ലാളിത്യം

ഇന്ന് 2011 ജനുവരി മുപ്പതാണ്. ഗാന്ധിജി മരിച്ച ദിവസം. അനേകായിരങ്ങളുടെ ജീവിതത്തിന് അടിത്തറപാകിയ ആദര്‍ശങ്ങളുടെ പിതാവാണദ്ദേഹം. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ഒരു വിശുദ്ധാത്മാവായി ആദരിക്കുകയും ചെയ്യുന്നു. മറ്റെല്ലാ ഗുണങ്ങളേക്കാളും അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിക്കാനാഗ്രഹിക്കുന്നത് ലാളിത്യമാണ്.
 
ലാളിത്യമെന്തെന്നു വിശദീകരിക്കേണ്ടതില്ല. അനുദിനജീവിതത്തില്‍, ലാളിത്യത്തെക്കാള്‍ ലാളിത്യത്തിന്റെ അഭാവമാണ് പെട്ടെന്ന് കണ്ണില്‍ പെടുന്നത്. ഇന്നത്തെ  ആഗോളാനുകരണങ്ങളുടെയും ഉപരിപ്ലവതൊങ്ങലുകളുടെയും കോലാഹലങ്ങള്‍ക്കിടയില്‍ പൊതുവേ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളില്‍ ഏറ്റവും അമൂല്യമായത് ലാളിത്യമാണെന്നു പറഞ്ഞാല്‍ അത് സത്യമാണെന്ന് അംഗീകരിക്കുവാനെങ്കിലും കഴിയുന്നവര്‍ ഇന്നുമുണ്ടായിരിക്കും. എന്നാല്‍ അവരില്‍പോലും ഭൂരിഭാഗത്തിനും അപ്രാപ്യവും അസ്വീകാര്യവും അതുകൊണ്ട് അതിവിരളവുമായ ഒരു ഗുണമാണ് ഇന്ന് ലാളിത്യം.

ഈ വിഷയത്തെപ്പറ്റി ഒരാഖ്യാനത്തിനുള്ള പുറപ്പാടല്ലയിത്. ഗാന്ധിജിയുടെ സ്വാധീനത്തിലൂടെ മെച്ചപ്പെട്ടതായി എനിക്കവകാശപ്പെടാവുന്ന ഒരു ചെറിയ കാര്യമെങ്കിലും എന്റെ ജീവിതത്തിലുണ്ടോ? എടുത്തുപറയാന്‍ ഒന്നും കാണുന്നില്ല. ഇന്നുമുതല്‍ അങ്ങനെ എന്തെങ്കിലുമൊന്നുണ്ടാവണം എന്ന് ഞാന്‍ തീരുമാനിച്ചു. പലതവണ ശ്രമിച്ചിട്ടും നടക്കാത്ത ഒരു വിഷയം അതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. അതിതാണ്. സ്വന്തം വീട്ടിലെങ്കിലും പഞ്ചസാരയുടെ ഉപയോഗം ഇന്നുമുതല്‍ നിറുത്തുക. ഒരു പാര്‍ശ്വഫലമെന്നോണം കാപ്പിയുടെയും ചായയുടെയും ഉപഭോഗവും അതോടേ കുറയുമെന്നാണെന്റെ പ്രതീക്ഷ. അതിവിടെ കുറിച്ചിടുന്നത് എന്തിനെന്നു ചോദിക്കാന്‍ പലര്‍ക്കും തോന്നുന്നുണ്ടാവണം. കാരണം മറ്റൊന്നുമല്ല. നാലുപേര്‍ വായിച്ചുകഴിഞ്ഞാല്‍, എനിക്കതൊരു ബാദ്ധ്യതയായി. എന്റെ പ്രതിജ്ഞയെ ലംഘിക്കുക എന്നത് അതോടേ ഒരു പരസ്യപാപമായി എനിക്കുതന്നെ തോന്നണം, ഒരു പിന്‍വാങ്ങല്‍ അസ്സാദ്ധ്യമാകണം.

പല രാസവസ്തുക്കള്‍ ഉപയോഗിച്ച് ശുദ്ധിചെയ്തു നിര്‍മ്മിക്കപ്പെടുന്ന പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് അത്യാവശ്യമല്ല. മാത്രമല്ല, അത് സാവധാനം ആരോഗ്യത്തെ ഹനിക്കുന്നതുമാണ്. ഭാഗ്യവശാല്‍ എനിക്കിതുവരെ പ്രമേഹരോഗമില്ല. ആ രോഗത്തെ ഭയന്നല്ല, അനാവശ്യമായ ഒരു തഴക്കം മാറ്റിയെടുക്കുക എന്നത് ലാളിത്യത്തിന്റെ ഭാഗമാണെന്നതാണ് എന്നെ ഇപ്പോള്‍ നയിക്കുന്ന പ്രചോദനം. ഇന്നല്ലെങ്കില്‍ ഇനി ഒരിക്കലുമില്ല എന്ന് എന്റെ അന്ത:കരണം എന്നോട് പറയുന്നു. ഈ ദിവസവും, ഇന്നോര്‍മ്മിക്കപ്പെടുന്ന, ലാളിത്യത്തിന്റെ ഏറ്റവും ഉത്തമമാതൃകയായിരുന്ന, നമ്മുടെ മഹാത്മാവും അതിനെനിക്ക് ഒരു നിമിത്തമാകട്ടെ.

സ്വരലയം

ഒരു സ്വപ്നത്തിലെ കഥയല്ല, കഥയിലെ സ്വപ്നമാണ് എന്നേറ്റുപറഞ്ഞുകൊണ്ടുതന്നെ ഈ അനുഭവം വെളിപ്പെടുത്തുകയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍നിന്നാണ് ഇതിന്റെ ഊടും പാവും ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നതുകൊണ്ടാണ് പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷവും എന്റെ മനസ്സിലിതു മായാതെ കിടക്കുന്നത്. ഇതിലെ സ്ഥലകാലസാന്നിദ്ധ്യങ്ങളെ അറിയാത്തവര്‍ക്ക് ഇതിന്റെ ഉള്ളുകള്ളികള്‍ അത്രയൊന്നും മനസ്സിലായെന്നുവരില്ല. എന്നിരുന്നാലും, ഉണ്മയില്‍ നിന്ന് ശൂന്യതയെ നെയ്തെടുക്കുകയാണോ, ശൂന്യതയില്‍ നിന്ന് ഉണ്മയെ സൃഷ്ടിക്കുകയാണോ ഒരു സ്വപ്നത്തിന്റെ പണി എന്ന് ചിന്തിക്കാന്‍ ഇത് പ്രേരകമായേക്കാം. രണ്ടുംകൂടിയാണ് എന്നാണെന്റെ നിഗമനം.

സസ്യവേലികളുടെ ഗ്രാമം എന്നര്‍ത്ഥം വരുന്ന Hägendorf-ല്‍ (Switzerland) നിന്ന് ആയിരം മീറ്ററോളം ഉയരമുള്ള അല്ലെർഹൈലിഗെൻബെർഗ്  (Allerheiligenberg) എന്ന കുന്നിന്മുകളിലേയ്ക്ക് ഒറ്റയ്ക്ക് നടക്കുകയാണ് ഞാന്‍. ഏപ്രില്‍ മാസത്തിലെ ഇളംചൂടുള്ള ഒരു ദിവസം. സസ്യങ്ങളായ സസ്യങ്ങളെല്ലാം തളിര്‍ത്തും പൂവിട്ടും വസന്തത്തിന്റെയാഗമനം അറിയിക്കുന്നുണ്ട്. കിളികളെല്ലാം ഉല്ലസിച്ച് ബഹളംവയ്ക്കുന്നുണ്ട്‌. നായ്ക്കളെ നടക്കാന്‍ കൊണ്ടുപോകുന്നവര്‍, അന്യര്‍ അടുത്തുവരുമ്പോള്‍, അവയെ തുടലില്‍ കുരുക്കുകയും പിന്നീട് അഴിച്ചുവിടുകയും ചെയ്യുന്നു. ഇടയ്ക്കിടയ്ക്ക് അവ കാഷ്ടിക്കുന്നത് ചെറിയ പ്ളാസ്റ്റിക് കൂടിനുള്ളിലാക്കി, വഴിയരുകില്‍ അതിനായി സ്ഥാപിച്ചിരിക്കുന്ന പെട്ടികളിലിടുന്നത് കാണാം. മറ്റ് നടത്തക്കാര്‍ക്ക് അസഹ്യമാകുന്നതൊന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകരുത് എന്ന മര്യാദയുടെ പ്രതിഫനലങ്ങളാണ് ഇതൊക്കെ. തിരിച്ചു വീട്ടിലേയ്ക്ക് ലൈന്‍ബസ്സില്‍ പോകാമെന്ന് ഞാന്‍ കരുതി.

Allerheiligenberg ൽ നിന്ന് ബസില്‍ കയറി ഞാന്‍ Kantonsspital Olten വരെയുള്ള റ്റിക്കറ്റെടുത്തു. Hägendorf -ല്‍ നിന്ന് 11 കി.മീ. അകലെക്കിടക്കുന്ന ടൌണ്‍ ആണ് ഓള്‍ട്ടന്‍. ‌കിഴുക്കാംതൂക്കായി പോകുന്ന വഴിയിലൂടെ ഇറങ്ങി വലിയ മണിമാളികയുള്ള ഒരു കെട്ടിടത്തിനടുത്ത് ബസ്സ്‌ നിറുത്തിയപ്പോഴാണ് സ്വപ്നകരമായ ഒരനുഭൂതിയില്‍ നിന്ന് ഞാന്‍ ഞെട്ടിയുണരുന്നത്. അദ്ഭുതമെന്നേ പറയേണ്ടൂ, ആ ചുരുങ്ങിയ സമയംകൊണ്ട് മറ്റെവിടെയെല്ലാമോ ഞാന്‍ സഞ്ചരിച്ചുകഴിഞ്ഞിരുന്നു. മുംബയില്‍ ലോവര്‍ പരേലില്‍ ഒരു സിന്ധി കോളനിയുണ്ട്. അതിന്റെ കിഴക്കുഭാഗത്ത് ഒരു കുന്നുണ്ട്. ഞാന്‍ വളരെക്കാലം കയറിയിറങ്ങിയിട്ടുള്ള ആ തിട്ടയാണ് എന്തുകൊണ്ടോ എന്റെ മനസ്സിലപ്പോള്‍ തെളിഞ്ഞുവന്ന ദൃശ്യം. അവിടെ നിന്ന് പുറപ്പെടുന്ന ബെസ്റ്റ് (Bombay Electricity and State Transport) -ന്റെ ഡബിള്‍ ഡെക്കര്‍ ബസ്സില്‍ എത്ര തവണയാണ് ഞാന്‍ ഓടിക്കറിയിട്ടുള്ളത്. ആ ഓര്‍മ്മകളെ ലാളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ബസ്സില്‍നിന്നിറങ്ങി, വീണ്ടും ഏകാകിയായി അല്പംകൂടെ നടക്കാനാഗ്രഹിച്ച്, മുകളിലേയ്ക്ക് കയറുന്ന ഒരു നടപ്പാതയിലൂടെ ഞാന്‍ മുന്നോട്ടു നീങ്ങി. അവിടെയടുത്ത്, Platz der Stille (വിശ്രാന്തിയുടെ സ്ഥലം) എന്നറിയപ്പെടുന്ന, ലോവര്‍ പരേലിലേതിനു സമാനമായ, നിരപ്പേല്‍ ഒരു കൊച്ചു ലൈബ്രറിയുണ്ട്. ഞാനവിടെ കയറി. ഒരു ഹാളില്‍ പൊതുപരിശീലനത്തിനായി വച്ചിരിക്കുന്ന ഒരു പിയാനോയില്‍, മുമ്പില്‍ പാശ്ചാത്യരീതിയില്‍ നോട്ടെഴുതിയ കടലാസില്‍ നോക്കി, വായിക്കുന്നതാരെന്നോ? സാക്ഷാല്‍ നിത്യചൈതന്യയതി! ബേതോവെന്റെ Für Elise (For Elise) എന്ന ഗീതമാണദ്ദേഹം ഒപ്പിച്ചെടുക്കാന്‍ നോക്കുന്നത്; പക്ഷേ അത്ര ശരിയാകുന്നില്ല. അടുത്തുചെന്നുനിന്ന്, ശ്രദ്ധിച്ചുകൊള്ളട്ടേയെന്നു ചോദിച്ച് ഞാന്‍ ഒന്നു ചിരിച്ചു. ആഹാ, ഇതാര്, ഇവിടെയടുത്താണോ താമസം എന്നെന്നോട് ചോദിച്ചുകൊണ്ട് അദ്ദേഹമെഴുന്നേറ്റു. സ്വിറ്റ്സര്‍ലന്റില്‍ വന്നതിന്റെ ഉദ്ദേശ്യവും മറ്റും എന്നോട് വിവരിച്ചുകൊണ്ട്, എന്റെകൂടെ ചുരം കയറി കൂടെനടന്നു. Olten -ല്‍ ഉള്ള ബെനെഡിക്റ്റിന്‍ ആശ്രമത്തിലാണ് താമസം, വാടകയല്പം കൂടുതലാണ് എന്നൊക്കെ പറഞ്ഞു. എന്റെ വീട്ടില്‍ വന്നു തങ്ങാം, ആ കാണുന്ന ഗോപുരത്തിനടുത്താണ് എന്നൊക്കെ ഞാനും പറഞ്ഞു. വീട്ടില്‍ വരാമെന്ന് മാത്രം അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീട്ടില്‍ വന്നു. പള്ളിയറ ശ്രീധരനെഴുതിയ 'ഗണിതം രസകരം' എന്ന കൊച്ചു പുസ്തകം എന്റെ ആണ്‍കുട്ടികള്‍ക്ക് സമ്മാനിച്ചു. അതെടുത്തു ഞാന്‍ മറിച്ചുനോക്കി. കുട്ടികളെ ഒരു കണക്കു പഠിപ്പിക്കാന്‍ വേണ്ടി ഒരദ്ധ്യാപകന്‍ പറയുന്ന കഥയില്‍ ഒരൊസ്യത്തിന്റെ വിവരണം ഇങ്ങനെയാണ്: "ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍, ഭാര്യയുടെ വിഹിതത്തിന്റെ ഇരട്ടി അവന്. പെണ്‍കുഞ്ഞാണെങ്കില്‍, നേര്‍പകുതി." ഇത് കണ്ടതേ, ഞാന്‍ വാചാലനായി.

"വായിച്ചു പോകുന്നവര്‍ക്ക്, വിശേഷിച്ച് കുട്ടികള്‍ക്ക്, ഒന്നും തോന്നുന്നില്ലെന്നായിരിക്കാം ഗ്രന്ഥകാരന്റെ ഭാവം. എന്നാലദ്ദേഹത്തിനു തെറ്റി. ചെയ്യുന്നതെന്തെന്നറിയാതെ, ധാരാളമെഴുത്തുകാര്‍ ഇത്തരം വികൃതഭാഷ്യങ്ങള്‍ തൊടുത്തുവിടാറുണ്ട്‌. എന്നിട്ട്, പൊതുവേദികളിലും മാധ്യമങ്ങളിലും ആണ്‍-പെണ്‍ തുല്യതക്കുവേണ്ടി പടുവായ്‌ കീറും." അല്പം കുപിതനായി ഞാന്‍ പറഞ്ഞു. ഗുരു എതിരൊന്നും പറഞ്ഞില്ല.

നിത്യചൈതന്യ യതിയുടെ കൃതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്, പലതും പഠിപ്പിച്ചിട്ടുണ്ട്. ശ്രീ ശങ്കരാചാര്യരുടെ വിവേകചൂടാമണിയുടെ വിശദീകരണമായി യതി എഴുതിയ വേദാന്തപരിചയം (രണ്ട് വലിയ വാല്യങ്ങള്‍‍) എടുത്തുപറയേണ്ടതാണ്‌. ഇരുപതു വര്‍ഷമെടുത്തു ഇവ പൂര്‍ത്തിയാക്കാന്‍. അതും 1999 ല്‍ അദ്ദേഹം മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ്. ഊട്ടിയില്‍ നടരാജഗുരു ഗുരുകുലം സ്ഥാപിക്കുകയും യതി അതിന്റെ സാരഥിയാകയും ചെയ്തശേഷം, ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ അവിടെവച്ച് പരിചയപ്പെട്ടു. അന്ന് അടുത്തുള്ള ഒരു വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ അദ്ദേഹത്തിന് ചുറ്റുംകൂടി നിന്നിരുന്നു. അത് ഞാന്‍ ഓര്‍ത്തിരിക്കാന്‍ പ്രധാന കാരണം, അവിടെ അന്ന് കണ്ട ഒരു പെണ്‍കുട്ടിയുടെ മായാത്ത രൂപമാണ്. കഷ്ടിച്ച് നാല് വയസ് കാണും അവള്‍ക്ക് പ്രായം. പേര് തെരേസ്. അവള്‍ നടക്കുന്നതും ചെയ്യുന്നതുമെല്ലാം നൃത്താത്മകമായിരുന്നു. എന്തൊരു താളലയം! അങ്ങേയറ്റം സഹജമായ അവളുടെ ആ വശ്യത പിന്നീടൊരിക്കലും എനിക്ക് മറക്കാനായിട്ടില്ല. പ്രകൃതിയില്‍ സ്ഥായിയായി ഒരു താളാത്മകഭാവം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്ക് ആദ്യം കാണിച്ചു തന്നത് ആ കൊച്ചു പൈതലാണ്. എന്തുകൊണ്ടെന്നറിയില്ല, "Für Elise" കേള്‍ക്കാനിടവരികയോ അത് മൂളിക്കൊണ്ട് നടക്കുകയോ ചെയ്യുമ്പോഴെല്ലാം, ആ കുഞ്ഞിന്റെ അഴകേറിയ രൂപവും ഭാവങ്ങളും എന്നിലേയ്ക്ക് കടന്നുവരികയും എനിക്കുണ്ടാകുന്നതെല്ലാം പെണ്‍കുഞ്ഞുങ്ങളായിരിക്കാന്‍ കൊതിക്കയും ചെയ്തുകൊണ്ടിരുന്നു. 
 
രസകരമായ ഒരു കഥയുണ്ട് Für Elise യുടെ സൃഷ്ടിയെപ്പറ്റി. Beethoven അതെഴുതിയത്, അദ്ദേഹം സ്നേഹിച്ചിരുന്ന ഒരു തെരേസിനു വേണ്ടിയായിരുന്നു. അവള്‍ കൈവിട്ടുപോയപ്പോള്‍, For Theres എന്നത് For Elise എന്ന് മാറ്റിയതാണത്രേ.

തീരെ പരിമിതമായ സ്വരങ്ങള്‍ കൊണ്ട്, A minor scale -ല്‍ അതിലളിതമായ, എന്നാല്‍ ശ്രുതിമധുരമായ ലയത്തെ സൃഷ്ടിക്കുകയാണ് ബേതോവെന്‍ അതിലൂടെ സാധിച്ചിരിക്കുന്നത്. സഡ്ജത്തില്‍ നിന്ന് വലിയ നിഷാദത്തിലേയ്ക്ക് ഒഴുകിയിറങ്ങുമ്പോളുണ്ടാകുന്ന അരസ്വരത്തിന്റെ (half note) ആവര്‍ത്തനംകൊണ്ട് വിഷാദാത്മകമായ ഒരനുഭൂതിയുണ്ടാക്കുന്ന സൂത്രമാണിതില്‍ പ്രയോഗിച്ചിരിക്കുന്നത്. പല്ലവിയുടെ ആരംഭം ഇങ്ങനെ:



ചരണത്തിലേയ്ക്ക് വരുമ്പോള്‍, ഊട്ടിക്കാരി കൊച്ചുതെരേസിന്റെ നൃത്തഭംഗികളാണ് എന്നുള്ളില്‍ നിറയുക. കീര്‍ത്തികേട്ട ഈ റ്റ്യൂണ്‍ ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.youtube.com/watch?v=yAsDLGjMhFI&feature=related 
ലിങ്ക് തുറക്കുമ്പോള്‍, ജൂലിയ ഫിഷെര്‍ പിയാനോയില്‍ ഈ സംഗീതം വായിക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ മനോഹരമാണ്, അവരുടെ ശരീരം മുഴുവന്‍ സംഗീതത്തിനൊത്ത് താളാത്മകമാകുന്നതും കൈവിരലുകള്‍ കട്ടകളില്‍ ഒട്ടും മര്‍ദ്ദം ചെലുത്തുന്നതായി തോന്നിക്കാതെ, നൃത്തംവച്ച് ഒഴുകിയൊഴുകി മാറുന്നതും കാണുക. അവളുടെ ശരീരം മുഴുവന്‍, ഊട്ടിയില്‍ വച്ച് എന്റെയകതാരില്‍ കടന്നുകൂടിയ പെണ്‍കുഞ്ഞിനെപ്പോലെ, ഒരു സുന്ദരഗീതത്തിലെ താളവും ലയവുമായി മാറുന്ന അത്യപൂര്‍വമായ  അനുഭവമാണ് കാണികളിലും ശ്രോതാക്കളിലും സൃഷ്ടിക്കുന്നത്.

കൂടുതൽ സംഗീതാസ്വാദനം ആഗ്രഹിക്കുന്നവർക്കായി ഒരു ലിങ്ക്കൂടെ തരാം. 

Für Elise glass harp ൽ  വായിക്കുന്നത് അനുഭവിച്ചറിയുക. https://www.youtube.com/watch?v=47TGXJoVhQ8

അവബോധത്തിലേയ്ക്ക്

കണ്ണു മറ്റൊന്നിലുമൂന്നാത്തോരെല്ലാം
കണ്ണനെ കണ്ടറിയുന്നു. (ബാലാമണിയമ്മ)

നിങ്ങളൊരു മലമുകളില്‍ നില്‍ക്കുകയാണ്. ഇടക്കല്പം വിശ്രമിച്ചും, ചുറ്റുമുള്ളവ കണ്ടാനന്ദിച്ചുമാണ് അവിടെയെത്തിയത്. മൌനസാന്ദ്രമായ ഒരു കുളിര്‍കാറ്റ് വീശുന്നുണ്ട്. വിദൂരതയിലേയ്ക്കുള്ള നോട്ടം വിസ്മയാവഹമാകുന്നു. പര്‍വ്വതനിരകള്‍ ഒന്നിന് പിറകിലൊന്നായി നോക്കെത്താദൂരം നിരന്നുനില്‍ക്കുന്നു. ചില ഗിരിശൃംഗങ്ങള്‍ മഞ്ഞില്‍ മൂടിക്കിടക്കുന്നു. ഭൂമിയില്‍ നിന്നുയര്‍ത്തപ്പെട്ടതുപോലെ എത്രനേരം വേണമെങ്കിലും ദാഹവും വിശപ്പും മറന്ന്, അവിടെക്കഴിയാന്‍ നിങ്ങളാഗ്രഹിക്കുന്നു. കാരണം, നിശ്ചലതയും വിദൂരതയും ആത്മാവിന്റെ സമയമില്ലായ്മയുമായി ഒരുമിച്ചുകിടക്കുന്നു. ഒന്നിനെയും അളക്കാനാഗ്രഹിക്കാത്ത നിങ്ങളുടെയുള്ളും അളവിനതീതമാണെന്നു നിങ്ങളറിയുന്നു. പക്ഷേ, ഒരു കാര്യം നിങ്ങള്‍ തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കുന്നു - ഉള്ളിലേക്ക് പ്രാണവായുവെടുക്കുക. ശ്വസിക്കുക എന്നത് എപ്പോഴും നിങ്ങളോടൊത്തുണ്ട്. അതാണ്‌ ഏറ്റവും അടിസ്ഥാനപരമായ താളം. നിങ്ങളെ സംബന്ധിച്ചിടത്തോളം, മറ്റെല്ലാ താളങ്ങളും ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഈ താളമാണ് പ്രാണനെ നിങ്ങളില്‍ നിലനിര്‍ത്തുന്നത്. പ്രപഞ്ചവുമായി നിങ്ങള്‍ക്കുള്ള ഈ പൊക്കിള്‍ക്കൊടിബന്ധത്തില്‍ നന്ദി തോന്നി നിങ്ങള്‍ സ്വയം മറക്കുന്നു.
അജിത്കുമാര്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലാണ്. യാത്രക്കാരില്‍ ചിലരൊക്കെ തമ്മില്‍ സംസാരിക്കുന്നുണ്ട്. ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ചിലപ്പോള്‍ വണ്ടി നിറുത്തുന്നു, വീണ്ടും ഒരിരപ്പോടെ വേഗം കൂട്ടുന്നു. അജിത്കുമാര്‍ വെളിയിലേയ്ക്കു നോക്കിരിയിക്കുകയാണ്. പ്രത്യേകിച്ചൊന്നിലേയ്ക്കും സൂക്ഷിച്ചു നോക്കുന്നില്ല. പുറകോട്ടു നീങ്ങുന്ന മരങ്ങള്‍, വീടുകള്‍; അങ്ങ് ദൂരെ, ഓടുന്ന വണ്ടിയോടൊപ്പം നീങ്ങുന്ന കുന്നിന്റെ ദൃശ്യങ്ങള്‍. എല്ലാം എത്ര സുന്ദരമെന്നയാള്‍ ഉള്ളിലറിയുന്നു. പക്ഷികള്‍ മരച്ചില്ലകളിലിരുന്ന് ഓരോന്ന് കൊത്തിപ്പെറുക്കുന്നു, പരസ്പരം കിളികൊഞ്ചല്‍ നടത്തുന്നു. അവ പറന്നുപോകുമ്പോള്‍, തനിക്കും ഇങ്ങനെ യഥേഷ്ടം വായുവില്‍ ചലിക്കാനാകുമായിരുന്നെങ്കില്‍ എന്നയാള്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം, അയാളോര്‍ക്കുന്നു, തന്റെയുള്ളില്‍ എന്തോ ഒന്നുണ്ട്, അതിന് ഏത്‌ സമയത്തും, എത്ര വിദൂരതയിലേയ്ക്കും പറക്കാന്‍ കഴിയുന്നുണ്ടല്ലോ എന്ന്. അങ്ങനെ പറന്നുയര്‍ന്ന് മുകളില്‍ നിന്നുകൊണ്ട്, താഴെ നടക്കുന്ന ധൃതിപിടിച്ച പ്രവേഗങ്ങളെ നിസ്സംഗനായി ഒന്നു നോക്കിയിട്ട്, മറന്നുകളയാന്‍ കഴിയുക തനിക്കും ആകുന്നുണ്ടല്ലോ എന്നയാള്‍ കൃതാര്‍ത്ഥതയോടെ വിചാരിക്കുന്നു. ശരീരം യാത്രയിലാണ്; ആത്മാവ് പ്രശാന്തിയില്‍ മുഴുകിയിരിക്കുന്നു എന്നാണതിനര്‍ത്ഥം
 
കത്രിക്കുട്ടി തന്റെ കൊച്ചു മകളെയും മകനെയും കൊണ്ട് അടുത്തുള്ള പുഴയില്‍ നനച്ചുകുളിക്കാന്‍ പോയിരിക്കയാണ്‌. കുട്ടികള്‍ തീരത്ത്‌ മണലില്‍ കളിക്കുമ്പോള്‍, അവള്‍ അരയോളമെത്തുന്ന ശുദ്ധമായ വെള്ളത്തിലിറങ്ങി ഒന്നു മുങ്ങി നിവരുന്നു. ചെറിയ ചൂടോടെ സൂര്യന്‍ പ്രകാശിക്കുന്നുണ്ട്. ജലം ശരീരത്തിന് നല്‍കുന്ന ആനന്ദാനുഭൂതി അവളെ കുളിരണിയിക്കുന്നു. അവള്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നു, അവളുടെ ചോരയും മാംസവും. ഇല്ലായ്മയില്‍ നിന്ന്, ജീവന്റെ വഴിയില്‍ അവളോട്‌ ചേര്‍ന്ന രണ്ടോമനകള്‍. എതോ ഒരനുഭൂതിയില്‍ അവള്‍ തിരിച്ചറിയുന്നു, ഈ കൊച്ചുങ്ങള്‍ മാത്രമല്ല, കാലങ്ങള്‍ക്കും ദൂരങ്ങള്‍ക്കുമപ്പുറത്ത്, എല്ലാ ജീവനും ഒന്നുതന്നെയല്ലേ, എന്ന്. അവളെച്ചുറ്റിനില്‍ക്കുകയും, അതേ സമയം ഒഴുകുകയും ചെയ്യുന്ന വെള്ളം ഈ ജീവന്റെ ഒരു പ്രതീകമല്ലേ? എവിടെ തുടങ്ങുന്നു, എങ്ങോട്ടൊഴുകുന്നു, എവിടെയെത്തും എന്നൊന്നും അറിയാനാഗ്രഹിക്കാത്ത ഒരു വികാരം അവളെപ്പൊതിയുന്നു. ഹൃദയം നിറഞ്ഞ്, അവള്‍ ഒരുവേള അതിലേയ്ക്ക് മുങ്ങിക്കിടക്കുന്നു. ജലത്തില്‍ ആമഗ്നയാകുകയെന്നാല്‍ ഏത്‌ വിധേനയും രൂപപ്പെടാന്‍ തയ്യാറായിരിക്കുന്നതുപോലെയാണ്. കുട്ടികള്‍ രണ്ടും ഓടിയെത്തി അവളോട്‌ ചേരുമ്പോള്‍, പ്രകൃതിയുടെ ലാളനയില്‍ മൂവരും ലയിക്കുന്നു. ലാളനയെന്നാല്‍, ചുറ്റുപാടുമൊത്തുള്ള ലയത്തില്‍ ആളിക്കുകയാണ്.


ഞങ്ങളുടെ  കുടുംബസുഹൃത്തായിരുന്ന ജാന്‍സി ഫിലിപ്പിന് അന്‍പത്തിമൂന്നാം വയസില്‍ സ്തനാര്‍ബുദം പിടിപെട്ടു. പ്രസരിപ്പും സ്നേഹവും നിറഞ്ഞ, എപ്പോഴും നിഷ്ക്കളങ്കയും നിസ്സ്വാര്‍ത്ഥയുമായി ജീവിച്ചിരുന്നയവള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന് അവളെ സ്നേഹിച്ചിരുന്നവരൊക്കെ സഹതാപം പൂണ്ടു. കിമോതെറപ്പിയുടെ ക്രൂരതകളും ശസ്ത്രക്രിയയുമൊന്നും അവള്‍ക്ക് ഗുണകരമായില്ല. രോഗം മറ്റ് അവയവങ്ങളിലേയ്ക്കും വ്യാപിക്കാന്‍ തുടങ്ങി. അപ്പോള്‍, എങ്ങനെയെന്നറിയില്ല, പെട്ടെന്നൊരുനാള്‍, താന്‍ സുഖപ്പെടാന്‍ പോകുകയാണ്, തന്റെ ചുറ്റും വ്യാപിച്ചിരിക്കുന്ന വളര്‍ച്ചയുടെയും സഹകരണത്തിന്റെയും ജീവചൈതന്യം തന്നിലേയ്ക്കും പ്രസരിക്കുന്നതായി അവള്‍ക്ക് തോന്നിത്തുടങ്ങി. ശക്തിയായി ഒന്നു പനിച്ചു. അതു വിട്ടപ്പോള്‍, താന്‍ ഇപ്പോള്‍ ഒരു രോഗിയല്ല എന്നവള്‍ക്ക് സ്വയം തീര്‍ച്ചതോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ അവളുടെ രോഗവിമുക്തി സ്ഥിരീകരിച്ചു. വിരളമായിട്ടാണെങ്കിലും ഇത്തരം സുഖപ്രാപ്തികള്‍ സംഭവിക്കാറുണ്ട്. അവയ്ക്കൊരു വിശദീകരണം എളുപ്പമല്ല. ഈ രോഗികള്‍ പൊടുന്നനെ ഒരു സവിശേഷ അവബോധത്തിലെത്തുകയും, അതോടേ, തനിച്ചുനില്‍ക്കുന്ന അസ്തിത്വങ്ങളല്ല തങ്ങളെന്നും, ചുറ്റുമുള്ള പ്രതിരോധത്തിന്റെയും സുഖപ്പെടലിന്റെയും ധാരാളിത്തം നിറഞ്ഞ ശക്തികളില്‍ തങ്ങളും പങ്കാളികളാണെന്നും അവര്‍ തിരിച്ചറിയുകയും ചെയ്യുന്നു. രോഗഗ്രസ്തമായിരുന്ന ശരീരം അപ്രതീക്ഷിതമായ ചെറുത്തുനില്‍പ്പിന് ശക്തിനേടുന്നു.
 

ഇത്തരമൊരനുഭവമാണ് Quantum Healing എന്ന തന്റെ വിഖ്യാതമായ കൃതിയെഴുതാന്‍ ഡോ. ദീപക് ചോപ്ര M.D.ക്ക്‌ നിമിത്തമായിത്തീര്‍ന്നത്‌. Quantum is "the indivisible unit in which waves may be emitted or absorbed" (Stephen Hawking). In layman's terms, the quantum is a building block, the smallest element from which energy exudes, be it light, electricity, gravity or other forms of it. (Quantum Healing- Exploring the Frontiers of Mind/Body Medicine)
 
മനുഷ്യാവബോധത്തിന്റെ അങ്ങേയറ്റത്തെ വികാസത്തിനുള്ള ഏറ്റവും വലിയ തെളിവാണ് വേദാന്തം. Cosmic computer എന്നൊന്ന് സങ്കല്‍പ്പിക്കാമെങ്കില്‍, അതുതന്നെയാണ് വേദാന്തത്തിന്റെ ഉള്ളടക്കം എന്ന് പറയാം. (ദീപക് ചോപ്ര). പ്രാപഞ്ചികപ്രതിഭാസങ്ങള്‍ എല്ലാംതന്നെ അതിലേയ്ക്ക് സന്നിവേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാരതത്തിലെ ഋഷികള്‍ കരുതിയത്‌, നമ്മുടെ തലച്ചോറ് അത്രയൊന്നും പ്രധാനമല്ല എന്നാണ്. നമ്മുടെ വ്യഷ്ടിഗതമായ സാദ്ധ്യതകള്‍ അതിലൂടെ പ്രതിഫലിക്കപ്പെടുന്നു എന്നതു മാത്രമാണ് അതിന്റെ പ്രാധാന്യം. ഒട്ടു മിക്ക സമയവും, തലച്ചോറ് നമ്മെ കാണിക്കുന്ന ലോകം തന്നെയാണ് നമ്മള്‍. ഒരു താരതമ്യം ഇങ്ങനെയാവാം. ഒരു കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ബിംബവും കണ്ണാടിയും ഒന്നായിത്തീരുന്നതുപോലെ നമ്മുടെയുള്ളില്‍ പ്രതിഫലിക്കുന്നത് മാത്രമാണ് നമുക്കറിയാന്‍ കഴിയുന്നത്‌. വേദം തന്നെ തരുന്ന നല്ല ഒരുദാഹരണമുണ്ട്. നാമോരോരുത്തരും, അല്ലെങ്കില്‍ നമ്മുടെ ബോധം, കടലിലെ തിരപോലെയാണ്. ഒരു തിര അതിനെ മാത്രമേ അറിയുന്നുള്ളൂ. അടിച്ചുകൊണ്ടിരിക്കുവോളം, "ഞാനൊരു തിരയാണ്" എന്ന് ഓരോ തിരയും കരുതുന്നു. എന്നാല്‍, ശാന്തമാകുന്ന നിമിഷത്തില്‍ അത് അനന്തവും നിശ്ചലവും മാറ്റമില്ലാത്തതുമായ സമുദ്രം തന്നെയാണെന്ന് തിരിച്ചറിയുന്നു. തിരയല്ലാതാകുക എന്നതാണ് ഈ തിരിച്ചറിയലിനു വേണ്ടിവരുന്ന വില. അതുപോലെ, നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മനസ്സിലെ തിരകളാകുന്ന ചിന്തകള്‍ എത്ര ശക്തിയായും വകതിരിവില്ലാതെയും അടിച്ചുകൊണ്ടിരിക്കുന്നുവോ, ബഹളംവച്ചുകൊണ്ടിരിക്കുന്നുവോ, അത്രയും വിരളമായേ ഒരാള്‍ വേദാന്തം കണ്ടെത്തിയ സത്യം, എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുന്ന ഒരേകത്വം ഉണ്ടെന്ന സത്യം, തിരിച്ചറിയാനിടയുള്ളൂ. ആ അനുഭവത്തിലേയ്ക്ക് വരാന്‍ ഒരു വഴിയേ ഉള്ളൂ, ആര്‍ത്തിരമ്പുന്ന തിര പതിയെപ്പതിയെ ശാന്തമാകുന്നതുപോലെ, ചിന്തയുടെ ബഹളങ്ങളെ അടങ്ങാനനുവദിക്കുക. എന്ന് വച്ചാല്‍, മനസ്സിനെ അങ്ങേയറ്റം നിശബ്ദമാക്കുക.      
              
അഹവും അതിന്റെ ലക്കില്ലാത്ത സവാരിക്കുപാധിയായ മനസ്സും തീര്‍ത്തും നിശബ്ദമാകുമ്പോള്‍ സംഭവിക്കുന്നതെന്തോ, അതാണ് ധ്യാനമെന്നയവസ്ഥ, അല്ലെങ്കില്‍ അവബോധം. അവബോധത്തിന്റെ ചില നിമിഷങ്ങളിലൂടെയാണ് നാം മുകളില്‍ കടന്നുപോയത്. ഈ അവസ്ഥയെപ്പറ്റി വളരെ കൃത്യമായി പറഞ്ഞിട്ടുള്ള ഒരാളാണ് ജെ. കൃഷ്ണമൂര്‍ത്തി. അദ്ദേഹത്തിന്റെ ചില വാക്യങ്ങള്‍ വളരെ പ്രകാശം പരത്തുന്നവയാണ്:

"ശീലിച്ചയാള്‍ക്ക് ഏത്‌ നേരത്തും എവിടെയും ധ്യാനനിരതനാകാം. പക്ഷേ, അവബോധത്തിന്റെ ശുഭദീപ്തിയില്‍ ചുറ്റുമുള്ള വസ്തുക്കള്‍ക്ക് അവയുടെ കല്പ്പിതാര്‍ത്ഥങ്ങള്‍ നഷ്ടപ്പെടുന്നു."


"അറിയാവുന്നവന്, അങ്ങേയറ്റം സാധാരണമായ ഒരു പ്രക്രിയയാണ് ധ്യാനം. അതിന് ആരംഭമോ അവസാനമോ ഇല്ല തന്നെ. അതൊരു മഴത്തുള്ളി പോലെയാണ്. അതില്‍ എല്ലാ അരുവികളും നദികളും തടാകങ്ങളും എല്ലാ ജലപതനങ്ങളും ഉള്‍കൊള്ളുന്നു. ഈ തുള്ളി മനുഷ്യരെയും ഭൂമിയെയും പരിപോഷിപ്പിക്കുന്നു. അതില്ലെന്നാല്‍ ഭൂമി വരണ്ടുപോകുന്നു. ധ്യാനമില്ലാത്ത ഹൃത്ത് വെറും മരുഭൂമിയാണ്."

"ധ്യാനിക്കുകയെന്നാല്‍
ചുറ്റുമുണ്ടാകുന്നവയെ
കണ്ടുകൊണ്ടിരിക്കുമ്പോഴും അതിനുമപ്പുറത്തേയ്ക്ക് നോക്കുകയാണ്."

"സംശുദ്ധമായ ധ്യാനത്തിലെത്താന്‍ നിസ്സംഗമായ ദൃഷ്ടിയാവശ്യമാണ്. അതായത്, അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നുള്ള പരമമായ സ്വാതന്ത്ര്യം. ഇവയെല്ലാം സംഘര്‍ഷങ്ങളെ സൃഷ്ടിക്കുന്നതിനാല്‍, ഉള്‍ക്കാഴ്ചയെ തടയുന്നു."

"നിശബ്ദതയും വിദൂരതയും ഒരുമിച്ച് പോകുന്നു. രണ്ടും ആത്മാവിന്റെ പരിധിയില്ലായ്മയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു."  


"ചിന്തിച്ചുകൊണ്ടിരിക്കുക എന്നത് ഒരു ദുരവസ്ഥയാണ്. കാരണം, അതെപ്പോഴും കഴിഞ്ഞവയെ ചുറ്റിപ്പറ്റിയാണ്. അതുവഴി എല്ലാ വ്യക്തതയും നമുക്ക് നഷ്ടപ്പെടുന്നു. എത്രയൊക്കെ ശ്രമിച്ചാലും, അറിയാത്തവയിലേയ്ക്ക് അറിഞ്ഞവയിലൂടെ ഒരിക്കലും ചെന്നെത്താനാവില്ല. ധ്യാനിക്കുക എന്നാല്‍ അറിഞ്ഞതിന്റെയെല്ലാം മരണമാണ്."

"ആളുന്ന തീയാണ് ധ്യാനം. അതില്‍ എല്ലാ ചിന്തയും കരിഞ്ഞുപോകുന്നു, അതോടൊപ്പം വികാരങ്ങളും. ഇവ രണ്ടും സ്നേഹമല്ല. സ്നേഹമില്ലാതെ ജ്ഞാനമില്ല. സ്നേഹമാകട്ടെ, ശൂന്യതയില്‍ നിന്നാണ് ജനിക്കുക."


"നീന്തലറിയാതെ വെള്ളത്തിലേയ്ക്ക് ചാടാന്‍ നീ ധൈര്യപ്പെടണം. ധ്യാനിക്കുന്നതിലെ സൌന്ദര്യമതാണ്.
" (
Meditationen: J. Krishnamurthi, Diogenes Verlag AG, Zürich, 2010)

ശ്രീബുദ്ധന്‍ ഇതെല്ലാം സംഗ്രഹിച്ചുപറഞ്ഞിട്ടുണ്ട്: "സത്യത്തെ സ്നേഹിക്കുന്നവന്‍ ആരുമായും ഒന്നുമായും ഇടയുന്നില്ല."