ഒരു വലിയ രഹസ്യമാണിത്. ജീവസന്ധാരണത്തിന് ഏറ്റവും ഉതകുംവിധമാണ് ഓരോ ജീവിയും അതിന്റെയാകൃതി സൂക്ഷിക്കുന്നത്. അചേതനവസ്‌തുക്കള്‍പോലും അവയുടെ ചുറ്റുവട്ടത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ആകൃതിയിലെത്തിച്ചേരുകയാണ് ചെയ്യുക. മഞ്ഞിന്റെയും ഐസിന്റെയും പരലുകള്‍ കാലാവസ്ഥാവ്യതിയാനത്തിനനുസരിച്ചു വ്യത്യസ്തമായി രൂപമെടുക്കുക മാത്രമല്ല, ചുറ്റുമുള്ള ജീവജാലത്തിന്റെ വൈകാരികതയെപ്പോലും പ്രതിഫലിപ്പിക്കുന്നുവെന്നു കൃത്യമായ പരീകഷണങ്ങള്‍ വഴി തെളിയിചിട്ടുള്ളതിന്റെ സംഗ്രഹം "ജലത്തിനു പറയാനുള്ളത്" എന്ന ഗ്രന്ഥത്തില്‍ വായിക്കാം. (മൂലകൃതി: Masaru Emoto, പരിഭാഷ: മംഗലത്ത് മുരളി)
എന്നാല്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു വസ്തുതയെന്തെന്നാല്‍, ഇവയുടെയെല്ലാം ആദിരൂപം യോനിയാണെന്നതാണ്. ത്രിമാനങ്ങളുടെ ഏറ്റക്കുറച്ചിലൊഴിച്ചാല്‍ മിക്ക സസ്യങ്ങളുടെയും ഇലകള്‍ക്ക് യോനീരൂപമാണുള്ളത്. പൂക്കളിലേറെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള യോനീമാതൃകകള്‍ തന്നെയാണ്. ജീവോല്‍പ്പത്തിയുടെ ആസ്ഥാനമാണല്ലോ നമുക്ക് യോനി. അതിന്റെയൊരു ചെറുപകര്‍പ്പാണ് മലയാളിയുടെ താലി എന്ന് എത്രപേര്‍ക്കറിയാം?
ഓര്‍ക്കിഡ് ഇന്ന് സര്‍വസാധാരണമാണ്. ഏതിനത്തില്‍ പെട്ടതായാലും, മനുഷ്യയോനിയുടെ തനിരൂപം എടുത്തു കാണിക്കുന്നുവെന്നത് ഓര്‍ക്കിഡ്‌പൂക്കളുടെ ഒരു സവിശേഷതയാണ്. Georgia O'Keeffe ഈ വസ്തുത തന്‍റെ വിഖ്യാതചിത്രങ്ങളിലൂടെ എടുത്തുകാണിച്ചിട്ടുണ്ട്. ചില ഓര്‍ക്കിഡ് പുഷ്പങ്ങളില്‍ അമ്പരപ്പിക്കുന്ന മറ്റൊരു സാദൃശ്യവുമുണ്ട്. ചിറകുകള്‍ വിരിച്ച്, തുത്ത് വിടര്‍ത്തി, ചുവന്ന കണ്ണുകളുമായി പൂമ്പരാഗത്തിലേക്ക് ചുണ്ടിറക്കുന്ന ഒരു പ്രാവിന്റെ സ്പഷ്ടമായ രൂപം! ഇതെങ്ങനെ ഒരു പൂവിന്‍റെ ഭാഗമായി എന്ന് നാം ചോദിച്ചുപോകും.
യോനിയെന്നു തന്നെ പേരെഴുതിയ ഒരു സുന്ദര കൃതി Rufus Camphausen (Diederichs Verlag, München) എഴുതിയിട്ടുണ്ട്. അതില്‍ പെന്‍സിലിന്റെ ലോലമായ സ്പര്‍ശത്തിലൂടെ Christina Camphausen സൃഷ്ടിച്ചിരിക്കുന്ന യോനീമാതൃകകള്‍ സ്പന്ദിക്കുന്നുണ്ടോ എന്ന് തോന്നുന്നത്ര വശ്യമാണ്. താപര്യമുള്ളവര്‍ സന്ദര്‍ശിക്കുക:
http://yoniversum.nl/book/smallposters.html
മദ്ധ്യയൂറോപ്പില്‍ വേനലന്ത്യത്തോടെ വിളയുന്ന വാള്‍ട്നുസ് (Waldnuss) പൊട്ടിച്ചാല്‍ കിട്ടുന്ന ഇരട്ടപ്പരിപ്പിന് മനുഷ്യതലച്ചോറിന്‍റെയാകൃതിയാണ്. രണ്ടു ഭാഗങ്ങളെ അയവും മാര്‍ദവവുമുള്ള പാടകൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. നേര്‍ത്ത ധമനികളോടുകൂടിയ ഒരാവരണം മൊത്തം പരിപ്പിനു പുറമേയുണ്ട്. തലച്ചോറിന്‍റെ ഉപരിതലത്തിലെന്നപോലെ നിറയെ വളഞ്ഞ ചാലുകളുണ്ടായിട്ടും ഈ പാട അനായാസം വിടുവിച്ചെടുക്കാം. എന്നാല്‍ പരിപ്പിന്റെ ഇരുഭാഗങ്ങള്‍ക്കും വീണ്ടും യോനിയുടെയാകൃതി! കടുകട്ടിയായ തോടിനെ ഒരിക്കല്‍ പിളര്‍ന്നു പുറത്തേക്കിറങ്ങേണ്ടയങ്കുരത്തിനാകട്ടെ, കൃസരിയോടു സാദൃശ്യം! ചുരുക്കത്തില്‍, പ്രകൃതി അവളുടെ മൂലരൂപങ്ങളെടുത്ത് വിവിധ ചാരുതകള്‍ ചേര്‍ത്ത് ചിത്രസൌകുമാര്യങ്ങളെ വീണ്ടും വീണ്ടും കടഞ്ഞെടുക്കുന്നു, അപ്രതീക്ഷിത വൈഭവത്തോടെ.
ഏതു കുരുവും മണ്ണില്‍നിന്ന് ഈര്‍പ്പവും ആകാശത്തുനിന്ന് ചൂടും കിട്ടുമ്പോള്‍ യോനീദലങ്ങളെപ്പോലെ രണ്ടായിപിളര്‍ന്ന് ജീവാങ്കുരത്തെ കരതലങ്ങള്‍കൊണ്ടെന്നപോലെ ആശ്ലേഷിച്ച് പുറത്തേയ്ക്കുയര്‍ത്തി തള്ളിവിടുന്നു. ജീവന്‍റെയുറവിടമെന്ന യോനിയുടെയര്‍ത്ഥം സ്ഫുടനം ചെയ്യപ്പെടുന്നു, സഹസ്രകോടി, കോട്യാനുകോടി തവണ!
0 comments:
Post a Comment