അറിഞ്ഞതില്‍നിന്നുള്ള മോചനം

ഇലെക്ട്രോണുകള്‍ പ്രകാശവുമായി എപ്രകാരം പ്രതിപ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച സിദ്ധാന്തമായ Quamtum Electrodynamics വികസിപ്പിച്ചെടുത്തതിനു നൊബേല്‍സമ്മാനം ലഭിച്ച റിച്ചാര്‍ഡ്‌ ഫെയ്ന്‍മന്‍ (Richard P. Feynman) ഒരിക്കല്‍ പറഞ്ഞു: "ഒരു ശരാശരി വ്യക്തിയോട് എനിക്കിത് വിശദീകരിക്കാന്‍ കഴിഞ്ഞാല്‍, നൊബേല്‍ സമ്മാനത്തിനുള്ള അര്‍ഹതയെനിക്കില്ല." മനസ്സിലാക്കാനായാല്‍ തന്നെ, സാധാരണക്കാരാരും അംഗീകരിക്കുമെന്നു കരുതാനാവാത്തവയാണ് സുഖദുഃഖങ്ങളെപ്പറ്റിയും അറിവിനെയും സ്നേഹത്തെയും പറ്റിയുമൊക്കെ ജിദ്ദു കൃഷ്ണമൂര്‍ത്തി അവതരിപ്പിച്ചയാശയങ്ങള്‍. അത്രയേറെ അസ്സാധാരണങ്ങളാണവ. മധുരം ഗായതിയിലെ ഒരു കഥാപാത്രത്തെക്കൊണ്ട് ഒ.വി.വിജയന്‍ പറയിപ്പിക്കുന്നുണ്ട്, എല്ലാ അറിവും ഭാരമാണ്, അതേസമയം മോചനവും എന്ന്. നന്ദിനി പറഞ്ഞു: "അറിവിലേയ്ക്കുള്ള പ്രവേശം സുഗമമല്ല; മകളേ, ധ്യാനിക്കൂ." നേരേമറിച്ചാണ് ജെ. കൃഷ്ണമൂര്‍ത്തി തറപ്പിച്ചുപറയുന്നത്: അറിഞ്ഞതില്‍നിന്ന് വിടുതല്‍ നേടുകയാണ്‌ സ്വതന്ത്രവും ആനന്ദകരവുമായ ജീവിതത്തിനാധാരം. "അറിഞ്ഞതില്‍നിന്നുള്ള മോചനത്തിനായി ഓരോ വ്യക്തിയും കിണഞ്ഞു ശ്രമിക്കണം; ഒരു വഴിയേ അനിനായിട്ടുള്ളൂ - അതാണ്‌ ധ്യാനം.

ചിന്തകരും ഗുരുക്കന്മാരും എഴുത്തുകാരും ഇതുവരെ ആവര്‍ത്തിച്ചുകൊണ്ടിരുന്നതു തന്നെയാണ് എഴുത്തുകാരില്‍ തന്നെ ഒരപവാദമായിരുന്ന ഒ.വി വിജയനും അറിവിനെക്കുറിച്ച് മുന്നോട്ടുവച്ചത്. എന്നാല്‍ കൃഷ്ണമൂര്‍ത്തി മറ്റെല്ലാ ആധുനിക ചിന്തകരില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. 1920 മുതല്‍ 1986 ല്‍ തന്റെ 91 വയസ്സുവരെ അദ്ദേഹം ലോകത്തെല്ലായിടത്തുംതന്നെ പ്രഭാഷണങ്ങള്‍ നടത്തി. ഏത്‌ മതവും അതിരുകളെയും ദേശീയവികാരങ്ങളെയും ഉള്‍ക്കൊള്ളുമെന്നതിനാല്‍, എല്ലാ മതങ്ങള്‍ക്കും അതീതമായ ഒരു മനോവികാസത്തിലെത്തിയാലേ മനുഷ്യന് അവന്റെ ദുഃഖം, ഭയം, ഹിംസാത്മകത, സ്വാര്‍ത്ഥത എന്നിവയില്‍നിന്ന് മോചനം കൈവരൂ എന്നദ്ദേഹം വിശ്വസിച്ചു. അദ്ദേഹം പറഞ്ഞതെല്ലാം സ്വന്തം ഉള്‍ക്കാഴ്ച്ചകളില്‍ നിന്നായിരുന്നു എടുത്തിരുന്നത്. അതിങ്ങനെ സംഗ്രഹിക്കാം: അഖണ്ഡബോധം നിശ്ചലമാണ്; അതിനു സ്ഥലകാലമില്ല. അതുകൊണ്ടതിന് അതിരുകളുമില്ല.


തന്റെ ഡയറിക്കുറിപ്പുകളില്‍ അദ്ദേഹം സ്വയം വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക: തനിക്കും മരങ്ങള്‍ക്കും മലകള്‍ക്കും പുഴകള്‍ക്കുമിടയില്‍ അകലമില്ലെന്നുള്ള അപൂര്‍വ്വാനുഭവം എപ്പോഴുമുണ്ടായിരുന്നു. അത് വളര്‍ത്തിയെടുത്തതായിരുന്നില്ല. തനിക്കും മറ്റുള്ളവര്‍ക്കുമിടയിലും മതിലുണ്ടായിരുന്നില്ല. അവര്‍ ചെയ്യുന്നതോ പറയുന്നതോ തന്നെ വേദനിപ്പിച്ചിരുന്നില്ല. മുഖസ്തുതികള്‍ തന്നെ സ്പര്‍ശിച്ചതേയില്ല. ഉള്‍വലിയുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യാതെ നദിയിലെ ജലം പോലെ ഒഴുകുന്നവനായിരുന്നു. ധ്യാനാത്മകമായ, സ്പര്‍ശനാതീതമായ ഒരു നിലപാട് അദ്ദേഹത്തിനു സഹജമായിരുന്നു എന്ന് ചുരുക്കം.  

എല്ലാ അറിവും ആവര്‍ത്തനമാണ്. അതായത്, അവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരമ്പരാഗതമായതില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്നതാണ്. അതിലൊന്നാണ്, സ്വന്തം നിലനില്പിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത വ്യക്തികളാണ് നാമോരോരുത്തരും എന്നത്. എല്ലാ മുനുഷ്യ ബന്ധങ്ങള്‍ക്കും അവയെ ബാധിക്കുന്ന അസംബന്ധങ്ങള്‍ക്കും കാരണം ഈ ചിന്തയാണ്. മുന്‍കാലസംഭവങ്ങളുടെ ഓര്‍മ്മകളാണ് ഏത് ചിന്തയെയും സൃഷ്ടിക്കുന്നതും പൊലിപ്പിക്കുന്നതും. അതുകൊണ്ട്, അറിവിന്റെ വഴിത്താരയില്‍ പ്രഥമപ്രധാനം ഓര്‍മ്മയാണ്. അനുഭവം, ഓര്‍മ്മ, ചിന്ത, അറിവ്, പ്രവൃത്തി എന്നിങ്ങനെ ക
ങ്ങിത്തിരിയുന്നു ജീവിതം. ഇതെല്ലാം സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഓര്‍മ്മകളെ ചുറ്റിപ്പറ്റിയുള്ള ചിന്തയാണ് സമയബോധത്തിനുമാധാരം. കുറേ മുമ്പ് നടന്ന സംഭവത്തെ ഇന്നത്തെ പ്രവൃത്തിക്കുതകുംവിധം വ്യാഖ്യാനിച്ച് അതിലൂടെ നാളയെ രൂപപ്പെടുത്തുക എന്നതായിത്തീരുന്നു മനുഷ്യന്റെ ജീവിതചക്രം.  

കാലവും ഭയവും ഭവിതവ്യതയുടെ സങ്കീര്‍ണ്ണതയെ സൃഷ്ടിക്കും. അതാണ്‌ സംഘര്‍ഷങ്ങള്‍. സംഘര്‍ഷങ്ങള്‍ നഷ്ടബോധത്തിലേയ്ക്കും നഷ്ടബോധം അശാന്തിയിലേയ്ക്കും നയിക്കും. ഇപ്പോള്‍ ഞാന്‍ ഇതാണ്, ഇങ്ങനെയാണ്. എന്നാല്‍, അതു പോരാ, എനിക്ക് അങ്ങനെയായിത്തീരണം എന്ന മാനസിക നിലപാടാണ് അശാന്തിയുടെയടിവേര്. ഇത് മനുഷ്യന്റെയാരംഭം മുതല്‍ അവനെ പിടികൂടിയിട്ടുള്ള രോഗമാണെന്ന് കാണുന്നു. ദൈവം പറഞ്ഞു, അറിവിന്റെ വൃക്ഷത്തില്‍ നിന്ന് നീ കായ്‌ പറിച്ചു തിന്നരുത് എന്ന്. എന്നാല്‍ മനുഷ്യന്‍ ആ കനിതന്നെ ആഗ്രഹിച്ചു, അത് പറിച്ചുതിന്നുകയും ചെയ്തു. പിന്നെയിങ്ങോട്ടുള്ളതാണല്ലോ നമ്മുടെ ചരിത്രം. ആ ചരിത്രത്തിലെ വികൃതികളാണ് നമ്മുടെ ജീവിതങ്ങള്‍. അറിഞ്ഞതില്‍നിന്നുള്ള മോചനം മനുഷ്യനെ അവന്റെ ഏറ്റവും വലിയ സന്തുഷ്ടിയിലേയ്ക്ക് നയിക്കും എന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി ആവര്‍ത്തിച്ചു പറയുമ്പോള്‍, അത് മനുഷ്യചരിത്രത്തിലെ ആദ്യപാഠത്തിലേയ്ക്ക് തിരിച്ചുപോകാനുള്ള ഒരാഹ്വാനമാണ്.  

ബൈബിളിലെ ഉല്പത്തിക്കഥയിലെന്നതുപോലെ മറ്റ് പല മതസംസ്കൃതികളിലും മാനവബോധത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന പിശാച് എന്ന ദുര്‍ശക്തി ഒരസ്തിത്വമല്ല, മറിച്ച്,  അസ്തിത്വത്തിന്റെയഭാവമാണ്. അതായത്, സുബുദ്ധിയുടെ അഭാവം. സുബുദ്ധിയുടെയഭാവത്താലാണ് മനുഷ്യന്‍ തനിക്ക്  ആവശ്യമില്ലാത്തവയെയൊക്കെ ആഗ്രഹിക്കുന്നത്. സ്വന്തം പ്രതി
ച്ഛായ, അന്യന്റെ പ്രതിച്ഛായ, ഇവ തമ്മിലുള്ള സംഘര്‍ഷം, അതിന് പരിഹാരം കണ്ടെത്താനായി സ്വന്തം പ്രതിച്ഛായയെ മെച്ചപ്പെടുത്താനുള്ള ത്വര, ഇതൊക്കെയാണ് മനുഷ്യനെ നയിക്കുന്ന ഘടകങ്ങള്‍. ഏത്‌ പ്രതിച്ഛായയെയും സൃഷ്ടിക്കുന്നത് അനുഭവങ്ങളും അവയുടെ ഓര്‍മ്മകളും അവയിലൂടെ കരുപ്പിടിപ്പിക്കുന്ന അറിവുകളുമാണ്. അടുത്തും അകലെയുമുള്ള അനുദിനസംഭവങ്ങളെ തേടിപ്പിടിച്ചും വിശകലനം ചെയ്തും മനസ്സു നിറക്കുക എന്ന വ്യായാമത്തിനായിട്ടാണല്ലോ ഇന്ന് മിക്കവരും അവരുടെ സമയത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കുന്നത്. ഇങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുന്ന സഞ്ചിതസ്മരണകള്‍ ജീവിതത്തില്‍ ഒരു താങ്ങുപോലെ പ്രവര്‍ത്തിക്കുന്നു. ഓരോരുത്തരും തങ്ങളുടേതായി ഉണ്ടാക്കിയെടുക്കുന്ന പ്രതിബിംബത്തിനുള്ള ഊടും പാവുമാണ് ഓര്‍മ്മകള്‍. വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, ഓരോ സംഘടനയുടെയും കൂട്ടായ്മയുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നതും പഴയ ഓര്‍മ്മകളും അവയെയുപയോഗിച്ച് നെയ്തെടുക്കുന്ന ബിംബങ്ങളുമാണ്. ഇവയുടെയെല്ലാം ഭാരംകൊണ്ടു നിവര്‍ന്നു നടക്കാനാവാതെ നാം പെട്ടെന്ന് പടുവൃദ്ധരായിത്തീരുന്നു. 


ഇതിനൊക്കെ പരിഹാരമായി എന്തെങ്കിലുമുണ്ടോ? ഉണ്ട്, അതാണ്‌ ശ്രദ്ധ എന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. ഭൂതകാലത്തിന്റേതായതൊന്നും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടയാവശ്യം തോന്നാത്ത അവസ്ഥക്കാണ്‌ അദ്ദേഹം ശ്രദ്ധയെന്നു പറയുന്നത്. ചിത്തവൃത്തിയുടെ നിരോധം - നിര്‍മ്മമനാവസ്ഥ (no-mind) - എന്നതാണ് ധ്യാനംകൊണ്ട് കൃഷ്ണമൂര്‍ത്തി വിവക്ഷിക്കുന്നത്. പല ഗുരുക്കന്മാരും നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള എകാഗ്രതക്കുള്ള തത്രപ്പെടലും മന്ത്രോച്ചാരണവുമൊന്നും അദ്ദേഹം ധ്യാനത്തിനായി നിഷ്കര്‍ഷിക്കുന്നില്ല. നമുക്കുപകരിക്കാത്ത അറിവുകളെയും ഓര്‍മ്മകളെയും നിര്‍വ്വിശ്ശങ്കം വിട്ടുകളയുക എന്നതിലൂടെ ഒരാള്‍ക്ക്‌ മനസ്സിനെ ശുദ്ധമാക്കി സൂക്ഷിക്കാം. ഓര്‍മ്മയില്ലാത്തിടത്തു വിശദീകരണങ്ങള്‍ വേണ്ടിവരുന്നില്ല. ഇപ്പോള്‍ നാം കാണുന്നവയില്‍നിന്ന്തന്നെ തല്‍ക്ഷണം ജീവിതത്തിനാവശ്യമായ ഉള്‍ക്കാഴ്ച കൈവരുന്നു. അങ്ങനെയാവുമ്പോള്‍, എല്ലാം എപ്പോഴും നൂതനമായിരിക്കും. എന്നാല്‍, സാധാരണയാര്‍ക്കും ഇത് സ്വാഗതാര്‍ഹമാവില്ല. കാരണം, പരിചയമുള്ളവയില്‍ ഊന്നിനില്‍ക്കാനാണ് ഏവര്‍ക്കുമിഷ്ടം. പഴയ ചട്ടക്കൂടുകള്‍, ചിന്താരീതികള്‍, മുന്‍കരുതലുകള്‍, വിലക്കുകള്‍ എന്നിങ്ങനെ. അതാണെളുപ്പം. അറിയപ്പെടുന്നവയിലാണ് സുരക്ഷിതത്വം. ഈ സുരക്ഷിതത്വത്തിനുവേണ്ടിയാണ് അനുഭവിക്കുന്നതെല്ലാം നമ്മള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. മതങ്ങളും അവയോടു സാധര്‍മ്മ്യമുള്ള തത്ത്വസംഹിതകളും നിര്‍ബന്ധബുദ്ധ്യാ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസങ്ങളും ഇക്കൂടെക്കൂട്ടാം. ഇവയെല്ലാം വിലയേറിയ അറിവുകളാണെന്നു തെറ്റിദ്ധരിച്ച്‌, അവയുടെ വലിയ ഭാരം ചുമക്കുക എന്നതാണ്, പറഞ്ഞതുപോലെ, മനുഷ്യനെ ബൌദ്ധികവും ശാരീരികവുമായ അകാലവാര്‍ദ്ധക്യത്തിനിരയാക്കുന്നത്. ഒന്നുംതന്നെ ഓര്‍മയില്‍ വയ്ക്കേണ്ടതില്ല, അല്ലെങ്കില്‍, ഓര്‍മ്മയില്‍ വയ്ക്കേണ്ടവയുടെ വ്യാപ്തിയെ അങ്ങേയറ്റം കുറയ്ക്കുക എന്ന തീരുമാനം ഉള്‍ക്കരുത്താവശ്യപ്പെടുന്നയൊന്നാണ്. അങ്ങനെയൊരു ശീലം പരിപോഷിപ്പിച്ചെടുക്കാനുള്ള വെല്ലുവിളിയാണ് കൃഷ്ണമൂര്‍ത്തി തന്റെ പ്രഭാഷണങ്ങളിലൂടെ നടത്തിയിരുന്നത്.
       
സ്നേഹം - എന്താണത്? വളരെ ദുഷിച്ചുപോയ ഒരു വാക്കാണിത്. നാം സ്നേഹമെന്ന് കരുതുന്നവയില്‍ എന്തൊക്കെ സത്യത്തില്‍ സ്നേഹമല്ല എന്നൊരാത്മശോധന ഇടക്കൊക്കെ നല്ലതാണ്. ദൈവസ്നേഹം, മനുഷ്യരോടുള്ള സ്നേഹം, പ്രകൃതിയോടുള്ള സ്നേഹം എന്നിങ്ങനെ എവിടെയും നാം സ്നേഹത്തെപ്പറ്റി വാചാലരാവുന്നു. പക്ഷേ, എന്താണത്? ഒരു വികാരം? ഒരാശയം? മേല്പ്പറഞ്ഞിടത്തെല്ലാം നമ്മുടെതന്നെ ചിന്തയില്‍ കുരുത്ത, നമ്മള്‍ മനസ്സില്‍ സ്വയമോ അന്യസ്വാധീനങ്ങളിലൂടെയോ രൂപപ്പെടിത്തിയ ഒരു സങ്കല്പത്തോടാണ് വാസ്തവത്തില്‍ നമുക്കടുപ്പം തോന്നുന്നത്. ആത്യന്തികമായി അത് നമ്മോടുതന്നെയുള്ള ഇഷ്ടമാണ്. അതായത്, ഇവിടെയെല്ലാം നിഗൂഢമായി നമ്മള്‍ നമ്മെത്തന്നെ സ്നേഹിക്കുന്നു. മറ്റൊരു വ്യക്തിയോടുള്ള പ്രണയത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്‌. ആ വ്യക്തിയെ ചുറ്റിപ്പറ്റി നമുക്കുതകും വിധം കാല്പനികവും യുക്തിപരവും ബൌദ്ധികവും വികാരപരവുമായ ഗുണവിശേഷങ്ങളോടുകൂടിയ ഒരു ബിംബത്തെ സൃഷ്ടിച്ചിട്ട് അതിനെ സ്നേഹിക്കുക, അല്ലെങ്കില്‍, സുന്ദരമായി പറഞ്ഞാല്‍, പ്രണയിക്കുക! മുകളില്‍ പറഞ്ഞ 'സ്നേഹ'പ്രക്രിയകളിലെല്ലാം അല്പമെങ്കിലും വിദ്വേഷവും അക്രമവും ഒളിഞ്ഞിരുപ്പുണ്ടാവും. നമ്മള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി, നമ്മള്‍ സ്വന്തമെന്നു കരുതുന്ന സ്വത്തുക്കള്‍ക്കായി, നമ്മുടെ ദേശത്തിന് വേണ്ടി, എന്തിന്, നമ്മള്‍ ആരാധിക്കുന്ന പരമകാരുണികനായ ദൈവത്തിന്റെ പേരില്‍ പോലും, എന്തും ചെയ്യാന്‍, അന്യരെ കൊല്ലാന്‍വരെ നാം സന്നദ്ധരാകുന്നു. ഇങ്ങനെ സ്നേഹത്തൊടോത്ത് ഭയവും അസൂയയും ഉല്‍ക്കണ്‍ഠയും പകയും, അന്യരെയും അന്യമായതും അധീനപ്പെടുത്താനുള്ള ത്വരയും ഉണ്ടെങ്കില്‍ അതെങ്ങനെ സുഖകരമാകും? അതെങ്ങനെ ആനന്ദത്തെ തരുന്ന ഒരു പ്രവൃത്തിയാകും?    

സുഖകരമല്ലാത്തതാണ് ദുഃഖം. അതായത്, സുഖത്തിന്റെയഭാവം. സ്വയംനിര്‍മ്മിത ബിംബങ്ങള്‍ ഉടയുമ്പോള്‍ വന്നുചേരുന്ന മാനസികാഘാതമാണ് ദുഃഖം.
ദുഃഖാനുഭവങ്ങളുണ്ടാകുമ്പോള്‍, വീണ്ടും പരിക്ക് പറ്റാതിരിക്കാന്‍ നാം നമുക്കുചുറ്റും വേലികെട്ടുന്നു. ഇത്തരം വേലികള്‍ മനുഷ്യരെ ഒറ്റപ്പെടുത്തുന്നു. കൂടുതല്‍ വ്യഥയാണ് ഫലം. സ്നേഹവും ദുഃഖവും ഒരുമിച്ച് സ്ഥിതിചെയ്യുമോ? ചെയ്യില്ലെന്നതാണ് സത്യമെങ്കിലും, ഏവരും കരുതുന്നത് അത് സാദ്ധ്യമാണെന്നാണ്, സ്നേഹമുള്ളതുകൊണ്ടാണ് താന്‍ ദുഃഖമനുഭവിക്കുന്നത് എന്നാണ്. ഒരുദാഹരണം: കണ്ണിലെ കൃഷ്ണമണിപോലെ ആവുന്നത്ര കരുതലോടെ, ഏത്‌ ത്യാഗത്തിനും മടിക്കാത്ത വാത്സല്യത്തോടെ വളര്‍ത്തിയെടുക്കുകയും പഠിപ്പിച്ചു മിടുക്കനാക്കുകയും ചെയ്ത പുന്നാരമോന്‍ നമ്മോടാലോചിക്കാതെ പോയി ഒരു പെണ്ണിനെ കൂട്ടുപിടിച്ച് കൊണ്ടുവരുന്നു. അവളാകട്ടെ, നമ്മളുടെയഭിരുചികള്‍ക്ക് ചേരാത്ത ശീലങ്ങളും തഴക്കങ്ങളുമുള്ളവള്‍. അവന്റെ സമയവും സമ്പാദ്യങ്ങളുമെല്ലാം അവളനുഭവിക്കുന്നു. നാളിതുവരെ അവന്‍ വച്ചുപുലര്‍ത്തിയിരുന്ന മൂല്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും പോലും അവളുടെ മനോധര്‍മ്മത്തിനൊത്ത് മാറ്റിമറിക്കപ്പെടുന്നു. ഇതൊക്കെയനുഭവിക്കുന്ന അപ്പനുമമ്മയ്ക്കും ദുഃഖം തോന്നുന്നെങ്കില്‍ അതില്‍ അസാധാരണമായിട്ടൊന്നുമില്ല. എന്നാല്‍ ആ ദുഃഖം നിര്‍വീര്യമാക്കാവുന്നതാണോ? അതേയെങ്കില്‍, എങ്ങനെ?

ഇവിടെ പലതും തിരിച്ചറിയേണ്ടതുണ്ട്. ഒന്നാമത്, തങ്ങളുടെ വാത്സല്യത്തിനും കഷ്ടപ്പാടുകള്‍ക്കും മക്കളില്‍ നിന്ന് പ്രതിസ്നേഹവും കടപ്പാടും പ്രതീക്ഷിക്കുന്നത് പൌരസ്ത്യനാടുകളില്‍ ഒരു തഴക്കമാണെങ്കിലും അത് ന്യായീകരണമില്ലാത്ത, അപക്വമായ ഒരേര്‍പ്പാടാണ്. ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുല്ലതുപോലെ, കുഞ്ഞുങ്ങള്‍ നമ്മിലൂടെ ജനിക്കുന്നെങ്കിലും അവര്‍ നമ്മുടേതല്ല. എങ്കില്‍, പക്വപ്രായമായ ശേഷം, അവരുടെ പ്രവൃത്തികളുടെ നന്മതിന്മകളെ തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് എന്താണര്‍ഹത? നമ്മള്‍ നമ്മുടെ ജീവിതം സ്വയം ചിട്ടപ്പെടുത്തിയതുപോലെ അവര്‍ അവരുടേതും ചിട്ടപ്പെടുത്തട്ടെ. എന്റെ സുഖവും ദുഃഖവും മറ്റൊരാളുടെ ചെയ്തികളെ ആശ്രയിക്കാന്‍ വിടുന്നത് എന്റെ പക്വതയില്ലായ്മകൊണ്ടാണ്. അനുവദനീയമല്ലാത്ത, എന്റെ അസ്തിത്വവുമായി ചേര്‍ച്ചയില്ലാത്ത, ഒരു
പ്രതിച്ഛായയെ എന്റേതായി സൃഷ്ടിച്ച്‌, അതിനെ വച്ചുപൂജിക്കുന്നു എന്നതാണ് എനിക്ക് വന്നുചേര്‍ന്ന ദുരിതം. എന്റെ പ്രതിച്ഛായക്ക്‌ കോട്ടം സംഭവിക്കുന്നു എന്നതാണ് എന്റെ ദുഃഖത്തിനു പിന്നിലെ കാരണം. അത് സ്നേഹത്തില്‍നിന്നുണ്ടാകുന്ന വേദനയല്ല, മറിച്ച്, സ്വാര്‍ത്ഥതയുടെ സ്വാഭാവികമായ തിരിച്ചടിയാണ്. നേരെചൊവ്വേ നോക്കാന്‍ ഞാന്‍ ഭയപ്പെടുന്ന അല്ലെങ്കില്‍ വിസമ്മതിക്കുന്ന പ്രശ്നങ്ങള്‍ എന്നില്‍ നിലനില്‍ക്കുന്നതാണ് ഇതിനെല്ലാം പിറകില്‍. അത്രയും അംഗീകരിക്കാനാവുമ്പോള്‍ എന്റെ മനസ്സ് ശന്തമാകേണ്ടതാണ്.  

യഥാര്‍ത്ഥത്തില്‍, തെറ്റിദ്ധരിച്ച സ്നേഹമാണ് ദുഃഖത്തിന് കാരണമാകുന്നത്. നാം സ്നേഹത്തെയും ദുഃഖത്തെയും ഒരുമിച്ച് കാണുന്നു, തമ്മില്‍ ബന്ധിപ്പിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ സ്നേഹിക്കുന്നയൊരാള്‍ മരിക്കുമ്പോള്‍ നാം ദുഃഖിക്കുന്നത്. അയാളുടെ ജീവിതാന്ത്യമല്ല, നമ്മുടെ നഷ്ടമാണ് നമ്മെ ദുഃഖിപ്പിക്കുന്നത്. മരിച്ചയാള്‍ അല്ലെങ്കില്‍ നമ്മള്‍ സ്നേഹിക്കുന്നയാള്‍ സ്നേഹത്തിന്റെ ബലത്തില്‍ നമ്മുടെ കൈവശവസ്തുവാണോ? ആണെന്നാണ്‌
ശീലങ്ങള്‍ നമ്മെ പഠിപ്പിച്ചതും നാം ചിന്തിച്ചുപോരുന്നതും. അത് മനുഷ്യന്റെ സഞ്ചിതമായ ഓര്‍മ്മകളുടെ ഭാഗമാണ്. സ്നേഹം നമ്മുടെ മനസ്സിലുള്ള ഒരു ബിംബത്തോടുള്ള (എന്റെ മകന്‍, എന്റെ മകള്‍, എന്റെ പ്രേയസി, എന്റെ സുഹൃത്ത്, മാതാപിതാക്കള്‍, പോരാ, എന്റെ ദൈവം പോലും) മമതയല്ലെങ്കില്‍, അതൊരു നിമിത്തത്തിന്റെ, പ്രേരണയുടെ, അല്ലെങ്കില്‍ ആഗ്രഹത്തിന്റെ ഫലമായി ജനിച്ച വികാരമല്ലെങ്കില്‍, സ്നേഹത്തില്‍നിന്ന് ദുഃഖം ഉളവാകേണ്ടതില്ല. സ്നേഹം നമുക്ക് വിഷയസുഖമോ ആശ്രിതത്വമോ തരുന്നെങ്കില്‍ അതിനര്‍ത്ഥം അത് കളങ്കിതമാണെന്നാണ്. കടമയുടെ പേരില്‍ എന്തെങ്കിലും ചെയ്യുന്നത് സ്നേഹമല്ല, കര്‍ത്തവ്യമാണ്. അതായത്, ഏതെങ്കിലും വിധത്തിലുള്ള മോഹമോ പ്രേരണയൊ ഉള്ളിടത്ത് സ്നേഹമില്ലെന്ന് തീര്‍ച്ചപ്പെടുത്താം, മാനുഷികതലത്തിലായാലും ദൈവികതലത്തിലായാലും. തീര്‍ത്തും മാനുഷിക ബലഹീനതയായ മുഖസ്തുതിപ്രിയവും ശുപാര്‍ശാദൌര്‍ബല്യവും ആരോപിച്ചുണ്ടാക്കുന്ന ഒരു ദൈവബിംബത്തെ അരാധിക്കുന്ന വിചിത്രരീതികള്‍ കാണണമെങ്കില്‍ വെറും അഞ്ചു മിനിട്ട് നേരം ശാലോം റ്റി.വി. നോക്കുക. എല്ലാ മതമന്ദിരങ്ങളിലേയ്ക്കും തീര്‍ത്ഥാടനകേന്ദ്രങ്ങളിലേയ്ക്കും ഭക്തരെയാകര്‍ഷിക്കുന്നത് ഈവിധ പ്രീണനതല്പരതയല്ലെന്നുണ്ടോ?  

ദുഃഖങ്ങളില്‍ നിന്ന് വിടുതല്‍ നേടാന്‍ കൃഷ്ണമൂര്‍ത്തി മുന്നോട്ടു വയ്ക്കുന്ന വളരെ പ്രധാനമായ ഒരാശയമിതാണ്: തന്റെ പ്രജ്ഞ വ്യതിരിക്തമല്ല, മറിച്ച്, മനുഷ്യരാശിയുടെ മുഴുവന്‍ പ്രജ്ഞയാണ് എന്ന്
ഓരോരുത്തരും തിരിച്ചറിയുക. അത്തരമൊരവബോധത്തിലെത്തിച്ചേരുക ശരാശരിക്കാര്‍ക്കുള്ളതല്ല. പരിമിതമായ പ്രജ്ഞയോടൊപ്പം ഓരോരുത്തര്‍ക്കും ജൈവലോകത്തിന്റെ സഞ്ചിതപ്രജ്ഞയില്‍ ഭാഗഭാഗിത്വമുണ്ട്. തനതും വേറിട്ടതുമായ ഒരസ്തിത്വം പ്രകൃതിയില്‍ ഒന്നിനും സാദ്ധ്യമല്ല. വേറിട്ടുനില്‍ക്കല്‍ മിഥ്യാബോധമാണ്. അത് യുക്തിരഹിതവും അനാരോഗ്യകരവുമാണ്. ഈ തിരിച്ചറിവുണ്ടായാല്‍, മുമ്പില്ലാതിരുന്ന ഒരുത്തരവാദിത്വബോധം ഉടലെടുക്കുന്നു. അതോടെ, വ്യക്തിഗതമായ പരിധികളില്‍നിന്നുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് വഴി തുറക്കപ്പെടുന്നു. മരണത്തിനുപോലും അപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരര്‍ത്ഥതലമുണ്ടാകുന്നു. മറ്റു വാക്കുകളില്‍, ജീവിതത്തിന് അര്‍ത്ഥമുണ്ടാകുമ്പോള്‍ മരണത്തിന് അതിന്റെ ദുഃഖാര്‍ത്ഥം നഷ്ടപ്പെടുന്നു.                            

എന്റെയസ്തിത്വം എന്നാല്‍ എന്താണ്? അത് മുഴുവന്‍ വെറും ഓര്‍മ്മയാണ് എന്നതാണ് വാസ്തവം. "ഞാന്‍" എന്ന ബോധം ഒരോര്‍മ്മയുടേതാണ്. വ്യക്തിത്വവും അതിന്റെ ഘടനകളും ഓര്‍മ്മയില്‍നിന്നുണ്ടാകുന്നതാണ്. അതുപോലെ തന്നെയാണ് "നീ" എന്നതും. ഇവയൊക്കെ നമ്മില്‍ വന്നുവീണുമുളച്ചിട്ടുള്ള വിശ്വാസങ്ങളുടെ വിത്തുകളാണ്. അവയില്‍ സത്യമുണ്ടെന്ന് നാം വെറുതേ ധരിച്ചുപോകുന്നതാണ്. എന്റെ പേര്, എന്റെ രൂപം, എന്റെ കഴിവുകള്‍, എന്റെ വീട്, എന്റെ ബന്ധങ്ങള്‍, സമ്പാദ്യങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് "ഞാന്‍". എന്നാല്‍ ഇവയൊക്കെ എന്നെ എകാകിതനാക്കുന്നു. അതുകൊണ്ട് ഞാന്‍ ബന്ധങ്ങളെ അന്വേഷിക്കുന്നു; ഓര്‍മ്മകളിലൂടെ അവയെ പരിപോഷിപ്പിക്കുന്നു. അങ്ങനെ, എന്റെ ജീവിതകാലത്ത് കൈവന്ന എല്ലാ ഓര്‍മ്മകളുമായുള്ള എന്റെ ബന്ധമാണ് എന്റെ അസ്തിത്വം. ഈ ബന്ധങ്ങളില്‍ നിന്ന് വിശ്വാസങ്ങള്‍ ജനിക്കുന്നു. അവയെ നഷ്ടപ്പെടുമെന്ന ഭയത്താല്‍, അവയെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കാന്‍ ഞാന്‍ തയ്യാറാകുന്നില്ല. അറിഞ്ഞതിനെ വിട്ടുപോകുക എനിക്ക് മരണതുല്യമാകുന്നു. സംഭരിച്ചതൊന്നും കൈയൊഴിയാന്‍ എനിക്കാവില്ല എന്നെനിക്കറിയാം. എന്റെയോര്‍മ്മയുടെ ഭാണ്‍ഡക്കെട്ടുമായി ഞാന്‍ പുനര്‍ജനിക്കുമെന്നുവരെ ഞാന്‍ വിശ്വസിക്കുന്നു. കാരണം, എനിക്കായി നീക്കിവച്ചിരിക്കുന്ന ഒരുതുണ്ട് ജീവന്റെ മിഥ്യയിലാണ് ഞാന്‍ കഴിഞ്ഞുകൂടുന്നത്. ബന്ധങ്ങള്‍ അവയുടെ നഷ്ടത്തെപ്പറ്റി ഭയമുണ്ടാക്കുന്നതിനാല്‍, ഇന്നലത്തെ അനുഭവങ്ങള്‍, സുഖാനുഭൂതികള്‍, ഭയാശങ്കകള്‍ എന്നിവയുമായി "ഞാന്‍" നെട്ടോട്ടമോടുകയാണ്, എവിടേയ്ക്കെന്നറിയാതെ! 

ഏത്‌ വിശ്വാസവും ശാശ്വതമായതിനെക്കുറിച്ചുള്ള - കാലത്തിനും പരിണാമത്തിനുമതീതമായ എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചുള്ള -
അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. നിസ്പക്ഷമായ അന്വേഷണത്തിന് ഒരാള്‍ പരിപൂര്‍ണ്ണമായും സ്വതന്ത്രനായിരിക്കണം. നൂറുകണക്കിന് ന്യൂസ്ചാനലുകളും ദിനപ്പത്രങ്ങളും വിളമ്പുന്ന ഊതിപ്പെരുപ്പിച്ച സംഭവപരമ്പരകള്‍ കണ്ടിരിക്കാനും വായിക്കാനും അവയെ അയവിറക്കി വാചാലരാകാനും എന്തൊരുഷാറാണ് ഇന്ന് ജനത്തിന്! അക്കൂടെ ഓരോരോ മതാന്ധര്‍ നിറുത്താതെ പ്രഘോഷിക്കുന്ന അബദ്ധജടിലമായ കോപ്രായങ്ങളും. ഇവയെല്ലാം ലോകത്തെവിടെയും അങ്ങേയറ്റത്തെ ക്രമരാഹിത്യത്തിനു കാരണമാകുന്നുണ്ട്. ഇവയില്‍നിന്നൊക്കെ മുക്തമാവുക അങ്ങേയറ്റത്തെ ഇച്ഛാശക്തികൊണ്ടേ സാദ്ധ്യമാകൂ. ഒരു സിദ്ധാന്തവുമില്ലാതെ, ഒരു പരിശീലനവുമില്ലാതെ, യാതൊരു നിയന്ത്രണവുമില്ലാതെ സ്വതന്ത്രമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഒരു മനസ്സാണ് ഏറ്റവും വിലപ്പെട്ട നിധി. അപ്പോള്‍ നിയന്താവും നിയന്ത്രിതവും ഇല്ലാതാവും. അപ്പോള്‍ സംഘര്‍ഷമില്ല. കാണുന്നവനും കാണപ്പെടുന്നതും തമ്മില്‍ ഭിന്നതയില്ലാത്ത അവസ്ഥയാണത്. അതുതന്നെയാണ് ധ്യാനം. ലോകത്തിന്റെ വ്യഗ്രതകളില്‍ നിന്ന് മുക്തമായ മനസ്സില്‍ ധന്യമായ മൌനം വന്നു നിറയുന്നു. കഠിനാദ്ധ്വാനം ആവശ്യപ്പെടുന്ന മാനസ്സിക കസര്‍ത്തുകളും സാധനയും ഒരിക്കലും ധ്യാനത്തിലേയ്ക്ക് നയിക്കുകയില്ല. ഓര്‍മ്മകളും ചിന്തകളും ചെയ്യുന്നതുപോലെ അവയൊക്കെ ഉള്ളിലെയിടത്തെ നശിപ്പിക്കുകയേയുള്ളൂ. പഠിച്ചതും അനുഭവിച്ചതുമെല്ലാം മറന്നുകളയുന്നതാണ്, യാതൊന്നും തടയാനില്ലാത്ത സ്വച്ഛന്ദതയുടെയനുഭവമാണ്, ധ്യാനം. അത് അറിഞ്ഞതില്‍ നിന്നെല്ലാമുള്ള മോചനമാണ്.


ഇതോടുചേര്‍ത്തു വായിക്കാവുന്ന ഒരു ശ്ലോകശകലമാണ് ശ്രീനാരായണഗുരുവിന്റെ ദൈവദശകത്തിലെ ഈ ഭാഗം:


ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍,
നിന്നിടും ദൃക്കുപോലുള്ളം 
നിന്നിലസ്പന്ദമാകണം.  
(ശ്രീനാരായണ ഗുരുദേവകൃതികള്‍, ജി. ബാലകൃഷ്ണന്‍ നായര്‍, .വാ. 1, താ. 24)


വ്യാഖ്യാനം: ചുറ്റും സംഭവിക്കുന്നവയെ വെറും കാഴ്ചകളായി കണക്കാക്കി, ഒന്നൊന്നായി അവയെ മനസ്സില്‍ നിന്ന് മാറ്റാനാവണം. അങ്ങനെ ദൃശ്യങ്ങളുടെ കാഴ്ചക്കാരന്‍ (സാക്ഷി) മാത്രമായി സ്വയമറിഞ്ഞ്, എല്ലാറ്റിന്റെയും സത്തയെന്തോ, അതുമായി ഏകീഭാവം വന്നുചേരണം.
     
References: 
Books by J. Krishnamurti
The Network of Thought
Freedom from the Known
Krishnamurti's Journal




Not to include in the book.
Comments: What intrigues me - as always- is this: why "many are called, but few are chosen"? Has it something to do with our biotonics, DNA? For the sake of theory, we can say that every human being can share the bliss, if only he tries. My contention is exactly there. Can we substantially transform the 'fundamental project', no matter however ardently one strives for? Or, should one
wait for a master, a guru, who will get you right? And what if one does not encounter a guru
nor encounter a traumatising experience?


Jiddu said that we should first make a 'table rase' (tabula rasa = vacant writing board).Very
fine.    Inasu Thalak -  poetinasu@gmail.com


There's no such thing as calling or choosing by God. Nature works on its own way - some get more - that's all. But the fundamental principle to get this 'more' is to get detached from every desire to get and possess. I don't believe in any 'gurujis' like Osho, Goenke, Trivedi or even Jesus. Even without going after them or following their ways, one can, with luck, get to where they reached, I think. The 'tabula rasa' JK speaks of is nothing but this mental detachment - freedom from the known, freedom from the greed for knowledge. Thereafter comes in the true knowledge or intuition.


The human brain is a fantastic product of nature - in some individuals it has demonstrated unusual capabilities like photo-memory, mathematical or musical genius, deep intuition etc. No explanation yet to such phenomena.
Zacharias Nedunkanal

1 comments:

Good Post......!