കൈവിട്ടുപോയ റോബെര്ടോ

പരശുറാം എക്സ്പ്രസ്സ്, പരശുരാമന്റെ മഴുവിനേക്കാൾ വേഗത്തിൽ പാളങ്ങളിലൂടെ തെന്നിയൊഴുകിക്കൊണ്ടിരുന്നു. തിരക്കിനിടയിലൂടെയും പുറത്തു മരങ്ങളും കെട്ടിടങ്ങളുമെല്ലാം പിന്നോട്ടു മാറി വഴി തരുന്നതു ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു. ട്രെയിനിന്റെ വേഗത പതിയെ കുറയുന്നതും ഏതോ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്കു വണ്ടി പതിയെ പ്രവേശിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. കുറെയേറേ യാത്രക്കാർ അവിടെയിറങ്ങി. ഭാഗ്യത്തിന് എനിക്കൊരു സീറ്റ് കിട്ടി. മദ്ധ്യവസ്കരായ ദമ്പതികളായിരുന്നു ഒരു വശത്ത്. അവരുടെ മുഖം കണ്ടാൽ അവരേതോ വലിയ ചിന്തയിലാണെന്നു മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
"നിങ്ങളെന്താ ഒന്നും മിണ്ടാതിരുന്നെ, അവരെ ഒന്നാശ്വസിപ്പിക്കുകയെങ്കിലും ചെയ്തു കൂടായിരുന്നോ?" സ്ത്രീ ചോദിച്ചു. പക്ഷേ, അതിനയാൾ  മറുപടിയൊന്നും പറഞ്ഞില്ല. പുറത്തേക്ക് തുറിച്ചുനോക്കി അങ്ങിനെതന്നെ അവിടെയിരുന്നതേയുള്ളൂ. ആ ചോദ്യം ആ മദ്ധ്യവയസ്കനേക്കാൾ കൂടുതൽ ചിന്തിപ്പിച്ചത് എന്നെയായിരുന്നുവന്നു തോന്നുന്നു. ഔചിത്യബോധം കണക്കിലെടുക്കാതെ തന്നെ, 'ഒന്നും പറയാനാവത്ത സ്ഥിതിയും ഉണ്ടായിക്കൂടെന്നില്ല' എന്ന് ആ സ്ത്രീയോടു വിളിച്ചു പറയണമെന്നു എനിക്കു തോന്നിയതാണ്.

അപ്പോഴാണ് കമ്പാർട്ട്മെന്റിലൂടെ ഒരു വൃദ്ധൻ ഒഴിവുള്ള സീറ്റ് തേടി വരുന്നതു ഞാൻ ശ്രദ്ധിച്ചത്; ഞാനെണീറ്റ് ആ വൃദ്ധനെ ഇരുത്തി. വീണ്ടും ഞാൻ കണ്ണൂർക്കൂള്ള കൊളുത്തിൽ മുറുകെ പിടിച്ചുനിന്നു. എന്താണവരുടെ പ്രശ്നമെന്നു കേൾക്കാൻ എനിക്കു കഴിഞ്ഞില്ല. പകരം, പണ്ടുപണ്ടൊരിക്കൽ എനിക്ക് നേരിട്ട കഷ്ടസ്ഥിതിയെപ്പറ്റിയാണ് ഞാനപ്പോൾ ഓർത്തുപോയത്‌.

1971. അന്നത്തെ ബോംബെയിൽ അന്ധേരിയിലുള്ള ഒരു സ്കൂളിൽ അസിസ്റ്റന്റ് വാർഡൻ-കം-റ്റീച്ചർ ആണ് ഞാൻ. The Haven ഒരു സാധാരണ സ്കൂളല്ല - ബുദ്ധിമാന്ദ്യവും മാനസ്സിക ദൌർബല്യങ്ങളും അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിച്ചു പഠിപ്പിക്കുന്ന സ്കൂൾ. പത്ത് വയസ് മുതൽ ഇരുപത് വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി അൻപതോളം പേർ. അവരുടെ കഴിവനുസരിച്ച് അല്പം ഭാഷയും സാധാരണ ജീവിതസാഹചര്യങ്ങളുമായി ഇണങ്ങാൻ പോരുന്ന വഴികളും കുട്ടികൾക്ക് സ്വായത്തമാക്കുക എന്നത് ഓരോ അദ്ധ്യാപന്റെയും അദ്ധ്യാപികയുടെയും ഉത്തരവാദിത്വത്തിൽ പെട്ടിരുന്നു.

ഒരിക്കൽ എനിക്കൊരാശയം തോന്നി. അല്പം പ്രായമായ ഓരോ കുട്ടിയുമായി ടൌണിൽ ഒന്ന് കറങ്ങാൻ പോയാലോ? പട്ടണമൊക്കെ ഒന്ന് കാണിക്കാം, ബസിലും ട്രെയിനിലും അല്പം യാത്രയാകാം, എന്തെങ്കിലും വാങ്ങിക്കൊടുക്കാം. പ്രിൻസിപ്പലായിരുന്ന ബാണ്ട്രക്കാരൻ തെയോ മോണിസിന്റെ അനുമതിയോടെ ഗോവാക്കാരൻ റോബെര്ടോ റിബല്ലോ എന്ന 18 വയസ്സുകാരനുമായി ആദ്യം മഹാകാളി റോഡിൽനിന്ന് ബസിലും അന്ധേരിയിൽ നിന്ന് ദാദറിന് ട്രെയ്നിലും പോയിട്ട് മടങ്ങാനായിരുന്നു ഞാൻ പ്ലാനിട്ടത്‌.
ഓരോ കാര്യങ്ങൾ കാണിച്ചും പറഞ്ഞും ഞങ്ങൾ ചർച്ഗെയ്റ്റിനു പോകുന്ന ലോക്കൽ ട്രെയ്നിൽ കയറി. ഇരിക്കാനിടമില്ല. തിക്കും തിരക്കും ബോംബെയിലെ ലോക്കൽ ട്രെയ്നിൽ നിത്യശാപമാണല്ലോ. വിലെപാർലെ, കുർള, സാന്റക്രുസ്, മാട്ടുംഗ .... പിന്നിലായി. ദാദർ എത്തിയപ്പോൾ നമുക്കിവിടെ ഇറങ്ങണം, പെട്ടെന്നാവട്ടെ എന്ന് പറഞ്ഞ് ഞാനിറങ്ങി. ചുറ്റും നോക്കിയിട്ട് തൊട്ടു പുറകിൽ ഉണ്ടായിരുന്ന റോബെര്ടോയെ കാണുന്നില്ല. വീണ്ടും അകത്തേയ്ക്ക് നോക്കാൻ കഴിയും മുമ്പ് ട്രെയിൻ വിട്ടു. പ്ലാറ്റ്ഫോമിലെങ്ങും പയ്യനില്ല!

ഞാനനുഭവിച്ച വെപ്രാളത്തിന് അതിരുണ്ടോ. ഒരു മഹാ ജനപ്രവാഹത്തിലെയ്ക്ക് കൈവിട്ടുപോയ കുട്ടിയെ എവിടെ തെരക്കാൻ? അടുത്ത വണ്ടിക്കു ഞാൻ ചർച്ഗെയ്റ്റ് വരെ ചെന്ന് നോക്കി. സ്കൂളിലേയ്ക്ക് വിളിച്ചുപറഞ്ഞു. പോലീസിൽ അറിയിച്ചു. സഹായത്തിനായി ഓടിയെത്തിയ രണ്ട് സഹപ്രവർത്തകരും ഞാനും നാലഞ്ചു മണിക്കൂർ ബോറിവിലിതൊട്ട് ചർച്ഗെയ്റ്റ് വരെയുള്ള ഓരോ സ്റ്സ്റെഷനിലും ഇറങ്ങി തിരക്കിനടന്നു. റോബെര്ടോയെ കണ്ടുകിട്ടിയില്ല.

നാല് ദിവസങ്ങൾ കടന്നുപോയി. അതിനിടെ പത്രത്തിൽ വാർത്തയിട്ടു. ഗോവയിൽ നിന്ന് അവന്റെ അമ്മയെ വിളിച്ചുവരുത്തി. ഉറക്കമേയില്ല. അഞ്ചാം ദിവസം ഒരു ഫോണ്‍ വരുന്നു, ഞങ്ങൾ സൂചിപ്പിച്ച ലക്ഷണങ്ങൾ ഉള്ള ഒരു പയ്യൻ ഒരിടത്ത് ഇരിക്കുന്നതായി കണ്ട ഒരു സ്ത്രീയുടേത്. അഴുക്കുപുരണ്ട വസ്ത്രവുമായി വളരെ ക്ഷീണിതനായിക്കഴിഞ്ഞിരുന്ന കുട്ടിയെ ഞങ്ങൾ കണ്ടെത്തി.

എന്റെ പുറകെ ഇറങ്ങാൻ തുടങ്ങിയ പയ്യന്റെ കാലിൽ ചവുട്ടി ഒരാൾ അവനെ തടയുകയും അവൻറെ കൈവശം ഞാനേല്പിച്ചിരുന്ന ചെറിയ സഞ്ചി റാഞ്ചിയെടുക്കുകയുമായിരുന്നു. തനിച്ചായിപ്പോയ അവൻ അതേ വണ്ടിയിൽ ബോറിവിലിക്കും ചർച്ഗെയ്റ്റിനുമിടക്ക് പലതവണ സഞ്ചരിച്ചിട്ട്‌, വണ്ടി നിശ്ചലമായപ്പോൾ ഇറങ്ങി പട്ടണത്തിൽ അലയുകയായിരുന്നു.

മറക്കാനാവാത്ത ഒരു ദാരുണസംഭവമായി ഇത് മനസ്സിൽ കിടക്കുമ്പോഴും, കുട്ടികളെ സ്നേഹിച്ചിരുന്ന ഒരദ്ധ്യാപനായിരുന്നു ഞാനെന്ന് അവര്ക്ക് ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാകാം, സ്കൂളിന്റെ അധികൃതരോ കുട്ടിയുടെ അമ്മയോ എന്നെ ഒരു വാക്കുകൊണ്ടുപോലും കുറ്റപ്പെടുത്തിയില്ല എന്നത് നന്ദിയോടെ ഓർക്കുന്നു. ഏതു സാഹചര്യത്തിലും ആരെയും സമാശ്വസിപ്പിക്കാൻ തുനിഞ്ഞിരുന്ന ഞാൻ, അന്നു മുതലാണ് ആരെയും ആശ്വസിപ്പിക്കാൻ കഴിയാത്ത ഒരു വികാരഷണ്ഡനായി മാറിയത്. ആ ദിവസങ്ങളിൽ ആർക്കും എന്നെ ആശ്വസിപ്പിക്കാൻ ആവുമായിരുന്നില്ലല്ലോ.

ട്രെയിനിന്റെ കടകടാ ശബ്ദത്തിനിടയിലൂടെ ആ മദ്ധ്യവയസ്കരുടെ മുഖത്തേക്ക് നോക്കി ഞാൻ സ്വയം മന്ത്രിച്ചു, 'സാരമില്ലെന്നു പറയാൻ എന്തെളുപ്പം'!

0 comments: