"Enjoy being yourself in your beloved surroundings!" A good friend wished me in a mail. What esle do I do?
രണ്ടായിരത്തി പതിനൊന്നിലെ ജൂണ്‍മാസാരംഭം. ഒളിച്ചും മടിച്ചും വീഴുന്ന മണ്‍സൂണ്‍. ഏതാണ്ട് ഇരുപതു മാസം മുമ്പ് ഞാന്‍ മുറ്റത്ത് കുഴിച്ചുവച്ച പത്തു തെങ്ങിന്‍തൈകളില്‍ ഒന്നിന് കടിഞ്ഞൂല്‍ പ്രസവം. പൊടുന്നനെയാണ് നിശയുടെ തിരശീലക്കു പിന്നില്‍, തഴച്ച ധന്യതയുടെ നാഭിയില്‍ നിന്ന്, ഒരു തൊട്ടില്‍ പോലെ പുറംതള്ളിവരുന്ന ചൊട്ട കണ്ണില്‍പ്പെട്ടത്. നാലഞ്ചുദിനങ്ങള്‍ കഴിഞ്ഞതേ, ജീവദാഹത്തോടെ അതില്‍നിന്ന് എത്തിനോക്കുന്നു, പ്രകാശത്തിന്റെ നൂറുനൂറു കുഞ്ഞുങ്ങള്‍!
ദിവസത്തില്‍ പലതവണ ഞാനവളുടെയടുത്തു ചെല്ലും. ആ നവപുഷ്പിണിയില്‍ ജീവന്റെയും സ്നേഹത്തിന്റെയും നിറവ്കണ്ട് മനംകുളിര്‍ക്കും. വരുംവാരങ്ങളില്‍ പാലും തേനും നിറഞ്ഞ് ഉരുണ്ടുകൊഴുക്കേണ്ട ആ പവിഴമുത്തുകള്‍ക്ക് ആര്‍ക്കുമേ ചെന്നുമ്മവച്ചീടുവാന്‍ തോന്നിക്കുന്ന ശൈശവകോമളത്തം. അവയുടെ വെണ്മയില്‍ ചുറ്റുപാടെല്ലാം പ്രകാശചിത്തമായതുപോലെ. എന്റെ വീടും ഈ പിറവിയുടെ അദ്ഭുതത്തില്‍ കുളിച്ചുനില്‍ക്കുന്നു. ഉറവയില്‍ നിന്ന് നീരൊഴുക്ക് പോലെ, ആദിമവും അരൂപവുമായ ആനന്ദത്തിന്റെ ധാരാളിത്തം ആ കതിര്‍ക്കുലയിലൂടെ എന്നിലേയ്ക്ക് വര്ഷിക്കപ്പെടുന്നു. ഭൌമമായ സൌന്ദര്യത്തിന്റെ വശ്യതയില്‍ സന്തോഷിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ പഠിക്കുന്നു.
ഇനിയങ്ങോട്ടും, നിശാകാലനിലാവും പുലര്‍കാലകിരണങ്ങളും സാന്ധ്യവര്‍ഷപാതവും ചേര്‍ന്ന് ഈ കതിരുകളില്‍ നന്മയുടെ നിറകുടങ്ങളെ പരുവപ്പെടുത്തട്ടെ; ജീവനുവേണ്ടി ജീവനുരുവാക്കുന്ന പ്രകൃതിയുടെ സാഫല്യങ്ങളെ ഊട്ടിവളര്‍ത്തട്ടെ. മലയാളികള്‍ക്ക് പാലിന്റെയും തേനിന്റെയും അമൃതകുംഭം പേറുന്ന ഈ കല്പദാരുവിനെ, ഈ ജൈവതേജസിനെ, നമ്രശിരസ്സനായി നമിക്കുന്നേന്‍!
1 comments:
Hi, friend
You are a gifted writer. Above all, a Nature lover and a person who could find beauty in every creation. wish all the best.
Post a Comment