വെളിച്ചം അകലെയാണ്.

പെരുമാകുന്നേൽ കുഞ്ഞൂട്ടി എന്നേക്കാൾ ഒത്തിരി മൂത്തതായിരുന്നു. അയാളുടെ അനിയൻ അപ്പു എന്റെ കളിക്കൂട്ടുകാരനും. ഏതെങ്കിലും പാട്ടയും രണ്ടു കമ്പും കണ്ടെത്തി പറമ്പിൽകൂടെ നടന്ന് ചെണ്ടകൊട്ടായിരുന്നു ഞങ്ങളുടെ വിനോദം. അങ്ങനെ കളിച്ചു രസിച്ചു നടക്കവേ, ഒരിക്കൽ അപ്പു വന്ന് എന്നോട് പറഞ്ഞു, നാളെ ഞങ്ങൾ ചിത്തിരപുരത്തിനു പോകുവാ. ഒത്തിരി ദൂരെയാ, ഇനി അവിടെയാ താമസം. ഒരു പെരുന്നാളിന് പോകുന്ന കൌതുകമുണ്ടായിരുന്നു അവന്റെ മുഖത്ത്.

പെട്ടെന്നുള്ള ഈ തീരുമാനത്തിലേക്ക് നയിച്ച സംഭവങ്ങൾ നിരീക്ഷിച്ചറിയാനുള്ള പ്രായം എനിക്കോ അവനോ ഇല്ലായിരുന്നു. പയ്യെപ്പയ്യെ, നീണ്ട സമയത്തിനുശേഷം, ഓരോ തുമ്പു കിട്ടിക്കഴിഞ്ഞപ്പോഴാകട്ടെ, അക്കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റാതെ പോയതിൽ മരണത്തോളം ദുഃഖം എന്നിൽ നിറഞ്ഞു. എല്ലാം അപ്പപ്പോളറിഞ്ഞിട്ടും ഒരു ചെറുവിരൽ പോലും ചലിപ്പിക്കാതിരുന്ന അന്നത്തെ എന്റെ മുതിർന്ന സഹജീവികളോടുള്ള പക എന്റെ മനസ്സിലിപ്പോഴും കെട്ടടങ്ങിയിട്ടില്ല.

അപ്പുവിന്റെയും എന്റെയും വീടുകളുടെ ഇടക്കുള്ള ഒരു കുന്നേൽ താമസിച്ചിരുന്നത് കുട്ടിപ്പരവനും കുടുംബവും. അടുത്തിടപഴകുന്ന നല്ല അയൽക്കാർ. കുട്ടിപ്പരവന്റെ ഒരു മോൾ, ജാനകി, കുഞ്ഞൂട്ടിയുമായി സഹകരിച്ച് പെട്ടെന്നൊരിക്കൽ ഒരമ്മയായി. അവളോട്‌ അതിന്റെ പേരിൽ അവളുടെ അപ്പൻ ചെയ്ത ക്രൂരകൃത്യങ്ങൾ ഇവിടെ പകർത്താൻ പറ്റില്ല. വീട്ടിൽ നിന്നിറക്കിവിട്ട, കൌമാരപ്രായം കഷ്ടിച്ച് കഴിഞ്ഞ, ആ പെണ്ണും അവളുടെ കുഞ്ഞും ഒരു കുടപ്പനയുടെ കീഴിൽ എങ്ങനെ, എത്രനാൾ അതിജീവിച്ചുവെന്നോ, അവൾക്ക് ഭ്രാന്തായപ്പോൾ എന്ത് സംഭവിച്ചുവെന്നോ അന്നൊന്നും ഞാനറിഞ്ഞില്ല. ജാതിയുടെയും മതത്തിന്റെയും അങ്ങേയറ്റം യാഥാസ്ഥിതികമായ അതിർത്തികൾക്കുള്ളിൽ ഒരു പരിഹാരം ഉണ്ടാക്കാനാവാത്ത ആ കാലത്ത്, നാണക്കേട്‌ സഹിക്കാനാവാതെയാണ് കുഞ്ഞൂട്ടിയുടെ വീട്ടുകാർ കൈകഴുകി
സ്ഥലംവിട്ടതെന്ന് അല്പം മുതിർന്നപ്പോൾ ഞാൻ മനസ്സിലാക്കി.

നാല്പതിൽപരം വർഷങ്ങൾക്കുശേഷം ഞാൻ അപ്പുവിനെ തിരക്കി ചിത്തിരപുരത്ത് ചെന്നു. കാണുകയും ചെയ്തു. കുഞ്ഞൂട്ടി അവിടെനിന്നും എവിടേക്കോ വിട്ടുപോയിരുന്നു. ചെറുപ്പകാലത്തെ ഒരവിവേകത്തിന്റെ പേരിൽ ജാനകിയും അവളുടെ കുഞ്ഞും ഉറുമ്പും പുഴുവുമരിച്ച് ജീവൻ വെടിയേണ്ടിവന്ന കഥ അപ്പുവെന്നോട് പറഞ്ഞു. ആ അറിവ് അന്നുമുതൽ ഒരു നീറ്റലായി എന്റെയുള്ളിൽ തുടരുന്നുണ്ട്. അവർക്ക് തുണയാകാൻ ആ കുഗ്രാമത്തിലെ ഭൂരിഭാഗം വരുന്ന ക്രിസ്ത്യാനികളിൽ ഏതെങ്കിലും ഒരാൾക്ക്‌ എന്തുകൊണ്ടായില്ല? രണ്ടു ജീവൻ നീറിനീറി പൊലിഞ്ഞപ്പോൾ ബന്ധപ്പെട്ടവരുടെയും അവിടുത്തെ മറ്റു നിവാസികളുടെയും മാനം തിരിച്ചുകിട്ടിയോ?

എന്റെ മുറ്റത്തിനു ചുറ്റും കണ്ട ജാതിയുടെയും മതത്തിന്റെയും ഇരുണ്ട നിഴലിന്റെ മറവിൽ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാതെ വിഷമിക്കുന്നത് ഈ അനുഭവത്തിലൂടെയാണ് ആദ്യമായി ഞാൻ തൊട്ടറിഞ്ഞത്. അന്ധകാരത്തിന്റെ തീവ്രതയിൽ അസ്തിത്വത്തിനു വേണ്ടി പൊരുതുന്ന ഇരുണ്ട രൂപങ്ങളായിരുന്നു അന്നത്തെ മനുഷ്യർ. ആ നിഴൽ രൂപങ്ങൾ ഒരു കൂരിരുട്ടായി നാടെങ്ങും ഉരുണ്ടുകൂടുന്നതാണ് ഇന്ന് ഞാൻ കാണുന്നത്.

സമൂഹമര്യാദകൾ തെറ്റിക്കുന്ന കുഞ്ഞൂട്ടിമാരും ജാനകിമാരും ഇന്നുമുണ്ട്. ഇന്ന് അവരാരുംതന്നെ പുഴുവരിച്ച് ചാകുന്നില്ലെങ്കിൽ, അതിനർഥം നമ്മൾ ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ടെന്നാണോ? വെളിച്ചം എവിടെയെന്നെനിക്കറിയാമായിരുന്നെങ്കിൽ! - അന്നത്തെപ്പോലെ ഇന്നും ഞാനാശിച്ചുപോകുന്നു.

0 comments: