നിലൊന്ന് വിസ്തീര്‍ണമില്ല. പക്ഷേ, ലോകത്തിലെ സമ്പന്നരാജ്യങ്ങളില്‍ മുന്‍നിരയില്‍!
ഒരു കുഴപ്പമേ ഉള്ളൂ എന്നാണ് ഷെരീഫ് വെളിപ്പെടുത്തിയത്: ‘‘എല്ലാരും പണം ഉണ്ടാക്കുന്നു. ആരെങ്കിലും ജീവിക്കുന്നുണ്ടോ എന്നു ചോദിച്ചാലാണ് ശരിയായ ഉത്തരമില്ലാത്തത്. മരണവീട്ടില്‍പോലും ചര്‍ച്ചാവിഷയം ബിസിനസായിരിക്കും!’’

പ്രകാശം തൂകിയ പൈതല്‍

കഴിഞ്ഞ ദിവസം (23.3.2012) ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട പൈതലിന്റെ ഓര്‍മ്മയാണ് ഇതെഴുതിപ്പിക്കുന്നത്. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, അവള്‍ വല്യച്ഛനെ ചുറ്റിപ്പറ്റി ഓടിനടന്നതേയുള്ളൂ. എന്നാലും മറ്റെല്ലാ പൈതങ്ങളെയും പോലെ അവളും മായാത്ത ഒരു പ്രകാശം എന്റെ മനസ്സില്‍ വിരിച്ചുകൊണ്ടിരുന്നു. അവളുടെ പേര്  ദിയാ. ആ പേരാണ് എന്നെ ഈ വഴിക്ക് തിരിച്ചുവിടുന്നത്. ദിവ്, ദ്യോവ്, ദേവി, ദൈവം എന്നതെല്ലാം പ്രകാശത്തെയും വിശുദ്ധിയെയും ദ്യോതിപ്പിക്കുന്ന ദിവ് എന്ന മൂലത്തില്‍ നിന്നാണല്ലോ. ദിയാ എന്നാല്‍ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരുന്നത് എന്നാണ്. അവള്‍ക്കൊരു കൂട്ടുകാരിയുണ്ട്, ഗൌരി. ഗൌരിയെ രണ്ടര വയസ്സുകാരി ദിയാ വല്യ ഇഷ്ടത്തോടെ വിളിക്കുമ്പോള്‍ ഗവരി (ഗ-വ-രി)എന്നാകും. ഗൌരി തിരിച്ച് ദീ-യാ എന്നുകൂടി നീട്ടി വിളിച്ചാല്‍ പിന്നെ അവിടെല്ലാം നിഷ്കളങ്കതയുടെ പ്രകാശമായി. അതോടേ, മണ്ണും ചിരട്ടയും കടലാസും ഇലകളുമെല്ലാം അവരുടെ തകൃതികളില്‍ പങ്കെടുക്കുന്നു. അവര്‍ തൊടുന്ന എല്ലാ കൊച്ചു സാധനങ്ങളും ആ ശിശുക്കളുടെ ആത്മപ്രകാശത്തില്‍ പങ്കുചേരുന്നു. അവ ജീവനുള്ളവയായിത്തീരുന്നു. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളുടെ കളികളെല്ലാം എപ്പോഴും അവരുടെ സ്വന്തമാകുന്നത്. വസ്തുക്കളെ അചേതനങ്ങളായി കാണുന്ന മുതിര്‍ന്നവര്‍ക്ക് അവിടെ പ്രവേശനമില്ല. 

കുഞ്ഞുങ്ങള്‍ നിശ്ചയമായും പ്രകാശകിരണങ്ങളാണ്. പക്ഷേ, നാം മറന്നു പോകുന്നത്, അവരുടെ നിഷ്ക്കളങ്കതയിലൂടെ, അവര്‍ തൊടുന്ന എല്ലാ വസ്തുക്കളും പ്രകാശം ചൊരിയുന്നവയായിത്തീരുന്നു എന്ന സത്യമാണ്. സ്ഫുലിംഗം തീപ്പൊരിയാണ്. ഉള്ളതെല്ലാം, ഒരു മണല്‍ത്തരിപോലും, പരാശക്തിയുടെ സ്ഫുലിംഗത്തില്‍ നിന്നുണ്ടായി, അതിന്റെ പ്രചോദനത്തോടെ പരിണമിക്കുന്നതായി അറിയുന്നവര്‍ക്ക് ഇത് മനസ്സിലാക്കാനാവും. അവര്‍ക്ക് എവിടെയും എന്തിലും എപ്പോഴും പ്രകാശമാണ് കാണാന്‍ കഴിയുക. അവയെല്ലാം ആദിസ്ഫുലിംഗത്തിന്റെ നിത്യസ്ഫൂരണത്തിന്റെ (തിളങ്ങല്‍) അടയാളങ്ങളാകുന്നു. സ്ഫൂശബ്ദം വികാസത്തെ, വിടര്ച്ചയെ സൂചിപ്പിക്കുന്നു. എന്നാല്‍, സമയത്തിലൂടെ സ്വാര്‍ത്ഥതയിലേക്ക് സഞ്ചരിക്കുന്ന മനുഷ്യജീവിക്ക് അതിന്റെ ശൈശവത്തിലെ ചൈതന്യം നഷ്ടമാകുന്നു. അങ്ങനെ നഷ്ടപ്പെട്ടുപോയ ചൈതന്യവും ലാളിത്യവും വീണ്ടെടുക്കുക എന്നാണ് 'നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍' എന്ന് പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത്; പ്രകാശത്തിന്റെ വഴിയിലേയ്ക്കു തിരിച്ചുവരിക എന്ന്. 

ഇതൊരു രഹസ്യമാണ്, അതായത്, പ്രത്യക്ഷമല്ലാത്ത അറിവ്. എന്നാല്‍, അങ്ങനെയൊന്നുണ്ടെന്നറിയുകയും, അതിനായി കൊതിക്കുകയും, അത് പരിശീലിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യുന്ന വിജ്ഞാനദാഹികള്‍ അത് സുഖദായകമായി അനുഭവിക്കുന്നു. അതിലേയ്ക്ക് സഹായകരമായ താത്ത്വികവിചാരം വളരെ ലളിതമാണ്. ഈ പ്രപഞ്ചത്തില്‍ ഓരോ ഉരുവും വ്യത്യസ്തമാണ്. ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ പ്രകാശം. കുഞ്ഞുങ്ങളെപ്പോലെ, ഈ പ്രാഥമിക സത്യത്തെ അംഗീകരിക്കുമ്പോള്‍, ഓരോന്നിനും അതിന്റേതായ ശ്രേഷ്ഠത കല്പിച്ചുകൊടുക്കാനും, ഒന്നിനെയും ദുരുപയോഗപ്പെടുത്താതിരിക്കാനും, അതോടൊപ്പം, അവനവനെയും മറ്റാരെയും, ഇല്ലാത്ത പൊരുള്‍ നല്‍കി  പൊലിപ്പിച്ചുകാട്ടാതിരിക്കാനും നാം ശ്രദ്ധാലുക്കളാകും. അങ്ങനെയെങ്കില്‍ നമ്മുടെ ഈശ്വരസങ്കല്‍പം ഏതെങ്കിലും നാമത്തിലോ രൂപത്തിലോ അവതാരത്തിലോ മാത്രമായി ചുരുങ്ങുകയില്ല. കാരണം, എല്ലാറ്റിലും ഒരുപോലെയുള്ള പരമാത്മാവ്‌ ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുക അസ്സാദ്ധ്യമാണല്ലോ. ദൈവത്തില്‍ മാനുഷപ്രകൃതി ആരോപിക്കുകയും പ്രീണിപ്പിക്കാനാകുന്ന ഒരു ശക്തിയാണ് പരമാത്മാവ്‌ എന്ന് ധരിക്കുകയും ചെയ്യുക മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വൈകല്യമാണ്. അതുകൊണ്ടുതന്നെ ദേവാലയകേന്ദ്രീകൃതമായ ആരാധനക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ പ്രയാസമാണ് എന്നും സാന്ദര്‍ഭികമായി പറയേണ്ടിവരുന്നു.

'അഹമാത്മാ സവ്വഭൂതാശയസ്ഥിത:' എന്ന് ഗീതയില്‍ (4,20). ഈ വാക്യവും അതിന്റെ തുടര്‍ച്ചയായ 'അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച' എന്ന തുടര്പാദവും സി. രാധാകൃഷ്ണന്‍ വ്യക്തമായി ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു:

ജീവനുള്ളവയിലെ ജീവനും വിശ്വജീവനും ഒരേ സത്തയുടെ വിവിധരൂപങ്ങളെന്ന് കരുതാമെങ്കിലും അചേതനങ്ങളെന്നു അറിയപ്പെടുന്നവയില്‍ പരമാത്മാവ്‌ പൊരുളായി ഇരിക്കുന്നതെങ്ങനെ? സജീവം നിര്‍ജീവം എന്നിവയ്ക്കിടയില്‍ സയന്‍സ് കല്‍പ്പിക്കുന്ന വിഭജനരേഖയാണ് ഈ സംശയത്തിനാധാരം. ഇങ്ങനെയൊരു വിഭജനരേഖ വേദാന്തദര്‍ശനത്തില്‍ ഇല്ല. ജീവനില്ലാത്തതൊന്നും പ്രപഞ്ചത്തിലില്ലെന്നാണ് ഗീതാമതം. പഞ്ചഭൂതങ്ങള്‍ സജീവങ്ങളല്ലെങ്കില്‍ അവയില്‍നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എങ്ങനെയുണ്ടാകാന്‍? ഓരോ ഊര്‍ജ്ജതരംഗവും പരമാണുകണവും പ്രവര്‍ത്തിക്കുന്നത് സ്വന്തമായ ബുദ്ധി ഉള്ളതുപോലെയാണ്. ഏറ്റവും ചെറിയ പദാര്‍ത്ഥകണികയും സജീവമാണ് എന്ന് സയന്‍സും സമ്മതിക്കുന്നു. അപ്പോള്‍, താരതമ്യേന വലിയ ക്ഷേത്രങ്ങളെന്ന താല്‍ക്കാലിക കൂട്ടായ്മകളെയാണ് വ്യത്യസ്ത ജീവികളായി നാം കാണുന്നത് എന്ന് മാത്രം.              
(ഗീതാദര്‍ശനം താ. 268-269)
 
സാക്ക്‌ എന്ന ചിന്തകന്‍ എന്നിലെ ഞാന്‍ ആരെന്നു ചിന്തിക്കുന്നതിനൊപ്പം ആ കുഞ്ഞിനുള്ളിലെ ഞാനും കണ്ടെത്തുവാനുള്ള ദീര്‍ഘയാത്രയിലാണ്. കുഞ്ഞായിരിക്കുമ്പോള്‍ നാമും എന്തു സന്തുഷ്ടരായിരുന്നു.ഹൃദയത്തിനുള്ളില്‍ നിഷ്കളങ്കതയും ദയയും ഒന്നുപോലെ തങ്കസ്വരൂപത്തിലായിരുന്നു.

ഞാന്‍ അന്നു ഇന്നുള്ള ഞാനെക്കാള്‍ ശ്രേഷ്ടമായിരുന്നു. പുറകോട്ടുള്ള യാത്രയില്‍ നിഷ്കപടമായ ആ ഞാനേ കണ്ടെത്തുവാന്‍ പ്രഭോ ഇനി സാധിക്കുമോയെന്നു ഉയരങ്ങളിലേക്ക് ദൃഷ്ടികള്‍ പതിപ്പിച്ചു ചോദിക്കുവാന്‍ തോന്നിപോവുന്നു!!! കുതിച്ചുയരുന്ന ലോകത്തിലേക്ക് ചാടിചാടി മുമ്പോട്ട്‌ കുതിക്കുന്ന ഞാന്‍ എങ്ങനെ പുറകോട്ടുപോയി കുഞ്ഞായിരുന്ന ആ ഞാനേ കണ്ടെത്തും.

മനസ്സിലാക്കാനാകാത്ത ഞാനായ ആ കുഞ്ഞിന്‍റെ സ്നേഹം അതീതമായ ഇന്നലെകളില്‍നിന്നു എങ്ങനെയെങ്ങനെ തപ്പിപിടിക്കും. വീണ്ടെടുക്കും!!! ഭൌതിക ലോകത്തില്‍ നഷ്ടപ്പെട്ടതൊക്കെ പിടിച്ചെടുക്കുവാന്‍ പടവാളുമായി പടയോട്ടം നടത്തുമ്പോള്‍ ഞാനായ നഷ്ടപ്പെട്ട സ്നേഹം തിരിച്ചു പിടിക്കണമെന്ന് അവിടുന്നു പറയുന്നു. എങ്ങനെ?

എനിക്കും വേണം ഞാന്‍ എന്ന ആ കുഞ്ഞിന്‍റെ ആസ്ത്യക്യം...ഹൃദയ ഹാരിയായ മനോഹരമായ ആ കുഞ്ഞിന്‍റെ പുഞ്ചിരി. ഉയരങ്ങളില്‍ നിന്നു അവിടുന്നു പറയുന്നു,
കുഞ്ഞേ നീ സംശയിക്കെണ്ടാ, നിന്‍റെ പ്രതീക്ഷയില്‍ സ്നേഹത്തിങ്കല്‍ ദൈവത്തിങ്കല്‍ ഞാനാകുന്ന നിന്‍റെ അനന്തകാലത്തിലേക്ക് മടക്കി കൊണ്ടുവരാം. വിശ്വസിക്കൂ. അങ്ങനെ മതവും പറയുന്നു.

നീ ശിശുവായി മടങ്ങി എത്തിയെങ്കില്‍ ഇന്നു മുതല്‍ നിന്‍റെ ആത്മം പരമാത്മാവില്‍ ആയിരിക്കും. മായാപ്രപഞ്ചത്തില്‍നിന്നും നീ മുക്തി നേടിയെന്നും അര്‍ഥം. മായാത്ത തത്വപ്രപഞ്ചത്തില്‍ ജീവിച്ച യേശുഭഗവാനെ സ്തുതിക്കെണ്ടതും അങ്ങനെ തന്നെയല്ലേ.

ആഗോപരമായ കുഞ്ഞിന്‍റെ കണ്ണുകള്‍ ഇന്നു തന്നിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ കണ്ടെത്തുമായിരുന്നു. നീയെന്ന സത്യം ഞാന്‍ അറിയുമായിരുന്നു. എങ്കില്‍ നിന്നെ തേടി ഇത്ര ദൂരം ഈ വിദൂര യാത്രക്ക് ആവശ്യമില്ലായിരുന്നു.‍ പരിശുദ്ധമായ ഈ സ്നേഹത്തിന്‍റെ ഹൃദയമെന്തെന്നു മൃത്യുവായ ലോകത്തെ ഞാന്‍ ബോധ്യ പ്പെടുത്തുമായിരുന്നു.

മായാശക്തിയുള്ള ഞാന്‍ എന്ന നഷ്ടപ്പെട്ട കുഞ്ഞിന്‍റെ ദൃഷ്ടികളുണ്ടായിരുന്നുവെങ്കില്‍ പ്രാപഞ്ചിക സുഖത്തിനു‍ അടിമപ്പെടുകയില്ലായിരുന്നു. ജ്വലിക്കുന്ന എന്നിലെ ഹൃദയത്തില്‍ ഞാന്‍ കുഞ്ഞായി വീണ്ടും ജനിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചം മുഴുവന്‍ എന്നിലും അലിയുമായിരുന്നു.

പരാജയമേറി ഇന്നലെകളുടെ നഷ്ടബോധങ്ങള്‍ വീണ്ടെടുക്കുവാന്‍ പരമാത്മാവിനെ കണ്ടെത്തുവാന്‍ ഞാന്‍ വീണ്ടും നിഷ്കളങ്കതയുടെ കുഞ്ഞാകുവാന്‍ ഇനിയും യുഗങ്ങള്‍ കാത്തിരിക്കണം. ആ സത്യം യേശുവും യേശുവിന്‍റെ വലതുഭാഗത്തു ക്രൂശിച്ച കള്ളനും മാത്രം കണ്ടെത്തി. ഉയര്‍പ്പില്‍ പങ്കെടുത്ത മഗ്ദാലനായും പിതാവിനു തൊട്ടുദൂരത്തുമുണ്ട്‌.

 
സാക്കിന്റെ ചിന്തകള്‍ എന്നെയും വളരെ പിന്നിലേക്ക്‌ കൊണ്ടുപോയി. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുമ്പില്‍ പ്രപഞ്ചത്തിലെ എന്തിനും ജിവനുണ്ട്......അവക്കുള്ളത് ജിവന്‍ മാത്രം - അവര്‍ക്ക് മുമ്പില്‍ അവര്‍ കൂടുതല്‍ സ്നേഹിക്കുന്നതും കുറച്ചു സ്നേഹിക്കുന്നതും മാത്രമേയുള്ളൂ. നമ്മുടെ മുന്‍പിലോ? സ്നേഹിക്കുന്നതും വെറുക്കുന്നതും മാത്രം....അവിടെയാണ് പിന്നോട്ട് പോയി അവരെപ്പോലെ ആവണം സ്വര്‍ഗ്ഗരാജ്യത്തില്‍ ചെല്ലണമെങ്കില്‍ എന്ന് യേശു പറഞ്ഞത്. സാക്കിനെക്കാള്‍ ഉത്തുംഗമായ ചിന്തകളും ഇടയ്ക്കിടയ്ക്ക് അല്മായാ ശബ്ദത്തില്‍ ഉയര്‍ന്നു വരാറുണ്ട്. പക്ഷെ അവരൊക്കെ അത്തരം കുഞ്ഞു കുഞ്ഞു ആശയങ്ങളുമായി മല്ലിടാറില്ല. 
സാക് എന്ത് പരിശ്രമിച്ചാലും മറ്റൊന്നവാനും കഴിയില്ല. സാക് പ്രപഞ്ചത്തിന്റെ ഭാഗമാണ്....നാമും അങ്ങിനെ ആവെണ്ടിയിരിക്കുന്നു...

എന്നെ തേടിയുള്ള യാത്ര (1)

എന്റെ അയല്‍വാസി തൂങ്ങാമ്പറമ്പില്‍ പപ്പന് ഒരേ ഒരു പ്രശ്നമുള്ളത്, വൈകീട്ട് രണ്ടു ലാര്‍ജ് വീശിക്കഴിഞ്ഞാ ല്‍, പിന്നെ സ്വന്തം വീടെവിടെ എന്നറിയില്ല എന്നതാണ്. ആരെങ്കിലും വീട്ടില്‍ കൊണ്ടാക്കിയാല്‍, അങ്ങേര്‍ക്കു താനാരാണെന്നുമറിയില്ല. ആരെങ്കിലും പല പ്രാവശ്യം പപ്പന്‍ , പപ്പന്‍ എന്നു പറഞ്ഞുകൊണ്ടിരിക്കണം. തൊണ്ണൂന്റൊന്പതു ശതമാനം മനുഷ്യരും സുബോധാവസ്ഥയിലും ഇങ്ങനെയാണ്. തങ്ങള്ക്ക്  പേരും  വിലാസവും ഉണ്ടാക്കുന്ന ജോലി അന്യര്‍ക്കുള്ളതാണെന്ന മട്ടാണ്. അന്യരുടെ ഭിപ്രായങ്ങള്‍‍ക്കാണ് അവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. താനാരാണെന്ന് സ്വയം അറിയുന്നില്ല എന്നതുതന്നെയാണ് ഈ അരക്ഷിതാവസ്ഥക്ക് പിന്നിലെ കാരണം. എന്നാല്‍, സ്വയമറിയാന്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ ആശ്രയിച്ചാല്‍ അതെത്രമാത്രം തെറ്റാകാനിടയുണ്ട് എന്ന് ആരും ചിന്തിക്കുന്നേയില്ല. "അവരുടെ അഭിപ്രായങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ്, ഞാനാരാണ് എന്നതിലേയ്ക്ക് അവ ഒരു വെളിച്ചവും വീശുന്നില്ല" എന്ന വിവേകത്തിലേയ്ക്കെത്താന്‍ എത്ര പേര്ക്കാകുന്നുണ്ട്? തീര്‍ച്ചയായും വളരെ കുറവായിരിക്കും അവരുടെയെണ്ണം.

നാമോരോരുത്തരുടെയും കാര്യത്തില്‍, ഞാന്‍ ഉണ്ട് എന്നത് സംശയരഹിതമായ സത്യമാണ്. അതാണ്‌ അടിസ്ഥാനപരമായ അവബോധം, ആത്മജ്ഞാനം. അത് പുറത്തുള്ള ഒന്നില്‍നിന്നും, ആരില്‍നിന്നുമല്ല, മറിച്ച്, അകത്തുനിന്നു മാത്രമേ ലഭ്യമാകൂ. എന്നാല്‍, ഞാന്‍ ആരാണ്, എന്താണ് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഞാന്‍ ഇന്ന രാജ്യത്ത് ജനിച്ചു, ഇന്ന സമൂഹത്തില്‍ പെടുന്നു, ഇന്നയാളുടെ ഭാര്യയോ ഭര്‍ത്താവോ, മകനോ മകളോ ആണ്, ഇന്ന ജോലി ചെയ്യുന്നു എന്നതൊക്കെ എന്റെ അടിസ്ഥാന സ്വത്വത്തിലേയ്ക്ക് കൂട്ടിചേര്ക്കപ്പെടുന്ന വിശേഷണങ്ങളാണ്. എന്നാല്‍ ഇവ അടിസ്ഥാനപരമായ ആത്മജ്ഞാനത്തെ കളങ്കിതമാക്കുകയും ഞാന്‍ ഉണ്ട് എന്ന സത്യത്തെ മൂടിക്കളയുകയും ചെയ്യുന്നു. ഞാന്‍ ആകുന്നു (I am) എന്നത് സംശുദ്ധമായ being ആണ്; ഞാന്‍ അതല്ലെങ്കില്‍ ഇതാണ് (I exist as) എന്നത് ഒരു സാരവുമില്ലാത്ത existence മാത്രമാണ്. ആദ്യത്തേത് സാര്‍വത്രികവും സ്വതന്ത്രവുമാണ്; രണ്ടാമത്തേത്, വ്യക്തിഗതവും ഇടുങ്ങിയതുമാണ്‌.

ആത്മജ്ഞാനം നേടിയവനും നേടാത്തവനും തമ്മിലെന്താണ് വ്യത്യാസം?

കൂടുതലാള്‍ക്കാരും സ്വത്വബോധമില്ലാത്തവരായതിനാല്‍, അവരെപ്പറ്റി ആദ്യം ചിന്തിക്കാം. അവര്‍ പൊതുജനാഭിപ്രായത്തെയും ചുറ്റുപാടുകളെയും ഗൌരവമായി കാണുകയും അവയില്‍ ഒന്ന് മറ്റൊന്നിന് കാരണമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവയ്ക്കനുസരിച്ച് പെരുമാറാനാണ് അവര്‍ ഊര്‍ജ്ജമെല്ലാം ചെലവാക്കുന്നത്. അവര്‍ അന്യര്‍ക്ക് സ്വീകാര്യമായ രീതിയില്‍ തന്നെപ്പറ്റിയും അന്യരെപ്പറ്റിയുമുള്ള അഭിപ്രായങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. എന്നിട്ട്, സ്വയം ഈ അഭിപ്രായങ്ങളുടെ ആകെത്തുകയായി കരുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 

നേരേ മറിച്ച്, സ്വയം കണ്ടെത്തിയവന്‍, അതായത്, ആത്മജ്ഞാനിയായവന്‍, ഏത്‌ സാഹചര്യത്തിലും ഇളക്കമില്ലാതെ നിലകൊള്ളും. അയാള്‍ സംഭവങ്ങളുടെ പരമ്പരയില്‍ (ഓര്‍മ്മകളില്‍) കുടുങ്ങിപ്പോകുന്നില്ല. ഓരോന്നും കണ്ടിട്ട്, അതില്‍നിന്നു വിട്ടുനില്‍ക്കുന്നു. ചുറ്റും എന്തുതന്നെ സംഭവിക്കട്ടെ, "ഞാന്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ്" എന്ന സത്യം അറിയുന്നതുകൊണ്ട്, അയാളെ അതൊന്നുംതന്നെ സാരമായി ബാധിക്കുന്നില്ല. താന്‍ സര്‍വ്വസ്വതന്ത്രനാണ് എന്ന സത്യത്തെ നേരിട്ടറിയുന്ന അവന്റെ അസ്തിത്വം സ്ഥിരതയുള്ളതാണ്. അന്യര്ക്ക് മുമ്പില്‍ തന്റെ ചെയ്തികള്‍ ശരിയോ തെറ്റോ എന്ന വിശകലനത്തിനായി അവന്‍ തല മരപ്പിക്കുന്നില്ല. ശാന്തിയും സന്തുഷ്ടിയുമാണ് ഫലം.

എനിക്കെങ്ങനെ എന്റെ തനിമയെ കണ്ടെത്താം?

ഒരു സത്യത്തെയും നമുക്ക് നേരിട്ട് എത്തിപ്പിടിക്കാനാവില്ല. അതല്ലാത്തത് എന്തൊക്കെ എന്ന് തെരഞ്ഞു ചെന്നു മാത്രമേ, ഒരു സത്യത്തിലേയ്ക്ക് നമുക്ക് പ്രവേശനം കിട്ടൂ. അതുപോലെതന്നെ, ഞാനല്ലാത്തതെന്തൊക്കെ എന്ന് അരിച്ചുപെറുക്കി വേണം ഞാന്‍ എന്താണ് എന്ന് തിരിച്ചറിയാന്‍. നിതാന്ത ജാഗ്രതയിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ. എന്റെ അനുഭവപ്രപഞ്ചത്തില്‍ വന്നുപെടുന്നവയൊന്നും - എന്റെ ശരീരം, അതുപയോഗിക്കുന്ന ഇടം, എന്റെ ചിന്തകള്‍, വികാരങ്ങള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, സമയബോധം, എന്നപോലെതന്നെ അന്യരുടെ വിചാരവികാരങ്ങളും സ്ഥാവരസംഗമങ്ങളുമൊന്നും - ഇവയെ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്ന ഞാന്‍ ആയിരിക്കാന്‍ ഒരിടയുമില്ല. എങ്കില്‍ പിന്നെയെന്താണ് എന്റെ സത്ത? 

ഈ തെരയല്‍ നമുക്ക് ഇങ്ങനെ തുടങ്ങാം. എന്തുകൊണ്ടാണ് ഞാന്‍ എപ്പോഴും തന്നെ മേല്പ്പറഞ്ഞ ബാഹ്യതലവ്യഗ്രതകളില്‍ കുടുങ്ങിപ്പോകുന്നത്? ശ്രദ്ധയുടെ തെറ്റായ കേന്ദ്രീകരണമാണ് തെറ്റായ കാഴ്ചപ്പാടിനെയും ബന്ധങ്ങളെയും ഉണ്ടാക്കുന്നത്. മേല്‍പ്പറഞ്ഞ, നമ്മള്‍ നമുക്ക് ചുറ്റും അനുഭവിക്കുന്നവയില്‍,‍ ശ്രദ്ധചെലുത്തുകയും എന്റെ സത്തക്ക് അവയുമായി അഭേദ്യമായ ബന്ധമുണ്ടെന്നു ധരിച്ചുപോകയും ചെയ്യുന്നതോടേ, ശരിയായ, ഞാനെന്ന സത്ത അവയ്ക്കുള്ളില്‍ കുരുങ്ങിപ്പോകുന്നു. അതുകൊണ്ട്, ശരിക്കും ഞാനല്ലാത്തവ എന്തെല്ലാമെന്നു കണ്ടെത്തി, അവയില്‍ നിന്നു സ്വയം വേര്‍പെടുത്തുക എന്നതിലൂടെ മാത്രമാണ് എനിക്ക് എന്നെ കണ്ടെത്താനാവുക. ശ്രീ നിസര്‍ഗദത്ത മഹാരാജയുടെ അതിഗഹനമായ ഒരുവാക്യമിങ്ങനെ: എന്റെ അസ്തിത്വം ഈ ലോകത്തെ വിശദീകരിക്കുന്നു; എന്നാല്‍ ഞാന്‍ ഈ ലോകമല്ല. (The world is there because I am. But I am not the world.) അതുതന്നെ സാധാരണക്കാര്‍ക്കുവേണ്ടി യേശു ലളിതമായ ഭാഷയില്‍ പറഞ്ഞത് ഇങ്ങനെ: നിങ്ങള്‍ ഈ ലോകത്തിലാണ്, എന്നാല്‍ ഈ ലോകത്തിന്റേതല്ല. (ഇതിന്റെ ഉള്ള‍ര്‍ത്ഥങ്ങളിലേയ്ക്ക് വഴിയേ.)

സാധാരണ ഗതിയില്‍ നമ്മുടെ അനുഭവലോകത്ത് ശരീരം മേല്‍ക്കൈ നേടുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ളതൊക്കെ "എന്റെ" ഭാഗമായി കരുതപ്പെടുന്നു. മനുഷ്യര്‍ അവരുടെ ശരീരത്തിന്റെ വിശേഷണങ്ങളിലൂടെയും ബാഹ്യ ചേഷ്ടകളിലൂടെയും വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് അവരുടെ ശരിയായ സത്ത കൈവിട്ടുപോകാന്‍ ഇടയാക്കുന്നത്. ശരീരത്തിന്റെ രൂപം, നിറം, ആംഗ്യങ്ങള്‍, ഉടയാടകള്‍, ആരോഗ്യം, അനാരോഗ്യം എന്നതൊന്നും കാതലായ എന്റെ ഉണ്മയെ ബാധിക്കുന്ന കാര്യങ്ങളേയല്ല. എന്നാല്‍, ശ്രദ്ധ അവയിലാകുമ്പോള്‍, ശരിക്കുള്ള "ഞാന്‍" അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത്‍, എന്റെയും അന്യരുടെയും അനുമാനങ്ങളുടെ ആകെത്തുക ഞാനായി വിരാജിക്കുകയും ചെയ്യുന്നു. ഞാന്‍ സ്ഥിരതയില്ലാത്ത വെറുമൊരു താത്ക്കാലിക പ്രത്യക്ഷമായിത്തീരുന്നു. എന്നാല്‍, ഞാന്‍ ഉണ്ട് എന്ന ആന്തരികബോധത്തിലെ ഞാന്‍ സ്ഥിരതയുള്ള ഒരു നിത്യസത്യമായിരിക്കേണ്ടതുണട്. ഈ സത്യത്തെ അനുഭവേദ്യമാക്കാന്‍, ഞാനല്ലാത്തവയില്‍ നിന്നെല്ലാം ഞാന്‍ സ്വതന്ത്രനാകണം. അതുമാത്രമാണ് എന്നെ കണ്ടെത്താനുള്ള ഏക വഴി. സ്വന്തം മനസ്സിന്റെ നിരൂപണങ്ങള്‍‍ക്കോ, സൗകര്യംപോലെ മാറിക്കൊണ്ടിരിക്കുന്ന അന്യരുടെ അഭിപ്രായങ്ങള്‍ക്കോ, അതിനെ മെനയാനാനുള്ള പണി കൊടുത്താല്‍ ഫലം വികൃതമായിരിക്കും. 

മനസ്സിന്റെ വികൃതികള്‍

എല്ലാ ഗുരുക്കന്മാരും പറയുന്നു, മനസ്സാണ് മനുഷ്യനെ വഴിതെറ്റിക്കുന്നതെന്ന്. പക്ഷേ, എന്താണ് ഈ സാധനം? ഇഷ്ടമുള്ളതൊക്കെ (സുഖം തരുന്നവ) ആഗ്രഹിക്കുകയും ഇഷ്ടമില്ലാത്തവയില്‍ (വേദനിപ്പിക്കുന്നവ) നിന്ന് ഓടിയകലുകയും ചെയ്യാന്‍, ഓര്‍മ്മകളുടെ ശേഖരങ്ങള്‍ കാട്ടി നമ്മെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന അന്തക്കരണമെന്ന് അതിനെ വിളിക്കാം. മനസ്സിന്റെ ഈ സ്വഭാവം തന്നെയാണ് അതിന്റെ കുഴപ്പവും. കാരണം, ജീവിതമെന്നത് നാം തിരഞ്ഞെടുക്കാതെതന്നെ, സ്വമേധയാ നമ്മെ വഹിച്ചുകൊണ്ടുപോകുന്ന ഒരൊഴുക്കാണ്. അതില്‍ സുഖവും വേദനയും തമ്മില്‍ വേര്‍തിരിച്ചും തിരഞ്ഞെടുത്തും ഒഴുക്കില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ ഓരങ്ങളില്‍ തടഞ്ഞുപോകുന്നു. അതിനിടയാക്കുന്നത് മനസ്സാണ്. കാരണം, എല്ലാം വരുന്നതുപോലെ എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മുന്നോട്ടുള്ള ഒഴുക്കിന് ഗതിയുണ്ടാകൂ. അതിനാകണമെങ്കില്‍, ഞാന്‍ തിരിച്ചറിയേണ്ട അതിപ്രധാനമായ ഒരു കാര്യം ഇതാണ്: ഒഴുകിക്കൊണ്ടിരിക്കുന്നതൊന്നുമല്ല ഞാന്‍‍, ആ ഒഴുക്ക് കണ്ടുനില്‍ക്കുകയും കൂടെയൊഴുകുകയും മാത്രമാണ് ഞാന്‍ ചെയ്യുക. ഭയമോ വെറുപ്പോ ആഗ്രഹങ്ങളോ ഒന്നും എന്റെ ഉണ്മയെ ചഞ്ചലിതമാക്കേണ്ടതില്ല. എന്നാല്‍ മനസ്സാകട്ടെ, ഈ സുസ്ഥിതിയെ അസ്സാധ്യമാക്കാന്‍ വേണ്ടതൊക്കെയും ചെയ്തുകൊണ്ടിരിക്കുന്നു.

എങ്ങനെ? ഞാന്‍ സത്യത്തിലെന്താണോ, അതിനും എന്റെ ശരീരത്തിനുമിടയ്ക്ക്, എന്റെ ഉണ്മക്ക് ഒരു ഗുണവും ചെയ്യാത്ത നൂറായിരം അസ്ഥിരമായ ചിന്തകളും ഭാവങ്ങളും മനസ്സില്‍ കൂടി മാറിമറഞ്ഞുകൊണ്ടിരിക്കുന്നു. ‌മൂടല്‍മഞ്ഞുപോലെ അവ എന്റെ കാഴ്ച്ചയെ മറയ്ക്കുന്നു. എന്തിന്റെ കാഴ്ച്ചയെ? എനിക്കു തോട്ടറിയാനാവുന്ന ഒരേയൊരു സത്യമായ ഈ നിമിഷത്തിന്റെ കാഴ്ച്ചയെ. കാരണം, മനസ്സിന്റെ വിഹാരരംഗം കഴിഞ്ഞുപോയതും വരാന്‍ സാദ്ധ്യതയുള്ളതുമായ കാര്യങ്ങളാണ്. എനിക്കാകട്ടെ, ഇവ രണ്ടും തീര്‍ത്തും അപ്രസക്തമായ ശല്യങ്ങള്‍ മാത്രമാണ്. കാരണം, എന്നെ സംബന്ധിച്ചിടത്തോളം വാസ്തവികമായത് ഇപ്പോള്‍, ഈ ഒറ്റ നിമിഷത്തില്‍, എനിക്ക് സംഭവിക്കുന്നതെന്തോ, അതു മാത്രമാണ്. അതില്‍ ശ്രദ്ധ ചെലുത്താനാകുന്നില്ലെങ്കില്‍, എല്ലാമെനിക്ക് നഷ്ടമാകുകയാണ്. അതിനിടയാക്കുന്നത് അസ്ഥിരമായ എന്റെ മനസ്സാണ്.

എന്തുകൊണ്ടാണ് മനസ്സിന് സ്ഥിരതയില്ലാത്തത്?

മനസ്സിലുള്ളതെല്ലാം ഓര്‍മ്മകളാണ്. വ്യഷ്ടിതലത്തിലും സമഷ്ടിതലത്തിലുമായി ഉറഞ്ഞുകൂടുന്ന അനുഭവങ്ങളില്നിന്നാണ് മനസ്സ് രൂപംകൊള്ളുന്നത്‌. ഒന്നുകില്‍ ഒരിക്കല്‍ അനുഭവിച്ച സുഖത്തോടുള്ള ആഗ്രഹം അല്ലെങ്കില്‍ അറിഞ്ഞിട്ടുള്ള വേദനയോടുള്ള ഭയം. അവിടെയാണ് അസ്ഥിരതയുടെ ഉറവിടം. ഭാഗികമായത് മാത്രം കാണിക്കുന്ന ഒരുപകരണമാണ് മനസ്സ്. ഭാഗികമായത് അപൂര്‍ണ്ണമായതിനാല്‍, സമ്പൂര്‍ണ്ണതയുടെ സൌന്ദര്യത്തെ വെളിപ്പെടുത്താന്‍ അതിനാകില്ല. അങ്ങനെ വേദനയും ദു:ഖവും സംജാതമാകുന്നു. പ്രപഞ്ചം ആത്യന്തികമായി അതില്‍ത്തന്നെ സമ്പൂര്‍ണ്ണവും അതുകൊണ്ട് പോരായ്മകളെയും വേദനയെയും ഉള്‍ക്കൊള്ളാത്തതും ആണെന്നത് മനസ്സിനെത്തിപ്പെടാവുന്ന ഒരു സത്യമല്ല. ഉണ്മയുടെ സമഗ്രതയെ ദര്ശിക്കാന്‍ അനിതരസാധാരണമായ ഒരുള്‍‍ക്കാഴ്ച്ചയുടെ ആവശ്യമുണ്ട്. അതില്ലാത്തിടത്തോളം, സാരമില്ലാത്ത വിശദാംശങ്ങളില്‍ ദൃഷ്ടിയുറച്ചുപോകുന്ന മനസ്സിന്റെ പ്രലോഭനങ്ങളില്‍ കിടന്നുഴലുന്നവരാണ് ഭൂരിപക്ഷവും.‍ അവയില്‍നിന്നു രക്ഷപ്പെടാതെ അവര്‍ ഒരിക്കലും സന്തുഷ്ടിയുടെ പാരമ്യത്തിലെത്തുകയില്ല. 

ഞാന്‍ ഇരിക്കേണ്ടിടത്തു അഹന്ത കയറിയിരുന്നാല്‍.

മനസ്സിന്റെ നിര്‍മ്മിതിയാണ്‌ അഹന്ത. നമുക്കൊരന്വേഷണം നടത്താം. അജ്ഞതയോടൊപ്പം നിലനില്‍ക്കുന്നതെല്ലാം അനാവശ്യമായിരിക്കും. അജ്ഞതയില്‍ കഴിയുന്നവര്‍ ചെയ്യുന്നതെന്തായിരുന്നാലും അവയൊക്കെ നിസ്സാരങ്ങളും അനാവശ്യങ്ങളുമായിരിക്കും. അവയെ വിട്ടുകളഞ്ഞാല്‍ ഒന്നും സംഭവിക്കുന്നില്ല, ഒന്നും നഷ്ടപ്പെടുന്നില്ല, എന്നാണതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, സ്വന്തം ജീവിതത്തിന്റെ നിസ്സാരതയിലേയ്ക്ക് നോക്കാന്‍ മനുഷ്യര്‍ക്ക്‌ ഭയമാണ്. പകരം, സ്വന്തം വ്യക്തിത്വത്തിന് മാറ്റ് കൂട്ടാന്‍വേണ്ടി എല്ലാ സൂത്രങ്ങളും കള്ളക്കളികളും മനുഷ്യര്‍ കണ്ടുപിടിക്കും. അതിന്, ആദ്യത്തെ പടി, അതില്‍ത്തന്നെ തീര്‍ത്തും അപ്രധാനമെങ്കിലും മനസ്സില്‍ കടന്നുകൂടിയ ഇഷ്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും അതിപ്രധാനമായ സ്ഥാനം കല്‍പ്പിച്ചുകൊടുക്കുകയാണ്. എന്നിട്ട് സ്വന്തം അഭിമാനം, കുടുംബമഹിമ, സമൂഹനന്മ തുടങ്ങിയവയെ അവയുമായി ബന്ധപ്പെടുത്തി ചിന്തിക്കും. അങ്ങനെ, അലംകൃതമായ വീട്, തേച്ചുമിനുക്കിയ ഉടയാടകള്‍, വിലയേറിയ ഉപകരണങ്ങള്‍, ചായംകൊടുത്തും ആഭരണങ്ങളില്‍ പൊതിഞ്ഞും ഗമ വരുത്തിയ ശരീരങ്ങളുമൊക്കെ ചേര്‍ത്ത്, എന്റെ യഥാര്‍ത്ഥ സത്തയുടെ സ്ഥാനത്ത് ഒരു വമ്പന്‍ അഹത്തെ സ്ഥാപിക്കുന്നു. അകം പൊള്ളയായ ഇത്തരം അഹന്തകളുടെ പ്രളയമാണ് ഇന്നത്തെ സമൂഹം. അഹന്തകളില്ലാതെ സമൂഹത്തിനും സമൂഹമില്ലാതെ അഹന്തക്കും നിലനില്‍പ്പില്ല. 

എന്നാല്‍, ജീവിതത്തിന്റെ അടിത്തട്ടില്, ഹൃദയത്തിന്റെ പരമമായ അന്തര്‍ഭാഗത്ത്, ഞാന്‍ എപ്പോഴും തനിച്ചാണ് എന്ന് തിരിച്ചറിയുന്നവരിലെ ഞാന്‍ എല്ലാ നിബന്ധനകള്‍ക്കും പുറംപൂച്ചുകള്‍ക്കും അതീതനായിത്തീരുന്നു. അതായിരുന്നു ബുദ്ധന്റെയും യേശുവിന്റെയും ആഴങ്ങളുടെ രഹസ്യം.
ഞാന്‍ ആരാണെന്ന് എനിക്കറിയില്ലെങ്കില്‍, എനിക്കെന്ത് ആഴമാണുള്ളത്‌? എനിക്കാഴമില്ലെങ്കില്‍, എന്റെ കെട്ടിനും മട്ടിനും എന്റെ പ്രവൃത്തികള്‍ക്കും എങ്ങനെ ആഴമുണ്ടാകും? ഞാന്‍ എന്നത് അനന്യമാണ്. അത് മറ്റൊന്നിന്റെയും മറ്റാരുടെയും അനുകരണമല്ല. ഒരു തരത്തിലുമുള്ള അനുനയനത്തിനും വഴിപ്പെടേണ്ടതില്ലാത്ത ഒരു സത്തക്ക് മാത്രമേ പരമമായ സ്വാതന്ത്ര്യാനുഭവം സാദ്ധ്യമാകൂ. അതിന്റെ അല്പമായ രുചിപോലും അഹന്തകൊണ്ട് നിറഞ്ഞവര്‍ക്ക് കിട്ടില്ല. പരമമായ ഈ മോചനത്തിന് മഹാവീര്‍ കൈവല്യം എന്നാണ് പേരിട്ടത്. കൈവല്യമെന്നാല്‍ പൂര്‍ണമായ ഏകത, പരിപൂര്‍ണ തനിമ, എന്നാണര്‍ത്ഥം. എന്നെ തേടിയുള്ള ഈ യാത്ര തത്ക്കാലം ഇവിടെ നിറുത്താം. (തുടരും)

എന്നെ തേടിയുള്ള യാത്ര ( 2)

എല്ലാം വേണ്ടതുപോലെ ആയിരിക്കുന്നു എന്ന അറിവാണ് ആനന്ദം.

ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്,* ചേരുവകളും മറിമായങ്ങളും ഇല്ലാതെയുള്ള " ഞാന്‍ " എന്നാല്‍ എന്താണെന്നും അതിനെ അംഗീകരിക്കാനാവുകഅനുദിനജീവിതത്തിന്  സാരാംശത്തെ സമ്മാനിക്കുന്ന  ഒരു വലിയ നേട്ടംതന്നെയാണെന്നും കണ്ടു. എന്നാല്‍ നീണ്ട കാലത്തേയ്ക്ക്  ഒരാള്‍ ഞാന്‍ എന്ന ബിംബത്തിന്  ഇട്ടുശീലിച്ച ചമയങ്ങളൊക്കെ മാറ്റിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ശാന്തമായി, നിശബ്ദതയില്‍ , നിതാന്ത പരിശ്രമത്തിലൂടെ സ്വയം വിലയിരുത്താന്‍ കെല്പുള്ളവര്‍ക്ക്  മാത്രമേ അങ്ങനെയൊന്ന് സാദ്ധ്യമാകൂ. ' ഇതല്ല ഞാന്‍ , അതുമല്ല ഞാന്‍ ' എന്ന് വളരെ കൃത്യമായി നിരീക്ഷിച്ചു വേണം, ശരിക്കുള്ള ഞാന്‍ എന്താണോ, അതിനെ കണ്ടെത്താന്‍ . അങ്ങനെയൊരു ശ്രമം, മിക്കവരുടെ കാര്യത്തിലും,  ഭയപ്പെടുത്തുന്ന വലിയ ഒരു ഇല്ലായ്മയില്‍ ചെന്നവസാനിച്ച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍ , ഇവിടെ " ഞാന്‍ " ആയിരിക്കുന്നതെന്തോ, അതില്‍ സംതൃപ്തി തോന്നാന്‍ അസാമാന്യ ഹൃദയശുദ്ധത ആവശ്യമുണ്ട്. അങ്ങനെ ശുദ്ധമാക്കിയെടുത്തതു മാത്രമേ അനന്തസത്യവും ശിവവും സുന്ദരവുമായതിന്റെ ഭാഗമാകാനുള്ള ഔന്നത്യം നേടുന്നുള്ളൂ. 

ഏറ്റവും വലിയ അദ്ഭുതം എന്ത് ? സംശയത്തിനിടയില്ലാതെ പറയാം, അത്  അസ്തിത്വം തന്നെയാണ്. അസ്തിത്വത്തെ പല പല മുഖഭാവങ്ങളില്‍  കണ്ടുശീലിച്ച നമുക്ക്  ആത്യന്തികമായി അത് ഏകമായിരിക്കേണ്ടതുണ്ട്  എന്ന യുക്തി അംഗീകരിക്കുക അത്രയൊന്നും എളുപ്പമല്ല. തല്‍ക്കാലം, നമ്മുടെ ബുദ്ധിയുള്‍പ്പെടെ നമ്മുടെ അവബോധത്തില്‍ വരുന്നതൊക്കെയും  നമുക്കറിയാവുന്ന ഈ  പ്രപഞ്ചത്തിന്റെ ഭാഗമാണ്. അതില്‍ നമുക്ക്  മനസ്സിലാകാത്തതിനെ ദ്രവ്യമെന്നും, മനസ്സിലാകുന്നതിനെ ആത്മം അല്ലെങ്കില്‍ വെളിച്ചമെന്നും വിളിക്കാം. മൌലികമായ അര്‍ത്ഥത്തില്‍ , വെളിച്ചം എന്നാല്‍ , ഒന്നാമത്, ആയിരിക്കുക എന്ന സത്യം ഏറ്റവും വലിയ അദ്ഭുതമായും, രണ്ടാമത്, അത് ആ സത്യത്തെ കണ്ടെത്തുന്ന തന്നെയും ഉള്‍ക്കൊള്ളുന്ന സമഗ്രതയായും ഉള്ളില്‍ തെളിയുക എന്നാണ്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ , എന്റെ ഉണ്മയെ ഏതെങ്കിലും തരത്തില്‍ പരിമിതപ്പെടുത്തുന്ന എല്ലാ നിഴലുകളില്‍ നിന്നും സ്വതന്ത്രമായ അവസ്ഥയില്‍ അതിനെ ഉള്‍ക്കൊള്ളാനാവുക എന്നാണ്.  അങ്ങനെയൊരു ആന്തരീകാവസ്ഥയെ മങ്ങാത്ത വെളിച്ചം, അല്ലെങ്കില്‍  പരമമായ ആത്മബോധമെന്ന്  മനസ്സിലാക്കാം.  

സംശുദ്ധമായ ഈ  അവബോധത്തില്‍ എത്തിച്ചേര്‍ന്നാല്‍ , പിന്നെ മനസ്സില്‍ യാതൊരു തരത്തിലുളള  രൂപങ്ങളും ഉണ്ടാവില്ലെന്നു മാത്രമല്ല, സംശുദ്ധമായ അസ്തിത്വമല്ലാതെ ആകാരമുള്ള എന്തെങ്കിലും ഉണ്ട് എന്ന  ആശയം പോലും നിലനില്പ്പില്ലാതെ മറഞ്ഞുപോകും. ബാക്കിയാവുന്നത്  പ്രകാശം മാത്രം. ഒരു സ്വപ്നത്തിനു ശേഷം "ഞാന്‍ സ്വപ്നം കാണുകയായിരുന്നു" എന്നതിലെ "ഞാന്‍ " മാത്രം ബാക്കിയാകുന്നതുപോലെ, അവബോധമുണ്ടാവുമ്പോള്‍ , ബാക്കിയെല്ലാം അപ്രത്യക്ഷമായി, "ഞാന്‍ ആകുന്നു" എന്നതുമാത്രം നിലനില്‍ക്കുന്നു. അവിടെവരെ എത്തിയാല്‍ , ഞാന്‍ ആകുന്നു എന്നതും ഞാന്‍ എല്ലാമാകുന്നു എന്നതും ഒന്നുതന്നെയാണെന്ന്  യുക്തിയോടൊത്ത്  അന്തരാത്മാവും പറയുമ്പോള്‍ , അതു ശരിവയ്ക്കാന്‍ നമുക്കെളുപ്പമാകും. അല്ലാ, അതിന് നാം നിര്‍ബന്ധിതരാവും.  

ഞാനും എന്റേതും എന്നത്  വെറും മനോസൃഷ്ടിയാണ് എന്ന്  ഒരിക്കല്‍ അറിഞ്ഞുകഴിഞ്ഞാല്‍ , അതുതന്നെയാണ്  ആശാപാശങ്ങളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട എല്ലാ ഭയങ്ങളില്‍നിന്നുമുള്ള രക്ഷയിലേയ്ക്കുള്ള പാത. ഞാനും എന്റേതും ഇല്ലെങ്കില്‍ , പിന്നെ എന്തുമായിട്ടാണ് എനിക്ക്  കെട്ടുപിണഞ്ഞു കിടക്കേണ്ടി വരിക? ഞാനും എന്റേതുമില്ലെങ്കില്‍ , പിന്നെ എന്താണ് ഞാന്‍ ഏതെങ്കിലുമൊരു ലക്ഷ്യത്തിലെത്താന്‍ വേണ്ടി ത്യജിക്കേണ്ടി വരിക? ഒന്നും. സമ്പൂര്‍ണ സ്വാതന്ത്ര്യമാണ്  ഈ തിരിച്ചറിവിന്റെ ഫലം. അതോടേ, എല്ലാറ്റിന്റെയും സ്രോതസ്സ്  ഒന്നുതന്നെയാണെന്നും എല്ലാം അതുതന്നെയാണെന്നുമുള്ള ബോധം ഉള്ളില്‍ തെളിഞ്ഞുനില്‍ക്കും. അതോടേ, അവനവനെപ്പറ്റിയുള്ള പരമമായ അറിവിലെത്തി എന്ന്  തീര്‍ത്തു പറയാം. സത്യമായ സത്യം ഒന്നാണെന്നും ബാക്കിയെല്ലാം, അതായത്, ശരീരവും മനസ്സും അവയുമായി ബന്ധപ്പെട്ടതൊക്കെയും - ഞാന്‍ അതാണ്‌, ഞാന്‍ ഇതാണ് എന്നു തോന്നിക്കുന്നതൊക്കെയും - അസത്യമാണെന്നും അറിയുക തന്നെയാണ് മോക്ഷം അല്ലെങ്കില്‍ പരമമായ മുക്തി. ഏകം സത്  എന്ന ഒരേയൊരു സത്യത്തിന്റെ തെളിമയില്‍ ബാക്കിയെല്ലാം അപ്രത്യക്ഷമാകുന്നു.   

ഏകവും അനാദിയുമായതിന്റെ ഭാഗമാണ് നാമോരോരുത്തരും, ഇവിടെയുള്ള ഓരോന്നും, എന്നയനുഭൂതിയാണ്  ഈ അറിവിലേയ്ക്കുള്ള  ആദ്യ പടി. അതുവരെ മാത്രമേ ജനനമരണങ്ങളെ നിര്‍മ്മിക്കുന്ന സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികള്‍ നമ്മെ ബാധിക്കുന്നുള്ളൂ. സമയത്തില്‍  കുരുത്തതിന് , അതില്‍ തുടരുവോളം, സമയാതീതമായതിനെ പൂര്‍ണമായി അറിയുക എന്നതു അസാദ്ധ്യമാണ്. ഞാന്‍ , എന്റേത് എന്നിവ സമയത്തില്‍ കുരുത്തവയാണ്. സമയത്തില്‍  കുരുത്തത്  സമയത്തോടെ ഇല്ലാതാകും. സമയബോധം തീരുന്നിടത്ത്‌ മനസ്സും, മനസ്സ്  തീരുന്നിടത്ത്‌  സമയബോധവും ഇല്ലാതാകണം. എല്ലാ ജീവജാലങ്ങളിലും അവയ്ക്ക് സമയത്തിലൂടെ കൈവന്ന അനുഭവങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്തുക അതിജീവനത്തിന്  ആവശ്യമാണ്‌. എന്നാല്‍ അതില്‍നിന്ന് , ഞാനും എന്റേതും എന്ന സ്വരൂപം ഉരുത്തിരിയുകയും അവ സ്ഥിരമാണെന്ന വ്യാജേന, ചുറ്റുമുള്ളതിനെയെല്ലാം തന്റെ സുഖദു:ഖങ്ങളുമായി താത്ക്കാലികമായി ബന്ധിക്കുകയും ചെയ്യുമ്പോള്‍ , ശരീരം എന്റെ അവിഭാജ്യഘടകമാണെന്ന തോന്നല്‍ ജനിക്കുന്നു. ജീവിതചുറ്റുപാടുകള്‍ക്കനുസരിച്ച്  ഓരോ വ്യക്തിയുടെയും സമയാസമയമുള്ള ജീവിതപരിവേഷവും വികാരങ്ങളും മാറിക്കൊണ്ടിരിക്കും. ഭൌതികമായവയുടെ (പഞ്ചഭൂതങ്ങളുടെ) ഒടുക്കത്തോടെ, വ്യക്തിതലത്തില്‍ ഉണ്ടായിരുന്നിന്റെയെല്ലാം അന്ത്യമായി എന്നാണ്  പ്രത്യക്ഷാനുഭവങ്ങള്‍ നമ്മെ ധരിപ്പിക്കുക. ശൂന്യമായ ഒരു അവ്യക്തത മാത്രമേ അതിനപ്പുറത്ത്  നമുക്ക്  സങ്കല്‍പ്പിക്കാനാവുന്നുള്ളൂ. ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്: ശരീരത്തിന്റെയും മനസ്സിന്റെയും ഇടപെടല്‍ നമ്മില്‍ ജീവന്റെ സ്രോതസ്സില്‍ നിന്നുള്ള വേര്പാടുണ്ടാക്കുന്നു. വ്യാജമായ  ആ  അസ്തിത്വത്തില്‍ നിന്ന്   മൌലികമായ    സ്രോതസ്സിലേയ്ക്ക്  തിരികെ ചെന്നെത്തണമെങ്കില്‍ , ഇപ്പോള്‍ത്തന്നെ ഞാന്‍ ഈ ശരീരമല്ല എന്ന ഉള്‍ക്കാഴ്ച ആവശ്യമായിത്തീരുന്നു. അങ്ങനെയൊരാവശ്യം വിട്ടുമാറാതെ തോന്നുന്നതുകൊണ്ടാണ് , മതങ്ങള്‍ രംഗത്ത്  വരുന്നത്. എന്നാല്‍ ,  നമ്മുടെ ശ്രദ്ധയില്‍ അകത്തും പുറത്തും, രൂപങ്ങളും നാമങ്ങളും പ്രഥമസ്ഥാനത്തു നിലനില്‍ക്കുവോളം ഒരു മതത്തിനും നമ്മെ രക്ഷിക്കാനാവില്ല. മതങ്ങളിലൂടെയോ അല്ലാതെയോ ഉള്ള ഏത്‌ വഴിയെടുത്താലും, മായാലോകത്തുനിന്ന്  രക്ഷപ്പെടുന്നത്, മനസ്സിന്റെ സൂത്രങ്ങളെ അറിയുകയും അവയെ മറികടക്കാന്‍ വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നവര്‍ മാത്രമാണ്. എല്ലാ നല്ല ഗുരുക്കന്മാരും മനസ്സിനെ അസ്തിത്വത്തിന്റെ എതിരാളിയായി തിരിച്ചറിഞ്ഞ്,  അതിനെ കീഴ്പ്പെടുത്താനുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് . സാധാരണ ഗതിയില്‍ , തീര്‍ത്തും താത്ക്കാലികമായവയെ നമ്മുടെ മൌലികമായ അസ്തിത്വവുമായി ബന്ധപ്പെടുത്തി, അവയെ അതിപ്രധാനമായി കാണാനും അവയുമായി ബന്ധം സ്ഥാപിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്  പഴയതിന്റെയെല്ലാം സ്റ്റോര്‍ ഹൌസ് ആയ മനസ്സും  ശരീരവുമാണ്. അതുകൊണ്ടാണ്  അവയെ കീഴടക്കാന്‍ ഗുരുക്കന്മാര്‍ ഉപദേശിക്കുന്നത്. മനസ്സിന്റെ മരണത്തിലാണ്  ജ്ഞാനത്തിന്റെ ജനനം എന്ന ഉള്ക്കാഴ്ചയില്‍ എല്ലാ ഗുരുക്കന്മാരും യോജിക്കുന്നു.


ഇതെങ്ങനെ സാദ്ധ്യമാകും? ആരംഭമുള്ളതിനെല്ലാം അവസാനവുമുട്ണ്ട്. ഞാനും എന്റേതും എന്നതാണ് എല്ലാ അപകര്‍ഷതക്കും അത്യാര്‍ത്തിക്കും പിന്നിലുള്ള എക ഘടകം. ഈ അസ്തിത്വത്തില്‍ എല്ലാം ചഞ്ചലമായതിനാല്‍ , അവയോടുള്ള ബന്ധം അനിശ്ചിതത്വത്തെയും ഭയത്തെയും ഉണ്ടാക്കും. ശരീരവും മനസ്സും നിലനില്‍ക്കുന്നത് ആഗ്രഹങ്ങളിലൂടെയാണ്. അത് അല്ലെങ്കില്‍ ഇത് എനിക്ക്  ഇല്ലെന്നുള്ള തോന്നലാണ് ആഗ്രഹങ്ങളെ സൃഷ്ടിക്കുന്നത്. വെറും താത്ക്കാലികമായ അനുഭവങ്ങള്‍ ഓര്‍മ്മകളെയും ഓര്‍മ്മകള്‍ തുടര്‍ഭാവനകളെയും ഭാവനകള്‍ പുതിയ  ആഗ്രഹങ്ങളെയും ഉണ്ടാക്കുന്നു. ഇവയില്‍ ഓരോന്നിനെയും തിരിച്ചറിഞ്ഞും അവയോടു വിരക്തി പരിശീലിച്ചും,  അസ്തിത്വത്തിന്റെ കാതലില്‍ ഞാനും ഉള്‍പ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ , ഞാന്‍ എല്ലാമാണ്, എനിക്കെല്ലാം ഉണ്ട് എന്ന പരമമായ സത്യത്തെ ഉള്‍ക്കൊള്ളുകയാണ്  പൂര്ണതയിലേയ്ക്കുള്ള ആദ്യത്തെ ചുവട്. അതുതന്നെയാണ്  നിത്യതയിലേയ്ക്കുള്ള വഴിയും. അതിലേ ചരിക്കാനാഗ്രഹിക്കുന്നവര്‍ അകത്തെ നിരന്തരം  വീക്ഷിച്ചുകൊണ്ടിരിക്കണം.
    
അകം ഏകമാണ്. ബാഹ്യമാകട്ടെ, പലതാണ്. അതങ്ങനെ സംഭവിച്ചു? മനസ്സ് എന്നാണതിനുത്തരം. ജൈവപരിണാമത്തിലെ ഒരു പടിയായി രൂപപ്പെട്ടുവന്നതാണ് മനസ്സെന്ന ഉപകരണം. അനുഭവങ്ങളുടെ ഓര്‍മ്മകളെ സൂക്ഷിക്കാനുള്ള ഒരിടം. ഈ ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ പെരുമാറുക അതിജീവനത്തിനു ആവശ്യമായിരുന്നു. സംഭവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പേരിടാനും അവയെ പ്രതീകങ്ങളായി തരംതിരിക്കാനും മനസ്സ് സാവധാനം പഠിച്ചെടുത്തു. ആ വഴിയില്‍കൂടി സഞ്ചരിക്കവേ, വാക്കുകളും അവയെ കോര്‍ത്തിണക്കുന്ന ഭാഷകളും മനുഷ്യന്റെ കൈയില്‍ പ്രധാന ഉപകരണങ്ങളായിത്തീര്‍ന്നു. പ്രതീകങ്ങള്‍ പയ്യെപ്പയ്യെ വാസ്തവികതയുടെ സ്ഥാനം പിടിച്ചെടുത്തു. പ്രവര്‍ത്തിക്കാനുള്ളിടത്തും വാചകമടിച്ച് പിടിച്ചുനില്‍ക്കാനുള്ള കളികളും രംഗത്ത് വന്നു. വാക്കുകള്‍ കൊണ്ട്  സത്യത്തെ മറച്ചുവയ്ക്കുന്ന ശീലവും മനുഷ്യജീവിതത്തിന്റെ ഭാഗമായി. അങ്ങനെ, ഏറ്റവും കൂടുതല്‍ വികാരങ്ങളും ആശയങ്ങളും ബിംബങ്ങളും സൂക്ഷിക്കാനുള്ള ഒരു വലിയ സംഭരണിയായിത്തീര്‍ന്നു "ഞാന്‍ ". വ്യക്തിയുടെ അസ്തിത്വത്തിന്റെ ആണിക്കല്ലാണത്. ഓരോ നിമിഷവും മനസ്സില്‍ തെളിഞ്ഞുവരുന്നതു എന്റെ പ്രത്യക്ഷത്തെ വിപുലീകരിക്കുന്ന നിറക്കൂട്ടുകളും എന്റെ അസ്തിത്വത്തെ തകിടം മറിക്കാനിടയുള്ള ഭയങ്ങളുമാണ്. എന്നാല്‍ ഇവയില്‍ എത്രമാത്രം  യഥാര്‍ഥ്യവുമായി സ്വരുമപ്പെടുന്നു എന്ന്  വിവേച്ചിച്ചറിയാന്‍ കഴിയുന്നവര്‍ വിരളമാണ്. അവിടെയാണ് ജീവിതത്തിന്റെ ഈട് നിര്‍ണ്ണയിക്കപ്പെടുന്നത്.

"ഞാന്‍ " എന്നത്   ഒരു സാങ്കല്പിക സൃഷ്ടിയാണെന്നും അതിന്റെ സ്രോതസ്സെവിടെയെന്നും നാം കണ്ടു. അതുപോലെ തന്നെയുള്ള  മറ്റ്  സാങ്കല്‍പിക സൃഷ്ടികളാണ്   "നീ",  "അവര്‍ " എന്നിത്യാദികളും.  ഉണ്ടായിരുന്നതും ഉണ്ടാകാനിരിക്കുന്നതും എന്ന തരംതിരിവുതന്നെ സമയബന്ധിതമായവയ്ക്ക്  നിലനില്‍പ്പ്‌ സാദ്ധ്യമാക്കാന്‍ വേണ്ടി  മനസ്സ്  സൃഷ്ടിക്കുന്ന പ്രതിഭാസമാണ്. ഇതെല്ലാംകൂടി ഒറ്റ വാക്കില്‍ പറയുന്നതാണ്  മായ. ചുരുക്കിപ്പറഞ്ഞാല്‍ , ജനനമരണങ്ങള്‍ എന്ന അസത്യത്തില്‍ മുഴുകിപ്പോകുക എന്നാണ് മായയുടെ അര്‍ത്ഥം. 

അങ്ങനെയെങ്കില്‍ , ജനനവും മരണവും സന്തോഷമോ ദുഖമോ ജനിപ്പിക്കേണ്ട അനുഭവങ്ങളല്ല. കാരണം, നിത്യമായതാകട്ടെ ശാശ്വതമാണ് . അത് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. എന്നാല്‍ ഈ ഭൂമിയില്‍ നാമവയെ സൂര്യോദയവും അസ്തമയവും പോലെയാണ്  അനുഭവിക്കുക.  എപ്പോഴും ഒരേപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ ഹ്രസ്വാനുഭവമാണല്ലോ നിത്യവെളിച്ചത്തിനു പകരം ഉദിച്ചുയര്‍ന്നു മറയുന്ന സൂര്യനെ കാണാന്‍ നമുക്കിടവരുത്തുന്നത്. ശാശ്വതമായത്തിന്റെ  ഹ്രസ്വാനുഭവത്തില്‍ ഒതുങ്ങിപ്പോകുന്നതുമൂലമാണ്  ജനനമരണങ്ങളുടെ ഇടയ്ക്ക്  അറുതിയില്ലാത്ത നന്മതിന്മകളുടെ മായാപ്രപഞ്ചം നമ്മെ കഷ്ടപ്പെടുത്തുന്നത്  .  പരിമിതമായ ജീവനും ആ  ജീവന്റെ ഭാഗമായ അല്‍പബോധവും മാത്രം ആസ്വദിക്കുന്ന നാം അവയെ നിലനിര്‍ത്താന്‍വേണ്ടി രൂപങ്ങളും അവയ്ക്ക്  പേരുകളും ഉണ്ടാക്കുന്നുവെന്നും  അവയില്‍ കുടുങ്ങി കിടക്കുവോളം സമയാതീതമായതുമായി ബന്ധം സ്ഥാപിക്കുക ദുഷ്ക്കരമാണെന്നും കണ്ടുവല്ലോ. ഇവിടെ കര്‍മ്മഫലം (karma) എന്ന പദംകൊണ്ട് ലളിതമാക്കാന്‍ സാധിക്കുന്നവ പലതുമുണ്ട് . അതൊരു ധനാത്മക നിയമത്തിലേയ്ക്ക്  വിരല്‍ചൂണ്ടുന്നു എന്ന് പറയാം. നന്മതിന്മകളെ സന്തുലനമാക്കുന്ന ഒരു  തുലാശു പോലെയാണത്  പ്രവര്‍ത്തിക്കുക. സംഭവിക്കുന്നത്‌ എന്തുമാകട്ടെ, നമ്മെ വേദനിപ്പിക്കുന്നതോ നിരാശപ്പെടുത്തുന്നതോ നശിപ്പിക്കുന്നതോ പോലുമാകട്ടെ, അത് താത്ക്കാലികതയെ മറികടന്ന്, നന്മയിലേയ്ക്ക്  മാത്രമേ നയിക്കൂ എന്നതാണ് ആ നിയമം.  വരാനിരിക്കുന്ന ഒരു വര്‍ത്തമാനത്തില്‍ ,  ഭൂതകാലത്തിലെ  സകല  കടംകഥകളുടെയും കുരുക്ക്  ശുഭമായി അഴിക്കപ്പെടും എന്നാണതിനര്‍ഥം. പ്രകാശത്തിന്  ദ്രവ്യം തടസ്സമാകുമ്പോള്‍ സംഭവിക്കുന്നതെന്തോ, അതുതന്നെയാണ് ഞാന്‍ ഈ ശരീരമാണ് എന്ന തെറ്റുധാരണ അവബോധത്തെ കളങ്കപ്പെടുത്തുമ്പോള്‍ വ്യക്തിക്ക്  സംഭവിക്കുക. ആ ഇരുട്ടിനെ, ആ  കളങ്കത്തെ, തൂത്തു വൃത്തിയാക്കാന്‍ വഴിയൊരുക്കുന്നതാണ് കര്‍മ്മഫലം.  

എന്നെ തേടിയുള്ള യാത്ര തുടരട്ടെ. നമ്മുടെ പരിചിന്തനങ്ങള്‍ തത്ക്കാലത്തേയ്ക്ക് ഇങ്ങനെ ഉപസംഹരിക്കാം. എല്ലാ സംഭവങ്ങളും സമഗ്രമായതുമായി സ്വരുമയിലാണ്. പലതായി കാണപ്പെടുന്നതൊക്കെയും അല്പബുദ്ധിയുടെ വിചിത്രകാഴ്ചകള്‍ മാത്രമാണ്.  നമുക്ക്  അസ്തിത്വം എന്നാല്‍ , 1. മഹദാകാശ - (matter - energy).  2. ചിദാകാശ  - (consciousness).  3. പരമാകാശ -  (pure spirit) എന്നതെല്ലാം ഉള്‍പ്പെടുന്നു. അതില്‍ വ്യക്തിത്വമായി നാം അനുഭവിക്കുന്നത്  മഹദാകാശം ചിദാകാശത്തില്‍ ഉണ്ടാക്കുന്ന   അടിസ്ഥാനമില്ലാത്ത ഒരു മുഴക്കം ആത്രമാണ്. അത്  Being അല്ല, മറിച്ച് ഒരു തരം മായാരൂപം (Existence) മാത്രമാണ്. കാരണം, ഏകമായിരിക്കുന്നത്  ഒരിക്കലേ സംഭവിക്കൂ, പലപ്പോഴായി സംഭവിക്കില്ല. അതുപോലെതന്നെ യുക്തിസഹമാണ്,  ഉള്ളത്  എന്നുമുണ്ടായിരുന്നു, എന്നുമുണ്ടായിരിക്കുകയും ചെയ്യും എന്നതും. ഇതാകട്ടെ, നമ്മെയും ഉള്‍പ്പെടുത്തിയുള്ള ഏക സത്യമാണ്.  (തുടരും)

എന്നെ തേടിയുള്ള യാത്ര (3)

May 16, 2012

ഉപനിഷദീയം

ആത്മാവുമൊത്ത്   ഞാന്‍  നടക്കാനിറങ്ങി.  വഴിയില്‍ ശ്രദ്ധിച്ചവ കുറിച്ചുവച്ചു. അവയെ മറ്റാരെങ്കിലുമായി പങ്കുവയ്ക്കുവാന്‍ കൊതിച്ചു. ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ , "എല്ലാം ചെന്നെത്തുകയും എല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പൂര്‍ണതയില്‍ നീയും ഞാനുമുണ്ട്, വളരെ അടുത്തു തന്നെ" എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.

ഒരു മുട്ട വിരിയുന്നു, ഒരു പൂവ് വിടരുന്നു, ഒരു സ്നേഹമുദിക്കുന്നു: യഥാക്രമം ജീവന്‍, സൌന്ദര്യം, സൌരഭ്യം. ഇവിടെയെല്ലാം ആസ്വാദകനായി ആരോ അരികെയുണ്ട്, നാം കാണുന്നും അറിയുന്നും  ഇല്ലാത്തപ്പോഴും.  ഈ സൃഷ്ടിതാളങ്ങളെല്ലാം ആത്മ-ബ്രഹ്മസംയോഗത്തിന്റെ പ്രകടനങ്ങളാണ്. അതുകൊണ്ടാണ്  ഇവിടെയെല്ലാം ജീവോത്സവവും ആനന്ദവും അനുഭവവേദ്യമാകുന്നത്.
 
ഹൃദയാഹ്ളാദത്തിലേയ്ക്കും സൌഹൃദത്തിലേയ്ക്കും നയിക്കുന്ന ഒറ്റ വഴിയേ ഉള്ളൂ - അദ്വൈദത്തിന്റേത് - എന്ന സത്യമാണ് ഉപനിഷത്തുകളിലൂടെ ഉരുത്തിരിയുന്നത്.  വ്യാഖ്യാനങ്ങള്‍ സഹായകമാകാമെങ്കിലും, മൂല്യവാക്യങ്ങളിലൂടെ പരതിനടന്നാല്‍ , ചില  വെളിപാടുകള്‍ നമുക്കും ലഭ്യമാകണം എന്ന ധൈര്യമവലംബിച്ച്,  ഞാനും വായന തുടങ്ങി. പലയിടങ്ങളിലും സ്തബ്ധനായി നിന്ന്   വിചാരം പൂണ്ടു. നേരിട്ട്   ഇടപെടുന്നില്ലാത്തിടത്തും എനിക്
കും നിനക്കും പങ്കുണ്ട്,  നന്മയായതും പുളകമണിയിക്കുന്നതും എവിടെയായിരുന്നാലും, അതു നമ്മുടേതുകൂടിയാണ്  എന്നൊക്കെയാണ്  ഉപനിഷദ്ജ്ഞാനത്തിന്റെ പൊരുള്‍ എന്നിടം വരെയെത്തി. ഇവ്വിധ ചിന്താകിരണങ്ങള്‍ ജീവിതസമസ്യകളില്‍ പ്രകാശവും ആത്മധൈര്യവും പകരുമെന്ന്  അനുഭവിച്ചറിയുകയും ചെയ്തു.

എന്നാല്‍ ,  ഉള്ളില്‍ ഗ്രഹിക്കുന്നവയും ആഗ്രഹിക്കുന്നവയും വര്‍ത്തമാനവൃ
ത്തികളില്‍ കൊണ്ടുവരുവാന്‍ തടസ്സമേറുമ്പോള്‍ , തിന്മയെപ്പറ്റി ബോധമുണരുന്നു. ഒഴുക്കാണ് നന്മയുടെയും പ്രകാശത്തിന്റെയും  പ്രഥമ ഗുണം. ഒഴുക്കിനെ തടയുന്നതെല്ലാം അഴുക്കാകുന്നു. അതുകൊണ്ടാണ്  പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടാതെ, എന്റേത്,  നിന്റേത് എന്ന ചിന്ത ഉറച്ചുപോയിടത്ത്  മനുഷ്യത്വം മുരടിച്ചുപോകുന്നത്. "അയം നിജ: പരോവേതി ഗണനാ ലഘു ചേതസാം." (എന്റേത് അപരന്റേത്    എന്ന ചിന്ത ചെറിയ മനസ്സിന്റേതാണ്.) ഒരാള്‍ക്ക്‌ മാത്രമായി എന്തെങ്കിലും മാറ്റിവയ്ക്കുക നന്മയായി ഉപനിഷത്തുകള്‍ അംഗീകരിക്കുന്നില്ല. എന്നില്‍ വന്നുനിറയുന്നവ കവിഞ്ഞൊഴുകി അന്യരിലേയ്ക്കും പ്രവഹിക്കുമ്പോള്‍ മാത്രമേ സമ്പന്നതയും സന്തുഷ്ടിയും സംജാതമാകൂ. കൂട്ടിവയ്ക്കുക ആത്മനിഗ്രഹത്തിനു തുല്യമാണ്.

വിഭജനമാണ് , വേദനകള്‍ക്കെല്ലാം നിദാനമെന്ന് ഉപനിഷത്തുകള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു.  എല്ലാ ധര്‍മത്തിന്റെയും അന്തിമലക്ഷ്യം സംയോജനമാണ്. ഈ രഹസ്യത്തിലേയ്ക്ക്  ഉള്‍ക്കാഴ്ച ലഭിക്കുന്നതോടെയാണ്  വിശുദ്ധിയുടെ ആരംഭം. ഈ വിശുദ്ധിയിലൂടെ ഭാവഭേദങ്ങളെല്ലാം ഒരേയൊരു പൂര്‍ണതയുടെ ഭാഗമായിത്തീരുന്നു. ഇപ്രകാരം വിഭാവനം ചെയ്യപ്പെടുന്ന പൂര്‍ണതയെയാണ്  ദിവ്യത അല്ലെങ്കില്‍ ദൈവം എന്ന സംജ്ഞകൊണ്ട്  മനസ്സിലാക്കേണ്ടത്.  ഈ ഏക ദൈവികത്വത്തില്‍നിന്നു വ്യതിചലിച്ച്  , ഇതിലല്ലെങ്കില്‍ മറ്റൊന്നിലാണ്  നന്മ, മേന്മ, സന്തോഷം എന്നുള്ള വേര്‍തിരിവിനു വഴിപ്പെടുന്നതിനെയാണ്  വിഗ്രഹാരാധനയായും  പാപമായും ആത്മീയഗുരുക്കന്മാര്‍ അപലപിചിട്ടുള്ളത്.  എല്ലാ വേദനകളുടെയും ഉദ്ഭവം ഈ വക വേര്‍തിരിവുകളിലാണ്. വേര്‍തിരിവുകളെ സൃഷ്ടിക്കുന്ന പ്രധാന  ഘടകം നമ്മുടെ വല്ലാത്ത ശരീരാവബോധമാണ്  -  " ഞാന്‍ ഈ ശരീരമാണ് " എന്ന അപക്വവും എന്നാല്‍ വിട്ടുമാറാത്തത്തതുമായ ചിന്തയാണ്.

എല്ലാ വേദനകളില്‍ നിന്നും മുക്തി തേടിയലഞ്ഞ പൂര്‍വസൂരികള്‍ നമുക്ക്  കാണിച്ചുതന്നതാണ്  ഉപനിഷത്തിന്റെ വഴി. അറിഞ്ഞവരുടെയടുത്തിരുന്ന്,  ശ്രദ്ധിച്ചുകേട്ടു പഠിക്കുക എന്നാണല്ലോ ഉപനിഷത്ത് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  അടുപ്പം അനുവദിക്കുക, അന്യോന്യമുരിയാടുന്ന വാക്കുകളുടെ അര്‍ത്ഥസാന്ദ്രതയിലേയ്ക്ക്  അലിഞ്ഞിറങ്ങി അവയെ ഉള്‍ക്കൊള്ളുക എന്നതിലാകുന്നു അന്വേഷിയുടെ വിജയരഹസ്യം. രാഗാനുരാഗങ്ങളിലൂടെയുള്ള ലയവും ഒഴുക്കുമാണ് സ്നേഹം എന്ന്  പറയുമ്പോഴും,  ശരീരങ്ങളല്ല, ആത്മങ്ങളാണ്  ഇവിടെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. പരസ്പരം ഇതനുഭവിക്കുന്നവര്‍ പറയുന്നു: "നീ അടുത്തുള്ളപ്പോള്‍ , എന്റെ ബുദ്ധിയും ഹൃദയവും ഒന്നായിത്തീരുന്നു. ഇവ രണ്ടുകൊണ്ടും ഞാന്‍ കെട്ടിപ്പുണരുന്ന നീയും ഞാനും മറഞ്ഞുപോയി, (ശരീരങ്ങള്‍ സൃഷ്ടിക്കുന്ന  ബന്ധനങ്ങളില്‍ നിന്നു സ്വതന്ത്രരായി) ആത്മാവില്‍ നാം ഒന്നായിത്തീരുന്നു."

തൈത്തിരിയോപനിഷത്തില്‍ ഭൃഗു എന്ന യുവാവ്  ബ്രഹ്മത്തെ തേടിയിറങ്ങുന്നു. അന്നം, മനസ്സ്, ജ്ഞാനം എന്നിവയൊക്കെയാണ്  ബ്രഹ്മം എന്ന് ധരിച്ചുവശായി, അയാള്‍ തന്റെ പിതാവും ഗുരുവുമായ വരുണന്റെ അടുത്തെത്തുമ്പോള്‍ , പോയി ഇനിയും തിരയുക എന്ന ഉപദേശവുമായി അവന്‍ തിരിച്ചയയ്ക്കപ്പെടുകയാണ്. അവസാനം, ആനന്ദമാണ് ബ്രഹ്മം എന്ന ബോദ്ധ്യത്തോടെ വരുമ്പോള്‍ മാത്രമാണ് , അച്ഛന്‍ സംതൃപ്തനാകുന്നത് . (തൈത്തി. III, അ.1-6)

ഈ പറയുന്ന ആനന്ദത്തിന്റെ  ഉറവിടമെവിടെ? അസ്തിത്വമെന്നത് വെറുമൊരു ജഡപ്രക്രിയ മാത്രമല്ല. ശ്രദ്ധിക്കുമെങ്കില്‍  , "അതിനപ്പുറത്ത് എന്തുണ്ട്?" എന്ന് പ്രശ്നോപനിഷത്തില്‍ പിപ്പിലാദന്‍ എടുത്തെറിയുന്ന  ചോദ്യം നമ്മെയും അലട്ടുന്നുണ്ട്  എന്ന് നാം മനസ്സിലാക്കും. എല്ലാറ്റിലു
ം ജീവന്‍ നിറച്ചുകൊണ്ടിരിക്കുന്ന ആത്മത്തെ നാം ഒരിക്കലും മുഴുവനായി ഉള്‍ക്കൊള്ളുന്നില്ലെങ്കിലും, അതിനുവേണ്ടിയുള്ള ഒരു ദാഹം നമ്മില്‍ എരിയുന്നുണ്ട്‌.  നിഷ്ക്കാമസുരഭിലമായ ഒരനുഭൂതിയുടെ രസം, അല്ലെങ്കില്‍ , ക്ഷണികവും അവ്യക്തവുമായ ഏതോ ആനന്ദത്തിന്റെ ആന്ദോളങ്ങള്‍ നമ്മെ തലോടുന്ന അസുലഭ നിമിഷങ്ങള്‍ നമുക്കുണ്ടാകാറില്ലേ? ഒരിക്കലും തീരാത്ത ഒരു ജ്ഞാനദാഹം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം? വിരാമമില്ലാതെ അത്  തുടര്‍ന്നിരുന്നെങ്കില്‍ , പണ്ടേ നാം ഈ പ്രപഞ്ചവുമായി ഒരഗാധവാത്സല്യത്തില്‍ ലയിച്ചുപോയേനേ. കാരണം, മനസ്സിനെ വിജ്രുംഭിപ്പിക്കുന്നതും ചിന്തയെ അലട്ടുന്നതും ബുദ്ധിയെ അതിശയിക്കുന്നതുംകൊണ്ട് നിറഞ്ഞിരിക്കുന്നു ഈ പ്രപഞ്ചം. എന്നാല്‍ ,  സ്നേഹമില്ലാതെ, ഇവയെ പരാമര്‍ശിക്കുന്ന ഒരറിവും നമ്മെ സായൂജ്യത്തിലെത്തിക്കുന്നില്ല. മനുഷ്യാനുഭവങ്ങളെ ദീപ്തമാക്കുന്നത് പുരുഷപ്രകൃതികളുടെ പരസ്പരാകര്‍ഷണവും തുടര്‍ന്നുണ്ടാകുന്ന സംയോജനവുമാണ്. ഏതെങ്കിലും തലത്തില്‍ ഇഷ്ടത്തിന്റെ തീപ്പൊരി ഊതി ജ്വലിപ്പിക്കാനാവില്ലെങ്കില്‍ ജീവതൃഷ്ണ  തന്നെ കെട്ടടങ്ങുന്നു.  "അനശ്വരതക്കുവേണ്ടിയുള്ള ഓട്ടമാണിത്.  ലക്ഷ്യമില്ലാതെയല്ല നാം ഓടുന്നത്. കാറ്റിനോട് മുഷ്ടിയുദ്ധം നടത്തുകയല്ല നാം" എന്ന് പോള്‍ കൊറീന്ത്യക്കാര്‍ക്ക്  എഴുതിയത്   (1 കൊറീ. 9, 26-27)  ആത്മജ്ഞാനത്തിന്റെയും നിര്‍വ്യാജസ്നേഹത്തിന്റെയും വഴിയില്‍ അവരെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയായിരുന്നുവല്ലോ.

"നിന്റെ അനന്തമായ സ്നേഹവായ്പിലൂടെ ഞാന്‍ എന്നെ കവിഞ്ഞുള്ളതിനെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു" എന്നാണ് അഗാധമായ സ്നേഹത്തിലായവര്‍ അറിയാതെ തന്നെ അന്യോന്യം ഉരുവിട്ടുപോകുക. "നിന്റെ സാമിപ്യത്തിലെനിക്കു ലഭ്യമാകുന്നത്  കറകളഞ്ഞ ആനന്ദമാകുമ്പോള്‍ ,  എനിക്കത്  ബ്രഹ്മാനുനഭവമാണ്" എന്നാണ്  അതിനര്‍ത്ഥം. എല്ലാ തിരയലിന്റെയും ലക്ഷ്യം ഈ ആനന്ദമാണ്. സമുന്നതമായ, ഉണ്മയെ ആകെ നിറയ്ക്കുന്നയാനന്ദം എവിടെനിന്നു ലഭ്യമാകുന്നുവോ, അവിടെ ബ്രഹ്മസാന്നിദ്ധ്യമുണ്ട്.  നൈമിഷികമായിട്ടാണെങ്കില്‍ പോലും അപ്പോള്‍ നാം ബ്രഹ്മാംശങ്ങളായി സ്വയം തിരിച്ചറിയുന്നു. സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയെ അല്പമെങ്കിലും രുചിച്ചറിയാതെ ആന്തരികാനന്ദം സാദ്ധ്യമല്ല.

ഇഷ്ടപ്പെടുന്നതുമായി ഒന്നായിത്തീരുന്നതോടെ, വിപരീതാര്‍ത്ഥങ്ങളും വ്യത്യസ്തതകളും തകര്‍ന്നുവീഴുന്നു. അല്പത്വങ്ങളില്‍ ഒതുങ്ങിപ്പോകുന്ന  ഇഷ്ടങ്ങള്‍ സ്വാര്‍ത്ഥതല്പരമാണെന്ന്  അവയെ അനുഗമിക്കുന്ന വേദനകള്‍ നമുക്ക്  സൂചന നല്‍കിക്കൊണ്ടിരിക്കും. സ്നേഹത്തെ ശുദ്ധീകരിക്കാനുള്ള വ്യഗ്രത ഇതില്‍നിന്നുളവാകണം. അദ്വൈതാനുഭവത്തിലേയ്ക്ക്  മറ്റൊരു  വഴിയില്ല. മണ്‍കട്ടയെ അറിഞ്ഞുകഴിഞ്ഞാല്‍ അതുകൊണ്ട് ഉണ്ടാക്കുന്ന എല്ലാറ്റിനെയും അറിയുന്നതിന് തുല്യമായി എന്ന് തുടങ്ങുന്ന അനുശാസനത്തിന്റെ അന്ത്യത്തിലാണ്  ഉദ്ദലകന്റെ വിശ്വപ്രസിദ്ധമായ "തത്  സത്യം, സ ആത്മാ, തത്ത്വമസി, ശ്വേതകേതോ," (അതാണ്‌ സത്യം, അതാണ്‌ ആത്മാവ്, നീ അതാണ്‌, ശ്വേതകേതൂ!) എന്ന സൂക്ഷ്മസത്യപ്രഖ്യാപനം നടക്കുന്നത്. (ച്ഛാന്ദോ. VI, 1, 2-6)

 ***                                         ***                                         ***

 താത്പര്യമുള്ള ഉപാസകര്‍ക്കായി മനോഹരമായ ഒരു പ്രാര്‍ത്ഥന ചുവടേ ചേര്‍ക്കുന്നു.
 (എന്റെ സുഹൃത്ത്  എം.ദേവാനന്ദിനോട്  കടപ്പാട്)


സച്ചിദാനന്ദ സ്വരൂപനായ സര്‍വ്വേശ്വരാ,   
അനാദിയും അഖണ്ഡവും പൂര്‍ണവും, സര്‍വ്വാതിശായിയെങ്കിലും   
അന്തര്യാമിയുമായ നിന്നെ ഞാന്‍ വന്ദിക്കുന്നു. ഓം ശാന്തി. 
യുഗയുഗാന്തരങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പ്രകാശിക്കുന്ന നിന്റെ തേജസ്സിനെ ഞാന്‍ വന്ദിക്കുന്നു.
നിന്റെ കാല്‍പ്പാടുകളും കരവേലകളും എങ്ങുമെവിടെയും വിവേചിച്ചറിയുവാന്‍  എന്നെ സഹായിക്കൂ.
എന്റെ ജീവിതത്തിന് നേരും നെറിവും നല്‍കി അതിനെ സമ്പന്നമാക്കേണമേ.
നിന്റെ സ്വരത്തിന് എന്റെ ചെവിയും ഹൃദയവും തുറക്കേണമേ.
നീ മാത്രം എന്റെ മാതാവ്, നീ മാത്രം എന്റെ പിതാവ്
നീ മാത്രം എന്റെ വിദ്യ, നീ മാത്രം എന്റെ ധനം.
സമ്പത്തും പേരും ഞാനാഗ്രഹിക്കുന്നില്ല
നിന്റെ സാന്നിദ്ധ്യമാണ് എന്റെ സുഖം.

വന്ദേ സച്ചിദാനന്ദം വന്ദേ
വന്ദേ സച്ചിദാനന്ദം വന്ദേ
പൂര്‍ണം ഭവതു സര്‍വ്വേശാം
സര്‍വേ ഭവന്തു സുഖിന:
അസതോമാ സത്ഗമയ:
തമസോമാ ജ്യോതിര്‍ഗമയ:
മൃത്യോര്‍മാ അമൃതംഗമയ:
ഓം ശാന്തി! ശാന്തി! ശാന്തി!
(തുടരും)