അനന്തതയിലേക്കുള്ള വഴിത്താരയിലെ
പനങ്കാവിലിരുന്നവള്‍ ചോദിച്ചു:
എപ്പോഴാണെനിക്കു നീ
ഒരു കുഞ്ഞിനെ തരിക?
അനന്തതയുടെ വേരുകള്‍ ആകാശത്തും
തുറ്റുവിതറിയ ശിഖരസഞ്ചയം
കീഴ്പ്പോട്ടുമാണ് വളരുന്നതെന്നറിഞ്ഞു-
കൊണ്ടവന്‍ പറഞ്ഞു: "ഇവിടെ, ഇപ്പോള്‍!"
അതീവ വാല്‍സല്യത്തോടെ മുലയൂട്ടുന്ന-
യമ്മയെപ്പോലെയായി അവള്‍.
തെല്ലൊന്നു മയങ്ങിപ്പോയ
അവരുടെ തണലിനായി
ആല്‍മരച്ചില്ലകള്‍ പോലെ
അനന്തതയുടെ വേരുകളിറങ്ങി.
അവര്‍ക്ക് ചുറ്റുമൊരു ഹരിത-
മഞ്ജുളംപോലവ ചുറ്റിപ്പിണഞ്ഞു.
അപ്പോഴേക്കുമവളുടെ ഗര്‍ഭപാത്രം വരെ-
യവന്‍ ചുരുങ്ങിപ്പോയിരുന്നു.
അവളുടെയോര്‍മ്മകളുടെ രക്ത-
ധമനികളവന് സുരക്ഷയായി.
എല്ലാം പിന്നോട്ട് വളരുന്നതറിഞ്ഞയവള്‍
അവനിലേക്കലിഞ്ഞമര്‍ന്നു.
അവളമ്മയായി -
അവനവളുടെ കുഞ്ഞും!
Subscribe to:
Post Comments (Atom)
0 comments:
Post a Comment