ലാളിത്യം

ഇന്ന് 2011 ജനുവരി മുപ്പതാണ്. ഗാന്ധിജി മരിച്ച ദിവസം. അനേകായിരങ്ങളുടെ ജീവിതത്തിന് അടിത്തറപാകിയ ആദര്‍ശങ്ങളുടെ പിതാവാണദ്ദേഹം. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ഒരു വിശുദ്ധാത്മാവായി ആദരിക്കുകയും ചെയ്യുന്നു. മറ്റെല്ലാ ഗുണങ്ങളേക്കാളും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിക്കാനാഗ്രഹിക്കുന്നത് ലാളിത്യമാണ്.
 
ലാളിത്യമെന്തെന്നു വിശദീകരിക്കേണ്ടതില്ല. അനുദിനജീവിതത്തില്‍, ലാളിത്യത്തെക്കാള്‍ ലാളിത്യത്തിന്റെ അഭാവമാണ് പെട്ടെന്ന് കണ്ണില്‍ പെടുന്നത്. ഇന്നത്തെ  ആഗോളാനുകരണങ്ങളുടെയും ഉപരിപ്ലവതൊങ്ങലുകളുടെയും കോലാഹലങ്ങള്‍ക്കിടയില്‍ പൊതുവേ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളില്‍ ഏറ്റവും അമൂല്യമായത് ലാളിത്യമാണെന്നു പറഞ്ഞാല്‍ അത് സത്യമാണെന്ന് അംഗീകരിക്കുവാനെങ്കിലും കഴിയുന്നവര്‍ ഇന്നുമുണ്ടായിരിക്കും. എന്നാല്‍ അവരില്‍പോലും ഭൂരിഭാഗത്തിനും അപ്രാപ്യവും അസ്വീകാര്യവും അതുകൊണ്ട് അതിവിരളവുമായ ഒരു ഗുണമാണ് ഇന്ന് ലാളിത്യം.

ഈ വിഷയത്തെപ്പറ്റി ഒരാഖ്യാനത്തിനുള്ള പുറപ്പാടല്ലയിത്. ഗാന്ധിജിയുടെ സ്വാധീനത്തിലൂടെ മെച്ചപ്പെട്ടതായി എനിക്കവകാശപ്പെടാവുന്ന ഒരു ചെറിയ കാര്യമെങ്കിലും എന്റെ ജീവിതത്തിലുണ്ടോ? എടുത്തുപറയാന്‍ ഒന്നും കാണുന്നില്ല. ഇന്നുമുതല്‍ അങ്ങനെ എന്തെങ്കിലുമൊന്നുണ്ടാവണം എന്ന് ഞാന്‍ തീരുമാനിച്ചു. പലതവണ ശ്രമിച്ചിട്ടും നടക്കാത്ത ഒരു വിഷയം അതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. അതിതാണ്. സ്വന്തം വീട്ടിലെങ്കിലും പഞ്ചസാരയുടെ ഉപയോഗം ഇന്നുമുതല്‍ നിറുത്തുക. ഒരു പാര്‍ശ്വഫലമെന്നോണം കാപ്പിയുടെയും ചായയുടെയും ഉപഭോഗവും അതോടേ കുറയുമെന്നാണെന്റെ പ്രതീക്ഷ. അതിവിടെ കുറിച്ചിടുന്നത് എന്തിനെന്നു ചോദിക്കാന്‍ പലര്‍ക്കും തോന്നുന്നുണ്ടാവണം. കാരണം മറ്റൊന്നുമല്ല. നാലുപേര്‍ വായിച്ചുകഴിഞ്ഞാല്‍, എനിക്കതൊരു ബാദ്ധ്യതയായി. എന്റെ പ്രതിജ്ഞയെ ലംഘിക്കുക എന്നത് അതോടേ ഒരു പരസ്യപാപമായി എനിക്കുതന്നെ തോന്നണം, ഒരു പിന്‍വാങ്ങല്‍ അസ്സാദ്ധ്യമാകണം.

പല രാസവസ്തുക്കള്‍ ഉപയോഗിച്ച് ശുദ്ധിചെയ്തു നിര്‍മ്മിക്കപ്പെടുന്ന പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് അത്യാവശ്യമല്ല. മാത്രമല്ല, അത് സാവധാനം ആരോഗ്യത്തെ ഹനിക്കുന്നതുമാണ്. ഭാഗ്യവശാല്‍ എനിക്കിതുവരെ പ്രമേഹരോഗമില്ല. ആ രോഗത്തെ ഭയന്നല്ല, അനാവശ്യമായ ഒരു തഴക്കം മാറ്റിയെടുക്കുക എന്നത് ലാളിത്യത്തിന്റെ ഭാഗമാണെന്നതാണ് എന്നെ ഇപ്പോള്‍ നയിക്കുന്ന പ്രചോദനം. ഇന്നല്ലെങ്കില്‍ ഇനി ഒരിക്കലുമില്ല എന്ന് എന്റെ അന്ത:കരണം എന്നോട് പറയുന്നു. ഈ ദിവസവും, ഇന്നോര്‍മ്മിക്കപ്പെടുന്ന, ലാളിത്യത്തിന്റെ ഏറ്റവും ഉത്തമമാതൃകയായിരുന്ന, നമ്മുടെ മഹാത്മാവും അതിനെനിക്ക് ഒരു നിമിത്തമാകട്ടെ.

0 comments: