പ്രകാശം തൂകിയ പൈതല്‍

കഴിഞ്ഞ ദിവസം (൨൩.൩.൧൨) ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട പൈതലിന്റെ ഓര്‍മ്മയാണ് ഇതെഴുതിപ്പിക്കുന്നത്. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, അവള്‍ വല്യപ്പനെ ചുറ്റിപ്പറ്റി ഓടിനടന്നതേയുള്ളൂ. എന്നാലും മറ്റെല്ലാ പൈതങ്ങളെയും പോലെ അവളും മായാത്ത ഒരു പ്രകാശം എന്റെ മനസ്സില്‍ വിരിച്ചുകൊണ്ടിരുന്നു. അവളുടെ പേര് ദിയാ. ആ പേരാണ് എന്നെ ഈ വഴിക്ക് തിരിച്ചുവിടുന്നത്. ദിവ്, ദ്യോവ്, ദേവി, ദൈവം എന്നതെല്ലാം പ്രകാശത്തെയും വിശുദ്ധിയെയും ദ്യോതിപ്പിക്കുന്ന ദിവ് എന്ന മൂലത്തില്‍ നിന്നാണല്ലോ. മൂലത്തെപ്പറ്റി പറയിപ്പിക്കുന്നത് ദിയ (വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരുന്നത്) ആണ്. അവള്‍ക്കൊരു കൂട്ടുകാരിയുണ്ട്, ഗൌരി. ഗൌരിയെ രണ്ടര വയസ്സുകാരി ദിയാ വല്യ ഇഷ്ടത്തോടെ വിളിക്കുമ്പോള്‍ ഗവരിഎന്നാകും - ഗ-വ-രി. ഗൌരി തിരിച്ച് ദീ-യാ എന്നുകൂടി നീട്ടി വിളിച്ചാല്‍ പിന്നെ അവിടെല്ലാം നിഷ്കളങ്കതയുടെ പ്രകാശമായി. അതോടേ, മണ്ണും ചിരട്ടയും കടലാസും ഇലകളുമെല്ലാം അവരുടെ തകൃതികളില്‍ പങ്കെടുക്കുന്നു. അവര്‍ തൊടുന്ന എല്ലാ കൊച്ചു സാധനങ്ങളും ആ ശിശുക്കളുടെ ആത്മപ്രകാശത്തില്‍ പങ്കുചേരുന്നു. അവ ജീവനുള്ളവയായിത്തീരുന്നു. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളുടെ കളികളെല്ലാം എപ്പോഴും അവരുടെ സ്വന്തമാകുന്നത്. വസ്തുക്കളെ അചേതനങ്ങളായി കാണുന്ന മുതിര്‍ന്നവര്‍ക്ക് അവിടെ പ്രവേശനമില്ല.  
    
കുഞ്ഞുങ്ങള്‍ നിശ്ചയമായും പ്രകാശകിരണങ്ങളാണ്. പക്ഷേ, നാം മറന്നു പോകുന്നത്, അവരുടെ നിഷ്ക്കളങ്കതയിലൂടെ, അവര്‍ തൊടുന്ന എല്ലാ വസ്തുക്കളും പ്രകാശം ചൊരിയുന്നവയായിത്തീരുന്നു എന്ന സത്യമാണ്. സ്ഫുലിംഗം തീപ്പൊരിയാണ്. ഉള്ളതെല്ലാം, ഒരു മണല്‍ത്തരിപോലും, പരാശക്തിയുടെ സ്ഫുലിംഗത്തില്‍ നിന്നുണ്ടായി, അതിന്റെ പ്രചോദനത്തോടെ പരിണമിക്കുന്നതായി അറിയുന്നവര്‍ക്ക് ഇത് മനസ്സിലാക്കാനാവും. അവര്‍ക്ക് എവിടെയും എന്തിലും എപ്പോഴും പ്രകാശമാണ് കാണാന്‍ കഴിയുക. അവയെല്ലാം ആദിസ്ഫുലിംഗത്തിന്റെ നിത്യസ്ഫൂരണത്തിന്റെ (തിളങ്ങല്‍) അടയാളങ്ങളാകുന്നു. സ്ഫൂശബ്ദം വികാസത്തെ, വിടര്ച്ചയെ സൂചിപ്പിക്കുന്നു. എന്നാല്‍, സമയത്തിലൂടെ സ്വാര്‍ത്ഥതയിലേക്ക് സഞ്ചരിക്കുന്ന മനുഷ്യജീവിക്ക് അതിന്റെ ശൈശവത്തിലെ ചൈതന്യം നഷ്ടമാകുന്നു. അങ്ങനെ നഷ്ടപ്പെട്ടുപോയ ചൈതന്യവും ലാളിത്യവും വീണ്ടെടുക്കുക എന്നാണ് 'നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍' എന്ന് പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത്; പ്രകാശത്തിന്റെ വഴിയിലേയ്ക്കു തിരിച്ചുവരിക എന്ന്.  

ഇതൊരു രഹസ്യമാണ്, അതായത്, പ്രത്യക്ഷമല്ലാത്ത അറിവ്. എന്നാല്‍, അങ്ങനെയൊന്നുണ്ടെന്നറിയുകയും, അതിനായി കൊതിക്കുകയും, അത് പരിശീലിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യുന്ന വിജ്ഞാനദാഹികള്‍ അത് സുഖദായകമായി അനുഭവിക്കുന്നു. അതിലേയ്ക്ക് സഹായകരമായ താത്ത്വികവിചാരം വളരെ ലളിതമാണ്. ഈ പ്രപഞ്ചത്തില്‍ ഓരോ ഉരുവും വ്യത്യസ്തമാണ്. ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ പ്രകാശം. കുഞ്ഞുങ്ങളെപ്പോലെ, ഈ പ്രാഥമിക സത്യത്തെ അംഗീകരിക്കുമ്പോള്‍, ഓരോന്നിനും അതിന്റേതായ ശ്രേഷ്ഠത കല്പിച്ചുകൊടുക്കാനും, ഒന്നിനെയും ദുരുപയോഗപ്പെടുത്താതിരിക്കാനും, അതോടൊപ്പം, അവനവനെയും മറ്റാരെയും, ഇല്ലാത്ത പൊരുള്‍ നല്‍കി പൊലിപ്പിച്ചുകാട്ടാതിരിക്കാനും നാം ശ്രദ്ധാലുക്കളാകും. അങ്ങനെയെങ്കില്‍ നമ്മുടെ ഈശ്വരസങ്കല്‍പം ഏതെങ്കിലും നാമത്തിലോ രൂപത്തിലോ അവതാരത്തിലോ മാത്രമായി ചുരുങ്ങുകയില്ല. കാരണം, എല്ലാറ്റിലും ഒരുപോലെയുള്ള പരമാത്മാവ്‌ ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുക അസ്സാദ്ധ്യമാണല്ലോ. ദൈവത്തില്‍ മാനുഷപ്രകൃതി ആരോപിക്കുകയും പ്രീണിപ്പിക്കാനാകുന്ന ഒരു ശക്തിയാണ് പരമാത്മാവ്‌ എന്ന് ധരിക്കുന്നതും മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വൈകല്യമാണ്. അതുകൊണ്ടുതന്നെ ദേവാലയകേന്ദ്രീകൃതമായ ആരാധനക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ പ്രയാസമാണ് എന്നും സാന്ദര്‍ഭികമായി പറയേണ്ടിവരുന്നു.

അഹമാത്മാ സവ്വഭൂതാശയസ്ഥിത: എന്ന് ഗീതയില്‍ (4,20). ഈ വാക്യവും അതിന്റെ തുടര്‍ച്ചയായ 'അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച' എന്ന തുടര്പാദവും സി. രാധാകൃഷ്ണന്‍ വ്യക്തമായി വ്യാഖ്യാനിച്ചിരിക്കുന്നത് ഇങ്ങനെ:

ജീവനുള്ളവയിലെ ജീവനും വിശ്വജീവനും ഒരേ സത്തയുടെ വിവിധരൂപങ്ങളെന്ന് കരുതാമെങ്കിലും അചേതനങ്ങളെന്നു അറിയപ്പെടുന്നവയില്‍ പരമാത്മാവ്‌ പൊരുളായി ഇരിക്കുന്നതെങ്ങനെ? സജീവം നിര്‍ജീവം എന്നിവയ്ക്കിടയില്‍ സയന്‍സ് കല്‍പ്പിക്കുന്ന വിഭജനരേഖയാണ് ഈ സംശയത്തിനാധാരം. ഇങ്ങനെയൊരു വിഭജനരേഖ വേദാന്തദര്‍ശനത്തില്‍ ഇല്ല. ജീവനില്ലാത്തതൊന്നും പ്രപഞ്ചത്തിലില്ലെന്നാണ് ഗീതാമതം. പഞ്ചഭൂതങ്ങള്‍ സജീവങ്ങളല്ലെങ്കില്‍ അവയില്‍നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എങ്ങനെയുണ്ടാകാന്‍? ഓരോ ഊര്‍ജ്ജതരംഗവും പരമാണുകണവും പ്രവര്‍ത്തിക്കുന്നത് സ്വന്തമായ ബുദ്ധി ഉള്ളത് പോലെയാണ്. ഏറ്റവും ചെറിയ പദാര്‍ത്ഥകണികയും സജീവമാണ്. താരതമ്യേന വലിയ ക്ഷേത്രങ്ങളെന്ന താല്‍ക്കാലിക കൂട്ടായ്മകളെയാണ് വ്യത്യസ്ത ജീവികളായി നാം കാണുന്നത് എന്ന് മാത്രം. (ഗീതാദര്‍ശനം 168-169)

0 comments: