സ്കൂളിലും കോളെജിലും കൂടെപ്പഠിച്ചവരിൽ അധികം പേരെ എനിക്കോർമ്മയില്ല. എന്നാൽ എന്നെ സഹോദരതുല്യം ഇഷ്ടപ്പെട്ടിരുന്ന ഒരാളെ നല്ലപോലെ ഓർക്കുന്നു - പേര് ദേവസ്യ. ദേവസ്യ എന്നാൽ 'ദൈവത്തിന്റെ' എന്നാണ് അർഥം എന്നത് അവൻ തന്നെയാണ് വളരെക്കാലങ്ങൾക്കു ശേഷം എന്നോട് പറഞ്ഞത്. മിഡിൽസ്കൂളിൽ വച്ചുതന്നെ ഞങ്ങളാരും കണ്ടിട്ടില്ലാത്ത പുസ്തകങ്ങളൊക്കെ അവൻ എവിടെനിന്നോ കൊണ്ടുവന്ന് വായിക്കാറുണ്ടായിരുന്നു എന്നത് എനിക്കും വേറെ ഒന്നുരണ്ടുപേർക്കും മാത്രമറിയാവുന്ന രഹസ്യമായിരുന്നു. സാഹിത്യസമാജത്തിനും വര്ഷാവസാന പരിപാടികൾക്കും അവന്റെ ഉഗ്രൻ പ്രസംഗം ഉറപ്പാണ്. ഞങ്ങൾ കൂട്ടുകാർക്ക്പോലും അവൻ പറയുന്നതെല്ലാം പിടികിട്ടിയിരുന്നില്ല. ഏതായാലും പ്രീഡിഗ്രീ കഴിഞ്ഞ്, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൻ ഒരാശ്രമസെമിനാരിയിൽ ചേർന്നു. അതോടേ ഞങ്ങൾ തമ്മിൽ സമ്പർക്കം നഷ്ടപ്പെട്ടു.
വര്ഷങ്ങള്ക്ക് ശേഷം വളരെ യാദൃശ്ചികമായി ദേവസിയെ ഞാൻ കണ്ടുമുട്ടുന്നത് പയ്യന്നൂരുവച്ചാണ്. കാസർകോട്ട് ഒരു സുഹൃത്തിനെ കാണാൻ പോകുമ്പോൾ ബസ്സിൽകയറാൻ തുടങ്ങവേ കുഞ്ഞുണ്ണിമാഷ്ടെ പോലെ നരച്ച താടിമീശയും വച്ച് സാധാരണ വേഷത്തിൽ ഒരാൾ തോളിൽ തട്ടി 'എന്നെ അറിയുമോ' എന്ന് ചോദിക്കുന്നു. ആളെ ഉടനെ പിടികിട്ടിയില്ലെങ്കിലും അടുത്തടുത്തിരുന്നു വർത്തമാനം തുടങ്ങിയപ്പോൾ എനിക്ക് ഓർമ തെളിഞ്ഞുവന്നു. ദൈവത്തെ തേടിപ്പോയ ദേവസി! പത്തുമുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ.പരമാനന്ദന്റെ വിശാലമായ അറിവും പ്രഭാഷണപാടവവും അംഗീകരിച്ച ആശ്രമാധികാരികൾ അവനെ മെച്ചപ്പെട്ട പരിശീലനത്തിനായി ജർമനിയിലേയ്ക്ക് അയച്ചു. മൂന്നു വർഷംകൊണ്ട് പുതിയ ഭാഷയും പ്രഭാഷണകലയിൽ മികച്ച നേട്ടവും കൈവരിക്കുകയും ചെയ്തു. പ്രഭാഷകനും പ്രഭാഷണവും രണ്ടാല്ലാതാകുന്ന അവസ്ഥയിൽ എത്തുന്ന ഒരാൾ മാത്രമേ മനുഷ്യരെ സ്വാധീനിക്കാൻ കഴിവുള്ളവനാകുന്നുള്ളൂ. പറയുന്നതും ജീവിതമാതൃകയും തമ്മിൽ പൊരുത്തക്കേട് ഉണ്ടാവരുത്. എന്നുവച്ചാൽ, ഒരു പള്ളിമണിയും അതിന്റെ മുഴങ്ങുന്ന സ്വരവും രണ്ടല്ലാത്തതുപോലെയായിരിക്കണം, ഒരു പ്രഭാഷകന്റെ ജീവിതവും വാക്കുകളും. ആ സ്വരുമ ഉണ്ടായിരുന്നതിനാലാണ് യേശുവിനെയും ഗാന്ധിജിയെയും കേട്ടിരുന്നവർ അവരിലേയ്ക്ക് ആകർഷിക്കപ്പെട്ടത്.
പരമാനന്ദന്റെ ജീവിതലക്ഷ്യത്തെത്തന്നെ മാറ്റിമറിച്ച ഒരു സംഭവം ഇങ്ങനെ. ഒരിക്കൽ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകനും താനും സംസാരിച്ചിരിക്കേ, ആരോ കതകിൽ മുട്ടി. അതൊരു യാചകനാണെന്ന് മനസ്സിലായതോടെ, അദ്ധ്യാപകന്റെ വാഗ്വിലാസം പുറത്തേയ്ക്കൊഴുകി. യാചകരെ ഇങ്ങനെ വിഹരിക്കാനനുവദിക്കുന്ന സാമൂഹിക ചുറ്റുപാടുകളെ കുറ്റപ്പെടുത്തിയുള്ള ഒരു ഗളഗർജ്ജനമായിരുന്നു പിന്നെ ഏതാനും മിനിറ്റ് നേരത്തേയ്ക്ക്. എന്തെങ്കിലും പറയാൻ ഒരിടനിമിഷം കിട്ടിയപ്പോൾ യാചകൻ പറഞ്ഞു. ക്ഷമിക്കണം, പരമാനന്ദനെ ഒരാഴ്ച മുമ്പ് വഴിയിൽവച്ച് കാണുകയും തമ്മിൽ സംസാരിക്കാനിടവരികയും ചെയ്തിരുന്നു. അദ്ദേഹത്തിൻറെ സൗഹൃദമാണ് തന്നെ ഇങ്ങോട്ട് വരുത്തിയത്. പ്രോഫെസ്സർ തിരിഞ്ഞു മുറിയിൽ കയറിയപ്പോൾ തന്റെ ശിഷ്യൻ അവിടെയില്ലായിരുന്നു.
0 comments:
Post a Comment