പ്രകാശം തൂകിയ പൈതല്‍

കഴിഞ്ഞ ദിവസം (൨൩.൩.൧൨) ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട പൈതലിന്റെ ഓര്‍മ്മയാണ് ഇതെഴുതിപ്പിക്കുന്നത്. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, അവള്‍ വല്യപ്പനെ ചുറ്റിപ്പറ്റി ഓടിനടന്നതേയുള്ളൂ. എന്നാലും മറ്റെല്ലാ പൈതങ്ങളെയും പോലെ അവളും മായാത്ത ഒരു പ്രകാശം എന്റെ മനസ്സില്‍ വിരിച്ചുകൊണ്ടിരുന്നു. അവളുടെ പേര് ദിയാ. ആ പേരാണ് എന്നെ ഈ വഴിക്ക് തിരിച്ചുവിടുന്നത്. ദിവ്, ദ്യോവ്, ദേവി, ദൈവം എന്നതെല്ലാം പ്രകാശത്തെയും വിശുദ്ധിയെയും ദ്യോതിപ്പിക്കുന്ന ദിവ് എന്ന മൂലത്തില്‍ നിന്നാണല്ലോ. മൂലത്തെപ്പറ്റി പറയിപ്പിക്കുന്നത് ദിയ (വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരുന്നത്) ആണ്. അവള്‍ക്കൊരു കൂട്ടുകാരിയുണ്ട്, ഗൌരി. ഗൌരിയെ രണ്ടര വയസ്സുകാരി ദിയാ വല്യ ഇഷ്ടത്തോടെ വിളിക്കുമ്പോള്‍ ഗവരിഎന്നാകും - ഗ-വ-രി. ഗൌരി തിരിച്ച് ദീ-യാ എന്നുകൂടി നീട്ടി വിളിച്ചാല്‍ പിന്നെ അവിടെല്ലാം നിഷ്കളങ്കതയുടെ പ്രകാശമായി. അതോടേ, മണ്ണും ചിരട്ടയും കടലാസും ഇലകളുമെല്ലാം അവരുടെ തകൃതികളില്‍ പങ്കെടുക്കുന്നു. അവര്‍ തൊടുന്ന എല്ലാ കൊച്ചു സാധനങ്ങളും ആ ശിശുക്കളുടെ ആത്മപ്രകാശത്തില്‍ പങ്കുചേരുന്നു. അവ ജീവനുള്ളവയായിത്തീരുന്നു. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളുടെ കളികളെല്ലാം എപ്പോഴും അവരുടെ സ്വന്തമാകുന്നത്. വസ്തുക്കളെ അചേതനങ്ങളായി കാണുന്ന മുതിര്‍ന്നവര്‍ക്ക് അവിടെ പ്രവേശനമില്ല.  
    
കുഞ്ഞുങ്ങള്‍ നിശ്ചയമായും പ്രകാശകിരണങ്ങളാണ്. പക്ഷേ, നാം മറന്നു പോകുന്നത്, അവരുടെ നിഷ്ക്കളങ്കതയിലൂടെ, അവര്‍ തൊടുന്ന എല്ലാ വസ്തുക്കളും പ്രകാശം ചൊരിയുന്നവയായിത്തീരുന്നു എന്ന സത്യമാണ്. സ്ഫുലിംഗം തീപ്പൊരിയാണ്. ഉള്ളതെല്ലാം, ഒരു മണല്‍ത്തരിപോലും, പരാശക്തിയുടെ സ്ഫുലിംഗത്തില്‍ നിന്നുണ്ടായി, അതിന്റെ പ്രചോദനത്തോടെ പരിണമിക്കുന്നതായി അറിയുന്നവര്‍ക്ക് ഇത് മനസ്സിലാക്കാനാവും. അവര്‍ക്ക് എവിടെയും എന്തിലും എപ്പോഴും പ്രകാശമാണ് കാണാന്‍ കഴിയുക. അവയെല്ലാം ആദിസ്ഫുലിംഗത്തിന്റെ നിത്യസ്ഫൂരണത്തിന്റെ (തിളങ്ങല്‍) അടയാളങ്ങളാകുന്നു. സ്ഫൂശബ്ദം വികാസത്തെ, വിടര്ച്ചയെ സൂചിപ്പിക്കുന്നു. എന്നാല്‍, സമയത്തിലൂടെ സ്വാര്‍ത്ഥതയിലേക്ക് സഞ്ചരിക്കുന്ന മനുഷ്യജീവിക്ക് അതിന്റെ ശൈശവത്തിലെ ചൈതന്യം നഷ്ടമാകുന്നു. അങ്ങനെ നഷ്ടപ്പെട്ടുപോയ ചൈതന്യവും ലാളിത്യവും വീണ്ടെടുക്കുക എന്നാണ് 'നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍' എന്ന് പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത്; പ്രകാശത്തിന്റെ വഴിയിലേയ്ക്കു തിരിച്ചുവരിക എന്ന്.  

ഇതൊരു രഹസ്യമാണ്, അതായത്, പ്രത്യക്ഷമല്ലാത്ത അറിവ്. എന്നാല്‍, അങ്ങനെയൊന്നുണ്ടെന്നറിയുകയും, അതിനായി കൊതിക്കുകയും, അത് പരിശീലിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യുന്ന വിജ്ഞാനദാഹികള്‍ അത് സുഖദായകമായി അനുഭവിക്കുന്നു. അതിലേയ്ക്ക് സഹായകരമായ താത്ത്വികവിചാരം വളരെ ലളിതമാണ്. ഈ പ്രപഞ്ചത്തില്‍ ഓരോ ഉരുവും വ്യത്യസ്തമാണ്. ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ പ്രകാശം. കുഞ്ഞുങ്ങളെപ്പോലെ, ഈ പ്രാഥമിക സത്യത്തെ അംഗീകരിക്കുമ്പോള്‍, ഓരോന്നിനും അതിന്റേതായ ശ്രേഷ്ഠത കല്പിച്ചുകൊടുക്കാനും, ഒന്നിനെയും ദുരുപയോഗപ്പെടുത്താതിരിക്കാനും, അതോടൊപ്പം, അവനവനെയും മറ്റാരെയും, ഇല്ലാത്ത പൊരുള്‍ നല്‍കി പൊലിപ്പിച്ചുകാട്ടാതിരിക്കാനും നാം ശ്രദ്ധാലുക്കളാകും. അങ്ങനെയെങ്കില്‍ നമ്മുടെ ഈശ്വരസങ്കല്‍പം ഏതെങ്കിലും നാമത്തിലോ രൂപത്തിലോ അവതാരത്തിലോ മാത്രമായി ചുരുങ്ങുകയില്ല. കാരണം, എല്ലാറ്റിലും ഒരുപോലെയുള്ള പരമാത്മാവ്‌ ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുക അസ്സാദ്ധ്യമാണല്ലോ. ദൈവത്തില്‍ മാനുഷപ്രകൃതി ആരോപിക്കുകയും പ്രീണിപ്പിക്കാനാകുന്ന ഒരു ശക്തിയാണ് പരമാത്മാവ്‌ എന്ന് ധരിക്കുന്നതും മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വൈകല്യമാണ്. അതുകൊണ്ടുതന്നെ ദേവാലയകേന്ദ്രീകൃതമായ ആരാധനക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ പ്രയാസമാണ് എന്നും സാന്ദര്‍ഭികമായി പറയേണ്ടിവരുന്നു.

അഹമാത്മാ സവ്വഭൂതാശയസ്ഥിത: എന്ന് ഗീതയില്‍ (4,20). ഈ വാക്യവും അതിന്റെ തുടര്‍ച്ചയായ 'അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച' എന്ന തുടര്പാദവും സി. രാധാകൃഷ്ണന്‍ വ്യക്തമായി വ്യാഖ്യാനിച്ചിരിക്കുന്നത് ഇങ്ങനെ:

ജീവനുള്ളവയിലെ ജീവനും വിശ്വജീവനും ഒരേ സത്തയുടെ വിവിധരൂപങ്ങളെന്ന് കരുതാമെങ്കിലും അചേതനങ്ങളെന്നു അറിയപ്പെടുന്നവയില്‍ പരമാത്മാവ്‌ പൊരുളായി ഇരിക്കുന്നതെങ്ങനെ? സജീവം നിര്‍ജീവം എന്നിവയ്ക്കിടയില്‍ സയന്‍സ് കല്‍പ്പിക്കുന്ന വിഭജനരേഖയാണ് ഈ സംശയത്തിനാധാരം. ഇങ്ങനെയൊരു വിഭജനരേഖ വേദാന്തദര്‍ശനത്തില്‍ ഇല്ല. ജീവനില്ലാത്തതൊന്നും പ്രപഞ്ചത്തിലില്ലെന്നാണ് ഗീതാമതം. പഞ്ചഭൂതങ്ങള്‍ സജീവങ്ങളല്ലെങ്കില്‍ അവയില്‍നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എങ്ങനെയുണ്ടാകാന്‍? ഓരോ ഊര്‍ജ്ജതരംഗവും പരമാണുകണവും പ്രവര്‍ത്തിക്കുന്നത് സ്വന്തമായ ബുദ്ധി ഉള്ളത് പോലെയാണ്. ഏറ്റവും ചെറിയ പദാര്‍ത്ഥകണികയും സജീവമാണ്. താരതമ്യേന വലിയ ക്ഷേത്രങ്ങളെന്ന താല്‍ക്കാലിക കൂട്ടായ്മകളെയാണ് വ്യത്യസ്ത ജീവികളായി നാം കാണുന്നത് എന്ന് മാത്രം. (ഗീതാദര്‍ശനം 168-169)

സ്ത്രീകള്‍ക്ക് വീണ്ടും ഹാര്‍ദ്ദമായ ക്ഷണം


ഓര്‍മ്മപ്പെടുത്തലുകളും ശാസനകളും നവീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും ശക്തമായ സംവാദങ്ങളുമായി കത്തിപ്പടരുന്ന അല്മായശബ്ദം ഒരു തനി male club  ആയി തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കാനും, എന്തെങ്കിലും എഴുതാന്‍ തയ്യാറുള്ള മഹിളകളെ അതിലേയ്ക്ക് ഒന്നുകൂടി ക്ഷണിക്കാനും വേണ്ടിയാണ് ഇതെഴുതുന്നത്. തീര്‍ച്ചയായും പുരുഷന്മാര്‍ മാത്രമായിരിക്കില്ല അല്മായശബ്ദം വായിക്കുന്നത്. വായിക്കുമ്പോള്‍ എന്തെങ്കിലും പ്രതികരണം മനസ്സിലുദിക്കാത്തവര്‍ വിരളമായിരിക്കും. സ്ത്രീകളുടെ കാഴ്ചപ്പാടില്‍ നിന്നുള്ള പ്രതികരണങ്ങളും പുതിയ ആശയങ്ങളും കൂടി ബ്ലോഗില്‍ വായിക്കാനാവുക ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും, സംശയമില്ല. ഞാന്‍ പലരെയും വ്യക്തിപരമായി ക്ഷണിച്ചു, ഇതുവരെ ആരും വന്നില്ല. ഇനി എന്താണ്  മറ്റൊരു പോംവഴി എന്നാലോചിച്ചപ്പോള്‍ തോന്നിയതിങ്ങനെ. സഭയിലെ സ്ത്രീകളെ അല്മായശബ്ദത്തിലെ പുരുഷശിരോമണികള്‍ വളരെ വിലമതിക്കുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട് എന്നൊക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്ഥിരീകരിച്ചു പറഞ്ഞാലെങ്കിലും അവരില്‍ ചിലര്‍ എഴുതാന്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയോടെ ഏതാനും കാര്യങ്ങള്‍ കുറിക്കുന്നു. 

ഹൈസ്കൂളിനു ശേഷം കുറേനാള്‍ എന്നെ പഠിപ്പിചിരുന്ന, നര്‍മബോധമുള്ള ഒരദ്ധ്യാപകന്‍ ബൈബിളിനെ ആധാരമാക്കി തമാശകള്‍ പറയുമായിരുന്നു. അതിലൊന്ന്: എന്തുകൊണ്ടാണ് ആദാമിന് ശേഷം ദൈവം മറ്റൊരു മനുഷ്യജീവിയെക്കൂടി നേരിട്ട് സൃഷ്ടിച്ചത്? ഉത്തരം: ആദ്യത്തേതിലെ തെറ്റുകള്‍ തിരുത്തിയാണ് രണ്ടാമത്തേതിനെ (ഹവ്വയെ) കര്‍ത്താവ് ഉണ്ടാക്കിയത്. സ്ത്രീയാണ് എല്ലാ വിധത്തിലും പൂര്‍ണമായ ജീവി എന്നാണല്ലൊ അതിനര്‍ത്ഥം. ഈ ആശയത്തെ സാധൂകരിക്കാന്‍ അദ്ദേഹം വേറെയും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉദാ: എന്തുകൊണ്ടായിരുന്നു സോളൊമന്‍ ഏറ്റവും ബുദ്ധിമാനായ രാജാവായിരുന്നത്? ഉപദേശം തേടാന്‍ അദ്ദേഹത്തിന് ധാരാളം ഭാര്യമാരുണ്ടായിരുന്നതുകൊണ്ട്. സ്ത്രീകളുടെ ഏറ്റം വലിയ കഴിവിനെ പുകഴ്ത്തിയും ഇതാ ഒരു തമാശ. ദൈവം കണ്ടെത്തിയ ഏറ്റവും വലിയ സാങ്കേതിക കണ്ടുപിടുത്തം? ഒരെല്ലില്‍ (ആദത്തിന്റെ വാരിയെല്ല്) നിന്ന് ഒരു ലൌഡ്സ്പീക്കര്‍ ഉണ്ടാക്കുക! പ്രിയമുള്ള മഹതികളേ, സഭക്ക് നേരേ തിരിച്ചുവച്ചിരിക്കുന്ന ലൌഡ്സ്പീക്കറുകള്‍ ആകാന്‍ മുന്നോട്ടു വരിക! അവയിലൂടെ ഞങ്ങള്‍ സഭയിലെ തെമ്മാടികളോട് രണ്ട് വാക്ക് പറയട്ടെ. നിങ്ങളെക്കൂടാതെ ഞങ്ങളുടെ ദൌത്യം വിജയിക്കുകയില്ല. 

ഇത് വായിച്ച്, ധൈര്യത്തോടെ മുന്നോട്ടു വരുന്ന മാന്യ മഹിളകള്‍ ഈ കവിതയെ ഒരുപഹാരമായി സ്വീകരിക്കുക. 


ZachNed's Blog: സ്ത്രീ!:

'via Blog this'

സ്ത്രീ!


പുരുഷ  സൌന്ദര്യത്തെച്ചുറ്റിപ്പുണരും 
സ്ത്രൈണലതപോലെയും
വിടരാന്‍ വെമ്പും പൂമൊട്ടിനെ
പൊതിഞ്ഞു  കൂമ്പിനില്‍ക്കു-
മരിദലങ്ങള്‍ പോലെയും
ആകര്‍ഷാനുരാഗസമൃദ്ധമാ-
ണോരോ ജീവകണികയുമെന്നും
മിഴികളടച്ചും കാണാനാവുന്ന-
യഴകുണ്ടെന്നും എന്നെ പഠിപ്പിച്ചതാര്? 
മറ്റാരുമല്ല, 
ജീവനെടുക്കയും കൊടുക്കയും
ചെയ്യുന്നയീ ഭൂമിയും
അവളോടോപ്പമഴകും 
ക്ഷമയും നിറഞ്ഞ സ്ത്രീയും.

ഭൂമിയാണീ പ്രപഞ്ചത്തിന്‍ 
മാദകത്വമെങ്കില്‍
പുരുഷവല്ലിയിലെ പുഷ്പ-
കനകമല്ലോ, സ്ത്രീ!
അവള്‍ക്കായുമവള്‍വഴിയുമല്ലോ 
പുരുഷന്‍ കോമളനും ശക്തനുമാവുക! 

സ്ത്രീ!
ആരോരുമറിയാതെ മൊട്ടിടുന്ന-
യവളുടെ താരുണ്യം;
അടിപ്പുടവയിലമര്‍ന്നു വിടരു-
മവളുടെയമൃതകുംഭങ്ങള്‍ ;
രാമച്ചസൌഗന്ധികങ്ങളാ-
മവളുടെ രോമരാജികള്‍ ;
ഏതൊന്നിനായി പുരുഷശക്തികള്‍
തമ്മില്‍ പൊരുതിത്തുലയുകയും
ഏതൊന്നിനായി വിസ്തൃത സാമ്രാജ്യങ്ങള്‍
നിലംപരിശാകുകയും ചെയ്തുവോ
ആ അവളുടെയദ്ഭുത കവാടങ്ങള്‍ !

ഈ മണ്ണിലെയിടവേള - 
എന്റെയീ ഹൃസ്വവിശ്രമം
സരളസുരഭിതമാക്കിയ
അദ്ഭുതസൃഷ്ടിയവള്‍ - സ്ത്രീ!

അനിഷ്ടതകളുടെ വേലിയേറ്റങ്ങളെ-
യതിജീവിച്ച ഞങ്ങളുടെ കണ്ണിണകള്‍ ;
വൈചിത്ര്യ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ
ഞങ്ങളുടെ ജീവിതസന്ധികള്‍ ;
ജീവന്‍മരണങ്ങളെ സ്വരുമിപ്പിച്ചിരുന്ന-
യെത്രയെത്രയോ അതുല്യ നിമിഷങ്ങള്‍ !

മഴയോ മഞ്ഞോ തടസ്സമായിടാതെ
സുഖാസുഖങ്ങള്‍  വഴിതടയാതെ
സായാഹ്നച്ചെരുവുകളിലെയിളങ്കാറ്റും കൊണ്ട്, 
ലതകളും മരങ്ങളും കിളികളുമായി സല്ലപിച്ച്‌
അന്ധനെയെന്നപോലെന്നെ കൈ
പിടിച്ചുനടത്തിയ ജീവിതസഖിയവള്‍ - സ്ത്രീ!

***          ***        ***        ***
നിന്റെ ഗന്ധങ്ങളെ ഞാന്‍ 
വേര്‍തിരിക്കുന്നില്ല. അവയില്‍ മുഖ-
മൊളിപ്പിക്കുമ്പോള്‍ തളര്‍-
ന്നുറങ്ങിടുന്നു ഞാന്‍.
പ്രഭാതാഗമാനം കാത്തുകിടക്കുന്ന
വാഗമണ്‍ ചെരിവുകള്‍ പോലെ.

നിന്റെ ചലനങ്ങള്‍, ശബ്ദങ്ങള്‍
സ്വപ്നത്തിലെ നിന്റെ ഞരക്കങ്ങള്‍
എല്ലാം നിന്റെയന്തരാത്മാവിലേയ്ക്കുള്ള 
കവാടങ്ങളാക്കുന്നു ഞാന്‍. 

നിന്റെ ചിരിയുടെയോളങ്ങളെനിക്ക്
ഉഷ്ണവിഷണ്ണമായ ശരത്ക്കാല- 
സന്ധ്യകളിലെ കുളിര്കാറ്റാകുന്നു.
നിന്റെ നിശ്വാസങ്ങളെനിക്കു നിര്‍വൃതിയും.

നിന്റെയിന്ദ്രിയങ്ങളെന്റേതാകുമ്പോള്‍
ആയിരം കണ്ണുള്ള  വിഷ്ണുവാകുന്നു ഞാന്‍.

അനിശ്ചിതത്വത്തിന്റെ സൌന്ദര്യം

നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞു. ചലിച്ചില്ലെങ്കിലും എന്നുമുണ്ടായിരുന്ന, എന്നും നിലനില്‍ക്കുന്ന അസ്തിത്വബോധമാണ് നിത്യത. (ബോധമില്ലെങ്കില്‍ നിത്യതക്ക് എന്തര്‍ത്ഥം?) ചലിച്ചില്ലെങ്കിലും അതുണ്ട്; പക്ഷേ, നാം ഉണ്ടായിരിക്കണമെന്നില്ല. ശൂന്യതയെ പരമമായ യാഥാര്‍ത്ഥ്യമായും അനന്തതയെ ശൂന്യതയുടെ നാനാവിധത്തിലുള്ള ആവിഷ്കാരമായും കാണാന്‍ ശ്രമിച്ചിരുന്ന ഒരു ഗണിതജ്ഞന്‍ ഇന്ത്യക്കുണ്ടായിരുന്നു: ശ്രീനിവാസ രാമാനുജന്‍. പൂജ്യത്തെ (ഒരു പൌരസ്ത്യ മനസ്സിന് മാത്രം ഭാവനയില്‍ മനനം ചെയ്യാനാവുന്ന, ശൂന്യതയെന്ന പരമമായ യാഥാര്‍ത്ഥ്യം) അനന്തതകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അന്ത്യമില്ലാത്ത സംഖ്യയിലെ ഓരോ അക്കങ്ങളാണ്‌ നാമും സൃഷ്ടിയിലെ ഓരോ കണികയും എന്ന് സാത്വികമായി ചിന്തിക്കാന്‍ അദ്ദേഹത്തിലെ പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നു.

നമ്മുടെ പൂര്‍വ്വികന്മാരുടെ പൂര്‍വ്വികര്‍ അനുദിനജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ മുഴുകി ജീവിച്ചു. വെറുതേയിരിക്കാനുള്ള സമയം ലഭ്യമായതോടെ, തന്റെ ഉള്ളിലേയ്ക്ക് നോക്കാനുള്ള ബൌദ്ധികവാസന കുരുത്ത്, പയ്യെ പുഷ്പിച്ചു. ആ ഒളിഞ്ഞുനോട്ടമാണവനെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ അദ്ഭുതത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. അതായത്, ഈ പ്രപഞ്ചവും ഈ ഞാനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ഒരേ പരമാണുക്കള്‍ കൊണ്ടാണെന്ന അറിവ്. ഏതു ഭാവനയെയും വെല്ലുന്നയത്ര വിദൂരതയില്‍ കത്തിജ്വലിക്കുന്ന നക്ഷത്രങ്ങളിലും എന്റെ ശരീരത്തിലും ചലിക്കുന്നത്‌ ഒരേ അണുതന്നെയാണെന്ന സത്യം. അതിസൂക്ഷ്മകണങ്ങളുടെ ഈ മഹാവിസ്തൃതിയില്‍ അതികൃത്യമായ ഊര്‍ജ്ജഭാവങ്ങള്‍ സങ്കലിതമാവുമ്പോഴും വെളിയില്‍ നിന്നുള്ള വീക്ഷണത്തില്‍ അനിശ്ചിതത്വമാണവിടെ ഭരിക്കുന്നതെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ കാഴ്ചപ്പാട്.

ഇതിന്റെ പരിണതിയായിരിക്കാം, ജീവിതത്തെ കൃത്യമായ രീതിസംവിധാനങ്ങളിലൂടെ (methodology) കെട്ടിപ്പടുക്കുക എന്നതിലും സന്തുഷ്ടവും ആരോഗ്യകരവും അതിനെ വരുന്നതുപോലെ സ്വീകരിക്കാനുള്ള തന്റേടവും ശുഭാപ്തിവിശ്വാസവുമാണ് എന്ന കണ്ടെത്തല്‍. Let go of planning and embrace not knowing what will happen. Let go of productivity and be open to new ideas and spontaneous creativity. എന്ത് നേടണം, എവിടെയെത്തണം എന്നൊക്കെ തീരുമാനിച്ചിട്ട്‌ പ്രവര്‍ത്തിക്കുന്നതിലും എത്രയോ സ്വാതന്ത്ര്യവും സന്തുഷ്ടിയും തരുന്നതാണ്, ഇപ്പോള്‍ ചെയ്യേണ്ടതും ചെയ്യാനാവുന്നതും ചെയ്യുക, ഫലമെന്തുമാകട്ടെ എന്ന കൂസലില്ലായ്മ. അതാണല്ലോ മഹത്തായ ഗീതാദര്‍ശനവും. എല്ലാ സൌന്ദര്യദര്‍ശനത്തിലും ഈ അനിശ്ചിതത്വം അനിവാര്യമാണ്. ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും, സംഖ്യകളുടെ സ്വഭാവ സവിശേഷതകളെ കണ്ടെത്താന്‍ രാമാനുജനുണ്ടായിരുന്ന കഴിവ് അനന്യമായിരുന്നു. അശിക്ഷണവും ക്രമരാഹിത്യവും നിലനില്‍ക്കെത്തന്നെ ഗണിതസിദ്ധാന്തങ്ങളുടെ സൌന്ദര്യത്തിലേയ്ക്ക് ചെന്നുപെട്ട വിശിഷ്ട ബുദ്ധികളായിരുന്നു ഐന്‍സ്റ്റയിനും (Albert Einstein) അദ്ദേഹത്തിന്‍റെ മുന്നോടി പ്വാന്‍ഗ്കരെയും (Henri Poincaré). രാമാനുജന്റെ കാര്യത്തിലെന്നപോലെ, ഇവരിരുവരുടെയും ഗണിതചേതനയുടെ ഭാഗമായി, പുതിയ ഗണിതസ്വത്വങ്ങള്‍ അബോധമനസ്സില്‍ ഉരുത്തിരിഞ്ഞ്‌, പ്രത്യക്ഷമനസ്സിലേയ്ക്ക് സംവേദനം നടത്തുകയായിരുന്നു. വിശദാംശങ്ങളെ അവഗണിക്കാനാകുക എന്നതാണ് ഗിരിശൃംഗങ്ങളുടെ ഭംഗിയാസ്വദിക്കാന്‍ വേണ്ടുന്ന ഒരു മാനസികഘടകം. ഏതാണ്ട് ഈ അര്‍ത്ഥത്തിലായിരിക്കണം ഫ്രീഡ്രിഹ് നീററ്ഷേ (Friedrich Nietzsche) പറഞ്ഞത് : അനിര്‍ണ്ണീത നിലങ്ങളില്‍ നിന്നാണ് നൃത്തം ചെയ്യുന്ന താരങ്ങള്‍ ജനിക്കുന്നത്.

യുവത്വത്തിന്റെ അതിപ്രസരങ്ങളെല്ലാം ശമിച്ച്, പലതും നേടിയശേഷം ജോലിയില്‍നിന്നു വിരമിച്ച്, മനസ്സില്ലാമനസ്സോടെ നാട്ടിലേയ്ക്ക് തിരിക്കുമ്പോഴും, അവിടെ ചെന്നിട്ട്, ഇനിയും, വരുമാനമുള്ള എന്തെങ്കിലും കളിച്ചുവയ്ക്കാന്‍ വെമ്പെല്‍കൊള്ളൂന്ന പല പ്രവാസികളെയും കണ്ടിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലാത്ത ഒരവസ്ഥയനുമാനിക്കാനേ അവര്‍ക്കാകുന്നില്ല. ഭൌതിക/സാമ്പത്തിക ലക്ഷ്യങ്ങളില്ലാത്ത മാനസിക സ്വസ്ഥതയോടെയുള്ള വിശ്രമജീവിതം എന്തോ പാപമാണെന്നതുപോലെയാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. പണ്ടില്ലാതിരുന്ന, എന്നാല്‍, ഏറ്റവും ക്രിയാത്മകവും അതേ സമയം ശ്രമരഹിതവുമായ സൌന്ദര്യാസ്വാദനത്തിനായി, ഉഴിഞ്ഞുവയ്ക്കാനുള്ള ഒരവസരം കൈവന്നതിന്റെ സന്തോഷം തിരിച്ചറിയാതെപോകുന്നത് എത്ര ദയനീയമാണ്!

ശ്രമരഹിതമായ സൌന്ദര്യാസ്വാദനത്തിന് ഇന്നെന്നെ സഹായിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത്, വെറും നിസ്സാരരായി കാണപ്പെടുന്ന കുറേ ചെറു പ്രാണികളാണ് - അവരില്പ്പെടുന്നു ചെറുതേന്‍ ഉണ്ടാക്കുന്ന ഈച്ചകള്‍. വെറുതേ ഒരു രസത്തിന്, ഒരു കലത്തില്‍ ഞാന്‍ സംഭരിച്ചുവച്ച തേനീച്ചക്കുടുംബം ഇന്ന് ആറായി പെരുകിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിശേഷിച്ച് ഒന്നുമറിഞ്ഞിട്ടല്ല, ആദ്യത്തെ കൂട്ടത്തെ പകുത്ത് ഞാനൊരു പരീക്ഷണം നടത്തിയത്. ഒരു ചിരട്ടയില്‍ കുറേ മുട്ടകള്‍ മാത്രമാണ് ഏതാനും ഈച്ചകളോടെ ഞാന്‍ മാറ്റിവച്ചത്. ബാക്കി കണക്കുകൂട്ടലുകളെല്ലാം, കൃതകൃത്യതയോടെ പരിശ്രമശാലികളായ ആ മിണ്ടാപ്രാണികള്‍ വളരെ ഭംഗിയായി ചെയ്തു - അനാവശ്യ വിടവുകള്‍ അടക്കുക, കയറിയിറങ്ങാന്‍ ഒരു വളച്ചുവാതിലുണ്ടാക്കുക, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറര വരെ പൂമ്പൊടി ശേഖരിക്കുക, സശ്രദ്ധം മുട്ട വിരിയിച്ച് പുതിയ ഒരു തലമുറയെ രൂപപ്പെടുത്തുക എന്നതെല്ലാം. അക്കൂടെ, നമുക്ക് സൌജന്യമായി എടുത്തുപയോഗിക്കാന്‍ അതിമധുരമായ, ഔഷധഗുണങ്ങള്‍ ഏറെയുള്ള തേനുണ്ടാക്കുകയും! അവരുടെ പോക്കും വരവും, വൈവിധ്യമാര്‍ന്ന ജോലിവിഭജനവുമൊക്കെ കണ്ടുകൊണ്ടിരിക്കുക എത്ര ധന്യമായ സൌന്ദര്യാരാധനയാണ്! ഗണിതത്തിന്റെ സരളതയും സങ്കീര്‍ണ്ണതയും അണുസമാനമായ ഈ ചെറുജീവികളില്‍ സംഗമിക്കുന്നതും അതിവിസ്മയനീയമായ അണുവിസ്ഫോടനങ്ങളിലൂടെ ആകാശഗംഗകള്‍ രൂപംകൊള്ളുന്നതും തമ്മില്‍ എന്തുണ്ട് വ്യത്യാസം?

മഹത്തമമായ കണ്ടെത്തല്‍

ഉണ്ടായിരിക്കുക എന്ന ബോധമാണ് അസ്തിത്വം. നാമെല്ലാം അതില്‍ പങ്കുപറ്റുന്നവരാണ്. നാം എന്ന് പറയുമ്പോള്‍, ബുദ്ധിയുള്ള സൃഷ്ടികള്‍ എന്ന സങ്കുചിതമായ അര്‍ത്ഥത്തിലേയ്ക്ക് ഇതിനെ ചുരുക്കാനുള്ള പ്രവണതയെ ബോധപൂര്‍വ്വം മറികടക്കേണ്ടിയിരിക്കുന്നു. എങ്കിലേ, ചരാചരങ്ങളെന്ന പൊതുസംജ്ഞയില്‍ വരുന്നവയെ ഒക്കെയും ബോധത്തിന്റെ ബ്രഹ്മാണ്ഡത്തിനുള്ളില്‍ കൊണ്ടുവരാന്‍ നമുക്കാവൂ. പക്ഷേ, അസ്തിത്വമെന്നത് എന്താണ് എന്ന സ്വന്തമായ കണ്ടെത്തല്‍ സംഭവിക്കാതെ, നമ്മുടെ അല്‍പബുദ്ധിക്ക് നിതാന്തമായ വിശ്രാന്തിയുടെ ആനന്ദം കൈവരില്ല. വിശ്രാന്തിയുടെ നേരേ എതിരാണ്‌ സംസാരം. ലൌകികജീവിതചക്രത്തിനാണ് സംസാരമെന്നു പറയുന്നത്. അതാകട്ടെ, തിക്കും തിരക്കുമല്ലാതൊന്നുമല്ല. ഈ തിക്കും തിരക്കും അതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ വ്യതിരിക്തതയുടെ മാത്രം സൃഷ്ടിയാണ്. വ്യക്തിത്വബോധമുള്‍പ്പെടെ, ജീവജാലങ്ങള്‍ തമ്മില്‍ അകല്‍ച്ചയെ ദ്യോതിപ്പിക്കുന്നതെന്തൊക്കെയുണ്ടോ, അതെല്ലാം വ്യതിരിക്തതയില്‍ ഉള്‍പ്പെടും. 

എല്ലാ ആത്മീയ ഗുരുക്കന്മാരും പറയുന്ന ഒരു കാര്യമുണ്ട്: സംശുദ്ധമായ ആനന്ദം നമുക്കുള്ളിലാണ്. എല്ലാം കൈയെത്തും ദൂരത്തുണ്ട്‌. കണ്ടെത്തുക എന്നത് മാത്രമാണ് മനുഷ്യന്‍ ചെയ്യേണ്ടത്. അതിന്, പക്ഷേ, നിതാന്തമായ നിശബ്ദത അത്യാവശ്യമാണ്. നിശബ്ദതയുടെ ഇടവേളകളെങ്കിലും ഇല്ലാതെ ഏകവും ആത്യന്തികവുമായ സത്യത്തിന്റെ ഉള്ളറയിലേയ്ക്ക് എത്തിനോക്കാന്‍ പോലും നമ്മുടെ ബുദ്ധിക്ക് ആവില്ല. എന്നാല്‍ ഒരിക്കല്‍ അതിനുള്ള ആവേശം ഒരു ശീലമായാല്‍, മഹത്തമമായ ആ ഉള്‍ക്കാഴ്ച അനിവാര്യമാണ്: അതായത്, പരമാത്മാവ്‌ അതിന്റെ സത്താസവിശേഷതകൊണ്ടുതന്നെ എല്ലാറ്റിലും ഒരുപോലെ സന്നിഹിതമായിരിക്കേണ്ടതുണ്ട് എന്ന സംശയാതീതമായ അവബോധം. കാരണം, അനന്തമായതിന് ഒന്നിലും ഒതുങ്ങാനോ നുറുങ്ങാനോ ആവില്ല എന്നത് പഴുതില്ലാത്ത യുക്തിയാണ്. പ്രകാശിതമായ ആത്മനിശബ്ദതയില്‍ സാധകന്റെയുള്ളില്‍ ജ്വലിച്ചുതുടങ്ങുന്ന ഈ സത്യജ്ജ്വാല തുടര്‍ന്ന് വെളിപ്പെടുത്തുന്നത് ഇതായിരിക്കും: സത്യം ഒന്നേയുള്ളൂ, അതാകട്ടെ, ഉണ്ടായിരിക്കുക എന്ന അനന്തമായ ഉണ്മയുടെ, എല്ലായിടത്തും, എല്ലാറ്റിലും ഒരേപോലെയായിരിക്കുന്ന അത്ഭുതമല്ലാതെ മറ്റൊന്നുമല്ല.

അസ്തിത്വമെന്നത് ഒന്നാണ്, ഒന്നേയുള്ളൂ, ഒന്നായിരിക്കാനേ സാദ്ധ്യതയുള്ളൂ എങ്കില്‍, അത് ഇപ്പോള്‍, ഇവിടെ ആണ്. ഉള്ളത് എന്ന് പറയുമ്പോള്‍ ഇന്ന്, ഇപ്പോള്‍, സമ്പൂര്‍ണ്ണമായും ഇവിടെയുള്ളത് എന്നാണര്ത്ഥം. അപ്പുറത്ത് എന്നൊരു വാക്ക് ഉപയോഗിക്കേണ്ടിവരുന്നതുതന്നെ, ഇപ്പോള്‍ ഇവിടെയുള്ളതിന്റെ വ്യാപ്തി നാം കാണുന്നില്ല എന്നതിന്റെ തെളിവാണ്. ഇതും അതും, ഇപ്പുറവും അപ്പുറവും, ഇന്നലെയും നാളെയുമൊക്കെ നമ്മുടെ മനസ്സിന്റെ കാല്‍പനിക സൃഷ്ടികളാണ്. സൃഷ്ടലോകമെന്നും സൃഷ്ടാവെന്നും വ്യത്യാസപ്പെടുത്തി (വ്യതിരിക്തത കല്‍പ്പിച്ചു) പറയുന്നതും അനുഭവിക്കുന്നതുമെല്ലാം, വാസ്തവത്തില്‍ ഈ ഒന്നില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന അറിവാണ് പരമമായ ജ്ഞാനം. അതിലെത്തിച്ചേരുന്നതുവരെയുള്ളതൊക്കെയും മായ എന്ന ഒഴുക്കന്‍ സംജ്ഞയില്‍ ഒതുക്കാം. നാമൊരാളില്‍ ഉള്ളതിനേക്കാള്‍ ഒരു തരിപോലും കുറവോ കൂടുതലോ അല്ല മറ്റൊരാളിലോ, മറ്റൊരു  വസ്തുവിലോ കണ്ടെത്താവുന്ന ഉണ്മ (പരമാത്മാവ്‌) എന്നുള്ളത് ഏറ്റവും സംശുദ്ധമായ യുക്തിയില്‍ തന്നെ തെളിഞ്ഞുവരേണ്ട സത്യമാണ്. വ്യത്യസ്തതകള്‍ (വിവിധ വിഭാഗങ്ങളില്‍പെടുന്ന ചരാചരങ്ങള്‍ ഉണ്ടെന്നുള്ള സാധാരണയനുഭവം ഉള്‍പ്പെടെയുള്ളവ) മായ എന്ന വിഭ്രാന്തിയുടെ ഫലമാണെന്നും, അവയില്‍നിന്നുള്ള മോചനം 'ഏകം സത്'  (എല്ലാം ഒന്നാണ്) എന്ന അവബോധത്തിലേയ്ക്ക് കൊണ്ടെത്തിക്കും എന്നുമാണ് വേദാന്തത്തിന്റെ സാരം. അതുള്‍ക്കൊള്ളാനാണ് നാമിവിടെ ശ്രമിക്കുന്നത്. ഏറ്റവും വലിയ തമാശ, അത് മനസ്സിലാകുംവരെ, അതില്‍പ്പരം ഒരു ഭോഷത്തമില്ലെന്നേ ആരും കരുതൂ എന്നതാണ്. കാരണം, അത്രകണ്ട് ദയാഹീനമായി അവിദ്യ നമ്മെ വിഴുങ്ങിയിരിക്കുന്നു.

നിത്യമായ ഒന്ന് ഉണ്ടെന്നറിയുക, എല്ലാം നിത്യമാണെന്നറിയുന്നതിനു തുല്യമാണ്. അതോടേ, അന്ധകാരം അവസാനിക്കേണ്ടതാണ്. അതായത്, സ്വന്തം ആത്മസത്ത പരമസത്തയുടെ തന്നെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ ഒരാള്‍, കഴിഞ്ഞുപോയ, താത്ക്കാലികമായ, വിലയേ ദ്രവ്യലോകത്തിന് നല്‍കൂ. അചരമായതൊന്നും പ്രപഞ്ചത്തിലില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ചലനമുള്ളതെല്ലാം ആരംഭമുള്ളതാണ്. ആരംഭമുള്ളതിന് അന്ത്യവുമുണ്ടായിരിക്കും. ഈ അറിവാണ് തുടക്കം. അതില്‍ പിടിച്ച്, ആദ്യാന്തങ്ങള്‍ ഇല്ലാത്ത കാതലായ അസ്തിത്വം അനാദിയും അനന്തവുമായിരിക്കണം എന്നും നമുക്കറിയാം.

തെളിച്ചു പറഞ്ഞാല്‍, വ്യക്തിപരമായ വീക്ഷണത്തിന്റെ പരിണതഫലമാണ് എല്ലാ വ്യത്യാസങ്ങളും വ്യതിരിക്തതകളും. ഇപ്പറഞ്ഞത്‌ അല്പമൊന്ന് വിശദീകരിക്കാന്‍ നമുക്ക് നിറങ്ങളുടെ അനുഭവമെടുത്തൊന്നു പരിശോധിക്കാം. അഭിരാമമായ വര്‍ണ്ണവൈവിദ്ധ്യങ്ങളോടെ സസ്യജീവജാലങ്ങളും സായംസന്ധ്യയും പ്രഭാതങ്ങളും ഈ പ്രകൃതിയെ അലങ്കരിക്കുന്നു. എന്നാല്‍, നിറങ്ങളെപ്പറ്റി ഇന്ന് നമുക്കുള്ള ശാസ്ത്രീയമായ അറിവുവച്ച് നോക്കിയാല്‍ അവയെല്ലാം നമ്മുടെ കണ്ണിന്റെയും തലച്ചോറിന്റെയും അനുനിമിഷ സൃഷ്ടി മാത്രമാണ്. നാം കാണുന്ന വസ്തുക്കളിലല്ല നിറങ്ങള്‍ സ്ഥിതി ചെയ്യുന്നത് എന്നാണ് അതിന്റെ പൊരുള്‍. പിന്നെയെവിടെയാണവ? ഒരു ചറിയ പരിധിക്കുള്ളില്‍ അലനീലമുള്ള പ്രകാശതരംഗങ്ങളെ മാത്രം കണ്ണുകളിലൂടെ സ്വീകരിച്ച്, അവയെ വിവിധ നിറങ്ങളായി വ്യാഖ്യാനിച്ച്, തലച്ചോറ് നമുക്ക് തരുന്ന തോന്നല്‍ മാത്രമാണ് നാം കാണുന്ന നിറവൈവിധ്യങ്ങള്‍. മേശപ്പുറത്തു വച്ചിരിക്കുന്ന ചുവന്ന റോസാപ്പൂവ് വെളിച്ചത്തിരുന്നാല്‍ മാത്രമേ ചുവന്നതാകുന്നുള്ളൂ; ഇനി, വെളിച്ചത്തിരുന്നാലും, അന്ധനായ ഒരാളുടെ സന്നിധിയില്‍ ആ പൂവിന് ഒരു നിറവും ഇല്ലതന്നെ. എല്ലാ ഇന്ദ്രിയാനുഭവങ്ങളിലും ഈ കബളിപ്പിക്കല്‍ നടക്കുന്നുണ്ട്.  

അപ്പോള്‍, പ്രകാശം നമ്മില്‍ നിറങ്ങളുടെ ഭ്രമം ഉണ്ടാക്കുന്നതുപോലെ, ഊര്‍ജ്ജത്തിന്റെ ഘടനാവ്യത്യാസങ്ങള്‍ നമ്മിലുണ്ടാക്കുന്ന ഭ്രമമാണ് ദ്രവ്യാനുഭവം. അങ്ങനെയെങ്കില്‍ ബാക്കിയുള്ള ലോകാനുഭവങ്ങളും ഭ്രമാത്മകമാണ്‌ എന്ന് സംശയിക്കേണ്ടതില്ല. ഇങ്ങനെയുള്ള എല്ലാ ഭ്രമാനുഭവങ്ങളുടെയും ആകെത്തുകയാണ് ഞാന്‍. അനുഗ്രഹീതമായ ഒരു ധ്യാനനിമിഷത്തില്‍, ചിലര്‍ക്ക്, ഒരു പക്ഷേ, ഈ 'ഞാന്‍' ഇല്ലാത്ത, അതേ സമയം, ഒന്നും എല്ലാവുമായ, ഉണ്മയുടെ (ആയിരിക്കുക എന്ന) സംശുദ്ധമായ അനുഭവത്തിലെത്താനാവും. അത്തരം ധന്യാനുഭവമാണ് ഭ്രാമാത്മകവും അങ്ങേയറ്റം പരിമിതവുമായ അഹംബോധത്തിനപ്പുറത്തുള്ള അനന്തമായ ഉണ്മയുടെ ബോധോദയം. അതാണ്‌ ബ്രഹ്മജ്ഞാനം. സംഗ്രഹിച്ചു പറഞ്ഞാല്‍, അറിവിന്റെ മൂന്ന് അടുക്കുകളിലൂടെയാണ് ഒരാള്‍ അവിടെയെത്തുക. ഒന്നാമത്തേത് ദ്രവ്യശരീരത്തെ അറിയുന്നത്. രണ്ടാമത്തേത്, ഊര്‍ജ്ജശരീരത്തെ അറിയുന്നത്. മൂന്നാമത്തേതാണ് അല്പമായ സ്വന്തം ആത്മസത്തയെ അനന്തബോധം തന്നെയായി തിരിച്ചറിയുക.     

ഊര്‍ജ്ജതന്ത്രത്തിലെ ഏറ്റവും ആധുനിക കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതുപോലെ, ക്ഷരപ്രപഞ്ചമായ സകലതും ഊര്‍ജ്ജം മാത്രമാണ്. ഊര്‍ജ്ജത്തിന്റെ അതിവേഗചലനങ്ങളാണ് ഘനത്വം എന്ന ഭ്രമത്തെപ്പോലും സൃഷ്ടിക്കുന്നത് എന്നാണ് ഭൌതികശാസ്ത്രം ഇന്ന് മനസ്സിലാക്കുന്നത്. വേദാന്തമാകട്ടെ, ഒരു പടികൂടി കടന്ന്, ഊര്‍ജ്ജത്തിന്റെ സ്ഥാനത്ത് ബോധത്തെയാണ് അംഗീകരിക്കുന്നത്. ഈ ലോകം ഭ്രമാത്മകമാണെന്നു പറയുന്നതിന്റെ അര്‍ത്ഥം അത് നമ്മുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനം മാത്രമാകുന്നു എന്നാണ്. അനുദിനചര്യകളില്‍ ഈ വ്യാഖ്യാനങ്ങള്‍ നമുക്കു മുന്നില്‍ സത്യങ്ങളായി വേഷമിടുന്നു. അതിനാല്‍, ശരീരം ദ്രവ്യപരമായ കാഴ്ചപ്പാടിനുള്ളില്‍ വരുന്നു. അതിനപ്പുറത്താണ് മനശ്ശരീരം. മൂന്നാമത്തെ അടുക്കാണ്‌ നമ്മുടെ ബോധം. മറ്റ് രണ്ടുംപോലെ ചലനാത്മകമായതിനാല്‍, അതും ഒരിക്കല്‍ നിലക്കും. എന്നാല്‍ അതോടേ അത് ശൂന്യമാകുകയല്ല; നിശ്ചലമായ അനന്തബോധത്തിലേയ്ക്ക് അലിഞ്ഞുചേരുകയുമല്ല. മറിച്ച്, അവിച്ഛിന്നമായ അനന്തബോധം മാത്രമേയുള്ളൂ, അത് മാത്രമേ എന്നും ഉണ്ടായിരുന്നുള്ളൂ എന്ന തിരിച്ചറിവില്‍ എത്തുകയാണ് ചെയ്യുക. നിമിഷാര്‍ദ്ധങ്ങള്‍ തൊട്ട്‌ ബ്രഹ്മയുഗങ്ങള്‍ വരെ കുറുക്കിയും നീട്ടിയും അളക്കപ്പെട്ടിരുന്ന സമയസാഗരങ്ങളുടെ മിഥ്യ സമൂലം തകര്‍ന്ന്, ഞാനും ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ സര്‍വ്വവും ഒരേയൊരസ്തിത്വമായി സ്പന്ദിക്കുന്ന ദിവ്യാദ്ഭുതമായിരിക്കും അത്.   

"വരാനിരിക്കുന്ന ലോകത്തിന്റെ നിഗൂഡതയാണ് മൌനം. സംസാരമാകട്ടെ ഈ ലോകത്തിന്റെ ഉപകരണവും. ഉത്സാഹത്തോടെ അന്വേഷിക്കുന്നവര്‍ പലരുമുണ്ട്, പക്ഷേ, നിതാന്ത നിശബ്ദതയില്‍ നിലനില്‍ക്കുന്നവര്‍ മാത്രമാണ് കണ്ടെത്തുന്നവര്‍." (നിനവേയിലെ ഇസഹാക്ക്)  The deep calls to the deep. (psalm 42,7)