ഇനിയങ്ങോട്ട്

അത്മാവില്ലാത്തയക്ഷരങ്ങളാണ്
ഇനി ഞാനെഴുതുക.
സംതൃപ്തനായി പുരപ്പുറത്തു
കയറി നിന്ന് ഞാന്‍
ഉറക്കെപ്പറഞ്ഞിരുന്നു,
പ്രൌഢഭാവേന
ചെയ്തതും കണ്ടനുഭവിച്ചതും.

എന്നാലിനിമേല്‍ ആത്മാവില്ലാത്ത
സ്വരമായിരിക്കും ഞാന്‍ പുറപ്പെടുവിക്കുക.
അഭിലാഷങ്ങളുടെയാഹ്ളാദമെനി-
ക്കന്ന്യമായിരിക്കുന്നു.

ഒരിടവേളയില് മാടിവിളി-
ച്ചനുനയിക്കയു, മാനന്ദിപ്പിക്കയും
പിന്നെ കൈപിടിച്ചു വേര്പാടിന്റെ
യിരുട്ടിലുടെയാനയിക്കയും ചെയ്യുന്നതാര്?

ശീലത്തിന്റെ തൂലികയിനിയു-
മെന്റെ വിരലുകളെ ചലിപ്പിച്ചേക്കാം
വാക്കുകളില് മങ്ങിമറയുന്ന
നിലാവൊളി ഞാന്‍ കണ്ടേക്കാം

എന്നാലുമിനി ഞാന്‍ തണുത്തുറഞ്ഞ്
ആത്മാവില്ലാത്ത വരികളില് കുടുങ്ങിപ്പോകും.
ഓര്മകളെ കരുപ്പിടിപ്പിച്ച-
യനുഭവങ്ങള്‍ തന്നെ വേരറ്റുപോയാല്‍ 
സുഖദുഃഖങ്ങള്‍ക്ക് പിന്നെയെന്തര്ത്ഥം
സര്‍വ്വമിദം വ്യര്ത്ഥം!

ആത്യന്തിക സത്യങ്ങളില്ല
ആപേക്ഷികങ്ങളേയുള്ളൂ.
സൃഷ്ടി കഴിഞ്ഞ സ്രഷ്ടാവില്ല
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവനെയുള്ളൂ.

നശ്വരാഹ്ലാദങ്ങളാരെയും
അനശ്വരതയുടെയാലസ്യത്തിലേക്ക്
വഴികാണിക്കില്ല.
കലയും പ്രിയവും ചേര്ന്നാ-
ലെന്തും മോഹനമാണ്. എന്നാല്‍ 
തുംഗ ഗോപുരങ്ങളുടെയും
അടി തെന്നിയാല്‍ ബാക്കിയാവുന്നത്
പൊള്ളയായ ഒരു മുഴക്കം മാത്രം.

0 comments: