നമ്മെപ്പോലുള്ള അല്പജീവിള്‍ക്കേ കാര്യകാരണങ്ങളുടെ പ്രസക്തിയുള്ളൂ. വര്‍ദ്ധിച്ചുവരുന്നയനീതിയും തിന്മയും കാണുമ്പോള്‍ പ്രപഞ്ചസംവിധാനമെങ്ങനെ എന്നറിയാത്ത നമ്മള്‍ കാര്യകാരണങ്ങളുടെ വഴിതപ്പി പരാജിതരാവുന്നു.
നമ്മുടെയറിവുകള്‍ ജല്പനങ്ങള്‍ മാത്രമാണ്. സ്ഥലകാലബോധം തന്നെ പരിമിതിയുടെ ഒന്നാന്തരം ലക്ഷണമാണ്. നമ്മുടെയെല്ലാ ജല്പനങ്ങളെയും time-space എന്ന പൊതിക്കുള്ളിലൊതുക്കാം. അതഴിച്ചുമാറ്റിയാല്‍ പിന്നെയൊന്നും നമ്മുടെ ബുദ്ധിയിലുള്‍ക്കൊള്ളുകയില്ല.
തണുപ്പ് ഒരു നിശ്ചിത ഡിഗ്രിയിലെത്തിയാല്‍ (-273.45 degree C അല്ലെങ്കില്‍ 0 degree Kelvin) പിന്നെ താഴില്ല. കാരണം, ഒരു വസ്തുവിലെ കണങ്ങള്‍ അവയുടെ ഏറ്റം സാവധാനത്തിലുള്ള സഞ്ചാരപഥത്തിലെത്തിച്ചേരുന്നയവസ്ഥയാണത്. അതിലും നിശ്ചലമായാല്‍ ആ വസ്തു അതല്ലാതാകും. പ്രകൃതി അതനുവദിക്കുന്നില്ല. അതുപോലെതന്നെ വേഗം അതിന്റെയേറ്റം മുന്തിയ നിലയിലെത്തുന്നത് പ്രകാശത്തിലാണ് (300'000 km/sec). അതിനപ്പുറത്ത് സമ്പൂര്‍ണ്ണ നിശ്ചലതയാണ്. പ്രകാശവേഗത്തിനപ്പുറത്ത് സമയം നിശ്ചലമാകുമെന്നും അണുവിന്റെ ആന്തരികഘടനയില്‍ ഇലെക്‌ട്രോണിന്റെ സഞ്ചാരഗതിയും സ്ഥാനവും ഒരേ സമയം നിശ്ചയിക്കാനാവില്ലെന്നും ക്വാണ്ടം ബലതന്ത്രത്തില്‍ ഹൈസെന്‍ബെര്‍ഗ് പറയുന്നത് നാമറിയുന്ന മാനങ്ങളെ മറികടന്നുള്ള യാഥാര്‍ഥൃങ്ങളെപ്പറ്റിയാണ്.
ഇതൊക്കെ മനസ്സിലാക്കുന്ന തലച്ചോറിന്റെയും അതിനാകാത്ത യൊന്നിന്റെയും തരംഗവ്യാപ്തി വളരെ വ്യതസ്തമാണ്. ജൈവശ്രേണിയുടെ ഒരു തലത്തില്‍നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് അല്ലെങ്കില്‍ ഒരു ലോകത്തില്‍നിന്ന് തുലോം വ്യത്യസ്തമായ മാനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന മറ്റൊരു ലോകത്തിലേക്കുള്ള ചാട്ടം പോലെയാണിത്. ഒരു ചുക്കും പിടികിട്ടില്ല. ഉദാഹരണത്തിന്, ഒരു സാധാരണ മനുഷ്യന് അത്രയെളുപ്പം ഗ്രഹിക്കാനാവാത്ത വേദാന്തതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം തറയില്‍ വയ്ക്കുക. ഒരു രാത്രികൊണ്ടത് ചിതലരിച്ചുവെന്നിരിക്കട്ടെ. അത് വെറും തീറ്റവസ്തുവല്ലായിരുന്നു, മറിച്ച് കടലാസായിരുന്നു, അതില്‍ അക്ഷരങ്ങളുടെ പുതപ്പുകൊണ്ടു മൂടിവച്ചിരുന്ന അഗാധമായ ആശയങ്ങളുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളും അവയ്ക്ക് നിദാനമായ മാനങ്ങളും ചിതലിനെ സംബന്ധിച്ചിത്തോളം പ്രസക്തമല്ല. അതൊക്കെ മറ്റൊരു ലോകവിതാനത്തിന്റേതാണ്. അതിന്റെയൊരു നേരിയ സംശയം പോലും ആ ജീവസമൂഹത്തില്‍ സംഭവ്യമല്ലല്ലോ. അതുപോലെയാണ്, തന്റെ തലയിലൊതുങ്ങാത്ത വ്യത്യസ്ത മാനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന പ്രപഞ്ചസംവിധാനത്തെ കാര്യകാരണങ്ങള്‍കൊണ്ടളക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെയവസ്ഥയും.
മാനമെന്നാല്‍ അളവാണ്. അഭി എന്നാല്‍ നേര്‍ക്കുനേര്‍. അപ്പോള്‍, സ്വയം ഒരളവു സങ്കല്‍പിച്ചശേഷം അതിനഭിമുഖമായി തന്നെത്തന്നെ സ്ഥാപിക്കുന്നതാണ് സാധാരണക്കാന്റെ അഭിമാനത്തിനു നിദാനം.
തനിക്കും തന്റെ കുടുംബത്തിനും ഇന്നയിന്ന മേന്മകളുണ്ട്, നേട്ടങ്ങളുണ്ട്, സമൂഹത്തില്‍ അംഗീകാരങ്ങളുണ്ട് എന്ന് താന്‍ കരുതുന്നു, അവ സമ്മതിച്ചുതരാന്‍ ഏവര്‍ക്കും കടപ്പാടുണ്ട് എന്നതാണ് അഭിമാനിയായവന്‍റെ യുക്തി. അതിനെതിരായതൊക്കെ തനിക്കെതിരെയുള്ള അഭിമാനധ്വംസനമായി അയാള്‍ കരുതും, അത്രതന്നെ. ദുരഭിമാനം (ഇല്ലാത്ത മേന്മയുണ്ടെന്നുള്ള വാശി) എന്നൊരു വാക്ക് കേട്ടിട്ടേയില്ലാത്തവന് തന്‍റെ പിടിവാശികളെല്ലാം വലിയ ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണ്!
കിട്ടുന്നിടത്തുനിന്നൊക്കെ കടം വാങ്ങിയിട്ട് ആര്‍ക്കും തിരിച്ചുകൊടുക്കാന്‍ കൂട്ടാക്കാതെ കറങ്ങിനടക്കുന്ന ഒരയല്‍ക്കാരന്‍ സുഹൃത്ത് എനിക്കുണ്ട്. ആരെങ്കിലും കാശ് തിരിച്ചുചോദിച്ചാല്‍ ഇഷ്ടനതൊട്ടും പിടിക്കില്ല, മാറ്റാരെങ്കിലും അടുത്തുണ്ടെങ്കില്‍ വിശേഷിച്ചും. കാരണം, അങ്ങേര്‍ക്കത് അഭിമാനക്ഷതമാണ്. എന്തുകൊണ്ട്? വാങ്ങിയാല്‍ കൊടുക്കുന്നവനാണ് താനെന്നാണ് അയാള്‍ സ്വയം ബോധ്യപ്പെടുത്തിവച്ചിരിക്കുന്നത്. അയാളുടെ അളവുരീതികള്‍ അന്യരും അംഗീകരിക്കണം. അല്ലെങ്കില്‍ അയാളുടെ അഭിമാനം, സ്വയം അളന്നു വച്ചിരിക്കുന്ന കണക്ക്, തെറ്റും. ലളിതമായ ഗണിതം.
മറ്റാര്‍ക്കും ശല്യമാകാതെതന്നെ ദുരഭിമാനം വാനോളമുയരാം. അതാ മുതലാളിയായി യൂറോപ്പില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി. വേണ്ടത്ര സൌകര്യങ്ങളുള്ള സ്വന്തക്കാര്‍ നാട്ടിലുണ്ടായിരുന്നിട്ടും മകളുടെ കല്യാണം നാട്ടില്‍വച്ച് നടത്താനായി അങ്ങോര്‍ അവിടെയുള്ള 25 സെന്റില്‍ ഒരു കൊട്ടാരമങ്ങു തീര്‍ത്തു. അതിന്റെയാവശ്യമുന്ടായിരുന്നോ എന്ന ജിജ്ഞാസ്സുക്കളുടെ ചോദ്യത്തിന്, അതെനിക്കെന്റെ അഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു എന്നാണദ്ദേഹം ഉത്തരം കൊടുത്തത്. അതായത്, ഈ ഒറ്റയാവശ്യത്തിനായി മാത്രമാണെങ്കിലും നാട്ടില്‍ ഒരു വീട് തീര്‍ക്കാന്‍ തനിക്കാകും എന്നാണ് അദ്ദേഹത്തിന് തന്നെപ്പറ്റിയുള്ള മതിപ്പ്. അതിനൊത്ത് നീങ്ങാതിരിക്കുക അങ്ങേര്‍ക്കു അഭിമാനക്ഷതമായിത്തീരുന്നു. കല്യാണമെന്നൊക്കെ പറയുമ്പോള്‍ അതിന്റേതായ രീതിശാസ്ത്രം തന്നെ പാലിക്കണമല്ലോ!
അഭിമാനം പോലെ, ബഹുമാനത്തിന്റെയര്‍ത്ഥവും നാം കരുതുന്നത്ര ലളിതമോ വ്യക്തമോ അല്ല. എന്തിനോടെങ്കിലും, ആരോടെങ്കിലും ബഹുമാനം തോന്നുകയെന്നാല്‍ വളരെ അര്‍ത്ഥവ്യാപ്തിയുള്ള ഒരു പ്രതികരണപ്രക്രിയയാണത്. നമുക്ക് മുന്‍പിലുള്ളതിനു നാം തന്നെ പരിധി നിശ്ചയിക്കുന്നതിനു പകരം, അതിനെ അതിന്റേതായ ബഹുവിധ മാനങ്ങളില്‍ വിന്യസിക്കാനനുവദിക്കുക എന്നാണതിനര്‍ത്ഥം. നാം നിശ്ചയിക്കുന്ന അളവുകളിലേയ്ക്ക് അതിനെ, (അതൊരു വ്യക്തിയാകാം, വസ്തുവാകാം, സംഭവമാകാം) തളച്ചിടാതെ, ഒതുക്കി നിറുത്താതെ, നമുക്കറിയാനിടയില്ലാത്ത വിതാനങ്ങളിലേക്ക് കൂടി വ്യാപിക്കാനതിനെ അനുവദിക്കുന്ന മനസ്സിന്റെ വിശാലതയാണ് ബഹുമാനിക്കുക എന്ന സുകൃതം. സ്വന്തം കാഴ്ചപ്പാടുകളുടെ പരിമിതികളെക്കുറിച്ചുള്ള അവബോധമുള്ളവര്‍ക്കേ ബഹുമാനം ഒരു ശീലമായിത്തീരുകയുള്ളൂ. അതൊരു പുണ്ണ്യമാണ്, ഒരു സംസ്കൃതിയാണ്.
ഏതു ജീവിയേയും വസ്തുവിനേയും നമ്മള്‍ സമീപിക്കുന്ന രീതി അതിനെ നാമെങ്ങനെ ഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. We don't see things as they are, but as we are. എന്ന് പറഞ്ഞത് ഇമ്മാനുവേല്‍ കാന്‍റ്റ് ആണെന്ന് തോന്നുന്നു. എന്തിന്റെയെങ്കിലും മാനങ്ങള്‍ അല്ലെങ്കില്‍ അളവുകള്‍ നിശ്ചയിക്കുന്നത് നാമാണെങ്കില്‍, യാഥാര്‍ത്ഥ്യവുമായി ഈ ഗ്രാഹ്യത്തിനു അജഗജാന്തരമുണ്ടായിരിക്കാം. നമ്മുടെ ശിക്ഷണം, ജീവിതാനുഭവങ്ങള്‍, പക്വത, ബുദ്ധിയുടെയുപയോഗം, അല്ലെങ്കിലതിന്റെയഭാവം, എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും നമ്മുടെ ഗ്രാഹ്യം. വാസ്തവത്തില്‍ അതിസുന്ദരമായ ഒരു സൃഷ്ടിയാണ് പാമ്പ്. ഒരു പാമ്പും തന്നെ ഉപദ്രവിചിട്ടില്ലെങ്കിലും, കണ്ണില്‍കാണുന്ന പാമ്പുകളെയൊക്കെ എങ്ങനെയെങ്കിലും കല്ലെറിഞ്ഞോ അടിച്ചോ കൊല്ലുക നമ്മുടെയിടയില്‍ പാരമ്പര്യ ഹിന്ദുവിശ്വാസികളൊഴിച്ചുള്ള ഏവരുടെയും ശീലമായിത്തീര്‍ന്നിരിക്കുന്നു. ബൈബിളിലെ ഒരൈതിഹ്യകഥയിലൂടെ ഈ പാവം ജീവിക്ക് സഹിക്കേണ്ടി വന്ന മൂല്യശോഷണത്തിലാണ് ഇതിന്റെ തുടക്കം. പക്ഷേ, സ്വന്തമായി വീട്ടില്‍ വളര്‍ത്താത്ത ഏത് ജീവിയോടും ഈ നാട്ടിലെ മനുഷ്യര്‍ ഇങ്ങനെ ബുദ്ധിഹീനമായിട്ടാണ് പെരുമാറുന്നത്. സംസ്കാരശൂന്യരുടെ, ബഹുമാനമെന്തെന്ന് അറിയാത്തവരുടെ, താന്തോന്നിത്തരമാണിത്.
നേരമിരുട്ടിയാല്‍ ലൈറ്റിടുന്നിടത്തെല്ലാം ഈച്ച, വണ്ട്, വിട്ടില്‍, തുമ്പി, ഏറുമ്പ്, പച്ചക്കുതിര, പല്ലി എന്നുവേണ്ടാ, സുഹൃത്തുക്കളുടെ തള്ളിക്കയറ്റമാണ്. അക്ഷരങ്ങളില്‍ വന്നിരുന്ന് അന്ധാളിക്കുന്ന മുഴുത്ത കണ്ണുള്ള കരടുപ്രാണികളുണ്ട്. ഞാനെഴുതിക്കൊണ്ടിരിക്കുന്ന പേനയില്‍ സുഖമായി കയറിയിരുന്ന് ലോകം കാണുന്നവരുണ്ട്. അവര്‍ക്ക് നല്കേണ്ട ബഹുമാനത്തോടെ സഹവാസമനുവദിച്ചാല്‍ ഇവര്‍ ശല്യങ്ങളോ ശത്രുക്കളോ അല്ലാതായിത്തീരുന്നു. ജീവന്‍ ആകുന്നത്ര നീട്ടിക്കൊണ്ടുപോകാനും ആസ്വദിക്കാനുമാണല്ലോ ഇവയുടെയും മനസ്സിലിരുപ്പ്. അത് തടയാന്‍ ഈ ഞാനാര്?
അവനവനെപ്പറ്റിയാണെങ്കില്‍ പോലും, ഉറച്ചുപോയ ആശയങ്ങള്‍ അന്ധതയ്ക്കു തുല്യമാണ്. അല്പത്വവും ഐശ്വര്യവും ഒരിക്കലും സന്ധിക്കാത്ത എതിര്‍ധൃവങ്ങളാണ്.
0 comments:
Post a Comment