ആയിരിക്കുക എന്നത് പരിപൂർണമാണ്

ഡയറി എഴുതുക എന്നത് വളരെക്കാലം മുമ്പുതൊട്ടുള്ള എന്റെ ശീലമാണ്. എഴുതണമെന്ന് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, എന്റെ അഛൻ ഒരു ഡയറി സൂക്ഷിക്കാറുണ്ടായിരുന്നു. അതറിഞ്ഞുകഴിഞ്ഞും സമയമെടുത്തു, എനിക്ക് സ്വയം അങ്ങനെ തോന്നാൻ. പിന്നെപ്പിന്നെ ദിവസവും ഓരോതരം കൈപ്പടയിൽ എഴുതുക എനിക്ക് രസകരമായി തോന്നി. അങ്ങനെ ഒരു പത്തുതരത്തിലുള്ള കൈയക്ഷരം എനിക്കനായാസമായിത്തീർന്നു. വെറുതേ കിടക്കുമ്പോൾ ഇപ്പോഴും എന്റെ കൈവിരലുകൾ വായുവിൽ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. മറ്റു ഭാഷകളെയപേക്ഷിച്ച് മുന്നാക്കത്തിൽ തന്നെ വളഞ്ഞുപുളഞ്ഞുള്ള മലയാളത്തിന്റെ പോക്ക് എന്നെ ആസ്വദിപ്പിക്കുന്നു. ഉദാ. ഇംഗ്ളീഷിലും ഹിന്ദിയിലും ഉള്ളതുപോലെ കൈയുടെ ചലനം പിന്നോട്ട് പോകേണ്ട അക്ഷരങ്ങൾ ഭാഷയിൽ ഒന്നുരണ്ടെയുള്ളൂ.

എല്ലാ സ്കൂളുകളിലും കയറിയിറങ്ങി, ഡയറിയെഴുതുന്നതിന്റെ നല്ല ഗുണങ്ങൾ പറഞ്ഞുകൊടുക്കണമെന്ന്  ആഗ്രഹിക്കാറുണ്ട്. ഞാൻ എനിക്കുവേണ്ടിത്തന്നെ കുറിച്ചിട്ടിരുന്നവയിൽ ചിലത് വായിക്കാനിടയായപ്പോൾ അതാസ്വദിക്കുന്നവർ ഉണ്ടെന്നറിയുന്നത്‌ സന്തോഷകരമാണ്. ആരും കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ഇടയ്ക്കു പഴയ കുറിപ്പുകൾ ഒന്നുകൂടെ നോക്കുമ്പോൾ ഒരു സുഖമുണ്ട്. എന്നാൽ  അതിലെന്തിരിക്കുന്നു? വാക്ക് നേരെയായാൽ പോക്ക് നേരെയാകും; പോക്ക് നേരെയായാൽ വാക്കും നേരെയാകും എന്നതിരിക്കുന്നു.
വന്ദനം സൃഷ്ടി സ്ഥിതിലയ ഭാവികേ
വന്ദനം സർവ പുരുഷാർഥസാധികേ
വന്ദനം ലോക ശുഭസുഖദായികേ
വന്ദനം വാക്കിന്നനശ്വരനായികേ.

12. 10. 2007
Cosmic Coincidences (Gribbin and Grees) കാണാനിടയാക്കിയത് എന്റെ മകനാണ്. ബഹിരാകാശസംഭവങ്ങളിൽ താത്പര്യം കണ്ടെത്തിയ അവൻ എങ്ങനെയോ അതെനിക്കും പകർന്നുതന്നു. ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിൽ അതിപ്രധാനമാണ്. ("All states of motion must be equal in the eyes of physical law. All uniform motion is relative.") അതനുസരിച്ച്, നമ്മൾ എങ്ങനെ ചരിച്ചുകൊണ്ടിരുന്നാലും, എന്തെല്ലാം മാറ്റങ്ങള്ക്ക് നമ്മൾ വിധേയരായാലും, പ്രകൃതിനിയമങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്. സൗന്ദര്യത്തിന്റെ ഏകത്വത്തെ, അല്ലെങ്കിൽ ഏകത്വത്തിന്റെ സൗന്ദര്യത്തെ അന്വേഷിച്ചുപോയിയാണ് ഐൻസ്റ്റൈൻ ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.

അതേപ്പറ്റി മനനം ചെയ്ത്, ഞാനെന്ന പരമാണു ചോദിക്കുന്നു, എന്തുകൊണ്ട് ഞാനിവിടെ, വേറൊരിടത്തല്ല? എന്തുകൊണ്ട് ഞാനിപ്പോൾ, മറ്റൊരു സമയത്തല്ല? എന്തുകൊണ്ട് ഈ ചോദ്യംതന്നെ ഇപ്പോൾ, നേരത്തെ അല്ലെങ്കിൽ പിന്നീടായില്ല? എന്നെ ചുറ്റിപ്പറ്റിയുള്ളതെല്ലാം യാദൃശ്ചികതയാണ്. ഒന്നും ഞാനറിഞ്ഞു സംഭവിക്കുന്നതല്ല. എനിക്കായിരിക്കാവുന്നയിടത്തിനും സമയത്തിനും എവിടെയാണ് പരിധി? അതിനർഥം, ഞാൻ വന്നുപെട്ടിരിക്കുന്നത് അനന്തതയിലേയ്ക്കാണ്  എന്നല്ലേ? അതെന്നെ ആഹ്ളാദിപ്പിക്കുന്നു, എനിക്ക് ഭയമില്ല. അനന്തതയിൽ ഭയത്തിന് കാരണമില്ല. ഞാൻ എന്ന് പറയാതെ ഞാൻ എന്നുമുണ്ടായിരുന്നെങ്കിൽ ഈ വിഹായസിൽ എനിക്കെങ്ങനെ, എന്തിനെ ഭയപ്പെടാനാകും? അതായത്, തനിയെ ആയിരിക്കുന്നതും അല്ലാത്തതും തമ്മിൽ എന്തു വ്യത്യാസം? ഞാനറിയുകപോലും ചെയ്യാതെ, എല്ലാമാകാൻ പോന്നൊരു പരമാണുവാണു ഞാൻ.  ആരുമായിരിക്കാമെങ്കിൽ, ഓരോന്നും ഞാൻ തന്നെയാണ്; ഞാനെല്ലാമാണ് - അതിനുള്ള സാദ്ധ്യതയാണ് ഞാൻ. അനന്തതയിൽ, സാദ്ധ്യത എന്നത് ആയിരിക്കുന്നതിനു തുല്യമാണ്. അതുപോലെ, എല്ലാമറിയുന്നതും ഒന്നുമറിയാത്തതും സമം. എനിക്കപുറത്തേയ്ക്ക് പ്രതിഫലിക്കുന്ന ഒരു പ്രതിച്ഛായക്ക് ഒരർഥവുമില്ല. ആയിരിക്കുക എന്നത് പരിപൂർണമാണ്.

Tel. 9961544169 / 04822271922

'മ'

26. 11. 2007

നാഴികമണിയുടെ സൂചികളെ ദിവസത്തിന്റെ കാലുകളായി സങ്കല്പിച്ചാൽ, ഇന്നിൽനിന്ന് നാളെയിലേയ്ക്കുള്ള എടുത്തുചാട്ടത്തിന് ഒരുങ്ങുകയാണവ എന്ന് പറയാം. വൈകീട്ട് എഴരമണിക്ക് ആല്ലെർഹൈലിഗെൻബെർഗ് (Allerheiligenberg) എന്ന മലമ്പ്രദേശത്തുകൂടെ നടക്കാനിറങ്ങിയപ്പോൾ (900 മീറ്റർ ഉയരമുള്ള ഈ സ്വിസ് മൌണ്ടനിലാണ് 1981 മുതൽ 19 വർഷം ഞാനും കുടുംബവും താമസിച്ചിരുന്നത്.) പൂർണചന്ദ്രൻ കിഴക്കുനിന്ന് ഒളിഞ്ഞുനോക്കുകയായിരുന്നു. ഇപ്പോഴത്‌ 500 മീറ്റർ താഴെയുള്ള ഞങ്ങളുടെ വീടിന്റെ നേർമുകളിൽ എത്തിയിട്ടുണ്ട്. തെളിഞ്ഞു ശുദ്ധമായ നീലാകാശമാണിന്ന്. ഒരു A4 താളിന്റെ ഒരരികിൽ ഒരു കലാകാരൻ വരച്ചുവച്ച 'മ' പോലെ മിക്കവാറും ഒഴിഞ്ഞ മുറിയുടെ ഒരു ഭിത്തിയിൽ ചാരി ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നറിയില്ല. A4 താളിന്റെ ഉപമ പറയാൻ കാരണം എന്റെ മുറിയിൽ കട്ടിലോ മേശയോ കസേരയോ ഇല്ലെന്നതാണ്. ആറുവർഷമായി അങ്ങനെയാണ്. എനിക്ക് വായിക്കാനുള്ളവ തറയിൽ വിരിച്ചുകിടക്കുന്ന പുതപ്പിൽ കാണും. എഴുതാൻ വേണ്ടവയും ഒരോടക്കുഴലും. ഭിത്തികൾ നഗ്നം. ജോലി കഴിഞ്ഞെത്തിയാൽ കുറേ ഏറെനേരം നടന്നിട്ടുവന്ന് അത്യാവശ്യ സന്ധ്യാനിഷ്ഠകളെല്ലാം ഒതുക്കിയാൽ, എകാകിതയുടെ ഈ സ്വർഗത്തിലേയ്ക്ക് ഞാൻ കയറുകയായി. അവിടെയാണ് എന്റെ ദിനസരിക്കുറിപ്പുകൾ രൂപമെടുക്കുക. ഉറക്കം വരുമ്പോൾ, തറയ്ക്ക്‌ ചൂടുള്ളതിനാൽ, അതിൽ കൈകാലുകൾ വിരിച്ച്, ശവാനഭാവത്തിൽ കിടക്കാം, നിദ്രയിലാഴാം.

മനസ്സിൽ രൂപംകൊള്ളുന്നതെല്ലാം കഴിവതും വ്യക്തമായി പകര്ത്താൻ ഞാൻ ശ്രമിക്കുന്നു. അല്പം വായിച്ചും ഈ കടലാസിൽ ഞാനെഴുതുന്ന അക്ഷരങ്ങൾവഴി എന്റെതന്നെ ഛായ വരച്ചും മറ്റൊരാളുമായി സംവദിക്കാനാകുമെങ്കിൽ എന്നാശിച്ചും ആണ് ഈ കുത്തിയിരുപ്പും ഉറക്കമിളപ്പുമൊക്കെ. സ്വയമറിയാത്ത ഞാൻ മറ്റൊരാളെ എന്റെ മനസ്സറിയിക്കാനുള്ള ശ്രമം നടത്തുന്നു എന്നത് എത്ര കഷ്ടമാണ്! 

എന്റെ മൗനങ്ങളെയും സങ്കോചപൂർവം പുറത്തുവിടുന്ന ശബ്ദങ്ങളെയും സന്ദേഹപൂർവമുള്ള കുത്തിക്കുറിക്കലുകളെയും കൌതുകത്തോടെ ഏറ്റുവാങ്ങിയ ഒരാളെങ്കിലും ഈ അക്ഷരങ്ങളിലൂടെ പലതും ഓർത്തെടുക്കും എന്നെനിക്കറിയാം. ഒരിക്കലവൾ താത്പര്യപ്രണയത്തിൽ വായിചെടുത്തവ തരിപോലും വ്യതിയാനമില്ലാതെ ഇപ്പോഴും നിലനില്ക്കുന്നുവെന്ന ബോദ്ധ്യംവരുമ്പോൾ സംഭവിക്കുന്നതെന്താവുമോ? ഒരുക്കലും നശിപ്പിക്കാതെ, കളങ്കപ്പെടുത്താതെ, ഒരാളുടെ ആന്തരികസത്തയെ മറ്റൊരാളുടെ ബോധഫലകത്തിൽ പ്രതിഫലിപ്പിക്കാൻ തൂലികയിലൂടെ ഒഴുകുന്ന മഷി വളഞ്ഞുപുളഞ്ഞ നീർച്ചാലുകളാകുമ്പോൾ ക്ഷരമായവയിൽനിന്നും അക്ഷരമായത് സംഭവിക്കുന്നു. കൈവിരലുകളിലൂടെ ആത്മാവിന്റെ സുതാര്യതയുടെ ഒരു രഹസ്യഗ്രന്ഥമുണ്ടാകുന്നു. ആ ഗ്രന്ഥം ആരുമേ കണ്ടെന്നു വരില്ല. എന്നാൽ അതുൾക്കൊള്ളുന്ന കുഞ്ഞുരഹസ്യങ്ങളി ലൊന്നെങ്കിലും ഏറ്റുവാങ്ങാനൊരാളുണ്ടാകുമെന്നത് മാത്രമാണ് ഈ കൃത്യം തുടരാൻ എനിക്ക് പ്രേരണയാകുന്നത്.

ഒരു 'മ'പോലെ, കാലുകള പുറകോട്ടു മടക്കി ഭിത്തിയിൽ ചാരിയിരിക്കുകയാൽ, ഇതുവരെ ലംബമായി നിലകൊണ്ട എന്റെ അവയവഭാഗങ്ങളെ, 90 ഡിഗ്രി ചരിച്ചുവച്ചാലെന്നപോലെ, തിരശ്ചീനമായി നീട്ടിവച്ച്, ഞാനിനി വിശ്രമിക്കട്ടെ.

http://seekersforum.blogspot.in/2014/08/blog-post_11.html

കണ്ണിന് ഇമകൾ പോലെ

04. 08. 2007
കണ്ണിന് ഇമകൾ പോലെ

ഇമകൾ കണ്ണിന്റെ പരിരക്ഷക്കായി മാത്രമുള്ളതല്ല. പ്രകൃതിയിലെ മറ്റെല്ലാറ്റിലുമെന്നപൊലെ ഇവിടെയും അനന്യമായ ചാതുരിയും സവിശേഷമായ ചേർച്ചയും നിറച്ചിരിക്കുന്നു, പ്രപഞ്ചകലാകാരൻ. പതിയെപ്പതിയെ അനങ്ങുന്ന ഇടതൂർന്ന നീണ്ടയിമകൾ കണ്ണുകളെ വശ്യമാക്കുന്നു, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കണ്ണുകളെ. അക്ഷികൾക്ക് നീളം കൂട്ടാൻ മാത്രമായിട്ടല്ല, നീണ്ട ഇമകളുണ്ടെന്നു തോന്നിക്കാൻ കൂടിയാണ് ഇന്ത്യൻ പെണ്ണുങ്ങൾ വാലിട്ട് കണ്ണെഴുതുന്നത്. കണ്ണിമകൾ ഒരു പ്രതീകമാണ്. എന്തിന്റെ? ഉള്ളിലെ ഇഷ്ടത്തിന്റെ. ഇമകളെപ്പോലെയതും അയത്നം താഴുകയും ഉയരുകയും (വന്നും പോയും) ചെയ്തുകൊണ്ടിരിക്കുന്നു. അർദ്ധബോധാവസ്ഥയിൽ പോലും. പ്രണയശൃംഗാരങ്ങളിൽ കണ്ണിമകൾ എന്തെല്ലാം സംവാദനം ചെയ്യുന്നുണ്ട്!

സ്വപ്നങ്ങൾ ഹൃദയത്തെ സജീവമാക്കുന്നതുപോലെ, കാല്പനികമായതിനും ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്കുണ്ട്. ബുദ്ധിക്കു നിരക്കാത്ത പലതും ഹൃദയത്തിന് വെളിപ്പെട്ടുകിട്ടുന്നു. ഉദാ. ഒരു പൈതലിന്റെ മധുരപ്പുലമ്പലുകൾ മറ്റു ശ്രോതാക്കൾക്ക് അർഥദ്യോതകമാവില്ല. എന്നാൽ അതിന്റെ അമ്മക്ക് അത് മധുരതരവും ജീവദായകവുമാണ്. അതുപോലെയാണ്, നമ്മുടെ ഓർമയിൽ മായാതെ കിടക്കുന്ന ചില പിൻവിളികളും കിണുങ്ങലുകളും മുഖമുദ്രകളും.    

ശാന്തം, സ്വസ്ഥം

5. 8. 2007 
ശാന്തം, സ്വസ്ഥം 
സുര മന്ദിര തരു മൂല നിവാസ:
ശയ്യാ ഭൂതല മജിനം വാസ:
സർവ പരിഗ്രഹ ഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:   (ശ്രീശങ്കർ)
ദേവാലയ(മായ ഈ പ്രപഞ്ച)ത്തിന്റെ മുറ്റത്ത് മരച്ചുവട്ടിൽ താമസം; മണ്ണിൽ കിടപ്പ്; മരത്തോലുടുപ്പ്; ഒന്നുമെടുക്കുകയും സ്വന്തമാക്കുകയും വേണ്ടെന്ന മനോനില. ഈ വക വിരാഗം (വൈരാഗിയുടെയവസ്ഥ) ആർക്കാണ് സുഖം നൽകാത്തത്?
അക്ഷരാർത്ഥമത്രയേ ഉള്ളൂവെങ്കിലും, ഈ ചായ്‌വ് ആത്മശീലമായാൽ അതെല്ലാറ്റിലും പ്രത്യക്ഷമാകും. ജീവിതസ്വസ്ഥതയിലേയ്ക്ക് ഇതിലും പിഴക്കാത്ത പാതയില്ല.
അല്പം വല്ലതും വായിച്ചിട്ടുറങ്ങാമെന്നു വിചാരിച്ചെങ്കിലും ലൈറ്റണച്ച് നിലത്തുവിരിച്ച തുണിയിൽ വെറുതേ കിടന്നതേയുള്ളൂ. സർവതും ശരീരത്തിനാവശ്യമുള്ളത്ര മാത്രം പ്രതലത്തിൽ ചുരുക്കി, നിർവികാരനായി, സംതൃപ്തനായി, കിടന്നത് എത്രനേരമെന്ന് അറിഞ്ഞില്ല.

ഭൂമിയുടെ വാത്സല്യസംരക്ഷണവും വിഹായസിന്റെ നാനാദിക്കുകളിൽ നിന്നെത്തുന്ന ഊര്ജ്ജപ്രസരങ്ങളാൽ വിലയം  ചെയ്യപ്പെട്ടും അങ്ങനെ കഴിയുക മനസ്സിന്റെ കെട്ടഴിക്കും. ആരോടുമൊന്നിനോടുമെതിർപ്പോ, പകയോ, കടപ്പാടോ തോന്നില്ല. വെറും അഞ്ചരയടിയോളം മണ്ണിലൊതുങ്ങുന്ന ഏതോ കല്പിത സംതൃപ്തിയല്ലത്. എഴുന്നേറ്റിരുന്ന് അത് കുറിച്ചിടണമെന്നു തോന്നി.
ആയുർവേദത്തിൽ രണ്ടു സമീപനങ്ങളുള്ളതിൽ ആദ്യത്തേത് സ്വസ്ഥവൃത്തമാണെന്ന് വായിച്ചിട്ടുണ്ട്. ചിത്സയല്ലത്. മറിച്ച്, ഒരു ജീവിതചര്യയുടെ പരിശീലനമാണ്. ആത്മശരീരങ്ങളെയും മനസ്സിനെയും പ്രസന്നഭാവത്തിലെത്തിക്കുന്ന ഒരു രീതി. അത് കൊണ്ടെത്തിക്കുന്ന അവസ്ഥ പ്രകൃത്യാതന്നെ എനിക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇവിടെ അഹംഭാവത്തിനിടം വേണ്ടാ. കാരണം, അളക്കാനാവാത്തതിന്റെയും ഉത്തരമില്ലാത്തതിന്റെയും നടുവിലേയ്ക്കാണ് നമ്മെ എറിഞ്ഞിരിക്കുന്നത് എന്ന തോന്നലാണത്. ആ തോന്നൽ നിസ്സഹായതയുടേതല്ല,മറിച്ച്, സുരക്ഷിതത്വത്തിന്റേതാണ്. പ്രപഞ്ചവിസ്തൃതി, ജീവവൈവിദ്ധ്യങ്ങളുടെ ഉത്ഭവം, എന്റെ ബോധം, അപ്രതിഹതമായ സ്നേഹത്തിന്റെ ഉറവപൊട്ടൽ, ഏറ്റവും സുന്ദരമെന്നു കരുതിയിരിക്കുന്നതിനേയും നശിപ്പിക്കുന്ന വിധിയുടെ ലീലാവിലാസം തുടങ്ങി ഒരിക്കലുമറിയാനോ അളക്കാനോ ആവില്ലാത്ത നിഗൂഢതകളുടെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ആ ബോധമാണ് നമ്മെ മനുഷ്യരാക്കുന്നത്. അത് സുന്ദരമാണെന്നു തോന്നിത്തുടങ്ങിയാൽ എന്തെന്നില്ലാത്ത ഒരു ശാന്തതയും സ്വസ്ഥതയും കൈവരുകയായി. 

ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങാൻ



05. 07. 2007
അമ്മയാം ഭൂമി 
ഭൂമി സർവ്വ ചരാചരങ്ങളുടെയും അമ്മയാണെന്ന സാമാന്യബോധം ഉത്തമമാണ്. ആ അറിവ് അനുദിനജീവിതത്തിൽ നമുക്ക് മാർഗദർശിയായിത്തീരണം. അതിന്റെ പരിണതിയിൽ, അമ്മയായിത്തന്നെ ഭൂമിയെ ഓമനിക്കുന്ന ശീലം വളർത്തിയെടുക്കണം. എങ്ങനെ? ഭൂമിയുമായി കഴിയുന്നത്ര ശാരീരിക ബന്ധം വളർത്താൻ അവസരം കണ്ടെത്തുകയാണ് പോംവഴി. ഇത് ആത്മശരീരങ്ങൾക്ക് ആരോഗ്യദായകമാണെന്ന് ശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ട്.

നിലത്തു പായ വിരിച്ചു കിടന്നുറങ്ങുന്ന ചെറുപ്പത്തിലെ ശീലം ഞാൻ ആറു വർഷമായി വീണ്ടെടുത്തിരിക്കുന്നു. അമ്മയുടെ മടിയിൽ തലവച്ചു കിടന്നുറങ്ങുന്ന പ്രതീതിയാണ് അത് തരുന്നത്. അതിനു സാധിക്കാത്തവർ, അല്പനേരമെങ്കിലും കയ്യും വിരിച്ച്, ശരീരം കഴിവതും ഗാഢമായി നിലത്തുചേർത്ത്, കമിഴ്ന്നുകിടക്കുമ്പോൾ ഈ ബന്ധത്തിന് ഒരു സവിശേഷ ആക്കമുണ്ടാകും . മനസ്സുകൊണ്ടും സ്വയം പ്രകൃതീദേവിക്ക് വിട്ടുകൊടുത്തുകൊണ്ട്‌ അവളുടെ ചൈതന്യസമ്പത്തെല്ലാം തന്നിലേയ്ക്കു ഒഴുകിയെത്താൻ യാചിക്കുക. എല്ലാ ദാനങ്ങൾക്കും നന്ദി പറയുക. ആത്മശരീരങ്ങൾക്ക് അമ്മ വച്ചുനീട്ടുന്ന വാത്സല്യത്തെ ഇഷ്ടത്തോടെ സ്വീകരിക്കുക. ഉറക്കം കുളിർമയുള്ളതായിത്തീരും. ഇതെന്റെ അനുഭവമാണ്. 

എളിമ



15. 09. 2007 
വിശ്വാസമെന്നാൽ പ്രകൃതിയുടെ ഭാവങ്ങളിൽ ചിലത് മാത്രമേ നാമറിയുന്നുള്ളൂ എന്നയംഗീകാരമാണ്. ജീവൻതന്നെ പ്രപഞ്ചാദ്ഭുതത്തിനു മുമ്പിലെ വിസ്മയമാണ്. എത്ര തിരഞ്ഞു ചെന്നാലും ഒടുവിലറിയുന്നത് ഒന്നുമാത്രം - മനസ്സിന്റെ കല്പനകളല്ലാതെ ഒന്നും നാമറിയുന്നില്ല എന്ന്. ഈ കല്പനകൾ നിരന്തരം തകർന്നുകൊണ്ടിരിക്കുന്നു താനും. ശൂന്യതയാണ് ബാക്കി. അവിടെ വലിപ്പവ്യത്യാസങ്ങലുള്പ്പെടെയുള്ള എല്ലാ വൈവിദ്ധ്യങ്ങളും അസംഗതമാണ്.

എങ്കിൽ,ഏകം സത്, വിപ്രാ ബഹുധാ വദന്തി (ഒന്ന് മാത്രമായ സത്യത്തെ വിദ്വാന്മാർ പലതായി പറയുന്നു) എന്നത് മൂഢന്മാർ എന്ന് തിരുത്തണം. ഒന്നിനെ മാത്രം കാണുന്നതാണ് വിദ്യയെങ്കിൽ പലതിനെ കാണുന്നത് വിഡ്ഢിത്തമാണ്. അപ്പോൾ സ്വയം വിഡ്ഢിയായി അംഗീകരിക്കുക എന്നതാണ് സത്യം, അതാണ്‌ എളിമ. തരംതിരിവുകൾക്കനുസൃതമായി വിഹരിച്ചിട്ട് വിവേകിയെന്നു സ്വയം വിലയിരുത്തുന്നത് പോഴത്തമാണെന്ന് സാരം. 

നാം കാണുന്നതും അറിയുന്നതുമൊന്നും നിത്യസത്യത്തിൽ പെടുന്നില്ലെന്നും നാമിടപെടുന്നതെല്ലാം വിഡ്ഢികളുമായിട്ടാണെന്നും, നാമും അക്കൂട്ടത്തിൽ ആണെന്നും സത്യസന്ധതയോടെ അംഗീകരിക്കാനാവുമെങ്കിൽ മാത്രമേ നമുക്ക് എളിമയുള്ളൂ. മറ്റെല്ലാം കാപട്യമാണ്.   

Tel. 9961544169 / 04822271922

ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.

മറന്നുകിടന്ന എന്നിലെ പൈതലിനെ കണ്ടെത്തി ഓമനിക്കാൻ നേരവും താത്പര്യവും കാണിച്ച മഹതിയെ ഓർത്തുപോയി. ആ പൈതൽ വളർന്നുപോയിട്ടില്ല. ശൈശവത്തിന്റെ നന്മകളെ  ഓരോന്നായി ഇന്നും ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അതിന് കാരണക്കാരി അവളാണ്. ആ കുഞ്ഞിൽനിന്നൊരു പുരുഷൻ ഉരുവംകൊള്ളണമെന്നവൾ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം, ഇന്നും എനിക്ക് പറയാനാവുന്നത്:
"അരിയ ബാല്യത്തിൽ നിന്നുഞാനെത്ര-
കണ്ടകലെയാണിന്നു നില്ക്കുവതെങ്കിലും
അഴകു കൈവിടാതെന്നുൾക്കളത്തിലാ-
പ്പഴയ ബാലൻ കളിപ്പതുണ്ടിപ്പൊഴും." (തിരുനെല്ലൂർ കരുണാകരൻ)

അവൾ എപ്പോഴും എന്റെ ഉള്ളിന്റെ ഉള്ള് കിള്ളിച്ചികഞ്ഞിരുന്നു. പലപ്പോഴും എനിക്കവളുടെ ചോദ്യങ്ങൾ ബാലിശങ്ങളായിത്തോന്നി. എന്നാൽ എനിക്കുനെരേ അവയെ എയ്യാനുള്ള അവകാശത്തിൽ അവൾ മുറുകെപ്പിടിച്ചു.
അതൊക്കെ അന്ന്. ഇന്നവ ഓർമ്മകൾ മാത്രം. അക്കൂടെയനുഭവിച്ച സുഗന്ധ വസന്തങ്ങളുടെയും പാരസ്പര്യത്തിന്റെയും സന്തുഷ്ടിയും സ്വാതന്ത്ര്യവും ധാരാളിത്തവും ഇത്രയുമേ ഇനി ബാക്കിയുള്ളോ? എവിടെ പിഴച്ചു എന്നത് തെറ്റായ ചോദ്യമാണ്. പിഴയില്ല എന്നതായിരുന്നല്ലോ നമ്മുടെ യാത്രയുടെ ആരംഭയുക്തി. പഴിചാരലുമില്ല. ഒന്നിന് പകരം മറ്റൊന്നില്ല എന്നതാണ് വിധി.
പൂർവയൗവനത്തിൽ തളിർത്തെങ്കിലും പുഷ്പിക്കാതിരുന്ന വികാരബന്ധങ്ങളെ ആരബ്ധവാർദ്ധക്യത്തിൽ വളമിട്ടു നനച്ച് ആര്ത്തുവളര്ത്തിയെടുത്ത അന്നത്തെ പൂന്തോപ്പുകാരിയെവിടെ? ജീവിതവീക്ഷണങ്ങളുടെ അടിസ്ഥാന ചാലുകളെ തിരഞ്ഞുനടന്നിരുന്ന എന്റെ സഹയാത്രികയെവിടെ?
മനുഷ്യനെ നയിക്കുന്ന അജ്ഞാത ശക്തികളിൽ അല്പമെന്നല്ല, ഏറ്റവുമധികം പങ്കുള്ളത് സ്നേഹത്തിനാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ദാര്ശനികയെവിടെ? എല്ലാ ഹൃദയാകുലതകളിലും എകാകിതയാണേറ്റവും വിശ്വസ്തയായ സുഹൃത്തെന്ന് സ്വയം ധൈര്യപ്പെടുത്തിക്കൊണ്ടിരുന്ന ജ്ഞാനിയെവിടെ?
"ശരീരം പ്രണയിക്കപ്പെടുമ്പോളുണ്ടാകുന്ന അനുഭവമാണ് യഥാർഥ ആത്മീയാനുഭവമെന്ന് മനസ്സിലാക്കാനുള്ള വകതിരിവൊന്നും ദാമ്പത്യത്തിന്റെ കാർക്കശ്യങ്ങൾക്കില്ല" (എസ്. ശാരദക്കുട്ടി). "ഗുണദോഷങ്ങളുടെ കണക്കുകൂട്ടലുകളില്ലാതെ മനുഷ്യൻ മനുഷ്യനെ പൂജിക്കുന്നതിനെയാണ് പ്രേമമെന്നു പറയുന്നത്." (യയാതി)

ആനന്ദം ദൈവമാണെന്നും അത് പ്രണയാനുഭവങ്ങളിലൂടെയേ  സാക്ഷാത്ക്കരിക്കാനാവു എന്നുമുള്ള ഒരു സ്ത്രീയുടെ തിരിച്ചറിവ് ഒരു പുരുഷന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാം.
സൂര്യനുദിച്ചുയരുന്നത് കൂടെയിരുന്നു കാണുന്നതാണ് എനിക്കു നീ. ഈ സൂര്യനസ്തമിക്കല്ലേ എന്ന് ദൂരെയായിരിക്കുമ്പോഴും പറയുന്നതാണ് എനിക്ക് നീ. കല്ലെന്നും പുല്ലെന്നും നീ കരുണയോടെ പറയുംവരെ കാണുന്നില്ല ഞാൻ അവയെ. നീ പേരുവിളിക്കുമ്പോൾ വിദൂരസ്ഥമായതും എന്റേതായിത്തീരുന്നു.
ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.