നിര്‍വാണവും നിര്‍വൃതിയും

ഘ്രാണിക്കപ്പെടാത്തിടത്ത് ഗന്ധമില്ല,
ശ്രവിക്കപ്പെടാത്തിടത്ത് സ്വരമില്ല,
കാണപ്പെടാത്തിടത്ത് പ്രകാശമില്ല,
ആസ്വദിക്കപ്പെടാത്തിട
ത്ത് സംഗീതമില്ല,
സ്നേഹിക്കപ്പെടാത്തിട
ത്ത് മനുഷ്യരില്ല.
എന്റെ ലോകം എന്റെമാത്രം സൃഷിയാണ്.

പ്രപഞ്ചോര്‍ജ്ജമെന്ന സമഗ്രമായ ഉണ്മയുടെ ഘനീഭാവമാണ് മണല്‍ത്തരിതൊട്ട്‌ താരങ്ങള്‍ വരെയുള്ളതെല്ലാം. ഈ ഊര്‍ജത്തിന്റെ ഒരു പ്രത്യക്ഷരൂപമാണ് വെളിച്ചം‌. ഈ പ്രകാശത്തെ പിടിച്ചെടുക്കാനുള്ള ഉപകരണമായിട്ടാണ് ജീവികള്‍ക്ക് കണ്ണുണ്ടായത്. കണ്ണില്ലെങ്കില്‍ വെളിച്ചമില്ല. സൂര്യനില്‍ നിന്നോ മറ്റു നക്ഷത്രങ്ങളില്‍ നിന്നോ ഫോട്ടോണ്‍പ്രസരം ശൂന്യവിഹായസിലൂടെ കടന്നുപോകുമ്പോള്‍ അതു വെളിച്ചമായി മാറുന്നില്ല. അതിനെ തടയുന്ന ആകാശഗോളങ്ങളില്‍ ഊര്‍ജ്ജമായിട്ടാണ് അത് പ്രതികരിക്കുന്നത്. തടയാനൊന്നുമില്ലാത്തിടത്ത് പ്രതിബിംബിംബങ്ങള്‍ ഉണ്ടാവില്ല. ഫോട്ടോണ്‍ കണ്ണുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് വെളിച്ചം. ഭാസത്തിന്റെ അര്‍ത്ഥം തന്നെ ശോഭ, രശ്മി, സങ്കല്‍പം എന്നെല്ലാമാണ്. പ്രകാശത്തിന്റെ വാച്യാര്‍ത്ഥവും ഇത് തന്നെ: ആകാശമെന്നാല്‍ (ദ്യോവ്) വീണ്ടും ശോഭയെന്നാണ്. ആകാശത്തോടുള്ള കണ്ണിന്റെ പ്രതികരണമാണ് പ്രകാശവും കാഴ്ചയെന്ന സൃഷ്ടിയും.


ഇത്രവരെ വായിച്ചശേഷം ഒരു സുഹൃത്ത്‌, എഴുതിച്ചോദിച്ചു: ഒരന്ധനും നല്ല കാഴ്ചയുള്ളവനും സൂര്യപ്രകാശത്തു നിന്നാല്‍ ...? ശരിയാണ്, ഇരുവര്‍ക്കും സൂര്യനെ അനുഭവിക്കാം, പക്ഷേ, അന്ധന്‍ അത് സൂര്യതാപമായിട്ടെ അനുഭവിക്കുകയുള്ളൂ, വെളിച്ചമായിട്ടല്ല. നമ്മെപ്പോലെയല്ല, പ്രത്യുത, മറ്റൊരു രൂപത്തിലാണ്, കണ്ണില്ലാത്തവ, ഉദാ. ചെടികള്‍ സൌരോര്‍ജ്ജത്തെ സ്വീകരിക്കുന്നത്. ഈ തത്ത്വം എല്ലാ ഇന്ദ്രിയവിഷയങ്ങളിലേയ്ക്കും വ്യാപിപ്പിക്കാം. ഘ്രാണേന്ദ്രിയമുള്ള ജീവികളില്ലെങ്കില്‍, മുല്ലപ്പൂവിനു സുഗന്ധമില്ല. തന്നെയല്ല, ആസ്വദിപ്പിക്കുന്ന സ്വരവും മടുപ്പിക്കുന്ന സ്വരവും നമ്മുടെ ശ്രവണേന്ദ്രിയഘടനയുടെ ഫലമാണെന്നതുപോലെ, ഗന്ധങ്ങളെ സുഗന്ധം, ദുര്‍ഗ്ഗന്ധം എന്ന് വേര്‍തിരിക്കുന്നത് നമ്മുടെ ഘ്രാണേന്ദ്രിയമാണ്. നാമെന്തെല്ലാം കേള്‍ക്കുന്നുണ്ടായിരിക്കാമെങ്കിലും, നമ്മുടെയടുത്ത് നില്‍ക്കുന്ന ബധിരനു ചുറ്റുവട്ടം നിശബ്ദമാണല്ലോ. അങ്ങനെയെങ്കില്‍, നമുക്ക് പറയാം, മനുഷ്യരും അവരുടെ മനസ്സെന്നയുപകരണവും ഇല്ലായിരുന്നെങ്കില്‍, സ്ഥലവും (ഇടവും) സമയവുമില്ല. കാരണം, ഇവ രണ്ടും നമുക്ക് പ്രപഞ്ചാനുഭവമുണ്ടാക്കിത്തരുന്ന കല്പിതങ്ങളാണ്.

സ്ഥലകാലങ്ങള്‍ കല്പിതങ്ങളാണെങ്കില്‍‍, അവയിലൂടെ മാത്രം ഗ്രഹിക്കാനാവുന്നവയും കല്പിതങ്ങളാണെന്ന് വരില്ലേ? നന്മതിന്മകളെന്ന വേര്‍തിരിവും സമയബന്ധിതമാകയാല്‍ അവയും കല്പിതമാണ്. നമുക്ക് വെളിയിലുള്ളത് നിര്‍ഗുണമായ ഊര്‍ജ്ജമാണ്. ഈയറിവ് നമുക്ക് അനുഭൂതിയുടെ വിതാനങ്ങളിലേയ്ക്കും മനുഷ്യബന്ധങ്ങളിലേയ്ക്കും വ്യാപിപ്പിക്കാം. മറ്റൊരാളുടെ പ്രവൃത്തികള്‍ നമ്മില്‍ എന്ത് വികാരമുണ്ടാക്കണമെന്ന് നാം തന്നെയാണ് നിശ്ചയിക്കുന്നത്. ഏത് സംഭവത്തോടും അനുഭവത്തോടും ബന്ധപ്പെടുത്തി,  'ഞാനിവിടെയില്ല' എന്ന നിലപാടെടുത്താല്‍, പിന്നെയവയൊന്നും നമ്മെ ബാധിക്കുകയില്ല. നമ്മോടസഭ്യം പറയുന്നവനെ നാം ശ്രദ്ധിക്കാതിരുന്നാല്‍, നമുക്ക് രോഷമുണ്ടാവില്ല. എതിരെനിന്ന് ചീത്തവിളിക്കുന്നവനെപ്പറ്റി, അവന്‍ അവന്റെ വികാരത്തള്ളലിനടിപ്പെടുന്നു,പാവം വെറുതേ ചൂടാവുന്നു! അതെന്തിനെന്നെ സ്പര്‍ശിക്കണം എന്ന നിര്‍മ്മമത സാധിക്കുന്നവന് ഒരു ചുക്കും സംഭവിക്കുന്നില്ല. ഇകഴ്ത്തല്‍ മാത്രമല്ല, പുകഴ്ത്തലും, അത് കാര്യമുള്ളതോ ഇല്ലാത്തതോ ആകട്ടെ,  ഈ നിലയിലെത്തിയവരില്‍ ഒരു വിധ വൈകാരികമാറ്റവും വരുത്തുകയില്ല. അതായത്, സ്വയം അവിടെ  ഇല്ലാതായിക്കൊണ്ട്, വളരെ ധന്യമായ ശൂന്യതയെ, വിശ്രാന്തിയെ, നമുക്ക് ചുറ്റും സൃഷ്ടിക്കാം. അഹംബോധത്തെ മറികടക്കുന്ന ഈ അവസ്ഥയെയാണ് ബുദ്ധന്‍ നിര്‍വാണയെന്നു വിളിച്ചത്. ചാഞ്ചല്യമില്ലാതെ, ആളാതെ കത്തുന്ന തീനാളത്തിന്റെ അവസ്ഥയാണത്. 'വാണ' (സംസ്കൃതം) എന്നാല്‍, ആളുന്ന നാളമാണ്.


നിര്‍വാണത്തിലേയ്ക്കുള്ള വഴി സാധനയാണ്‌. വെളിയില്‍നിന്ന് വരുന്നവയില്‍നിന്ന്  എന്തൊക്കെ സ്വീകരിക്കണം, എന്ത് നിരാകരിക്കണം എന്ന് സ്വയം തീരുമാനിക്കാനായാല്‍, നമ്മുടെ ശാന്തിയെ നശിപ്പിക്കുന്നവയെ 'കണ്ടില്ലെന്നു' വയ്ക്കാന്‍ ഏതൊരാള്‍ക്കും പഠിച്ചെടുക്കാം. സര്‍വദോഷിയായ നമ്മുടെ അഹത്തെ തോല്‍പ്പിക്കാനായാല്‍ സംശുദ്ധമായ അസ്തിത്വത്തെ തൊട്ടറിയാനുള്ള സാധ്യത കൈവരും എന്നാണിതിര്‍ത്ഥം. സ്വയം മറക്കുകയെന്നത് എവിടെയും ഏറിയ അര്‍ത്ഥത്തിലേയ്ക്കുള്ള വഴിയാണ്. കേള്‍വിക്കാരെയും കാണികളെയും അങ്ങേയറ്റം ആസ്വദിപ്പിക്കാന്‍ ഒരു ഗായകനോ നര്‍ത്തകിക്കോ സാധിക്കുന്നത്, സ്വയം മറന്ന് പാടുകയും നൃത്തംവയ്ക്കുകയും ചെയ്യുമ്പോഴാണല്ലോ. ഇത് എവിടെയും ബാധകമാണ്. സ്വയം മറക്കാതെ സ്നേഹംപോലും സ്നേഹമാകുന്നില്ല. സമ്പുഷ്ടമായ മൌനമെന്നും ശൂന്യതയെന്നും പറയുന്നത് ഈ അവസ്ഥക്കാണ്. 

എന്താണ് നിര്‍വൃതി?
അഗാധമായ ഒരു സ്നേഹാനുഭൂതി, അപ്രതീക്ഷിതമായ ഒരുള്‍ക്കാഴ്ച, അതിതീക്ഷ്ണമായ ഒരു കലാനുഭവം തുടങ്ങിയവയിലെല്ലാം നാം സ്വയം മന്തിക്കുന്നു: സമയം പോയതറിഞ്ഞില്ല! ഇവിടെ സമയമെന്ന സങ്കല്പവസ്തുവിനെ അളക്കുന്ന യന്ത്രങ്ങളില്‍ സൂചിക മാറിയിട്ടുണ്ടെങ്കിലും, അനുഭവസ്ഥന്റെ 'സമയം' ഓടുകയല്ലായിരുന്നു, മറിച്ച്, നിന്നിടത്ത് നില്‍ക്കുകയായിരുന്നു. ഇത്തരം അല്‍പനിര്‍വൃതിയുടെ നിമിഷങ്ങള്‍ ഏവര്‍ക്കുംതന്നെ ഉണ്ടായിരിക്കണം. ആത്മാവില്‍ നിര്‍വൃതി വന്നുനിറയുന്നത് ഒരു നിമിഷാര്‍ദ്ധത്തിലാണ്. അനന്തതയുടെ ആ തരിയെ പുണരാന്‍ കഴിയുമ്പോള്‍, പിന്നിട്ടുപോയ സമയദൂരങ്ങള്‍ അപാരതയിലലിഞ്ഞ് അപ്രസക്തമായിത്തീരുന്നു. കോടക്കാറിറങ്ങുന്ന മലഞ്ചെരുവിലോ, സായാഹ്നശാന്തതയിലെ കടല്‍ത്തീരത്തോ, ഏകാന്തവിജനമായ നടപ്പാതയിലോ ആകാം ഇത്തരമൊരനുഭൂതി പെട്ടെന്ന് നമ്മെ വലയംചെയ്യുക. ബോധിവൃക്ഷച്ചുവട്ടില്‍ സിദ്ധാര്‍ഥ ഗൌതമനും, താജ്മഹളിനു മുമ്പില്‍ ഷാജഹാനും, മരിച്ചെന്നു കരുതിയിരുന്ന യേശുവിനെ ശവക്കല്ലറയ്ക്കു മുമ്പില്‍ ജീവനോടെ കണ്ടുമുട്ടുന്ന മിറിയവും അനുഭവിച്ചറിഞ്ഞ നിര്‍വൃതിയുടെ നിമിഷങ്ങള്‍ ഏവര്‍ക്കുമുള്ളതല്ല.


ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം അല്ലെങ്കില്‍ ഇഷ്ടവസ്തുക്കളുടെ ലഭ്യതയാണല്ലോ നിര്‍വൃതിക്ക് കാരണമാകുന്നത്. ഏറ്റവും ഇഷ്ടപ്പെട്ടയാളുടെ സാന്നിധ്യവും നിര്‍വൃതിദായകമാകുന്നു. ഇവയിലേതായാലും, നിര്‍വൃതിക്ക് കാരണമായത് കൈവിട്ടുപോകുമ്പോള്‍ ഫലം ദു:ഖമാണ്. നിര്‍വൃതിയുടെ ആഴത്തിനനുസരിച്ചിരിക്കും ദു:ഖത്തിന്റെയാഴവും. നമ്മുടെ ഭാഷകളുടെയൊക്കെ വളര്‍ച്ചയില്‍ വളരെയധികം താത്ത്വികവിചാരം ഉള്‍പ്പെടുന്നുണ്ട്. വൃതിയില്‍ നിന്നാണ് നിര്‍വൃതി വരുന്നത്. വൃതിയുടെയര്‍ത്ഥം വരണം, ആവരണം, വളച്ചുകെട്ട് എന്നും അന്വേഷണം, തിരഞ്ഞെടുക്കല്‍ എന്നുമൊക്കെയാണ്. അങ്ങനെയെങ്കില്‍, ആവരണങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രരാകുകയും തേടിപ്പോക്ക് സാര്‍ത്ഥകമാകുകയും ചെയ്യുമ്പോള്‍ കൈവരുന്ന ആനന്ദത്തിന്റെ മധു നുകരുന്നതാണ് നിര്‍വൃതി.

ദ്രവ്യത്തിന്റെ ലോകത്ത് ഇത് താല്‍ക്കാലികമായിരിക്കും, കാരണം, അതു മാറ്റങ്ങളുടെ പരിധിക്കുള്ളിലാണ്. ഊര്‍ജ്ജതലത്തിലും നിര്‍വൃതി അസ്ഥിരമായിരിക്കും. ഉദാ. വൈകാരികബന്ധങ്ങള്‍. അവ ഊര്‍ജ്ജതലത്തില്‍ സംഭവിക്കുന്നവയാണ്. കാമനകളെല്ലാം ഇതിലേതെങ്കിലും ഒരു തലത്തിലായിരിക്കും പ്രവര്‍ത്തിക്കുക. എന്നാല്‍, ദ്രവ്യശരീരത്തിനും ഊര്‍ജ്ജതലത്തിനും അപ്പുറത്തേയ്ക്ക് നീങ്ങിയാല്‍, ബോധതലത്തില്‍, നിര്‍വൃതി സ്ഥിരമായിരിക്കണം. തികച്ചും സംശുദ്ധമായ ഇത്തരമൊരു ബന്ധമാണ് കറകളഞ്ഞ പ്രണയത്തിന്റേത്. പ്രണയനിര്‍വൃതി സ്ഥായിയല്ലെന്നയനുഭവമുണ്ടാകുമ്പോള്‍, അതിലകപ്പെട്ടവര്‍ അതിന്റെ പരിശുദ്ധിയെപ്പറ്റി ശോധന നടത്തേണ്ട സമയമായി എന്നാണര്‍ത്ഥം. ശുദ്ധമായ പ്രണയം അവസാനമില്ലാത്തതായിരിക്കും. അതിനപ്പുറത്തേയ്ക്കൊന്നും ആര്‍ജ്ജിക്കേണ്ടതില്ലാത്ത അവസ്ഥയിലാണ് പ്രണയവും ദൈവസ്നേഹവും പരമാനന്ദമായിത്തീരുന്നത്. എന്നെ സ്നേഹത്തില്‍ മുക്കിക്കൊല്ലുന്നതും, എന്റെ സ്നേഹത്തില്‍ മുങ്ങിത്താഴുന്നതുമായ മറ്റൊരു ബോധത്തെ കണ്ടെത്തിയെന്ന ധൈര്യമാണ് ഒരാളെ പരമമായ നിര്‍വൃതിയിലെത്തിക്കുന്നത്. അങ്ങനെയൊന്ന് ഐന്ദ്രികതലത്തിലോ മനസ്സിന്റെ തലത്തിലോ മാത്രം സാധ്യമല്ല; ബോധതലവും ഉള്‍പ്പെടുമ്പോഴേ അതുണ്ടാവൂ. 


comments:   (Not to include in the book!)
Alla Mashe,
Sangati adipoliyaayittundu. Very finely argued, exposed, explained, Felicitations galore. It is true, absolutely true, that my world is my own making. Or I would rather put it
this way, " my world experience is my own"
But a question lingers on. That is,  the sunlight is perceived as such by my eyes because my eyes can capture the susccessive waves of photons (solar energy) and deflect (or reflect?) it, and I have the sensation of 'light'. On the contrary, the blind experiences the same as warmth, heat or...? Whatever the nature, dimension, intensity, shape of the 'world', it does exist  outside me and my 'experiencing' it. In other words, does the 'objective; world exist? For me it does. It will cease to exist thus only when I do 'tapas' (enter into a  very high thermal state of mind) melting into pure energy and fusion with the world which is made of the same energy stuff. Tatwamasi?
Koodutal  pinnale
Inasu, Paris.

മുറ്റത്തെ ചിറ്റരത്ത

പൂര്‍വ്വജന്മങ്ങളിലൂറിക്കൂടിയ
ധര്‍മ്മോര്‍ജ്ജങ്ങള്‍
വര്‍ത്തമാനമണ്ഡലത്തില്‍ വരപ്രസാദ-
വര്‍ഷമായി പതിക്കുമ്പോലെ;

ഋതുരാശികളിലെയര്‍ത്ഥനഷ്ടങ്ങള്‍
പൃക്തസാന്ദ്രമാമോര്‍മ്മകളുടെ
പുഷ്പഹര്‍ഷമായിടും പോലെ;

അജ്ഞാത ജീവരഹസ്യങ്ങളുടെ
കേവലകണ്ണികള്‍ ഇണങ്ങിച്ചേ-
ര്‍ന്നൊരു ചേതോഹര പവിഴമാല
രൂപപ്പെടുമ്പോലെ;

അല്പാശ്ചര്യങ്ങളുടെയനിശ്ചിതത്വങ്ങള്‍
മഹാശ്ചര്യത്തിന്റെയുന്മാദ-
രഹസ്യമായിപ്പരിണമിച്ചീടും പോലെ;

ധ്വനികള്‍ക്ക് പ്രതിധ്വനിയും
വാക്കുകള്‍ക്കു രസസാരവും
അകമ്പടി ചേര്‍ന്ന്
ഒരു വരിഷ്ഠഗാനമലതല്ലും പോലെ;

കവിഞ്ഞൊഴുകുന്ന കവിതയുടെ-
യനര്‍ഹവരദാനമായി
നിരതിശയത്തിന്റെ-
യനുഭാവാനുഭൂതിയായി
ആകാരം പൂണ്ടുനിലക്കു-
ന്നെന്‍ പൂമുഖത്തൊരു
നിത്യചൈതന്യ ചിറ്റരത്ത!


നിത്യചൈതന്യയതിയുടെ ആത്മവിജ്ഞാനസമ്പത്തിന് ഒരു മംഗളപ്രകീര്‍ത്തനം.
15.10.2002
ചിറ്റരത്ത: കുമ്പിളിന്റെ വാസനയും ഇളം കരിമ്പിന്റെയാകൃതിയുമുള്ള ഒരു ഒരൌഷധച്ചെടി.

ആത്മം

(വൃത്തം കേക)
എത്ര നാമറിഞ്ഞാലു,മറിഞ്ഞു തീരാത്തൊരു
ചിത്തത്തിന്‍ ബ്രഹ്മാണ്ഡത്തെയെത്രയോ പുകഴ്ത്തണം (1)
വേദവ്യാസനോ പതജ്ഞലിയോ കൊതിച്ചതും
വേദാന്തമറിയാത്ത പാമരന്‍ തേടുവതും

ആത്മത്തിലൊളി പെയ്യും ബ്രഹ്മത്തെയറിയുവാന്‍
ബ്രഹ്മത്തെയറിഞ്ഞാലോ ജീവിതസാഫല്യമായ്.
പ്രപഞ്ചപ്രതിഭാസം സ്വപ്നമായ്ക്കരുതുന്നോ-
നതില്‍നിന്നുണരേണ,മുറവിടത്തിലെത്താന്‍.

ഒന്നുമറിയാതെയീ സാഗരപ്രാന്തങ്ങളില്‍
വന്നുപോയിടാനല്ലീ ജന്മമെന്നോര്‍ത്തീടേണം.
ഭവ്യമായതെന്തെല്ലാ,മൊളിഞ്ഞുകിടക്കുമ്പോ-
ളവ്യക്തകാഴ്ചകളില്‍ തൃപ്തരായ് മടങ്ങാനോ?

അറിയാന്‍ കഴിയുന്നോന്‍ പുരുഷനെന്നു പാഠം (2)
അറിയപ്പെടുന്നതോ പ്രകൃതിയെന്നു
സാരം. (3)
ആകാശേ (4) വിന്യസിക്കുമൂര്‍ജ്ജത്തിന്‍ തരംഗങ്ങള്‍
ജീവോല്പത്തിയായ് ഭവിപ്പതത്രേ നാദബ്രഹ്മം.
(5)

ബ്രഹ്മനാദത്തിന്‍ ഭ്രൂണം ഭാഷയായ് വളരുന്ന-
തോര്‍മ്മയി,ലതില്ലെങ്കില്‍ ഭാഷയുമില്ല തന്നെ!
(6)
ചിന്തിക്കാന്‍ മനുജനു ഭാഷകള്‍ വേണ്ടുംപോലെ
ചിന്തക്കു കൂട്ടുനില്‍ക്കാനുള്ളതു വികാരങ്ങള്‍.

ജീവന്റെ ശ്രേണികളില്‍ സ്ഥായിയായ് രൂപംകൊള്ളും
ജനകവിഭാനത്തെ വിഷ്ണുവായ്ത്തൊഴുക നാം
(7)
രേതസും (8) ശോണിതവു,മന്യോന്യം ചേരുന്നേര-
മൂര്‍ജ്ജത്തിന്‍ ഭാവഭേദമായവ ത്രസിച്ചീടും.

ഈ ഭാവഭേദങ്ങളില്‍ രതിയും
(9) ശക്തിയും ചേ-
ര്‍ന്നദ്വൈതാനുഭൂതിയായ്പ്പടരും ചിദ്വിലാസം;
ചിജ്ജടസമ്മിശ്രത്തില്‍ സഞ്ചരിക്കുന്ന ജീവന്‍
ജിജ്ഞാസുവായീടുകില്‍
(10) പ്രാപിക്കും സമാധിയെ.

ആത്മാവുമഹന്തയുമര്‍ത്ഥത്തിലൊന്നു തന്നെ-
യാത്മജ്ഞാനമില്ലാത്തയാത്മംതന്നെയഹന്ത.
(11)
പരംഭൂവിന്റെ സത്ത പടരും തരംഗമായ്
തരംഗമെന്നാല്‍ വിദ്വുത്പ്രവാഹമെന്നു തന്നെ.

ആത്മാവിന്‍ ത്രണനങ്ങളാനന്ദരാഗങ്ങളാ-
യാന്ദോ
ളനങ്ങളായി, സ്വരാനുഭൂതിയായി
ആരോഹാവരോഹണങ്ങളിലായ് നൃത്തം ചെയ്യേ
ആ രാഗതാളങ്ങളില്‍ യുഗ്മങ്ങളിണങ്ങീടും.

അന്യോന്യമടുക്കുമീ ജീവന്റെ തന്മാത്രക-
ളനാഹത
(12)പ്രേമത്തിന്‍ പ്രളയം തുടരുന്നു.
തല്‍ബോധം ലയമായിട്ടദ്വൈതമാകുന്നതേ-
(13)
യാത്മനിര്‍വൃതിയായി, നിത്യതയുമതുതാന്‍! (14)                          
  
അര്‍ത്ഥസൂചിക 
1. ബ്രഹ്മാണ്ഡം - ദൃശ്യാദൃശ്യങ്ങളും സ്ഥൂലസൂക്ഷ്മങ്ങളുമായ സര്‍വ്വതുമുള്‍ക്കൊള്ളുന്ന പ്രപഞ്ചസഞ്ചയം. 
2. പുരുഷന്‍ - മഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയില്‍നിന്ന് ഉത്ഭവിക്കുകയും അവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ചിദ്വിലാസം. ബൈബിളില്‍ വാഴ്ത്തപ്പെടുന്ന ആദികാരണമായ വചനം. സ്വയംപ്രകാശനത്തിലൂടെ അറിവിനെ പ്രദ്യോതിപ്പിക്കുന്നതെല്ലാം. (നാദബ്രഹ്മം കാണുക.)    
3. പ്രകൃതി - മനസ്സും ശരീരവുമടങ്ങിയ ഏകത്വത്തെ ഭരിക്കുന്നതും അറിവിന്‌ വിധേയമാകുന്നതുമായതെല്ലാം. മനുഷ്യാസ്തിത്വം പുരുഷപ്രകൃതികള്‍ തമ്മിലുള്ള ബന്ധനമാണ്. പ്രകൃതിയില്‍ നിന്നും മുക്തമാകുമ്പോള്‍ ആത്മം പുരുഷനാകുന്നു. (ഇവിടെ ലിംഗവ്യത്യാസധ്വനിയില്ല.)   
4. ആകാശം - ഭൂതഭൌതികമായവക്കെല്ലാം ഉണ്ടായിരിക്കുക, വര്‍ത്തിക്കുക എന്നീ സാധ്യതകള്‍ നല്‍കുന്ന സ്ഥിതിവിശേഷം - space -  ഇത് അനന്തമാണ്‌. ആകാശത്തില്‍ സ്ഥൈതികമായതെല്ലാം ഊര്‍ജ്ജസ്വഭാവമുള്ളതും അതിനാല്‍ ചലനാത്മകവും തരംഗപ്രകൃതവുമാണ്. 
5. 6. നാദബ്രഹ്മം, ഭാഷ, സ്വരം - ഊര്‍ജ്ജം, തരംഗം, ശ്രുതി, നാദം എന്നിവ ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു. വാക്കിനെ മെനയുന്ന അക്ഷരങ്ങളും നാദത്തില്‍നിന്ന് ഉണ്ടാകുന്നു; അവയില്‍ നിന്ന് ഭാഷകളും. ജഗത് മുഴുവന്‍ നാദാധീനമാണെന്നു പറയാം. മേല്‍പ്പറഞ്ഞ ശൃംഖലയിലെ അടുത്ത കണ്ണിയാണ് സ്വരം - "കേള്‍ക്കുന്നവന് രസത്തെ നല്‍കുന്നത്. ശ്രുതിയെത്തുടര്‍ന്നുണ്ടാകുന്ന അനുരണനമാണ് രസജന്യമായ സ്വരം" എന്ന് നിത്യചൈതന്യ യതി. ഭാരതീയ മനശാസ്ത്രത്തിനു ഒരാമുഖം, താ. 98.        
7. വിഷ്ണു, ശിവന്‍ - പ്രപഞ്ചത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിജ്ഞാനസമ്പത്തിനെ ജനിതകമായ അനുസ്മരണത്തിലൂടെ തുടര്‍ന്നുകൊണ്ടുപോകുന്ന പ്രതിഭാസം. ഓരോ ജൈവ ഏകകത്തിന്റെയും വിലയനത്തിലുള്‍ക്കൊണ്ടിരിക്കുന്ന പൂര്‍വ്വാര്‍ജ്ജിത വാസനയ്ക്ക് ദേവതാരൂപം നല്കിയിരിക്കുന്നതാണ് വിഷ്ണു. വിഷ്ണു ഓര്‍മ്മയുടെയും ശിവന്‍ മറവിയുടെയും ദേവനായി കരുതപ്പെടുന്നു. സ്ത്രീക്കാണ് വിഷ്ണുഗുണം കല്‍പ്പിച്ചിരിക്കുന്നത്.      
8. 9. രേതസ്, ശോണിതം, രതി, ശക്തി - ഇഷ്ടമെന്നത് ഒരാത്മാവിലോ ശരീരത്തിലോ പൂര്‍ണമായി അനുഭവേദ്യമാകില്ല. രണ്ട് ഹൃദയങ്ങളുടെയിടയില്‍ ഉണ്ടാകുന്ന ആന്ദോളനമായിട്ടാണത് പൂര്‍ണതയിലെത്തുക. പങ്കുവയ്ക്കലും അതില്‍നിന്നുത്ഭൂതമാകുന്ന പാരസ്പര്യവും രസാനുഭൂതിയുമാണിവിടെ ഉദ്ദേശിക്കുന്നത്. രതി, പ്രാണന്‍, ശക്തി എന്നിവയുടെ വൃത്തിസംവേദനങ്ങള്‍ രത്യാനന്ദത്തിലേയ്ക്ക് നയിക്കുമെങ്കിലും, ഇവയെ കടന്ന്  ശാന്തിയില്‍ വിലയിക്കുകയാണ് ജിജ്ഞാസുവിന്റെ ലക്ഷ്യം.     
10. ജിജ്ഞാസു - ജ്ഞാനസമ്പാദനം (മോചനം) ഇഛിക്കുന്നവന്‍.   
11. ആത്മാവ്, അഹന്ത - ഒരേ അറിവിന്റെ രണ്ട് ഭാവങ്ങളാണിവ. ആത്മാവ് = self / അഹന്ത = ego. വികലവും അപൂര്‍ണവുമായ അറിവ് അഹന്തയെ വളര്‍ത്തുന്നു. ദൃഢവും സ്വഛവുമായ അറിവ് ഒരുവനെ സുപ്രസന്നമായ ആത്മാവാക്കുന്നു.   
12. അനാഹത - ആഹനിക്കപ്പെടാത്ത, അകൃത്രിമമായ.
13. അദ്വൈതം - ഈ ആശയം ഉള്‍ക്കൊള്ളുന്നതില്‍ അടങ്ങിയിരിക്കുന്നു, ഭാരതീയ ചിന്തയുടെ കാതല്‍. വെറും ഏകം (എല്ലാം ഒന്ന്) എന്നര്‍ത്ഥം ദ്യോതിപ്പിക്കാന്‍വേണ്ടി സൃഷ്ടിച്ച ഒരു സംജ്ഞയല്ല അദ്വൈതം. നിന്നെപ്പോലെ നിന്റെ സഹജീവിയെയും എന്ന യേശുവചനത്തെ ബ്രഹ്മാണ്ഡത്തോളം വിപുലീകരിക്കുന്നതാണ് അദ്വൈതം. തന്നിലേയ്ക്കുതന്നെ ഒളിഞ്ഞിറങ്ങി പൂര്‍ണ വിരക്തിയെ വരിക്കുന്നവന്‍ ജ്ഞാനിയാകുന്നില്ല. കാരണം, ദ്വൈതമില്ലാതെ അദ്വൈതമില്ല. ദ്വൈതമുണ്ടാകുന്നത് ആത്മാവും അതിന് വെളിയിലുള്ള മറ്റെല്ലാവും ചേര്‍ന്നാണ്. ഈ മറ്റെല്ലാവും തന്നില്‍ത്തന്നെയാണെന്നും താന്‍ എല്ലാറ്റിന്റെയും ഭാഗമാണെന്നുമുള്ള ക്രിയാത്മകമായ ബോദ്ധ്യത്തിലെത്തുന്നതാണ് അദ്വൈതം. ഈ പരമജ്ഞാനത്തിലൂടെ വിരക്തിയും നിര്‍ഭയവും ദയയും ആനന്ദവും വ്യക്തിയില്‍ പ്രശോഭിതമാകുന്നു. അപ്പോള്‍ മാത്രമേ അദ്വൈതം വേദങ്ങളില്‍ നിന്നിറങ്ങി ആത്മത്തില്‍ രൂഢമൂലമാകൂ.  
14. നിത്യത, അനന്തത - സാധാരണ ധരിച്ചുവച്ചിരിക്കുമ്പോലെ നീട്ടിനീട്ടി കിട്ടുന്ന സമയം അനന്തതയാകുന്നില്ല. കാരണം, ദീര്‍ഘിപ്പിക്കാവുന്ന എന്തോ ഒന്നല്ല, സമയം. ഇപ്പോഴത്തെ ഈ നിമിഷത്തിന്റെ പ്രസക്തിയേ അതിനുള്ളൂ. കഴിഞ്ഞത് കഴിഞ്ഞു; അടുത്ത നിമിഷം പിറന്നെങ്കിലായി. രണ്ടും ആര്‍ക്കും അവകാശപ്പെടാവുന്നതല്ല എന്നതാണ് സമയത്തിന്റെ പ്രതിഭാസം. അപ്പോള്‍, അനന്തതയെന്നു പറയാന്‍ കഴിയുക, ഈ നിമിഷത്തെ അതിന്റെ വര്‍ത്തമാനസത്തയില്‍തന്നെ തുടര്‍ന്നുകൊണ്ടുപോകാനായാല്‍ മാത്രമാണ്. താത്ത്വികമായി അസ്സാദ്ധ്യമെന്നു പറയണമെങ്കിലും, അനുഭവതലത്തില്‍ സാദ്ധ്യമാണിത്. നമ്മുടെ അനുഭവപരിധിയിലുള്ള സമയം (ഈ നിമിഷം) മുഴുവന്‍ നിറഞ്ഞുനില്ലുന്ന ഓരോ ജീവിതാനുഭവവും സമയത്തെ (ഈ നിമിഷത്തെ) പിടിച്ചുനിറുത്തുകയാണെന്നു പറയാം. ഇത്തരത്തില്‍ പെടുന്നു അതിതീവ്രമായ സ്നേഹാനുഭവം, ഒരു സത്യത്തിലേയ്ക്കുള്ള ഉള്‍ക്കാഴ്ച, തീക്ഷ്ണമായ കലാനുഭൂതി തുടങ്ങിയവ. മര്‍ത്ത്യാനുഭവങ്ങളുടെ പാരമ്യമാണിതൊക്കെയും. ഋഷികളും മറ്റും എത്തിച്ചേര്‍ന്ന പരബ്രഹ്മത്തിലുള്ള ജീവാത്മാവിന്റെ ഈ വിധ ലയാനുഭവങ്ങള്‍ക്ക് എല്ലാ മതങ്ങളിലും സാക്ഷ്യങ്ങളുണ്ട്. അതിനോട് സാമ്യമുള്ള രസാനുഭവങ്ങളാണ് മരണപ്രായമായ ക്ഷണികതയെ അമര്‍ത്ത്യതയുടെ മിന്നലാട്ടംകൊണ്ട് നീട്ടിക്കൊണ്ടുപോകാനുള്ള ഏക മാര്‍ഗ്ഗം.

e-mail: znperingulam@gmail.com
tel. 9961544169

അന്നുമിന്നും

അമ്മതന്‍ തോളിലെന്‍ കവിളമര്‍ത്തി
ചെമ്മേയെന്‍ കണ്ണിണ പൂട്ടി, യെല്ലാം
ഉണ്മയില്‍ പൊട്ടിക്കിളിര്‍ക്കുംവരെ-
യങ്ങനെയെത്രനാള്‍ രമിച്ചുവോ ഞാന്‍!



പാങ്ങോടെ കൈകളാല്‍ മെല്ലെത്തലോടി
താങ്ങുവതെന്നെയീ നന്മകൂമ്പാരം;
എങ്ങുമെങ്ങാനുമെന്‍ മെയ്യൊന്നനങ്ങിയോ
അംഗുലി പത്തുമേ താളം പിടിക്കയായ്.


ആ താളലയനത്തിലാമഗ്നനാ-
യാവോളം ലാളനയേറ്റുവാങ്ങി;
ഉണരുവാനിഷ്ടമില്ലൊട്ടുമേയമ്മയൊ-
രണയാത്ത നാളമായ് ജ്വലിച്ചുനില്‍ക്കേ.


മതിവരാസന്തുഷ്ടി, യാനന്ദശാന്തിയു-
മതിയായിരുന്നെന്‍ സുഭഗസ്ഥിതി;
ശല്യമായ്ത്തീരുവാനില്ലയൊന്നും, കൈ-
വല്യംതന്നെ ഹാ, നുകര്‍ന്നതെത്ര!


ബാല്യത്തിലീസ്വര്‍ഗ്ഗമമ്മയില്‍നിന്നെങ്കി-
ലില്ലിന്നുമെനിക്കതിന്‍ നൂനമൊട്ടും;
അന്നെന്നപോലിന്നുമെന്നുമെന്നു-
മൊന്നത്രേ മാനസ്സാനന്ദലബ്ധി!


ചിത്രത്തെപ്പറ്റി
സര്‍വ്വസംഗ്രാഹിയായ പരബ്രഹ്മത്തില്‍ സുഷുപ്തിയണയുന്ന
പ്രാണാത്മാവിന്റെ  ഉത്തമ പ്രതീകമാണ് അമ്മയെന്ന
സര്‍വ്വസംരക്ഷണ വലയത്തില്‍ സ്വച്ഛന്ദവിലയം കൊള്ളുന്ന
ശിശുവിന്റേത്. ഈ ശൈശവദശയില്‍ തിരിച്ചെത്തുക
എന്നതിലടങ്ങിയിരിക്കുന്നു, സര്‍വ്വജ്ഞാനവും അന്തിമമോക്ഷവും.