അഴിമതിയും സഭയും

കഴിഞ്ഞ ഞായറാഴ്ച (27.11.11) ഫാ. ഗുരുദാസിന്റെ സ്നേഹവാണിയും കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനവും ചേര്‍ന്ന്  പാലായില്‍ വച്ച് നടത്തിയ ഒരു സംഗമത്തില്‍ ഒരു പ്രഭാഷകന്‍ ഒരു വലിയ കാര്യം സൂചിപ്പിച്ചു. ഇതുവരെയും ഇന്നും നമ്മുടെ നാടിന്റെ ശാപമായിത്തീര്‍ന്നിരിക്കുന്ന അഴിമതിക്ക് സഭ എന്തു സംഭാവനയാണ് ചെയ്തിട്ടുള്ളത് എന്നതിലേയ്ക്ക് കൈചൂണ്ടുന്ന ഒരു നല്ല ചിന്തയായിരുന്നു അത്.  

സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനാശൈലി തെണ്ടികളുടെയും കൌശലക്കാരുടെയുമാണ്. നേര്ച്ചകാഴ്ചകള്‍, ബലി, തുടങ്ങിയവയിലൂടെ മദ്ധ്യസ്ഥന്മാരെയും അവര്‍ വഴി ദൈവത്തെയും എങ്ങനെ പാട്ടിലാക്കാം, ഉദ്ദേശിക്കുന്ന കാര്യം എങ്ങനെ നേടിയെടുക്കാം എന്നതാണ് അതിന്റെ രീതി. അങ്ങോട്ട്‌ കൊടുക്കുന്ന കൈനീട്ടത്തിന്റെ കനമനുസരിച്ച് ഇങ്ങോട്ട് കിട്ടും എന്ന അനുനയ ചിന്താരീതി സഭയുടെ എല്ലാ കാര്യങ്ങളിലും കുടികൊള്ളുന്നുണ്ട്. മെത്രാന് ചോദിക്കുന്നത് കൊടുത്താല്‍ ഏത്‌ നിയമത്തെയും മറികടക്കാം. കൂടുതല്‍ കാശ് കൊടുത്ത് നീണ്ട കുര്‍ബാന ചൊല്ലിച്ചാല്‍ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്ന് പോലും വേഗം ജാമ്യത്തിലിറക്കാം. കോഴകൊണ്ട് ഇവിടെ മാത്രമല്ല, പരലോകത്തും പലതും നേടാം.
 
ഇത് പാടേ തെറ്റാണെന്ന് അല്പമെങ്കിലും ദൈവാവബോധമോ ആത്മീയതയോ ഉള്ളവര്‍ക്കറിയാം. ദൈവം പരമമായ വിശുദ്ധിയും അളവില്ലാത്ത കരുണയുമാണെങ്കില്‍, അവിടുന്ന് കൊടുക്കുന്നത് അളവില്ലാതെയും, പക്ഷപാതമില്ലാതെയും ആയിരിക്കണം. മനുഷ്യന്റെ അര്‍ഹതയോ, പകരം കൊടുക്കാനുള്ള കഴിവോ അവിടുത്തെ ചെയ്തികള്‍ക്ക് അളവുകോലാകില്ല. മുട്ടുവിന്‍ തുറക്കപ്പെടും, ചോദിപ്പിന്‍, തരപ്പെടും എന്ന് എഴുതപ്പെട്ടിട്ടുണ്ടെകിലും, മുട്ടാതെയും ചോദിക്കാതെയും കൊടുക്കുന്ന അനന്തമായ നിറകുടമാണ്  ദൈവം എന്ന് യേശുവിന്റെ അവബോധത്തില്‍ അല്പമെങ്കിലും പങ്കുചേരാനായവര്‍ക്ക് ഉള്ളിലറിയാം. അവിടെവരെ എത്താത്തവരോടായിരിക്കണം  ചോദിച്ചുകൊണ്ടിരിക്കാന്‍ അവിടുന്ന് പറഞ്ഞത്. അപ്പോഴും, കോഴയുടെ കാര്യം അതിലൊരിടത്തും ഇല്ല. നമുക്ക് വേണ്ടതെന്തെന്ന് ദൈവത്തിനറിയാം എന്നറിയുന്നവര്‍ ഒന്നും ചോദിക്കാനേ തുനിയുകയില്ല. സ്നേഹമെന്നത് തെണ്ടലല്ല. ഭക്തിയെന്നത് കാണിക്കയല്ല. പഴയ നിയമത്തിലും  പുതിയ നിയമത്തിലും സൂചിതമാകുന്ന ബലി ദൈവത്തെ പ്രീതിപ്പെടുത്താനായുള്ള കാഴ്ചവയ്പ്പുകളായല്ല, മറിച്ച്, സ്വന്തം അഹന്തയെ ബലികഴിച്ചു മാത്രം ചെന്നെത്താവുന്ന സ്വയം ശുദ്ധീകരണത്തിലേയ്ക്കുള്ള ആഹ്വാനമായാണ് കാണേണ്ടത്.

ഇത്ര പ്രധാനമായ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ട സഭ അശരണരായ മനുഷ്യരെ നിരന്തരം ചതിച്ചുകൊണ്ടിരിക്കുകയാണ്. ഏതെല്ലാം തരത്തില്‍ കോഴ കൈപ്പറ്റാമോ, ആ വിധത്തിലെല്ലാം കീശ നിറക്കുന്ന പരിപാടികളാണ് സഭയില്‍ എവിടെയും കളിച്ചുവയ്ക്കുന്നത്. ഈ ശീലം അനുദിനജീവിതത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും സാധുത നേടുന്നതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇതൊക്കെ തുടരുകയും അതോടൊപ്പം അഴിമതിക്കെതിരെ പടപൊരുതുകയും അങ്ങേയറ്റം അര്‍ത്ഥശൂന്യമാണ്.   

നീ കാണുന്നത് കാണുവാന്‍


കണ്ണടക്കൂ,
തുറന്ന് വയ്ക്കുന്നതിലുമേറെ കാണാം.
ചെവിയുമടക്കൂ,
ആത്മാവിന്റെ മര്‍മ്മരം കേള്‍ക്കാം.
കിഴക്കോട്ടു തന്നെ നടക്കൂ,
സൂര്യനോടൊത്ത് പടിഞ്ഞാറുദിക്കാം.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ,
ദൈവത്തിന്റെ നിഷ്ക്കളങ്കതയില്‍ പങ്കുചേരാം.
വൃദ്ധരെ സ്നേഹിക്കൂ,
കുഞ്ഞായിരിക്കുന്നതിന്റെ രഹസ്യമറിയാം.

സ്വയമറിയാന്‍, അറിഞ്ഞതൊക്കെ താഴിട്ടുപൂട്ടൂ.
അളക്കാനെങ്കില്‍,
അളവുകോലുകളെറിഞ്ഞുകളയൂ.
അണുവിന്റെയുള്ളറയിലുണ്ട്
ബ്രഹ്മാണ്‍ഡവിസ്തൃതിയിലെ വിസ്മയങ്ങള്‍. 

എന്തിനുമേതിനും ദൈവത്തെ വിളിക്കുന്നവര്‍
മനുഷ്യജന്മത്തിന്റെയര്‍ത്ഥത്തെ നിരാകരിക്കുന്നു.

നീ കാണുന്നതു കാണുവാന്‍ വേണ്ടി
നീ പറയുന്നതെല്ലാം ഞാനവഗണിക്കുന്നു.

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

പ്രായപൂര്‍ത്തിയിലെത്തിയ രണ്ട് മക്കളുടെ അപ്പനായ ഞാന്‍ ഒരു വലിയ കണ്‍ഫ്യൂഷന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. നിയമം പഠിച്ചവരോ പുരോഹിതരോ കാര്യവിവരമുള്ള സഹൃദയരോ എന്റെ സംശയം തീര്‍ത്ത്‌ തന്നാല്‍ നന്ദിയുണ്ടായിരിക്കും. 

നാട്ടിലും പ്രവാസികളായ മലയാളികളുടെ ഇടയിലും ഇന്ന് നടപ്പിലുള്ള വിവാഹച്ചടങ്ങുകളെപ്പറ്റിയാണ്‌  എളിയവനായ എന്റെ സംശയം. 

നമ്മുടെ ആളുകള്‍ കല്യാണം എന്ന ചടങ്ങ്  സാധാരണ മൂന്ന് തട്ടുകളായിട്ടാണ് ആഘോഷിക്കുന്നത് : ഒത്തുകല്യാണം, കെട്ടുകല്യാണം, എഴുത്ത് (രജിസ്റ്റര്‍) കല്യാണം. കാശുള്ള പാര്‍ട്ടികള്‍ ഇവ മൂന്നും അടിപൊളിയായി കൊണ്ടാടും. അതവര്‍ ചെയ്തുകൊള്ളട്ടെ, തീറ്റക്കൊതിയന്മാര്‍ക്കും കുടിയന്മാര്‍ക്കും ഒരു ഹരമാകട്ടെ. പക്ഷേ, വിവാഹമെന്ന ഒറ്റ കാര്യം ഇങ്ങനെ മൂന്ന് തട്ടുള്ള അമിട്ട് പോലെ പടിപടിയായി പൊട്ടിക്കുന്നതിന്റെ ആവശ്യമാണ്‌ എന്റെ തലയില്‍ വല്ലാത്ത കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്‌. 
  
ഞാന്‍ പഠിച്ചിട്ടുള്ളത്, വിവാഹം എന്നത് ഒരു കൂദാശയാണെന്നും (sacrament = വിശുദ്ധീകരിക്കുന്ന പ്രവൃത്തി), മറ്റ് കൂദാശകളില്‍നിന്ന് വ്യത്യസ്തമായി, അതിന്റെ കാര്‍മ്മികര്‍ വധുവും വരനുംതന്നെ ആണെന്നുമാണ്. സമൂഹം നിശ്ചയിച്ചിട്ടുള്ള പ്രായത്തിലെത്തിയവര്‍ രണ്ട് സാക്ഷികളുടെ മുമ്പില്‍വച്ച് അന്യോന്യം ഭാര്യാഭര്‍ത്താക്കന്മാരായി വാക്കുകൊടുത്ത് , പരസ്പരം സ്വീകരിക്കുന്നതോടെ അത് ഉത്തവാദിത്വമുള്ള ഒരു വാഗ്ദാനമായി. സിവിള്‍ അധികൃതരാല്‍ ഔദ്ദ്യോഗികമായി എഴുതി ചേര്‍ത്ത് ഇരു കക്ഷികളും സാക്ഷികളും ഒപ്പിട്ടുകഴിഞ്ഞാല്‍ അതൊരു പ്രമാണവുമായി (civil contract). കാതലായ സംഗതി ഇത്രയേ ഉള്ളൂ.  ബാക്കിയൊക്കെ പൊടിപ്പും തൊങ്ങലുമാണ്.

ഇനിയാണ് എന്റെ കണ്‍ഫ്യൂഷന്‍ തുടങ്ങുന്നത്. ഒരു രസത്തിന്, വിവാഹത്തിനു മുമ്പ്, മനസമ്മതമെന്ന  ഒരു ചെറിയ (വലുതുമായിക്കോട്ടെ) ചടങ്ങ് വേണമെന്ന് വച്ചാല്‍ തന്നെ, സിവില്‍ മാരിയെജ്  എന്ന പ്രധാന സംഭവം കഴിഞ്ഞ് വീണ്ടും അതേ പയ്യനും പെണ്ണും പള്ളിയില്‍ ചെന്നുനിന്ന് അതേ സംഗതി ഒന്നുകൂടി ചെയ്യുന്നതിന്റെ സാംഗത്യമാണ്‌ പിടികിട്ടാത്തത്. മറ്റ് സമുദായങ്ങളില്‍ സമൂഹത്തിന്റെ അംഗീകാരത്തിന് സിവില്‍ മാരിയെജ് മാത്രം മതിയെന്ന ധാരണയുള്ളപ്പോള്‍, ക്രിസ്ത്യാനികള്‍ക്ക് അത് പോരാത്തത് എന്തുകൊണ്ട്? പള്ളിയില്‍ കെട്ടാത്തത് അസാധുവാണെന്നാണോ അവരുടെ മനസ്സിലിരുപ്പ്?

അതിലും വലിയ കണ്‍ഫ്യൂഷന്‍ എനിക്ക് മറ്റൊന്നാണ്. വിവാഹച്ചടങ്ങിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ വധുവും വരനും ആയിരിക്കേ, അവര്‍തന്നെ കൂദാശയിലെ കാര്‍മ്മിരും ആണെന്ന്‌  സഭ പഠിപ്പിച്ചുകൊണ്ടിരിക്കേ, (The person who assists at a marriage is understood to be only that person who is present, asks for the manifestation of the consent of the contracting parties, and receives it in the name of the Church. -Catechism of the Cath. Church, Sec.2, Ch.3, Art.7) അതിനിടക്ക് വൈദികരും, പിടിപാടുള്ളവരാണെങ്കില്‍ മെത്രാനും, മുമ്പില്‍ കയറിനിന്ന് കാര്‍മ്മികന്റെ സ്ഥാനം ഏറ്റെടുക്കുന്നത് എവിടുത്തെ അധികാരം വച്ചാണ്? സാക്ഷികളായി ഇവരൊക്കെ എത്ര പേര്‍ വേണമെങ്കിലും സന്നിഹിതരായിക്കൊള്ളട്ടെ, പക്ഷേ, ചടങ്ങില്‍ ഇവര്‍ മുഖ്യ അഭിനേതാക്കളാകാന്‍ വെമ്പല്‍കൊള്ളുന്നത്‌ സ്വല്പം അതിരുകടന്ന പണിയല്ലേ?

ഈ വിഷയവുമായി ബന്ധപ്പെട്ട തമാശകള്‍ തീരുന്നില്ല. പലപ്പോഴും കാണുന്ന മറ്റൊരു കാര്യം ഇതാണ് , വിശേഷിച്ച് പ്രവാസികളുടെയിടയില്‍. പൊതുസ്ഥലങ്ങളിലും വ്യക്തിജീവിതത്തിലും നാട്ടിലേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന യുവതീയുവാക്കള്‍, പറക്കപറ്റിയാല്‍, മാതാപിതാക്കള്‍ അറിഞ്ഞോ അറിയാതെയോ, ഒരുമിച്ച് താമസമാക്കുന്നു. കുറേക്കാലം അങ്ങനെ തട്ടിയും മുട്ടിയും, കുടുംബവുമായി സ്വരുമയിലോ സ്വരുമക്കേടിലോ കഴിഞ്ഞശേഷം, എന്നാല്‍ അങ്ങ് കെട്ടിയേക്കാം എന്ന് തീരുമാനിക്കുന്നു. ഒരു സിവില്‍ മാരിയെജ് നടത്തി,  സാമ്പത്തികം അനുസരിച്ച് ആഘോഷം പൊടിപൊടിക്കുന്നു. അതോടേ ഒരുമിച്ചുള്ള പൊറുതി ഔദ്യോഗികമായി. നല്ല കാര്യം. കുറേ മാസങ്ങള്‍ അങ്ങനെ കഴിഞ്ഞാണ് അടുത്ത നാടകം. പള്ളിയില്‍ ഒരു കെട്ട് കൂടി!  ഇത്രയും നാള്‍ കൂടെപ്പൊറുത്ത ചെറുക്കനോടും പെണ്ണിനോടും പള്ളീലച്ചന്‍ നേരത്തേ റെജിസ്ട്രാര്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു: ...നെ, ....ളെ ഭര്‍ത്താവായി, ഭാര്യയായി നീ സ്വീകരിക്കുന്നോ? അപ്പോള്‍, "ഞങ്ങളോട് അങ്ങനെ ചോദിക്കല്ലേ, മാസങ്ങളായി (വര്‍ഷങ്ങളായി) ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണേ" എന്ന് പറയാനുള്ള തന്റേടം പെണ്ണിനോ ചെറുക്കനോ ഉണ്ടാകുമോ? ഇത് കണ്ടും കേട്ടും നില്‍ക്കുന്നവരുടെ മാനസികവ്യായാമം ഏതിനത്തില്‍ പെടും? ഇത്രയും കഴമ്പില്ലാത്ത നാടകം കളിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു കണ്‍ഫ്യൂഷനും തോന്നുകയില്ലേ? ഇല്ലെങ്കില്‍ അവര്‍ അസ്സല്‍ മലയാളികളും ഒന്നാന്തരം സത്യക്രിസ്ത്യാനികളും തന്നെ. ഫാ. ഖാന്‍ വട്ടായി ഉരുവിടുന്ന ഈണത്തില്‍, അല്ലേ-ല്ളൂയി-യാ!         

കാവേരി


വി.എസ്. ഖാണ്ഡേക്കര്‍ എഴുതിയ യയാതിയില്‍നിന്നുള്ള ഈ ഉദ്ധാരണം തുടര്‍ന്നുള്ള ഗദ്യകവിതയുടെ അന്തരാര്‍ത്ഥങ്ങളിലേയ് ക്ക്  വഴി തെളിക്കട്ടെ. 

"പ്രേമമെന്തെന്ന്  ഒരു ധാരണയും ഇല്ലാതിരുന്നിട്ടും ഞാന്‍ പ്രേമഗീതങ്ങള്‍ രചിച്ചിരുന്നു. അപ്പോള്‍ കിട്ടിയ ആനന്ദം ബ്രഹ്മാനന്ദത്തിന്റെ നിഴല്‍ മാത്രമായിരുന്നു. യഥാര്‍ത്ഥ പ്രേമമെന്തെന്നറിയണമെങ്കില്‍ പ്രേമിക്കുക തന്നെ വേണം. ചന്ദ്രന്റെ ശീതളത്വവും സൂര്യന്റെ തീക്ഷണതയും അമൃതിന്റെ സഞ്ജീവനശക്തിയും കാളകൂടത്തിന്റെ ജീവാപായപരമായ കഴിവും ഒന്നുചേര്‍ന്ന് . . .  ഇല്ല, പ്രേമത്തെ വര്‍ണ്ണിക്കുക അത്ര എളുപ്പമല്ല.
     
ഒരു ഹൃദയത്തില്‍ ഉത്ഭവിച്ച് മറ്റൊരു ഹൃദയത്തില്‍ ചെന്നുചേരുന്ന മഹാനദിയാണ് പ്രേമം. വഴിയില്‍ എത്രയോ ഉയര്‍ന്ന കൊടുമുടികള്‍ പ്രത്യക്ഷപ്പെടട്ടെ, അവയെയെല്ലാം ചുറ്റി അത് മുന്നോട്ടു പോകുന്നു. ഒരാളെ പ്രേമിച്ചുകഴിഞ്ഞാല്‍, അയാളുടെ ഗുണദോഷങ്ങളുടെ കണക്കുകൂട്ടല്‍ അവസാനിക്കുന്നു. നിഷ്ക്കാമപ്രേമം മാത്രം ബാക്കിനില്‍ക്കുന്നു. 

രണ്ട് നദികളുടെ ആലിംഗനം, ഭൂമിയുടെയും ആകാശത്തിന്റെയും ചുംബനം, സമാഗമനോത്സുകമായ മനസ്സുകള്‍, ഇവയെ വര്‍ണ്ണിക്കുക മഹാകവികള്‍ക്ക് പോലും അസാദ്ധ്യമാണ്." 

  
വസന്തനിശീഥിനിയുടെ വിശ്രമയാമങ്ങളില്‍ 
മുഖാമുഖമിരുന്നവര്‍ അനുരമിച്ചു - ബ്രഹ്മപുത്രയും കാവേരിയും.*
പര്‍വ്വതനിരകളുടെയും ദേശസംസ്കാരങ്ങളുടെയും 
ജന്മാന്തരങ്ങളുടെയും ഉത്ഭവസ്രോതസ്സുകളുടെ  
വ്യത്യസ്തഭാവങ്ങളെ മറികടന്ന് 
ഉള്‍ത്തടത്തിലുടലെടുത്ത ആന്തരീയ ചോദനകളിലൂടെ
ഇഴുകിയുരുകിച്ചേര്‍ന്ന് , ആരുമാരുമറിയാതെ
നിശ്ശബ്ദ നീര്‍ത്താരകളുടെ അടിയൊഴുക്കുകളിലാണവര്‍
സംഗമിച്ചത് - ബ്രഹ്മപുത്രയും കാവേരിയും.

അനന്യസാധാരണമാമൊരു നദീസംഗമം.
അഭൌമമായ ഒരു പ്രേമാലിംഗനം -
സ്ത്രീപുരുഷസംയോജനത്തിനൊരു മാദകപ്രതീകം!

കരിഞ്ഞു തുടങ്ങിയിരുന്ന സരോവരതീരങ്ങളിലതാ 
ഹരിതദൃശ്യങ്ങളെയവര്‍ പൊട്ടിക്കിളിര്‍പ്പിച്ചു. 
കതിരിട്ടുറഞ്ഞുനിന്നുലഞ്ഞാടുന്ന
കുട്ടനാടന്‍ നെല്പ്പാടങ്ങളെപ്പോലെ ഉന്മേഷിതരായി  
പുതുഭൂമിയിലെത്തിയതിന്‍ ക്ഷീണാഹ്ലാദത്തിലും 
പുളകചഞ്ചലരാകുന്ന ദേശാടനപ്പക്ഷികളെപ്പോലെ 
രോമാഞ്ചമണിഞ്ഞ് ലയിച്ചൊഴുകുന്നു ഈ നദീമിഥുനങ്ങള്‍ -
കാവേരിയും ബ്രഹ്മപുത്രയും. 

കണ്ടെത്തലിന്റെ പരിമളം
ചന്ദ്രക്കല ജലാശയത്തിലെന്നപോലെ 
അവരുടെ മുഖതാവില്‍ തത്തിക്കളിച്ചു. 
കാല്യം പോലെ മനമോഹനമാം
ബാല്യം തിരിച്ചെത്തിയതില്‍ 
തരിച്ചുനിന്നു, അവരിരുവരും.
പരിസരബോധം പുനര്‍ഭവിച്ചതേ 
തമ്മിലിടഞ്ഞ കൃഷ്ണമണികള്‍ 
വികസിച്ചു തിളങ്ങി. മാനസ-
ക്കുളിര്‍മ്മയില്‍ കൂമ്പിച്ചുരുങ്ങി
കാവേരിയുടെ ശോണാധരങ്ങള്‍.

സ്നേഹവിസ്മയങ്ങള്‍
വിരല്‍ത്തുമ്പുകളില്‍
അലമാലകളുതിര്‍ത്തപ്പോള്‍
അനുപൂരകങ്ങളായ ആത്മശൈലികളില്‍ 
കാവ്യമെഴുതാന്‍
ബ്രഹ്മപുത്രയുടെ മനം കൊതിച്ചു.

വീഞ്ഞിന്റെ വീര്യം ഒരിക്കലും
നുണഞ്ഞിട്ടില്ലാത്ത കാവേരിയെ
ഇഷ്ടതോഴന്റെ വാത്സല്യവശ്യത
കാമാതുരയും വിവശയുമാക്കി.

അവളുടെ ഹൃദയകുമുദം 
ആനന്ദരാഗങ്ങളാല്‍ ത്രസിച്ചു. 
വികാരബാഹുല്യത്താല്‍ ആഹ്ലാദിയായി
അവളുടെയാത്മം.

അവരുടെ കൈവിരലുകള്‍ കോര്‍ത്തിറുകി,
കണ്ണിണകള്‍ തമ്മിലിടഞ്ഞു,
അന്തരാത്മാവുകളുടെ ഭൂതകാലരൂപങ്ങള്‍ക്ക് 
നിറവും ചിറകും വച്ചു. 

ഭാഷയുടെ കനമേശാത്ത സംവാദങ്ങളാല്‍
വ്യത്യസ്തതകളുടെ ഗുരുത്വങ്ങളെ 
ഊതിപ്പറപ്പിച്ചു, ഉന്മാദവാത്സല്യം 

കണ്ണിമകളുടെ കടമ്പകടന്ന്  
പിന്നിട്ടുപോന്ന പൂര്‍വജന്മമുദ്രകളുടെ 
നിസ്തന്ദ്രനിദ്രയിലേയ്ക്കവര്‍
വഴുതിവീണു.

നിര്‍വൃതിയുടെ ഹൃദയാഴങ്ങളില്‍
നിന്നുണര്‍ന്നപ്പോള്‍
കാവേരി: വസന്തമെത്തിയെന്ന് , ബ്രഹ്മപുത്രാ,
ആരോതി നിന്റെ കാതില്‍?
ബ്രഹ്മപുത്ര: എന്റെ ജീവിതോഷസിലുദിച്ച 
നിന്റെ മുഖസൂര്യന്‍.
കാവേരി: എന്റെ സര്‍വസുഗന്ധ സ്വര്‍ഗീയതയായിരിക്കുന്നു നീ.  
ബ്രഹ്മപുത്ര:  എന്റെ ദിനരാത്രങ്ങളെ ധവളസമൃദ്ധമാക്കുന്ന പൂനിലാവ്‌ നീയും.
കാവേരി: ആല്‍മരം പോലെ വിരിഞ്ഞുയര്‍ന്ന് നീയെനിക്ക് ശീതളച്ഹായ പകരുന്നു. 
ബ്രഹ്മപുത്ര: നീയോ, അടിമുടി പൂത്തുലഞ്ഞുനില്‍ക്കുന്ന വാകമരം കണക്കേ. 
കാവേരി: നീയാകുന്ന പൊയ്കത്തിട്ടയിലിരുന്ന്  മണല്‍ വാരിക്കളിക്കട്ടേ ഞാന്‍?
ബ്രഹ്മപുത്ര: നിന്റെ സാന്നിദ്ധ്യസുഗന്ധശീതളതയില്‍ വിജ്ഞാനത്തിന്റെ ശാദ്വലഭൂമികളിലൂടെ അര്‍ത്ഥസാന്ദ്രത തേടിയലയട്ടേ ഞാന്‍?
    
ശരീരത്തിന്റെ അനുരതികള്‍
ആത്മാവിന്റെ അനുരഞ്ജനങ്ങളില്‍
അലിഞ്ഞുചേര്‍ന്നപ്പോള്‍
വിധേയത്വത്തിന്റെ വീഴ്ചകള്‍ക്കടിമയാകാതെ
തീഷ്ണയൌവനത്തിന്റെ ഗന്ധര്‍വ 
ഭാവനകളിലേയ്ക്ക് അവനെയവള്‍ തിരികെവിളിച്ചു. 

കാവേരി: നിന്റെ ചിന്തകളെവിടെ, ബ്രഹ്മപുത്രാ? 
ബ്രഹ്മപുത്ര: എത്രനാള്‍ നമ്മുടെ ഈ യൌവനോത്സവം?  
കാവേരി: നിന്റെ പ്രണയഗീതങ്ങള്‍ എന്റെ കാതുകളെ കുളിര്‍പ്പിക്കുവോളം.
ബ്രഹ്മപുത്ര: അനന്തമാണ്‌ എന്റെ ഈ പ്രേമം.  
കാവേരി: അനന്തമെന്നാല്‍?
ബ്രഹ്മപുത്ര: അന്നും ഇന്നും എന്നും ഒന്ന് മാത്രമായിരിക്കുക.
കാവേരി: ഇന്ന് എന്നും ഇന്നുതന്നെ ആയിരിക്കുക?
ബ്രഹ്മപുത്ര: അതേ, എന്നുമെന്നേയ്ക്കും ഇന്നേപ്പൊലെ ഒന്നായിരിക്കുക. 

പുതപ്പു വലിച്ച്  മുഖം മൂടിയിട്ട് , അവള്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു: എന്നുമെന്നുമെന്നും!

*കാവേരി: ദക്ഷിണേന്ത്യയിലെ പുണ്യ നദി. അതിലെ ജലം ഓര്‍മ്മ, ബുദ്ധി, രുചി എന്നിവയെ വര്‍ദ്ധിപ്പിക്കും എന്നാണു വിശ്വാസം.
ബ്രഹ്മപുത്ര: ഉത്തരേന്ത്യയിലെ മൂന്ന് പുണ്യനദികളിലൊന്ന്. പുല്ലിംഗനാമമുള്ള ഒരേയൊരു ഭാരതനദി.  

പള്ളിപ്രസംഗം

"സഹോദരികളെ, സഹോദരരെ, നമ്മുടെ പള്ളികളില്‍ നമ്മള്‍ കൂടുതലായി സ്വര്‍ഗ്ഗത്തെയും നരകത്തെയും, ശുദ്ധീകരണസ്ഥലത്തെയും മരണത്തെയും അവസാന വിധിയെയും പറ്റി കൂടുതല്‍ പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തിനും സഭയുടെ നിലനില്‍പ്പിനും സമുദായത്തിന്റെ കെട്ടുറപ്പിനും സ്വര്‍ഗ്ഗത്തിലെത്തുക എന്ന നമ്മുടെ ലക്ഷ്യം സാധിച്ചുകിട്ടാനും ഇതാവശ്യമാണ്. "* 

ബാംബര്‍ഗിലെ ആര്‍ച്ച്ബിഷപ്  Dr. Ludwig Schick Fulda യില്‍ വച്ച് നടന്ന ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ഫെറന്‍സില്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ റിപ്പോര്‍ട്ട്‌ Die katholische Zeitschrift, 16 Oct., 2011ല്‍ കൊടുത്തിരുന്നതില്‍ നിന്നാണിത് . 

വലിയ ആട്ടിന്‍കൂട്ടത്തെ തീറ്റാന്‍ കൊണ്ടുനടക്കുന്ന ഇടയന്മാര്‍ സഹായത്തിന് ഒരു പട്ടിയെ പരിശീലിപ്പിച്ചെടുക്കാറുണ്ട് . ഒരാട് കൂട്ടം വിട്ടുപോയാല്‍, ഉടനെ അവന്‍ കുരച്ചും തടഞ്ഞും അതിനെ കൂട്ടത്തിലേയ്ക്ക് നയിക്കും. വിശ്വാസികള്‍ സഭയില്‍ നിന്ന്  അകന്നുപോകാതിരിക്കാനും, എപ്പോഴും അവരെ ആശ്രയിച്ചു മാത്രം സ്വര്‍ഗത്തില്യ്ക്കുള്ള വഴിയേ നടക്കാനും വേണ്ടി, അവര്‍ക്ക് ചുറ്റും കറങ്ങി കുരച്ചുകൊണ്ടു നടക്കുന്ന അജനായകളെ ഓര്‍മ്മിപ്പിക്കുന്നു, ഇത്തരം അജപാലകര്‍. 

വിശ്വാസപ്രമാണം എഴുതിയുണ്ടാക്കിയ നാളുകളിലെ ബൌദ്ധിക നിലവാരമാണ് ഇപ്പോഴും മനുഷ്യരുടേത്  എന്നാണ് ഇവര്‍ കരുതുന്നത്. അന്ന് അതില്‍ ഉപയോഗിച്ചിരുന്ന ബിംബങ്ങള്‍ അന്നത്തെ ആളുകള്‍ക്ക് കൊള്ളാമായിരുന്നു. ഇന്നും അവയ്ക്ക് അക്ഷരാര്‍ത്ഥം കല്‍പ്പിച്ചുകൊടുത്ത് കടുംപിടുത്തം മുറുക്കിയിരുന്നാല്‍ ഇവരെ ഓര്‍ത്തു ചിരിക്കാതെ എന്തു ചെയ്യാന്‍.

അന്ത്യവിധിയെപ്പറ്റിയും, പല്ലുകടിയും മുറുമ്മലും തീയും കൊണ്ട് നിറഞ്ഞ നരകത്തെപ്പറ്റിയും,  യേശുവും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അവയെ സഭ വിശ്വാസപ്രമാണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, അവയെ അങ്ങനെത്തന്നെ എടുക്കുകയാണ് സത്യവിശ്വാസത്തിന്റെ കാതല്‍ എന്ന് മാര്‍ ഷിക്ക് പറയുന്നു. വിധിയാളനായ ഒരു ദൈവത്തെ മാറ്റി നിറുത്തിയാല്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും മനുഷ്യരുടെയും സ്രഷ്ടാവായ ദൈവത്തിനു പിന്നെയെവിടെ സ്ഥാനം എന്നാണ് ഈ ദൈവജ്ഞന്റെ ചോദ്യം! മാത്രമല്ല, യേശുവിന്റെ ജീവിതം, മരണം, സുവിശേഷം, നമ്മെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കേണ്ട പരിശുദ്ധാരൂപി ... എല്ലാം പിന്നെ അര്‍ത്ഥശൂന്യമത്രേ. "(ശിക്ഷിക്കുന്ന) ദൈവമില്ലങ്കില്‍, ഞാനെന്തിനു നല്ലവനായിരിക്കണം?" എന്നുപോലും മാക്സ് ഹോര്‍ക്ക് ഹൈമറെ (Max Horkheimer) ഉദ്ധരിച്ച് ഇദ്ദേഹം ചോദിക്കുന്നു. എത്ര വികലമായ ഒരു മനുഷ്യസങ്കല്പമാണ് ഇത്! 

കാതലില്ലാത്ത, യാന്ത്രികമായ ഒരു ജീവിതവീക്ഷണത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണിതൊക്കെ. മരണാനന്തരമുള്ള സ്വര്‍ഗ്ഗസിദ്ധിയെക്കുറിച്ചല്ലാതെ ജീവിച്ചിരിക്കെത്തന്നെ ഉണ്ടാകേണ്ട ആത്മീയാവബോധത്തിന്റെ സാദ്ധ്യതയെയും നേട്ടത്തെയും പറ്റി ഇവര്‍ക്കിനി ഒന്നും വിശ്വാസികളോട് പറയാനില്ലേ? ആത്മജ്ഞാനം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത സാധാരണ ആളുകള്‍ സ്വര്‍ഗ്ഗനരകങ്ങളില്‍ വിശ്വസിച്ച് നന്മയുടെ വഴിയേ പോകുന്നെങ്കില്‍ അത്രയും നല്ലത്. എന്നാല്‍ ആ വഴിയേ പോയാല്‍ കിട്ടുന്നത് ഒരു സ്വപ്നാനുഭൂതി മാത്രമാണെന്ന സത്യം ദൈവജ്ഞാനികളായി കരുതപ്പെടുന്ന മെത്രാന്മാരെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? ഏത്‌ മതമായാലും സ്വര്‍ഗത്തെ ജീവിതത്തിന് ശേഷമുള്ള പ്രാപ്യസ്ഥാനമായി കാണുന്നതിന്റെ പൊള്ളത്തരം ഭഗവത്ഗീത പോലുള്ള കൃതികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിക്രൂര ശിക്ഷകള്‍ ചൂണ്ടിക്കാട്ടി മനുഷ്യരെ സത്സ്വഭാവികളാക്കാന്‍ ശ്രമിക്കാമെന്നല്ലാതെ, അതുകൊണ്ട് മനുഷ്യന്‍ നന്നാകുന്നില്ലല്ലോ. സഭയുടെ ആവശ്യങ്ങള്‍ക്ക് അത്രയും മതിയായിരിക്കാം. 

ബഹുമാന്യ ഇടയന്മാരേ, സ്വര്‍ഗ്ഗത്തെയും നരകത്തെയും പറ്റി ഞങ്ങള്‍ ആട്ടിന്‍പറ്റങ്ങളോട്  കൂടുതല്‍ പ്രസംഗിക്കുക.

*Es ist wichtig, dass wir in der Kirche wieder mehr vom Himmel und der Hölle, dem Tod und dem Gericht predigen, lehren und sprechen. Das ist für unser Leben hier, für unsere Kirche, für die Gesellschaft und unseren Weg zur Vollendung im Himmel wichtig.




ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യം

എന്റെയാത്മാവേ, ഭൂലോകത്തിന്റെയെല്ലാ ദിക്കുകളിലൂടെയും
നീ സഞ്ചരിക്കുകയും, പര്‍വ്വതങ്ങളുടെയും
സമുദ്രങ്ങളുടെയും രഹസ്യങ്ങളറിയുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
ആത്മൈക്യത്തിന്റെ നിശബ്ദതയോളം വലിയ രഹസ്യമില്ല.


എന്റെയാത്മാവേ, ഏഴാഴികളും പതിന്നാലു ലോകങ്ങളും
മറികടന്നു നീ വിഹരിക്കുകയും, ചന്ദ്രന്റെയഴകും താരങ്ങളുടെ
ശ്രേഷ്ഠതയും നിന്നെ വശീകരിക്കുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
എന്റെയധരങ്ങളിലെ മന്ദസ്മിതം നിനക്കുള്ളതാകുന്നു.


എന്റെയാത്മാവേ, അനന്തതയിലേയ്‌ക്കൊഴുകുന്ന
പ്രകാശവീചികളിലാരൂഢയായി, അവയുടെ വേഗത്തിന്റെയുന്മാദത്തില്‍
നീ ഭ്രമിച്ചു പോയാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
നീഹാരബിന്ദുവില്‍ സൂര്യകിരണം പോലെ നിന്നെ ഞാന്‍ വഹിച്ചുകൊള്ളാം.


എന്റെയാത്മാവേ, സൗരയൂഥസംഗമങ്ങളിലാകൃഷ്ടയായി,
ഗ്രഹങ്ങളിലുദിക്കുന്ന പ്രഭാതസൗന്ദര്യങ്ങളില്‍ നീ മതിമറന്നു പോയാലും,

എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
ഹൃദയത്തിന്റെ പ്രകാശമാകുന്നു പരമമായ സൗന്ദര്യം.


എന്റെയാത്മാവേ, ക്ഷീരപഥങ്ങളുടെ ഗുരുത്വാകര്‍ഷണങ്ങളിലകപ്പെട്ട്
തമോഗര്‍ത്തങ്ങളിലേയ്ക്കു നീ വലിച്ചെടുക്കപ്പെട്ടാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
നമ്മുടെയാദ്യാനുരാഗത്തെ വെല്ലുന്നയാകര്‍ഷണമെവിടെ?


എന്റെയാത്മാവേ, ആരംഭങ്ങളുടെ മുകുളങ്ങളെ തേടിപ്പോയി,
പ്രണവത്തിന്റെ മന്ത്രചൈതന്യത്തെ നീയാദാനം ചെയ്യുകയും,
അതിലാമഗ്നയായിത്തീരുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെപോരണം;
ആദ്യവചനമല്ല, വചനത്തിന്റെയര്‍ത്ഥമാകുന്നു വിജ്ഞാനം.


എന്റെയാത്മാവേ, ലക്ഷ്യം തെറ്റി നീ മരണത്തിന്റെ താഴ്‌വരയി-
ലലഞ്ഞുഴലേണ്ടിവന്നാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
എന്തെന്നാല്‍ പരസ്പരം നമ്മള്‍ ജീവനാകുന്നു.
നിന്നെ നിറയ്ക്കുന്നതു ഞാനും, എന്നെ നയിക്കുന്നതു നീയും.

നിന്നോടൊത്ത് അനന്തതയെ മോഹിക്കാന്‍
എന്റെയാത്മാവേ, എന്നെയനുവദിക്കുക!



ഇഷ്ടം ജീവനിലേയ്ക്കുള്ള വഴിയാകുന്നു

ആര്‍ദ്രമായ തന്റെ കണ്ണുകള്‍ എന്റേതില്‍ മൃദുലമായി തറച്ചുനിറുത്തി വള്‍ ചോദിക്കുന്നു:
"എന്നെയിഷ്ടമാണോ?"
"ഉവ്വല്ലോ!"
"എന്തേരെ?"
കൈവിരല്‍കൊണ്ടൊരു വൃത്തം വരച്ച്, "ഇത്രമാത്രം?"
"അല്ല, ഭൂഗോളത്തോളം!"
"അത്രയും മാത്രം?"
"അല്ല മോളേ , ബ്രഹ്മാണ്ഡത്തോളം - ബ്രഹ്മത്തോളം."

ഇത്തരം ചോദ്യങ്ങളുന്നയിച്ചിട്ട് അവയ്ക്കു കിട്ടുന്നയുത്തരങ്ങളെ ഗൗരവമായിട്ടെടുക്കുന്നയൊരുവളെ ആരാണിഷ്ടപ്പെട്ടുപോകാതിരിക്കുന്നത്?
ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജീവസ്പന്ദനം അനുഭവിക്കുന്ന രണ്ടുപേരുടെ ഇഷ്ടമാണത്.

ആ ഇഷ്ടത്തിനു വിലയുണ്ടെന്നും അതിനു മാറ്റം വരില്ലെന്നുമറിഞ്ഞുകൊണ്ട്;
നിഷ്‌ക്കളങ്കതയുടെ പാരമ്യമാണതില്‍ ഇരുവരും അനുഭവിക്കുന്നത്.
അവിടെയെത്തിനില്ക്കുമ്പോള്‍ അതിനു കാര്യകാരണങ്ങളുടെയാവശ്യമില്ലാതാകുന്നു.
ഇഷ്ടമാണെന്ന സ്ഥിരീകരണം മാത്രമാകുന്നു, അങ്ങനെയായിരിക്കുന്നതിന്റെ പൊരുള്‍.
അതില്‍ പഞ്ചേന്ദ്രിയങ്ങളാല്‍ പരീക്ഷിക്കപ്പെടേണ്ടതൊന്നുമില്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യമായി,
ഈ ഇഷ്ടം നിറഞ്ഞു നില്ക്കുന്നു.
പ്രകാശം പോലെ സുതാര്യവും ദൃഢവുമാണത് -
അതു മോക്ഷാനുഭവമായതുകൊണ്ട്,
വീണ്ടും ഒരേ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു -
ഒരേ ഉത്തരത്തിനായി.
യുക്തിക്കല്ല അതാവശ്യം - ഇഷ്ടമെന്ന പ്രക്രിയക്കാണ്.
ആണോ എന്നതിന് ആണ് എന്ന ഉത്തരം നിശ്ചയമായതുകൊണ്ടാണ് അതാവര്‍ത്തിക്കപ്പെടാന്‍ കൊതിച്ചുപോകുന്നത്.

ആ ചോദ്യത്തിലൂടെയവള്‍ എന്റെ തങ്കക്കുടമായിത്തീരുന്നു, ഓരോ തവണയും.
ആ ചോദ്യത്തിലൂടെയവളെന്റെ മുത്താകുന്നു.
ഓരോ തവണയും.
മുത്തെനിക്കു വിലയുള്ളതല്ല, എറ്റം മൗലികമായ പവിഴം പോലും. പക്ഷേ, അവളെന്റെ മുത്താകുമ്പോള്‍ അത് അതുല്യമാകുന്നു. ആ മുത്തെന്റെ ജീവനാകുന്നു!

"എന്നെയിഷ്ടമാണോ?"
ആ ചോദ്യത്തിലൂടെ ഉയരുന്നതവളല്ല, ഞാനാണ്. എന്റെ ഇഷ്ടപ്പെടലാണതിലൂടെ വിലയുറ്റതായിത്തീരുന്നത്.
ഇതിലും മധുരതരമായ ഒരു ചോദ്യം മറ്റൊരു നാവില്‍നിന്നും ഉണ്ടാകാനാവില്ല.
അതിലൂടെ എല്ലാം പുതുതായി സ്ഥിരീകരിക്കപ്പെടുകയാണ് - അവള്‍, ഞാന്‍, ദൈവം; 
ഇവയെല്ലാം ഒന്നായി നിലനില്ക്കുന്നു; അല്ലെങ്കില്‍ എല്ലാം ഒരുമിച്ച് അര്‍ത്ഥശൂന്യമായിത്തീരുന്നു.

"എന്നെ ഇഷ്ടമാണോ?" എന്നത്  സൃഷ്ടിയുടെയും സൗന്ദര്യത്തിന്റെയും  പരകോടിയായിത്തീരുന്നു. അതിലൂടെയവളെന്നെ സത്യവും ശിവവും സുന്ദരവുമാക്കുന്നു.
"ഉവ്വല്ലോ!" എന്ന എന്റെ ഉത്തരത്തിലൂടെ അവ
ള്‍ സത്യവും ശിവവും സുന്ദരവുമാകുന്നു.

ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യമാണിത്.