മനുഷ്യന് ഒരാമുഖം

അന്യന്റെ തന്ത്രങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതാണ് പാരതന്ത്ര്യം, അടിമത്തം. മൂന്നാല് പതിറ്റാണ്ടുകളായി നമ്മുടെ നാടിനെ ഭരിക്കുന്നവര്‍ അവരുടെ നാറുന്ന സ്വാര്‍ത്ഥതന്ത്രങ്ങള്‍കൊണ്ട് ജനത്തെ വഞ്ചിക്കുന്ന ദുഷ്കൃത്യം നിര്‍ലജ്ജം തുടരുകയാണ്. അത് ജനദ്രോഹമാണ്. ജനദ്രോഹത്തിനുള്ള ശിക്ഷ തൂക്കുകയറാണ്. നിഷ്ക്രിയത്വത്തിന്റെയും വഞ്ചനയുടെയും അടുത്തയൂഴം കൊതിച്ച് വളരെയേറെ കോമാളികള്‍ രംഗത്തിറങ്ങിയിരിക്കുന്ന ഈയവസരത്തില്‍ ഇങ്ങനെയെഴുതിത്തുടങ്ങാന്‍ പ്രേരിപ്പിച്ചത് ഇതുവരെ ഞാന്‍ വായിച്ച ആധുനിക കൃതികളില്‍ ഏറ്റവും മെച്ചമെന്ന് തോന്നിയ ഒന്നിന്റെ തുടക്കത്തില്‍ കഥാകൃത്ത്‌ കുറിച്ച ഈ വാക്യമാണ്. "ധീരനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്ക്ക്കുവേണ്ടി മാത്രം ചെലവിട്ട്, ഒടുവില്‍ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല."
ജിതേന്ദ്രന്‍ ആന്‍മേരിക്കയച്ച ഒരു കത്തില്‍നിന്ന്.
     

ശ്രീ സുഭാഷ് ചന്ദ്രന്റെ ഈ നോവലിനെ എത്ര പുകഴ്ത്താനും ഞാന്‍ മടിക്കില്ല. ഭാഷയേയും നര്‍മ്മത്തേയും ചിന്തയേയും ഉണര്‍ത്തുന്ന കൃതി എന്നാണ് ഏറ്റം ചുരുങ്ങിയ വാക്കുകളില്‍ എനിക്കതിനെപ്പറ്റി പറയാനാകുന്നത്. നാല്‍പ്പതു വയസ്സുപോലുമില്ലാത്ത ഈ എഴുത്തുകാരന്‍, കഥയിലെ മദ്ധ്യബിന്ദുവായ ജിതേന്ദ്രനെക്കൊണ്ട് തന്റെ ഭാവിവധുവാകാനിരിക്കുന്ന ആന്‍മേരിക്ക് ആറു വര്‍ഷത്തിനിടെ എഴുതിക്കുന്ന  പ്രണയലിഖിതങ്ങളാണെന്നെ അങ്ങേയറ്റം ആകര്‍ഷിച്ചത്. കാരണം, ഏതാണ്ടിതേ രീതിയില്‍, സുഭാഷ് ചന്ദ്രന്റെ ജന്മവര്‍ഷമായ 1972 മുതല്‍ ഞാനും ഇത്തരം പ്രണയലിഖിതങ്ങളുടെ ബലത്തില്‍ മാത്രമാണ് "മന്വന്തരം പോലെ ദീര്‍ഘിച്ച" അഞ്ചാറു വര്‍ഷങ്ങളെ അതിജീവിച്ചത്. നോവലിന്റെ മിക്കവാറും അദ്ധ്യായങ്ങള്‍ ജിതേന്ദ്രനെഴുതിയ ഈ പ്രണയലിഖിതങ്ങളില്‍ ഒന്നുകൊണ്ടാണ് തുടങ്ങുന്നത്. അവയുടെ തനിമയില്‍ അവ ആന്‍മേരിയുടെ കൈവിരലുകളെയും കരളിനെയും ഒരുപോലെ കോരിത്തരിപ്പിച്ചിരുന്നു. മനുഷ്യാന്തസിനെ സംബന്ധിച്ച് ഒരു യുവാവെഴുതിവച്ച കത്തിയൊടുങ്ങാത്ത ചില ആധികളായിരുന്നു അവ നിറയെ. "മനുഷ്യന് ഒരാമുഖം" എന്ന ഈ കൃതി വാങ്ങി വായിക്കാന്‍ എന്റെയനുവാചകരെ പ്രചോദിപ്പിക്കാനായി കൃതിയിലെ ഏതാനും ഭാഗങ്ങള്‍ ഇവിടെ പകര്‍ത്തുന്നു.



29 മാര്‍ച്ച്, 1999

"...പുതിയ കാലത്തിന്റെ ഒരു വിശേഷം കേള്‍ക്കണോ? സവര്‍ണ്ണരുടെ കൂട്ടത്തില്‍ വലിയ പുരോഗമനവാദികളായി നടിക്കുന്നവര്‍പോലും ഒരു പുതിയ പരിചയക്കാരനെ കിട്ടിയാല്‍ ആദ്യത്തെ അഞ്ച് വാചകങ്ങള്‍ക്കുള്ളില്‍ തന്റെ ജാതി വ്യംഗ്യമായി വെളിപ്പെടുത്തും. നിനക്കറിയാമോ, വ്യക്തിപരമായി ഒരു മേന്മയും ഒരാള്‍ക്ക്‌ അവകാശപ്പെടാനില്ലാതെ വരുമ്പോള്‍, അയാള്‍ തന്റെ ജാതിമിടുക്കുമായി രംഗത്തുചാടുന്നു. ഒന്നുമില്ലെങ്കിലെന്താ, ഞാനൊരു സവര്‍ണ്ണനല്ലേ എന്ന് ആ പാവത്തിന് വിളിച്ചു പറയേണ്ടിവരുന്നു. നമ്മുടെ നാട് അത്തരം ശപ്പന്മാരെക്കൊണ്ട് നിറയാന്‍ പോവുകയാണ്. മട്ടും മാതിരിയും കണ്ടിട്ട് ഞാന്‍ ഒരു നായരാണെന്ന് തോന്നുന്നു എന്ന് നീ എഴുതിയല്ലോ. നിന്നോടുള്ള മുഴുവന്‍ ഇഷ്ടത്തോടെ പറയട്ടെ, അങ്ങനെ നിന്നെക്കൊണ്ടു തോന്നിപ്പിച്ച എന്നെ ഞാന്‍ വെറുക്കുന്നു."   
                
15 ഏപ്രില്‍, 1999

"... ഇവിടെ എല്ലാക്കാര്യങ്ങളുമായും ഞാന്‍ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. വെറ്റിലകൂട്ടി മുറുക്കുന്ന എന്റെ മേലുദ്യോഗസ്ഥനെക്കാണുമ്പോള്‍ എനിക്കു ലോകത്തിലെ മുഴുവന്‍ ഭരണാധികാരികളേയും ഓര്‍മ്മവരും. ഭരിക്കുന്നവന്റെ മുഖം അടുത്തുനിന്നു നോക്കിയിട്ടുണ്ടോ? ദൈവത്തിന്റെ ഒരു കണികപോലും അതിലുണ്ടാവുകയില്ലെന്നുമാത്രമല്ല, പലപ്പോഴും അതില്‍ ചെകുത്താന്റെ അമര്‍ത്തിപ്പിടിച്ച മന്ദഹാസം കാണുകയും ചെയ്യാം. കുടുംബനാഥന്മാര്‍ മുതല്‍ക്ക്‌ അമേരിക്കന്‍ പ്രസിഡെന്റുവരെ ബാധകമായ ഈ കണ്ണില്ലാമുഖമ്മൂടി നാളെ നിന്റെ ഭര്‍ത്താവായിത്തീരുമ്പോള്‍ എന്റെ മുഖത്തും പ്രത്യക്ഷപ്പെട്ടേക്കുമോ?"

ജിതേന്ദ്രന്റെ വധുവിനെപ്പറ്റി ഒരു വാക്ക് കൂടി ചേര്‍ക്കട്ടെ. ദൈവത്തിന്റെ മുഖവും ഹൃദയവുമുള്ള ഒരുവളായിരുന്നു ആന്‍മേരി. ഒരേസമയം അവള്‍ അയാളുടെ ജീവിതത്തെ സങ്കീര്‍ണ്ണവും ജീവിതവ്യവുമാക്കി. ഒരു ജോടി വസ്ത്രങ്ങള്‍കൊണ്ട് ഒരു വര്‍ഷം കഴിച്ചുകൂട്ടാന്‍ കഴിയുന്ന തരത്തിലുള്ള ലാളിത്യവും വെറും പച്ചവെള്ളം മാത്രമുപയോഗിച്ച് പൈദാഹങ്ങള്‍ ശമിപ്പിക്കാനുള്ള അദ്ഭുതസിദ്ധിയുംകൊണ്ടാണ് ആന്‍മേരി വന്നത്. ജിതേന്ദ്രനെപ്പോലുള്ള ഒരാള്‍ക്ക്‌ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ത്രീധനമായിരുന്നു അത് രണ്ടും.  
 
സര്‍ഗാത്മഗതയുടെ ദൈവികതയെന്തെന്നും കണ്ണീരിനെ ചിരിയായും മറിച്ചും അതിനെങ്ങനെ പരിവര്‍ത്തിപ്പിക്കാനാവുമെന്നും, പ്രിയ വായനക്കാരേ, ഈ കഥയിലൂടെ അനുഭവിച്ചറിയുക. മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രന്‍,  ആദ്യമുദ്രണം - ഒക്ടോബര്‍ 2010, DC Books, Kottayam.
പെരിങ്ങുളം, ഏപ്രില്‍ 1, 2011

0 comments: