നിഷ്ക്കളങ്കതയുടെ വഴിയേ

ഒരു പരിഷ്ക്കാരവും പുലര്‍ന്നിട്ടില്ലാത്ത ഒരു ലോകത്തില്‍ പിറന്നുവീണ്, വെട്ടി നശിപ്പിച്ചിട്ടില്ലാത്ത ഒരു കാനനത്തില്‍ ദിനരാത്രങ്ങള്‍ കഴിച്ച്, മരച്ചില്ലകളിലൂടെ ചാടിനടന്ന്, വിശക്കുമ്പോള്‍ കിട്ടുന്നത് തിന്നും കുടിച്ചും കഴിയാന്‍വേണ്ടി ഒരു ജന്മംകൂടി കിട്ടിയിരുന്നെങ്കില്‍! എന്നിട്ട്, ഓര്‍ഹന്‍ പാമുക്ക് ആഗ്രഹിക്കുമ്പോലെ, ലോകത്തിന്റെ അപരിചിതമായ ഒരു കോണില്‍ ആരുടേയും ഓര്‍മ്മയില്‍പ്പെടാതെ, കനത്ത മഞ്ഞുപാളികള്‍ക്കിടയില്‍ മരിച്ചുകിടക്കാന്‍ ആയിരുന്നുവെങ്കില്‍! ഈ മനോഹര ലോകത്തിന്റെ വശ്യത എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നു.

എന്നെ പിടിച്ചിരുത്തുന്ന മറ്റൊരു വശ്യചിത്രമാണ്, അലഞ്ഞു നടന്നിരുന്ന നാടോടിയായ യേശുവിനെ അറിഞ്ഞ സ്ത്രീകളില്‍ ചിലര്‍ ഉറക്കെപ്പറഞ്ഞത്‌: "നിന്നെ ചുമന്ന വയറും നീ കുടിച്ച മുലകളും എത്ര സൗഭാഗ്യമുള്ളവ!" യേശുവിനെ അടുത്തറിഞ്ഞ ഓരോ സ്ത്രീയും താനവന്റെ അമ്മയായിരുന്നെങ്കില്‍ എന്ന കൊതി ഉള്ളില്‍ കൊണ്ടുനടന്നിരിക്കണം എന്നത് ന്യായമായ ഒരു ചിന്തയാണ്. ഈ വാക്യം തന്റെ കൃതിയില്‍ ഉദ്ധരിച്ച ഒരു വൈദികഗ്രന്ഥകാരന്‍ അതിങ്ങനെയാക്കി: "നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ പയോധരവും സൗഭാഗ്യമുള്ളത്." ഒരു സ്ത്രീയുടെ മുലകളെ മുലകള്‍ എന്നുതന്നെ വിളിക്കാന്‍ ഒരാള്‍ ലജ്ജിക്കുന്നതെന്തിന്? ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രതീകമായി വിശ്വാസികള്‍ അപ്പത്തെ കാണുന്നതിലും എത്രയോ മഹത്തരമാണ് ഒരു കുഞ്ഞ് നുണയുമ്പോള്‍ അതിന്റെ ഭക്ഷണമായി ഒരു സ്ത്രീയെ രൂപാന്തരപ്പെടുത്തുന്ന മുലകളുടെ അദ്ഭുതം! മുലകളുടെ യഥാര്‍ത്ഥ സൌന്ദര്യം അവയുടെ രൂപത്തിലല്ല, അവയുടെ ധര്‍മത്തിലാണ്. അതുകൊണ്ടാണ് യുവകാമുകിയുടെ മുലകളെ ആരാധിക്കുന്ന പുരുഷന്‍ അവളോടൊത്ത് പ്രായമാകാന്‍ ഭാഗ്യമുള്ളവനെങ്കില്‍, അതേ മുലകളെ അവയുടെ ചുക്കിച്ചുളിഞ്ഞ രൂപത്തിലും ഒട്ടും വികൃതമായി കാണാത്തത്. സ്ത്രീമാറിടത്തിന്റെ മാസ്മരികത അതിശക്തമാണ്. ഇനി ഞാനൊരു രഹസ്യം പറയട്ടേ? ഏതു പ്രായമെന്നില്ല, അനുരാത്രം തന്റെ മാറിടത്തോട് ചേര്‍ന്നുകിടന്നുറങ്ങാന്‍ ഭര്‍ത്താവിനെ അനുവദിക്കുന്നവള്‍ക്ക് ഒരു ഭയപ്പാടും വേണ്ടാ, അയാളുടെ വഴി നേരുള്ളതും നിഷ്ക്കളങ്കവുമായിരിക്കും.

യേശുവിന്റെ വശ്യതയുടെ ഭാഗമായിരുന്നു തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ചിരി. യേശു ചിരിക്കുന്നത് കണ്ടിട്ടുള്ള ഓരോ യുവതിയും അവനെ പ്രണയിച്ചിരിക്കണം. ചിരി എന്നത് മാംസരക്തങ്ങള്‍കൊണ്ട് സൃഷ്ടിക്കാവുന്ന ഏറ്റവും വലിയ കലയാണ്‌. വെറും പേശികളുടെ രൂപവിന്യാസമാണ് നിര്‍മ്മമമായ ഒരു മുഖത്തെ ചിരിയുടെ ഓളങ്ങളാല്‍ തലോടുന്നത്. എന്നാല്‍ ചിരിയില്‍ വശ്യത നിറയുന്നത് അക്കൂടെ ആന്തരികമായ നിഷ്ക്കളങ്കത കലരുമ്പോളാണ്. അപ്പോള്‍, യേശുവിനെപ്പോലെ നിഷ്ക്കളങ്കനായവന്റെ മുഖത്തെ ചിരിയുടെ ഭംഗി എത്രയവാച്യമായിരുന്നിരിക്കണം. യേശു ചിരിച്ചിട്ടില്ല, കരഞ്ഞിട്ടേയുള്ളൂ എന്ന് പീഡാനുഭവഭക്തിക്കാര്‍ പറഞ്ഞുപരത്താറുണ്ട്‌. അതൊട്ടും ശരിയല്ലെന്ന് എനിക്ക് തീര്‍ച്ച തോന്നുന്നു. ഞാനും കരയാറില്ല. കാരണം മറ്റൊന്നുമല്ല, എല്ലാം ദൈവഹിതമാണെങ്കില്‍, കരയുന്നതില്‍ എന്തര്‍ത്ഥം?എന്നിരിക്കിലും, ചിലയവസരങ്ങളില്‍ യേശു കരഞ്ഞിട്ടുണ്ടെന്നുള്ള സുവിശേഷകന്റെ സാക്ഷ്യം അവിശ്വസിക്കേണ്ടതില്ല.

ചിരിയുടെ ആരംഭം ചുണ്ടുകളിലോ കണ്ണുകളിലോ? അത്ര തീര്‍ച്ചയില്ല. തോമസ്‌ മന്‍ രചിച്ച വിഖ്യാതനോവല്‍ മാജിക് മൌണ്ടനില്‍ നായകന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ ചിരിക്കുന്നത് കണ്ണുകള്‍കൊണ്ടാണെന്ന് കണ്ടുപിടിക്കുന്നുണ്ട്. വികസിക്കുന്ന കണ്ണുകള്‍, മുഖത്തെ തൊലിയില്‍ ഏതാനും ഞൊറിവുകള്‍, ചില പേശീവികാസങ്ങള്‍, അല്പം രക്തമയം - ചിരി ജനിക്കുകയായി. അധികം ചിരിക്കുന്നവരുടെ പേശീചലനങ്ങള്‍ വാര്‍ദ്ധക്യത്തില്‍ മുഖത്തുണ്ടാവുന്ന ചുളിവുകളില്‍ നിലനില്‍ക്കുമെന്നും അതുകൊണ്ട് അവ മുഖകാന്തിയെ വര്‍ദ്ധിപ്പിക്കുമെന്നും കരുതുന്നവരുണ്ട്‌. കളങ്കമില്ലാത്ത മുഖത്തെ ചിരി ആത്മാവിന്റെ സ്പന്ദനമാണ്.

ചിരിക്കുന്നവനായോ കരയുന്നവനായോ യേശുവിനെ സ്നേഹിക്കാനുതകുന്ന ഒരൊറ്റ പള്ളിപ്രസംഗം ഞാന്‍ കേട്ടിട്ടില്ല. അച്ചന്മാരും ധ്യാനിപ്പീരുകാരും പറയുമ്പോള്‍ ദൈവപുത്രന് എന്ത് ശക്തിയാണ്, എന്തൊരു ത്യാഗശീലമാണ്! എല്ലാംകൊണ്ടും അസാധാരണന്‍. എന്നാല്‍ അസ്സാധാരണത്വം അകല്ച്ചയെയാണ് സൃഷ്ടിക്കുക. സത്യസന്ധമായ സ്നേഹത്തിനു പാത്രമാകുന്നതും ഉടമയാകുന്നതും സാധാരണത്വമുള്ളവരാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. എല്ലാംകൊണ്ടും അസ്സാധാരണനായ  ഒരു യേശുവിനെ വിളിച്ച് സ്തോത്രം, ആരാധന എന്ന് ആവര്‍ത്തിക്കുന്നയത്ര കപടത വേറെയില്ല. ആരാധന തോന്നുന്നതല്ല, മറിച്ച്, ഓര്‍ക്കുമ്പോള്‍ ഹൃദയം കുളിര്‍ക്കുന്നതാണ് സ്നേഹത്തിന്റെ ലക്ഷണം. വ്യാഖ്യാനിക്കാനും മോടിപ്പെടുത്താനും മോഹിപ്പിക്കുന്നതല്ല സ്നേഹം. മരണവും ഉത്ഥാനവും ഇല്ലാതെയും യേശുവില്‍ സൗന്ദര്യം കാണുന്നവരാണ് വാസ്തവത്തില്‍ അവിടുത്തെ സ്നേഹിക്കുന്നത്. തന്നെയല്ല, ഉയിര്‍ക്കുമെന്നു മുന്നറിവുള്ള ഒരാളുടെ മരണം എങ്ങനെയാണ് വേദനയുടെ ബലിയാകുന്നത്? ഉയിര്‍പ്പിലുള്ള വിശ്വാസം മരണത്തെ മനസ്സിലാക്കാന്‍ തടസമായിത്തീരുന്നു. ക്രിസ്തു ഉയിര്‍ത്തിട്ടില്ലെങ്കില്‍ നമ്മുടെ വിശ്വാസം വ്യര്‍ത്ഥമാണെന്നുള്ള പൌലോസിന്റെ മൊഴിയില്‍ കാതലില്ലെന്നു പറയാന്‍ എന്തിനു മടിക്കണം? 'വിശ്വാസത്തിന്റെ ഈ വലിയ രഹസ്യം' അല്പമെങ്കിലും സ്നേഹത്തിലേയ്ക്ക് നമ്മെ നയിക്കുന്നുണ്ടോ? നേരേ മറിച്ച്, വലിയ സ്നേഹത്തില്‍ കുടുങ്ങിപ്പോയവരെ ആര്‍ക്കും പിടികിട്ടാത്തത് അവരുടെ രഹസ്യത്തെ അവര്‍ ഒളിച്ചുവയ്ക്കാത്തതുകൊണ്ടാണ്. യേശുവും മഗ്ദലേനയും ഫ്രാന്‍സിസും ക്ലാരയും ഇക്കൂട്ടരില്‍ പെടുന്നു. നിഷ്ക്കളങ്കതയുടെ വഴിയേ നടന്നവരാണവര്‍.

ദൈവത്തിനെന്നപോലെ യേശുവിനും മറിയത്തിനും ഏറെ അസാധാരണത്വം കല്പ്പിച്ചരുളാന്‍ സഭ എന്തുമാത്രം പെടാപ്പാട് പെട്ടു! എന്തുമാത്രം രക്തം ഒഴുക്കി! ഏതെല്ലാം തീയോളജികള്‍ എഴുതിക്കൂട്ടി! എന്നാല്‍ അകത്തെ പാപ്പരത്തമാണ് ഇതെല്ലാം നല്‍കുന്ന പാഠം. ഉള്ളിലെ ദാരിദ്ര്യം വച്ച് നോക്കുമ്പോള്‍ മറ്റു ദാരിദ്ര്യങ്ങളെല്ലാം അനുഗ്രഹങ്ങളാണ്. ഇന്നത്തെ സഭയുടെ കാര്യത്തിലും അവളുടെ ഏറ്റവും വലിയ ദാരിദ്ര്യം യേശുവിനെ അറിയുന്നതില്‍ വന്ന പിശകാണ്. ഒരല്മായനെക്കാള്‍, അല്ലെങ്കില്‍ ഒരു കൂലിവേലക്കാരനെക്കാള്‍ മഹത്ത്വം ഒരു പുരോഹിതനോ ഒരു മെത്രാനോ ഉണ്ടെന്നു കരുതുന്ന സഭ യേശുവിനെ മനസ്സിലാക്കിയിട്ടില്ല. ഒരാളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നത്ര അനന്യനാക്കുന്നതില്‍ ദൈവത്തിന്റെ കൈ കണ്ടെത്തുന്നവര്‍ ആത്മപ്രശംസക്ക് അടിപ്പെടുകയാണ് ചെയ്യുന്നത്. അഭിഷിക്തനാകുന്ന ഓരോ പുതിയ മെത്രാനും ഇത് ചെയ്യുന്നതായി കാണാം. കര്‍ദിനാളോ പോപ്പോ ആയാല്‍ പറയാനുമില്ല. ഇത്തരം താന്‍പോരിമകളാണ് ഇന്നത്തെ മെത്രാന്മാരെപ്പറ്റി അല്‍മായരുടെ മനസ്സില്‍ അവിശ്വാസം ജനിപ്പിക്കുന്നത്.

സുവിശേഷങ്ങളെല്ലാം കാണാതെ പഠിച്ചാലും സഭാപണ്‍ഡിതരുടെ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ മുഴുവന്‍ വായിച്ചറിഞ്ഞാലും യേശുവിന്റെ സൂക്ഷ്മശബ്ദം കേള്‍ക്കുവാന്‍ സഭയുടെ ഹൃദയം പാകപ്പെടുന്നില്ലെങ്കില്‍ (ഫ്രാങ്ങ്സ്വാ മോറിയാക്) അതിന്റെ വശ്യത നഷ്ടപ്പെട്ടതുതന്നെ. ഉദാഹരണത്തിന്, ഒത്തിരിയാളുകളെ മരണത്തിനു വിട്ടുകൊടുത്ത് ചിലരെ മാത്രം രക്ഷിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന സഭ നേര് പറയുന്നുണ്ടോ? നമ്മള്‍ വിചാരിക്കുന്നതല്ല മരണത്തിന്റെയും മറ്റു വേദനകളുടെയുമര്‍ത്ഥം എന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ? എനിക്ക് ആഗ്രഹമുള്ളത് കിട്ടുമ്പോള്‍ അത് ദൈവാനുഗ്രഹമായി കാണുന്നതില്പരം അഹന്തയുണ്ടോ? നന്മയും തിന്മയും അളക്കുന്ന കോല് ഞാന്‍ ആകുന്നതാണ് ഇവിടത്തെ തെറ്റ്. ദൈവത്തിന്റെ അളവുകോലുകള്‍ നമ്മുടെ ഗ്രാഹ്യത്തിലല്ല എന്നാണ് യേശു പഠിപ്പിച്ചത്. കുറേപ്പേര്‍ക്ക് നന്മ, തിരഞ്ഞെടുപ്പ്, രക്ഷ എന്നൊക്കെയുള്ള ചിന്ത ദ്രവിച്ചുപോയ പഴയ നിയമത്തിലേതാണ്. അതിനു ഒരു സാധുതയും യേശു കല്‍പ്പിച്ചില്ല. പല ദൈവങ്ങളെ ആരാധിച്ചിരുന്ന വിഘടജാതികളില്‍ നിന്ന് ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ഉരുത്തിരിഞ്ഞ കാലത്തെ മിഥ്യാബോധമായിരുന്നു അത്. അന്നത്തേതുപോലെ ഇന്നും സഭ അത് പഠിപ്പിക്കുകയും സ്വന്തം ദൈവത്തെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. 

0 comments: