പുതുവര്‍ഷം പിറന്നുകഴിഞ്ഞാല്‍ അധികം താമസിയാതെ തുടങ്ങും, (യൂറോപ്പിലെ വെബ്‌സൈറ്റ്കളിലെ പരസ്യങ്ങളാണ് ഇതെഴുതുമ്പോള്‍ മനസ്സില്‍) ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് കത്തോലിക്കര്‍, പീഡാനുഭവധ്യാനങ്ങളും നോയമ്പും മറ്റു സ്വകീയപീഡനങ്ങളും. ക്രിസ്ത്യാനികളുടെ മതചിന്ഹങ്ങളില്‍ ഒന്നാമത്തേത് കുരിശാണ്. അതൊരു പീഡനോപകരണമാണെന്നും യേശുവിനെ കൊന്നത് കുരിശില്‍ തറച്ചാണെന്നും എല്ലാര്‍ക്കുമറിയാം. പക്ഷെ, വിഗ്രഹാരാധനക്കുള്ള വസ്തുവായി കണക്കാക്കപ്പെടാന്‍തക്ക കാരണമാകുമോ അത്? സ്വന്തത്തില്‍പെട്ടയൊരാള്‍ കത്തിക്കുത്തേറ്റു മരിച്ചാല്‍ ഒരു കത്തി ചില്ലുകൂട്ടിലിട്ടുവച്ചും ആരതി നടത്തിയും പൂജിക്കുന്നതുപോലൊരു ബാലിശവൃത്തിയാണ് കുരിശിനോടുള്ളയാരാധന. കോട്ടയം ജില്ലയിലുള്ള കപ്പാട് എന്ന സ്ഥലത്ത് പുതുക്കിപ്പണുത ബ്രഹ്മാണ്ഡന്‍പള്ളി വിശുദ്ധ കുരിശിന്റെ നാമത്തിലുള്ള അന്താരാഷ്ട്ര തീര്‍ഥാടനകേന്ദ്രമാക്കിയുയര്‍ത്തി, രണ്ടാന മുഴുപ്പില്‍ കുരിശു ചുമക്കുന്ന ക്രിസ്തുപ്രതിമയും, ഒരാനമുഴുപ്പില്‍ നേര്‍ച്ചപ്പെട്ടിയും പണിത് കൊണ്ടാടുകയാണ്, പള്ളിക്കാര്‍. എന്താണെന്നോ? പീഡാനുഭവം! യേശുവിനെ കൊന്ന കുരിശിന്റെ ഒരു കഷണം തിരുശേഷിപ്പായി കിട്ടിയത് പള്ളിയില്‍ സൂക്ഷിച്ചിട്ടുമുണ്ടുപോലും!
യേശു ഒരു രാത്രിയും ഒരു പകലും ശാരീരികമായി ഉപദ്രവിക്കപ്പെടുകയും അതിനുശേഷം ക്രൂശിക്കപ്പെടുകയും ചെയ്തുവെന്നുള്ളത് ചരിത്രസത്യമാണെങ്കില്‍, അതിലും സത്യമാണ് അദ്ദേഹം പത്തുമുപ്പതുകൊല്ലം തന്റെ സ്ത്രീപുരുഷ സുഹൃത്തുക്കളോടോത്തു സുഖദുഃഖങ്ങള്‍ പങ്കുവച്ചും പരസ്പരം സ്നേഹിക്കാന്‍ പഠിപ്പിച്ചും ജീവിച്ചുവെന്നത്. അദ്ദേഹത്തിന്റെ ആ ജീവിതശൈലി അപ്പാടെ മറന്നിട്ട്, തന്‍റെ അവസാനനിമിഷങ്ങളിലെ വേദനക്കും മരണത്തിനും മാത്രം ഇത്ര വലിയ കയ്യടിനല്‍കുന്നതില്‍ എന്തോ വിലിയ പിശകില്ലേ? അതിലും കൊടുംക്രൂരത ജീവിതകാലം മുഴുവനനുഭവിക്കുന്നവര്‍ മനുഷ്യരുടെയിടയില്‍ എന്നുമുണ്ട് - യേശിവിനെപ്പോലെതന്നെ ഒരു തെറ്റും ചെയ്യാത്തവര്‍. അവരുടെ പീഡാനുഭവങ്ങളുടെ അര്‍ത്ഥമെന്ത്? അപ്പോള്‍, മന:ശാത്രപരമായ ഒരു വക്രത ഇതിനുപിന്നിലുണ്ട് എന്നത് വ്യക്തം. ഇതൊന്നു പരിശോധിക്കുകയാണ് ഈ കുറിപ്പിന്‍റെയുദ്ദേശ്യം.
എന്താണ് യേശു പഠിപ്പിച്ചത്? സ്വയം സ്നേഹിക്കുന്നതുപോലെ അന്യരേയും സ്നേഹിക്കണം എന്നാണത്. പക്ഷേ, സ്വയം സ്നേഹിക്കാത്തയൊരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാന്‍ കഴിയില്ല. സ്വയം ആനന്ദംകൊണ്ടു കവിഞ്ഞൊഴുകാതെ മറ്റൊരാള്‍ക്ക് ആനന്ദം പകരാനാവില്ല. ഈ ബോദ്ധ്യത്തിന്റെ പാരമ്യമായിട്ടാണ് അവിടുന്നു പറഞ്ഞത്, സ്നേഹം മൂലം മറ്റുള്ളവര്‍ക്കായി മരിക്കാന്‍ പോലും തോന്നിയേക്കാമെന്ന്. എന്നാല്‍ ഈ ചൊല്ലും യേശുവിന്‍റെ തുലോം യാദൃശ്ചികമായ ക്രൂശിക്കപ്പെടലും തമ്മില്‍ ബന്ധിപ്പിച്ചതും അതിനെ പിതാവാവശ്യപ്പെട്ട ത്യാഗമായും ബലിയായും വ്യാഖ്യാനിച്ചതും പൌലോസിനെപ്പോലുള്ളവരുടെ പില്‍ക്കാലചിന്തകളായിരുന്നു. ഈ തീയോളജിക്കു യേശുവിന്റെ മനുഷ്യോളജിയുമായി യാതൊരു ബന്ധവുമില്ല. എന്നുതന്നെയല്ല, അത് തീര്‍ത്തും വികലവുമാണ്. കാരണം, അതു മുളപൊട്ടി വികസിച്ചത് മനുഷ്യകേന്ദ്രീകൃതമായ ചിന്തയുടെ ചട്ടക്കൂട്ടിലാണ്. ഇന്ന്, നമ്മുടെ വാസസ്ഥലമായ ആകാശഗംഗയെ മൊത്തത്തിലെടുത്താല്‍പോലും, പ്രപഞ്ചവിസ്തൃതിയില്‍ അതൊരു കരടു മാത്രമാണെന്നും മനുഷ്യനെന്ന പ്രതിഭാസം അതിലൊരു യാദൃശ്ചികത മാത്രമാണെന്നും, ചിന്തിക്കാന്‍ കഴിവുള്ളവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. മനുഷ്യനെപ്പോലെയോ അതിലും ഉദാത്തമായതോ ആയ ജൈവപരിണാമം പ്രപഞ്ചത്തില്‍ മറ്റു പലയിടത്തും വികസിച്ചിട്ടുണ്ടായിരിക്കുക ഒരു സാദ്ധ്യത തന്നെയാണ്. അപ്പോള്‍, ദൈവത്തില്‍ വ്യക്തിത്വം ആരോപിക്കുകയും, ഈ ഭൂമിയിലെ മനുഷ്യനോട് അത്രക്ക് കടപ്പാട് തോന്നിയ പിതാവായ ദൈവം സ്വന്തം പുത്രനെക്കൊണ്ട് മനുഷ്യരൂപമെടുപ്പിച്ച്, അവന്‍റെ ത്യാഗവും ബലിയും വഴി മനുഷ്യന്‍റെ തോന്ന്യാസത്തിനു പരിഹാരം ചെയ്യിച്ചു എന്നൊക്കെ ചിന്തിച്ചു സായുജ്യമടയുകയും മറ്റും തീര്‍ത്തും മന്ദബുധികള്‍ക്കേ സാധിക്കൂ. ഇത്തരക്കാരുടെ മന:ശാസ്ത്രം അല്പം പഠിക്കേണ്ടതുണ്ട്. യേശുവിന്‍റെ സഹനത്തില്‍ പങ്കുചേരുന്നതാണ് അവര്‍ക്ക് പരമമായ പുണ്യം; ജീവിതത്തില്‍ ക്ലേശങ്ങള്‍ വന്നുചേരുന്നത് ഈ പുണ്യം പരിശീലിക്കാനായി ദൈവം കനിഞ്ഞുനല്‍കുന്നയവസരങ്ങളാണ്; നിര്‍ഭാഗ്യവശാല്‍ അതിനു ഭാഗ്യം കിട്ടാത്തവര്‍ സ്വയം പീഡിപ്പിച്ചെങ്കിലും യേശുവുമായി താദാത്മ്യം പ്രാപിക്കണം എന്നൊക്കെയാണ് പള്ളിയില്‍ നിന്നു കിട്ടുന്ന പാഠം!
ഉള്‍ക്കാഴ്ചയുള്ള ഒരു വിശകലനം ഈ വിഷയത്തില്‍ ഡോ. റോസി തമ്പി നല്‍കിയിട്ടുണ്ട്. "സ്വയം പീഡിപ്പിക്കുന്നയാള്‍ക്ക് എപ്പോഴും അയാളറിയാതെതന്നെ പരപീഡനാസക്തിയുണ്ടായിരിക്കും. സ്വയത്യാഗം മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള ഒരു കൌശലവിദ്യയാണ്. ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി ത്യാഗം സഹിക്കുമ്പോള്‍, അതിന്റെ ഫലമനുഭവിക്കുന്നയാള്‍ക്ക്, തനിക്കുവേണ്ടി സഹിച്ച വ്യക്തിയോട് എന്നും കടപ്പാടുണ്ടാകുന്നു. ഈ കടപ്പാട് ഒരുതരം കുറ്റബോധംകൂടിയാണ്. എന്നാല്‍, സ്നേഹം ഇത്തരമൊരു കടപ്പാടോ കുറ്റബോധമോ വ്യക്തിയില്‍ സൃഷ്ടിക്കുന്നില്ല. ആനന്ദത്തില്‍ ജീവിക്കുക എന്നതു മാത്രമാണ് സ്നേഹത്തിന്‍റെ ഉത്തരവാദിത്തം. ആനന്ദത്തില്‍ ജീവിക്കുന്നവര്‍ അവരില്‍നിന്നു കവിഞ്ഞൊഴുകുന്നയാനന്ദം മറ്റുള്ളവരില്‍കൂടി നിറയ്ക്കും. അതിനു ത്യാഗത്തിന്റെ യാതൊരു നിറവുമില്ല." (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബര്‍ 30, 2007)
പീഡാനുഭവധ്യാനങ്ങള്‍ നടത്തുന്നവര്‍ക്ക് കരുതിക്കൂട്ടിയ ഒരു ലക്ഷ്യമുണ്ട്. പാപബോധംനിറഞ്ഞ മനസ്സിനേ രക്ഷകന്‍റെയാവശ്യവും അദ്ദേഹത്തോടു കടപ്പാടും തോന്നൂ. തന്‍റെ രക്ഷ ക്രിസ്തുവിന്‍റെ സഹനത്തിലുടെയാണെന്ന വിശ്വാസം ഉറപ്പിച്ചുവച്ചാല്‍ ക്രിസ്തുവിന്‍റെ മരണത്തിനു താന്‍കൂടി ഉത്തരവാദിയാണെന്ന കുറ്റബോധം അയാളെ വല്ലാതെ അപകര്‍ഷപ്പെടുത്തിക്കൊണ്ടിരിക്കും. പിന്നെ കുമ്പസാരവും മറ്റു കൂദാശകളും അനിവാര്യമാകും. അത് വിശ്വാസികളെ പള്ളിയും പാതിരിമാരുമായും എന്നും ബന്ധിച്ചിടും. പട്ടക്കാര്‍ക്ക് തൊഴില്‍രാഹിത്യം വരില്ല.
മറിച്ച്, മനുഷ്യര്‍ പഠിക്കേണ്ടത് ക്രിസ്തുവിന്‍റെ ജീവിതാഘോഷത്തിലും ആനന്ദത്തിലും പങ്കുപറ്റി ജീവിക്കാനാണ്. ദൈവം സ്നേഹമാണ് (God is love.) എന്നതിനു പകരം സ്നേഹിക്കുക എന്നതാണ് ദൈവതം (To love is to be God.) എന്നു മനസ്സിലാക്കുകയാണ് പരമപ്രധാനം. അതാണ് യേശു ജീവിച്ചുകാണിച്ചത്. അതായിരിക്കണം ക്രിസ്തീയത. അതിനു പകരം മനസ്സുകൊണ്ടെങ്കിലും നിത്യേന യേശുവിനോടുകൂടി മരിക്കുന്നതെങ്ങനെയെന്നു പഠിപ്പിക്കുന്നത് ശുദ്ധവിഡ്ഢിത്തമല്ലാതെയെന്താണ്? സ്വന്തം മകനെ തനിക്കു ബലിയായി കൊന്നുകിട്ടാന്‍തക്ക സ്നേഹം ദൈവത്തിനു മനുഷ്യരോടു തോന്നി എന്നൊക്കെ വീമ്പിളക്കുന്നത് ദൈവാരാധനയോ ദൈവദൂഷണമോ? ഈ വക മാനസിക വിഭ്രാന്തികള്‍ രൂപംകൊള്ളുന്നത് സര്‍വസൃഷ്ടിയുടെയും മകുടവും മഹത്ത്വവുമായി മനുഷ്യന്‍ സ്വയം പ്രപഞ്ചമദ്ധ്യത്തില്‍ അവരോധിച്ചു ശീലിച്ചതുകൊണ്ടാണ്. ഇത് സത്യമല്ലെന്നും ഇന്ന് നമുക്ക് തരപ്പെട്ടിട്ടുള്ള പ്രപഞ്ചവീക്ഷണവുമായി ഇതൊരിക്കലും ഒത്തുപോകില്ലെന്നും ആര്‍ക്കാണറിയാത്തത്?
ഷാലോം റ്റി.വി.യില്‍ ഇടയ്ക്കിടയ്ക്ക് ദാരുണമായ ഒരു ദൃശ്യമുണ്ട്. അഞ്ചും ആറും മാത്രം വയസുള്ള കുഞ്ഞുങ്ങളെ മുട്ടിന്മേല്‍ നിറുത്തി പ്രാര്‍ത്ഥിപ്പിക്കയാണ്: "ഈശോയുടെ അതിദാരുണമായ പീഡാനുഭവത്തെയും മരണത്തെയും പ്രതി, ഞങ്ങളുടെയും ലോകത്തിന്റെയും മേല്‍ കരുണ കാണിക്കണമേ"യെന്ന്. അമ്പത് തവണയിലധികം ഇത് തന്നെ അവര്‍ ഉരുവിടുന്നു. ചിലര്‍ വിയര്‍ത്തൊഴുകുന്നു. ഈ കുരുന്നുഹൃദയങ്ങളിലേയ്ക്ക് പീഡാനുഭവത്തിന്റെ ദൈവശാസ്ത്രമാണോ ഈ പ്രോഗ്രാമുണ്ടാക്കുന്ന പാവം ഭക്തന്മാര്‍ അടിച്ചുകയറ്റുന്നത്? ഇതൊക്കെ അതിരുകടന്ന മതഭ്രാന്തിന്റെ പ്രകടനങ്ങളല്ലാതെയെന്താണ്?
എന്നാല്‍, സ്വപീഡനത്തിനും അന്യപീഡാഘോഷത്തിനും പോകാതെ, ജീവിതത്തില്‍ അനിവാര്യമാകുന്ന വേദനകളെ എങ്ങനെ ഫലപ്രദമാക്കാം എന്ന് ചിന്തിക്കുന്നത് വൃഥാവിലാവില്ല. വേദനകള്‍ അര്‍ഹതപ്പെട്ടതെന്നോ അല്ലെന്നോ ഉള്ള വ്യാഖ്യാനങ്ങളില്ലാതെ സ്വീകരിക്കാനായാല്‍, അത് അഹത്തെ ക്ഷയിപ്പിക്കാനുള്ള ഉപാധിയായിത്തീരാം. വേദനയെ ചെറുക്കുന്നത് അഹത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അസുഖങ്ങള്‍ വരുമ്പോള്‍ മനസ്സില്‍ എതിര്‍പ്പുളവാകാതെ സൂക്ഷിക്കാമെങ്കില്‍ സുഖംപ്രാപിക്കല്‍ എളുപ്പമാകുമെന്ന് അനുഭവസ്ഥരും മനശാസ്ത്രജ്ഞരും പറയുന്നു. മറിച്ചായാല്‍ രോഗം 'ക്രോണിക്ക്' ആകാനാനിടയുള്ളത്.