എന്നെ തേടിയുള്ള യാത്ര (3)

ഉപനിഷദീയം


ആത്മാവുമൊത്ത്   ഞാന്‍  നടക്കാനിറങ്ങി.  വഴിയില്‍ ശ്രദ്ധിച്ചവ കുറിച്ചുവച്ചു. അവയെ മറ്റാരെങ്കിലുമായി പങ്കുവയ്ക്കുവാന്‍ കൊതിച്ചു. ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരാളുണ്ടെങ്കില്‍, "എല്ലാം ചെന്നെത്തുകയും എല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പൂര്‍ണതയില്‍ നീയും ഞാനുമുണ്ട്, വളരെ അടുത്തു തന്നെ" എന്ന് പറഞ്ഞുകൊണ്ട്  തുടങ്ങട്ടെ.

ഒരു മുട്ട വിരിയുന്നു, ഒരു പൂവ് വിടരുന്നു, ഒരു സ്നേഹമുദിക്കുന്നു: യഥാക്രമം ജീവന്‍, സൌന്ദര്യം, സൌരഭ്യം. ഇവിടെയെല്ലാം ആസ്വാദകനായി ആരോ അരികെയുണ്ട്, നാം കാണുന്നും അറിയുന്നും  ഇല്ലാത്തപ്പോഴും.  ഈ സൃഷ്ടിതാളങ്ങളെല്ലാം ആത്മ-ബ്രഹ്മസംയോഗത്തിന്റെ പ്രകടനങ്ങളാണ്. അതുകൊണ്ടാണ്  ഇവിടെയെല്ലാം ജീവോത്സവവും ആനന്ദവും അനുഭവവേദ്യമാകുന്നത്. 

ഹൃദയാഹ്ളാദത്തിലേയ്ക്കും സൌഹൃദത്തിലേയ്ക്കും നയിക്കുന്ന ഒറ്റ വഴിയേ ഉള്ളൂ - അദ്വൈതത്തിന്റേത് - എന്ന സത്യമാണ് ഉപനിഷത്തുകളിലൂടെ ഉരുത്തിരിയുന്നത്.  വ്യാഖ്യാനങ്ങള്‍ സഹായകമാകാമെങ്കിലും, മൂല്യവാക്യങ്ങളിലൂടെ പരതിനടന്നാല്‍, ചില  വെളിപാടുകള്‍ നമുക്കും ലഭ്യമാകണം എന്ന ധൈര്യമവലംബിച്ച്,  ഞാനും വായന തുടങ്ങി. പലയിടങ്ങളിലും സ്തബ്ധനായി നിന്ന്   വിചാരം പൂണ്ടു. നേരിട്ട്   ഇടപെടുന്നില്ലാത്തിടത്തും എനിക്കും നിനക്കും പങ്കുണ്ട്,  നന്മയായതും പുളകമണിയിക്കുന്നതും എവിടെയായിരുന്നാലും, അതു നമ്മുടേതുകൂടിയാണ്  എന്നൊക്കെയാണ്  ഉപനിഷദ്ജ്ഞാനത്തിന്റെ പൊരുള്‍ എന്നിടം വരെയെത്തി. ഇവ്വിധ ചിന്താകിരണങ്ങള്‍ ജീവിതസമസ്യകളില്‍ പ്രകാശവും ആത്മധൈര്യവും പകരുമെന്ന്  അനുഭവിച്ചറിയുകയും ചെയ്തു.

എന്നാല്‍,  ഉള്ളില്‍ ഗ്രഹിക്കുന്നവയും ആഗ്രഹിക്കുന്നവയും വര്‍ത്തമാനവൃത്തികളില്‍ കൊണ്ടുവരുവാന്‍ തടസ്സമേറുമ്പോള്‍, തിന്മയെപ്പറ്റി ബോധമുണരുന്നു. ഒഴുക്കാണ് നന്മയുടെയും പ്രകാശത്തിന്റെയും  പ്രഥമ ഗുണം. ഒഴുക്കിനെ തടയുന്നതെല്ലാം അഴുക്കാകുന്നു. അതുകൊണ്ടാണ്  പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടാതെ, എന്റേത്,  നിന്റേത് എന്ന ചിന്ത ഉറച്ചുപോയിടത്ത്  മനുഷ്യത്വം മുരടിച്ചുപോകുന്നത്. "അയം നിജ: പരോവേതി ഗണനാ ലഘു ചേതസാം." (എന്റേത് അപരന്റേത്  എന്ന ചിന്ത ചെറിയ മനസ്സിന്റേതാണ്.) ഒരാള്‍ക്ക്‌ മാത്രമായി എന്തെങ്കിലും മാറ്റിവയ്ക്കുക നന്മയായി ഉപനിഷത്തുകള്‍ അംഗീകരിക്കുന്നില്ല. എന്നില്‍ വന്നുനിറയുന്നവ കവിഞ്ഞൊഴുകി അന്യരിലേയ്ക്കും പ്രവഹിക്കുമ്പോള്‍ മാത്രമേ സമ്പന്നതയും സന്തുഷ്ടിയും സംജാതമാകൂ. കൂട്ടിവയ്ക്കുക ആത്മനിഗ്രഹത്തിനു തുല്യമാണ്.

വിഭജനമാണ് , വേദനകള്‍ക്കെല്ലാം നിദാനമെന്ന് ഉപനിഷത്തുകള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു.  എല്ലാ ധര്‍മത്തിന്റെയും അന്തിമലക്ഷ്യം സംയോജനമാണ്. ഈ രഹസ്യത്തിലേയ്ക്ക് ഉള്‍ക്കാഴ്ച ലഭിക്കുന്നതോടെയാണ്  വിശുദ്ധിയുടെ ആരംഭം. ഈ വിശുദ്ധിയിലൂടെ ഭാവഭേദങ്ങളെല്ലാം ഒരേയൊരു പൂര്‍ണതയുടെ ഭാഗമായിത്തീരുന്നു. ഇപ്രകാരം വിഭാവനം ചെയ്യപ്പെടുന്ന പൂര്‍ണതയെയാണ്  ദിവ്യത അല്ലെങ്കില്‍ ദൈവം എന്ന സംജ്ഞകൊണ്ട്  മനസ്സിലാക്കേണ്ടത്.  ഈ ഏക ദൈവികത്വത്തില്‍നിന്നു വ്യതിചലിച്ച്  , ഇതിലല്ലെങ്കില്‍ മറ്റൊന്നിലാണ് നന്മ, മേന്മ, സന്തോഷം എന്നുള്ള വേര്‍തിരിവിനു വഴിപ്പെടുന്നതിനെയാണ് വിഗ്രഹാരാധനയായും പാപമായും ആത്മീയഗുരുക്കന്മാര്‍ അപലപിചിട്ടുള്ളത്. എല്ലാ വേദനകളുടെയും ഉദ്ഭവം ഈ വക വേര്‍തിരിവുകളിലാണ്. വേര്‍തിരിവുകളെ സൃഷ്ടിക്കുന്ന പ്രധാന ഘടകം നമ്മുടെ വല്ലാത്ത ശരീരാവബോധമാണ്  -  " ഞാന്‍ ഈ ശരീരമാണ് " എന്ന  അപക്വവും എന്നാല്‍ വിട്ടുമാറാത്തത്തതുമായ ചിന്തയാണ്.

എല്ലാ വേദനകളില്‍ നിന്നും മുക്തി തേടിയലഞ്ഞ പൂര്‍വസൂരികള്‍ നമുക്ക്  കാണിച്ചുതന്നതാണ്  ഉപനിഷത്തിന്റെ വഴി. അറിഞ്ഞവരുടെയടുത്തിരുന്ന്, ശ്രദ്ധിച്ചുകേട്ടു പഠിക്കുക എന്നാണല്ലോ ഉപനിഷത്ത് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  അടുപ്പം അനുവദിക്കുക, അന്യോന്യമുരിയാടുന്ന വാക്കുകളുടെ അര്‍ത്ഥസാന്ദ്രതയിലേയ്ക്ക് അലിഞ്ഞിറങ്ങി അവയെ ഉള്‍ക്കൊള്ളുക എന്നതിലാകുന്നു അന്വേഷിയുടെ വിജയരഹസ്യം. രാഗാനുരാഗങ്ങളിലൂടെയുള്ള ലയവും ഒഴുക്കുമാണ് സ്നേഹം എന്ന്  പറയുമ്പോഴും,  ശരീരങ്ങളല്ല, ആത്മങ്ങളാണ്  ഇവിടെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. പരസ്പരം ഇതനുഭവിക്കുന്നവര്‍ പറയുന്നു: "നീ അടുത്തുള്ളപ്പോള്‍, എന്റെ ബുദ്ധിയും ഹൃദയവും ഒന്നായിത്തീരുന്നു. ഇവ രണ്ടുകൊണ്ടും ഞാന്‍ കെട്ടിപ്പുണരുന്ന നീയും ഞാനും മറഞ്ഞുപോയി, (ശരീരങ്ങള്‍ സൃഷ്ടിക്കുന്ന  ബന്ധനങ്ങളില്‍ നിന്നു സ്വതന്ത്രരായി) ആത്മാവില്‍ നാം ഒന്നായിത്തീരുന്നു."

തൈത്തിരിയോപനിഷത്തില്‍ ഭൃഗു എന്ന യുവാവ്  ബ്രഹ്മത്തെ തേടിയിറങ്ങുന്നു. അന്നം, മനസ്സ്, ജ്ഞാനം എന്നിവയൊക്കെയാണ്  ബ്രഹ്മം എന്ന് ധരിച്ചുവശായി, അയാള്‍ തന്റെ പിതാവും ഗുരുവുമായ വരുണന്റെ അടുത്തെത്തുമ്പോള്‍ , പോയി ഇനിയും തിരയുക എന്ന ഉപദേശവുമായി അവന്‍ തിരിച്ചയയ്ക്കപ്പെടുകയാണ്. അവസാനം, ആനന്ദമാണ് ബ്രഹ്മം എന്ന ബോദ്ധ്യത്തോടെ വരുമ്പോള്‍ മാത്രമാണ് , അച്ഛന്‍ സംതൃപ്തനാകുന്നത്. (തൈത്തി. III, അ.1-6)

ഈ പറയുന്ന ആനന്ദത്തിന്റെ  ഉറവിടമെവിടെ? അസ്തിത്വമെന്നത് വെറുമൊരു ജഡപ്രക്രിയ മാത്രമല്ല. ശ്രദ്ധിക്കുമെങ്കില്‍, "അതിനപ്പുറത്ത് എന്തുണ്ട്?" എന്ന് പ്രശ്നോപനിഷത്തില്‍ പിപ്പിലാദന്‍ എടുത്തെറിയുന്ന  ചോദ്യം നമ്മെയും അലട്ടുന്നുണ്ട്  എന്ന് നാം മനസ്സിലാക്കും. എല്ലാറ്റിലും ജീവന്‍ നിറച്ചുകൊണ്ടിരിക്കുന്ന ആത്മത്തെ നാം ഒരിക്കലും മുഴുവനായി ഉള്‍ക്കൊള്ളുന്നില്ലെങ്കിലും, അതിനുവേണ്ടിയുള്ള ഒരു ദാഹം നമ്മില്‍ എരിയുന്നുണ്ട്.  നിഷ്ക്കാമസുരഭിലമായ ഒരനുഭൂതിയുടെ രസം, അല്ലെങ്കില്‍ , ക്ഷണികവും അവ്യക്തവുമായ ഏതോ ആനന്ദത്തിന്റെ ആന്ദോളങ്ങള്‍ നമ്മെ തലോടുന്ന അസുലഭ നിമിഷങ്ങള്‍ നമുക്കുണ്ടാകാറില്ലേ? ഒരിക്കലും തീരാത്ത ഒരു ജ്ഞാനദാഹം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം? വിരാമമില്ലാതെ അത്  തുടര്‍ന്നിരുന്നെങ്കില്‍ , പണ്ടേ നാം ഈ പ്രപഞ്ചവുമായി ഒരഗാധവാത്സല്യത്തില്‍ ലയിച്ചുപോയേനേ. കാരണം, മനസ്സിനെ വിജ്രുംഭിപ്പിക്കുന്നതും ചിന്തയെ അലട്ടുന്നതും ബുദ്ധിയെ അതിശയിക്കുന്നതുംകൊണ്ട് നിറഞ്ഞിരിക്കുന്നു ഈ പ്രപഞ്ചം. എന്നാല്‍ ,  സ്നേഹമില്ലാതെ, ഇവയെ പരാമര്‍ശിക്കുന്ന ഒരറിവും നമ്മെ സായൂജ്യത്തിലെത്തിക്കുന്നില്ല. മനുഷ്യാനുഭവങ്ങളെ ദീപ്തമാക്കുന്നത് പുരുഷപ്രകൃതികളുടെ പരസ്പരാകര്‍ഷണവും തുടര്‍ന്നുണ്ടാകുന്ന സംയോജനവുമാണ്. ഏതെങ്കിലും തലത്തില്‍ ഇഷ്ടത്തിന്റെ തീപ്പൊരി ഊതി ജ്വലിപ്പിക്കാനാവില്ലെങ്കില്‍ ജീവതൃഷ്ണതന്നെ കെട്ടടങ്ങുന്നു.  "അനശ്വരതക്കുവേണ്ടിയുള്ള ഓട്ടമാണിത്. ലക്ഷ്യമില്ലാതെയല്ല നാം ഓടുന്നത്. കാറ്റിനോട് മുഷ്ടിയുദ്ധം നടത്തുകയല്ല നാം" എന്ന് പോള്‍ കൊറീന്ത്യക്കാര്‍ക്ക്  എഴുതിയത്   (1 കൊറീ. 9, 26-27)  ആത്മജ്ഞാനത്തിന്റെയും നിര്‍വ്യാജസ്നേഹത്തിന്റെയും വഴിയില്‍ അവരെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയായിരുന്നുവല്ലോ.

"നിന്റെ അനന്തമായ സ്നേഹവായ്പിലൂടെ ഞാന്‍ എന്നെ കവിഞ്ഞുള്ളതിനെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു" എന്നാണ് അഗാധമായ സ്നേഹത്തിലായവര്‍ അറിയാതെ തന്നെ അന്യോന്യം ഉരുവിട്ടുപോകുക. "നിന്റെ സാമിപ്യത്തിലെനിക്കു ലഭ്യമാകുന്നത്  കറകളഞ്ഞ ആനന്ദമാകുമ്പോള്‍,  എനിക്കത്  ബ്രഹ്മാനുനഭവമാണ്" എന്നാണ്  അതിനര്‍ത്ഥം. എല്ലാ തിരയലിന്റെയും ലക്ഷ്യം ഈ ആനന്ദമാണ്. സമുന്നതമായ, ഉണ്മയെ ആകെ നിറയ്ക്കുന്നയാനന്ദം എവിടെനിന്നു ലഭ്യമാകുന്നുവോ, അവിടെ ബ്രഹ്മസാന്നിദ്ധ്യമുണ്ട്.  നൈമിഷികമായിട്ടാണെങ്കില്‍ പോലും അപ്പോള്‍ നാം ബ്രഹ്മാംശങ്ങളായി സ്വയം തിരിച്ചറിയുന്നു. സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയെ അല്പമെങ്കിലും രുചിച്ചറിയാതെ ആന്തരികാനന്ദം സാദ്ധ്യമല്ല.

ഇഷ്ടപ്പെടുന്നതുമായി ഒന്നായിത്തീരുന്നതോടെ, വിപരീതാര്‍ത്ഥങ്ങളും വ്യത്യസ്തതകളും തകര്‍ന്നുവീഴുന്നു. അല്പത്വങ്ങളില്‍ ഒതുങ്ങിപ്പോകുന്ന  ഇഷ്ടങ്ങള്‍ സ്വാര്‍ത്ഥതല്പരമാണെന്ന്  അവയെ അനുഗമിക്കുന്ന വേദനകള്‍ നമുക്ക്  സൂചന നല്‍കിക്കൊണ്ടിരിക്കും. സ്നേഹത്തെ ശുദ്ധീകരിക്കാനുള്ള വ്യഗ്രത ഇതില്‍നിന്നുളവാകണം. അദ്വൈതാനുഭവത്തിലേയ്ക്ക്  മറ്റൊരു  വഴിയില്ല. മണ്‍കട്ടയെ അറിഞ്ഞുകഴിഞ്ഞാല്‍ അതുകൊണ്ട് ഉണ്ടാക്കുന്ന എല്ലാറ്റിനെയും അറിയുന്നതിന് തുല്യമായി എന്ന് തുടങ്ങുന്ന അനുശാസനത്തിന്റെ അന്ത്യത്തിലാണ്  ഉദ്ദലകന്റെ വിശ്വപ്രസിദ്ധമായ "തത്  സത്യം, സ ആത്മാ, തത്ത്വമസി, ശ്വേതകേതോ," (അതാണ്‌ സത്യം, അതാണ്‌ ആത്മാവ്, നീ അതാണ്‌, ശ്വേതകേതൂ!) എന്ന സൂക്ഷ്മസത്യപ്രഖ്യാപനം നടക്കുന്നത്. (ച്ഛാന്ദോ. VI, 1, 2-6)
 ***                                         ***                                         ***
 താത്പര്യമുള്ള ഉപാസകര്‍ക്കായി മനോഹരമായ ഒരു പ്രാര്‍ത്ഥന ചുവടേ ചേര്‍ക്കുന്നു.
 (എന്റെ സുഹൃത്ത്  എം.ദേവാനന്ദിനോട്  കടപ്പാട്)


സച്ചിദാനന്ദ സ്വരൂപനായ സര്‍വ്വേശ്വരാ,   
അനാദിയും അഖണ്ഡവും പൂര്‍ണവും, സര്‍വ്വാതിശായിയെങ്കിലും    
അന്തര്യാമിയുമായ നിന്നെ ഞാന്‍ വന്ദിക്കുന്നു. ഓം ശാന്തി. 
യുഗയുഗാന്തരങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പ്രകാശിക്കുന്ന നിന്റെ തേജസ്സിനെ ഞാന്‍ വന്ദിക്കുന്നു.
നിന്റെ കാല്‍പ്പാടുകളും കരവേലകളും എങ്ങുമെവിടെയും വിവേചിച്ചറിയുവാന്‍  എന്നെ സഹായിക്കൂ.
എന്റെ ജീവിതത്തിന് നേരും നെറിവും നല്‍കി അതിനെ സമ്പന്നമാക്കേണമേ.
നിന്റെ സ്വരത്തിന് എന്റെ ചെവിയും ഹൃദയവും തുറക്കേണമേ.
നീ മാത്രം എന്റെ മാതാവ്, നീ മാത്രം എന്റെ പിതാവ്
നീ മാത്രം എന്റെ വിദ്യ, നീ മാത്രം എന്റെ ധനം.
സമ്പത്തും പേരും ഞാനാഗ്രഹിക്കുന്നില്ല
നിന്റെ സാന്നിദ്ധ്യമാണ് എന്റെ സുഖം.

വന്ദേ സച്ചിദാനന്ദം വന്ദേ
വന്ദേ സച്ചിദാനന്ദം വന്ദേ
പൂര്‍ണം ഭവതു സര്‍വ്വേശാം
സര്‍വേ ഭവന്തു സുഖിന:
അസതോമാ സത്ഗമയ:
തമസോമാ ജ്യോതിര്‍ഗമയ:
മൃത്യോര്‍മാ അമൃതംഗമയ:
ഓം ശാന്തി! ശാന്തി! ശാന്തി!
(തുടരും)

0 comments: