ഇതെന്റെ വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. ക്രിസ്തീയ മതതത്ത്വങ്ങളില്‍ ആഴമായ അറിവ് നേടിയിട്ടുള്ള ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ പോലും ഏറെനാള്‍ അവര്‍ പരിശീലിച്ച മതാവബോധങ്ങളില്‍നിന്ന് വ്യതിചലിച്ച് വിശ്വാസികളുടെ മനസ്സില്‍ തെറ്റിദ്ധാരണകള്‍ വരുത്തിവച്ചുകൊണ്ട് വഴിമാറി നടക്കുന്ന സംഭവങ്ങള്‍ കുറവല്ല. എന്നാല്‍ ഹൈന്ദവേതര മതബോധനകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ നല്‍കാന്‍ മടിക്കുന്ന, ഭാരതീയ തത്ത്വചിന്തയെക്കുറിച്ചുള്ള അറിവുകള്‍ സ്വമേധയാ സ്വായത്തമാക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ള വ്യക്തികള്‍ അവരുടെ അവബോധങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് പതിവ്. ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ ഇല്ലാത്തയേതോ മികവും തികവും ഹൈന്ദവ പ്രസ്ഥാനത്രയത്തില്‍ (ഉപനിഷത്തുകള്‍, ഭഗവദ്ഗീത, വേദാന്തസൂത്രം*) ഉണ്ടെന്നല്ലേ ഇതിന്റെ സാരം? എന്റെ വഴിക്ക് ഞാനും വര്‍ഷങ്ങളോളം ഈ രണ്ടാമത്തെ വഴിയേ സഞ്ചരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പരമമായ സത്ത, ആത്മാവ്, സത്യം എന്ന സനാതന മൂല്യങ്ങളെപ്പറ്റി ജീവപരിപോഷിതവും അതേ സമയം ക്രിസ്തുമതസിദ്ധാന്തങ്ങളില്‍ പ്രത്യക്ഷമായി കാണാത്തതുമായ എന്തെങ്കിലും അറിവുകള്‍ ലഭ്യമായതില്‍ ആഹ്ലാദിക്കാമെങ്കില്, അതിനുള്ള എല്ലാ പുണ്യവും മുന്‍ചൊന്ന മൂന്നു ചിന്താസരണികളുമായി ബന്ധപ്പെട്ടതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ക്രിസ്തുമതത്തില്‍ ദൈവമെന്നും പുണ്യമെന്നും മോക്ഷമെന്നുമൊക്കെ പറയുമ്പോള്‍ വളരെയധികം ഓജസ് ചിതറിപ്പോകുന്നത് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സഗുണദിവ്യത്വം സമയദേശസങ്കല്‍പ്പങ്ങളിലൂടെയാണ് അറിയപ്പെടുന്നത് എന്നതുകൊണ്ടാണ്. ഉപനിഷത്തിന്റെ ഭാഷയില്‍ അങ്ങനെയൊരു കുറവ് കടന്നുകൂടുന്നില്ല. അവിടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്ന വിവേചനങ്ങള്‍ ഈശ്വരീയതയേയും തദ്വാരാ നമ്മെയും ബാധിക്കുന്നേയില്ല. കാരണം, അതില്‍, എല്ലായിടത്തും എപ്പോഴും അതിന്റെ പൂര്‍ണതയില്‍തന്നെ ആയിരിക്കുന്ന ചൈതന്യം നിര്‍ഗുണബ്രഹ്മമാണ്. അത് എന്നിലെന്നപോലെ ഞാന്‍ കാണുന്നതും ബന്ധപ്പെടുന്നതുമായ എല്ലാറ്റിലും ഒരുപോലെയാണെങ്കില്‍, എന്താണ് പിന്നെയെന്നെ അലട്ടാനുള്ളത്? ആ ചൈതന്യത്തിന് വിട്ടുവിട്ട് ഓരോന്നിലും ആയിരിക്കാനാവില്ല എന്ന ബോധ്യം വന്നുകഴിഞ്ഞാല്‍, ഓരോ നിമിഷവും, ഇപ്പോള്‍ ഇവിടെ അനുഭവവേദ്യമായ മോക്ഷമായിത്തീരുന്നു. അന്വേഷണങ്ങളുടെ അവസാനമാണത്.
മനഃശാസ്ത്രപഠനത്തിന്റെ ഭാഗമായി പല പാശ്ചാത്യ/പൌരസ്ത്യ ചിന്തകരെ അറിഞ്ഞിട്ടുണ്ടെങ്കിലും രണ്ടു വശത്തുനിന്നും എന്റെ മനസ്സിനിണങ്ങിയ ഓരോരുത്തര്‍ എറിക് ഫ്രൊം (Eric Fromm), നിത്യചൈതന്യയതി എന്നിവരാണ്. ഭാഷയില്‍ ത് ജീവന്റെ ശബ്ദമാണെന്നും മനഃശാസ്ത്രത്തില്‍ ഏറ്റവും പ്രധാനമായി വരുന്ന ഒരു വിവക്ഷ 'ഇത്' എന്നുള്ളതാണെന്നും യതി കണ്ടെത്തിയിട്ടുണ്ട്. (ഈശാവാസ്യോപനിഷത്ത് - വ്യാഖ്യാനം). 'ഇത്' എന്നതിനെ അനുഗമിക്കുന്ന ചോദനകളാണ് ഇതെന്ത്, ഇതെന്തുകൊണ്ട്, ഇതെവിടെനിന്ന് തുടങ്ങിയവ. സ്ഥലത്തിലും കാലത്തിലും വസിക്കുന്ന നമുക്ക് 'ഇത്' (വേദാന്തഭാഷയില്‍ ഞാനും നീയും 'ഇത്' ആണ്. ത്വം എന്ന വിവക്ഷയില്‍ ഞാനും നീയും ഉള്കൊള്ളുന്നുണ്ട്.) ഉടനടി സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരന്വേഷണമായി മാറും. നാമറിയാതെതന്നെ നമ്മുടെ മേധ മനഃനശാസ്ത്രത്തില്‍ നിന്ന് ദര്‍ശനശാസ്ത്രത്തിലേയ്ക്ക് ചാടും. കാരണം, ഇതെന്താണെന്നു പറയണമെങ്കില്‍ 'അത്' വേണം. (അത് = തത് = സത് =സത്തയുള്ളതെല്ലാം). ഇതിനെയും അതിനെയും കൂട്ടിയിണക്കി, ഇത് അതാണ് എന്ന് പറയുന്നിടത്ത് വേദാന്തസാരം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞു. സത്യമായി അനുഭവപ്പെടുന്നതെല്ലാം സത് ആണ്.** അതുതന്നെയാണ് തത്. ഇനിയാണ് ഉപനിഷദ്ഭാഷയുടെ അനന്തസൌന്ദര്യം വെളിപ്പെടുന്നത്. തത് ത്വം ആണെന്നുള്ള ഒറ്റ സത്യത്തിലേയ്ക്ക് എടുത്തുചാടി തത്ത്വമസി (തത് ത്വം അസി = നീ അത് ആണ്) എന്ന് മനസ്സിലാക്കുമ്പോള്‍ ആത്മശാസ്ത്രവും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും എല്ലാം ഒരൊറ്റ അറിവായി സംഗ്രഹിക്കപ്പെടുകയാണ്.
ഇതില്‍നിന്നൊക്കെ വ്യക്തമാകുന്ന ഒരു കാര്യം, ഭാഷയിലെ ചില ശബ്ദങ്ങള്‍ക്ക് ദേശത്തെയും കാലത്തെയും ഉല്ലംഘിക്കാനുള്ള കഴിവുണ്ട് എന്നതാണ്. സ്വരങ്ങളും വ്യഞ്ജനങ്ങളും ചേര്‍ന്ന് നമ്മുടെ ഭാഷയിലെ ശബ്ദങ്ങളെ രൂപപ്പെടുത്തുന്ന അദ്ഭുതം എത്ര വശ്യമാണ്! ഈ ലേഖനത്തിലൂടെ സംഭവിക്കുന്നതുപോലെ, എഴുത്ത് എന്ന ഉപാധിവഴി എന്റെ മനസ്സ് എത്രയോ ദൂരെയുള്ള മറ്റു മനസ്സുകളുമായി സംവദിക്കുന്നു. കാരണം, വാക്കും അതിലെ സന്ദേശവും വൈദ്യുതിപോലെ ഊര്‍ജ്ജവാഹിനിയായിത്തീരുന്നു.
ഇതൊന്നു ശ്രദ്ധിക്കുക. ചലിക്കാന്‍ സമയം (time is defined as space between experiences) വേണം. അവസാനമുള്ളതിനേ സമയമുള്ളൂ. ചലിക്കാന്‍ ഇടം വേണം. പരിമിതിയുള്ളതിനേ ഏതെങ്കിലും ഇടത്തില്‍ ചലിക്കാനാവൂ. പൂര്‍ണവും സര്‍വ്വവ്യാപിയുമായതിന് ചലനമോ മാറ്റമോ ഇല്ല. ഈ അര്‍ത്ഥങ്ങളെല്ലാവും ഉള്‍ക്കൊള്ളുന്ന, ഭാഷയിലെ ഏറ്റവും സാന്ദ്രതയേറിയ ശബ്ദം ത്ത്വം (ത് + ത്വം) ആണ്. ഉണ്മയായ ഉണ്മയെല്ലാം തത് ആണെന്ന് പറയുമ്പോള്‍, ഛാന്ദോക്യോപനിഷത്തിലെ തത്ത്വമസി എന്ന മഹാവാക്യം എല്ലാ അറിവിന്റെയും അറിവായിത്തീരുന്നു. ത്വം അല്ലാത്തതെല്ലാം തത് ആണ് എന്നല്ല, മറിച്ച്, ത്വം, തത്, സത് - ഇവ മൂന്നും ഒന്നുതന്നെ എന്നാണ് ഈ മഹാവാക്യത്തിന്റെ സമ്പൂര്‍ണമായ അര്‍ത്ഥം; അതാണ് പരമാര്‍ത്ഥം - എന്തിനും ഏതിനും ആത്യന്തികമായി കൊടുക്കാവുന്ന അര്‍ത്ഥം.
ഈ തത്ത്വം ഉള്ളില്‍ തെളിഞ്ഞാല്‍ മാത്രമേ നമ്മുടെ അകതാരില്‍ സൌന്ദര്യം പോലും ആസ്വാദ്യകരമാകുകയുള്ളൂ. ഒരു നിമിഷത്തേയ്ക്കാണെങ്കില്‍ ഒരു നിമിഷത്തേയ്ക്ക് മനസ്സിനെ അഹത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് വലിച്ചടുപ്പിക്കുകയും അത്രയും നേരം മനസ്സിന് ഹരം പകരുകയും ചെയ്യാനാവുന്നതെന്തോ, അത് സുന്ദരമാണ്. അത് മറ്റൊന്നിലോ മറ്റൊരാളിലോ ആണ് എന്ന തോന്നലുളവാക്കുവോളം അത് സൌന്ദര്യത്തിന്റെ മികവിലെത്തുകയോ മനസ്സിനെ പൂര്‍ണ ഹരത്തില്‍ കൊണ്ടെത്തിക്കുകയോ ചെയ്യുന്നില്ല. രണ്ടെന്നുള്ള ചിന്തയുദിക്കാതെ, "ഹാ, സുന്ദരം!" എന്ന അനുഭവമുണ്ടാകുന്നത് എപ്പോഴോ, അപ്പോള്‍ മാത്രമാണ് സൗന്ദര്യാസ്വാദനം സംഭവിക്കുന്നത്. എന്നാല്‍, ആദ്യത്തെ പടിവരെ മാത്രമേ മിക്കവരും എത്തുന്നുള്ളൂ. അതുകൊണ്ടാണ് നല്ലതെന്ന് തോന്നുന്നതിന്റെയൊക്കെ പടങ്ങളും (stills) ചലച്ചിത്രങ്ങളും (movies) എടുത്തു സൂക്ഷിക്കണമെന്ന ആഗ്രഹം ജനിക്കുന്നത്. അതിനപ്പുറത്തെ തലത്തിലാകട്ടെ, സൗന്ദര്യത്തെ നാം ആവാഹിക്കുകയാണ്. അത് നമ്മിലാണ്. അത് നഷ്ടപ്പെടുമെന്ന ഭയത്തിന് അപ്പോള്‍ അടിസ്ഥാനമില്ല. അതുകൊണ്ട് സൂക്ഷിച്ചുവയ്ക്കാന്‍ അതിന്റെ പടം വേണ്ടിവരുന്നില്ല. സൗന്ദര്യദായകമായി അനുഭവിച്ചത് എന്റെതന്നെ ഭാഗമാണെന്നും ഞാന്‍ അതിന്റെ ഭാഗമാണെന്നുമുള്ള അറിവില്‍ അത് അങ്ങനെത്തന്നെ ആയിക്കഴിഞ്ഞു എന്നതാണ് വ്യത്യാസം. അതാകട്ടെ വളരെ സാരമായ ഒരു വ്യത്യാസം തന്നെയാണ്.
സംസാരവും നിത്യവര്‍ത്തമാനവും
നാം വാരിക്കൂട്ടിയും പിടിച്ചുപറിച്ചും വയ്ക്കുന്ന ഒന്നിലും സത്യത്തില്‍ നാം സൌന്ദര്യം കാണുന്നില്ല എന്നത് ഒരു വലിയ സത്യമാണ്. താത്ക്കാലികമായ ഉപഭോഗതൃഷ്ണ മാത്രമാണ് അതുകൊണ്ട് പോഷിപ്പിക്കപ്പെടുന്നത്. അതുപോലെതന്നെയാണ് മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്. അടുത്തുള്ളവര്‍ തമ്മില്‍ മാതമല്ല, എത്ര ദൂരെയായിരുന്നാലും ഇഷ്ടമുള്ളപ്പോഴെല്ലാം തമ്മില്‍ ബന്ധപ്പെടാനുള്ള ഉപാധികള്‍ക്ക് ഇന്നൊരു കുറവുമില്ല. എന്നാല്‍ ബന്ധങ്ങള്‍ മനുഷ്യരെ പലപ്പോഴും തെറ്റിദ്ധാരണയിലും അതൃപ്തിയിലും കൊണ്ടെത്തിക്കുന്നു. കാഴ്ചപ്പാടുകളും താത്പര്യങ്ങളും വ്യത്യസ്തമാകുന്നതാണ് ഇതിനു കാരണം. അറുതിയില്ലാത്ത ഈ മാതിരി ദ്വൈതം കൊണ്ട് ദുഖഃപൂരിതമായിരിക്കുന്ന ലോകത്തെയാണ് സംസാരം എന്ന് പറയുന്നത്. സംസാരത്തെ മറികടക്കാമോ? കടക്കാം എന്ന സദ്‌വാര്‍ത്ത തരുന്നത് വേദാന്തമാണ്. അതിനുള്ള വഴി മുമ്പ് സൂചിപ്പിച്ച അറിവിന്റെ അറിവാണ്. ആരേയും ഒന്നിനേയും വെളിയില്‍ നിറുത്താതിരിക്കുക, ഭാവിയും ഭൂതവും ഈ വര്‍ത്തമാനത്തില്‍ തന്നെയുണ്ട് എന്നയറിവ് സ്വാഭാവികമായിത്തീരുക എന്നതാണ് ഒരാള്‍ ഈ അറിവിലെത്തി എന്നതിന്റെ തെളിവ്. അയാള്‍ക്ക് നീയും ഞാനും അവരും വ്യവഹാരഭാഷയില്‍ മാത്രം നിലനില്‍പ്പുള്ള അസത്യങ്ങളാണ്. സത്യത്തില്‍ ഒന്നും തന്നില്‍നിന്ന് അന്യമാകുന്നില്ല. വെട്ടിപ്പിടിക്കാനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ആര്‍ത്തിക്കോ വ്യക്തിപരമായ പരാതികള്‍ക്കോ അയാളുടെ മനസ്സില്‍ ഒട്ടും ഇടമില്ല. അനുഗ്രഹങ്ങള്‍ക്കായുള്ള അര്‍ത്ഥനയോ യാചനയോ ഒരിക്കലും അയാള്‍ക്ക് ഒരാവശ്യമായി തോന്നുകയില്ല. തത്ര കോ മോഹഃ കഃ ശോകഃ? അവിടെ (സച്ചിദാനന്ദത്തില്‍) എന്ത് മോഹം, എന്ത് ശോകം?
* ബാദരായണന്റെ ബ്രഹ്മസൂത്രത്തെ നാരായണഗുരു ചുരുക്കി പുനരാവിഷ്ക്കരിച്ചതാണ് വേദാന്തസൂത്രം.** നിര്‍മ്മലമായ ഉണ്മ സമയബന്ധിതമാകുന്നതാണ് (becoming, happening) സംസാരം. വസിക്കുക, വസ്തു, വാസ്തു, അവസ്ഥ, എന്നീ വാക്കുകള്‍ ഉണ്ടായത് Indo-German ശബ്ദമായ Wesen ല്‍ നിന്നാണ്. അസ്തിത്വവാദികളുടെ Dasein-ലെ Sein (Being) നു പകരം ഹൈഡെഗര്‍ ഉപയോഗിക്കുന്ന വാക്ക് Anwesen ആണ്. അതിനര്‍ത്ഥം arriving to Wesen എന്നാണ്. ഈ Wesen ഉം നമ്മുടെ സത് ഉം ദ്യോതിപ്പിക്കുന്നത് ഉണ്മയെയാണ്. സംസ്കൃതത്തില്‍ സത്യം എന്ന ശബ്ദം കിട്ടുന്നത് സത് + ത്വം + നയന (സ-ത-യ) എന്നിവ ചേരുമ്പോഴാണ്. സത് കൈവിട്ടുപോകുന്നതാണ് (സത്തുപോകുക/ചത്തുപോകുക) മരണം.
0 comments:
Post a Comment