Left Right Left

 ഭയത്തിന്റെ സർവ്വാധിപത്യം




കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പരാജയം സംഭവിച്ചത് 2014 മെയ് 16ന് അല്ല, അതു വെറും തിരഞ്ഞെടുപ്പ് പരാജയം മാത്രമായിരുന്നു; അത് സംഭവിച്ചത് ടി. പി. ചന്ദ്രശേഖരന്‍ വധം പുറംലോകമറിഞ്ഞ 2012 മെയ് 4 നായിരുന്നു എന്ന് അന്നും ഇന്നും വിശ്വസിക്കുന്ന ഒരു സാധാരണ കേരളീയനാണ് ഞാന്‍. അഞ്ച് വര്‍ഷം മുന്‍പുവരെ ഇന്‍ഡ്യന്‍ ദേശീയ രാഷ്ട്രീയത്തിന്റെ നടുനിരയില്‍ നിന്ന, 34 വര്‍ഷം ബംഗാളില്‍ സമ്പൂര്‍ണ്ണ ജനാധിപത്യപിന്‍തുണയോടെ ഭരിച്ച ഇടതുപാര്‍ട്ടി, ഒരു വലിയ തീന്‍മേശയ്ക്ക് ചുറ്റുമിരിക്കാന്‍പോലും ജനപ്രതിനിധികളുടെ അംഗബലമില്ലാതായപ്പോഴെങ്കിലും ''ഇങ്ങനെ പോയാല്‍ പാര്‍ട്ടി ഉണ്ടാവും, പക്ഷേ ജനം കൂടെ ഉണ്ടാവില്ല'' എന്ന് വിജയന്‍ മാഷ് പറഞ്ഞതിന്റെ പൊരുള്‍ തിരിച്ചറിയേണ്ടതായിരുന്നു.
ഒരിടവേളയ്ക്കുശേഷം കണ്ണൂരിന്റെ തെരുവുകള്‍  രാഷ്ട്രീയ പകപോക്കലിന്റെ ചോരക്കളമാവുകയാണ്. ടി. പി. ചന്ദ്രശേഖര്‍ വധത്തെയും 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയുടെ കഥാധാരയെയും ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നാം തീയതി രാവിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മനോജ് നടുറോഡില്‍ വെട്ടിക്കൊലചെയ്യപ്പെട്ടു. 1999-ല്‍ സി.പി.എം. നേതാവ് പി. ജയരാജനെതിരെ നടന്ന വധശ്രമത്തിലെ അഞ്ചാം പ്രതിയാണ് മനോജ്.
മലബാര്‍ മേഖലയില്‍ തീയേറ്ററുകളില്‍നിന്നും പൂര്‍ണ്ണമായി പുറംതള്ളപ്പെട്ട 2013-ലെ ഒരു മലയാള ക്ലാസിക് സിനിമയാണ് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. തലശ്ശേരിയില്‍ പ്രദര്‍ശനാനുമതി പോലും നിഷേധിക്കപ്പെട്ടു. വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള ഒരു സിനിമയായതുകൊണ്ട് ചോരതിളക്കുന്ന കമ്മ്യൂണിസ്റ്റുകളെ ഈ കലാസൃഷ്ടി അസഹിഷ്ണുക്കളാക്കി. കഥ, പശ്ചാത്തലം, ശരീരഭാഷ അങ്ങനെ എല്ലാറ്റിലും തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതൃത്വവും ഇടതുപക്ഷത്തുനിന്ന് വലതുപക്ഷത്തേക്കു മാറിയതിന്റെ വ്യക്തമായ സൂചനകള്‍ സിനിമ കൊടുക്കുന്നുണ്ട്.
ആദര്‍ശ കമ്മ്യൂണിസവും അക്രമ കമ്മ്യൂണിസവും തമ്മിലുള്ള സംഘട്ടനമാണ് സിനിമയുടെ കഥാതന്തു. മാടമ്പിത്തരത്തിന്റെ ഇരയായവരെ രക്ഷിക്കണമെങ്കില്‍ സ്വയം മാടമ്പിയാകണമെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസത്തിന്റെ മൂടുപടമണിഞ്ഞ ഒരു സ്റ്റാലിനിസ്റ്റാണ് പാര്‍ട്ടി സെക്രട്ടറിയായ കൈതേരി സഹദേവന്‍. കമ്മ്യൂണിസ്റ്റ് ആദര്‍ശത്തിന്റെ ഇരുത്തം വന്ന ഹൃദയാലുവായ നേതാവാണ് റോയി ജോസഫ്. കേരളത്തില്‍ അന്തസ്സായി ജീവിക്കണമെങ്കില്‍ പണം വേണം; അതിന് അത്യാവശ്യം ഉള്ളവന്റെ കയ്യില്‍നിന്നും തട്ടിച്ചും വെട്ടിച്ചും എടുക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്ന കേരളാപോലീസിന്റെ വാര്‍പ്പുമാതൃകയാണ് വട്ട്ജയന്‍ എന്ന പോലീസ് ജയന്‍. ഇവര്‍ക്കിടയിലാണ് കഥ പുരോഗമിക്കുന്നത്. പാര്‍ട്ടിസെക്രട്ടറിക്കെതിരെയുള്ള അഴിമതിക്കഥ (ലാവ്‌ലിന്‍ കേസ് എന്ന് സൂചകം) ചില ആദര്‍ശ കമ്മ്യൂണിസ്റ്റുകള്‍ പത്രത്തിലൂടെ പുറത്തുകൊണ്ടുവരുന്നിടത്ത് കഥ വഴിത്തിരിവിലെത്തുന്നു. സത്യം വിളിച്ച് പറഞ്ഞവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. ഒപ്പം റോയിയുടെയും ജയന്റെയും കൂടെ നില്‍ക്കുന്നവരുടെ ജീവിതം മനുഷ്യത്വരഹിതനായ പാര്‍ട്ടിസെക്രട്ടറിയുടെ നിഗൂഢനീക്കത്തില്‍ ദുരിതക്കയത്തിലാകുന്നു. അതിനിടയില്‍ നിലപാടുകള്‍ക്ക് വേണ്ടി വിലകൊടുക്കാതെ നാട്യത്തിലൂടെ സ്വന്തം ആദര്‍ശമുഖം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രതിപക്ഷനേതാവുമുണ്ട് (അച്യുതാനന്ദനെന്ന് സൂചന). ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്താക്കപ്പെടുകയും കുലംകുത്തികളായി വ്യാഖ്യാനിച്ച് കുലപതി (പാര്‍ട്ടിസെക്രട്ടറി) ശിക്ഷ വിധിക്കുകയും ചെയ്യുന്ന ഒരു അധോലോകപ്രവര്‍ത്തനമായി കമ്മ്യൂണിസം അധപ്പതിക്കുന്നു.
''കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലത്തോട്ട് ചാഞ്ഞ് അതല്ലാതാകുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് കമ്മ്യൂണിസ്റ്റുകള്‍ക്കു മാത്രമല്ല, മാനവരാശിക്കു കൂടിയാണ്'' എന്ന് എം. എന്‍. വിജയന്‍ മാഷ് പറഞ്ഞത് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കാന്‍ മാത്രമേ ഈ ചലച്ചിത്രം ശ്രമിച്ചിട്ടുള്ളൂ. എന്നാല്‍ നിസ്സാരം ഒരു കലാസൃഷ്ടിയോടും അതിദാരുണമായ ഒരു വധത്തോടും (ടി. പി. ചന്ദ്രശേഖര്‍ വധം) ക്രിയാത്മകവും ഹൃദയാത്മകവുമായി പ്രതികരിക്കേണ്ട പാര്‍ട്ടി നേതൃത്വവും അണികളും സിനിമ പറഞ്ഞത് തന്നെ സത്യം എന്ന് അടിവരയിട്ട് പറയുംവിധം സാധാരണ കേരളീയനില്‍ ഭീതി ജനിപ്പിച്ചുകൊണ്ട് സെനോഫോബിക്കായ ഒരു ചിത്തഭ്രമക്കാരനെപ്പോലെയാണ് പ്രതികരിച്ചത്.
മനോജിന്റെ കൊലപാതക വാര്‍ത്ത പുറംലോകം അറിഞ്ഞ് നിമിഷങ്ങള്‍ക്കകം പി. ജയരാജിന്റെ മകന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഇങ്ങനെ എഴുതി: ''ഈ  സന്തോഷവാര്‍ത്തയ്ക്കായി എത്ര കാലമായി കാത്തുനിന്നു. അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ... ഒന്നോര്‍ക്കണം ഞാനുമൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവര്‍, അച്ഛനെ ശാരീരികമായി തളര്‍ത്തിയവന്‍, ഞങ്ങളുടെ സുന്ദരേട്ടനെ വെട്ടിനുറുക്കിയവന്‍ തെരുവില്‍ കിടപ്പുണ്ടെന്നു കേട്ടാല്‍ എന്നിലെ മകന്‍  സന്തോഷിക്കുകതന്നെ ചെയ്യും.'' രാഷ്ട്രീയ പ്രവര്‍ത്തനം ഒരു അധോലോക സംസ്‌കാരം പേറിനടക്കുന്ന കാലത്തോളം പാര്‍ട്ടികള്‍ ഗുണ്ടകളെപ്പോലെ തെരുവിലടിക്കും, മനുഷ്യത്വരഹിതമായി വിജയാഹ്‌ളാദം പ്രകടിപ്പിക്കും, പോര്‍വിളികളും വെല്ലുവിളികളും കൊണ്ട് അന്തരീക്ഷം മുഖരിതമാക്കും.
''ചോരയ്ക്കു ചോരകൊണ്ടുതന്നെ മറുപടി കൊടുക്കക്കാന്‍ കെല്‍പ്പുള്ളവനാണ് കമ്മ്യൂണിസ്റ്റ്.''
''ഞങ്ങളുടെ സഖാക്കളെ വെട്ടിവീഴ്ത്തിയ നീ, നിന്റെ മരണം അന്നേതന്നെ കുറിച്ചുവെച്ചിരുന്നു.''
''ചുവന്ന കോട്ട ചുവന്നുതന്നെ നില്‍ക്കട്ടെ.''
''ഒന്നു കിട്ടിയാല്‍ ഒന്‍പതായി മടക്കിക്കൊടുക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാരന്റെ പാരമ്പര്യം.''
''കണ്ണൂരിലെ ചുണക്കുട്ടികള്‍ക്ക് ഹൃദയത്തില്‍നിന്ന് ലാല്‍സലാം.''- എന്നിങ്ങനെ പുകയുന്ന വെറുപ്പിന്റെ വിഷം വമിക്കുന്ന നൂറുകണക്കിന് അഭിപ്രായപ്രകടനങ്ങള്‍ ഈ പ്രതികാരക്കുറിപ്പിന് ചുവടെ സഖാക്കള്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ പൊതുജനം പിന്നെ പാര്‍ട്ടിയെക്കുറിച്ച് എന്ത് വിചാരിക്കണം?
1932-ല്‍ സ്റ്റാലിന്റെ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ കാരണം ഒന്നുമാത്രമായിരുന്നു - സ്റ്റാലിന്‍ എന്ന വ്യക്തിയോടും അയാള്‍ സൃഷ്ടിച്ചെടുത്ത നീഗൂഢരാഷ്ട്രീയനീക്കങ്ങളോടും തോന്നിയ അനിയന്ത്രിതമായ ഭീതി. ഹിറ്റ്‌ലറുടെ ഭരണവും ഇന്ദിരയുടെ അടിയന്തിരാവസ്ഥയും സൃഷ്ടിച്ച മൗനം വല്ലാത്തൊരു ഭയത്താലുള്ള ഉള്‍വലിയല്‍ മാത്രമായിരുന്നു. മാര്‍ക്‌സിയന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന പാര്‍ട്ടിയിലുള്‍പ്പെടാത്ത സാധാരണ മലയാളിയെ പിണറായി എന്ന പാര്‍ട്ടി സെക്രട്ടറിയുടെ ശരീരഭാഷയും അര്‍ത്ഥംവെച്ചുള്ള വാക്പ്രയോഗങ്ങളും ഭയപ്പെടുത്തുന്നു. പാര്‍ട്ടിഗ്രാമങ്ങളുടെ നിഗൂഢത ആശങ്കപ്പെടുത്തുന്നു. ഇന്നോളം പൊതുജനത്തിന് കാണാന്‍ ഒരു ചിത്രംപോലും കിട്ടാത്ത പാര്‍ട്ടിസെക്രട്ടറിയുടെ വീട് ഒരു പ്രേതാലയംപോലെ വേട്ടയാടുന്നു. ഈ ഭയമാണ് ചലച്ചിത്രത്തില്‍ സുരേഷിന്റെ ഭാര്യ വിറയാര്‍ന്ന ചുണ്ടുകളോടെ റോയി സഖാവിനോട് പങ്കുവയ്ക്കുന്നത്: ''പാര്‍ട്ടി വിട്ടേപ്പിന്നെ എനിക്കു പേടിയാ.'' ആ ഭയം സാവകാശം സുരേഷിനെയും പിടികൂടുന്നു. ആശയപരമായ എതിര്‍പ്പുകളാല്‍ പാര്‍ട്ടിയില്‍നിന്ന് വഴിമാറിയ സുരേഷും കുടുംബവും അടിയന്തരാവസ്ഥകാലത്തിലെന്നപോലെ പാര്‍ട്ടിയെ ഒളിച്ച് പാര്‍ക്കുന്നു. ഒളിസങ്കേതത്തില്‍ കുഞ്ഞിന്റെ കരച്ചില്‍പ്പോലും അയാളെ ഭയചകിതനാക്കുന്നു. അവസാനം ഭയപ്പെട്ടതെന്തോ അതുതന്നെ സംഭവിച്ചു- പാര്‍ട്ടിയുടെ വെട്ടുവാളിനാല്‍ ദാരുണമായ അന്ത്യം.
വിപ്ലവത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടി ജനാധിപത്യതിരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി ഭരണത്തില്‍ വന്ന നാടാണ് നമ്മുടെ  കേരളം. അതാണ് വിപ്ലവത്തിലെ ഏറ്റവും വലിയ ഫലിതം. ഒത്തുതീര്‍പ്പുകളുടെ ചരിത്രവും അന്നു തുടങ്ങിയതാണ്. അല്ല, ഇപ്പോഴും ഞങ്ങള്‍ ലക്ഷ്യം കൈവിട്ടിട്ടില്ല എന്ന് അണികളെ ബോധ്യപ്പെടുത്താന്‍ രഹസ്യപാര്‍ട്ടിയോഗങ്ങളും ഇടക്കൊക്കെ ഇങ്ങനെയൊരു അറുംകൊലയും ആവശ്യമായിരിക്കുന്നു.
''ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന്'' പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍, ''കൂടെ നിന്നാല്‍ എന്തും നേടാം, വിട്ടുപോയാല്‍ എന്തും നഷ്ടപ്പെടാം, ജീവനടക്കം,'' എന്ന് നേതാക്കള്‍ അണികള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുമ്പോള്‍ ഞങ്ങള്‍ സാധാരണക്കാര്‍ക്ക് പേടിയാവുന്നു. മതം കറുപ്പാണെന്ന് പറഞ്ഞ തത്ത്വശാസ്ത്രം പാശ്ചാത്യമതത്തിന്റെ എല്ലാ രൂപങ്ങളും ചട്ടക്കൂടുകളും സ്വീകരിച്ച് കഴിഞ്ഞു. ഇനി 'പാര്‍ട്ടിക്കു പുറമേ രക്ഷയില്ല'. ഇവിടെ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത അപ്രമാദിത്വങ്ങളുണ്ട്. ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും സ്വീകരിക്കേണ്ട വിശ്വാസപ്രമാണങ്ങളുണ്ട്. ചട്ടക്കൂടുകള്‍ക്ക് വിധേയപ്പെടാന്‍ വൈമുഖ്യം കാണിക്കുന്നവരെ മഹറോന്‍ ചൊല്ലാന്‍ കെല്‍പ്പുള്ള അച്ചടക്ക നടപടികളുണ്ട്. ഞങ്ങള്‍ക്ക് ഭയമാകുന്നു. ഇപ്പോഴത്തെ പാര്‍ട്ടിയെയോര്‍ത്ത്, ഞങ്ങള്‍ക്ക് ഭയമാകുന്നു ഹൃദയപക്ഷം എന്ന ഒരു ഇടതുപക്ഷം ഇല്ലാതാകുന്നതിനെയോര്‍ത്ത്. 
Watch the movie:
https://www.youtube.com/results?search_query=left+right+left+malayalam+full+movie
  

ഫ്രാൻസിസ്


 ഒക്ടോബർ 4 - ഫ്രാൻസിസ്    (ജീജോ കുര്യൻ) 

ഒക്ടോബർ 4- ഇന്ന് അസ്സീസീയിലെ ഫ്രാൻസിസിന്റെ ഓർമ്മദിനമാണ്.  
സിനോപ്പെയിലെ ഡയോജനസിന്റേയും എ. അയ്യപ്പന്റേയും ജോണ് അബ്രാഹത്തിന്റേയും ജന്മപരമ്പരയില് പെട്ടൊരാള്, ബാവുലുകളുടെ വേഷത്തില് നീട്ടിവളര്ത്തിയ താടിമുടികളോടെ ഉംബ്രിയായുടെ പൊടിപറക്കുന്ന നടവഴികളിലൂടെ നടന്നുപോയൊരാള്, രണ്ട് മരക്കമ്പുകള് ചേര്ത്തുരസി സംഗിതം നിര്മ്മിച്ച് തെരുവിലെ ചിത്തഭ്രമക്കാരനെപ്പോലെ നൃത്തം ചെയ്തൊരാള്... ആ ഫ്രാന്സിസില് ലോകത്തില് ദരിദ്രനും നിസ്സാരനുമായിരിക്കുന്നതിന്റെ നിർവൃതി അറിയാനാവുന്നു. ദരിദ്രനായിരിക്കുക എന്നാല് ഭാരമില്ലാതെ ജീവിക്കുക എന്നതിന്റെ മറുവാക്കായി അയാളില് മാറി. ഭൗതിക ആവശ്യങ്ങളെല്ലാം പൂര്ത്തീകരിക്കപ്പെട്ട് കഴിയുമ്പോള് മാത്രം ഉള്ളിലെ കലകാരനുണരും എന്ന കാപ്പിറ്റലിസ്റ്റ് ചിന്തയ്ക്ക് അയാള് അപവാദമായി.
ഫ്രാന്സിസിന്റെ കാലഘട്ടത്തിലെ സഭ ക്രിസ്തുവിന്റെ കോലങ്ങള് നിര്മ്മിച്ച് കോലംകെട്ടുകളില് മാത്രം വിശ്വസിക്കുകയും അഭിരമിക്കുകയും ചെയ്തു. ദരിദ്രനും വിനീതനും ക്രൂശിതനുമായ സുവിശേഷത്തിലെ ക്രിസ്തു വിസ്മരിക്കപ്പെടുകയും തലയില് പൊന്കിരീടവും പകിട്ടുള്ള സ്വര്ണ്ണ അങ്കിയും ധരിച്ച് അധികാരത്തിന്റെ ചെങ്കോല് കൈയിലേന്തിയ 'ക്രിസ്തുരാജന്' എന്ന കൊളോണിയല് ക്രിസ്തുസങ്കല്പം പ്രബലമാവുകയും ചെയ്തിരുന്ന ഒരുകാലം. സഭാചരിത്രത്തിന്റെ ഈ ദിശാസന്ധിയിലാണ് തകര്ന്നദേവാലയത്തിന്റെ അവശിഷ്ടങ്ങള്ക്കിടയില് അയാള് ക്രൂശിതനെ കണ്ടുമുട്ടുന്നത്. അയാളുടെ ദൈവം അവശിഷ്ടങ്ങള്ക്കിടയിലായിരുന്നു. ആ ദൈവം ഓരം ചേര്ന്ന് നടന്നു. അത് സൗന്ദര്യത്തില് ലയിക്കുന്ന, വാനമ്പാടികളുടെ രാപ്പാട്ടിന് കാതോര്ക്കുന്ന, സൂര്യന്റെ സ്വര്ണ്ണമുടിയിഴകള്ക്കിടയില് ഭാവനയുടെ വിരലോടിക്കുന്ന, അരുവികളുടെ തെളിമയിലും കുളിര്മയിലും ഒളിഞ്ഞിരിക്കുന്ന ദൈവമായിരുന്നു. കാറ്റില് തൂവല് പോലൊരു ദൈവം. സ്നേഹത്തിന്റെ നിലയ്ക്കാത്ത നൃത്തമായിരുന്നു ആ ദൈവം. ''നൃത്തം ചെയ്യാനറിയാത്ത ഒരു ദൈവത്തില് എനിക്ക് വിശ്വസിക്കാനാവില്ല'' എന്ന് ഈശ്വരവാദികളേക്കാള് ഗൗരവമായി ഈശ്വരനെ പരിഗണിച്ച നിരീശ്വരവാദിയായ നീഷ്ചെ പറയുന്നതിന് എത്രയോ നൂറ്റാണ്ടുകള്ക്ക് മുന്പ് നൃത്തം ചെയ്യുന്ന ദൈവത്തെ അസ്സീസിയിലെ ആ കൊച്ചുമനുഷ്യന് കണ്ടുമുട്ടിയിരുന്നു. ചിരിതൂകി നില്ക്കുന്ന മുഖമില്ലാത്തൊരാള് ക്രിസ്തുശിഷ്യനേ അല്ലെന്ന് അയാള് നിസംശയം പറഞ്ഞു. സ്വര്ഗ്ഗത്തിന് വേണ്ടിയല്ലാതെ ഭൂമിക്കു വേണ്ടി അയാള് ദൈവത്തെ സ്നേഹിച്ചു.
മതം സ്ഥാപനമായി രൂപപ്പെട്ടിരിക്കുന്ന, ആത്മീയത അനുഷ്ഠാനമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന, വാക്കും പ്രവൃത്തിയും-അകവുംപുറവും തമ്മില് സംഘട്ടനത്തിലേര്പ്പെട്ടിരിക്കുന്ന ഈ കാലത്തിന് ഫ്രാൻസിസ് ഒരു വെല്ലുവിളിയാണ്‌. 

വെള്ളയിൽ പൊതിഞ്ഞ ശവദാഹികൾ

അഴുകിനാറുന്ന ശവങ്ങള്‍ക്കു മുകളില്‍ പണിത വെള്ളയടിച്ച കല്ലറകള്‍. ഈ വീഡിയോ കാണുക 



വിശ്വാസികളെകൊണ്ട് വെഞ്ചാമരം വീശിപ്പിച്ച്, അധികാരത്തിന്‍റെ വീഞ്ഞുന്നുകര്‍ന്ന്‍, സുഖാസക്തിയുടെ അരമനകളില്‍ വാണരുളുന്ന പുരോഹിത ശവകല്ലറകള്‍..

''കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍ അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറംകൂടി ശുദ്ധിയാക്കാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക. കപടനാട്യക്കാരായ നിയമജ്ഞരെ, ഫരിസേയരെ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.'' (മത്താ.23:25-27)

കണ്ണുകണ്ടിട്ടില്ലാത്തതും, കാതുകേട്ടിട്ടില്ലാത്തതുമായ സംഭവങ്ങളാണ് കാലത്തിന്‍റെ അടയാളങ്ങള്‍. ഇത്തരം ഏതൊക്കെ സംഭവങ്ങളെക്കുറിച്ചാണോ പരിശുദ്ധ ബൈബിളില്‍ പ്രതിപാദിക്കുന്നത്, അവയെല്ലാം ദൈവം നല്കുന്ന കാലത്തിന്‍റെ അടയാളങ്ങളാണ്. കാലത്തിന്‍റെ അടയാളങ്ങള്‍ വിവിധ മേഖലകളില്‍ സംഭവിക്കുന്നു.

Lithiya Lijo's video shared by Samson George in FB

  • കേരള കത്തോലിക്കാ സഭയില്‍ പരിഹരിക്കേണ്ടതായി ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടാണ്‌ അധികാരികളെ ഇത് ബോദ്ധ്യപ്പെടുത്താനുള്ള അനേകരുടെ ശ്രമങ്ങളുടെ കൂടെ ഞാനും കൂടുന്നത്. സഭയെ നയിക്കാന്‍ അര്ഹതയുള്ളവരല്ല തലപ്പത്ത് ഇരിക്കുന്നതെന്നത് പലരും പറയുന്ന ഒരു ആക്ഷേപമാണ്. അത് എത്രമാത്രം ശരിയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് ഇപ്പോള്‍ ഫെയിസ്ബുക്കിലൂടെ ലോകമാസകലം പറക്കുന്നു. ഒരു കൊച്ചു ക്ളിപ്പാണത്. അതിന്‍റെ അടിയില്‍ ഒരു മുന്നറിയിപ്പോടെയാണ് ഇത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അതില്‍ എഴുതിയിരിക്കുന്നു ഇതില്‍ അശ്ലീലം ഉള്ളത് കൊണ്ട് ശ്രദ്ധിച്ചു തുറക്കുകയെന്നു. ചിത്രത്തില്‍ കണ്ടത് ഇടുക്കി മെത്രാന്‍ മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ ചിത്രമായിരുന്നതുകൊണ്ട് ഇതില്‍ എന്ത് അശ്ലീലം എന്നെ ഞാന്‍ ചിന്തിച്ചുള്ളൂ. ഏതായാലും ഞാന്‍ ക്ലിപ്പ് തുറന്നു.
    പശ്ചിമഘട്ടവും നെടുങ്കണ്ടത്ത് ഒരു മഠത്തില്‍ മാര്‍ത്തോമ്മാ കുരിശു സ്ഥാപിക്കുന്നത് സംബന്ധിച്ചും വിശ്വാസികളുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്നും, ആരൊക്കെയോ മെത്രാനെ ഫോണില്‍ വിളിച്ചു പുലഭ്യം പറഞ്ഞെന്നോ ഒക്കെ ഞാന്‍ കേട്ടിരുന്നു.
    ഈ ക്ലിപ്പില്‍ മെത്രാന്‍ പത്രസമ്മേളനം നടത്തുന്നു. അദ്ദേഹത്തെ ആരൊക്കെയോ ഫോണില്‍ വിളിച്ച സംഭവം അദ്ദേഹം വിവരിക്കുന്നു. തുടര്‍ന്ന് വളരെ കൂളായി അദ്ദേഹം കേട്ട മലയാളത്തിലെ പുളിച്ചതിന്റെ പുളിച്ച ഏതാനും പദങ്ങള്‍ പങ്കു വെയ്ക്കുന്നു. ഞാന്‍ ക്ലിപ്പ് ഓഫ് ചെയ്തു. ഏതാനും നിമിഷം അക്ഷരാര്‍ത്ഥത്തില്‍ മരച്ചിരുന്നു പോയി എന്ന് പറയുന്നതാണ് ശരി. ആ ക്ലിപ്പിന്റെ ലിങ്ക് ഞാന്‍ തരുന്നില്ല, ക്ഷമിക്കുക. എനിക്ക് വേറൊന്നും പറയാനുമില്ല.
    ReplyDelete
  • എന്തിന് മറയ്ക്കണം? കേരളത്തിലെ സഭയുടെ മഹത്ത്വം വായനക്കാർ മനസ്സിലാക്കട്ടെ. ഇതാണ് ലിങ്ക്
    https://www.facebook.com/LAITYVIEWS
    ReplyDelete
  • നിങ്ങൾക്ക് ധൈര്യമുണ്ടോ?

     സത്യത്തെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?


    അസത്യങ്ങളിൽ പടുതുയർത്തിയ കത്തോലിക്കാ സഭ; ഭാരതത്തിൽ അസത്യത്തിന്റെ മാർഗ്ഗങ്ങളിലൂടെ മാത്രം ചരിക്കുന്ന ഭൂരിഭാഗം ക്രിസ്ത്യാനികളും അവരുടെ അഹന്ത മുറ്റിയ നേതാക്കളും. സ്വയവും അന്യമതസ്തരായ ഭാരതീയരെയും വിവിധ മാർഗ്ഗങ്ങളിലൂടെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഈ സഭയെപ്പറ്റി സനാതന സത്യത്തെ സ്നേഹിക്കുന്ന, ചിന്തിക്കുന്ന ഭാരതീയരുടെ കണ്ണിൽ ഉരുത്തിരിയുന്ന അതേ ചിത്രം തന്നെയാണ് യഥാർഥ സത്യാന്വേഷികളായ ക്രിസ്ത്യാനികളുടെ കണ്ണിലും ഉണ്ടാകേണ്ടത് എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഏതായാലും, വളരെയധികം വായനക്കും ചിന്തക്കും ശേഷം ഞാൻ സ്വയം കണ്ടെത്തിയ കാര്യങ്ങൾ തന്നെയാണ് ഈ രണ്ടു പ്രഭാഷണങ്ങളിലൂടെ മുന്തിയ ശാസ്ത്രജ്ഞനും വാഗ്മിയുമായ Dr. ഗോപാലകൃഷ്ണൻ നാരായണൻ പങ്കുവയ്ക്കുന്നത്. അതുകൊണ്ടാണ്, തീവ്രവിശ്വാസികൾ ഉള്പ്പെടയുള്ള എന്റെ മെയിൽ-സുഹൃത്തുക്കൾക്ക് ഇവ അയച്ചുകൊടുക്കാൻ ഞാൻ ധൈര്യപ്പെടുന്നത്. ക്രിസ്തീയ സഭയെപ്പറ്റിയുള്ള നിങ്ങളുടെ ഇപ്പൊഴത്തെ ധാരണകൾ തിരുത്തപ്പെടുമെന്നുള്ളതിൽ ആകുലത തോന്നുന്നില്ലെങ്കിൽ, രണ്ടു വീഡിയോകളും മുഴുവനായി ശ്രദ്ധിച്ചു കേൾക്കുക.
    (Br. Mathew എന്ന ഒരു സുവിശേഷ പ്രഭാഷകനുള്ള മറുപടിയാണ് ഇവ രണ്ടും.)
    https://www.youtube.com/watch?v=fu2ToJsNV6I
    https://www.youtube.com/watch?v=CAvyxUBYdMY

    Fr.Ouseparampil commented:

    Dear Zach,

    The materials you have sent to me is excellent. Thank you. A christian must be able to answer the questions : what is god? what is religion? What is salvation ? How do we know god? What is revelation? The theology of the Church is rubbish. As a gentleman Gopalakrishnan is too mild and simple. His approach is different. Basic questions must be engaged. Then Br mathew cannot face it. He quots Bible violating all the hermeneutical priciples. Then we cannot question him or answer him. Ouseparampil 

    ദൈവദശകം

     http://kavyamsugeyam.blogspot.in/2014/11/blog-post.html


    ശ്രീ നാരായണഗുരു എഴുതിയ ദൈവദശകത്തിന്റെ മനോഹരമായ ഈ ആലാപനം ഒന്ന് കേൾക്കുക. ഭക്തിയുടെ ലാളിത്യം അനുഭവിക്കുക.

    പുസ്തകനിരൂപണം

    പാലായിൽ വിവാഹ ഒരുക്ക ധ്യാനത്തിന് ചെല്ലുന്നവർക്ക് കൊടുക്കുന്ന ഒരു പുസ്തകം കാണാനിടയായി. ദൈവത്തിൻ സ്വപ്നം കുടുംബം എന്നാണ് പേര്. ഇതൊന്ന് വായിച്ചു നോക്കാമോ എന്നൊരു സുഹൃത്ത് കുറേ നാൾ മുമ്പ് ചോദിച്ചിരുന്നു. ഈയിടെയാണ് ഒന്ന് കൈയിൽ കിട്ടിയത്. ഒന്നോടിച്ചു വായിച്ചു. അത്ര വലിയ പോരായ്മകളൊന്നും എടുത്തുപറയാനില്ലെങ്കിലും, ആഴമായ പഠനത്തിന്റെയും അറിവിന്റെയും അഭാവം മൂലം പുരോഹിത കാഴ്ചപ്പാടുകളിൽ വന്നു പിണഞ്ഞിരിക്കുന്ന ചില അപാകതകൾ കണ്ടെത്തുകതന്നെ ചെയ്തു. അവയെ അത്ര ലഘുവായി തള്ളിക്കളയാനാവില്ല താനും. 

     p . 41
    "ഗർഭനിരോധനം അതിൽത്തന്നെ ഒരു തിന്മയാണ്. കാരണം, ദാമ്പത്യസ്നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും അത് തടയുന്നു."
    ഈ പുസ്തകം ക്രോഡീകരിച്ചത് അച്ചന്മാരായതിനാൽ ദാമ്പത്യസ്നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്നവർ ഉദ്ദേശിക്കുന്നത് ഓരോ ബന്ധപ്പെടലിലും ഒരു കുഞ്ഞ് എന്നായിരിക്കാനാണ് സാദ്ധ്യത. ലൈംഗികതയെ പരസ്പരസ്നേഹത്തിന്റെ പങ്കുവയ്ക്കലിനുള്ള ഒരുപാധിയായിക്കൂടി കാണാൻ അവർക്കാകുന്നില്ലെന്നതാണ് ഇതിലെ പാളിച്ച. വളരെ സങ്കുചിതമായ വീക്ഷണത്തിൽനിന്നും അജ്ഞതയിൽനിന്നുമുണ്ടാകുന്ന വളരെ അപക്വമായ ഒരഭിപ്രായം മാത്രമായി ഇതിനെ വിലയിരുത്തിയാൽ മതി. എന്നാൽ, വിവാഹജീവിതത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന യുവതീയുവാക്കൾക്ക് എത്ര വലിയ മാനസിക സംഘർഷങ്ങൾക്കാണ് ഇത്തരം വിവരക്കേടുകൾ കാരണമാകാൻ പോകുന്നതെന്ന് പാഠപുസ്തകം എഴുതിയവർ അറിയുന്നില്ല. അവരുടെ മൊത്തം സഹജീവനം താറുമാറാക്കാൻ ഇത്തരമൊരു തെറ്റിദ്ധാരണ മതിയാവും. 
    p. 67 
    ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത് എന്ന കല്പനയെ വിശദീകരിക്കുന്നിടത്ത് "നേര്ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്. നേർന്ന നേർച്ചകൾ പൂർത്തിയാക്കാതിരുന്നിട്ടുണ്ടോ?" എന്നും 
    അക്കൂടെത്തന്നെ "എല്ലാറ്റിനും എപ്പോഴും നേർച്ച നേരുന്ന പ്രകൃതിക്കാരനാണോ? (പ്രഭാ. 18, 22-23; 23, 11-12; പുറ. 35, 21; നിയ. 23, 21-23) എന്നും കാണുന്നു. വിവാഹ ഒരുക്കത്തിനു ചെല്ലുന്ന യുവതീയുവാക്കൾക്ക്  മാനസ്സിക സംഘർഷമുളവാക്കാൻ പോരുന്നത്ര അവ്യക്തത ഇവിടെ കടന്നുകൂടിയിട്ടുണ്ട്. കാര്യസാദ്ധ്യത്തിനായി പുണ്യാളന്മാർക്ക് കോഴ കൊടുക്കുന്നതിനു പറയുന്ന വാക്കാണല്ലോ നേർച്ച.  അത് തെറ്റാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ഗ്രന്ഥകർത്താവിന്റെ മനസ്സാക്ഷി പറയുമ്പോൾ തന്നെ അതിനെ വളച്ചൊടിച്ച്, "നേര്ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്. നേർന്ന നേർച്ചകൾ പൂർത്തിയാക്കാതിരുന്നിട്ടുണ്ടോ?" എന്ന ചോദ്യത്തിലൂടെ പള്ളിക്കും പട്ടക്കാരനും കണക്കില്ലാത്ത വരുമാനം ഉണ്ടാക്കുന്ന ഈ ശീലം (അത് മോശമാണെങ്കിലും) വിശ്വാസികൾ ഉപേക്ഷിക്കരുത് എന്ന കൌശലവും പ്രയോഗിക്കപ്പെടുന്നു. നിഷ്ക്കളങ്കരായ ചെറുപ്പക്കാരിൽ അന്ധവിശ്വാസം കുത്തിനിറക്കുന്ന എര്പ്പാടല്ലേ ഇത്? 
    p. 71 
    "നന്മ ലഭിക്കാൻ അവകാശമുള്ളവർക്ക് അത് നിഷേധിച്ചിട്ടുണ്ടോ?" മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്പനക്കുള്ള ആത്മശോധനയുടെ ഭാഗമാണീ ചോദ്യം. സാമാന്യ മനസ്സാക്ഷിയുള്ള ഏതു ക്രൈസ്തവനും അവന്റെ ഏതു സഹോദരനും അവനിൽ നിന്ന് നന്മ ലഭിക്കാൻ യോഗ്യതയുള്ളവനാണ്. അപ്പോൾ പിന്നെ അത് മാതാപിതാക്കൾ മാത്രമായി കാണുന്നത് ക്രിസ്തീയ കാഴ്ചപ്പാടല്ല. സ്വന്തക്കാരെന്നും അല്ലാത്തവരെന്നുമുള്ള വേർതിരിവ് തന്നെ യേശു പാടേ നിഷേധിച്ചിട്ടുള്ളതാണ്. അതൊന്നും ഉൾക്കൊള്ളാൻ മാത്രം പക്വത നേടിയിട്ടില്ലാത്ത ആരോ ആണ് ഈ പുസ്തകം എഴുതിയത്.
    p. 75 
    "മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ചിട്ടുണ്ടോ?" കോഴിയെയും പോത്തിനെയും വെട്ടിയറഞ്ഞു തിന്നുന്നത് മാത്രമല്ല, ചെറുത്തുനില്ക്കാൻ കെല്പില്ലാത്ത കുഞ്ഞാടുകളെ പിരിവുകളുടെ ആധിക്യംകൊണ്ട് പിഴിഞ്ഞു ശ്വാസം മുട്ടിക്കുന്നതും മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കലാണെന്നു മനസ്സിലാക്കുമെങ്കിൽ, വിവാഹാർഥികൾ മാത്രമല്ല വൈദികരും ഉത്തരം പറയേണ്ട ഒരു ചോദ്യമാണിത്. 
    p. 84
    സ്നേഹവും പ്രേമവും എന്തെന്ന് വിവരിക്കാൻ തുടങ്ങുന്നിടത്ത് - റാഹേലിനുവേണ്ടി 14 വർഷം കഠിനവേല ചെയ്ത യാക്കോബിന്റെ കഥ (ഉല്പത്തി 29, 20) പറഞ്ഞിട്ട്, "അപരനുവേണ്ടി നൊമ്പരപ്പെടാനുള്ള സന്നദ്ധതയാണ് സ്നേഹം" എന്നാണ് കുറിപ്പായി ചേർത്തിരിക്കുന്നത്. അതിമനോഹരമായ ഈ കഥ വായിചിട്ടുള്ളവർക്കറിയാം അതിൽ യാക്കോബ് സ്വന്തം നേട്ടത്തിനായിട്ടാണ് തന്റെ അമ്മാവനു കീഴ്പ്പെട്ട്‌ പണിയെടുത്തതെന്ന്. സ്നേഹത്തെപ്പറ്റിയും പ്രേമത്തെപ്പറ്റിയും ഒരു ചുക്കും അറിയില്ലാത്ത കത്തനാരന്മാർ ഇത്തരം പുസ്തകങ്ങൾ എഴുതാനും ക്ലാസെടുക്കാനും ഇറങ്ങിത്തിരിക്കരുത് എന്ന് മാത്രമേ ഇവിടെ പറയാൻ പറ്റൂ. 
    p. 89 
    "ബുദ്ധിവൈകല്യം മാനസിക രോഗങ്ങൾ എന്നിവ കല്യാണം കഴിക്കാൻ അയോഗ്യതകളാണ് - അത്തരക്കാർ വികാരിയച്ചന്റെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കണം!" നല്ല കൂത്തായിപ്പോയി! വികാരിയച്ചൻ ഒരു clinical psychologist കൂടിയാണെങ്കിൽ ok. അല്ലെങ്കിൽ സംഭവിക്കുന്നത്‌ എന്തൊക്കെയെന്ന് ആര്ക്കും അനുമാനിക്കാവുന്നതേയുള്ളൂ. സെമിനാരിയിലെ പഠനം കഴിഞ്ഞാൽ മനുഷ്യൻറെ സകലമാന പ്രശ്നങ്ങൾക്കും തങ്ങളുടെ കൈയിൽ ഉത്തരമുണ്ട് എന്ന് വൈദികർ ധരിച്ചു വയ്ക്കുന്നതിന്റെ പോഴത്തം അനുഭവിച്ചു മടുത്ത വിശ്വാസികൾക്ക് കൂടുതലൊന്നും എഴുതാതെ തന്നെ ഇതിലെ വിഡ്ഢിത്തം മനസ്സിലാകും.
    p. 90
    "പള്ളിയിൽ എല്പ്പിക്കേണ്ട ഫീസുകൾ (പസ്സാരം, വാടക) വിവാഹത്തിനു മുമ്പ് തന്നെ അടയ്ക്കണം." തീർച്ചയായും, അല്ലെങ്കിൽ ഒരു കാര്യവും നടക്കില്ലല്ലോ! എന്തെല്ലാം extras അക്കൂടെ വരുമെന്നുള്ളത്‌ അനുഭവസ്തർക്കേ അറിയൂ. പിന്നെ, ഫീസെന്ന പ്രയോഗം എല്ലാ മലയാളികളുടെയും ഭാഷാവൈകല്യങ്ങളിൽ പെടുന്നു. ഫീ (fee) ആണ് വാക്ക്. പല ഫീ-കൾ സംഗതമാകുന്നിടത്തേ ഫീസ് എന്ന് ഉപയോഗിക്കേണ്ടതുള്ളൂ. ഫീസുകൾ എന്നത് ഭാഷാബോധമില്ലാത്തവന്റെ പ്രയോഗമാണ്. ബട്ടണ്‍, ഫീ എന്നീ ഏകവചന നാമങ്ങൾ ഉണ്ടെന്നത് മലയാളികൾ മറന്നുപോയിരിക്കുന്നു!
    p. 93 
    "പള്ളിയിലെ തിരുക്കർമങ്ങൽ അവസാനിക്കുമ്പോൾ വധൂവരന്മാർ കാർമികരോടോത്ത് ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സങ്കീർത്തി ഭാഗത്ത് വേഗം എത്തിച്ചേരണം." ഇവിടെ കാർമികർ എന്നുദ്ദേശിക്കുന്നത് സന്നിഹിതരായ വൈദികരെയാണ്. അവരൊന്നും കാർമികരല്ല, വെറും അതിഥികൾ മാത്രമാണെന്നും വധുവും വരനുമാണ് വിവാഹമെന്ന കൂദാശയിലെ കാർമികരെന്നുമുള്ള സാമാന്യജ്ഞാനം പോലും ഈ പുസ്തകം തയ്യാറാക്കിയവർക്കും അതിന് അംഗീകാരവും പ്രശംസയുമെഴുതിയ മെത്രാന്മാർക്കും മേയ്ജറിനും പോലും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല എന്നത് പരിതാപകരമാണ്. ശരിക്കുള്ള വേദപാഠം പോലും അറിയില്ലാത്തവർ ജീവിതമെന്ന കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാൻ പോകുന്ന പാവം കുട്ടികളെ ഒരുക്കിവിടുന്ന രീതി പരിതാപകരം തന്നെ!