അനാദിപ്രണയം, അതായിരു-
ന്നിതിനെല്ലാം നിദാനം
അനാദിസത്തയുടെ നിർവൃതിനൃത്തം -
ആദികാരണം കാര്യമായി
എകാകിത മടുത്ത ദൈവസത്ത
സ്വഛായാകിരണസഞ്ചയ
സൗന്ദര്യത്തിൽ മോഹിതമായി -
പ്രഭാതമായി, ഉഷസായി
പ്രണയാതുരമാമാദികാരണം
വെറുതേയൊരിക്കൽ നടക്കാനിറങ്ങി
അങ്കിത്തുമ്പിലോ ദാവണിവക്കിലോ
ഒരു നക്ഷത്രക്കുഞ്ഞൊന്നുരസി
തെന്നിത്തെറിച്ചയതിനെ
ഗുരുത്വാകർഷണമുടക്കി
ചുറ്റുമുള്ള തമോദ്രവ്യത്തിൽ കുരുക്കി
കേട്ടുകാണും ദൈവമതിൻ രോദനം
ചവുട്ടിനിന്ന സൂര്യനിൽനിന്ന്
പൊടുന്നനേ തൻ കാലെടു-
ത്തടുത്ത താരാപഥത്തിലേയ്-
ക്കവിടുന്ന് തൃപ്പാദമൂന്നി
സ്ഥാനം തെറ്റിയ താരത്തിൻ ഹൃത്തം
വ്യഥയിൽ ചിന്നിച്ചിതറി
ഓരോ തരിയിലും ദൈവത-
മല്പം പറ്റിപ്പിടിച്ചിരുന്നു
പഴയ ഭ്രമണപഥത്തിലെത്തി
ദിവ്യപ്രണയത്തിൻ വശ്യതയി-
ലലിഞ്ഞു ചേരാ-
നവ വിതുമ്പിത്തേങ്ങി
കോട്യാനുകോടി ബ്രഹ്മയുഗങ്ങളിൽ
മൌനമമർത്തി കിടന്ന ശിലകളും
സസ്യ, പ്രാണി, പറവകളും
ജന്തുലോകവുമലയാഴികളും
താരങ്ങളും താരാപഥങ്ങളും
അവയുടെ സാഗരസഞ്ചാര-
രാഗത്തിൻ നീലാംബരിയും
സുനാദവിനോദിനികളും
മനവും തനുവും പേറും മാനവരും
കാലമായ കാലങ്ങളെ നിറച്ചു
പൂർവസ്ഥലിയിലേയ്-
ക്കൊഴുക്കായും ജ്വാലയായും
സ്ഥാനം തെന്നിയതെല്ലാം
പ്രയാണത്തിലായിരുന്നു
പുഴ പുഴയല്ല ജലകണ-
ങ്ങളുടെ നിർത്ധരിയാണ്
തീനാളം നാളമല്ല, അഗ്നി-
കണങ്ങളുടെ ജ്വലനമാണ്
മദിച്ചൊഴുകുന്നെല്ലാമനാദിയാം
പ്രണയിതാവിലേയ്ക്ക്
ഓരോ പൂവും കുഞ്ഞിൻ മുഖവും
അതിലൊരു ധൂളിതൻ വിളിയാണ്
എന്നെയങ്ങെടുക്കൂ നീ-
യെന്ന പ്രലോഭനമാണ്
അനന്തസത്ത, നിർവൃതിയുടെ
നിത്യനൃത്തമാടുന്നു
ആ നൃത്തത്തിൽനിന്നുയരുന്നൂ
ആചന്ദ്രതാരം പുതുരൂപങ്ങൾ
വ്യാഖ്യാനം:
1. അഖണ്ഡബോധത്തിന്റെ ചലനമാണ് ജീവാത്മാക്കൾ. (വേദം)
2. നിത്യത ചലിക്കുമ്പോൾ കാലമുണ്ടാകുന്നു. (പ്ളേറ്റോ)
3. നൃത്തം ചെയ്യാൻ കഴിയുന്ന ദൈവത്തിൽ മാത്രമേ ഞാൻ വിശ്വസിക്കൂ. (നീറ്റ്ഷേ)
4. മഹിമയുറ്റതും ഐശ്വര്യപൂർണവും ശക്തിയുക്തവുമായി എതൊക്കെയുണ്ടോ, അതൊക്കെയും എന്റെ തേജസ്സിന്റെ അംശത്തിൽനിന്നുണ്ടായതാണ്. (ഗീത 10, 41)
വസന്തവും ധാന്യങ്ങളും കായ്കളും, ആതിരനിലാവും വർഷപാതവും പൈതങ്ങളുടെ നിഷ്കളങ്കതയും, ഇടിയും മിന്നലും ഭൂകമ്പവും ഈശ്വരീയമായ ശ്രീയാണ്.