തോമസിന്റെ സുവിശേഷം


The Gospel according to Thomas

യേശുവിനെക്കുറിച്ചുള്ള കുറിപ്പുകളില്‍ ആദ്യത്തേത് എന്ന് കരുതപ്പെടുന്ന തോമസിന്റെ സുവിശേഷം 114 യേശു-വാക്യങ്ങളില്‍ ഒതുങ്ങുന്നു. ഇവയിലോരോന്നും ആത്മാവിനുള്ളില്‍ വികാസം നേടേണ്ട ആശയ-കടുകുമണികളാണെന്ന അര്‍ത്ഥത്തില്‍ ഓഷോ അവയെ വ്യാഖ്യാനിച്ചിട്ടുണ്ട്, "The Mustard Seed" (HarperCollins Publ.) എന്ന ഗ്രന്ഥത്തില്‍. ഈ  പുസ്തകത്തിന്റെ ഉപശീര്‍ഷകം The gnostic teachings of Jesus the Mystic എന്നാണ്. വടക്കേ ഈജിപ്തില്‍ 1945 ല്‍ കണ്ടെത്തിയ Nag Hammadi Text ന്റെ ഭാഗമായിട്ടാണ് തോമസിന്റെയും മഗ്ദലെനയുടെയും സുവിശേഷങ്ങള്‍ ലഭിച്ചത്. ഇവയുടെ ഉള്ളടക്കത്തില്‍ നിന്ന് വെളിപ്പെടുന്നത്, യേശു ഭൌതികാര്‍ത്ഥത്തില്‍ അല്ല, മറിച്ച്, നമ്മുടെ ആന്തരിക ലോകത്തിലെ വിപ്ലവകാരിയായിരുന്നു എന്നാണ്.
സഭ ഔദ്യോഗിക ദൈവവചനം എന്ന് സ്ഥാനംകൊടുത്ത മറ്റു നാല് സുവിശേഷങ്ങളില്‍ കാണുന്ന അത്ഭുതങ്ങളോ കുരിശുമരണമോ അതിനു മുമ്പുള്ള പീഡനമോ അത് കഴിഞ്ഞുള്ള ഉഥാനമോ ഒന്നും ഇവയിലോ ഇതുപോലുള്ള മറ്റു ആദ്യകാല കുറിപ്പുകളിലോ ഇല്ല. ചില വിശ്വാസികള്‍ കുറിച്ചിട്ട ഗുരുവിന്റെ അരുളുകള്‍ മാത്രമാണിവ. ഗ്രന്ഥകര്‍ത്താവിന്റെ പേരില്‍ ഒരു കാര്യവുമില്ല. അത് ഒന്നോ അധികമോ ആള്‍ക്കാര്‍ ആകാം. തന്നെയല്ല, കണ്ടമാനം കൈകടത്തലുകള്‍ നടത്തിയ കൃതികളാണ് ഈ ആദ്യ യേശു-കൃതികളും അതുപോലെ നാമിപ്പോള്‍ സുവിശേഷങ്ങളായി ആദരിക്കുന്ന ക്രിസ്തു-കൃതികളും. അന്നേരത്തെ ആവശ്യമനുസരിച്ച് അന്യരുടെ കുറിപ്പുകളില്‍ വ്യതിയാനം വരുത്തുക, ആധികാരികതക്കുവേണ്ടി അന്ന് അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്ന ഒരാളുടെ പേരില്‍ പകര്‍പ്പുകള്‍ ഉണ്ടാക്കുക എന്നതൊക്കെ അന്ന് സ്ഥിരം നടപ്പുള്ള കാര്യങ്ങളായിരുന്നു. അതിനാല്‍, തോമ്മായുടെ എഴുത്തിലും ഓരോ വിഭാഗക്കാരുടെ വിശ്വാസസംഹിതക്കനുസാരമായി വീണ്ടും വീണ്ടും മാറ്റങ്ങള്‍ വരുത്തി എന്നത് സംശയരഹിതമാണ്‌. പിന്നെപ്പിന്നെ, തല്‍പ്പര കക്ഷികളുടെ അധികാരത്തിനും വരുമാനത്തിനുമായുള്ള ആശയങ്ങളും സഭയുടെ "വിശുദ്ധ" ലിഖിതങ്ങളില്‍ കയറിക്കൂടിയിട്ടുണ്ട് എന്നോര്‍ത്തിരിക്കുന്നത് നന്ന്. എന്നിരുന്നാലും യേശു നല്‍കിയ ചില കാതലായ ചിന്തകള്‍ അവയിലൂടെ നമുക്ക് കൈവരുന്നുണ്ട്‌. തോമ്മായുടെ സുവിശേഷത്തില്‍ അവിടവിടെയായി ചിതറി കിടക്കുന്ന ചില പ്രധാന ആശയങ്ങള്‍ ഇവിടെ ബന്ധിപ്പിച്ചും സംഗ്രഹിച്ചും എടുത്തെഴുതുകയാണ്.


1. ഒരു വലിയ സസ്യമായി പൊട്ടിമുളച്ചു വളരേണ്ട കടുകുമണി പോലെയാണ് ദൈവരാജ്യം.
അത് സാക്ഷാത്ക്കരിക്കുവാന്‍ ഏകാന്തതയെ സ്നേഹിക്കുക.

2. വിശ്രാന്തി ആഗ്രഹിക്കുന്നവന്‍ നടപ്പുരീതികളുമായി മല്ലിടാന്‍ തയ്യാറാകണം - അതായത്, അവനവനോടുള്ള യുദ്ധം. എന്റെയുള്ളില്‍ ഈ  അഗ്നിയുണ്ട്. ഈ അഗ്നിയിടാനാണ് ഞാന്‍ വന്നത്.

3. നിങ്ങളുടെ ഉത്ഭവം എവിടെയെന്നു നിങ്ങള്‍ക്കറിയുമോ? പിന്നെയെന്തിനാണ് നിങ്ങളുടെ അന്ത്യത്തെപ്പറ്റി ആകുലരാകുന്നത്?

4. ഭൌതികമായവയില്‍ ഉറച്ചുപോകുന്നവന്‍ അവിടെത്തന്നെ മരിക്കുന്നു. ഈ ഭൂമിയില്‍ കൃഷി നടത്തി കടന്നുപോകേണ്ട വഴിയാത്രക്കാര്‍ മാതമാണ് നാം. ഫലത്തെ ഇഷ്ടപ്പെടുന്നവന്‍ അത് തരുന്ന മരത്തെ വെറുക്കരുത്.

5. നിന്റെ കണ്ണിന്റെ കൃഷ്ണമണി പോലെ അന്യനെയും കരുതുക. നീ വെളിച്ചം കണ്ടെത്തിയാല്‍ അത് മറ്റുള്ളവര്‍ക്കും പ്രകാശമാകട്ടെ. ജ്ഞാനത്തിന്റെ താക്കോല്‍ ലഭിച്ചവന്‍ അതൊളിച്ചുവയ്ക്കരുത്.

6.ഞാന്‍ പ്രകാശമാകുന്നു. സ്വയം പ്രകാശിച്ചവന്‍ കല്ലും തടിയും പോലും പ്രകാശമാക്കുന്നു.

7. മനുഷ്യരില്‍ വലിയവനായിരുന്നു യോഹന്നാന്‍. എന്നാല്‍ സ്വന്തം ഉള്ളിലെ ദൈവരാജ്യത്തെ (പ്രകാശത്തെ) അറിയുന്നവന്‍ അതിലും വലിയവനാകുന്നു.

8. രണ്ടു യജമാനന്മാരെ സേവിക്കുക, പഴയ തുരുത്തില്‍ പുതിയ വീഞ്ഞ് സൂക്ഷിക്കുക, പഴയ തുണിയോടു പുതിയത് തുന്നിച്ചേര്‍ക്കുക ഇവയൊക്കെ വിഡ്ഢികള്‍ ചെയ്യുന്നു.

9. സാഹോദര്യ സ്വരുമയുടെ മുമ്പില്‍ ഒരു മല പോലും വഴിമാറിത്തരും. 

10. ആത്മാവില്‍ ദാരിദ്ര്യം - എല്ലാം ഉപേക്ഷിക്കല്‍ - ആണ് എല്ലാം നല്‍കുന്നത്.

11. ഉപരിതലത്തെ ഗൌനിക്കുന്നതിനു പകരം ഉള്ളില്‍ തെരയുക, നിങ്ങള്‍ കണ്ടെത്തും. ആദ്യത്തെ അല്പം വെളിച്ചം പുളിമാവു പോലെ വികസിച്ച് എല്ലാം പ്രകാശപൂരിതമാക്കും.

12. കാത്തിരുന്നാല്‍ വരുന്നതല്ല ദൈവരാജ്യം. അത് എവിടെയും വ്യാപിച്ചിരിക്കുന്നു. കണ്ടെത്തുക മാത്രമാണ് വേണ്ടത്.

13. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം പണ്ടേ സംഭവിച്ചു കഴിഞ്ഞു. പൂര്‍ണമായ ചലനവും പൂര്‍ണമായ വിശ്രാന്തിയുമാകട്ടെ ജീവിതം. 

കടുകുമണി
ഓരോ കുരുവും ഒരാശ്ചര്യമാണ്. കുരുവിന്റെ മുഴുപ്പ് കുറയുന്തോറും ആശ്ചര്യത്തിന്റെ അളവ് കൂടുതലാണ്. അതായിരിക്കാം യേശു തന്റെ ഉപമയില്‍ വളരെ ചെറുതായ കടുകുമണിയെ തിരഞ്ഞെടുത്തത്. പക്ഷേ, നാം ശ്രദ്ധ കൊടുക്കുന്നില്ലെങ്കില്‍, ഓരോ ആശ്ചര്യചിഹ്നവും വളഞ്ഞുകുത്തി ഒരു ചോദ്യചിഹ്നമായി അവിടെ നില്‍ക്കും. അത് വീണ്ടും നിവരുക അത്ര നിഷ്പ്രയാസമല്ല. ഓരോ കുരുവും ഒരു ഗര്ഭപാത്രമാണ്. പൌലോസ് യേശുവിനെപ്പറ്റി പറയുന്നതുപോലെ, യുഗാരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ നിങ്ങള്ക്ക് വെളിപ്പെടുത്തിയിരിക്കുന്നു.  . . . ഈ രഹസ്യമാകട്ടെ, മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്നുള്ളത് തന്നെ. (കൊളോ. 1, 26-27) കേളി എന്ന കൃതിയില്‍ ഫാ. ബോബിജോസ് കട്ടിക്കാട്ട് ചൂണ്ടിക്കാണിക്കുംപോലെ  മതങ്ങളും പുരോഹിതരും കൂദാശകളും ധ്യാനകേന്ദ്രങ്ങളും എല്ലാം നമ്മോടു പറയുന്നത് പുറത്തു നാം കാണിക്കേണ്ട, ജപിക്കേണ്ട, ആര്‍ത്തുവിളിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ്. ഉള്ളിലൊരു ചക്രവാളമുഉണ്ടെന്ന് പഠിപ്പിക്കുവാന്‍ അവര്‍ തയ്യാറാവുന്നില്ല.
ഓരോ കുരുവിലും പ്രകൃതി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ആകാശത്തെയും ഭൂമിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചക്രവാളത്തെയാണ്. അവിടെയത് സുഷുപ്തിയിലാണ്, നീരും വായുവും അതിനെ തട്ടിയുണര്‍ത്തുംവരെ. ബോബിജോസ് തന്നെ പറയുമ്പോലെ, അതിനെ കുണ്‍ഡലിനി (മറഞ്ഞിരിക്കുന്ന ഊര്‍ജ്ജം) എന്നോ ഉറങ്ങുന്ന ബുദ്ധന്‍ എന്നോ വിളിക്കാം. നിസ്സാരമെന്നു തോന്നിപ്പിക്കുന്ന ഒരു കടുകുമണിയെ കൈയിലെടുക്കുമ്പോള്‍ (ആരെങ്കിലും ഒരു കടുകുമണിയായി കൈയിലെടുക്കാന്‍ മെനക്കെടാറുണ്ടോ!) അതില്‍ അനന്തമായ ജീവന്‍ ഒളിഞ്ഞിരിക്കുന്നു എന്ന് വിചാരിക്കാന്‍ നാം എന്നാണു പഠിക്കുക? അത് മുളപൊട്ടി വളര്ന്നാലോ? കൃസൃതിയും ആരവങ്ങളുമായി പക്ഷികള്‍ അതിന്റെ ശിഖരങ്ങളില്‍ ചാടിക്കളിക്കാന്‍ വരുന്നു.
ദൈവരാജ്യത്തെ ഒരു കടുകുമണിയോടു ഉപമിക്കാം എന്ന് പറയുന്നിടത്ത് യേശു എന്ന ഗുരുവിന്റെ കാവ്യഭാവന അതിന്റെ കൊടുമുടിയിലാണ്.        

എന്നെ തേടിയുള്ള യാത്ര (5)

മഹത്തമമായ കണ്ടെത്തല്‍: എവിടെയും, എല്ലാറ്റിലും, എന്നും ആയിരിക്കുന്നതെന്തോ, അതാണ്‌ ഞാന്‍..

ഉണ്ടായിരിക്കുക എന്ന ബോധമാണ് അസ്തിത്വം. നാമെല്ലാം അതില്‍ പങ്കുപറ്റുന്നവരാണ്. നാം എന്ന് പറയുമ്പോള്‍, ബുദ്ധിയുള്ള സൃഷ്ടികള്‍ എന്ന സങ്കുചിതമായ അര്‍ത്ഥത്തിലേയ്ക്ക് ഇതിനെ ചുരുക്കാനുള്ള പ്രവണതയെ ബോധപൂര്‍വ്വം മറികടക്കേണ്ടിയിരിക്കുന്നു. എങ്കിലേ, ചരാചരങ്ങളെന്ന പൊതുസംജ്ഞയില്‍ വരുന്നവയെ ഒക്കെയും ബോധത്തിന്റെ ബ്രഹ്മാണ്ഡത്തിനുള്ളില്‍ കൊണ്ടുവരാന്‍ നമുക്കാവൂ. പക്ഷേ, അസ്തിത്വമെന്നത് എന്താണ് എന്ന സ്വന്തമായ കണ്ടെത്തല്‍ സംഭവിക്കാതെ, നമ്മുടെ അല്‍പബുദ്ധിക്ക് നിതാന്തമായ വിശ്രാന്തിയുടെ ആനന്ദം കൈവരില്ല. വിശ്രാന്തിയുടെ നേരേ എതിരാണ്‌ സംസാരം. ലൌകികജീവിതചക്രത്തിനാണ് സംസാരമെന്നു പറയുന്നത്. അതാകട്ടെ, തിക്കും തിരക്കുമല്ലാതൊന്നുമല്ല. ഈ തിക്കും തിരക്കും അതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ വ്യതിരിക്തതയുടെ മാത്രം സൃഷ്ടിയാണ്. വ്യക്തിത്വബോധമുള്‍പ്പെടെ, ജീവജാലങ്ങള്‍ തമ്മില്‍ അകല്‍ച്ചയെ ദ്യോതിപ്പിക്കുന്നതെന്തൊക്കെയുണ്ടോ, അതെല്ലാം വ്യതിരിക്തതയില്‍ ഉള്‍പ്പെടും.



എല്ലാ ആത്മീയ ഗുരുക്കന്മാരും പറയുന്ന ഒരു കാര്യമുണ്ട്: സംശുദ്ധമായ ആനന്ദം നമുക്കുള്ളിലാണ്. എല്ലാം കൈയെത്തും ദൂരത്തുണ്ട്‌ . കണ്ടെത്തുക എന്നത് മാത്രമാണ് മനുഷ്യന്‍ ചെയ്യേണ്ടത്. അതിന്, പക്ഷേ, നിതാന്തമായ നിശബ്ദത അത്യാവശ്യമാണ്. നിശബ്ദതയുടെ ഇടവേളകളെങ്കിലും ഇല്ലാതെ ഏകവും ആത്യന്തികവുമായ സത്യത്തിന്റെ ഉള്ളറയിലേയ്ക്ക് എത്തിനോക്കാന്‍ പോലും നമ്മുടെ ബുദ്ധിക്ക് ആവില്ല. എന്നാല്‍ ഒരിക്കല്‍ അതിനുള്ള ആവേശം ഒരു ശീലമായാല്‍, മഹത്തമമായ ആ ഉള്‍ക്കാഴ്ച അനിവാര്യമാണ്: അതായത്, പരമാത്മാവ്‌, പരമമായ അസ്തിത്വം, അതിന്റെ സത്താസവിശേഷതകൊണ്ടുതന്നെ എല്ലാറ്റിലും ഒരുപോലെ സന്നിഹിതമായിരിക്കേണ്ടതുണ്ട് എന്ന സംശയാതീതമായ അവബോധം. കാരണം, അനന്തമായതിന് ഒന്നിലും ഒതുങ്ങാനോ നുറുങ്ങാനോ ആവില്ല എന്നത് പഴുതില്ലാത്ത യുക്തിയാണ്. പ്രകാശിതമായ ആത്മനിശബ്ദതയില്‍ സാധകന്റെയുള്ളില്‍ ജ്വലിച്ചുതുടങ്ങുന്ന ഈ സത്യജ്വാല തുടര്‍ന്ന് വെളിപ്പെടുത്തുന്നത് ഇതായിരിക്കും: സത്യം ഒന്നേയുള്ളൂ, അതാകട്ടെ, ഉണ്ടായിരിക്കുക എന്ന അനന്തമായ ഉണ്മയുടെ, എല്ലായിടത്തും, എല്ലാറ്റിലും ഒരേപോലെയായിരിക്കുന്ന അത്ഭുതമല്ലാതെ മറ്റൊന്നുമല്ല.

അസ്തിത്വമെന്നത് ഒന്നാണ്, ഒന്നേയുള്ളൂ, ഒന്നായിരിക്കാനേ സാദ്ധ്യതയുള്ളൂ എങ്കില്‍, അത് ഇപ്പോള്‍, ഇവിടെ ആണ്. ഉള്ളത് എന്ന് പറയുമ്പോള്‍ ഇന്ന്, ഇപ്പോള്‍, സമ്പൂര്‍ണ്ണമായും ഇവിടെയുള്ളത് എന്നാണര്ത്ഥം. അപ്പുറത്ത് എന്നൊരു വാക്ക് ഉപയോഗിക്കേണ്ടിവരുന്നതുതന്നെ, ഇപ്പോള്‍ ഇവിടെയുള്ളതിന്റെ വ്യാപ്തി നാം കാണുന്നില്ല എന്നതിന്റെ തെളിവാണ്. ഇതും അതും, ഇപ്പുറവും അപ്പുറവും, ഇന്നലെയും നാളെയുമൊക്കെ നമ്മുടെ മനസ്സിന്റെ കാല്‍പനിക സൃഷ്ടികളാണ്. സൃഷ്ടലോകമെന്നും സൃഷ്ടാവെന്നും വ്യത്യാസപ്പെടുത്തി (വ്യതിരിക്തത കല്‍പ്പിച്ചു) പറയുന്നതും അനുഭവിക്കുന്നതുമെല്ലാം, വാസ്തവത്തില്‍ ഈ ഒന്നില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന അറിവാണ് പരമമായ ജ്ഞാനം. അതിലെത്തിച്ചേരുന്നതുവരെയുള്ളതൊക്കെയും മായ എന്ന ഒഴുക്കന്‍ സംജ്ഞയില്‍ ഒതുക്കാം. നാമൊരാളില്‍ ഉള്ളതിനേക്കാള്‍ ഒരു തരിപോലും കുറവോ കൂടുതലോ അല്ല മറ്റൊരാളിലോ, മറ്റൊരു  വസ്തുവിലോ കണ്ടെത്താവുന്ന ഉണ്മ (പരമാത്മാവ്‌) എന്നുള്ളത് ഏറ്റവും സംശുദ്ധമായ യുക്തിയില്‍ തന്നെ തെളിഞ്ഞുവരേണ്ട സത്യമാണ്. വ്യത്യസ്തതകള്‍ (വിവിധ വിഭാഗങ്ങളില്‍പെടുന്ന ചരാചരങ്ങള്‍ ഉണ്ടെന്നുള്ള സാധാരണയനുഭവം ഉള്‍പ്പെടെയുള്ളവ) മായ എന്ന വിഭ്രാന്തിയുടെ ഫലമാണെന്നും, അവയില്‍നിന്നുള്ള മോചനം 'ഏകം സത്'  (എല്ലാം ഒന്നാണ്) എന്ന അവബോധത്തിലേയ്ക്ക് കൊണ്ടെത്തിക്കും എന്നുമാണ് വേദാന്തത്തിന്റെ സാരം. അതുള്‍ക്കൊള്ളാനാണ് നാമിവിടെ ശ്രമിക്കുന്നത്. ഏറ്റവും വലിയ തമാശ, അത് മനസ്സിലാകുംവരെ, അതില്‍പ്പരം ഒരു ഭോഷത്തമില്ലെന്നേ ആരും കരുതൂ എന്നതാണ്. കാരണം, അത്രകണ്ട് ദയാഹീനമായി അവിദ്യ നമ്മെ വിഴുങ്ങിയിരിക്കുന്നു.

നിത്യമായ ഒന്ന് ഉണ്ടെന്നറിയുക, എല്ലാം നിത്യമാണെന്നറിയുന്നതിനു തുല്യമാണ്. അതോടേ, അന്ധകാരം അവസാനിക്കേണ്ടതാണ്. അതായത്, സ്വന്തം ആത്മസത്ത പരമസത്തയുടെ തന്നെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ ഒരാള്‍, കഴിഞ്ഞുപോയ, താത്ക്കാലികമായ, വിലയേ ദ്രവ്യലോകത്തിന് നല്‍കൂ. അചരമായതൊന്നും പ്രപഞ്ചത്തിലില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ചലനമുള്ളതെല്ലാം ആരംഭമുള്ളതാണ്. ആരംഭമുള്ളതിന് അന്ത്യവുമുണ്ടായിരിക്കും. ഈ അറിവാണ് തുടക്കം. അതില്‍ പിടിച്ച്, ആദ്യാന്തങ്ങള്‍ ഇല്ലാത്ത കാതലായ അസ്തിത്വം അനാദിയും അനന്തവുമായിരിക്കണം എന്നും നമുക്കറിയാം.

തെളിച്ചു പറഞ്ഞാല്‍, വ്യക്തിപരമായ വീക്ഷണത്തിന്റെ പരിണതഫലമാണ് എല്ലാ വ്യത്യാസങ്ങളും വ്യതിരിക്തതകളും. ഇപ്പറഞ്ഞത്‌ അല്പമൊന്ന് വിശദീകരിക്കാന്‍ നമുക്ക് നിറങ്ങളുടെ അനുഭവമെടുത്തൊന്നു പരിശോധിക്കാം. അഭിരാമമായ വര്‍ണ്ണവൈവിദ്ധ്യങ്ങളോടെ സസ്യജീവജാലങ്ങളും സായംസന്ധ്യയും പ്രഭാതങ്ങളും ഈ പ്രകൃതിയെ അലങ്കരിക്കുന്നു. എന്നാല്‍, നിറങ്ങളെപ്പറ്റി ഇന്ന് നമുക്കുള്ള ശാസ്ത്രീയമായ അറിവുവച്ച് നോക്കിയാല്‍ അവയെല്ലാം നമ്മുടെ കണ്ണിന്റെയും തലച്ചോറിന്റെയും അനുനിമിഷ സൃഷ്ടി മാത്രമാണ്. നാം കാണുന്ന വസ്തുക്കളിലല്ല നിറങ്ങള്‍ സ്ഥിതി ചെയ്യുന്നത് എന്നാണ് അതിന്റെ പൊരുള്‍. പിന്നെയെവിടെയാണവ? ഒരു ചറിയ പരിധിക്കുള്ളില്‍ അലനീലമുള്ള പ്രകാശതരംഗങ്ങളെ മാത്രം കണ്ണുകളിലൂടെ സ്വീകരിച്ച്, അവയെ വിവിധ നിറങ്ങളായി വ്യാഖ്യാനിച്ച്, തലച്ചോറ് നമുക്ക് തരുന്ന തോന്നല്‍ മാത്രമാണ് നാം കാണുന്ന വര്‍ണ്ണവൈവിധ്യങ്ങള്‍. മേശപ്പുറത്തു വച്ചിരിക്കുന്ന ചുവന്ന റോസാപ്പൂവ് വെളിച്ചത്തിരുന്നാല്‍ മാത്രമേ ചുവന്നതാകുന്നുള്ളൂ; ഇനി, വെളിച്ചത്തിരുന്നാലും, അന്ധനായ ഒരാളുടെ സന്നിധിയില്‍ ആ പൂവിന് ഒരു നിറവും ഇല്ലതന്നെ. എല്ലാ ഇന്ദ്രിയാനുഭവങ്ങളിലും ഈ കബളിപ്പിക്കല്‍ നടക്കുന്നുണ്ട്.

അപ്പോള്‍, പ്രകാശം നമ്മില്‍ നിറങ്ങളുടെ ഭ്രമം ഉണ്ടാക്കുന്നതുപോലെ, ഊര്‍ജ്ജത്തിന്റെ ഘടനാവ്യത്യാസങ്ങള്‍ നമ്മിലുണ്ടാക്കുന്ന ഭ്രമമാണ് ദ്രവ്യാനുഭവം. അങ്ങനെയെങ്കില്‍ ബാക്കിയുള്ള ലോകാനുഭവങ്ങളും ഭ്രമാത്മകമാണ്‌ എന്ന് സംശയിക്കേണ്ടതില്ല. ഇങ്ങനെയുള്ള എല്ലാ ഭ്രമാനുഭവങ്ങളുടെയും ആകെത്തുകയാണ് സംസാരത്തില്‍ ഉഴറുന്ന ഞാന്‍. എന്ന അഹംബോധം. അനുഗ്രഹീതമായ ഒരു ധ്യാനനിമിഷത്തില്‍, ചിലര്‍ക്ക്, ഒരു പക്ഷേ, ഈ 'ഞാന്‍' ഇല്ലാത്ത, അതേ സമയം, ഒന്നും എല്ലാവുമായ ഉണ്മയുടെ (ഉണ്ടായിരിക്കുക എന്ന) സംശുദ്ധമായ അനുഭവത്തിലെത്താനാവും. അത്തരം ധന്യാനുഭവമാണ് ഭ്രാമാത്മകവും അങ്ങേയറ്റം പരിമിതവുമായ അഹംബോധത്തിനപ്പുറത്തുള്ള അനന്തമായ ഉണ്മയുടെ ബോധോദയം. അതാണ്‌ ബ്രഹ്മജ്ഞാനം. ഞാന്‍ വെറും നിരീക്ഷകന്‍ മാത്രമായി നിലകൊള്ളുന്ന അവസ്ഥയാണത്‌.. സംഗ്രഹിച്ചു പറഞ്ഞാല്‍, അറിവിന്റെ മൂന്ന് അടുക്കുകളിലൂടെയാണ് ഒരാള്‍ അവിടെയെത്തുക. ഒന്നാമത്തേത് ദ്രവ്യശരീരത്തെ അറിയുന്നത്. രണ്ടാമത്തേത്, ഊര്‍ജ്ജശരീരത്തെ അറിയുന്നത്. മൂന്നാമത്തേതാണ് അല്പമായ സ്വന്തം ആത്മസത്തയെ അനന്തബോധം തന്നെയായി തിരിച്ചറിയുക.  

ഊര്‍ജ്ജതന്ത്രത്തിലെ ഏറ്റവും ആധുനിക കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതുപോലെ, ക്ഷരപ്രപഞ്ചമായ സകലതും ഊര്‍ജ്ജം മാത്രമാണ്. ഊര്‍ജ്ജത്തിന്റെ അതിവേഗചലനങ്ങളാണ് ഘനത്വം എന്ന ഭ്രമത്തെപ്പോലും സൃഷ്ടിക്കുന്നത് എന്നാണ് ഭൌതികശാസ്ത്രം ഇന്ന് മനസ്സിലാക്കുന്നത്. വേദാന്തമാകട്ടെ, ഒരു പടികൂടി കടന്ന്, ഊര്‍ജ്ജത്തിന്റെ സ്ഥാനത്ത് ബോധത്തെയാണ് അംഗീകരിക്കുന്നത്. ഈ ലോകം ഭ്രാമാത്മകമാണെന്നു പറയുന്നതിന്റെ അര്‍ത്ഥം അത് നമ്മുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനം മാത്രമാകുന്നു എന്നാണ്. അനുദിനചര്യകളില്‍ ഈ വ്യാഖ്യാനങ്ങള്‍ നമുക്കു മുന്നില്‍ സത്യങ്ങളായി വേഷമിടുന്നു. അതിനാല്‍, ശരീരം ദ്രവ്യപരമായ കാഴ്ചപ്പാടിനുള്ളില്‍ വരുന്നു. അതിനപ്പുറത്താണ് മനശ്ശരീരം. മൂന്നാമത്തെ അടുക്കാണ്‌ നമ്മുടെ ബോധം. മറ്റ് രണ്ടുംപോലെ ചലനാത്മകമായതിനാല്‍, അതും ഒരിക്കല്‍ നിലക്കും. എന്നാല്‍ അതോടേ അത് ശൂന്യമാകുകയല്ല; നിശ്ചലമായ അനന്തബോധത്തിലേയ്ക്ക് അലിഞ്ഞുചേരുകയുമല്ല. മറിച്ച്, അവിച്ഛിന്നമായ അനന്തബോധം മാത്രമേയുള്ളൂ, അത് മാത്രമേ എന്നും ഉണ്ടായിരുന്നുള്ളൂ എന്ന തിരിച്ചറിവില്‍ എത്തുകയാണ് ചെയ്യുക. നിമിഷാര്‍ദ്ധങ്ങള്‍ തൊട്ട്‌ ബ്രഹ്മയുഗങ്ങള്‍ വരെ കുറുക്കിയും നീട്ടിയും അളക്കപ്പെട്ടിരുന്ന സമയസാഗരങ്ങളുടെ മിഥ്യ സമൂലം തകര്‍ന്ന്, ഞാനും ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ സര്‍വ്വവും ഒരേയൊരസ്തിത്വമായി സ്പന്ദിക്കുന്ന ദിവ്യാദ്ഭുതമായിരിക്കും അത്.

"വരാനിരിക്കുന്ന ലോകത്തിന്റെ നിഗൂഡതയാണ് മൌനം. സംസാരമാകട്ടെ ഈ ലോകത്തിന്റെ ഉപകരണവും. ഉത്സാഹത്തോടെ അന്വേഷിക്കുന്നവര്‍ പലരുമുണ്ട്, പക്ഷേ, നിതാന്ത നിശബ്ദതയില്‍ നിലനില്‍ക്കുന്നവര്‍ മാത്രമാണ് കണ്ടെത്തുന്നവര്‍."."  ( (നിനവേയിലെ ഇസഹാക്ക്) 
 The deep calls to the deep. (psalm 42,7)

സമാന്തര ലോകങ്ങള്‍

വര്‍ഗീസ്‌ മാര്‍ കുറീലോസിന്റെ സമാന്തര ലോകങ്ങള്‍ വായിക്കുമ്പോള്‍

നിങ്ങള്‍ മനുഷ്യര്‍ക്കൊപ്പമാണോ അവര്‍ക്കെതിരാണോ എന്ന് ഭരണകര്‍ത്താക്കളോടും, നിങ്ങള്‍ എന്തുകൊണ്ടാണ് മനുഷ്യര്‍ക്കും ക്രിസ്തുവിനും എതിരാകുന്നത് എന്ന് സഭയോടും ആവര്‍ത്തിച്ചു ചോദിക്കുകയാണ് ഈ മെത്രാന്‍ തന്റെ ഏറ്റവും പുതിയ എഴുത്തിലൂടെ. അതിനായി അദ്ദേഹം കാലികമായ സംഭവവികാസങ്ങള്‍ പരിശോദ്ധിക്കുന്നു. അവയോരോന്നിലും സഭയും നമ്മുടെ രാഷ്ട്രീയപാര്‍ര്‍ട്ടികളും ജനത്തെ നിര്‍ലജ്ജം വഞ്ചിക്കുന്നതിന്റെ എഴുന്നുനില്‍ക്കുന്ന ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ മെത്രാന്മാരില്‍ വെറും രണ്ട് ശതമാനമെങ്കിലും ഇദ്ദേഹത്തെപ്പോലെ ചിന്തയില്‍ സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍, കേരളത്തിന്റെ വര്‍ത്തമാനവും ഭാവിയും സുരഭിലമാകുമായിരുന്നു.
തഴയപ്പെട്ടവരുടെ ഭാഗം പിടിക്കുന്ന ഒരു വൈദികശ്രേഷ്ഠന്റെ സന്ധിയില്ലാത്ത വക്കാലത്താണ് ഈ ഗ്രന്ഥം.  ഈ കൃതിയില്‍ വിശകലനം ചെയ്തിട്ടുള്ള വിവിധ വിഷയങ്ങളില്‍ മൂന്നെണ്ണം മാത്രം തല്‍ക്കാലം സംഗ്രഹിച്ചെഴുതുകയാണ്. അതിന് ശേഷം, ഒരു പക്ഷേ, മറ്റ് ചിലതും - (പരിസ്ഥിതിയും ലളിത് രാഷ്ട്രീയവും, ഒരു ബദല്‍ സാമ്പത്തിക ക്രമം, ചില ക്രൈസ്തവ മാര്‍ഗ്ഗരേഖകള്‍ ) സ്പര്‍ശിക്കാന്‍ ഒരു ശ്രമം നടത്താം. 

1. വിദ്യാഭ്യാസമേഖല
സ്വയം പര്യാപ്തിയിലേയ്ക്കുള്ള ഒരു ശിശുവിന്റെ വളര്‍ച്ചയില്‍ രൂപകല്‍പ്പനയിലും കര്‍മ്മത്തിലും ദൈവത്തോടോത്തു സഹകരിക്കുക എന്നതാണ് വിദ്യനല്കല്‍ എങ്കില്‍, ഇവിടെ നാം കുറ്റക്കാരാണ്. കാരണം, നീതി, സമാധാനം, സ്നേഹം, സൃഷ്ടിയുടെ സമഗ്രത എന്നിവയില്‍ അധിഷ്ഠിതമായിരുന്ന യേശുവിന്റെ ബോധനശാസ്ത്രത്തില്‍ നിന്ന് വളരെ അകന്നുപോയിരിക്കുന്നു ഇന്ന് സഭയും രാഷ്ട്രവും ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസം. ക്രൈസ്തവ മാനേജ്മെന്റുകള്‍ അതിനെ ലാഭമുണ്ടാക്കാനുള്ള കറവപ്പശുവായി മാറ്റിയിരിക്കുന്നു എന്ന് മാത്രമല്ല, അവരുടെ സ്കൂളുകളില്‍ ഇന്ന് പഠിപ്പിക്കുന്നതും ലാഭമുണ്ടാക്കാനുള്ള വിദ്യകള്‍ മാത്രമാണ് എന്നദ്ദേഹം തെളിച്ചുതന്നെ പറയുന്നു. പ്രാഥമിക വിദ്യാഭ്യാസം സാമൂഹിക ആവശ്യവും (അതുകൊണ്ട് അത് ഗവ. ന്റെ ചുമതലയാണ്) ഉന്നത വിദ്യാഭ്യാസം സ്വകാര്യ ആവശ്യവും (അത് കാശ് മുടക്കാവുന്നവര്‍ക്ക് മാത്രം മതി) എന്ന വേര്‍തിരിവ് സഭയുടെ സ്വാര്‍ത്ഥമായ നിലപാടായി മാറിയിരിക്കുന്നു. അങ്ങനെ സ്വാശ്രയസ്ഥാപനങ്ങള്‍ ലാഭം കൊയ്യുന്ന ധനകാര്യസ്ഥാപനങ്ങളായിത്തീര്‍ന്നു. അത് വലിയ തെറ്റു തന്നെ. മനസ്സാക്ഷിയുള്ള ക്രൈസ്തവര്‍ക്ക് ഇത് അസ്സഹനീയമാണ്.
ആദ്യ കമ്യൂണിസ്റ്റ് ഗവ.നെ താഴെയിറക്കിയ "വിമോചനസമരം" മൂലം കര്‍ഷകരുടെയും സാധാരണക്കാരുടെയും നീതിക്കുവേണ്ടിയുള്ള സ്വപ്നങ്ങള്‍ ആണ് സഭ തകര്‍ത്തുകളഞ്ഞത്‌.., പശ്ചാത്തപിച്ചു കുറ്റം ഏറ്റുപറയേണ്ട ഒരു വലിയ തെറ്റായി അതിനെ വിലയിരുത്തണം എന്ന് ഇദ്ദേഹത്തോട് ചേര്‍ന്ന് സമ്മതിക്കാന്‍ ഇന്നും മറ്റൊരു മെത്രാനും ധൈര്യപ്പെടുകയില്ല. അതല്ല, അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍, അദ്ദേഹം അല്മായശബ്ദത്തിലെ ഈ ചര്‍ച്ചയില്‍ മുഖം കാണിക്കട്ടെ.  

2. ഇടതുപക്ഷത്തിന്റെ വിലയിടിവ്
ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഇതുവരെ അടങ്ങിയിരുന്നത് സാമൂഹിക നീതി, സാമ്പത്തിക നീതി, മതനിരപേക്ഷത, സാമ്രാജ്യത്വ വിരുദ്ധത എന്നിവയാണ്. അവസാനത്തെ രണ്ട് കാര്യങ്ങള്‍ ഒഴിച്ചുള്ളവ ഇടതുപക്ഷം മന:പ്പൂര്‍വം കൈയൊഴിഞ്ഞിരിക്കുകയാണ്. ബംഗാളില്‍ എന്നപോലെ കേരളത്തിലും - സിന്ഗൂരും നന്ദിഗ്രാമും മൂന്നാറും ചെങ്ങരയും മുത്തങ്ങയും ഉദാഹരണങ്ങള്‍ - ഇടതുപക്ഷം എപ്പോഴും സ്വന്തം ജനത്തിനെതിരെയാണ് നീങ്ങിയത്. അപ്പോഴൊക്കെ, ബംഗാളില്‍ ബുദ്ധിജീവികള്‍ എങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കാനുണ്ടായിരുന്നു. കേരളത്തില്‍ അതുപോലും ഇല്ലാതെപോയി. ജനകീയാസൂത്രണത്തിലെ ലോകബാങ്ക് താല്പര്യങ്ങളെയോ, എ.ഡി.ബി, ഐ.എം. എഫ്, എന്നിവയുടെ അട്ടിമറി അജണ്ടാകളെയോ നിഷ്പക്ഷമായി വിലയിരുത്തി തിരിച്ചറിയാനോ പ്രതിരോധിക്കാനോ കഴിയാത്ത ഒരു തരം റ്റീന (TINA- There is no alternative) സിണ്ട്രോമിലാണ് ഇടതുപക്ഷം. മുതലാളിത്ത മാതൃകയിലുള്ള വികസനം ജനദ്രോഹപരമാണെന്നു വാചാലരാകുമ്പോഴും പ്രവൃത്തിയില്‍ അവര്‍ ഇവയെയെല്ലാം പുല്‍കുന്നു എന്ന വൈരുദ്ധ്യാത്മക നിലപാട് ഖേദകരമാണ്. ഇടതുപക്ഷ മൂല്യങ്ങള്‍ക്ക് നിരക്കാത്ത സാമ്പത്തിക ബന്ധങ്ങള്‍ക്കും ജീവിതശൈലിക്കും അടിപ്പെട്ടുപോയ ഇടതുപക്ഷ നേതൃത്വമാണ് ഇന്നിവിടെയുള്ളത്. അല്പമെങ്കിലും മന:സാക്ഷിയുള്ളവര്‍ നിശബ്ദരാക്കപ്പെടുകയുമാണ്.

3. മതവും മാര്‍ക്സിസവും
ചുരുക്കിപ്പറഞ്ഞാല്‍ "എല്ലാ മുന്നേറ്റങ്ങളും ആരംഭിക്കുന്നത് പ്രവാചകരിലാണ്; അവസാനിക്കുന്നതോ പോലീസുകാരിലും." (കര്‍ദിനാള്‍ ന്യൂമാന്‍)))) ഭാരതത്തിലെ ക്രൈസ്തവ സഭയുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഗതകാല-വര്‍ത്തമാനങ്ങള്‍ തമ്മില്‍ സമാനതകള്‍ ഏറെയാണ്‌... മുമ്പെങ്ങും ഉണ്ടാകാത്ത ഒരു ജനകീയ മുന്നേറ്റമായിരുന്നു യേശുവിന്റെ അനുയായികളുടെ സഭ. ശ്രേണീബദ്ധ പൌരോഹിത്യമേല്‍ക്കോയ്മ, ജാതി/വംശ വിവേചനം, ധനികവര്‍ഗ്ഗ, പുരുഷാധിപത്യങ്ങള്‍ അനുഷ്ഠാനങ്ങളിലുറച്ച അനാചാരങ്ങള്‍ എന്നിവയെ അത് എതിര്‍ത്തു. മര്‍ദിതരുടെയും ദരിദ്രരുടെയും പതിതരുടെയും മോചനമായിരുന്നു അതിന്റെ ലക്ഷ്യം. സ്വകാര്യസ്വത്തിന്റെ കുന്നുകൂടലിനെതിരേ  വിഭവങ്ങളുടെ പങ്കിടലിനെ വളര്‍ത്തി. വെളിപാട് പുസ്തകം തന്നെ സാമ്രാജ്യത്വത്തോടുള്ള സഭയുടെ രാഷ്ട്രീയ പ്രതിരോധമാണ്. പിന്നത്തെ ചരിത്രം നമുക്കറിയാം. ഇന്ന് സഭ നവ മുതലാളിത്തത്തിന്റെയും ആണ്‍കോയ്മയുടെയും സ്വാധീനത്തിലാണ്. വര്‍ണ,വര്‍ഗ്ഗ, ലിംഗ വിവേചനങ്ങള്‍ വഴി ഇന്ന് ദളിതരും ദരിദ്രരും സ്ത്രീകളും അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്തുവിന്റെ ദര്‍ശനങ്ങളും മൂല്യങ്ങളും കണികാണാന്‍ പോലുമില്ലെന്നായി.
ഇന്ത്യയില്‍ പൊതുവെയും, കേരളത്തില്‍ വിശേഷിച്ചും ഇത് തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഭവിച്ചത്. എ.കെ.ജിയും പി. കൃഷ്ണപിള്ളയുമൊക്കെ പ്രതിനിധാനം ചെയ്തത് ഒരു യഥാര്‍ത്ഥ അനകീയ മുന്നേറ്റമായിരുന്നു. അതിന് സംഭവിച്ച അപജയം നാം നേരത്തേ സൂചിപ്പിച്ചു. മാര്‍ കുറീലോസ് എടുത്ത്‌ പറയുന്ന ഒരു കാര്യം ജാതിവ്യവസ്ഥയെ തള്ളിപ്പറഞ്ഞു മുന്നേറിയ ഈ പ്രസ്ഥാനം അധികാരത്തില്‍ വന്നതോടെ, ദര്‍ശനത്തിലും പ്രയോഗത്തിലും ജാതിപ്രശ്നങ്ങളെ പാടേ നിരാകരിക്കുന്നു എന്നതാണ്. അതുകൊണ്ട് സംഭവിച്ചതെന്തെന്നാല്‍, സ്വത്വമില്ലാത്ത സഖാക്കളായി പാര്‍ട്ടിയുടെ പിന്നണിയില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ടിരുന്ന പട്ടികജാതിക്കാര്‍ (ദളിതര്‍ എന്ന സംജ്ഞ പാര്‍ട്ടി ഒരിക്കലും അംഗീകരിച്ചില്ല) എല്ലായിടത്തും ഒഴിവാക്കപ്പെട്ടു, കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്ക്കരണത്തില്‍ പോലും. ഇക്കാര്യം ദളിതര്‍ തിരിച്ചറിഞ്ഞതിന്റെ ഭാഗമാണ് ചെങ്ങറയും മുത്തങ്ങയും നന്ദിഗ്രാമും പ്ലാച്ചിമടയും മരങ്ങാടും മറ്റും. ഈ സമരങ്ങള്‍ ഭൂമിയുടെ രാഷ്ട്രീയത്തില്‍ കൂടിയുള്ള സാമ്പ്രദായിക തൊഴിലാളിവര്‍ഗ്ഗ സമീപനത്തെ നിരാകരിക്കുകയാണ് എന്നതിനാല്‍, പാര്‍ട്ടി അവയെ എതിര്‍ക്കുന്നു. ക്രിസ്തീയ സഭയുടെ കാര്യത്തിലെന്നപോലെ, കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഒരു തരം സവര്‍ണ-ബ്രാഹ്മണിക മേല്‍ക്കോയ്മയായി വേഷം കെട്ടുന്നു. അതുകൊണ്ടവര്‍ ടാറ്റ, ഹാരിസന്‍ തുടങ്ങിയ കുത്തകകളോടു വിധേയത്വം പുലര്‍ത്തുന്നു. രണ്ടിലും നാം കാണുന്നത് കീഴാള മേലാള രാഷ്ട്രീയങ്ങളുടെ ഇടച്ചിലാണ്.
ഈ രണ്ട് പ്രസ്ഥാനങ്ങളിലും ആരംഭത്തില്‍ ഭൂരിപക്ഷം അനുയായികളും ദളിതരും തദ്ദേശീയരും ആയിരുന്നതിനാലും അവരുടെ ഉന്നമനം അന്തിമലക്ഷ്യം ആയിരുന്നതിനാലും ദര്‍ശനപരമായോ പ്രായോഗികതലത്തിലോ മുതലാളിത്ത വ്യവസ്ഥയുമായി സമരസപ്പെടാന്‍ ഇവയ്ക്കു സാധ്യമല്ല. അത് എത്ര വേഗം തിരിച്ചറിയുന്നുവോ, അത്രയും കൂടുതലായിരിക്കും വരുംകാലങ്ങളിലെ ഇവയുടെ നിലനില്‍പ്പിനുള്ള സാദ്ധ്യത തന്നെ. The greatest tactical problem with modern Christianity is to reconcile its dependence upon the rich with its natural devotion to the poor" (Will Durant)