ചെറുപ്പകാലത്തെ ഓര്മ്മവച്ച്, ഓരോ വർഷവും കടന്നുപോകുന്ന ദുഃഖവെള്ളി ഒരു വല്ലാത്ത ദിവസമായിരുന്നു. അറു ബോറൻ എന്ന് പറയാം. കുരിശിന്റെ വഴികളിലൂടെ മുട്ടുകുത്തി മുട്ടുകുത്തി പോയതിന്റെ ബലത്തിൽ ഒരൊറ്റ മനുഷ്യനെയും കൂടുതൽ സ്നേഹിക്കാനോ യേശുവിനെ കൂടുതലറിയാനോ എനിക്കുകഴിഞ്ഞിട്ടില്ല. ഏതിടപെടലിലും സഹജീവിക്കു പാരവയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്നവരെന്ന് എവർക്കുമറിയാവുന്നവർ ഇന്നും പെരുവഴിയിലൂടെയും, ഇപ്പോൾ പുതുതായി ഉണ്ടാക്കിയ അരുവിത്തുറ വല്യച്ചൻ മലയിലേയ്ക്കും മുട്ടുകുത്തിയും എഴുന്നേറ്റും, പിന്നെയും മുട്ടുകുത്തിയും എഴുന്നേറ്റും വിശുദ്ധ വഴി (വിയാ സാക്ര) ആചരിക്കുന്നത് ഒളിഞ്ഞുനില്ക്കാതെ കാണാവുന്ന ദിവസമാണിന്ന്. കാണാതിരിക്കാൻ മേലാത്തത് കാണുക. എന്നിട്ട് ചിരി വരുന്നെങ്കിൽ ചിരിക്കുക. ദുഃഖ വെള്ളിയാഴ്ച ചിരിക്കരുതെന്ന് സഭ പഠിപ്പിക്കുന്നില്ല എന്നാണെന്റെ നിഗമനം. ഈ ദിവസത്തിന്റെ നീണ്ട ബോറടി നീങ്ങാൻവേണ്ടി വേറൊരു തരം via sacra യിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ് താഴെ.
സൌന്ദര്യവും ഐശ്വരസ്പർശവും
നേരമിരുട്ടിത്തുടങ്ങി. നാല് ദിക്കിലും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ട്. ഒരു നല്ല മഴയെ കാത്ത് ഞാൻ പുറംതിണ്ണയിൽ പോയിയിരുന്നു. ഉഷ്ണവിഷണ്ണമായ ഒന്നുരണ്ടാഴ്ചകൾക്ക് ശേഷം പ്രകൃതി തന്നെ ഒരു മഴക്കുവേണ്ടി കൊതിക്കുന്നുണ്ടായിരുന്നു. അധികം താമസിച്ചില്ല, ചാറ്റലായി തുടങ്ങിയ വർഷപാതമേറ്റ് മരങ്ങളും സസ്യങ്ങളും തുള്ളിച്ചാടുകയും നൃത്തം ചെയ്യുകയുമായിരുന്നു. എന്തൊരനുഭവം, എന്തൊരനുഭൂതി! പ്രകൃതിയോടൊപ്പം കുറേ നേരത്തേയ്ക്ക് ഞാനും ആകെയൊരു സൌന്ദര്യത്തികവിൽ ആറാടിക്കൊണ്ടിരുന്നു.എന്താണ് പ്രകൃതിയെ ഇത്ര വശ്യമാക്കുന്നത്. രൂപഭംഗിയുടെയും വർണ്ണവൈവിദ്ധ്യത്തിന്റെയും ലാവണ്യസമൃദ്ധിയുടെയും നിദർശനങ്ങൾ പ്രകൃതിയിൽ ആവോളമുണ്ട്. പലപ്പോഴും ഇവയെല്ലാം സമ്മേളിക്കുകയും താങ്ങാനാവാത്ത ധാരാളിത്തത്തിൽ നമ്മെ പൊതിയുകയും ചെയ്യാറുണ്ട്. ഏതെല്ലാം ഘടകങ്ങളാണ് അവളെ സുന്ദരിയാക്കുന്നത്? സൌന്ദര്യം തന്നെ എന്താണ്? ചേരേണ്ടവ തമ്മിൽ ചേരുമ്പോളുണ്ടാകുന്ന സൂക്ഷ്മഭാവനയാണ് മഴയെ അത്രമേൽ സുന്ദരമാക്കിയത്. സൌന്ദര്യം ജനിക്കുന്നത് എപ്പോഴും ഇത്തരം ലയം സംഭവിക്കുമ്പോഴാണ്. പഞ്ചഭൂതങ്
അതുപോലെ തന്നെ, എന്നാൽ വീണ്ടും വേറൊരു തലത്തിൽ, അർഥസമൃദ്ധമാണ് ചുണ്ടുകളും നാവും അവയെ തലോടി ഉള്ളിൽനിന്ന് വരുന്ന പ്രാണവായുവും ചേർന്ന് ഉരുവപ്പെടുത്തുന്ന വാചോവിലാസങ്ങൾ. വിശദീകരിക്കാൻ എളുപ്പമല്ലാത്ത ഒരദ്ഭുതത്തിനു മുമ്പിൽ ചെന്നുപെടുമ്പോൾ ആഹാ! എന്ന് നമ്മൾ ഉരുവിട്ട് പോകുന്നു. ഈ 'ഹ'യിൽ നിന്ന് 'ക' രൂപം കൊള്ളുന്നു. പിന്നെയങ്ങോട്ട് ജിഹ്വാഗ്രം താലുവിനെയും ദന്തനിരയേയും തഴുകുന്നതിലൂടെ ജനിക്കുന്ന സ്വരവ്യഞ്ഞനക്കൂട്ടുകൾക്കുണ്ടോ അറുതിയുള്ളൂ. വർണ്ണങ്ങളിൽ ആദ്യത്തേതായ 'ക' (എന്ത്?) ഭാഷകളുടെ മാത്രമല്ല, ചിന്തയുടെയും അന്വേഷണത്തിന്റെയും പലവ്യഞ്ജനമായിത്തീർന്നു. ഇന്നും ഭക്ഷണത്തിന്റെ രുചിയെന്നപോലെ, സ്വരങ്ങളുണ്ടാക്കുന്ന സംഗീതത്തിൽ നിന്നെന്നപോലെ, ആശയങ്ങളെ കോർത്തിണക്കുന്ന വാഗ്ചാരുതയിൽനിന്ന് കിട്ടുന്ന ലഹരിയെയും അറിയാതെതന്നെ നാം ആഹാ! എന്നുരുവിട്ട് ആസ്വദിച്ച് രസിക്കുന്നു. രസം എന്ന് പറഞ്ഞാൽ സാരാംശം എന്നാണർത്ഥം. സാരാംശത്തെ അറിയുന്നവനെ സരസനെന്നു വിളിക്കാം.
ദൈവം സരസനാണോ? സച്ചിദാനന്ദത്തിന്റെ സൌന്ദര്യബോധം എങ്ങനെയുള്ളതായിരിക്കും? സത്തും ബോധവും ആനന്ദവും അവയുടെ അപാരതയിൽ നിറഞ്ഞുനില്ക്കുന്ന പരാശക്തി എന്താണെന്ന് ഒരൂഹത്തിനുപോലും സാധ്യ ല്ലാത്ത ജീവാത്മാക്കൾക്ക് ഇത്തരം ചോദ്യങ്ങൾ അനുവദനീയമാണോ?
എന്ത്? എന്ന അന്വേഷണത്തിൽ തുടങ്ങി മനുഷ്യനു സാധ്യമായ ഏതെങ്കിലും ഒരു ഐന്ദ്രിക രുചിയിലെത്തിക്കുന്നതെന്തോ അതെല്ലാം കലയാണ്. കലാപരമായതിന്റെയെല്ലാം ഉള്ളടക്കം സൌന്ദര്യമാണ്. ഓരോ ഇന്ദ്രിയവും ഓരോ ആവിഷ്ക്കാരത്തിനുള്ള ത്വരമൂലമാണ് പ്രവർത്തനോന്മുഖമാകുന്നത്. ഇങ്ങനെ നോക്കിയാൽ, എല്ലാ തേടലും കണ്ടെത്തലും സൗന്ദര്യാസ്പദമാണ്. പിറന്നു വീണ ആട്ടിൻകുട്ടി വൈകാതെ എഴുന്നേറ്റു നിന്ന് തള്ളയാടിന്റെ അകിട് തപ്പാൻ തുടങ്ങുന്നു. അത് കണ്ടെത്തുമ്പോൾ തള്ളയും കുഞ്ഞും നിർവൃതിയിലാകുന്നു. കണ്ടുനില്ക്കുന്ന നമുക്കും അത് അതിസുന്ദരമായൊരനുഭവമായിത്തീരുന്
അറിവും സൗന്ദര്യാസ്വാദനവും ഒരേ അനുഭവത്തിന്റെ ഇരുവശങ്ങളാണ്. ആത്മാവ് പ്രകാശകേന്ദ്രമാണ്. മനുഷ്യമനസ്സ് അതേറ്റുവാങ്ങുന്ന ദർപ്പണവും. അന്തരാത്മാവിൽ ശുദ്ധജ്ഞാനമുദിക്കുമ്പോൾ, അതിന്റെ പ്രകാശവലയത്തിൽ പ്രാപഞ്ചികഭാവങ്ങളും ഉൾപ്പെടാതിരിക്കില്ല. അപ്പോഴെല്ലാം അവയുടെ തനിമയും സ്വായത്തമായ ഭംഗിയും ഭാഗികമായെങ്കിലും കാണപ്പെടുന്നതിനാൽ സൌന്ദര്യംകൊണ്ടവ നിറഞ്ഞിരിക്കും. ഈ സൌന്ദര്യത്തെ കലയിലൂടെയും സാഹിത്യത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടാടുവാൻ മനുഷ്യന്റെ ഇന്ദ്രിയങ്ങളെല്ലാം അവയുടെ പങ്കുവഹിക്കുന്നു. വിശേഷിച്ച് കണ്ണും നാവും കരങ്ങളും കലാവിഷ്ക്കാരങ്ങൾക്കും ശാസ്ത്രങ്ങൾക്കും ഉപകരണമായിത്തീരുന്നു. ശരിയായ വഴിയിലൂടെയാണെങ്കിൽ, കലയും ശാസ്ത്രവും എപ്പോഴും ഈശ്വരനിലേയ്ക്കു നയിക്കണം.
പ്രപഞ്ചവികാസം നമ്മുടെ മാത്രം അനുഭവമാണെങ്കിൽ, ഭാഗികമായി നാം അനുഭവിക്കുന്ന സൌന്ദര്യം പരമാത്മാവിന്റെ പ്രതിബിംബത്തിനായി സജ്ജീകരിച്ചിരിക്കുന്ന ഒരു താത്ക്കാലിക പ്രഹേളികയായിരിക്കാം. പ്രപഞ്ചങ്ങൾ തന്നെ പലതോ അനേകങ്ങളോ ഉണ്ടായിരിക്കാമെന്നും ഓരോന്നിനും അതിന്റേതായ മാനങ്ങൾ കാണുമെന്നും അനുമാനിക്കാൻ വേണ്ടത്ര തെളിവ് ആധുനിക ശാസ്ത്രജ്ഞരുടെ കൈവശമുണ്ട്. നമ്മുടെ സ്വന്തം പ്രപഞ്ചം നമുക്കായി ഒരുക്കിയിരിക്കുന്ന സൗന്ദര്യക്കാഴ്ചകളെല്ലാം വെറും നാല് മാനങ്ങളിൽ ഒതുങ്ങുന്നവയാണ്. ഇത്രമാത്രം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഭാഗികമായി മാത്രം ഈ പ്രപഞ്ചത്തെ പോലും അനുഭവിക്കുന്ന നാമെങ്ങനെ എല്ലാ പ്രപഞ്ചങ്ങളെയും ഉള്ക്കൊള്ളുന്ന അപരിമേയമായ സച്ചിദാനന്ദത്തിന്റെ മഹത്വം ഗ്രഹിക്കും? ഈ പരിമിതിയിൽനിന്ന് മുക്തിയന്വേഷിച്ച്, വിശ്വപ്രപഞ്ചത്തിൽ നാം കാണുന്ന സൗന്ദര്യമെല്ലാം ആദികാരണത്തിൽ ആദേശിക്കപ്പെടുമ്പോഴാണ് സഗുണബ്രഹ്മം എന്ന സങ്കല്പമുണ്ടാകുന്നത്.
ദ്വൈതചിന്ത വച്ചുപുലർത്തുന്ന മതങ്ങൾ പരാശക്തിയെ യുക്തിയിലൂടെ അന്വേഷിക്കുമ്പോൾ ആദികാരണമായും (ultimate cause), ഭക്തിയിലൂടെ അന്വേഷിക്കുമ്പോൾ അനന്തസ്നേഹമായും (the supreme Thou) കണ്ടെത്തിയതായി വിചാരിക്കുന്നു. ഭക്തന് സൃഷ്ടി ദൈവസ്നേഹത്തിന്റെ പ്രതിഫലനമാണ്. ഈ സ്നേഹത്തിനുള്ള പ്രതിസ്നേഹമായിട്ടാണ് എല്ലാ മതങ്ങളിലുംതന്നെ വിവിധ പ്രാര്ത്ഥനാനുഷ്ഠാനങ്ങൾ പ്രോത്സാഹിക്കപ്പെടുന്നത്. യുക്തിയുടെ ദൈവം നിര്ഗുണനായിരിക്കുമ്പോൾ ഭക്തിയുടെ ദൈവം സഗുണനാകേണ്ടതുണ്ട്. ഈശ്വരസത്ത അനന്തസ്നേഹമാണെന്നു പറയുന്നതും അത് അനന്ത സൌന്ദര്യമാണെന്നു വ്യാഖ്യാനിക്കുന്നതും ഒന്നുതന്നെയല്ലേ? അതുതന്നെ നമ്മുടെ എല്ലാ ദ്വൈതാവസ്ഥകളെയും മറികടക്കാനുള്ള വഴിയുമായിക്കൂടെ? കാരണം, സൌന്ദര്യത്തിൽ മയങ്ങിപ്പോകുന്നവന് സ്വന്തം അസ്തിത്വം വ്യതിരിക്തമായ ഒരു ബാധ്യതയല്ലാതായിത്തീരും. ഐശ്വരസ്പർശത്തിന്റെ അനന്തപ്രഭാവത്തിൽ മറ്റെല്ലാം നിഷ്പ്രഭമാവുകയോ തീർത്തും അപ്രത്യക്ഷമാകുകയോ ചെയ്യും. ബാക്കിയാവുന്നത് സംശുദ്ധമായ സൌന്ദര്യംകൊണ്ട് നിറഞ്ഞ ഈശ്വരസത്തയായിരിക്കും. അതുതന്നെയല്ലേ അദ്വൈതത്തിന്‍റെ പൊരുളും?