ചൊവ്വാദോഷം എന്നൊന്നില്ല

http://almayasabdam.blogspot.ch/2013/08/blog-post_22.html

വന്ദ്യനായ ഒരു ഹിന്ദു തന്നെ ഹിന്ദുക്കൾ വ്യാപകമായി വിശ്വസിക്കുന്ന ഒരു കാര്യം അടിസ്ഥാനമില്ലാത്തതാണെന്ന് പറയുന്നത് അസ്സാധാരണമാണ്. ഇങ്ങനെയൊരു പ്രസ്താവന, ഏതു വെല്ലുവിളിക്കും എതിരെ, വിവരമുള്ള ഒരു സ്വാമി തന്നെ നടത്തുമ്പോൾ ഇതുവരെ ചിന്തിക്കാതിരുന്നവർ ചിന്തിച്ചു തുടങ്ങും. അടിസ്ഥാനമില്ലാത്ത ഇത്തരം എത്രയോ വിശ്വാസങ്ങളാൽ നയിക്കപ്പെടുന്നവർ ഹിന്ദുവിശ്വാസികളുടെ കൂട്ടത്തിൽ മാത്രമല്ല ക്രിസ്ത്യാനികളുടെ ഇടയിലും ഉണ്ട് എന്നത് പരക്കെ അറിവുള്ള കാര്യമാണ്. എന്നാലും ഒരു ക്രൈസ്തവ പുരോഹിതനും അവയിലെ അസത്യം പുറത്തുകൊണ്ടുവരാൻ ധൈര്യം കാണിക്കുന്നില്ല. അല്മായരിൽ ആരെങ്കിലും അതിനു തുനിഞ്ഞാൽ അയാളെ വിവരംകെട്ട യുക്തിവാദിയായി മുദ്രകുത്തും, ഒറ്റപ്പെടുത്തും. ഈയിടെയാണ് ഫാ. ജോസ് വെട്ടിക്കാട്ട് അസ്സീസി മാസികയിലെ ഒരു ലേഖനത്തിൽ വളച്ചു ചുറ്റി പറഞ്ഞത്, മരിച്ചവര്ക്ക് വേണ്ടിയുള്ള ഒപ്പീസുകളിൽ വലിയ കാര്യമൊന്നും അവരുടെ സ്വന്തക്കാരു പോലും കാണുന്നില്ല, എന്നിട്ടും വെറും ശീലത്തിന്റെ ബലത്തിൽ അതൊക്കെ അങ്ങനെ അങ്ങ് നടത്തുന്നു എന്ന്. മരിച്ചവരെയും പൂർവികരെയും ബഹുമാനിക്കുന്നത്‌ ഒരു കാര്യം, എന്നാൽ അവരുടെ പേരിൽ ആണ്ടോടാണ്ട് പള്ളിയിലും വീട്ടിലും ഓരോ ചടങ്ങ് നടത്തിയും അച്ചന്മാർക്ക് കാശു കൊടുത്ത് അവരെ സ്വർഗത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതുമൊക്കെ മറ്റൊന്ന്. കാലം ചെല്ലുന്തോറും ആരുടെയെങ്കിലും ആണ്ട് എല്ലാ മാസവും ആഘോഷിക്കേണ്ടി വരിക അത്ര സുഖമുള്ള കാര്യമല്ല. ഒന്ന് ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിറുത്താനും മേല. "ഞാനിങ്ങെത്തി, ഇനി എന്റെ പേർക്കുള്ള കുര്ബാന നിറുത്തിക്കോ" എന്ന് പറയാൻ ആരുമൊട്ടു വന്നതായി കേട്ടിട്ടുമില്ല. പത്തിരുപതു വര്ഷം കഴിഞ്ഞിട്ടും മരിച്ചുപോയ വല്യപ്പന്റെ ആത്മശാന്തിക്കായി കുർബാന ചൊല്ലിച്ചുകൊണ്ടിരിക്കുക എന്നുവച്ചാൽ അത്ര ഭീകരമായ എന്തോ ഒക്കെ ചെയ്തു കൂട്ടിയിട്ടാണ്‌ അദ്ദേഹം പോയത് എന്ന് മക്കൾ വിശ്വസിക്കുന്നു എന്നല്ലേ അർത്ഥം? എന്റെ ബന്ധുക്കളെല്ലാം നല്ലവരായി മരിച്ചു, സ്വർഗത്തിൽ നേര്ട്ടു തന്നെ എത്തി എന്ന് വിശ്വസിക്കുന്നതുകൊണ്ട്‌ ആർക്കു വേണ്ടിയും ഇതുവരെ ഒരു കുര്ബാനയോ ഒപ്പീസോ ഞാൻ ചൊല്ലിച്ചിട്ടില്ല.

മുഹൂര്ത്തം, രാഹുകാലം എന്നിവ നോക്കുന്ന രീതി ഇപ്പോൾ ക്രിസ്ത്യാനികളും പരക്കെ ചെയ്തുപോരുന്നു. വേളാങ്കണ്ണിയിലും മറ്റും പോയി തല മുട്ടയടിച്ച് നേര്ച്ച തീര്ക്കുന്നതുപോലെ ഓരോന്ന് ഹിന്ദുക്കളിൽ നിന്ന് അനുകരിക്കാൻ ഇപ്പോൾ ധാരാളം പേര് തയ്യാറാകുന്നുണ്ട്. അനുകരിക്കാനാണെങ്കിൽ വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട്. ദിവസവും രണ്ടു നേരമെങ്കിലും ഗായത്രി മന്ത്രം ആലപിക്കുന്നത് അതിലൊന്നാണ്.

നല്ലവനായ ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമാണ് പല അന്ധാചാരങ്ങളുടെയും രീതി നോക്കിയാൽ. ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ അത്ര വ്യാപകമാല്ലാതിരുന്ന കാലത്ത്, പല ഭയങ്ങളും അകറ്റാൻ സാധാരണക്കാർ പൂജാരികളുടെയും വെളിച്ചപ്പാടുകളുടെയുമൊക്കെ സഹായം തേടിയിരുന്ന രീതി ഇന്നത്തെ സമൂഹത്തിൽ തുടരുന്നത് ലജ്ജാകരമായ അജ്ഞതയുടെ ലക്ഷണമാണ്. അറിവുള്ളവർ അതിനു കൂട്ട് നില്ക്കുകയോ അത് വഴി പണം പിടുങ്ങാൻ ശ്രമിക്കുകയോ ചെയ്യുന്നത് കൊടും വഞ്ചനയാണ്. ദൈവത്തിന്‌ പണമാവശ്യമില്ല, അതുകൊണ്ട് ക്ഷേത്രങ്ങളില്‍ പണം നല്‍കാതെ സമൂഹത്തിലെ നല്ലകാര്യങ്ങള്‍ക്ക്‌ വേണ്ടി ആ പണം ഉപയോഗിക്കാൻ സ്വാമി സന്ദീപ്‌ ചൈതന്യ പറയുന്നത് കേട്ടെങ്കിലും അങ്ങനെ തങ്ങളുടെ പള്ളികളിലും വിളിച്ചുപറയാൻ ധാരാളം ക്രൈസ്തവ വൈദികർ മുന്നോട്ടു വരട്ടെ.

സൌന്ദര്യവും ഐശ്വരസ്പർശവും


ചെറുപ്പകാലത്തെ ഓര്മ്മവച്ച്, ഓരോ വർഷവും കടന്നുപോകുന്ന ദുഃഖവെള്ളി ഒരു വല്ലാത്ത ദിവസമായിരുന്നു. അറു ബോറൻ എന്ന് പറയാം. കുരിശിന്റെ വഴികളിലൂടെ മുട്ടുകുത്തി മുട്ടുകുത്തി പോയതിന്റെ ബലത്തിൽ ഒരൊറ്റ മനുഷ്യനെയും കൂടുതൽ സ്നേഹിക്കാനോ യേശുവിനെ കൂടുതലറിയാനോ എനിക്കുകഴിഞ്ഞിട്ടില്ല. ഏതിടപെടലിലും സഹജീവിക്കു പാരവയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്നവരെന്ന് എവർക്കുമറിയാവുന്നവർ ഇന്നും പെരുവഴിയിലൂടെയും, ഇപ്പോൾ പുതുതായി ഉണ്ടാക്കിയ അരുവിത്തുറ വല്യച്ചൻ മലയിലേയ്ക്കും മുട്ടുകുത്തിയും എഴുന്നേറ്റും, പിന്നെയും മുട്ടുകുത്തിയും എഴുന്നേറ്റും വിശുദ്ധ വഴി (വിയാ സാക്ര) ആചരിക്കുന്നത് ഒളിഞ്ഞുനില്ക്കാതെ കാണാവുന്ന ദിവസമാണിന്ന്. കാണാതിരിക്കാൻ മേലാത്തത് കാണുക. എന്നിട്ട് ചിരി വരുന്നെങ്കിൽ ചിരിക്കുക. ദുഃഖ വെള്ളിയാഴ്ച ചിരിക്കരുതെന്ന് സഭ പഠിപ്പിക്കുന്നില്ല എന്നാണെന്റെ നിഗമനം. ഈ ദിവസത്തിന്റെ നീണ്ട ബോറടി നീങ്ങാൻവേണ്ടി വേറൊരു തരം via sacra യിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ് താഴെ.  




സൌന്ദര്യവും ഐശ്വരസ്പർശവും

നേരമിരുട്ടിത്തുടങ്ങി. നാല് ദിക്കിലും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ട്. ഒരു നല്ല മഴയെ കാത്ത് ഞാൻ പുറംതിണ്ണയിൽ പോയിയിരുന്നു. ഉഷ്ണവിഷണ്ണമായ ഒന്നുരണ്ടാഴ്ചകൾക്ക് ശേഷം പ്രകൃതി തന്നെ ഒരു മഴക്കുവേണ്ടി കൊതിക്കുന്നുണ്ടായിരുന്നു. അധികം താമസിച്ചില്ല, ചാറ്റലായി തുടങ്ങിയ വർഷപാതമേറ്റ് മരങ്ങളും സസ്യങ്ങളും തുള്ളിച്ചാടുകയും നൃത്തം ചെയ്യുകയുമായിരുന്നു. എന്തൊരനുഭവം, എന്തൊരനുഭൂതി! പ്രകൃതിയോടൊപ്പം കുറേ നേരത്തേയ്ക്ക് ഞാനും ആകെയൊരു സൌന്ദര്യത്തികവിൽ ആറാടിക്കൊണ്ടിരുന്നു.

എന്താണ് പ്രകൃതിയെ ഇത്ര വശ്യമാക്കുന്നത്. രൂപഭംഗിയുടെയും വർണ്ണവൈവിദ്ധ്യത്തിന്റെയും ലാവണ്യസമൃദ്ധിയുടെയും നിദർശനങ്ങൾ പ്രകൃതിയിൽ ആവോളമുണ്ട്. പലപ്പോഴും ഇവയെല്ലാം സമ്മേളിക്കുകയും താങ്ങാനാവാത്ത ധാരാളിത്തത്തിൽ നമ്മെ പൊതിയുകയും ചെയ്യാറുണ്ട്. 
ഏതെല്ലാം ഘടകങ്ങളാണ് അവളെ സുന്ദരിയാക്കുന്നത്? സൌന്ദര്യം തന്നെ എന്താണ്? ചേരേണ്ടവ തമ്മിൽ ചേരുമ്പോളുണ്ടാകുന്ന സൂക്ഷ്മഭാവനയാണ് മഴയെ അത്രമേൽ സുന്ദരമാക്കിയത്. സൌന്ദര്യം ജനിക്കുന്നത് എപ്പോഴും ഇത്തരം ലയം സംഭവിക്കുമ്പോഴാണ്. പഞ്ചഭൂതങ്ങളിൽ ഏറ്റവും സ്ഥൂലമായത് മണ്ണാണ്. ജീവന് ആവശ്യമുള്ളതെല്ലാം കറന്നെടുക്കാൻ കഴിയുന്ന വിളനിലമാണ് ഭൂമി. ജലമാണ് ഭൂമിയെ പുഷ്ടിപ്പെടുത്തുന്നത്. അവ തമ്മിൽ ചേരുന്നിടത്ത്‌ സുകുമാരദൃശ്യങ്ങൾ സമൃദ്ധമാവാതെ വയ്യ. കുറേക്കൂടി ജൈവതരമായ തലത്തിൽ, അതുപോലെതന്നെയാണ് ഒരുങ്ങിനില്ക്കുന്ന യോനി തയ്യാറായ ലിംഗത്തെ സ്വീകരിക്കുന്നതും വിശക്കുന്ന ശിശുവിന്റെ ഇളം ചുണ്ടുകൾ അമ്മയുടെ മുലഞെട്ടിനെ നുണയുന്നതും. ഇത്പോലുള്ള എത്രയെത്ര ഉത്തമോദാഹരണങ്ങൾ! അവയെല്ലാം എത്ര സർവസാധാരണമായിരുന്നാലും, ഓരോ തവണയും അനന്യമായിട്ടാണവ സൗന്ദര്യാരാധകർക്ക് തോന്നുക. പുതുമയും ആകർഷണവും നിലനിർത്തുന്നതെന്തോ അതുമാത്രമാണ് സുന്ദരം. അമ്മയുടെ നിറഞ്ഞ മുലകൾ അക്ഷയമായ അന്നദാനത്തിന്റെ പരിശുദ്ധ മാതൃകയായിത്തീരുന്നത് അങ്ങനെയാണ്. അതുകൊണ്ടാണല്ലോ ആദ്യകാലങ്ങളിൽ ദൈവമാതാവിന്റെ പടങ്ങളും രൂപങ്ങളും ഉണ്ണി മുലയുണ്ണുന്നതായിട്ടായിരുന്നു റഫായേൽ, ബോത്തിച്ചെല്ലി തുടങ്ങിയവർ ഉണ്ടാക്കിയിരുന്നത്. അത്തരം ചിത്രങ്ങൾ റോമായിലുള്ള കാറ്റകൊംബ്സിൽ ഇന്നും കാണാം. കലാദാരിദ്ര്യമനുഭവിച്ചിരുന്ന ധാര്മികാപ്പോസ്തലന്മാർ പെരുകിയപ്പോൾ അവയൊക്കെ വിരളമായി. Danelle Frisbie, Pedro Machua തുടങ്ങിയവർ ഇക്കാലത്തും ഉണ്ണിയേശുവിനെ മുലയൂട്ടുന്ന മഡോണയുടെ ചിത്രങ്ങൾ പുറത്തിറക്കാറുണ്ട്. അജന്ത-എല്ലോറ ഗുഹകളിൽ സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഭാരതത്തിലെ കലാകാരന്മാർ കരിങ്കല്ലിൽ തീർത്ത സംഭോഗവ്യാഖ്യാനങ്ങളുടെ കഥയും ഈ അർത്ഥത്തിൽ എടുക്കേണ്ടവയാണ്. രതി എങ്ങനെ ജീവന്റെ തിരമാലകളെ സൃഷ്ടിക്കുന്നു എന്ന അത്യദ്ഭുതമാണ് അവർ കൃഷ്ണശിലകളിൽ കൊത്തിവച്ചത്. 

അതുപോലെ തന്നെ, എന്നാൽ വീണ്ടും വേറൊരു തലത്തിൽ, അർഥസമൃദ്ധമാണ്‌ ചുണ്ടുകളും നാവും അവയെ തലോടി ഉള്ളിൽനിന്ന് വരുന്ന പ്രാണവായുവും ചേർന്ന് ഉരുവപ്പെടുത്തുന്ന വാചോവിലാസങ്ങൾ. വിശദീകരിക്കാൻ എളുപ്പമല്ലാത്ത ഒരദ്ഭുതത്തിനു മുമ്പിൽ ചെന്നുപെടുമ്പോൾ ആഹാ! എന്ന് നമ്മൾ ഉരുവിട്ട് പോകുന്നു. ഈ 'ഹ'യിൽ നിന്ന് 'ക' രൂപം കൊള്ളുന്നു. പിന്നെയങ്ങോട്ട് ജിഹ്വാഗ്രം താലുവിനെയും ദന്തനിരയേയും തഴുകുന്നതിലൂടെ ജനിക്കുന്ന സ്വരവ്യഞ്ഞനക്കൂട്ടുകൾക്കുണ്ടോ അറുതിയുള്ളൂ. വർണ്ണങ്ങളിൽ ആദ്യത്തേതായ 'ക' (എന്ത്?) ഭാഷകളുടെ മാത്രമല്ല, ചിന്തയുടെയും അന്വേഷണത്തിന്റെയും പലവ്യഞ്ജനമായിത്തീർന്നു. ഇന്നും ഭക്ഷണത്തിന്റെ രുചിയെന്നപോലെ, സ്വരങ്ങളുണ്ടാക്കുന്ന സംഗീതത്തിൽ നിന്നെന്നപോലെ, ആശയങ്ങളെ കോർത്തിണക്കുന്ന വാഗ്ചാരുതയിൽനിന്ന് കിട്ടുന്ന ലഹരിയെയും അറിയാതെതന്നെ നാം ആഹാ! എന്നുരുവിട്ട് ആസ്വദിച്ച് രസിക്കുന്നു. രസം എന്ന് പറഞ്ഞാൽ സാരാംശം എന്നാണർത്ഥം. സാരാംശത്തെ അറിയുന്നവനെ സരസനെന്നു വിളിക്കാം.

ദൈവം സരസനാണോ? സച്ചിദാനന്ദത്തിന്റെ സൌന്ദര്യബോധം എങ്ങനെയുള്ളതായിരിക്കും? സത്തും ബോധവും ആനന്ദവും അവയുടെ അപാരതയിൽ നിറഞ്ഞുനില്ക്കുന്ന പരാശക്തി എന്താണെന്ന് ഒരൂഹത്തിനുപോലും സാധ്യ ല്ലാത്ത ജീവാത്മാക്കൾക്ക് ഇത്തരം ചോദ്യങ്ങൾ അനുവദനീയമാണോ?

എന്ത്? എന്ന അന്വേഷണത്തിൽ തുടങ്ങി മനുഷ്യനു സാധ്യമായ ഏതെങ്കിലും ഒരു ഐന്ദ്രിക രുചിയിലെത്തിക്കുന്നതെന്തോ അതെല്ലാം കലയാണ്‌. കലാപരമായതിന്റെയെല്ലാം ഉള്ളടക്കം സൌന്ദര്യമാണ്. ഓരോ ഇന്ദ്രിയവും ഓരോ ആവിഷ്ക്കാരത്തിനുള്ള ത്വരമൂലമാണ് പ്രവർത്തനോന്മുഖമാകുന്നത്. ഇങ്ങനെ നോക്കിയാൽ, എല്ലാ തേടലും കണ്ടെത്തലും സൗന്ദര്യാസ്പദമാണ്. പിറന്നു വീണ ആട്ടിൻകുട്ടി വൈകാതെ എഴുന്നേറ്റു നിന്ന് തള്ളയാടിന്റെ അകിട് തപ്പാൻ തുടങ്ങുന്നു. അത് കണ്ടെത്തുമ്പോൾ തള്ളയും കുഞ്ഞും നിർവൃതിയിലാകുന്നു. കണ്ടുനില്ക്കുന്ന നമുക്കും അത് അതിസുന്ദരമായൊരനുഭവമായിത്തീരുന്നു.

അറിവും സൗന്ദര്യാസ്വാദനവും ഒരേ അനുഭവത്തിന്റെ ഇരുവശങ്ങളാണ്. ആത്മാവ് പ്രകാശകേന്ദ്രമാണ്. മനുഷ്യമനസ്സ് അതേറ്റുവാങ്ങുന്ന ദർപ്പണവും. അന്തരാത്മാവിൽ ശുദ്ധജ്ഞാനമുദിക്കുമ്പോൾ, അതിന്റെ പ്രകാശവലയത്തിൽ പ്രാപഞ്ചികഭാവങ്ങളും ഉൾപ്പെടാതിരിക്കില്ല. അപ്പോഴെല്ലാം അവയുടെ തനിമയും സ്വായത്തമായ ഭംഗിയും ഭാഗികമായെങ്കിലും കാണപ്പെടുന്നതിനാൽ സൌന്ദര്യംകൊണ്ടവ നിറഞ്ഞിരിക്കും. ഈ സൌന്ദര്യത്തെ കലയിലൂടെയും സാഹിത്യത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടാടുവാൻ മനുഷ്യന്റെ ഇന്ദ്രിയങ്ങളെല്ലാം അവയുടെ പങ്കുവഹിക്കുന്നു. വിശേഷിച്ച് കണ്ണും നാവും കരങ്ങളും കലാവിഷ്ക്കാരങ്ങൾക്കും ശാസ്ത്രങ്ങൾക്കും ഉപകരണമായിത്തീരുന്നു. ശരിയായ വഴിയിലൂടെയാണെങ്കിൽ, കലയും ശാസ്ത്രവും എപ്പോഴും ഈശ്വരനിലേയ്ക്കു നയിക്കണം.

പ്രപഞ്ചവികാസം നമ്മുടെ മാത്രം അനുഭവമാണെങ്കിൽ, ഭാഗികമായി നാം അനുഭവിക്കുന്ന സൌന്ദര്യം പരമാത്മാവിന്റെ പ്രതിബിംബത്തിനായി സജ്ജീകരിച്ചിരിക്കുന്ന ഒരു താത്ക്കാലിക പ്രഹേളികയായിരിക്കാം. പ്രപഞ്ചങ്ങൾ തന്നെ പലതോ അനേകങ്ങളോ  ഉണ്ടായിരിക്കാമെന്നും ഓരോന്നിനും അതിന്റേതായ മാനങ്ങൾ കാണുമെന്നും അനുമാനിക്കാൻ വേണ്ടത്ര തെളിവ് 
ആധുനിക ശാസ്ത്രജ്ഞരുടെ കൈവശമുണ്ട്. നമ്മുടെ സ്വന്തം പ്രപഞ്ചം നമുക്കായി ഒരുക്കിയിരിക്കുന്ന സൗന്ദര്യക്കാഴ്ചകളെല്ലാം വെറും നാല് മാനങ്ങളിൽ ഒതുങ്ങുന്നവയാണ്. ഇത്രമാത്രം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഭാഗികമായി മാത്രം ഈ പ്രപഞ്ചത്തെ പോലും അനുഭവിക്കുന്ന നാമെങ്ങനെ എല്ലാ പ്രപഞ്ചങ്ങളെയും ഉള്ക്കൊള്ളുന്ന അപരിമേയമായ സച്ചിദാനന്ദത്തിന്റെ മഹത്വം ഗ്രഹിക്കും? ഈ പരിമിതിയിൽനിന്ന് മുക്തിയന്വേഷിച്ച്, വിശ്വപ്രപഞ്ചത്തിൽ നാം കാണുന്ന സൗന്ദര്യമെല്ലാം ആദികാരണത്തിൽ ആദേശിക്കപ്പെടുമ്പോഴാണ്‌ സഗുണബ്രഹ്മം എന്ന സങ്കല്പമുണ്ടാകുന്നത്.

ദ്വൈതചിന്ത വച്ചുപുലർത്തുന്ന മതങ്ങൾ പരാശക്തിയെ യുക്തിയിലൂടെ അന്വേഷിക്കുമ്പോൾ ആദികാരണമായും (ultimate cause), ഭക്തിയിലൂടെ അന്വേഷിക്കുമ്പോൾ അനന്തസ്നേഹമായും (the supreme Thou) കണ്ടെത്തിയതായി വിചാരിക്കുന്നു. ഭക്തന് സൃഷ്ടി ദൈവസ്നേഹത്തിന്റെ പ്രതിഫലനമാണ്. ഈ സ്നേഹത്തിനുള്ള പ്രതിസ്നേഹമായിട്ടാണ് എല്ലാ മതങ്ങളിലുംതന്നെ വിവിധ പ്രാര്ത്ഥനാനുഷ്ഠാനങ്ങൾ പ്രോത്സാഹിക്കപ്പെടുന്നത്. യുക്തിയുടെ ദൈവം നിര്ഗുണനായിരിക്കുമ്പോൾ ഭക്തിയുടെ ദൈവം സഗുണനാകേണ്ടതുണ്ട്. ഈശ്വരസത്ത അനന്തസ്നേഹമാണെന്നു പറയുന്നതും അത് അനന്ത സൌന്ദര്യമാണെന്നു വ്യാഖ്യാനിക്കുന്നതും ഒന്നുതന്നെയല്ലേ? അതുതന്നെ നമ്മുടെ എല്ലാ ദ്വൈതാവസ്ഥകളെയും മറികടക്കാനുള്ള വഴിയുമായിക്കൂടെ? കാരണം, സൌന്ദര്യത്തിൽ മയങ്ങിപ്പോകുന്നവന് സ്വന്തം അസ്തിത്വം വ്യതിരിക്തമായ ഒരു ബാധ്യതയല്ലാതായിത്തീരും. ഐശ്വരസ്പർശത്തിന്റെ അനന്തപ്രഭാവത്തിൽ മറ്റെല്ലാം നിഷ്പ്രഭമാവുകയോ തീർത്തും അപ്രത്യക്ഷമാകുകയോ ചെയ്യും. ബാക്കിയാവുന്നത് സംശുദ്ധമായ സൌന്ദര്യംകൊണ്ട്‌ നിറഞ്ഞ ഈശ്വരസത്തയായിരിക്കും. അതുതന്നെയല്ലേ അദ്വൈതത്തിന്‍റെ പൊരുളും?

വിശ്വരൂപദര്‍ശനം

ജീവന്റെ വൈവിദ്ധ്യമേറിയ വളര്‍ച്ചയെപ്പറ്റി വളരെയധികം അറിയാമെന്നു ഭാവിക്കുന്ന നാം വളരെ നീണ്ട സമയത്തിലൂടെയുള്ള അതിന്റെ പരിണാമദശയിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഒരു വലിയ ചോദ്യം മുമ്പില്‍ കാണും: തന്റെ ദിവ്യത്വത്തിനു മുമ്പില്‍ കുമ്പിട്ടുനില്‍ക്കാന്‍ പോരുന്ന നമ്രതയും ഭാവനയുമുള്ള ഒരു ജീവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ ദൈവമെന്തേ ഇത്രയും വൈകിയത്? എത്രയോ തവണ ഈ ഭൂമിയില്‍ വംശനാശങ്ങള്‍ ഉണ്ടായി. 440 ദശലക്ഷം വര്ഷം മുമ്പ്, ഒര്‍ഡോവിഷന്‍ കാലഘട്ടത്തില്‍, അതിശൈത്യം മൂലം 25% സമുദ്രജീവികള്‍ ചത്തൊടുങ്ങി. 370 ദശലക്ഷം വര്ഷം മുമ്പ്, ഡിവോനിയന്‍ കാലഘട്ടത്തില്‍, 19%; 245 ദശലക്ഷം വര്ഷം മുമ്പ്, പെര്‍മിയന്‍ കാലഘട്ടത്തില്‍, ഭൂപാളികളുടെ സ്ഥാനവ്യതിയാനം (plate tectonic) മൂലം 54%; 65 ദശലക്ഷം വര്ഷം മുമ്പ്, ക്രിറ്റെഷ്യസ് കാലഘട്ടത്തില്‍, ദിനോസറുകള്‍ ഉള്‍പ്പെടെ 17% ജീവജാലങ്ങള്‍ക്ക് എന്നിങ്ങനെ  വീണ്ടും വംശനാശം വന്നു. പൊട്ടിയൊഴുകിയ ലാവയോ ഭൂമിയുമായി കൂട്ടിയിടിച്ച വാല്‍നക്ഷത്രമോ ഇവയില്‍ അവസാനത്തെ അത്യാഹിതത്തിന് കാരണമായി എന്ന് ഊഹിക്കപ്പെടുന്നു. ഇതെല്ലാം ഏതാണ്ട് 3,00,000,000 കൊല്ലം മുമ്പ് തുടങ്ങിയ ജീവന്റെ സാവധാനമുള്ള പരിണാമപ്രക്രിയയെ സാരമായി മന്ദീഭവിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ കാലാവസ്ഥയുടെ വലിയ വ്യതിയാനം മൂലമോ, അണുശക്തിയുടെ ദുരുപയോഗം കൊണ്ടോ, മുമ്പുണ്ടായ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മനുഷ്യവംശം ഒട്ടാകെത്തന്നെ നശിച്ചുപോയേക്കാം. ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉത്ഭവമോ വളര്‍ച്ചയോ നിലനില്‍പ്പോ സൃഷ്ടാവായി നാം ആരാധിക്കുന്ന പരാശക്തിക്ക് ഒരു വിഷയമേയല്ല എന്നല്ലേ?

നമ്മെപ്പോലെ അസ്തിത്വബോധമുള്ള ജീവികളില്ലായിരുന്നെങ്കില്‍ ദൈവം എങ്ങനെയായിരിക്കുമായിരുന്നു എന്നൊരു പ്രശ്നം ന്യായമായും ഉന്നയിക്കാവുന്നതാണ്. സംശയം വേണ്ടാ, അപ്പോഴും പരംപൊരുള്‍  സച്ചിദാനന്ദം തന്നെയായിരിക്കാനേ സാദ്ധ്യതയുള്ളൂ. പരിണാമത്തിലൂടെ നമ്മള്‍ അസ്ഥിത്വബോധവും അതേത്തുടര്‍ന്ന് ഈശ്വരബോധവുമുള്ള ജീവികളായിത്തീര്‍ന്നതുകൊണ്ട്, വ്യത്യസ്തമായ ദൈവസങ്കല്പങ്ങളിലൂടെ ഏകദൈവസങ്കല്പത്തില്‍ എത്തിച്ചേര്‍ന്നു എന്നതാണല്ലോ വാസ്തവം. ഈ ഏക ദൈവസത്തയെയാണ് പരമമായ സമ്പൂര്‍ണതയായി നമ്മള്‍ മനസ്സിലാക്കുന്നത്. പക്ഷേ, അതിനാല്‍ത്തന്നെ ഈ സംപൂര്‍ണ്ണതയെ സംബന്ധിച്ചിടത്തോളം മറ്റൊരസ്തിത്വമോ (സൃഷ്ടിയോ) അതിന്റെ ആരാധനയോ ഒരാവശ്യമായി വരുന്നില്ല. അങ്ങനെയെങ്കില്‍, ദൈവാസ്തിത്വബോധവും അതില്‍നിന്നുളവാകുന്ന ദൈവാരാധന, ദൈവസ്നേഹം എന്നീ മനോവൃത്തികളും സൃഷ്ടികള്‍ എന്ന നിലയില്‍ നമ്മുടെ മാത്രം ആവശ്യമാണെന്നു കാണാം. അങ്ങനെ നോക്കുമ്പോള്‍ ഭക്തിമാര്‍ഗം എന്ന് വിശേഷിക്കപ്പെടുന്ന ജീവിതചര്യ മനുഷ്യന്റെ ഏകപക്ഷീയമായ ഒരു കണ്ടെത്തലാണ്. ഇത്തരം വ്യക്തിഗത കണ്ടെത്തലുകളാണ് പലപ്പോഴും മതങ്ങള്‍ തമ്മിലും വിശ്വാസങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നത്. അതിലൊന്നും ദൈവത്തിന് യാതൊരു പങ്കുമില്ല എന്നതല്ലേ യുക്തി നമുക്ക് ഓതിത്തരുന്ന സത്യം? 

സമ്പൂര്‍ണ സത്ത എന്നയര്‍ത്ഥത്തില്‍ ഈശ്വരന്‍ നിര്‍ഗുണബ്രഹ്മമാണ്. അത് പക്ഷേ, അല്പനായ മനുഷ്യന് അപ്രാപ്യമായതിനാല്‍ ഭക്തിയുടെ വിഷയം സഗുണബ്രഹ്മമാണ്. സഗുണബ്രഹ്മം സത്-രജസ്-തമസുകളുടെ സങ്കലനമായ മനുഷ്യന്റെ സങ്കല്പലോകത്തിലെ ഈശ്വരനാണ്. നഗ്നമായ അര്‍ത്ഥത്തില്‍, മാനുഷികമായ ഭാവനകളുടെ വിപുലീകരണം മാത്രമാണ് ദൈവത്തില്‍ നാം ആരോപിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാ ഗുണങ്ങളും. ഇക്കാര്യത്തില്‍ ഒരു മതവും വ്യത്യസ്തമല്ല. തന്നെ ബോധപൂര്‍വം ആരാധിക്കുന്ന ഒരു ജീവവൃന്ദത്തെ സംരക്ഷിക്കുക ദൈവത്തിന് അനിവാര്യമായിരുന്നെങ്കില്‍ അത് ദൈവത്തെപ്പോലെതന്നെ അനാദിയായ ഒരാവശ്യമായിരുന്നിരിക്കണം.

പക്ഷേ, മറിച്ചാണ് സുവ്യക്തമായ നമ്മുടെ ജീവിതാനുഭവം. ദൈവാരാധന മനുഷ്യന്റെയാവശ്യമാണ്‌, ഈശ്വരന്റെയല്ല. നിര്‍ഗുണമായതിനു ആരാധനയാവശ്യമില്ല എന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ സ്വന്തം പ്രതിച്ഛായ 
ദൈവത്തിന്റെതന്നെ പ്രതിച്ഛായയാണെന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട് അതിനെ ആരാധിച്ചു തുടങ്ങുന്നു. പക്ഷേ, എന്നെങ്കിലും അതവരെ മടുപ്പിക്കും. അപ്പോഴാണ്‌ ഒരുവനില്‍ താന്മഹിമയ്ക്കപ്പുറത്ത് കടക്കണമെന്ന ആഗ്രഹമുദിക്കുന്നത്. അതിനെ സാക്ഷാത്ക്കരിക്കാനാണ് അവന്‍ ദൈവത്തില്‍ മാനുഷികവും അമാനുഷികവുമായ ഗുണങ്ങള്‍ ആരോപിച്ചുതുടങ്ങുന്നത്. വിശ്വാസവും ഭക്തിയും ഈ ആഗ്രഹത്തിന്റെ ഉത്പന്നങ്ങളാണ്. ഏതേതു ദേവതാരൂപത്തെ ഭക്തന്‍ ദൃഢവിശ്വാസത്തോടെ പൂജിക്കുന്നോ, അത് അവനില്‍ ഉറയ്ക്കുന്നു; നമ്മുടെ സ്ഥിരചിന്ത എപ്രകാരമോ, നാം അപ്രകാരമായിത്തീരുന്നു. അതുകൊണ്ടാണ് ചിന്ത എത്ര പുരോഗമിച്ചാലും, നവീകരണേച്ഛ എത്രമാത്രം ശക്തമായാലും, ഏതെങ്കിലും മതസമൂഹത്തിനുള്ളില്‍ത്തന്നെ തുടരുന്നവരുടെ ദൈവസങ്കല്പത്തിനോ പ്രാര്‍ത്ഥനാരീതിക്കോ എന്തെങ്കിലും മാറ്റം വരിക എന്നത് അത്ര വളരെ ദുഷ്ക്കരമായി അനുഭവപ്പെടുന്നത്. സുഖദുഃഖങ്ങളുടെ അനുഭവത്തില്‍ നിന്നാണ് പാപബോധം, ശിക്ഷ, ബലി, രക്ഷ (മോക്ഷം) എന്നീ മനോദര്‍ശനങ്ങള്‍ ഉരുത്തിരിയുന്നത്. എന്നാല്‍ ഇത്തരം വിശ്വാസങ്ങളെ അസ്വാരസ്യങ്ങളായി കരുതുന്നവരും ധാരാളമാണ്. അവരാണ് അദമ്യമായ ജിജ്ഞാസ എന്ന ഗുണമുള്ളവര്‍. അടിസ്ഥാനപരമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താന്‍ യുക്തിക്ക് മുന്‍ഗണന നല്‍കാതെ പറ്റില്ല. യുക്തിയിലൂടെ ജീവന്റെ ഉത്പത്തിയെ തേടി ശാസ്ത്രം ഇന്നും കഷ്ടപ്പെടുന്നു. എന്നാല്‍ വേദാന്തദര്‍ശനത്തില്‍ സജീവം നിര്‍ജീവം എന്നോ സുഖദുഃഖങ്ങളെന്നോ ഉള്ള വേര്‍തിരിവിന് അര്‍ത്ഥമില്ല. ഇത് മര്‍മ്മപ്രധാനമായ ഒരു കാഴ്ചപ്പാടാണ്. ജീവനില്ലാത്തതായി പ്രപഞ്ചത്തില്‍ ഒന്നുമില്ല എന്നാണ് ഗീതാപാഠങ്ങളുടെ ഉള്‍പ്പൊരുള്‍. അതിലെ യുക്തി ലളിതമാണ്. പഞ്ചഭൂതങ്ങള്‍ സജീവമല്ലെങ്കില്‍ അവയില്‍ നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എവിടെനിന്ന്? ഓരോ പരമാണുകണവും ഓരോ ജീവകോശവും പ്രവര്‍ത്തിക്കുന്നത് 'ബുദ്ധി'യുള്ളതുപോലെയാണ്. ഇവയുടെ താത്ക്കാലിക കൂട്ടങ്ങളെയാണ് ജീവികളായി നാം കാണുന്നത്.

സത്യത്തില്‍ ഇത് ഒരു വിശദീകരണവും ആവശ്യപ്പെടുന്നില്ല. മനുഷ്യഭ്രൂണത്തെ തന്നെ വീക്ഷിച്ചാല്‍ മതി ഇത് മനസ്സിലാക്കാന്‍. ബീജാണ്ഡസങ്കലനത്തിനു ശേഷം വിഘടിച്ചുപെരുകുന്ന ഓരോ കോശാണുവിനും അതിന്റെ സ്ഥാനവും പരസ്പരബന്ധവുമനുസരിച്ച് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് അതിന്റേതായ അറിവുണ്ടായിരിക്കണം. അല്ലെങ്കില്‍ ഒരു സിക്താണ്ഡവും (zygote) പൂര്‍ണ്ണ വളര്‍ച്ചയിലെത്തുകയില്ല. വിത്തുകളില്‍നിന്ന് സസ്യങ്ങള്‍ രൂപപ്പെടുകയില്ല. ഓരോ കോശത്തിലും അന്തര്‍ലീനമായ ഈ സഹജബോധമാണ് എല്ലാ വളര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും രഹസ്യം. രണ്ടു ലൈംഗികകോശങ്ങള്‍ ചേര്‍ന്ന് സിക്താണ്ഡമാകുന്നതും അത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അംഗവൈവിദ്ധ്യങ്ങളുടെ സുന്ദരസമുച്ചയമായ ഒരു പൂര്‍ണ മനുഷ്യജീവിയാകുന്നതും ഓരോ കോശത്തിലും അതിന്റെ സ്ഥാനത്തെയും കടമയെയുംപറ്റിയുള്ള ഈ ആന്തര്‍ബോധം സ്ഥിതിചെയ്യുന്നതുകൊണ്ടാണ്. തേനീച്ച, ഉറുമ്പ് തുടങ്ങിയ ജീവസമൂഹങ്ങള്‍ വളര്‍ന്നു പെരുകുന്നത് അതിലെ ഓരോ അംഗത്തിനും എപ്പോള്‍ എന്തു ചെയ്യണമെന്ന്‍ സഹജമായ ഉള്‍ബോധമുള്ളതുകൊണ്ടാണ്. ഒരു സസ്യത്തിന്റെ ഏതു ഭാഗത്ത് എപ്പോള്‍, എങ്ങനെ പുതിയ തളിര്‍പ്പുകള്‍, പൂക്കള്‍, കായ്കള്‍ എന്നിവ ഉണ്ടാകണമെന്ന് സാഹചര്യത്തിനും കാലാവസ്ഥക്കുമനുസരിച്ച് ഓരോ കോശവും അറിയുന്നുണ്ട്. എന്തിന്റെയും ഓരോ അണുവിലും ഇരിക്കുന്നത് പരമാത്മാവ്‌തന്നെയാണ് എന്ന് സാരം. പ്രപഞ്ചത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു സൂക്ഷ്മസത്യമാണിത്. ചരാചരങ്ങളില്‍ ചേതന ഞാനാകുന്നു (ഭൂതാനാസ്മി ചേതനാ - അ. 10,ശ്ലോ. 22) എന്ന ഗീതാവാക്യംകൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ സത്യമാണ്. ഈ സത്യത്തെപ്പറ്റി സ്വയം അവബോധത്തിലെത്തുക എന്നത് മനുഷ്യന്റെ മാത്രം കഴിവായിരിക്കാം.

ജീവന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ നിന്ന് ചില പാഠങ്ങള്‍ നമുക്ക് സംഗ്രഹിച്ചെടുക്കാം. കാലാകാലങ്ങളില്‍ കാതലായ വംശനാശങ്ങള്‍ ഉണ്ടായിട്ടും, ആദിജീവന്റേതടക്കമുള്ള എല്ലാ വാസനകളും നമ്മില്‍ കുടികൊള്ളുന്നുണ്ട്. ഒരു ജീവരൂപവും അപ്പാടേ ഇല്ലാതായിട്ടില്ല. അവയുടെയെല്ലാം വാസനകളുടെ ഒരംശം പുതിയ തലമുറ കൈപ്പറ്റിയിട്ടുണ്ടാവണം; ഈ വാസനാപരിണാമത്തില്‍നിന്നായിരിക്കണം ജീവപരിണാമം തന്നെ സാദ്ധ്യമാകുന്നത്. മനുഷ്യന്റെ ജീവാവസ്ഥയില്‍ ആത്മസ്വരൂപാഭിമുഖ്യം എന്ന വാസനാപരിണാമവും ഉള്‍പ്പെടുന്നുണ്ട്. ഈ വാസനാമിശ്രണമാണ് ബഹുസ്വരങ്ങളായ വിശ്വാസങ്ങളായി പ്രകടമാകുന്നത്.

ദൃശ്യപ്രപഞ്ചം നിലനില്‍ക്കുന്നത് ഉല്പത്തി, പരിണാമം, നാശം എന്ന പ്രഹേളികകളിലൂടെയാണ്. ഇവയെല്ലാം ഒരു മഹാസ്മരണ ക്രമേണ ഉണര്‍ന്നു വരുന്നതുപോലെയാണെന്ന് നിത്യചൈതന്യ യതി പറയുമായിരുന്നു. ഇവയില്ലെങ്കില്‍ സ്ഥലവും സമയവുമില്ല. സ്ഥലവും സമയവും അനുഭവിക്കുന്ന നമുക്ക് അനാദിയെന്ന ഒരവസ്ഥയോ ആത്യന്തിക സമയം (അനനുസ്യൂതി - discontinuity) എന്ന സമയാന്ത്യമോ ചിന്തനീയമേയല്ല. ഓരോ ജീവിയിലുമെന്നല്ല, അചേതനവസ്തുക്കളില്‍ പോലും അതുവരെയുള്ള പരിണാമവികാസത്തിന്റെ ഒരു മഹാസ്മരണ ആവസിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് സംശുദ്ധമായ വേദാന്തദര്‍ശനം. ഗീത പ്രപഞ്ചത്തെ മനുഷ്യശരീരവുമായി താരതമ്യം ചെയ്യുന്നുണ്ട് (അ. 13, ശ്ലോ. 14). പ്രപഞ്ചം മൊത്തത്തില്‍ ഒരു ഏകകമായി പ്രവര്‍ത്തിക്കുന്നു എന്നാണതിലെ വിവക്ഷ. പ്രപഞ്ചശരീരത്തിലെവിടെയും ജീവാത്മാവിന്റെ സാന്നിദ്ധ്യം നിറഞ്ഞിരിക്കുന്നു എന്നുതന്നെയാണ് അതിനര്‍ത്ഥം. സജീവം, നിര്‍ജ്ജീവം എന്ന വിഭജനം വേദാന്തദര്‍ശനത്തിലില്ല. വലുതും ചെറുതും എന്ന വ്യതാസവും ഇല്ല. ജീവകോശങ്ങളുടെ കാര്യത്തിലെന്നപോലെ, അണുഘടകങ്ങളോ അണുക്കളൊ തന്മാത്രകളൊ ഗ്രഹങ്ങളോ താരാപഥങ്ങളൊ ഒന്നുമേ ഒന്നില്‍ നിന്ന് ഒന്ന് വേര്‍പെട്ടല്ല നിലകൊള്ളുന്നത്. ആദികന്ദത്തിലെന്നപോലെ ഓരോ അണുവിലും ബ്രഹ്മാണ്ഡമിരിക്കുന്നു എന്നുതന്നെ നമുക്ക് നിശ്ചയിക്കാം. ആദിസ്പന്ദമെന്ന ബീജത്തിന്റെ നാഭിയില്‍ നിന്ന് വിരിഞ്ഞുയരുന്ന ഒരു പൂവ് പോലെയാണ് ഓരോ പിറവിയും. പുരാണങ്ങളില്‍ എന്നപോലെ ബൈബിളിലും നിറഞ്ഞു നില്‍ക്കുന്ന, പലപ്പോഴും ബാലിശമായ, ഈശ്വരചിത്രീകരണങ്ങളില്‍ നിന്ന് അത്യന്തം വ്യത്യസ്തമാണ് ഗീതയുടെ പതിനൊന്നാം അദ്ധ്യായത്തില്‍ നമുക്ക് കിട്ടുന്ന വിശ്വരൂപദര്‍ശനം.

വ്യക്തിജീവന് പ്രപഞ്ചജീവനുമായുള്ള ഹൃദയബന്ധത്തെയാണ് ഗീത ശരിയായ ഭക്തിയായി കണക്കാക്കുന്നത്. ഈ ധന്യചിന്ത യേശു പല സന്ദര്‍ഭങ്ങളിലും പങ്കുവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ശിഷ്യരിലോ അവരില്‍ നിന്ന് ഉരുവാര്‍ന്ന ക്രിസ്തുമതത്തിലോ അത് വേരാഴ്ന്നു വളര്‍ന്നില്ല എന്നത് ദുഃഖകരമാണ്. ചരാചരങ്ങളും പരമ്പൊരുളും രണ്ടു തലങ്ങളില്‍ ആണെന്ന ഒരു ധാരണ യഹൂദപാരമ്പര്യമുള്ള മതങ്ങളുടെ അടിസ്ഥാനപരമായ അറിവില്‍ നികത്താനാവാത്ത ഒരു ന്യൂനതയായി അവശേഷിക്കുന്നു. മിക്ക മതങ്ങളിലെയും ഭക്തി ഉറപ്പിച്ചിരിക്കുന്നത് ഈ ദ്വന്ദ്വത്തിലാണ്. എന്നാല്‍ ഗീതയാകട്ടെ, ഈശ്വരഭക്തിയോടൊത്ത് മറ്റെന്തിനോടെങ്കിലും വൈരം (തരംതിരിവ്) അംഗീകരിക്കുന്നില്ല. അനുദിനജീവിതത്തില്‍ നാനാവിധത്തിലും നാനാവര്‍ണങ്ങളിലും ആകൃതികളിലുമായി ആയിരക്കണക്കിലുള്ള എന്റെ ദിവ്യരൂപങ്ങള്‍ കണ്ടുകൊള്‍ക എന്നാണ് ഗുരുത്വമുള്ള ജിജ്ഞാസുവിന് കിട്ടുന്ന സാരോപദേശം. ചരിക്കുന്നത് ഭക്തിമാര്‍ഗ്ഗത്തിലൂടെയോ ജ്ഞാനമാര്‍ഗ്ഗത്തിലൂടെയോ ആകട്ടെ, എളിമയുള്ള സത്യാന്വേഷിക്ക് അത് ഏറെ സ്വീകാര്യവുമാണ്.

ഇത്, അത്, പരമാര്‍ത്ഥം

ഇതെന്റെ വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. ക്രിസ്തീയ മതതത്ത്വങ്ങളില്‍ ആഴമായ അറിവ് നേടിയിട്ടുള്ള ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ പോലും ഏറെനാള്‍ അവര്‍ പരിശീലിച്ച മതാവബോധങ്ങളില്‍നിന്ന് വ്യതിചലിച്ച് വിശ്വാസികളുടെ മനസ്സില്‍ തെറ്റിദ്ധാരണകള്‍ വരുത്തിവച്ചുകൊണ്ട് വഴിമാറി നടക്കുന്ന സംഭവങ്ങള്‍ കുറവല്ല. എന്നാല്‍ ഹൈന്ദവേതര മതബോധനകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ നല്‍കാന്‍ മടിക്കുന്ന, ഭാരതീയ തത്ത്വചിന്തയെക്കുറിച്ചുള്ള അറിവുകള്‍ സ്വമേധയാ സ്വായത്തമാക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ള വ്യക്തികള്‍ അവരുടെ അവബോധങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് പതിവ്. ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ ഇല്ലാത്തയേതോ മികവും തികവും ഹൈന്ദവ പ്രസ്ഥാനത്രയത്തില്‍ (ഉപനിഷത്തുകള്‍, ഭഗവദ്ഗീത, വേദാന്തസൂത്രം*) ഉണ്ടെന്നല്ലേ ഇതിന്റെ സാരം? എന്റെ വഴിക്ക് ഞാനും വര്‍ഷങ്ങളോളം ഈ രണ്ടാമത്തെ വഴിയേ സഞ്ചരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പരമമായ സത്ത, ആത്മാവ്, സത്യം എന്ന സനാതന മൂല്യങ്ങളെപ്പറ്റി ജീവപരിപോഷിതവും അതേ സമയം ക്രിസ്തുമതസിദ്ധാന്തങ്ങളില്‍ പ്രത്യക്ഷമായി കാണാത്തതുമായ എന്തെങ്കിലും അറിവുകള്‍ ലഭ്യമായതില്‍ ആഹ്ലാദിക്കാമെങ്കില്‌, അതിനുള്ള എല്ലാ പുണ്യവും മുന്‍ചൊന്ന മൂന്നു ചിന്താസരണികളുമായി ബന്ധപ്പെട്ടതാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്.

ക്രിസ്തുമതത്തില്‍ ദൈവമെന്നും പുണ്യമെന്നും മോക്ഷമെന്നുമൊക്കെ പറയുമ്പോള്‍ വളരെയധികം ഓജസ് ചിതറിപ്പോകുന്നത്‌ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സഗുണദിവ്യത്വം സമയദേശസങ്കല്‍പ്പങ്ങളിലൂടെയാണ് അറിയപ്പെടുന്നത് എന്നതുകൊണ്ടാണ്. ഉപനിഷത്തിന്റെ ഭാഷയില്‍ അങ്ങനെയൊരു കുറവ് കടന്നുകൂടുന്നില്ല. അവിടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്ന വിവേചനങ്ങള്‍ ഈശ്വരീയതയേയും തദ്വാരാ നമ്മെയും ബാധിക്കുന്നേയില്ല. കാരണം, അതില്‍, എല്ലായിടത്തും എപ്പോഴും അതിന്റെ പൂര്‍ണതയില്‍തന്നെ ആയിരിക്കുന്ന ചൈതന്യം നിര്‍ഗുണബ്രഹ്മമാണ്. അത് എന്നിലെന്നപോലെ ഞാന്‍ കാണുന്നതും ബന്ധപ്പെടുന്നതുമായ എല്ലാറ്റിലും ഒരുപോലെയാണെങ്കില്‍, എന്താണ് പിന്നെയെന്നെ അലട്ടാനുള്ളത്? ആ ചൈതന്യത്തിന് വിട്ടുവിട്ട് ഓരോന്നിലും ആയിരിക്കാനാവില്ല എന്ന ബോധ്യം വന്നുകഴിഞ്ഞാല്‍, ഓരോ നിമിഷവും, ഇപ്പോള്‍ ഇവിടെ അനുഭവവേദ്യമായ മോക്ഷമായിത്തീരുന്നു. അന്വേഷണങ്ങളുടെ അവസാനമാണത്.

മനഃശാസ്ത്രപഠനത്തിന്റെ ഭാഗമായി പല പാശ്ചാത്യ/പൌരസ്ത്യ ചിന്തകരെ അറിഞ്ഞിട്ടുണ്ടെങ്കിലും രണ്ടു വശത്തുനിന്നും എന്റെ മനസ്സിനിണങ്ങിയ ഓരോരുത്തര്‍ എറിക് ഫ്രൊം (Eric Fromm), നിത്യചൈതന്യയതി എന്നിവരാണ്. ഭാഷയില്‍ ത്  ജീവന്റെ ശബ്ദമാണെന്നും മനഃശാസ്ത്രത്തില്‍ ഏറ്റവും പ്രധാനമായി വരുന്ന ഒരു വിവക്ഷ 'ഇത്' എന്നുള്ളതാണെന്നും യതി കണ്ടെത്തിയിട്ടുണ്ട്. (ഈശാവാസ്യോപനിഷത്ത് - വ്യാഖ്യാനം). 'ഇത്' എന്നതിനെ അനുഗമിക്കുന്ന ചോദനകളാണ് ഇതെന്ത്, ഇതെന്തുകൊണ്ട്, ഇതെവിടെനിന്ന് തുടങ്ങിയവ. സ്ഥലത്തിലും കാലത്തിലും വസിക്കുന്ന നമുക്ക് 'ഇത്' (വേദാന്തഭാഷയില്‍ ഞാനും നീയും 'ഇത്' ആണ്. ത്വം എന്ന വിവക്ഷയില്‍ ഞാനും നീയും ഉള്കൊള്ളുന്നുണ്ട്.) ഉടനടി സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരന്വേഷണമായി മാറും. നാമറിയാതെതന്നെ നമ്മുടെ മേധ മനഃനശാസ്ത്രത്തില്‍ നിന്ന് ദര്‍ശനശാസ്ത്രത്തിലേയ്ക്ക് ചാടും. കാരണം, ഇതെന്താണെന്നു പറയണമെങ്കില്‍ 'അത്
വേണം. (അത് = തത് = സത് =സത്തയുള്ളതെല്ലാം). ഇതിനെയും അതിനെയും കൂട്ടിയിണക്കി, ഇത് അതാണ്‌ എന്ന് പറയുന്നിടത്ത് വേദാന്തസാരം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞു. സത്യമായി അനുഭവപ്പെടുന്നതെല്ലാം സത് ആണ്.** അതുതന്നെയാണ് തത്. ഇനിയാണ് ഉപനിഷദ്ഭാഷയുടെ അനന്തസൌന്ദര്യം വെളിപ്പെടുന്നത്. തത് ത്വം ആണെന്നുള്ള ഒറ്റ സത്യത്തിലേയ്ക്ക് എടുത്തുചാടി തത്ത്വമസി (തത് ത്വം അസി = നീ അത് ആണ്) എന്ന് മനസ്സിലാക്കുമ്പോള്‍ ആത്മശാസ്ത്രവും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും എല്ലാം ഒരൊറ്റ അറിവായി സംഗ്രഹിക്കപ്പെടുകയാണ്.

ഇതില്‍നിന്നൊക്കെ വ്യക്തമാകുന്ന ഒരു കാര്യം, ഭാഷയിലെ ചില ശബ്ദങ്ങള്‍ക്ക്‌ ദേശത്തെയും കാലത്തെയും ഉല്ലംഘിക്കാനുള്ള കഴിവുണ്ട് എന്നതാണ്. സ്വരങ്ങളും വ്യഞ്ജനങ്ങളും ചേര്‍ന്ന് നമ്മുടെ ഭാഷയിലെ ശബ്ദങ്ങളെ രൂപപ്പെടുത്തുന്ന അദ്ഭുതം എത്ര വശ്യമാണ്! ഈ ലേഖനത്തിലൂടെ സംഭവിക്കുന്നതുപോലെ, എഴുത്ത് എന്ന ഉപാധിവഴി എന്റെ മനസ്സ് എത്രയോ ദൂരെയുള്ള മറ്റു മനസ്സുകളുമായി സംവദിക്കുന്നു. കാരണം, വാക്കും അതിലെ സന്ദേശവും വൈദ്യുതിപോലെ ഊര്‍ജ്ജവാഹിനിയായിത്തീരുന്നു. 


ഇതൊന്നു  ശ്രദ്ധിക്കുക. ചലിക്കാന്‍ സമയം (time is defined as space between experiences) വേണം. അവസാനമുള്ളതിനേ സമയമുള്ളൂ. ചലിക്കാന്‍ ഇടം വേണം. പരിമിതിയുള്ളതിനേ ഏതെങ്കിലും ഇടത്തില്‍ ചലിക്കാനാവൂ. പൂര്‍ണവും സര്‍വ്വവ്യാപിയുമായതിന് ചലനമോ മാറ്റമോ ഇല്ല. ഈ അര്‍ത്ഥങ്ങളെല്ലാവും ഉള്‍ക്കൊള്ളുന്ന, ഭാഷയിലെ ഏറ്റവും സാന്ദ്രതയേറിയ ശബ്ദം ത്ത്വം (ത് + ത്വം) ആണ്. ഉണ്മയായ ഉണ്മയെല്ലാം തത് ആണെന്ന് പറയുമ്പോള്‍, ഛാന്ദോക്യോപനിഷത്തിലെ തത്ത്വമസി എന്ന മഹാവാക്യം എല്ലാ അറിവിന്റെയും അറിവായിത്തീരുന്നു. ത്വം അല്ലാത്തതെല്ലാം തത് ആണ് എന്നല്ല, മറിച്ച്, ത്വം, തത്, സത് - ഇവ മൂന്നും ഒന്നുതന്നെ എന്നാണ് ഈ മഹാവാക്യത്തിന്റെ സമ്പൂര്‍ണമായ അര്‍ത്ഥം; അതാണ്‌ പരമാര്‍ത്ഥം - എന്തിനും ഏതിനും ആത്യന്തികമായി കൊടുക്കാവുന്ന അര്‍ത്ഥം.

ഈ തത്ത്വം ഉള്ളില്‍ തെളിഞ്ഞാല്‍ മാത്രമേ നമ്മുടെ അകതാരില്‍ സൌന്ദര്യം പോലും ആസ്വാദ്യകരമാകുകയുള്ളൂ. ഒരു നിമിഷത്തേയ്ക്കാണെങ്കില്‍ ഒരു നിമിഷത്തേയ്ക്ക് മനസ്സിനെ അഹത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് വലിച്ചടുപ്പിക്കുകയും അത്രയും നേരം മനസ്സിന് ഹരം പകരുകയും ചെയ്യാനാവുന്നതെന്തോ, അത് സുന്ദരമാണ്. അത് മറ്റൊന്നിലോ മറ്റൊരാളിലോ ആണ് എന്ന തോന്നലുളവാക്കുവോളം അത് സൌന്ദര്യത്തിന്റെ മികവിലെത്തുകയോ മനസ്സിനെ പൂര്‍ണ ഹരത്തില്‍ കൊണ്ടെത്തിക്കുകയോ ചെയ്യുന്നില്ല. രണ്ടെന്നുള്ള ചിന്തയുദിക്കാതെ, "ഹാ, സുന്ദരം!" എന്ന അനുഭവമുണ്ടാകുന്നത് എപ്പോഴോ, അപ്പോള്‍ മാത്രമാണ് സൗന്ദര്യാസ്വാദനം സംഭവിക്കുന്നത്‌. എന്നാല്‍, ആദ്യത്തെ പടിവരെ മാത്രമേ മിക്കവരും എത്തുന്നുള്ളൂ. അതുകൊണ്ടാണ് നല്ലതെന്ന് തോന്നുന്നതിന്റെയൊക്കെ പടങ്ങളും (stills) ചലച്ചിത്രങ്ങളും (movies) എടുത്തു സൂക്ഷിക്കണമെന്ന ആഗ്രഹം ജനിക്കുന്നത്. അതിനപ്പുറത്തെ തലത്തിലാകട്ടെ, സൗന്ദര്യത്തെ നാം ആവാഹിക്കുകയാണ്. അത് നമ്മിലാണ്. അത് നഷ്ടപ്പെടുമെന്ന ഭയത്തിന് അപ്പോള്‍ അടിസ്ഥാനമില്ല. അതുകൊണ്ട് സൂക്ഷിച്ചുവയ്ക്കാന്‍ അതിന്റെ പടം വേണ്ടിവരുന്നില്ല. സൗന്ദര്യദായകമായി അനുഭവിച്ചത് എന്റെതന്നെ ഭാഗമാണെന്നും ഞാന്‍ അതിന്റെ ഭാഗമാണെന്നുമുള്ള അറിവില്‍ അത് അങ്ങനെത്തന്നെ ആയിക്കഴിഞ്ഞു എന്നതാണ് വ്യത്യാസം. അതാകട്ടെ വളരെ സാരമായ ഒരു വ്യത്യാസം തന്നെയാണ്.

സംസാരവും നിത്യവര്‍ത്തമാനവും 
നാം വാരിക്കൂട്ടിയും പിടിച്ചുപറിച്ചും വയ്ക്കുന്ന ഒന്നിലും സത്യത്തില്‍ നാം സൌന്ദര്യം കാണുന്നില്ല എന്നത് ഒരു വലിയ  സത്യമാണ്. താത്ക്കാലികമായ ഉപഭോഗതൃഷ്ണ മാത്രമാണ് അതുകൊണ്ട് പോഷിപ്പിക്കപ്പെടുന്നത്. അതുപോലെതന്നെയാണ് മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്‌. അടുത്തുള്ളവര്‍ തമ്മില്‍ മാതമല്ല, എത്ര ദൂരെയായിരുന്നാലും ഇഷ്ടമുള്ളപ്പോഴെല്ലാം തമ്മില്‍ ബന്ധപ്പെടാനുള്ള ഉപാധികള്‍ക്ക് ഇന്നൊരു കുറവുമില്ല. എന്നാല്‍ ബന്ധങ്ങള്‍ മനുഷ്യരെ പലപ്പോഴും തെറ്റിദ്ധാരണയിലും അതൃപ്തിയിലും കൊണ്ടെത്തിക്കുന്നു. കാഴ്ചപ്പാടുകളും താത്പര്യങ്ങളും വ്യത്യസ്തമാകുന്നതാണ് ഇതിനു കാരണം. അറുതിയില്ലാത്ത ഈ മാതിരി ദ്വൈതം കൊണ്ട് ദുഖഃപൂരിതമായിരിക്കുന്ന ലോകത്തെയാണ് സംസാരം എന്ന് പറയുന്നത്. സംസാരത്തെ മറികടക്കാമോ? കടക്കാം എന്ന സദ്‌വാര്‍ത്ത തരുന്നത് വേദാന്തമാണ്. അതിനുള്ള വഴി മുമ്പ് സൂചിപ്പിച്ച അറിവിന്റെ അറിവാണ്. ആരേയും ഒന്നിനേയും വെളിയില്‍ നിറുത്താതിരിക്കുക, ഭാവിയും ഭൂതവും ഈ വര്‍ത്തമാനത്തില്‍ തന്നെയുണ്ട്‌ എന്നയറിവ് സ്വാഭാവികമായിത്തീരുക എന്നതാണ് ഒരാള്‍ ഈ അറിവിലെത്തി എന്നതിന്റെ തെളിവ്. അയാള്‍ക്ക് നീയും ഞാനും അവരും വ്യവഹാരഭാഷയില്‍ മാത്രം നിലനില്‍പ്പുള്ള അസത്യങ്ങളാണ്. സത്യത്തില്‍ ഒന്നും തന്നില്‍നിന്ന് അന്യമാകുന്നില്ല. വെട്ടിപ്പിടിക്കാനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ആര്‍ത്തിക്കോ വ്യക്തിപരമായ പരാതികള്‍ക്കോ അയാളുടെ മനസ്സില്‍‍ ഒട്ടും ഇടമില്ല. അനുഗ്രഹങ്ങള്‍ക്കായുള്ള അര്‍ത്ഥനയോ യാചനയോ ഒരിക്കലും അയാള്‍ക്ക്‌ ഒരാവശ്യമായി തോന്നുകയില്ല. തത്ര കോ മോഹഃ കഃ ശോകഃ? അവിടെ (സച്ചിദാനന്ദത്തില്‍) എന്ത് മോഹം, എന്ത് ശോകം?

* ബാദരായണന്റെ ബ്രഹ്മസൂത്രത്തെ നാരായണഗുരു ചുരുക്കി പുനരാവിഷ്ക്കരിച്ചതാണ് വേദാന്തസൂത്രം.

** നിര്‍മ്മലമായ ഉണ്മ സമയബന്ധിതമാകുന്നതാണ് (becoming, happening) സംസാരം. വസിക്കുക, വസ്തു, വാസ്തു, അവസ്ഥ, എന്നീ വാക്കുകള്‍ ഉണ്ടായത് Indo-German ശബ്ദമായ  Wesen ല്‍ നിന്നാണ്.  അസ്തിത്വവാദികളുടെ Dasein-ലെ Sein (Being) നു പകരം ഹൈഡെഗര്‍ ഉപയോഗിക്കുന്ന വാക്ക് Anwesen ആണ്. അതിനര്‍ത്ഥം arriving to Wesen എന്നാണ്. ഈ Wesen ഉം നമ്മുടെ  സത് ഉം ദ്യോതിപ്പിക്കുന്നത് ഉണ്മയെയാണ്. സംസ്കൃതത്തില്‍ സത്യം എന്ന ശബ്ദം കിട്ടുന്നത് സത് + ത്വം + നയന (സ-ത-യ) എന്നിവ ചേരുമ്പോഴാണ്. സത് കൈവിട്ടുപോകുന്നതാണ് (സത്തുപോകുക/ചത്തുപോകുക) മരണം.