സമഗ്ര വികസനം

പളപളത്തിളങ്ങുന്ന ലിമൊസിനുകളില്‍
ദുഷ്ടന്മാര്‍ മന്ദം മന്ദം പോകുന്നു,
അഹന്തയുടെ വിഷം ചീറ്റിക്കൊണ്ട്
കണക്കില്ലാത്തയഴിമതിയുടെ കനവും പേറി.

സുഗന്ധം പൂശിയ അവരുടെ നെറ്റിയില്‍
നിഴല്‍ വീഴ്ത്തുന്നില്ലൊരു വേവലാതിയും
ഒരു തീവ്രവികാരത്തിന്റെ ചുഴറ്റല്‍
വെട്ടിമുറിക്കുന്നവരുടെ അച്ചാണി.

ജനങ്ങളുടെ ഭാഗധേയത്തിനായി
രാപകല്‍ വിയര്‍ത്തവരുടെ
ഇരിപ്പിടങ്ങളെയവര്‍ അവഹേളിക്കുന്നു,
അവരുടെ ആസനസ്പര്‍ശത്താല്‍.

എത്താപ്പുറത്താണോ ദൈവമേ നീ?
അന്ധനാണോ, ബാധിരനാണോ
അതോ അജ്ഞനാണോ അങ്ങ്‍?
അല്ലെങ്കിലീ ജനമെന്തിനിങ്ങനെ
സഹിക്കുന്നു? നീതിക്കുവേണ്ടി
എന്തിനിങ്ങനെ ദാഹിക്കുന്നു?

കളങ്കര്‍ ഭരിക്കുമ്പോള്‍ നിഷ്ക്കളങ്കര്‍ മരിക്കുന്നു  
മൃഗങ്ങളെപ്പോലെ ഞങ്ങള്‍ വിയര്‍ക്കുന്നു.
ഞങ്ങളുടെ പേക്കിനാവുകള്‍-
ക്കൊരിക്കലുമൊരന്ത്യമില്ലെന്നോ?


നിന്റെ രാജ്യം വരുമെന്നത്
വെറും മരീചിക, വരില്ലതൊരിക്കലും.

പ്രചോദനം:
ഒരസ്സാധാരണ പ്രാര്‍ഥന - ദാനിയേല്‍ ബറിഗന്‍      

എന്റെ വിധി

കര്‍ത്താവൊരിക്കല്‍ നടക്കാനിറങ്ങി.
ഗബ്രിയേല്‍ മാലാഖാ കൂട്ടിനുണ്ട്.
അവരുടെ നീണ്ട നിഴലുകള്‍-
ക്കോരം പറ്റി,  പമ്മി പമ്മി ഞാനും.

പിന്നിലേയ്ക്ക് തിരിഞ്ഞ മാലാഖാ എന്നെ കണ്ടു.
"ങാ, എന്തു വേണം സക്കറിയാസേ?"
വിക്കിയും വിറച്ചും ഞാന്‍: "നീട്ടിത്തരണേ ഈ ജീവിത-
നിത്ധരി ഒരു രണ്ട് കൊല്ലം, വെറും രണ്ട് കൊല്ലം!"

വിറയലും ആകാംക്ഷയും എന്റെ വേഗം കുറച്ചു.
അപ്പോഴതാ കര്‍ത്താവിന്റെ കനത്ത ശബ്ദം:
"കാര്യമെന്തെന്ന് തെരയൂ, ഗബ്രിയേല്‍."
കേട്ടതേ, തളര്‍ന്നു ഞാന്‍ മുട്ടിന്മേല്‍ വീണു.

വിങ്ങി മിടിച്ചുകൊണ്ടിരുന്നയെന്‍ ചങ്കിലെ
വിടര്‍ന്ന മുറിവും അതില്‍ തറച്ചു നിന്നിരുന്ന
ഇരുവായന്‍ ഖഡ്ഗവും ചൂണ്ടിക്കാണിച്ച്,
പറഞ്ഞൊപ്പിച്ചു ഞാന്‍ എങ്ങനെയോ ‍:

"ഇതൂരിയാലെന്‍ ചങ്ക് കഷണം രണ്ട്;
ഇല്ലെങ്കിലോ,
നിലച്ചീടുമതിന്‍ മിടി-
പ്പിതാ, ഈ നിമിഷം!"
സംഗതിയുടെ കിടപ്പ് പിടികിട്ടാത്ത
ഭൃത്യനോട് കര്‍ത്താവിന്റെ കല്പന:
"വലിച്ചതൂരൂ, ഗബ്രിയേല്‍"
ബാക്കി എന്നോടായിരുന്നു:

രണ്ട് കഷണമെങ്കില്‍, രണ്ട്,
മനുഷ്യഹൃദയങ്ങളെ അസ്വസ്ഥമാക്കാന്‍,
അതിലനുരാഗം വിതച്ചത് നാം തന്നെ.
കഷണങ്ങളിലൊന്ന് ഇതുവരെ
നിന്റെ കൂടെ നടന്നവള്‍ക്ക്;
മറ്റേത്, ഇപ്പോഴും നിന്നെ പ്രേമിച്ചും
കരഞ്ഞും ദൂരെ കഴിയുന്നവള്‍ക്ക്."
"ഇരു പാതികളുമൊന്നായിടാന്‍
നിന്റെ ഭാഗിനിഭാമിനിമാര്‍ വി-
സമ്മതിക്കുവോളം, തങ്ങൂ നീ
കൊതിപ്പിക്കുമീ ധരണിയില്‍. 
രണ്ട് സ്ത്രീമനസ്സുകളുടെ നിരൂഹ-
സമസ്യകള്‍ക്ക് എന്നുമെന്നും
അടിമപ്പെട്ടിരിക്കും നിന്റെ പ്രാണന്‍."

അമേന്‍ എന്നുരിയാടാനെന്‍ നാവനങ്ങിയില്ല.
ആകെയൊരു ചിദാനന്ദലഹരി -
നീട്ടി കിട്ടിയ ജീവന്റെ ചിത് സുഖ ലാഘവത്വം.
നീണ്ട നിഴലുകള്‍ പണ്ടേ മറഞ്ഞിരുന്നു.

ജനാലക്കരികിലെ വികൃതിക്കുട്ടി

തെത്സുകോ കുറോയാനഗി എഴുതിയ പുസ്തകമാണ് "റ്റോറ്റോ ചാന്‍, ജനാലക്കരികിലെ വികൃതിക്കുട്ടി‍". ഏറെനാള്‍ ജാപനീസിലും ഇംഗ്ലീഷിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞുകൊണ്ടിരുന്ന കൃതിയാണിത്. ഒരു പ്രാഥമിക വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകളാണ് ഉള്‍ക്കൊള്ളുന്നതെങ്കിലും, ഇതൊരു സങ്കല്പകഥയാണെന്നേ വായനക്കാര്‍ക്ക് തോന്നൂ. അനുബന്ധമായി ചേര്‍ത്തിരിക്കുന്ന 'കഥാശേഷം' കാണുമ്പോഴാണ് അറിയുക, 1963 ല്‍ മരിച്ച സൊസാകു കൊബായാഷി എന്ന അദ്ധ്യാപകന്‍ രൂപകല്‍പന ചെയ്ത, വളരെ കുഞ്ഞുങ്ങള്‍ക്ക്‌ ഗുരുകുലമായിത്തീര്‍ന്ന, 'റ്റൊമോ ഗാക്വെന്‍' എന്ന് പേരിട്ടിരുന്ന പ്രാഥമിക വിദ്യാലയത്തിന്റെയും അവിടെ വളര്‍ന്ന ഗ്രന്ഥകര്‍ത്രിയുടെയും യഥാര്‍ത്ഥ കഥയാണിതെന്ന്. അത് വായിച്ച ശേഷം അവരുടെ ഏതാനും സഹപാഠികളെഴുതിയ പ്രതികരണങ്ങളും അവസാനം ചേര്‍ത്തിട്ടുണ്ട്. രണ്ടാം മഹായുദ്ധകാലത്ത്, അമേരിക്കയുടെ ബോംബുകള്‍ ഈ വിദ്യാലയം കത്തിയെരിച്ചുകളഞ്ഞു. 


ഒരു കുഞ്ഞിനേയും അതിന്റെ സ്വാഭാവിക പ്രത്യേകതകള്‍ക്കെതിരായി ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കരുത് എന്നതായിരുന്നു കൊബായാഷിയുടെ സ്കൂളിലെ നിയമം. ഓരോ കുട്ടിക്കും ഇഷ്ടമുള്ളതെന്തോ അത് ചെയ്യാന്‍ സഹായിക്കുക, അതിലൂടെ അതിന്റെ കഴിവുകളെ വളര്‍ത്തുക എന്നത് മാത്രമായിരുന്നു അവിടത്തെ 'വിദ്യാഭ്യാസം'. ഏറ്റം വികൃതിയായ കുട്ടിയോടും 'നോക്ക്, നേരായും നീയൊരു നല്ല കുഞ്ഞാണ്' എന്നേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. അത് കേട്ടവരെല്ലാം നല്ല കുഞ്ഞുങ്ങളായിത്തീരുകയും ചെയ്തു.


ഈ കഥയെഴുതിയ തെത്സുകോ കുറോയാനഗി അവളുടെ ആദ്യത്തെ സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട കുട്ടിയായിരുന്നു. കുസൃതി വളരെ കൂടുതല്‍ എന്നതായിരുന്നു കാരണം. എല്ലാം കാണുക, എല്ലാറ്റിനോടും പ്രതികരിക്കുക എന്നതായിരുന്നു അവളുടെ കുസൃതി. ഇത് ശിശുസഹജമായ ഓമനത്തമാണെന്ന് അറിയാനുള്ള ലാളിത്യം 'teachers' training' വഴി നഷ്ടപ്പെട്ട ഒരാളായിരുന്നു അവളുടെ ആദ്യാദ്ധ്യാപിക! നമ്മുടെ എല്ലാ ആദ്ധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകമാണ്, "റ്റോറ്റോ ചാന്‍" - (National Book Trust, India, 1996). മുതിര്‍ന്നവരുടെ ദുഃസ്വാധീനങ്ങളാണ് അന്നുമിന്നും  കുഞ്ഞുങ്ങളെ കളങ്കപ്പെടുത്തുന്നത്. ഇന്നത്തെ നമ്മുടെ വിദ്യാബോധനത്തില്‍ നൈസ്സര്‍ഗികത അംഗീകരിക്കപ്പെടുന്നില്ല. പന്ത്രണ്ടും പതിനഞ്ചും നീണ്ട വര്‍ഷങ്ങള്‍ മുഴുവന്‍ ഒരു ജോലി കരസ്ഥമാക്കാനുള്ള 'വിദ്യകള്‍ അഭ്യസിക്കുക' മാത്രമാണ് നമ്മുടെ കുട്ടികള്‍ ചെയ്യുന്നത്. നിസ്സര്‍ഗസുന്ദരമായ പ്രകൃതിയെ കണ്ടുപഠിക്കുക എന്നതായിത്തീരണം ഒരു നല്ല സ്കൂളിന്റെ ലക്ഷ്യം എന്നത് കാത്തുസൂക്ഷിക്കാന്‍ അപ്പോള്‍ സാദ്ധ്യതയെവിടെ? അതിനു വഴികാണിക്കാന്‍ കഴിവുള്ള അദ്ധ്യാപികരെവിടെ? 


അന്നത്തെപ്പോലെ ഇന്നും 'പരിഷ്കൃതരും പ്രബുദ്ധരും' വകവച്ചു കൊടുക്കില്ലാത്ത പലതും 1937ല്‍ ആരംഭിച്ച തന്റെ സ്കൂളില്‍ കൊബായാഷി പരീക്ഷിച്ചു നോക്കി. അതിലൊന്നായിരുന്നു, അംഗവൈകല്യങ്ങള്‍ ഒളിപ്പിക്കേണ്ടതില്ലെന്നും, അതിന്റെ പേരില്‍ പെരുമാറ്റച്ചട്ടങ്ങളൊന്നും പാടില്ലെന്ന് മാത്രമല്ല, ശരീരത്തെ പരസ്പരം മറച്ചുപിടിക്കേണ്ടതുമില്ലെന്നുള്ള അദ്ദേഹത്തിന്‍റെ നിര്‍ബന്ധം. സ്കൂള്‍കുളത്തില്‍ കുഞ്ഞുങ്ങള്‍ നഗ്നരായി ഒന്നിച്ചു നീന്തിക്കുളിക്കുന്നതില്‍ ഒരപാകതയും ഉള്ളതായി കരുതിയിരുന്നില്ല. കൌമാരത്തിലെ അമിതജിജ്ഞാസകളെ  മുളയിലേ നുള്ളിക്കളയാന്‍ ഇത്തരം സഹജരീതികള്‍ ഉതകുമെന്ന് കണ്ടെത്തുകയും ചെയ്തു. പ്രകൃതിക്കിണങ്ങുന്നതൊന്നും തെറ്റല്ല എന്നതായിരുന്നു അവിടത്തെ കാഴ്ചപ്പാട്. എന്തിലും ആണ്‍-പെണ്‍ വേര്‍തിരിവ് അവിടെ അന്യമായിരുന്നു. ഇപ്പോഴും കേരളത്തിലും ഇന്ത്യയില്‍ പലേടത്തും നിലവിലുള്ള 'boys' school', girls' school' ഏര്‍പ്പാട് അങ്ങേയറ്റം പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ഇനിയെന്നാണ് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ മനസ്സിലാക്കുക? ഏതാനും വര്‍ഷങ്ങള്‍ അത്തരമൊരു ചുറ്റുപാടില്‍ ജീവിച്ചയെനിക്ക് അതിന്റെ നീണ്ടുനില്‍ക്കുന്ന ദൂഷ്യവശങ്ങള്‍ നന്നായിയറിയാം. അത്തരം അനാശാസ്യങ്ങള്‍ വരുത്തിവയ്ക്കുന്ന മാനസികക്ഷതങ്ങളില്‍ നിന്നു കരകയറുക ഒട്ടുംതന്നെ എളുപ്പമല്ല താനും. ഭൂരിഭാഗവും ജീവിതാന്ത്യംവരെ അവരുടെ മാനസിക വികലതകള്‍ക്കടിപ്പെട്ടു തന്നെ കഴിയേണ്ടിവരും.
   
റ്റോറ്റോ ചാനിന്റെ ജര്‍മ്മന്‍ ഷെപ്പെട് നായയെ സ്കൂളിലെ ഒരു കഥാപാത്രമാക്കിയതിലൂടെ, ജന്തുലോകത്തോട്‌ മനുഷ്യനുണ്ടായിരിക്കേണ്ട കരുണനിറഞ്ഞ മനോഭാവം, ഈ ഗ്രന്ഥത്തില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നു. മൃഗങ്ങളെ ചതിക്കുന്നത് ക്രൂരമാണെന്ന് കുഞ്ഞുങ്ങള്‍ക്കറിയാം. മുതിര്‍ന്നവരാണ്, സ്വാര്‍ത്ഥലാഭത്തിനായി അങ്ങനെ ചെയ്യുന്നതും അതിലൂടെ പ്രകൃതിയെ തള്ളിപ്പറയാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ മാതൃകയാകുന്നതും. മൃഗങ്ങളെ ചതിക്കുന്നവര്‍ മനുഷ്യരെയും ചതിക്കും. പ്രാണികളില്‍  ചെറിയതിനോട് നിഷ്ക്കരുണം ഇടപെടാന്‍ തുടങ്ങിയാണ് മുതിര്‍ന്നതിനോടും മുന്തിയതിനോടും അങ്ങനെ ചെയ്യാന്‍ ശീലമുണ്ടാകുന്നത്. നിത്യമെന്നോണം മത്സ്യമാംസാദികള്‍ കൂട്ടി ഉണ്ടാലേ തൃപ്തിവരൂ എന്ന് ശഠിക്കുന്നവര്‍ എവിടെയുമുണ്ട്. അവരുടെ മനസ്സാക്ഷിയെ സുഖിപ്പിക്കാനുതകുന്ന വാക്യങ്ങള്‍ മതഗ്രന്ഥങ്ങളില്‍നിന്ന് പോലും തപ്പിയെടുക്കാം. എന്നാല്‍ ഒന്നു നാം ഓര്‍ക്കണം, ജീവനോടുള്ള ബഹുമാനം സര്‍വ്വവ്യാപിയായില്ലെങ്കില്‍ അത് സത്യസന്ധമല്ല. തൊട്ടു മുകളില്‍ സൂചിപ്പിച്ച ആണ്‍-പെണ്‍ വേര്‍തിരിക്കലിലെ യുക്തിരാഹിത്യം പോലെ വളരെ വ്യക്തമായ ഇക്കാര്യവും മൂടിവയ്ക്കാനാണ് ഭൂരിപക്ഷത്തിനും താല്പര്യം. ഇതൊക്കെ ചെയ്തു ശീലിച്ചവര്‍ അംഗീകരിക്കില്ലെങ്കിലും, ഇവയൊക്കെ പകല്‍പോലെ നഗ്നമായ, സമൂഹത്തെ താറുമാറാക്കുന്ന, അപാകതകളാണ്. 


തെത്സുകോയുടെ അമ്മയാണ് ഈ കഥയില്‍ തിളങ്ങിനില്‍ക്കുന്ന രണ്ടാമത്തെ പാത്രം. 'ഇതുപോലെ ഒരമ്മയെ കിട്ടിയതില്‍ ഞാനെത്ര ഭാഗ്യവതിയാണ്!' എന്ന് പറയാന്‍ കഴിയുന്ന ഒരു കുട്ടിയും ജീവിതപ്രതിസന്ധികളില്‍ തോറ്റുപിന്മാറില്ല. ശൈശവസഹജമായ വികൃതികള്‍ തന്റെ കുഞ്ഞില്‍ ഒരു കുറവായി ഒരിക്കലും കാണുകയോ അങ്ങനെയവളോട്‌ പ്രതികരിക്കുകയോ ചെയ്തില്ല എന്നതാണ് ആ അമ്മയുടെ മഹത്വം. ഒരദ്ധ്യാപകനോ അദ്ധ്യാപികയോ നന്മയുള്ളവരായിരുന്നതുകൊണ്ട് മാത്രം രക്ഷപ്രാപിച്ച എത്രയോ പേരുണ്ട്.

ഏഴായിരത്തോളം ചിത്രങ്ങളുടെ രചയിതാവായ ചിഹിരോ ഇവാസാക്കിയുടെ കുട്ടിചിത്രങ്ങള്‍ പുസ്തകത്തെ അഴകുള്ളതാക്കിയിരിക്കുന്നു. ഇവരുടെ പേരിലൊരു 'Museum of Picture Books' തന്നെയുണ്ട്, റ്റോക്കിയോവില്‍ - ഷിമോഷക്യൂജിയില്‍. അതിസൂക്ഷ്മമായ ഭാവനയാണ് ഏതാനും മൃദുപോറലുകളിലൂടെ സൃഷ്ടിച്ച ഈ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്.

എഴുത്ത്


എഴുത്ത് എന്ന ശീലം ആത്മശോധനയാണ്. ഓരോ തവണയും അതൊരു സ്വയം ശുദ്ധീകരിക്കലാണ്. ഡയറിയെഴുതുക വിദ്യാബോധനത്തിന്റെ തന്നെ ഭാഗമായിത്തീരേണ്ട ഒരു കലാഭ്യാസമാണ്. ചിന്താശക്തിയെ ഉത്തേജിപ്പിക്കുന്നതോടൊപ്പം അത് ആത്മാവിന് ചിറകുകളും പ്രദാനംചെയ്യുന്നു. സ്വയമറിയാതെ പോലും ഭാഷയെ സമൃദ്ധമാക്കാനുള്ള എളുപ്പവഴിയുമായിത്തീരുന്നു, ഈ തഴക്കം. Anthony of the Desert എന്നറിയപ്പെടുന്ന ഒരു വിശുദ്ധന്റെ ജീവച്ചരിത്രമെഴുതിയ അത്തനാസിയൂസ് അതില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. "ഓരോരുത്തരും സ്വന്തമാത്മാവിന്റെ തോന്നിപ്പുകളും നടപടികളും മറ്റൊരാളോട് വിവരിക്കുന്നതുപോലെ എഴുതട്ടെ." (ആധാരം: വേദശബ്ദം, പോള്‍ തേലെക്കാട്ട്). ഈ മറ്റൊരാള്‍ അവനവന്റെ മന:സാന്നിധ്യം തന്നെയായിരിക്കുമെന്നതിനാല്‍, ശരിയായ ആത്മസ്ഥിതി സംരക്ഷിക്കാനും സത്യസന്ധമായി അത് കുറിച്ചിടാനും ഒരുത്സാഹം വളര്‍ന്നുവരും. നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഒരു വ്യക്തിയുമാകാം ഈ മറ്റൊരാള്‍. അപ്പോള്‍, പ്രത്യേകിച്ച്, ഡയറിക്കുറിപ്പുകള്‍ സ്നേഹത്തിനുള്ള ഒരു നൈവേദ്യമെന്നോണമായിരിക്കും രൂപമെടുക്കുക; സ്വന്തം 'ഇമെയ്ജ്' പ്രകാശിപ്പിക്കാനുള്ള ത്വരയായി മാറുകില്ലത്. അങ്ങനെ സ്വയം വായിച്ചെടുക്കുന്നതില്‍ കവിഞ്ഞ ഒരു സുകൃതം വേറെയില്ല. കാരണം, സ്വയമറിയുക എന്നതാണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്.


എഴുത്ത് എന്ന പ്രക്രിയയെ വ്യക്തിരൂപീകരണത്തിന്റെ അനിവാര്യാചാരമാക്കിയത് ഗ്രീസുകാരായിരുന്നു. "ചിന്തകള്‍ രാവും പകലും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കട്ടെ, അവയെ കുറിച്ചിടുക. വീണ്ടും വായിക്കുക, തിരുത്തുക. വിചാരവികാരമല്പ്പിടുത്തങ്ങളെ സത്യസന്ധമായി കടലാസില്‍ പകര്‍ത്തുകയെന്നാല്‍, അവയെ അക്ഷരങ്ങളിലേയ്ക്ക് തര്‍ജ്ജമ ചെയ്യുകയാണ്. തന്നിലേയ്ക്കു തന്നെ മടങ്ങാതെ, സ്വയം മുഖാമുഖമായി കാണാതെ, അത് സാധ്യമല്ല." (സെനെക്ക). "ലോകത്തിന്റെ കലപില സംസാരത്തില്‍ മുഴുകി കഴിയുന്നവര്‍ ഒരിക്കലും തന്നെത്തന്നെ കാണുന്നില്ല, കേള്‍ക്കുന്നില്ല, അറിയുന്നില്ല. എന്തെന്നാല്‍, നിശബ്ദതയും ഏകാന്തതയുമില്ലാതെ ഇതൊന്നും സാദ്ധ്യമല്ല. അതിനുവേണ്ടിയാണ് താപസര്‍ എപ്പോഴുംതന്നെ വിജനമായ ഇടങ്ങളെ തേടുന്നത്" എന്ന് ഓഷോയും നിരീക്ഷിക്കുന്നു. ഘോരവനങ്ങളിലും മരുഭൂമിയിലും പോകാതെയും നമുക്ക്, മനസ്സുവച്ചാല്‍, ഇടയ്ക്കിടയ്ക്ക് തനിയെയാകാം. മനസ്സ് ഒരു സ്ക്രീന്‍ പോലെയാണ്. റ്റി.വി.യില്‍ പടങ്ങള്‍ വന്നും പോയുമിരിക്കുന്നതുപോലെ, ഈ സ്ക്രീനിലും ഉണര്‍ന്നിരിക്കുമ്പോഴെല്ലാം പരസ്പരബന്ധമില്ലാത്തവ വന്നു നിറഞ്ഞുകൊണ്ടിരിക്കും. ഒരു പുസ്തകം വെറുതേ മറിച്ചുകൊണ്ടിരിക്കുന്നയാള്‍ അതില്‍നിന്ന് ഒന്നും ഗ്രഹിക്കാത്തതു പോലെ, മനസ്സില്‍ വന്നുവീഴുന്നവ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. ശ്രദ്ധയിലൂടെ മാത്രമാണ് നാം അര്‍ത്ഥത്തെ കണ്ടെത്തുന്നത്. "വാക്കുകള്‍ക്കപ്പുറത്തുള്ള നിശബ്ദതയില്‍ വാക്കുകള്‍ കൊണ്ട് എത്തിച്ചേരാനുള്ള ശ്രമമാണ് എഴുത്ത്" എന്ന് വാക്കുകളുടെ വിസ്മയം  എന്ന കൃതിയില്‍ എം.റ്റി. വാസുദേവന്‍ നായര്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.


വാക്കുകളെ സമ്പുഷ്ടമാക്കുന്ന നിശബ്ദതയെപ്പറ്റിയാണ് പറഞ്ഞുവന്നത്. എന്നാല്‍, വാക്കുകള്‍ എന്താണെന്നറിയാത്തവരുടെ നിശബ്ദതയുമുണ്ട്. അത് എത്ര ക്രൂരമാണെന്ന് ഒരൂഹം കിട്ടണമെങ്കില്‍ ഹെലന്‍ കെല്ലറിന്റെ ജീവചരിത്രം വായിച്ചാല്‍ മതി. നമ്മുടെ അനുഗ്രഹങ്ങളെ നാമറിയുന്നില്ലല്ലോ എന്ന വേദനയില്‍ പാതാളം വരെ നാം താണുപോകും. (സൌജന്യ e-book ആയി അത് ഈ ലിങ്കില്‍ ലഭ്യമാണ്: http://books.google.com/books?id=EY4cR7TpeIQC&source=gbs_similarbooks) കൌമാരപ്രായക്കാര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരുത്തമകൃതിയാണിത്. ഏത്‌ പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള ആത്മധൈര്യം അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഈ പുസ്തകത്തിനാകുമെന്നത് അങ്ങേയറ്റം സംശയമറ്റ കാര്യമാണ്.   


ചിന്തയും വാക്കും എന്താണെന്നറിയുന്നതിനു മുമ്പ് ഹെലന്‍ കെല്ലര്‍ ബധിരയും അന്ധയും, അതുകാരണം, മൂകയുമായിരുന്നു. എന്തെങ്കിലും അവള്‍ക്കു മനസ്സിലാക്കി കൊടുക്കാന്‍ നിയുക്തയായ ആന്‍ സള്ളിവന്‍ എന്ന ചെറുപ്പക്കാരി സ്പര്‍ശം വഴി, വളരെ നാളത്തെ ശ്രമഫലമായി, ഹെലനെ ഒരക്ഷരമാല പഠിപ്പിച്ചെടുത്തു. ഒരിക്കല്‍, കുട്ടിയുടെ കയ്യിലിരുന്ന പളുകുപാവയും doll എന്ന വാക്കും ഒരേ വസ്തുവാണെന്ന ആശയം മനസ്സിലാക്കി കൊടുക്കാന്‍ പാടുപെടുകയായിരുന്നു ആന്‍. സഹികെട്ട്, ഹെലന്‍ പാവയെറിഞ്ഞു പൊട്ടിക്കുന്നു. പിണങ്ങിയിരുന്ന അവളെ ഒന്നു നടക്കാന്‍ കൊണ്ടുപോകാന്‍ വേണ്ടി വീടിനു പുറത്തിറക്കിയപ്പോള്‍ കുട്ടിക്ക് വീണ്ടും സന്തോഷമായി. അവര്‍ ഒരു കിണറിനടുത്തെത്തുന്നു. ഇളം വെയിലാണ്. പൂക്കളുടെ വാസനയില്‍ പ്രസരിച്ച അന്തരീക്ഷത്തില്‍, ഹെലന്റെ കയ്യിലൂടെ ആന്‍ വെള്ളം ധാരയായി ഒഴുകാനനുവദിക്കുന്നു. ഹെലന്‍ അതാസ്വദിച്ചുതുടങ്ങുമ്പോള്‍, മറ്റേ കൈത്തലത്തില്‍ ആന്‍ സാവധാനം w a t e r എന്നെഴുതിക്കൊണ്ടിരുന്നു. അപ്പോള്‍, പെട്ടെന്ന് ആ അദ്ഭുതം സംഭവിച്ചു: തന്റെ കൈത്തണ്ടയെ മൃദുലമായി സ്പര്‍ശിച്ചുകൊണ്ടിരിക്കുന്ന ആ വസ്തുവിനെയാണ് ആന്‍ മറ്റേ കയ്യില്‍ എഴുതുന്ന water എന്ന വാക്ക് ദ്യോതിപ്പിക്കുന്നത് എന്ന ഉള്‍ക്കാഴ്ച ഹെലന് കിട്ടുന്നു. ഭാഷയെന്താണെന്നതിലേയ്ക്കുള്ള അവളുടെ ആദ്യത്തെ കാല്‍വയ്പ്പായിരുന്നു അത്. വിവരണാതീതമായ പരിശ്രമത്തിലൂടെയും ആന്‍ സള്ളിവന്റെ അതിരറ്റ ക്ഷമയുടെയും ഫലമായി, രണ്ട് ഇന്ദ്രിയശക്തികളും സംസാരശേഷിയും ഇല്ലാതിരുന്ന ആ കുഞ്ഞ് ആദ്യം ഇംഗ്ലീഷും പിന്നീട് ഫ്രെഞ്ച്, ലത്തീന്‍, ഗ്രീക്ക്, ജര്‍മന്‍ എന്നീ ഭാഷകളും പഠിച്ചെടുക്കുക മാത്രമല്ല, അവയിലെ ആഴമുള്ള സാഹിത്യകൃതികള്‍ പോലും ബ്രെയ്ല്‍ സിസ്റ്റം ഉപയോഗിച്ച് വായിക്കുകയും അങ്ങനെ പല സംസ്കാരങ്ങളെ മനസിലാക്കുകയും ചെയ്തു എന്നറിയുമ്പോള്‍ ആരാണ് വിസ്മയിക്കാത്തത്! എന്തു വലിയ വരദാനമാണ് എഴുത്ത് എന്നത് എത്ര പെട്ടെന്നാണ് നാം മറക്കുക. എത്ര വലിയ അലസതയാല്‍ മൂടപ്പെട്ടിരിക്കുന്നു നമ്മുടെയൊക്കെ ജീവിതങ്ങള്‍ എന്ന് നാം തിരിച്ചറിയേണ്ടതുമുണ്ട്.     


കമ്പ്യൂട്ടറിന്റെ വരവോടെ ഭാഷയും എഴുത്തും സാവധാനം മനുഷ്യകുലത്തിന്‌ നഷ്ടീഭവിച്ചുകൊണ്ടിരിക്കുകയാണോ എന്ന് ഭയപ്പെടുന്നവര്‍ കുറെയെങ്കിലുമുണ്ട്. എല്ലാം ഡിജിറ്റല്‍ ആകുകയാണ്. കൈകൊണ്ടു കടലാസില്‍ എഴുതുന്ന രീതിതന്നെ ഭാവിയില്‍ അനാവശ്യമായിത്തീരാം. കത്തെഴുത്ത് എന്ന കല പണ്ടേ നാമാവശേഷമായി എന്ന് പറയാം. കൈകൊണ്ടെഴുതാന്‍ ഒന്നുമില്ലാത്തപ്പോള്‍ കൈയക്ഷരം പാഴ്വസ്തുവായി മാറുന്നു. എന്റെ പ്രാഥമിക വിദ്യാഭ്യാസകാലത്ത് നല്ല കൈയക്ഷരം വളരെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. എന്നും ക്ലാസ്സില്‍ കൊണ്ടുവരേണ്ട കോപ്പിയെഴുത്തിന് പത്തില്‍ പത്തു മാര്‍ക്ക് ഞാന്‍ വാങ്ങിച്ചിരുന്ന കാര്യം ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്കു ശേഷം എന്നെ കാണുമ്പോള്‍ അന്നത്തെ ടീച്ചര്‍മാര്‍ വാത്സല്യപൂര്‍വ്വം ഓര്‍ത്തിരുന്നു. കീബോര്‍ഡില്‍ എഴുതുന്നതിലും എനിക്കിഷ്ടം ഇന്നും പെന്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതികളില്‍ കടലാസില്‍ എഴുതുകയാണ്. അങ്ങനെ മഷികൊണ്ട് മനോഹര രൂപങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ആനന്ദത്തിനായി മാത്രം ദിവസവും എന്തെങ്കിലും കുത്തിക്കുറിക്കുക എന്റെയൊരു ശീലമാണ്. ഇതും, എന്റെ പിതാവിനെ അനുകരിച്ച്, ഡയറി എഴുതുന്ന തഴക്കവും സ്വാഭാവികമെന്നോണം അടുത്ത തലമുറയിലേയ്ക്കും കടന്നുചെന്നിട്ടുള്ളത് അനന്യമായ ഒരനുഗ്രഹമായി ഞാന്‍ കാണുന്നു. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും നല്ല അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഇത്തരം ശീലങ്ങളുടെ വിത്തുകള്‍ പാകിയിരുന്നെങ്കില്‍!                       

നാലപ്പാട്ട് ബാലമണിയമ്മയുടെ രസകരമായ ചില നിരീക്ഷണങ്ങള്‍ ഇങ്ങനെ. ഗ്രാഫോളജിയില്‍ താല്പര്യമുണ്ടായിരുന്ന അവര്‍ ഈ സൂചനകള്‍ തരുന്നു: വടിവുറ്റ ലിപികള്‍ = ക്രമീകൃതമായ ജീവിതചര്യ. ഉരുണ്ട കൈയക്ഷരം = സന്മസ്സ്, ഋജുത്വം, പൊരുത്തപ്പെടല്‍. വേര്‍പെടുത്തി നിരത്തിയ ലിപികള്‍ = നീതിനിഷ്ഠ. ചേര്‍ത്ത് പിണച്ചുള്ള ഏഴുത്ത്  = ആര്‍ജ്ജവമില്ലായ്മ. നേരെയുള്ള എഴുത്ത് = സംതൃപ്ത മനസ്സ്, വിശ്വാസയോഗ്യത. വരികള്‍ക്ക് താഴോട്ടു ചരിവ് = അസന്തുഷ്ടി. മേലേയ്ക്കു ചായ്‌വ് =  അമിതാഗ്രഹങ്ങള്‍. ചെറിയ ലിപികള്‍ = ലജ്ജാശീലം, ചിന്താശീലം. വലിയ ലിപികള്‍ = അസ്വസ്ഥത, കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള താല്പര്യം. (അമ്മയുടെ ലോകം, മാതൃഭൂമി ബുക്സ്‌). ഇവയില്‍ ചിലതെങ്കിലും വായനക്കാര്‍ക്ക് സ്വന്തം കൈപ്പടയുമായി തട്ടിച്ചുനോക്കി വിലയിരുത്താം. അസാമാന്യ വ്യക്തിത്വങ്ങളും ആകര്‍ഷണീയമായ കൈയെഴുത്തും തമ്മില്‍ ബന്ധമില്ല എന്നവര്‍ പറയുന്നു. അത് ശരിയായിരിക്കാം. പക്ഷേ, വയിച്ചെടുക്കാനാവാത്ത എഴുത്ത് പൊതുവായ അശ്രദ്ധയുടെയും ഒരു പക്ഷേ, അവഹേളനയുടെയും നിസ്സീമമായ സ്വാര്‍ത്ഥതയുടെയും ലക്ഷണമായി കരുതാം. അതുപോലെ, താളില്‍ മര്‍ജിനില്ലാതെയും വാക്കുകള്‍ തമ്മില്‍ ഒട്ടും അകലമില്ലാതെയും എഴുതുന്നവര്‍ ജീവിതത്തില്‍ ചിട്ടയില്ലാത്തവരും പിശുക്കരും ആയിരിക്കാന്‍ സാദ്ധ്യതയുണ്ട്. 

മാനസീകാവസ്ഥ കൈയക്ഷരത്തെ താല്‍ക്കാലികമായി ബാധിക്കുമെന്നത് സ്വാനുഭവത്തില്‍നിന്നെനിക്കറിയാം. അതുപോലെ തന്നെ, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍,ഡെസ്കിന്റെ അല്ലെങ്കില്‍ എഴുത്തുമേശയുടെ ഉയരം, ഇരിക്കുന്ന രീതി എന്നിവയും ബാധകമാകാം.


ബാലാമണിയമ്മ സ്വന്തമനുഭവത്തില്‍ നിന്നെഴുതിയതാവണം, "തുടര്‍ച്ചയായി എഴുതി ലിപികളെ വടിവുറ്റവയാക്കുന്നയാള്‍ സ്വന്തം ജീവിതത്തെയും അത്രതന്നെ ക്രമീകൃതമാക്കാനാണ് സാദ്ധ്യത." മനസ്സില്‍ പതിയുന്ന നല്ല ചിന്തകളെ സമയമെടുത്തു മനനം ചെയ്തു ചെത്തിമിനുക്കി, അവകൊണ്ടൊരു മാല കോര്‍ത്തെടുക്കുക അവരുടെ ശീലമായിരുന്നിരിക്കണം. അവരുടെ കവിതകളും ലേഖനങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. ആ കൈയെഴുത്തു കടലാസില്‍ ചിലതൊന്നു കാണാന്‍ കിട്ടിയിരുന്നെങ്കില്‍!   

പരിധിക്കു പുറത്ത്!

ഇന്ത്യയില്‍ പൊതുവെയും, കേരളത്തില്‍ പ്രത്യേകിച്ചും മൊബൈല്‍ ഫോണിന്റെയുപയോഗം നാള്‍ക്കുനാള്‍ ഏറിവരുമ്പോള്‍, ലോകത്തിലെ ഏറ്റവും സമ്പന്നമെന്നു പറയാവുന്ന സ്വിറ്റ്സര്‍ലന്റില്‍ ഓരോരോ ഗ്രാമങ്ങള്‍ മൊബൈല്‍ കമ്പനികളെക്കൊണ്ട്‌ അവരുടെ റ്റവറുകള്‍ അഴിച്ചു മാറ്റിക്കുകയാണ്! വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും, സംഗതി സത്യമാണ്. ബാസല്‍ലാന്റ് കന്റോണിലുള്ള ഹേഫല്‍ഫിങ്ങന്‍ (Haefelfingen) ആണ് ഇങ്ങനെയൊരു നീക്കത്തിന് ആദ്യം മാതൃകയായത്. അതും, ഏഴു വര്‍ഷം മുമ്പെടുത്ത ഒരു തീരുമാനം.


1993 മുതല്‍ സ്വിറ്റ്സര്‍ലന്റില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം പ്രചരിക്കാന്‍ തുടങ്ങി. നാടിന്റെ 99% ഇന്ന് മൊബൈല്‍ പരിധിക്കുള്ളിലാണ്. കൃഷിക്കാരായ ഒന്നുരണ്ടു വനിതകളാണ്, മൊബൈലിന്റെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണ്, തങ്ങള്‍ക്കു ലാന്റുഫോണ്‍ ധാരാളം മതി, എന്നൊക്കെ ചിന്തിച്ചു തുടങ്ങിയതും, ഗ്രാമത്തിലെ ഭൂരിഭാഗം നിവാസികളെക്കൊണ്ടും അങ്ങനെ ചിന്തിപ്പിക്കാന്‍ കാരണക്കാരാകുകയും ചെയ്തത്. ഗ്രാമവാസികളുടെ നിര്‍ബന്ധത്തിനു വഴങ്ങാതിരിക്കാന്‍ കഴിവത് നോക്കിയെങ്കിലും, അവസാനം, അന്റെന സ്ഥാപിച്ചവര്‍ അതഴിച്ചെടുത്ത് പോകേണ്ടിവന്നു. അടുത്തയൂഴം യൂറാ കന്റോണിലെ സുബേയ് (Soubey) എന്ന ഗ്രാമത്തിനാണ്. കൂടുതല്‍ ഗ്രാമങ്ങള്‍ ഈ വഴി പിന്തുടരാന്‍ തയ്യാറെടുക്കുന്നുമുണ്ട്. ഇങ്ങനെ 'പരിധിക്കു പുറത്താകുന്ന' സ്ഥലങ്ങളിലേയ്ക്ക് താമസം മാറ്റാന്‍ ആഗ്രഹിക്കുന്നവരും വളരെയാണ്.


മൊബൈല്‍ അന്റെനകള്‍ പുറത്തുവിടുന്ന  റേഡിയോപ്രസരം ജന്തു- സസ്യജാലങ്ങള്‍ക്ക് താല്ക്കാലികമായും ജനിതകമായും വളരെ ഉപദ്രവകരമാണെന്ന് വിശ്വസിക്കുന്നവര്‍ ഏറിവരുന്നു. പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും ദിശാബോധനഷ്ടവും മനുഷ്യരില്‍ തലവേദന, വൈകാരികമായ മാറ്റങ്ങള്‍ എന്നിവയും ഇപ്പോള്‍ത്തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ടെലിഫോണ്‍ സിഗ്നലുകളുടെ അതിപ്രസരണം സസ്യങ്ങളുടെ ഫലപുഷ്ടിയെയും ജീവികളുടെ ആന്തരികാവയവങ്ങളെയും വിപരീതമായി ബാധിക്കുന്നില്ലേ എന്ന സംശയം കൂടിക്കൊണ്ടിരിക്കുന്നു. പല പരീക്ഷണങ്ങളും നല്‍കുന്ന കൃത്യമായ അറിവുകള്‍ മൊബൈലിന്റെ ഉപയോഗത്തിന് എതിരാണെങ്കില്‍തന്നെ അവയൊക്കെ സാധാരണക്കാരില്‍ എത്താതിരിക്കാനുള്ള പോംവഴികള്‍ ലാഭക്കൊതി പെരുത്ത മൊബൈല്‍ കമ്പനികള്‍ തേടുന്നുണ്ടാവണം.


മൊബൈലില്‍ നിന്ന് മോബൈലിലേയ്ക്കുള്ള വിളി കൂടുതല്‍ ലാഭകരമാക്കിയും ലാന്റുഫോണുകള്‍ കാര്യക്ഷമമല്ലാതാക്കിയും നമ്മള്‍ ഇന്ത്യാക്കാര്‍ ഇനിയൊരു തിരിച്ചുപോക്ക് അസ്സാധ്യമാക്കുകയാണ്. അജ്ഞാതമായ പലയസുഖങ്ങളും ഇന്ന് ചെറുപ്പക്കാരെ അപ്രതീക്ഷിതമായി അടിപ്പെടുത്തുന്നത് നാം ശ്രദ്ധിക്കുന്നു. ഇവയില്‍ ചിലതിനെങ്കിലും പിന്നില്‍ നമ്മുടെ നിതാന്തസഹചാരിയായ മൊബൈല്‍ ആയിരുന്നു എന്നൊരിക്കല്‍ കണ്ടെത്തുമ്പോള്‍, വളരെ വൈകിപ്പോയിരിക്കും. പുകവലിയുടെ കാര്യത്തിലെന്നപോലെ, ഇവിടെയും വെറും സാമീപ്യം മതി, അപകടം ദൂരെവ്യാപിയാകാന്‍. താല്‍കാലിക സൌകര്യങ്ങള്‍ അനാശാസ്യ ഭവിഷ്യത്തുകളെ മറക്കാന്‍ അല്ലെങ്കില്‍ അവഗണിക്കാന്‍ ഇടവരുത്തുകയെന്നാല്‍, അത് പക്വതയില്ലായ്മ തന്നെയാണ്. അല്ലെങ്കില്‍ത്തന്നെ എവിടെയാണ് നാം പക്വതയാര്‍ജ്ജിച്ചിട്ടുള്ളത്? പലര്‍ക്കും ഇപ്പോഴും മാന്യനായ നമ്മുടെ പ്രധാനമന്ത്രി പോലും എല്ലാ ജനാധിപത്യമര്യാദകളെയും ലംഘിച്ചുകൊണ്ടല്ലേ, വെള്ളക്കാര്‍ ഭയന്നുതുടങ്ങിയിട്ടുള്ള ആണവനിലയങ്ങള്‍ ഇന്ത്യക്ക്‌ അനിവാര്യമാണെന്ന ഭാവത്തില്‍ അമേരിക്കയുമായി ആണവോര്‍ജ്ജ ഉടമ്പടിയില്‍ ഒപ്പ് വച്ചത്! പ്രതിദിനം ആയിരക്കണക്കിനാണ് കേരളത്തില്‍ കൂടുതല്‍ വണ്ടികള്‍ നിരത്തിലിറക്കുന്നത്. റോഡിന്റെ മേന്മ്മയോ വീതിയോ ഒരു തരി പോലും കൂടുന്നില്ലെന്നു മാത്രമല്ല, പലേടത്തും കുഴികളുടെ ആഴംകൊണ്ട് റോഡും തോടും തമ്മില്‍ തിരിച്ചറിയാനാവാത്ത സ്ഥിതിയായി. സമ്പൂര്‍ണ്ണ വൈദ്യതീകരണം എന്ന മോടിവാക്കുമായി കേരളം ഇഴയാന്‍ തുടങ്ങിയിട്ട് പല ദശാബ്ദങ്ങളായി. മണിക്കൂറില്‍ കുറഞ്ഞത്‌ അഞ്ചുതവണ മുറിയാതെ വൈദ്യുതി കിട്ടുന്ന ഒറ്റ ഗ്രാമം ഈ നാട്ടിലുണ്ടോ? ഇതിനൊക്കെയുത്തരവാദികളായവര്‍ എല്ലാ മാന്യതയുടെയും പരിധിക്കു പുറത്താണ് കഴിയുന്നത്‌. ഏത്‌ മേഖലയിലും സ്ഥിതിഗതികള്‍ ഇതേപോലെ തന്നെ! ജീവന്റെ തന്നെ പരിധിക്കു പുറത്തേയ്ക്കാണ് ഈ പോക്ക് എന്ന് നാം അറിഞ്ഞിരിക്കുകയെങ്കിലുമാകട്ടെ!

അന്തര്‍ജ്യോതി, ബഹിര്‍ജ്യോതി

(ഉള്ളില്‍ വെളിച്ചമായാല്‍ പുറത്തും വെളിച്ചമാണ്.)

ഒരെളിയ മെഴുകുതിരിയുടെ കൊച്ചുവെട്ടത്തിരുന്നാണ് ഇതെഴുതുന്നത്. ഇന്ന് ഒട്ടും കറന്റില്ല. സാധാരണ വൈകീട്ട് ഏഴു   മണിതൊട്ട് അരമണിക്കൂര്‍ നേരത്തേയ്ക്ക് ഇരുട്ടാക്കാന്‍ ഇലെക്ട്രിസിറ്റി ബോര്‍ഡ്‌ കനിയാറുണ്ട്. ആത്മീയതക്കു വിലകല്പിക്കുന്ന ഒരു നാട്ടില്‍ മാത്രമേ ഇത്തരമാത്മാഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ. പവര്‍കട്ട് ശാപമായി കാണുന്നവര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ, 24 മണിക്കൂര്‍ നേരവും മനുഷ്യനെന്തിനാണ് പ്രകാശമെന്ന്? ഈ അരമണിക്കൂര്‍ നേരത്തെ ഇരുട്ടുകൊണ്ടെന്തെല്ലാം നേടാം. അല്പം കുടുംബ-  അല്ലെങ്കില്‍ മൌനപ്രാര്‍ത്ഥനക്ക്‌ ഏറ്റം പറ്റിയ അന്തരീക്ഷം. ഇന്‍വേര്‍ട്ടെര്‍ എന്ന കുന്ത്രാന്ടമില്ലെങ്കില്‍ റ്റി.വി. എന്ന മന-  ശബ്ദമലിനീകരണപ്പിശാചുള്ള വീടുകളില്‍ അത്രയും നേരം അത് മിണ്ടാതിരിന്നുകൊള്ളും. ഈ നേരമത്രയും ഒന്നു നടക്കാനിറങ്ങാന്‍ തോന്നുന്നവരുടെ തടിക്കും ഗുണമേ ഉണ്ടാകൂ. വൈദ്യുതിയില്ലാതെ ചെയ്യാവുന്നതെന്തെല്ലാം ഇനിയും കിടക്കുന്നു.

ഇങ്ങനെ മുന്‍കൂര്‍ നിശ്ചയിച്ച ഈ അര മണിക്കൂറിലോ, അതല്ലെങ്കില്‍ ഇടക്കിടക്ക് പൊതുജനറേറ്റര്‍ ഇട്ടു കളിക്കുന്ന സര്‍ക്കാര്‍കൂലിക്കാര്‍ എന്ന കഞ്ഞികള്‍ക്ക് തോന്നുമ്പോഴോ വീട്ടിലും ചുറ്റുവട്ടത്തും ഇരുട്ടായാല്‍ ഞാനനങ്ങില്ല. വെറുതേയിരിക്കും. ഇരുട്ടത്ത്‌ വെറുതേയിരിക്കുമ്പോള്‍ ഉള്ളിലെങ്ങാനും ഒരു നാളം ജ്വലിക്കുന്നുന്ടോ എന്നു നോക്കിപ്പോകും. ഉള്ളിലെ നാളമില്ലാതെ പുറത്ത് എത്ര വെളിച്ചമുന്ടായാലും എന്താണ് നമുക്ക് കാണാന്‍ കഴിയുക എന്ന് ചിന്തിച്ചു തുടങ്ങാനും അത് മതി!

ഉള്ളിലേക്കു നോക്കുന്നവനെ അന്തര്‍മുഖനെന്നു വിളിക്കും. അല്ലെങ്കില്‍ സ്വപ്നജീവിയെന്ന്. മറിച്ച്, ചുറ്റും സംഭവിക്കുന്നതൊക്കെ കണ്ടറിഞ്ഞും വിശകലനം ചെയ്തും നടക്കുന്നവനെ ജാഗരൂകനെന്നും. പക്ഷേ, ശരി നേരേ തിരിച്ചല്ലേ? വെളിയിലേക്ക് നോക്കിയിരിക്കുന്നവന്‍ സ്വപ്നമാണ്, മായയാണ് കാണുന്നത്. സത്യത്തില്‍, ഉള്ളിലേതു കാണുന്നവനാണ് ഉണര്‍ന്നിരിക്കുന്നവന്‍.

മായമില്ലാത്തയൊന്നും കിട്ടാനില്ലാത്ത ഈ നാട്ടില്‍ "എല്ലാം മായ" എന്ന കണ്ടുപിടിത്തം ഒന്നാന്തരമാണ്. കോഴി കൂകുംമുതല്‍ നരി കൂകുംവരെ ഇവിടെ മനുഷ്യര്‍ അന്യോന്ന്യം ചെയ്തുപോരുന്നത് ഇരട്ടത്താപ്പാണ്. എത്ര ലളിതമായ സംഗതി എവിടെയെങ്കിലും സാധിച്ചെടുക്കണമെങ്കിലും ക്ഷമയുടെ നെല്ലിപ്പലകവരെ താഴാന്‍ കഴിയണം. പെരുവഴിയിലും പൊതുസ്ഥലങ്ങളിലുമെങ്കിലും അന്യര്‍ക്കും തന്നെപ്പോലെ അവകാശങ്ങളുണ്ടെന്നുള്ള കാര്യംപോലും മലയാളി മറന്നു തുടങ്ങിയിരിക്കുന്നു. സത്യം പറഞ്ഞാല്‍, മറന്നതല്ല, അങ്ങനെയൊന്ന് നമുക്ക് പരിചിതമേയല്ല.

എനിക്കേറ്റവും അടുത്തുള്ള 'പട്ടണ'മായ ഈരാറ്റുപേട്ടയില്‍ വണ്ടിയുമായി പോയാല്‍ എന്തെങ്കിലും പുതുവെളിച്ചം കാണാതെ തിരിച്ചുപോരേണ്ടി വരില്ല. ഒരിക്കല്‍ കവലക്കടുത്തുള്ള ഒരു പാര്‍ക്കിംഗ് ഏരിയയിലേയ്ക്ക് തിരിയുകയായിരുന്നു. പുറകേ തൊട്ടുതൊട്ടു വണ്ടികളുണ്ട്. കഷ്ടിച്ചൊരു വണ്ടിക്കുള്ള വീതിയേയുള്ളൂ. പെട്ടെന്ന്, മുമ്പേപോയ ഓട്ടോക്കാരന്‍ വണ്ടി നിറുത്തിയിട്ട് അടുത്ത കടയിലേക്ക് കയറിപ്പോയി, ഒരു കൂസലുമില്ലാതെ. കുറേ കഴിഞ്ഞിട്ടും ഇഷ്ടനെ കാണാഞ്ഞ് പുറകിലെ ഒരു ഡ്രൈവര്‍ ഇറങ്ങിച്ചെന്ന് വിളിച്ചിറക്കേണ്ടിവന്നു. അതിരുവിട്ടൊന്നും ചെയ്യാത്തമട്ടില്‍ ഓട്ടോക്കാരന്‍ അവന്‍റെ ലിമൊസിനുമെടുത്തങ്ങുപോയി! പുറകില്‍ കെട്ടിക്കിടന്നവരും എതോ അനുഗ്രഹം കൈവന്നതുപോലെ അവന്റെ പിറകെ നിരങ്ങി നിരങ്ങിയങ്ങ് പോയി. ഇങ്ങനെയല്യോ നമ്മുടെ ജീവിതം എന്നും.


എന്തായാലും, മായ, മനുഷ്യനെ മയക്കുന്ന കറുപ്പുപോലെയാണ്. ഇന്നില്ലാത്ത പൊക്കം പണ്ടുണ്ടായിരുന്നു എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന പുരാതന കത്തോലിക്കാ കുടുംബക്കാരുടെയും (വാലിനു നീളം പോരെന്നു തോന്നുമ്പോള്‍ റോമന്‍ എന്നോ സിറിയന്‍ എന്നോ കൂട്ടിക്കെട്ടുന്നവര്‍) മറ്റൊന്നുമാഘോഷിക്കാനില്ലാത്തതിനാല്‍ ദാമ്പത്യത്തിന്റെ അമ്പതും അറുപതും ആണ്ടുകള്‍ കൊണ്ടാടാന്‍ പത്രങ്ങളിലും കുറികളിലും പടമടിപ്പിച്ചും, ഉള്ള വിദേശബന്ധങ്ങളെല്ലാം എഴുതി പരസ്യപ്പെടുത്തിയും ഞെളിയുന്നവരെക്കൊണ്ട് കേരളം നിറഞ്ഞിരിക്കുന്നു. ദീപികയുടെ രാജുനായര്‍ പറഞ്ഞതുപോലെ മരണവാര്‍ത്തയില്‍ വിദേശബന്ധങ്ങളെല്ലാം അരിച്ചുപെറുക്കി എഴുതുന്നത് മരിച്ചയാള്‍ അങ്ങനെയെങ്കിലും അല്പം ഗമയോടെ കിടക്കട്ടെ എന്നുവച്ചാണ്. എന്നാല്‍, ലോകത്തില്‍ ഒരു ചരിത്രവുമവകാശപ്പെടാനില്ലാതെ, എതിരേ വരുന്നവരുടെ നേരേ നോക്കാന്‍പോലും തങ്ങള്‍ക്കെന്തിരിക്കുന്നു എന്നയെളിമയോടെ, കീഴോട്ടു കണ്ണുനട്ടു നടക്കുന്ന നിഷ്കളങ്കരെയും എന്നുമിവിടെ, ഈ ഗ്രാമപ്രദേശത്ത്, കണ്ടുമുട്ടുന്നു. പുരാതന തറവാടിത്തവും വിദേശത്തുനിന്ന് മക്കളെത്തിച്ചു കൊടുക്കുന്ന രാസക്കൂട്ടുകളുടെ നാറ്റവും പേറി നടക്കുന്നവരുടെ വീടുകളെക്കാള്‍ എത്രയോ വൃത്തിയായി കാണപ്പെടുന്നു ഇക്കൂട്ടരുടെ കൂരകള്‍.


 റോഡിലിറങ്ങിയാല്‍, മുകളില്‍ പറഞ്ഞതുപോലെ പൊതുവഴിയുടെ മാന്യമായ ഉപയോഗമോ ഡ്രൈവിംഗിന്റെ abcd യോ അറിയില്ലാത്ത പുതുപ്പണക്കാരുടെ വങ്കത്തരങ്ങള്‍ ഓരോന്നോരോന്ന് പലവട്ടം അനുഭവിക്കുമ്പോള്‍ ആരും ക്ഷമ പഠിക്കും. ക്ഷോഭിച്ചിട്ടെന്തു നേട്ടം? സ്വന്തം സ്വസ്ഥത നഷ്ടപ്പെടും, അത്ര തന്നെ. ഇതിനേയും ഭാവാത്മകമായി നേരിടാം. എന്തുകൊണ്ടാണ് ക്ഷോഭിക്കുന്നത് എന്ന് തനിയെ കണ്ടെത്തണം. സ്വയം അളവുകോലാക്കി സംഭവങ്ങളെ അളക്കുന്നതാണ് പിശക്. അതാണ്‌ ഉള്ളില്‍ വൈരുദ്ധ്യത്തെ സൃഷ്ടിക്കുന്നത്. എന്‍റെ പ്രതികരണത്തെ നിയന്ത്രിക്കുന്നത് ഞാനായിരിക്കണം, വിവരക്കേട് കാട്ടുന്ന ഓട്ടോക്കാരനോ പുറകില്‍ അക്ഷമരായിനിന്ന് ഹോണടിക്കുന്നവരോ തെറിവിളിക്കുന്നവരോ ആകരുത്. അല്ലെങ്കില്‍ ഞാനാണ് തോല്‍ക്കുന്നത്. എനിക്കു നല്ലത് ക്രോധമോ ക്ഷമയോ എന്നു ശ്ചയിക്കാന്‍ എന്‍റെ മനസ്സിനു കഴിഞ്ഞാല്‍ എന്‍റെയുള്ളില്‍ പ്രകാശമായി. അപ്പോള്‍ എന്‍റെ മുമ്പിലും ചുറ്റും വെളിച്ചമാണ്, ഇരുട്ടല്ല പരക്കുക. ചുരുക്കത്തില്‍, സ്ഥലകാലസംഭവങ്ങളിലെ പൊരുത്തക്കേടുകളെ സമന്വയിപ്പിക്കാന്‍ എന്‍റെ ബോധത്തിലെ തിരിനാളത്തിനാകണം. ദ്രവ്യവും ചൈതന്യവും (ഊര്‍ജ്ജവും) ഒന്നാണെന്ന് അങ്ങനെയാണ് എനിക്ക് സ്ഥിരീകരിക്കാനാകുക. വെറും ഐന്ദ്രികാനുഭവങ്ങളില്‍ ആണ്ടുപോകുകയെന്നാല്‍ ശിഥിലീകരിക്കപ്പെട്ടുപോകുക എന്നാണ്. ഉള്ളിലെ ബോധമാണ് സമഗ്രതയിലേക്ക് നയിക്കുന്ന പ്രകാശം. പലപ്പോഴും യുക്തിയെന്ന ഉപകരണം ഒളിച്ചുവയ്ക്കണം. അപ്പോള്‍ കാണാം എല്ലാറ്റിനുമപ്പുറത്ത് ഒരൈക്യഭാവം തെളിഞ്ഞുവരുന്നത്. ഈയറിവ് ഒരു ദൂരെക്കാഴ്ച പോലെയാണ്. 

ഏകത്വദര്‍ശനം ഒരു ഫോക്കസ്സിംഗ് ആണ്. ഇന്ദ്രിയങ്ങളുടെ കാര്യശേഷിയില്‍ വിശ്വസിക്കരുത്, അത് പരിമിതമായതിനാല്‍ അവയുടെ മാത്രം വെളിച്ചത്തില്‍ ബുദ്ധിയെത്ര വിശ്വസ്തമായി പ്രവര്‍ത്തിച്ചാലും ഫലമില്ലായെന്ന ശ്രേഷ്ഠജ്ഞാനം കൊണ്ടുവരുന്ന ഫോക്കസിംഗ്. അത് ഐന്ദ്രികമായതിനെല്ലാമപ്പുറത്ത് ആത്മാവിലാണെന്നോര്‍ക്കണം. അഹം ഷോര്‍ട്സൈറ്റ്ട് ആണ്. ഫോകസ്സിംഗ് ആത്മാവിനേ കഴിയൂ. 

തിരക്ക് ശരീരത്തിന്റെയാണ്. അത്മാവിവിന്റേത് സമയബഹളങ്ങള്‍ക്ക് അപ്പുറത്തെ ശാന്തിയാണ്. തുടര്‍നുണകളുടെയും മനസ്സിനെ മടുപ്പിക്കുന്ന പൊങ്ങച്ചങ്ങളുടെയും പെരുവഴിയിലൂടെ തന്നെ ഉന്തിക്കൊണ്ടു പോകുന്ന അഹത്തെ തിരിച്ചറിയുന്നതാണ് പക്വത. ചുറ്റുപാടുകള്‍ക്കതീതനായി അവനവനായിരിക്കാനുള്ള തന്റേടം എപ്പോഴുമൊരു പുതിയ തുടക്കമാണ്. അത് വൃദ്ധിയുടെ ലക്ഷണമാണ്. ഉള്‍വെളിച്ചത്തിന്റെ ചൂടേറ്റ് മൂത്തുപഴുക്കുക തന്നെയാണത്. 


എന്നാല്‍ എത്ര പേര്‍ക്ക് ഇതിനു കഴിയുമെന്നത് ഒരു ചോദ്യചിഹ്നമായി എഴുന്നുനില്‍ക്കുന്നു. എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് ഒരേട്‌ ഇവിടെ എഴുതി ചേര്‍ക്കട്ടെ. അതിങ്ങനെ. ഞാനും കൂടി ഉത്തരവാദിത്തമെടുത്ത്‌ ഒരുക്കങ്ങള്‍ നടത്തേണ്ട ഒരു കല്യാണത്തിന്റെ കാര്യം വന്നപ്പോള്‍, ബന്ധപ്പെട്ടവരോട് എന്റെ മനസ്സിലെ ആശയം പ്രകടിപ്പിച്ചു നോക്കി. ഒരു വിവാഹം എങ്ങനെ ലളിതമായും അതേ സമയം ഭംഗിയായും നടത്താമെന്ന് പണ്ടൊരിക്കല്‍ ഒരു ചറിയ ലേഖനം ഞാനെഴുതിയിരുന്നു. അത് ഞാനവര്‍ക്ക് വായിക്കാന്‍ കൊടുത്തു. (ആ 'അഭിമുഖം' വായിക്കാനാഗ്രിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക.: http://znperingulam.blogspot.com/2010/04/blog-post_25.html) എന്തുകൊണ്ട് അതില്‍ പറഞ്ഞിരിക്കുന്നത് നമുക്ക് പ്രാവര്‍ത്തികമാക്കിക്കൂടാ? പ്രസംഗിച്ചാല്‍ മാത്രം പോരല്ലോ, പ്രവര്‍ത്തിക്കുകയും വേണമല്ലോ. ഞാനൊരു ചെറിയ പയറ്റിനൊരുങ്ങി. ഒരു വലിയ എതിര്‍പ്പാണ് എനിക്കെതിരേ ആഞ്ഞടിച്ചത്. മകനും പെണ്ണിന്റെ കൂട്ടരും സ്വന്തം കുടുംബിനി പോലും എനിക്കെതിരെ അണിനിരന്നു. 'ഇത്രയും പഞ്ഞത്തരം കാണിക്കണോ? ഇത് ഒരിക്കല്‍ മാത്രം കിട്ടുന്ന ഒരവസരമല്ലേ? അത്രയും കുറച്ചില് സഹിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. അങ്ങനെയൊന്ന് ആലോചിക്കുകപോലും വേണ്ടാ. ആഘോഷം പൊടിപൂരമാക്കണം, ഇങ്ങേര്‍ക്ക് പറ്റില്ലെങ്കില്‍, ഞങ്ങള്‍ നോക്കിക്കൊള്ളാം.' എല്ലാ ആദര്‍ശങ്ങളും ബലികഴിച്ച്, എനിക്ക്, അവരുമായി സഹകരിക്കേണ്ടി വരുന്ന ചുറ്റുപാടില്‍ അവരെല്ലാം കൂടി എന്നെ കൊണ്ടെത്തിച്ചു എന്ന് ചുരുക്കം. എല്ലാം കഴിയുമ്പോള്‍, ഒരു വെടിക്കെട്ട്‌ കൂടി നടത്തിയേക്കാം എന്നുവരെ ഞാന്‍ പറഞ്ഞുപോയി. എന്തു പറയാന്‍, പാകവും പക്വവുമാകുന്നതിനു പകരം ഞാന്‍ ഉണങ്ങി വരണ്ടുപോയി. ഇത്തരം "സജ്ജന"സമ്പര്‍ക്കത്തിലൂടെ ഞാന്‍ എന്നെത്തന്നെ തരം താഴ്ത്തിയതായിട്ടാണ് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത്. 'ബഹിര്‍ തമസോ, അന്തരൈവ ജ്യോതി' എന്ന് പറയാനുള്ള ചങ്കൂറ്റം എനിക്കുണ്ടോ, എന്നെങ്കിലുമുണ്ടാവുമോ?   

കറുനീല കാക്കപ്പൂവ്




വാത്സല്യലാളനകളാലെന്‍റെ
കണ്ണീര്ക്കണങ്ങളെ തടഞ്ഞുനിര്‍ത്തി 
ശൈശവത്തില്‍, എന്റെയമ്മ. 

ചിരിയുടെയോളങ്ങളെ
ചിറകെട്ടിനിര്‍ത്തി 
കൌമാരത്തില്‍
അച്ഛന്റെ മുഖഗൌരവം.

വികാരങ്ങളുടെ ചുണ്ടുകളെയും
ആത്മാവിന്റെ ചിറകുകളെയും 
വരിഞ്ഞിറുക്കിക്കെട്ടി
യൌവനത്തില്‍, പുരോഹിതര്‍. 

എന്നാല്‍
കണ്ണീരിന്റെ മാധുര്യവും
ചിരിയുടെ വശ്യതയും
വിടരുന്ന ചുണ്ടുകളുടെയഴകും
എന്നെ പഠിപ്പിച്ചു 
വേനല്‍മഴ നനഞ്ഞുനിന്നയൊരു 
കറുനീല കാക്കപ്പൂവ്!

ക്ഷണനേരമൊരു
സൌന്ദര്യമൊട്ടായി നിന്നിട്ടു
കൊഴിഞ്ഞുവീഴും മുമ്പേ 
കൈമോശം വന്നുപോയ
എന്റെ ശൈശവ, കൌമാര, 
യൌവനങ്ങളെല്ലാം
അവളെനിക്കു തിരികെത്തന്നു.