Showing posts with label Report. Show all posts
Showing posts with label Report. Show all posts

ഗീവർഗീസ് മാര് കുറിലോസ് മാതൃകയാവുന്നു.


ഗീവർഗീസ് മാര് കുറിലോസ് മാതൃകയാവുന്നു.  ഫ്രാൻസിസ് പപ്പായ്ക്ക് പിന്നാലെ - സ്വർണ്ണവും വെള്ളിയും മാറ്റി, യാക്കോബായ പള്ളികളിൽ തടികൊണ്ടുള്ള വസ്തുക്കൾ മതിയാക്കണം എന്ന് ഇടയലേഖനത്തിൽ. തുടർന്ന് വായിക്കുക:

പള്ളികളില്‍ പൊന്‍കുരിശും സ്വര്‍ണക്കൊടിമരവും നിരോധിച്ചേക്കും; യാക്കോബായ സഭയുടെ ഇടയലേഖനം മദ്യപാനികള്‍ക്കും എതിര്‌

തിരുവല്ലñ: പള്ളികളില്‍ð നിന്നു പൊന്‍വെള്ളിക്കുരിശുകളും സ്വര്‍ണക്കൊടിമരവും ഒഴിവാക്കണമെന്നും ലാളിത്യത്തിന്റെ പ്രതീകമായ തടിക്കുരിശ് ഉപയോഗിക്കണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ ഇടയലേഖനം.


ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ കൂറിലോസ് തയാറാക്കിയ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചു. ക്രൈസ്തവര്‍ക്കിടയിലെ ആര്‍ഭാടവും ആഡംബരവും മദ്യപാനശീലവും നിശിതമായി വിമര്‍ശിക്കുന്നതാണ് ലേഖനം.

ആര്‍ഭാടസംസ്‌കാരം ചെറുക്കാന്‍ പള്ളികളില്‍ð അനാവശ്യവും ധൂര്‍ത്ത് നിറഞ്ഞതുമായ കരിമരുന്നു് പ്രയോഗങ്ങള്‍, ദീപാലങ്കാരങ്ങള്‍ എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. സ്വര്‍ണക്കൊടിമരങ്ങള്‍ കര്‍ശനമായും നിരോധിക്കണം. പൊന്‍, വെള്ളിക്കുരിശുകള്‍ നിര്‍ത്തലാക്കി സുവിശേഷീകരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ലേഖനത്തില്‍ð പറയുന്നു.

ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ദീര്‍ഘമായ റാസകള്‍ ഒഴിവാക്കണം. പുതിയ ദേവാലയങ്ങള്‍ പണിയുമ്പോള്‍ ഇടവകാംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള വലുപ്പം മതി. കുരിശടികളുടെ നിര്‍മാണത്തില്‍ ലാളിത്യം പാലിക്കണം. മദ്യപിക്കുന്നവര്‍ ഇനിമുതല്‍ ഇടവക ഭരണസമിതിയംഗങ്ങളായോ താക്കോല്‍ സ്ഥാനികളായോ തെരഞ്ഞെടുക്കപ്പെടാന്‍ അയോഗ്യരായിരിക്കും. ഇതിനു വിരുദ്ധമായി ആരെങ്കിലും അത്തരം സ്ഥാനങ്ങളിലേക്ക് വന്നാല്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ഇടയലേഖനത്തില്‍ മെത്രാപ്പോലീത്ത തുടര്‍ന്നു പറയുന്നു.


http://www.marunadanmalayali.com/index.php?page=newsDetail&id=13647

പൂഞ്ഞാറ്റിലെ പ്ലാക്കൂട്ടം

പൂഞ്ഞാറ്റിലെ പ്ലാക്കൂട്ടം


ക. സഭയിൽ നേതൃത്വം വഹിക്കുന്നവരുടെ പ്രായപ്രശ്നം കാലികപ്രസക്തിയുള്ള ഒരു വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല.  അതിലും പരിഗണനാർഹമാണ് ക. സഭയെപ്പറ്റിയുള്ള ജോർജിന്റെ 'ഇതോ മതം' എന്ന ചോദ്യം. വിവിധ വശങ്ങളെപ്പറ്റി പര്യാലോചിക്കാൻ തക്കതായ ഇത്തരം ഒരു വിഷയമിരിക്കേ, മറ്റൊരാൾ മറ്റൊരു വിഷയമെടുത്ത് വിശകലനം നടത്തിയെന്നു വച്ച് അതെപ്പറ്റി നിർബന്ധമായും ഒരു പരാമർശമോ കുറിപ്പോ എഴുതിയിരിക്കണം എന്ന നിർബന്ധബുദ്ധി അനാവശ്യമാണ്. തലയിൽ ആശയങ്ങൾ നിറഞ്ഞു നിൽക്കുന്നവർ അത് പങ്കുവയ്ക്കുന്നത് നല്ലതാണ്, സംശയമില്ല. എന്നിരിക്കിലും, അത്, പ്രാധാന്യമുള്ളതിനു കൊടുക്കേണ്ട പരിഗണനക്ക് കുറവ് വരുന്ന വിധത്തിലാകരുത്‌ എന്നാണ് ഞാനുദ്ദേശിക്കുന്നത്. ഇതോ മതം? എന്ന് ക. സഭയെ മുൻനിറുത്തി ചോദിച്ചാൽ, പരമ്പരാഗതാർത്ഥത്തിൽ, ഇത് മതമല്ല, മറിച്ച്, മതനിരാസ്സമാണ് എന്നയുത്തരം പൊതുസമ്മതി നേടാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ പിന്നെ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഉറക്കെ ചിന്തിക്കേണ്ടിവരും.
അതത്ര രുചിക്കുന്ന വിഷയമല്ലെന്നുണ്ടെങ്കിൽ, ഇതാ എല്ലാ അര്ത്ഥത്തിലും രുചികളുടെ കലാശമാകാൻ പോരുന്ന മറ്റൊരു വിഭവം. 

ഇന്നലെ മുഴുവനെന്നോണം ചക്കയെപ്പറ്റിയായിരുന്നു ഞങ്ങൾ പത്തുമുപ്പതു പേർ ചിന്തിച്ചത്. അതേ, നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ആര്ക്കും വേണ്ടാതെ പഴുത്ത് പൊഴിഞ്ഞുപോകുന്ന ചക്കയെക്കുറിച്ചുതന്നെ. പൂഞ്ഞാറ്റിലുള്ള ഭൂമികയുടെ ആസ്ഥാനത്ത് Grama യെന്ന സംഘടനയാണ് ഈ പരിപാടിയൊരുക്കിയത്. കേരളത്തിൽ സമൃദ്ധമായി കിട്ടുന്ന ചക്കയെന്ന ഫലംകൊണ്ട് രുചികരവും ആരോഗ്യകരവുമായ എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാം, അവയിലൂടെ മറ്റു ജോലികൾക്കിടയിലും ആദായകരമായ ഒരു പദ്ധതി എങ്ങനെ ആര്ജിച്ചെടുക്കാം എന്ന് പ്രാവർത്തികമായി മനസ്സിലാക്കാനുള്ള ഒരവസരമായിരുന്നു ഭൂമിക ഒരുക്കിയത്. ശ്രീമതി ഡയ്സമ്മ ചൊവ്വാറ്റുകുന്നേൽ നേതൃത്വം വഹിച്ച, പരിചയംവന്ന ഏതാനും പേരുടെ സഹായത്തോടെ അവിടെത്തന്നെ ഉണ്ടാക്കി ഞങ്ങൾ രുചിച്ചറിഞ്ഞ വിഭവങ്ങളിൽ ചിലവ: ചക്ക കഡ്‌ലെറ്റ്, അവലോസ്, ബജി, പായസം, ചോക്കലെയ്റ്റ്, ചക്കപ്പഴം ഉണങ്ങിയത്‌, വരട്ടിയത് തുടങ്ങിയവ. ഇനിയും മറ്റ് ധാരാളം കണ്ടുപിടുത്തങ്ങളും ചക്കയിൽ നിന്ന് സാദ്ധ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട് - ചക്ക അച്ചാർ, പപ്പടം, മുറുക്ക്, ചക്ക മിഠായി, ഫ്ലെയ്ക്ക്സ്, കൂഞ്ഞികൊണ്ടുള്ള കറി, ധാന്യങ്ങളുടെയും കറികളുടെയും കൂടെ ചേര്ക്കാവുന്ന ചക്കപ്പൊടി എന്നിങ്ങനെ.

ഇത്ര സമൃദ്ധമായി പ്രകൃതി നമുക്ക് ദാനം ചെയ്യുന്ന ഈ ഫലം എത്ര നിസ്സാരമായാണ് നാം അവഗണിക്കുന്നത് എന്നോർക്കുമ്പോൾ നാണിച്ചുപോകും. നാണിക്കണം. നമ്മുടെ പ്രകൃതിയും കാലാവസ്ഥയും കായ്കനികളും ലോകത്ത് മറ്റെവിടെയുമുള്ളതിലും നൂറുമടങ്ങ്‌ സമൃദ്ധമായി അനുഗ്രഹീതമാണെന്ന സത്യം നാം തിരിച്ചറിയുന്നില്ല എന്നത് ദൈവനിന്ദയാണ്. പ്ലാവ് എന്ന മരം ഏതെല്ലാം വിധത്തിൽ നമുക്കൊരു അനുഗ്രഹമാണെന്ന് സമൂഹത്തിൽ അവബോധമുണർത്താൻ തയ്യാറെടുക്കുന്ന 'പ്ലാക്കൂട്ടം' എന്നൊരു ഗ്രൂപ്പും രൂപം കൊണ്ടിട്ടുണ്ട്.
ഭൂമികയുടെയും ഗ്രാമയുടെയും തണലിൽ ഈ വിഷയം ഇനിയും അടുത്തുതന്നെ അവതരിക്കപ്പെടും. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം, പങ്കെടുക്കാം. 

അല്മായശബ്ദത്തിൽ ചക്കക്കെന്തു കാര്യം എന്ന് ചോദിക്കുന്നവർ കണ്ടേക്കാം. അവരോടെനിക്കിത്രയേ പറയാനുള്ളൂ. നമുക്ക് ചുറ്റും ദൈവം എങ്ങനെയെല്ലാം സന്നിഹിതനായിരിക്കുന്നുവെന്ന് കണ്ണ് തുറന്നു കാണാൻ താത്പര്യമില്ലാത്തവർക്ക് ഒരു മതവും ഒരു പ്രസ്ഥാനവും തരിപോലും സഹായകരമാവില്ല. അത്തരക്കാർ ജനിക്കാതിരിക്കുകയായിരുന്നു ഈ ഭൂമിക്കനുഗ്രഹം.

ഭൂമികയുടെ ഹാളിൽ തൂക്കിയിരുന്ന ഒരു പ്രാർത്ഥന ഇവിടെ ചേർത്തുകൊണ്ട് തത്ക്കാലം നിറുത്താം.

ദൈവമേ, നീ ഞങ്ങൾക്ക് കനിഞ്ഞുനല്കിയ 
മനോഹരമായ ഈ ഭൂമിയെ കാണാനും
പക്ഷികളുടെ കളകൂജനങ്ങളും അരുവികളുടെ കിലുകിലാരവങ്ങളും 
കുളിർകാറ്റിന്റെ മൂളലും കേൾക്കുവാനും 
ഞങ്ങളെ പഠിപ്പിക്കേണമേ.
കീടകുമിൾനാശിനികളെന്ന രാസവിഷങ്ങളാൽ മരണപ്പെട്ടുകൊണ്ടിരിക്കുന്ന 
ഈ ഭൂമിയെ രക്ഷിക്കാൻ ഞങ്ങളെ നീ സഹായിക്കണേ.
ഞങ്ങൾ നടുന്ന വിത്തുകളോടോത്ത് 
നിന്റെ പാദാംബുജങ്ങളിൽ തലതാഴ്ത്തി നിന്ന് 
നിന്നെ മഹത്വപ്പെടുത്തുവാനും, 
അവയിൽനിന്ന് ഒരു തളിരോ പൂവോ വിരിയുമ്പോൾ, 
 ഒരായിരം തവണ നിന്നോട് നന്ദി പറയാനും മാത്രം 
ഞങ്ങൾ എളിമയും അറിവുമുള്ളവരാകട്ടെ.

ഫ്രാൻസിസ് പാപ്പാ ഹൃദയം തുറക്കുന്നു.


പോപ്‌ ഫ്രാൻസിസ് തന്റെ സഹസന്യാസികൾക്ക് അനുവദിച്ച ഒരഭിമുഖത്തിൽ നിന്ന് തിരഞ്ഞെടുത്ത വളരെ വ്യക്തിപരവും അമ്പരപ്പിക്കുന്നതുമായ ചില വിലയിരുത്തലുകൾ 


"ഏഴു നേരവും ഗർഭഛിദ്രം, ജനനനിയന്ത്രണം, സ്വവർഗവിവാഹം എന്നീ വിഷയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കാനാവില്ല. അതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നവരുണ്ട്. ഞാനും സഭയുടെ മകനാണ്, സഭയുടെ നിയമങ്ങൾ എനിക്കറിയുകയും ചയ്യാം. എന്നാൽ അവയെപ്പറ്റി നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല."


"ഞാൻ സ്വവർഗരതിക്ക് അനുകൂലമാണോ എന്നൊരാൾ കുബുദ്ധിയോടെ ചോദിച്ചു. ഞാൻ തിരിച്ചൊരു ചോദ്യമാണ് അങ്ങോട്ടിട്ടത്. 'പറയൂ, ഒരു സ്വവർഗരതനെ കാണുന്ന ദൈവത്തിന് അവന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനും അവനെ ശപിച്ചു തള്ളാനുമാകുമോ?' നമ്മളെപ്പോഴും പരിഗണിക്കേണ്ടത് വ്യക്തിയെയാണ്."


"അധികാരപ്രവണതയോടെ പെട്ടെന്നെടുക്കാറുള്ള എന്റെ തീരുമാനങ്ങൾ എന്നെ കുഴപ്പത്തിൽ കൊണ്ടെത്തിച്ചിട്ടുണ്ട്. അതിയാഥാസ്ഥിതികൻ എന്ന കുറ്റപ്പെടുത്തലും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഞാനൊരിക്കലും ഒരു വലതുപക്ഷക്കാരനായിരുന്നിട്ടില്ല."


"സഭയോടൊത്ത് ചിന്തിക്കുക എന്നതിനർത്ഥം അതിലെ അധികാരശ്രേണിയോടോത്ത് ചിന്തിക്കുക എന്നാണെന്ന് നാമൊരിക്കലും കരുതരുത്."


"പുനഃരുദ്ധാരകനും നിയമസിദ്ധാന്തിയുമായ ഒരു ക്രിസ്ത്യാനി എല്ലാക്കാര്യവും സുവ്യക്തവും സുരക്ഷിതവുമായിരിക്കാൻ ആഗ്രഹിക്കുന്ന പക്ഷം, അങ്ങനെയൊന്നുംതന്നെ അയാൾ കണ്ടെത്താൻ പോകുന്നില്ല."


"എന്നെപ്പറ്റിയുള്ള ഏറ്റവും കണിശമായ നിർവചനം ഞാനൊരു പാപിയാണെന്നതാണ്. ഇതൊരലങ്കാരവാക്കല്ല. ഞാനൊരു പാപിയാണ്."


"കുമ്പസാരക്കൂട് ഒരു പീഡനമുറിയല്ല. മറിച്ച്, സ്വയം നന്നാകാൻ കർത്താവിന്റെ കാരുണ്യം നമുക്കുത്തേജനം നല്കുന്ന ഒരിടമാണത്. ഉദാഹരണത്തിന്, ഞാനിങ്ങനെയാണ്‌ ചിന്തിക്കുക: വിവാഹജീവിതം അലസിപ്പോയ, അല്ലെങ്കിൽ ഗർഭചിദ്രം നടത്തേണ്ടിവന്ന ഒരു സ്ത്രീ. അവൾ പുനർവിവാഹിതയായി നാലഞ്ച് മക്കളുമായി സന്തോഷത്തോടെ കഴിയുന്നു. എന്നാൽ അവളുടെ ഭൂതകാലം അവളുടെ മനഃസാക്ഷിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. പരിതപിച്ച് ക്രിസ്തീയജീവിതത്തിൽ മുന്നോട്ടുപോകാനുള്ള അവളുടെയാഗ്രഹത്തെ ഒരു കുമ്പസാരക്കാരന് കണ്ടില്ലെന്നു നടിക്കാമോ?"


"മുറിവുകളെ ഉണക്കാനും ഹൃദയങ്ങളെ ഉണർത്താനുമുള്ള കഴിവാണ് ഇന്ന് സഭക്ക് ഏറ്റവുമാവശ്യം എന്ന് ഞാൻ വ്യക്തമായി കാണുന്നു. അടുപ്പവും സമ്പർക്കവുമാണ് വേണ്ടത്. യുദ്ധക്കളത്തിലെ ഒരാതുരാലയം പോലെയാണ് സഭയിന്ന്. ഭീകരമായി മുറിവേറ്റ ഒരാളോട് അയാളുടെ രക്തത്തിലെ അമിത കൊഴുപ്പിനെയോ പഞ്ചസാരയെയോ പറ്റി അന്വേഷിക്കുന്നതിൽ എന്തർത്ഥമാണുള്ളത്‌? ആദ്യം വേണ്ടത് അവന്റെ മുറിവുകൾ കരിയുക എന്നതാണ്. ബാക്കിയെല്ലാം അത് കഴിഞ്ഞ്. വൃണങ്ങളെ സുഖപ്പെടുത്തുക, വൃണങ്ങളെ സുഖപ്പെടുത്തുക."


"സഭ പലപ്പോഴും നിസ്സാര കാര്യങ്ങളിലും നിയമങ്ങളിലും കെട്ടിപ്പിണഞ്ഞു കിടക്കുകയാണ്. പരമപ്രധാനമായത് 'യേശു നിന്നെ രക്ഷിച്ചിരിക്കുന്നു' എന്ന സദ്‌വാർത്ത വിളിച്ചു പറയുകയാണ്‌. സഭാശുശ്രൂഷകർ എല്ലാറ്റിലുമുപരി കരുണയുടെ ശുശ്രൂഷകർ ആയിരിക്കണം."


"പുരുഷനിൽനിന്നു വ്യത്യസ്തമായാണ് സ്ത്രീയുടെ സൃഷ്ടി. അതുകൊണ്ട്, പൗരുഷാഭിമാനിയായ സ്ത്രീ (female machismo) എന്നതിലേയ്ക്കെത്തുന്ന ഒരു പരിഹാരത്തിന് ഞാനെതിരാണ്. ആധുനിക സമൂഹത്തിൽ സ്ത്രീയുടെ പങ്കിനെപ്പറ്റി പറയുമ്പോൾ പൗരുഷ സ്ത്രൈണത എന്നൊരാശയമാണ് മുന്തിനില്ക്കുന്നത്. അതേ സമയം, സ്ത്രീകളുന്നയിക്കുന്ന ആഴമുള്ള പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തിയേ തീരൂ. സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തമില്ലാതെ സഭക്ക് നിലനില്പില്ല."

"പദവിയും കർത്തവ്യവും തമ്മിൽ കുഴക്കരുത്. സഭയിൽ സ്ത്രീകളുടെ ധർമ്മമെന്ത് എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. ആഴമുള്ള ഒരു ദർശനം അതേപ്പറ്റിയുണ്ടാവണം. എല്ലാ തീരുമാനങ്ങളിലും സ്ത്രൈണമയമായ ഉൾക്കാഴ്ച്ചകളാവശ്യമാണ്. അധികാരത്തിന്റെ വിനിയോഗരംഗങ്ങളിലും സ്ത്രീയുടെ സാന്നിദ്ധ്യം ഒഴിവാക്കപ്പെടരുത്."


"കാഴ്ചപ്പാടുകളാണ് ആദ്യം മാറേണ്ടത്. അത് കഴിഞ്ഞേയുള്ളൂ ഘടനാപരമായ മാറ്റങ്ങൾ. സുവിശേഷത്തിന്റെ സുശ്രൂഷകർ മനുഷ്യഹൃദയങ്ങളെ ത്വരിതപ്പെടുത്താനും ഇരുളിൽ അവർക്ക് വെളിച്ചമാകാനുമുള്ള കഴിവും സഹവർത്തിതബോധവും വികസിപ്പിച്ചെടുക്കണം."


"ദൈവജനത്തിനു വേണ്ടത് ഇടയന്മാരെയാണ്, ഗവ. ഉദ്യോഗസ്ഥരെയോ കർക്കശരായ മേധാവികളെയോ അല്ല. പ്രത്യകിച്ച് മെത്രാന്മാർ മനുഷ്യരുടെയിടയിലുള്ള ദൈവചലനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തക്ക അറിവും ക്ഷമയുമുളളവരായിരിക്കണം. ആരും പിന്നിൽ ഉപേക്ഷിക്കപ്പെടരുത്. പുതിയ വഴികൾ താണ്ടാൻ പ്രഗത്ഭരായവരെ അനുഗമിക്കാനുള്ള എളിമയും വരവും മെത്രാന്മാർക്കുണ്ടായിരിക്കണം."


"ഒരാൾക്ക്‌ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നു വന്നാൽ ദൈവമവനോടൊത്ത് സന്നിഹിതനല്ല എന്നതിനുള്ള തെളിവാണത്. സ്വാർത്ഥതയോടെ മതത്തെയുപയോഗിക്കുന്ന കള്ളപ്രവാചകനാണവൻ. മോശയെപ്പോലുള്ള ദൈവജനത്തിന്റെ നായകന്മാർ എപ്പോഴും തങ്ങളുടെ ചെയ്തികളിൽ എളിമയോടെയുള്ള സംശയത്തിന്, അതായത് ദൈവഹിതത്തിന്, ഒരിടം കൊടുത്തിരുന്നു. ദൈവാശ്രിതമായ ഒരനിശ്ചിതത്ത്വം ആദ്ധ്യാത്മികചോദനയുടെ ഭാഗം തന്നെയാണ്."


"സഭയുടെ സൈദ്ധാന്തികവും ധാർമികവുമായ പഠനങ്ങൾ ഒന്നതന്നെയല്ല. ആദ്ധ്യാത്മിക ശുശ്രൂഷയും പരസ്പര ബന്ധമില്ലാത്ത എണ്ണമറ്റ സിദ്ധാന്തങ്ങളും തമ്മിൽ കെട്ടുപിണയുന്നത് ഒട്ടും ആശാസ്യമല്ല."


"ഒരു പുതിയ സമതുലിതാവസ്ഥ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ സഭയുടെ ധാർമികസൗധം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയും സുവിശേഷത്തിന്റെ നറുന്മേഷവും സൗരഭ്യവും നഷപ്പെടുകയും ചെയ്യും. കർത്താവിന്റെ സുവിശേഷം ലളിതവും പ്രഭാപൂരിതവും അതേ സമയം ഗഹനവുമാണ്‌.... അതിന്റെ പ്രഘോഷമാണ് ധാർമികതയുടെ സ്രോതസ്സാകേണ്ടത്."

2060ൽ എഴുതിയ കത്ത് Ria Ellwanger


"മുപ്പത്തഞ്ചു വയസ്സുള്ള എന്നെ കണ്ടാൽ എണ്‍പത്തഞ്ചു തോന്നിക്കും. ആവശ്യത്തിനു വെള്ളം കുടിക്കാനില്ലാത്തതിനാൽ എന്റെ ആന്തരികാവയവങ്ങൾ പ്രവർത്തിക്കാൻ വിസമ്മതിക്കുന്നു. മുപ്പതിന് മുകളിൽ ജീവിക്കുന്നവർ ഇന്ന് വിരളമാണ്. എന്റെ കുട്ടിക്കാലത്ത് എവിടെനോക്കിയാലും മരങ്ങളുണ്ടായിരുന്നു, നദികളുണ്ടായിരുന്നു. എനിക്കിഷ്ടമുള്ളത്ര നേരം തണുത്ത വെള്ളത്തിൽ കുളിക്കാമായിരുന്നു. ഇന്നാകട്ടെ മിനെറൽ ലായനിയിൽ നനച്ച തുണിക്കഷണങ്ങൾകൊണ്ട് ദേഹം തുടക്കുക മാത്രമാണ് മനുഷ്യർ ചെയ്യുക.


സ്ത്രീകൾ പോലും അവരുടെ തല മുണ്ഡനം ചെയ്യേണ്ടിവരുന്നു. കാരണം, തലമുടി കഴുകി വൃത്തിയാക്കാനുള്ള വെള്ളമില്ല. നദികളും തടാകങ്ങളും ഉണങ്ങിവരണ്ടു പോയിരിക്കുന്നു. ഭൂമിയിലേയ്ക്ക് എത്ര കുഴിച്ചാലും ഒരിടത്തും ജലമില്ല.

എവിടെ തിരിഞ്ഞാലും ഉണങ്ങിവരണ്ട മരുഭൂമി മാത്രം. ആമാശയത്തെയും മൂത്രാശയത്തെയും ബാധിക്കുന്ന രോഗം ബാധിച്ചാണ്‌ കൂടുതൽ ആൾക്കാർ മരിക്കുക. ഒരാൾക്ക്‌ ഒരു ദിവസം അര ഗ്ളാസ് വെള്ളമാണ് കുടിക്കാൻ കിട്ടുന്നത്.

വൃത്തിയാക്കാൻ നിവൃത്തിയിലാത്തതിനാൽ വസ്ത്രങ്ങൾ അഴുക്കാകുമ്പോൾ എറിഞ്ഞുകളയുകയാണ്. ഭൂമി നിറയെ ഇങ്ങനെ വലിച്ചെറിഞ്ഞ വസ്തുക്കളാണ്.

മുതിര്ന്നവരും കുട്ടികളും ഉണങ്ങിവരണ്ട ശരീരവുമായി മരണത്തെ ഭയന്ന് കഴിഞ്ഞുകൂടുന്നു. ശരീരം നിറയെ ultraviolet രശ്മികൾ മൂലമുണ്ടാകുന്ന വൃണങ്ങളാണ്. കാരണം, ഓസോണ്‍ പാളി മൊത്തത്തിൽ ശിഥിലമായിക്കഴിഞ്ഞു. ഇടക്കൊരു മഴ തൂളിയാൽ അതിലുള്ളത് ആസിഡിന്റെ അംശമാണ്. ഋതുക്കൾ പോലും മാറിമാറി വരുന്നില്ല.

ഒരു ഗ്ളാസ് വെള്ളത്തിന് സ്വർണത്തേക്കാൾ വിലയാണ്. ജലമുണ്ടാക്കാൻ ഒരു വഴിയും ഒരിടത്തുമില്ല. വ്യവസായങ്ങൾ ഒന്നും നടക്കുന്നില്ല. ആകപ്പാടെ ജോലികൊടുക്കുന്ന വ്യവസായം സമുദ്രജല ശുദ്ധീകരണമാണ്. അവിടെ ജോലിക്കാര്ക്ക് ദിവസക്കൂലിയായി ഒരു കുപ്പി വെള്ളം ലഭിക്കുന്നു. അതും കവർച്ച ചെയ്യപ്പെടുന്നു. ഭക്ഷണസാധനങ്ങളിൽ 80 ശതമാനവും കൃത്രിമമാണ്. മരങ്ങൾ ഉണങ്ങിപ്പോയതിനാൽ, അന്തരീക്ഷത്തിൽ പ്രാണവായു ഒട്ടുംതന്നെയില്ല. ജനിക്കുന്ന കുഞ്ഞുങ്ങളെല്ലാം അംഗഭംഗം ബാധിച്ചവരാണ്. സോളാർ ഊർജ്ജത്താൽ പ്രവർത്തിക്കുന്ന വലിയ വെന്റിലെയ്റ്റർ സ്ഥാപിചിരിക്കുന്നിടത്തു കുറെ നേരം ചെന്നിരിക്കാൻ വലിയ തുക കൊടുക്കേണ്ടതുണ്ട്."

Ria Ellwangerന്റെ ഒരു കുറിപ്പിൽ നിന്ന്. പൂർണമായി ഇംഗ്ളീഷിൽ വായിക്കാൻ: https://mail.google.com/mail/u/0/#inbox/145274523fdf4193?projector=1


ഇത്ര ഭയാനകമായ ഭാവി അതിദൂരത്തല്ല. മുന്നറിയിപ്പുകൾ ഗൌരവമായി എടുക്കാതിരുന്നാൽ നമ്മൾ നമ്മുടെ മക്കൾക്ക്‌ കൈമാറുന്നത് എവിടെയും മരണം ഒളിഞ്ഞിരിക്കുന്ന ഒരു മരുഭൂമിയെയാണ്. അങ്ങനെയൊരു ദുരന്തം തടയാൻ കെല്പുള്ള അവസാനത്തെ തലമുറയാണ് നമ്മുടേത്‌. നമ്മൾ ശ്രദ്ധിക്കാൻ വിസമ്മതിച്ചാൽ ഒരു തിരുത്തലിനുള്ള അവസരം ഇനിയുണ്ടായിരിക്കയില്ല. പരിസ്ഥിതിയോട്, അതായത് നമ്മുടെ മണ്ണിനോടും നദികളോടും വനങ്ങളോടും, ഇന്നത്തെ രീതിയിലുള്ള സ്വാർത്ഥതയോടെയും ധിക്കാരത്തോടെയുമുള്ള നമ്മുടെ പെരുമാറ്റം ഇനിയും തുടർന്നാൽ വെറും അമ്പത് വർഷത്തിനു മുമ്പുതന്നെ മനുഷ്യൻ ജീവിക്കേണ്ടിവരുന്ന ചുറ്റുപാടുകൾ എങ്ങനെയിരിക്കുമെന്ന് മുൻകൂട്ടി കാണുകയാണ് മുകളിൽ വായിച്ച കത്ത്. അറിവില്ലായ്മകൊണ്ടോ സ്വാർത്ഥതാത്പര്യങ്ങൾ മൂലമോ പശ്ചിമഘട്ടപരിരക്ഷക്കു വിലങ്ങുതടിയാകുന്നവർ നാളെയെപ്പറ്റി ഒന്നുകൂടെ ധ്യാനിച്ച്‌ ചിന്തിക്കുക. 

മുരുകന്‍ ഒരു ദൈവത്തിന്റെ പേരാകുന്നു

പ്രതികൂലമായ ജീവിതസാഹചര്യങ്ങളില്‍പ്പോലും ചില മനുഷ്യര്‍ ദൈവത്തോളം തെളിച്ചമുള്ള ഒരു പ്രകാശമാകുന്നു. ഇതാ തെരുവില്‍ വളര്‍ന്ന ഒരു യുവാവിന്റെ അഭിമാനകരമായ ജീവിതകഥ.  (മധു തൃപ്പെരുന്തുറ, മാതൃഭൂമി പോർട്ടൽ)

ജാതിപ്പേരോ വീട്ടുപേരോ അല്ല മുരുകന്‍ തന്റെ പേരിനോട് വിളക്കിച്ചേര്‍ത്തിരിക്കുന്നത്. ഒരിക്കല്‍ തെരുവിന്റെ പുത്രനായിരുന്ന തന്നെ 'തെരുവോരം മുരുകന്‍' എന്ന് മറ്റാരെങ്കിലും വിളിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ കണ്ണുകളില്‍ അഭിമാനംമാത്രം. കാരണം, തെരുവില്‍നിന്നുണ്ടായ ലോകത്തിലെ ആദ്യസംഘടനയായ 'തെരുവോര'ത്തിന്റെയും പിന്നെ 'തെരുവുവെളിച്ച'ത്തിന്റെയും എല്ലാമെല്ലാമാണ് തമിഴ് വംശജനായ ഈ യുവാവ്.
ഒന്നരപ്പതിറ്റാണ്ടിനിടെ അയ്യായിരത്തോളം ആലംബഹീനരെയാണ് മുരുകന്‍ തെരുവില്‍നിന്ന് വീണ്ടെടുത്തത്. അവരില്‍ കുഷ്ഠരോഗികളുണ്ട്, മാനസിക വിഭ്രാന്തി ബാധിച്ചവരുണ്ട്, മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരും മാറാവ്യാധികളാല്‍ ദുരിതമനുഭവിക്കുന്നവരുമുണ്ട്. മക്കളുപേക്ഷിച്ചുപോയ അമ്മമാര്‍ മാത്രമല്ല, കണ്ണുകുത്തിപ്പൊട്ടിച്ചും അംഗഭംഗം വരുത്തിയും ഭിക്ഷാടനത്തിന് ഉപയോഗിക്കപ്പെട്ട കുരുന്നുബാല്യങ്ങളുമുണ്ട്. കേന്ദ്ര വനിത-ശിശു ക്ഷേമ വകുപ്പിന്റെ ശിശുക്ഷേമത്തിനുള്ള 2011-'12 ലെ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരവും പ്രശസ്തിപത്രവും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് മുരുകന്‍ ഏറ്റുവാങ്ങിയപ്പോള്‍ അത് അര്‍ഹതയുടെ അംഗീകാരമായി. ഈ പുരസ്‌കാരം നേടുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തിയും ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമായി 'ഓട്ടോ മുരുകന്‍' എന്നുകൂടി വിളിപ്പേരുള്ള ഇദ്ദേഹം.
തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഷണ്മുഖത്തിന്റെയും ചെങ്കോട്ട സ്വദേശി വള്ളിയമ്മയുടെയും മകനായ മുരുകന് ബാല്യം കഷ്ടപ്പാടിന്റെയും പട്ടിണിയുടേതുമായിരുന്നു. ഇടുക്കി പീരുമേട് ചിദംബരം എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചുപോയതോടെ അമ്മയ്ക്ക് കിട്ടുന്ന 10 രൂപ ദിവസക്കൂലിയായി ഏക വരുമാനമാര്‍ഗം. '90-കളില്‍ എറണാകുളം ഗാന്ധിനഗറിനടുത്തുള്ള ഒരു ചേരിയിലേക്ക് കുടുംബത്തോടൊപ്പം എത്തിയ മുരുകന്‍ ഭിക്ഷാടനം നടത്തിയും ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റും തെരുവിന്റെ മകനായി എങ്ങനെയൊക്കെയോ വളര്‍ന്നു. നാലാം ക്ലാസുവരെമാത്രം സ്‌കൂളില്‍ പോയിട്ടുള്ള മുരുകന്റെ 'യൂണിവേഴ്സിറ്റി' അങ്ങനെ തെരുവായിത്തീര്‍ന്നു; പാഠപുസ്തകം ജീവിതവും.
പട്ടിണികൊണ്ട് കുടലുണങ്ങിയ ആ നാളുകള്‍ മുരുകന്‍ ഓര്‍ക്കുന്നു. ഇരുട്ട് വീണുകഴിഞ്ഞാല്‍ എറണാകുളം സീലോഡ് ഹോട്ടലിനുപിന്നിലും ഓവന്‍സ് ബേക്കറിക്ക് സമീപവും പ്രതീക്ഷയോടെ കാത്തിരിക്കും. മുരുകനെപ്പോലെ ഒട്ടേറെ തെരുവിന്റെ സന്തതികളും അവിടെ ഉണ്ടാകും. ഹോട്ടലില്‍നിന്ന് വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങള്‍ക്കായി തെരുവുനായ്ക്കളെപ്പോലെ കടിപിടികൂടും. സ്‌നേഹത്തിനോ സൗഹൃദത്തിനോ സ്ഥാനമില്ലാത്ത, അക്ഷരാര്‍ഥത്തില്‍ 'മൃഗീയം' എന്ന് വിശേഷിപ്പിക്കാവുന്ന സന്ദര്‍ഭങ്ങള്‍...
ഒരു ക്രിമിനലായി മാറേണ്ടിയിരുന്ന മുരുകന്റെ ജീവിതത്തില്‍ അങ്ങനെയിരിക്കേ ഒരു രക്ഷകന്‍ പ്രത്യക്ഷനായി: ബ്രദര്‍ മാവുരൂസിന്റെ രൂപത്തില്‍. 'മിഠായി അച്ച'നെന്ന് കുട്ടികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബ്രദര്‍ മാവുരൂസാണ് മുരുകന്‍ എന്ന വികൃതിക്കുട്ടിയെ ഡോണ്‍ ബോസ്‌കോ സ്‌നേഹഭവനില്‍ എത്തിച്ചത്. നന്മയുടെയും സ്‌നേഹത്തിന്റെയും പുതിയ ലോകത്തേക്ക് അതോടെ അവന്‍ ആനയിക്കപ്പെടുകയായിരുന്നു. അവിടെ നീണ്ട എട്ടുവര്‍ഷങ്ങള്‍... പതുക്കെ അവന്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ആളുകളോട് മര്യാദയോടെ സംസാരിക്കാനും പെരുമാറാനും പഠിച്ചു. കല്‍പ്പണിയും മരപ്പണിയും പഠിച്ചു. ഒപ്പം ബോക്‌സിങ്ങിന്റെ ചില ബാലപാഠങ്ങളും. കോഴിക്കോട്ട് നടന്ന ഓള്‍ കേരള അമച്വര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയ്ക്കുള്ള ഒരേയൊരു ഒന്നാംസ്ഥാനം നേടിയപ്പോള്‍ അവന്‍ ഒരു കൊച്ചു സ്റ്റാറായി. ആ വര്‍ഷം നാഷണലില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ തന്റെ ജാതകം മറ്റൊന്നാകുമായിരുന്നു എന്ന് മുരുകന്‍ ഇന്നും പറയും.
ബാലഭവനോട് യാത്രപറയുമ്പോള്‍ സ്വന്തംകാലില്‍ നില്‍ക്കാമെന്നൊരു ആത്മവിശ്വാസം വന്നു. ജീവിക്കാനായി മുരുകന്‍ ചെയ്യാത്ത ജോലികളില്ല. തോട്ടിപ്പണിക്കാരനും കല്‍പ്പണിക്കാരനുമായി. ഹോട്ടലില്‍ എച്ചില്‍പ്പാത്രം കഴുകാന്‍ നിന്നു. മാര്‍ക്കറ്റില്‍ പച്ചക്കറിക്കച്ചവടം ചെയ്തു. പെയിന്റിങ് തൊഴിലാളിയും പത്രവിതരണക്കാരനുമായി...
പിന്നെയും ബ്രദര്‍ മാവുരൂസിന്റെ കാരുണ്യഹസ്തം അവന് തുണയായി. ഒറ്റമുറിവീട് ഒറ്റയ്ക്ക് പണിത് മുരുകന്‍ അതിന് ഷീറ്റിട്ടു. ഒരു പഴയ ഓട്ടോറിക്ഷ വാങ്ങാനും ബ്രദര്‍ മാവുരൂസ് സഹായിച്ചു. അങ്ങനെ പകല്‍ മുഴുവന്‍ തെരുവുകുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷകനായി; രാത്രി ഓട്ടോറിക്ഷാ ഡ്രൈവറായി. അവന്‍ തെരുവോരം എന്ന പേരില്‍ സന്നദ്ധസംഘടന രൂപവത്കരിക്കുകയും തന്റെ കൊച്ചുവീടുതന്നെ ഒരു പുനരധിവാസകേന്ദ്രമാക്കുകയും ചെയ്തു. 

അന്നൊരിക്കല്‍ കൊച്ചിന്‍ കോളേജില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായി വിദ്യാര്‍ഥികള്‍ക്കുള്ള ബോധവത്കരണ ക്ലാസിന് പോയത് മുരുകന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. സദസ്സില്‍നിന്ന് ഒട്ടേറെ സംശയങ്ങളുമായി തുടുത്ത മുഖമുള്ള ഒരു പെണ്‍കുട്ടി എണീറ്റു. ക്ലാസ് അവസാനിച്ചിട്ടും അവളുടെ സംശയങ്ങള്‍ അവസാനിച്ചില്ല. മുരുകന്റെ വലിയ മനസ്സ് മനസ്സിലാക്കിയ അവള്‍ ആ തണല്‍മരത്തിന്റെ ചില്ലയില്‍ കൂടുകൂട്ടാനൊരു ഇടം ചോദിച്ചു. അങ്ങനെ റിട്ട. ഹൈക്കോടതി ഉദ്യോഗസ്ഥന്‍ പള്ളുരുത്തി 'ശ്രീനിവാസി'ല്‍ രമേശന്റെയും അധ്യാപിക സിന്ധുവിന്റെയും ഏകമകള്‍ ഇന്ദു, പുരോഗമനവാദം നാക്കില്‍മാത്രം വെച്ചുപുലര്‍ത്തുന്ന കേരളീയ സമൂഹത്തിനെ ഞെട്ടിച്ചു. ശ്രീനാരായണഗുരുവിന്റെ വെളിച്ചം ആത്മാവില്‍ പേറുന്ന മാതാപിതാക്കള്‍ തങ്ങളുടെ ഏകമകളുടെ ആഗ്രഹത്തിന് എതിരുനിന്നില്ല.
2010 ആഗസ്ത് 10-ന് എറണാകുളത്തപ്പന്റെ ക്ഷേത്രത്തില്‍നടന്ന ലളിതമായ വിവാഹത്തോടെ മുരുകന്‍ എന്ന തെരുവുവിളക്കിന് ജീവിതവെളിച്ചമായി ഇന്ദു എന്ന എം.ബി.എ.ക്കാരി. വിവാഹശേഷം ഇരുവരും നേരേ പോയത് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ അനുഗ്രഹാശിസ്സുകള്‍ വാങ്ങാനായിരുന്നു. പിന്നെ അവര്‍ തെരുവിലേക്കിറങ്ങി. എല്ലാ തെരുവിന്റെ മക്കള്‍ക്കും ഒരുപിടി ചോറുകൊടുക്കാന്‍. ഈ ദിനത്തില്‍ അത് മുരുകന്റെ അവകാശമാണെന്ന ഉത്തമബോധ്യത്തോടെ.
ഒരിക്കല്‍ ഗുണ്ടകളും കഞ്ചാവ് മാഫിയയും ചേര്‍ന്ന് തന്റെ ഓട്ടോറിക്ഷ തച്ചുതകര്‍ത്ത സംഭവം മുരുകന്‍ ഓര്‍മിക്കുന്നു. കുട്ടികളെ ഉപകരണമാക്കി കഞ്ചാവുകച്ചവടം നടത്തുന്നത് മുരുകന്‍ കണ്ടുപിടിക്കുകയും ആ കുട്ടികളെ ഇദ്ദേഹം ബാലഭവനില്‍ ഏല്‍പ്പിക്കുകയും ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. മൊഴിയെടുക്കാന്‍ വന്ന പോലീസുകാരനോട് പക്ഷേ, തന്നെ ദ്രോഹിച്ചവരുടെ പേരുകള്‍ മുരുകന്‍ പറഞ്ഞില്ല. അവരില്‍ ചിലരെങ്കിലും തന്നോടൊപ്പം തെരുവില്‍ വളര്‍ന്നവരായിരുന്നു എന്നതായിരുന്നു കാരണം. ഇന്ദു ഊരിക്കൊടുത്ത മോതിരം വിറ്റാണ് ഓട്ടോറിക്ഷ വീണ്ടും നിരത്തിലിറക്കിയത്. പിന്നീട് ബഹ്‌റൈനിലെ സിറോ മലബാര്‍ സൊസൈറ്റിയും മുരുകന് ഒരു പുത്തന്‍ ഓട്ടോറിക്ഷ സ്‌നേഹസമ്മാനമായി നല്‍കുകയുണ്ടായി.
മുരുകന്‍ തന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കുന്നു എന്നറിഞ്ഞ് ചില പ്രമുഖ പ്രസാധകര്‍ അദ്ദേഹത്തെ സമീപിച്ചു. ഞങ്ങള്‍ ആളെവെച്ച് എഴുതിച്ചോളാം, അനുഭവങ്ങള്‍ പറഞ്ഞുതന്നാല്‍ മതിയെന്നായി. എന്നാല്‍, ആ കച്ചവടത്തിന് മുരുകന്‍ വഴങ്ങിയില്ല. ജീവിതയാത്രയില്‍ ഒറ്റപ്പെട്ടുപോയ 15 അമ്മമാരുടെ കരള്‍ പിളര്‍ക്കുന്ന കഥകള്‍ ചിത്രങ്ങള്‍സഹിതം സ്വന്തം ഭാഷയിലെഴുതി 100 പേജുള്ള ഒരു പുസ്തകമായി അദ്ദേഹം പ്രസിദ്ധീകരിച്ചു. അമ്മ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. കുഷ്ഠരോഗം ബാധിച്ച് ജീവിതത്തിന്റെ പുറംപോക്കില്‍ ഒറ്റപ്പെട്ടുപോയ സരോജിനി അമ്മയും ദുര്‍ഗന്ധംപരത്തി പുഴുവരിച്ച് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മേരിത്തള്ളയും അപൂര്‍വയിനം സോറിയാസിസ് ബാധിച്ച മഹാരാഷ്ട്രയിലെ കോലാപ്പുര്‍ സ്വദേശികളായ ഒരു കുടുംബവും സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മയുമൊക്കെ പ്രത്യക്ഷമാവുന്ന ആ ജീവിതകഥകള്‍ കണ്ണീരണിയാതെ വായിച്ചുപോകാനാവില്ല.
മുരുകന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ തെരുവു മക്കളുടെ പുനരധിവാസത്തിനായി സംസ്ഥാന സാമൂഹികനീതിവകുപ്പ് 'തെരുവുവെളിച്ചം' എന്ന പേരില്‍ എറണാകുളം കാക്കനാട് കളക്ടറേറ്റിനുസമീപം 15 സെന്റ് സ്ഥലവും അതിനുള്ളില്‍ സ്ഥിതിചെയ്യുന്ന കെട്ടിടവും അനുവദിച്ചു. 2013 മെയ് 16-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെരുവുവെളിച്ചം പുനരധിവാസകേന്ദ്രം ഉദ്ഘാടനം ചെയ്തു. സാമൂഹികനീതിവകുപ്പ് മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷനായിരുന്നു.
ഇപ്പോള്‍ ചെറിയൊരു വേതനം സംസ്ഥാന സര്‍ക്കാര്‍ മുരുകന് നല്‍കുന്നുണ്ട്. സഹായത്തിനായി ഒരു സ്റ്റാഫിനെയും നല്‍കി. തെരുവുവെളിച്ചം ഒന്നാം വാര്‍ഷികം വരുന്ന മെയ് 16-ന് വിപുലമായ രീതിയില്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മുരുകന്‍.
രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനുപുറമേ അന്തര്‍ദേശീയ സംഘടനയായ എര്‍ത്ത് ഫൗണ്ടേഷന്റെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള 'ഹോപ്' പുരസ്‌കാരം, സര്‍വോദയം കുര്യന്റെ പേരിലുള്ള പുരസ്‌കാരം, റോട്ടറി ഇന്റര്‍നാഷണല്‍ പുരസ്‌കാരം, ജെ.സി. ഐ. കൊച്ചിന്‍ പുരസ്‌കാരം... എല്ലാ പുരസ്‌കാരങ്ങളും തെരുവിന്റെ മക്കള്‍ക്കായി സമര്‍പ്പിക്കുന്നു വിനയാന്വിതനായ ഈ ചെറുപ്പക്കാരന്‍. തന്റെ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനത്ത് ഒട്ടേറെ തെരുവുപദ്ധതികള്‍ക്ക് സന്നദ്ധ സംഘടനകള്‍ തുടക്കംകുറിച്ചിരിക്കുന്നതില്‍ അഭിമാനംകൊള്ളുകയാണ് ഇന്ന് മുരുകന്‍.
''നിങ്ങള്‍ ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു തെരുവ് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരു പുസ്തകമാകുന്നു''എന്ന, തുര്‍ക്കി നോവലിസ്റ്റ് മെഹ്മത് മുരാട് ഇല്‍ഡാനിന്റെ വരികള്‍ മുരുകന്‍ വായിച്ചിട്ടില്ല. എന്നാല്‍, തെരുവിനെ ജീവിതമാക്കുകയും സ്വന്തം ജീവിതത്തെ തെരുവാക്കുകയുംചെയ്ത ഈ കര്‍മയോഗിയില്‍നിന്ന് നമ്മുടെ കാരുണ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒരുപാട് പഠിക്കാനുണ്ട്. കാരണം, യഥാര്‍ഥ മനുഷ്യജീവിതത്തെക്കുറിച്ച് നമ്മുടെ ഒരു സര്‍വകലാശാലയിലും പഠിപ്പിക്കുന്നില്ലല്ലോ.

Exploitation of Nature is Sin of our Times - Pope Francis


Exploitation of Nature is Sin of our Times 
Pope Francis

CAMPOBASSO, Italy, July 5 (Reuters) - Pope Francis called for more respect for nature on Saturday, branding the destruction of South America's rain forests and other forms of environmental exploitation a sin of modern times.

In an address at the university of Molise, an agricultural and industrial region in southern Italy, Francis said the Earth should be allowed to give her fruits without being exploited.

"This is one of the greatest challenges of our time: to convert ourselves to a type of development that knows how to respect creation," he told students, struggling farmers, and laid-off workers in a university hall.

"When I look at America, also my own homeland (South America), so many forests, all cut, that have become land ... that can no longer give life. This is our sin, exploiting the Earth and not allowing her to her give us what she has within her," the Argentine pope said in unprepared remarks.

Francis, who took his name from Francis of Assisi, the 13th century saint seen as the patron of animals and the environment, is writing an encyclical on man's relationship with nature.

Since his election in March, 2013, the leader of the world's 1.2 billion Roman Catholics has made many appeals in defense of the environment.

After the university meeting, Francis said mass for tens of thousands of people in a stadium. (Reporting by Philip Pullella; Editing by Raissa Kasolowsky)

പ്രത്യേക സിനഡ് - വിഷയം: കുടുംബം

എന്റെ ദൈവം കത്തോലിക്കാ മതത്തിന്റെ ദൈവമല്ല എന്ന വാക്കുകളിലൂടെയാണ് തൻറെ നേതൃത്വം സഭയിൽ അനന്യമാണെന്ന് പോപ്‌ ഫ്രാൻസിസ് തെളിയിച്ചത്. ഇതുവരെ മറ്റൊരു പോപ്പിനും, ജോണ്‍ ഇരുപത്തിമൂന്നാമനുപോലും, കത്തോലിക്കാ മേല്ക്കോയ്മ്യ്ക്കും അസഹിഷ്നുതക്കുമെതിരെ ഇത്തരമൊരു ഹൃദയവിശാലത പ്രകടിപ്പിക്കാനുള്ള ചങ്കൂറ്റം ഉണ്ടായില്ല. അതിലൂടെ അദ്ദേഹം പറഞ്ഞത് അനേകം കാര്യങ്ങൾ ഒരുമിച്ചാണ്. ഒന്ന്. കത്തോലിക്കരുടെ ദൈവസങ്കല്പം വളരെ സങ്കുചിതമാണ്. പരാശക്തിയായ ദൈവത്തെ കത്തോലിക്കാ മതാനുയായികൾ ഇന്ന് കാണുന്നതുപോലെ സ്വപക്ഷാനുഭാവിയായി കണ്ടാൽ പോരാ. രണ്ട്: വിശ്വാസികളുടെ ദൈവസങ്കല്പം മാറേണ്ടതാണെങ്കിൽ, ആ ദൈവത്തെ ആരാധിക്കുന്ന രീതിയിലും മാറ്റം ആവശ്യമാണ്‌. മൂന്ന്. അങ്ങനെയെങ്കിൽ ഇന്നത്തെ മതസംവിധാനവും അതിന്റെ ഭരണക്രമവും മാറ്റം ആവശ്യപ്പെടുന്നു. നാല്. തെറ്റായ ഒരു ദൈവസങ്കല്പത്തിൽ ഊന്നിയുള്ള വിശ്വാസസംഹിതയിൽ ഉറച്ചുനിന്നുകൊണ്ട് അതിനെ മനുഷ്യരുടെയിടയിൽ പ്രചരിപ്പിക്കാൻ സഭ ചെയ്തുകൊണ്ടിരുന്ന പ്രവർത്തനങ്ങളിൽ പാളിച്ചകളും പോരായ്മകളും അനീതിയും ഉണ്ടായിരുന്നു എന്ന് സ്വയം അംഗീകരിച്ച് അവക്കെല്ലാം ആവശ്യമായ തിരുത്തൽ പ്രക്രിയകൾ കൈക്കൊള്ളുകയും തീര്ത്തും തെറ്റായിരുന്ന നടപടികൾ ഉടനടി ഉപേക്ഷിക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ, സഭയിൽ ഒരു ആഗോള പരിവർത്തനം അത്യന്താപേക്ഷിതമായി തീർന്നിരിക്കുന്നു. അങ്ങനെയൊരു അഴിച്ചുപണി തുടങ്ങാൻ വേണ്ടിയാണ് പോപ്‌ പ്രാൻസിസ് കഴിഞ്ഞ നവംബറിൽ മെത്രാൻമാരുടെ ഒരു പ്രത്യേക സിനഡ് വിളിച്ചുകൂട്ടിയത്.


അതിന്റെ സാക്ഷാത്ക്കാരത്തിന് പോപ്‌ മുന്നോട്ടുവച്ച നിബന്ധനകൾ ഇവയായിരുന്നു: അങ്ങേയറ്റത്തെ സുതാര്യത, പക്വതയുള്ള അല്മായരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിന്താബാങ്കുകൾ, സഭാപൗരരോട് നേരിട്ടുള്ള ചോദ്യങ്ങളും അവയ്ക്ക് അവർ കൊടുക്കുന്ന ഉത്തരങ്ങൾ എളിമയോടെ ശ്രദ്ധിച്ചുകേൾക്കാൻ മെത്രാന്മാരുടെ ഭാഗത്ത് ഉണ്ടാകേണ്ട സന്നദ്ധതയും, താഴത്തെ തട്ടിൽ തുടങ്ങി ആരംഭിക്കേണ്ട സംവാദനക്ഷമതയും തെറ്റുകൾ തിരിച്ചറിയാനും തിരുത്താനുമുള്ള പ്രബുദ്ധമായ മനോഭാവവും. ഈ സിനഡിനുവേണ്ടിയുള്ള ഒരു വർഷത്തോളം നീണ്ടുനില്ക്കുന്ന ഒരുക്കങ്ങളിൽ പങ്കുചേരാനുള്ള സന്മനസ്സ് ഇവക്കെല്ലാം മുന്നോടിയായി വരേണ്ടതുണ്ടായിരുന്നു.

സിനഡിന്റെ പഠനവിഷയങ്ങളിൽ സഭയുടെ നിലനില്പിനും ശുദ്ധീകരണപ്രക്രിയക്കും ആധാരമായി പോപ്‌ ഫ്രാൻസിസ് കണ്ടത് കുടുംബം എന്ന സംവിധാനത്തെയാണ്. എന്താണ് അതിനു കാരണം? തികച്ചും യാഥാസ്ഥിതികരായ മുൻ പോപ്പുമാരുടെ കീഴിൽ, കെട്ടിക്കിടക്കുന്ന ഒരു ജലാശയംപോലെ വിഷലിപ്തമായിത്തീർന്നിരിക്കുന്ന സഭയിൽ സമഗ്രമായ ഒരു ശുദ്ധീകരണം അതിന്റെ ഏറ്റവും അടിസ്ഥാന ഘടകത്തിൽ, അതിന്റെ മൂലക്കല്ലിൽ തുടങ്ങേണ്ടതുണ്ടെന്നും അത് ക്രിസ്തീയ കുടുംബം ആണെന്നുമുള്ള ലളിതമായ കണ്ടെത്തലായിരുന്നു അതിനു പിന്നിൽ. അതിനർഥം, ഈ പോപ്പിനെ സംബന്ധിച്ചിടത്തോളം, സഭയെന്നാൽ അതിന്റെ അധികാരശ്രേണിയോ ആരാധനക്കൂട്ടായ്മകളോ അല്ല, മറിച്ച്, ഓരോ വിശ്വാസിയും അവൻറെ/അവളുടെ കുടുംബബന്ധങ്ങളും ആണെന്നുള്ള തിരിച്ചറിയൽ ആണ്. അതുകൊണ്ട് തുടക്കം കുടുംബത്തിൽ തന്നെ ആയിരിക്കേണ്ടതുണ്ട്. ഈ കുടുംബമാകട്ടെ ഇന്ന് വളരെ ആശങ്കാജനകവുമാകുംവിധം സങ്കീർണവും വൈവിധ്യമുള്ളതും ആയിക്കഴിഞ്ഞിരിക്കുന്നു. ഭാര്യയും ഭർത്താവും ഏതാനും കുട്ടികളും എന്ന ഒരുകാലത്തുണ്ടായിരുന്ന ധാരണയിൽനിന്ന് വിട്ടകന്ന്, ഇന്നത്‌ ആണും പെണ്ണും തമ്മിലുള്ള ഒത്തുജീവിതം പോലും ആകണമെന്നില്ല, അത് ആണും ആണും അല്ലെങ്കിൽ പെണ്ണും പെണ്ണും ഒരുമിച്ചുള്ള ജീവിതവും ആകാം എന്നുവരെ ആയിരിക്കുന്നു. Should a couple be frank and ernest, or should one of them be a girl? എന്ന് അറുപതുകളിൽ ബീറ്റിലുകൾ (the Beatles) ഒരു തമാശയുണ്ടാക്കിയിരുന്നു. ആ ചോദ്യത്തിന് അന്നത്തെ ഉത്തരമല്ല ഇന്ന് ഒരാൾ നല്കുക എന്നതുവരെ കാര്യങ്ങൾ മാറിയിരിക്കുന്നു! അത്രയ്ക്കുള്ള സങ്കീർണതയെ ദഹിക്കാൻമാത്രം മനോഭാവനയില്ലാത്ത മുതിർന്ന സഹപ്രവർത്തകരെക്കൂടെ സ്വരുമിപ്പിക്കുക എന്ന ഭഗീരഥപ്രക്രിയ പോപ്പിനെ അലട്ടിയിരുന്നു. അതുകൊണ്ടാണ്‌ കുടുംബമെന്ന ആധുനിക പ്രതിഭാസത്തെപ്പറ്റി പഠിക്കാൻ ആവശ്യത്തിനു സമയം, ഒരു വർഷത്തോളം, അനുവദിക്കേണ്ടിയിരുന്നത്

ഇതുവരെ ദൈവശാത്രപരമായും താത്ത്വികമായും ഓരോന്ന് എഴുതിപ്പിടിപ്പിക്കുകയായിരുന്ന സഭ ഇനിമുതൽ സമകാലിക പ്രശ്നങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി, അവയ്ക്കുതകുന്നത്ര വെളിച്ചം വീശുന്ന ഒരു മാർഗരേഖ - സമഗ്രമായ ഒരു ചോദ്യാവലിയും അവക്കുള്ള ഉത്തരങ്ങളും - കണ്ടെത്തേണ്ടിയിരുന്നു. ആ ലക്ഷ്യത്തോടെയാണ് പോപ്‌ ഫ്രാൻസിസ് നേരിട്ട് നിയമിച്ച എട്ട് കർദിനാളന്മാരുടെ ഒരു ഗ്രൂപ്പ് തക്കതായ ഒരു കർമപദ്ധതി (instrumentum laboris) ഒരുക്കിയത്. അതനുസരിച്ച് ഒരു വർഷത്തോളം നീണ്ട ഒരു പഠനത്തിന് തുടക്കം കുറിച്ചു. ഓരോ പ്രദേശത്തും കുടുംബജീവിതത്തിന്റെ ആധുനിക ചുറ്റുപാടുകളെയും പ്രശ്നനങ്ങളെയും അവയുടെ നിവാരണ മാർഗങ്ങളെയും സംബന്ധിച്ച് ലോകവ്യാപകമായ ഒരു പഠനം ആയിരുന്നു ലക്ഷ്യം. അമേരിക്കയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുമെന്നപൊലെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഈ ചോദ്യാവലി ജനമദ്ധ്യത്തിൽ കൊണ്ടുവരാനും ചര്ച്ചക്കു വിഷയമാക്കാനും അവിടങ്ങളിലെ മെത്രാന്മാർ ആവുന്നത് ശ്രമിക്കയും കിട്ടിയ ഉത്തരങ്ങളിൽ നിന്ന് പൊതുജനാഭിപ്രായം രൂപീകരിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ സമഗ്രമായ ഒരു റിപ്പോർട്ട്‌ റോമിലെത്തിക്കുകയും ചെയ്തു. കർദിനാൾ Lorenzo Baldisseriയുടെ കീഴിൽ പ്രവർത്തിച്ചവർ 2013 നവംബറിൽ, ഒൻപത് വിഷയങ്ങളിൽപെടുന്ന 39 ചോദ്യങ്ങൾ എല്ലാ മെത്രാന്മാർക്കും അയച്ചുകൊടുത്തു. ഓരോ ദേശത്തെയും ആവശ്യമനുസരിച്ച്‌ അവയെ വിപുലീകരിച്ച് ക്രോഡീകരിക്കുക എന്ന ചുമതല ഓരോ രൂപതയുടെയും തലവന്റേതായിരുന്നു. വളരെ വൈകിയിട്ടും നമ്മുടെ മെത്രാന്മാർ ഇക്കാര്യത്തിൽ അനാസ്ഥരായിരിക്കുന്നത് കണ്ടതുകൊണ്ട് ഈ നടപടികളെക്കുറിച്ച് സമയാസമയം വായനക്കാരെ അറിയിക്കാനും തങ്ങളുടെ കടമയെപ്പറ്റി സഭാശുശ്രൂഷകരെ ഒർമിപ്പിക്കാനും ഇന്ത്യയിലെ അല്മായ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് അല്മായശബ്ദം എന്ന ബ്ലോഗും സത്യജ്വാല എന്ന മാസികയും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. Dr. കോട്ടൂർ, ച്ചോട്ടെബായി, സ്വാമി Dr. സ്നേഹാനന്ദ ജ്യോതി തുടങ്ങിയ പ്രഗൽത്ഭരായ മാദ്ധ്യമപ്രവർത്തകരും  ആത്മീയ ശ്രേഷ്ഠരും വ്യക്തിപരമായും പല രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ ഒരുമിച്ചും ഈ വിഷയത്തെ പരാമർശിച്ച് CBCI ക്കും KCBC ക്കും പൊതുവെയും ഓരോരുത്തർക്കും കത്തുകളയച്ചുകൊണ്ടിരുന്നു. എന്നാൽ കഷ്ടമെന്നു പറയട്ടെ, അവരിലാരുംതന്നെ പ്രസ്തുത ചോദ്യാവലിയോട് പ്രതികരിക്കുകയോ പോപ്പിന്റെ നിർദ്ദേശങ്ങളെപ്പറ്റി പള്ളികളിൽ അറിയിക്കുകയൊ ഇന്ത്യയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കുടുംബപ്രശ്നനങ്ങളെ വിലയിരുത്താൻ പോരുന്ന ഏതെങ്കിലും തരത്തിലുള്ള ഗവേഷണത്തിന് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ഉണ്ടായില്ല. അവസാന നിമിഷത്തിൽ KCBC കാക്കനാട്ട് വച്ച് എഴുതിക്കൂട്ടിയ ഒരു റിപ്പോർട്ട്‌ റോമിലേയ്ക്കയക്കുന്നു എന്ന് മാത്രം അരുളപ്പാടുണ്ടായി. അതെന്തായിരുന്നുവെന്ന് ഇന്നുവരെ വിശ്വാസികൾക്കറിവില്ല. കത്തോലിക്കാസഭയുടെ സമഗ്രമായ ഒരു നവീകരണപ്രക്രിയയിൽ ഭാഗികമായിപ്പോലും സഹകരിക്കാതെ, ഈ സമയമെല്ലാം സീറോമലബാർ മെത്രാന്മാർ തങ്ങളുടെ മാർതോമ്മാ പാരമ്പര്യം കേരളത്തിനു വെളിയിലും അമേരിക്കയിലും യൂറോപ്പിലും ആസ്ട്രെലിയായിലും പ്രചരിപ്പിക്കാൻ തത്രപ്പെടുകയാണ് ചെയ്തുകൊണ്ടിരുന്നത്. അനല്പമായ ധനവും ചോദ്യം ചെയ്യപ്പെടാത്ത അധികാരവും അനിയന്ത്രിതമായ സുഖേച്ഛയും അനിവാര്യമായി ജീർണതയുടെ വിത്ത്‌ പേറുന്നതുകൊണ്ട് അവ അനുഭോക്താവിനെ നശിപ്പിക്കും എന്നതിന് ഉത്തമോദാഹരണങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ മെത്രാന്മാർ. കാരണം, അവരെ നയിക്കുന്നത് അഹംമമഭാവങ്ങളാണ്. അവയുടെ പ്രലോഭകശക്തിക്ക് അടിപ്പെട്ടു പോയതുകൊണ്ടാണ് പോപ്പിനോടോ ഇതുവരെ വെറുതേ വിശ്വാസികളെന്നോ അല്മായരെന്നോ വിളിക്കപ്പെട്ടിരുന്ന സഭാപൗരന്മാരോടോ അവരുടെ പ്രസ്ഥാനങ്ങളോടോ സഹകരിക്കാൻ അവർക്ക് ആകാതെപോകുന്നത്.

ആരെയും ലജ്ജിപ്പിക്കുംവിധം സ്വാർഥമതികളായ ഇവിടുത്തെ 'ഇടയന്മാർ' വായിക്കാൻ ഭയപ്പെടുന്ന പലതും കാലത്തിന്റെ ഭിത്തികളിൽ എഴുതപ്പെടുന്നുണ്ട്‌. പതിമൂന്നു രാജ്യങ്ങൾക്ക് (Argentina, Belgium, Brazil, Canada, Denmark, France, Iceland, Netherlands, Norway, Portugal, Spain, South Africa and Sweden) പുറമേ USAയിലെ ഒരു ഡസനോളം സംസ്ഥാനങ്ങളും സ്വവർഗ വിവാഹങ്ങൾ നിയമപരമാക്കിയിട്ടുണ്ട്. രണ്ടു സ്ത്രീകൾ ഒരുമിച്ചുള്ള ദാമ്പത്യബന്ധത്തിന്റെ നിയമസാധുത, ഒരിക്കൽ റദ്ദാക്കിയത്, തിരികെക്കൊണ്ടുവരാൻ ഇന്ത്യയിൽ ശ്രമം നടക്കുന്നുണ്ട്. ഉഗാണ്ടയിൽ സഭയും സർക്കാരും സ്വവർഗരതിക്കാരെ നിഷ്ക്കരുണം വേട്ടയാടുകയാണ്. വിവാഹമോചനങ്ങളിലും വിവാഹിതരാകാതെയുള്ള ബന്ധങ്ങളിലും ഉണ്ടായ വർദ്ധനവ്‌, സഭാപഠനങ്ങളെ വെല്ലുവിളിക്കുന്ന ജനനനിയന്ത്രണം, ഭൂണഹത്യ എന്നിവ, സ്ത്രീയോ പുരുഷനോ ഒറ്റയ്ക്ക് കുട്ടികളെ വളർത്തുക, ദത്തെടുക്കുക എന്നിവയൊക്കെ ലോകമെങ്ങും സഭയെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളാണ്. ഭാരതത്തിലും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും വളരെ വ്യാപകമായി കുടുംബ ശിഥിലീകരണം കൊണ്ടുരുന്നത് ജോലിക്കുവേണ്ടി വേർപിരിഞ്ഞു കഴിയേണ്ടിവരുന്ന ദമ്പതികളുടെ പ്രശ്നങ്ങളാണ്. നമ്മുടെ സമൂഹത്തിൽ മതം, ജാതി, റീത്ത് എന്ന വിഭാഗീയതകൾക്ക് അപ്പുറത്ത് ഏറിവരുന്ന സങ്കരവിവാഹങ്ങൾ വലിയ അത്യാഹിതങ്ങളായിട്ടാണ് സഭാധികാരം കാണുന്നത്. അതിന്റെ പേരിൽ വിശ്വാസികൾ അനുഭവിക്കുന്നത് മറ്റൊരിടത്തുമില്ലാത്ത തിരസ്കരണമാണ്. ആദ്യം പറഞ്ഞ വിഷയങ്ങൾ സിനഡിൽ സൂക്ഷ്മപരിശോധനക്ക് വിധേയമായെങ്കിലും ഭാരതത്തിലെന്നപോലെ പല കിഴക്കൻ രാജ്യങ്ങളിലും ആഫ്രിക്കയുടെ പല പ്രദേശങ്ങളിലും സഭ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി വേണ്ടത്ര പരാമർശം ഉണ്ടായില്ല. അതിന് ഉത്തരവാദികൾ സഭയിലെ പാശ്ചാത്യാധിപത്യവും നമ്മുടെതുപോലെ അന്തർമുഖരും അലസരുമായ പ്രാദേശിക മെത്രാന്മാരുമാണ് എന്ന് സിനഡിൽ വിമർശമുണ്ടായി. നാല് അഭിവന്ദ്യ വ്യക്തികൾ ഇവിടെനിന്ന് സിനഡിൽ ചെന്നിരുന്നെങ്കിലും അവരിലാരെങ്കിലും എന്തെങ്കിലും പറയാനോ ചോദിക്കാനോ തയ്യാറായതായി കേട്ടില്ല. ഇത്ര വലിയ അലംഭാവം പോപ്പിനെ വളരെയധികം നിരാശപ്പെടുത്തിയിട്ടുണ്ടാവണം. തിരിച്ചെത്തിയിട്ടും സഭാപൌരരോട്‌ എന്തെങ്കിലും പറയാൻ അവർ കൂട്ടാക്കിയില്ല!

ഭാരതത്തിലെ മതനേതൃത്വത്തിന്റെ അനാസ്ഥ ഗുരുതരമായിരുന്നെങ്കിലും, പ്രാദേശിക പ്രതിനിധികളായി അല്മായരെയും അജപാലകരെയും പങ്കെടുപ്പിച്ച സിനഡും സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾക്കായുള്ള മൂന്ന് പ്രത്യേക സമ്മേളനങ്ങളും വിജയകരമായിരുന്നു എന്ന് സമാപനസമ്മേളനത്തിൽ പോപ്പിന്റെ വക്താവ്, ഫാ. ഫെദെറികൊ ലൊംബാർദി, അറിയിച്ചു.

സിനഡിലെ ചർച്ചകളിലുടനീളം ബാക്കിയുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുത്തുകൊണ്ട് നിശബ്ദനായി പങ്കെടുക്കുക മാത്രമാണ് പോപ്‌ ഫ്രാൻസിസ് ചെയ്തത്. അവസാന വോട്ടെടുപ്പിൽ പോപ്പിന്റെ ഇംഗിതങ്ങൾക്കനുസൃതമായ ഒരു ഫലമല്ല ഉണ്ടായത്. പ്രായമേറിയ യാഥാസ്ഥിതികരായ കർദിനാളന്മാരുടെ ഭൂരിപക്ഷസാന്നിദ്ധ്യമായിരുന്നു അതിന്റെ കാരണങ്ങളിൽ ഒന്ന്. അക്കാര്യത്തിൽ ഒരു തിരുത്തൽ അത്യാവശ്യമാണെന്ന് പോപ് മനസ്സിലാക്കുകയും ചെയ്തു.

നവംബര്‍ 18 -ാം തിയതി നടന്ന 
സമാപനച്ചടങ്ങിനു ശേഷം രണ്ടാം ദിവസം വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയുള്ള വചനസമീക്ഷയിൽ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: നമ്മുടെ ദേവാലയങ്ങളില്‍ ബലിയര്‍പ്പിക്കപ്പെടുന്നുണ്ട്, ധാരാളം ജനങ്ങള്‍ അതില്‍ പങ്കെടുക്കുന്നുണ്ട്, നൊവേനയും പ്രാര്‍ത്ഥനയുമൊക്കെ മുടങ്ങാതെ നടക്കുന്നുമുണ്ട്, എന്നാല്‍ ഹൃദയകവാടങ്ങളും ദേവാലയ കവാടങ്ങളും ക്രിസ്തുവിനും അവിടുത്തെ മാനസാന്തരത്തിന്‍റെ സുവിശേഷത്തിനും എതിരായി കൊട്ടിയടയ്ക്കപ്പെടുന്നു. സ്വയം പര്യാപ്തതയുടെ ഈ അലംഭാവം അപകടകരമാണ്.

ജരൂസലേം ദേവാലയത്തിലെ ബലികളിലും, പ്രാര്‍ത്ഥനകളുടെ നിയമാനുഷ്ഠാന ക്രമത്തിലും മുഴുകിയിരുന്ന അധികാരികളും ജനങ്ങളും പുരോഹിതരും സമാധാനരാജാവായ ക്രിസ്തുവിനെ അംഗീകരിക്കാതെ പോയെന്നും, അങ്ങനെ ദേവാലയത്തിലെ സ്വയം പര്യാപ്തതയുടെയും സമൃദ്ധിയുടെയും ആഘോഷങ്ങളുടെയും തിമിര്‍പ്പില്‍ രക്ഷകനായ ക്രിസ്തുവിനെതിരെ വാതിലുകള്‍ കൊട്ടിയടച്ചെന്നും, പിന്നെ അവിടുത്തെ അവര്‍ ക്രൂശിച്ചെന്നും പാപ്പാ ലൂക്കായുടെ സുവിശേഷത്തിന്‍റെ അവസാനഭാഗത്തെ ആധാരമാക്കി വ്യാഖ്യാനിച്ചു (ലൂക്കാ 19, 41-44).

ഇന്ന് നമ്മുടെ ദേവാലയങ്ങളും ഇങ്ങനെയുള്ളൊരു സ്വയം പര്യാപ്തതയുടെ സംതൃപ്തിയിലേയ്ക്കും അലംഭാവത്തിലേയ്ക്കും കടന്ന്, അടഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഭാരതത്തിലെ മെത്രാന്മാരെ, വിശേഷിച്ച് സീറോ മലബാർ മെത്രാന്മാരെ, അസ്വസ്ഥമാക്കേണ്ട വാക്കുകളാണിവ.


സമ്മേളനത്തിൽ വോട്ടിനിട്ട 62 വിഷയങ്ങളിൽ മൂന്നെണ്ണം മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ തത്ക്കാലത്തേയ്ക്ക് തള്ളപ്പെട്ടു. അവ 1. സ്വവര്ഗവാദികൾക്കുള്ള ആദ്ധ്യാത്മിക ശുശ്രൂഷ, 2. വിവാഹമോചിതർക്ക് വി. കുർബാന, 3.
സഭയുടെ അനുവാദമില്ലാതെ നടത്തിയ പുനർവിവാഹത്തിന്റെ സാധുത എന്നിവയായിരുന്നു. വോട്ടു ചെയ്ത 183 പേരിൽ പ്രായമേറിയവർ വളരെയുണ്ടായിരുന്നു എന്നത് പാപ്പയുടെ പ്രതീക്ഷകൾക്ക് എതിരായി വർത്തിച്ചുവെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. സാരമില്ല, ഈ വിഷയങ്ങൾ കൂടുതൽ വിശകലനങ്ങൾക്ക് വിധേയമാക്കാൻ ഒരു വർഷം ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞുപോയ സിനഡിന്റെ തുടർച്ചയായി കുടുംബത്തെ സംബന്ധിച്ച് ഒരു ആഗോള കൂടിച്ചേരൽ 2015 സെപ്റ്റംബറിൽ ഫിലാദെൽഫിയായിൽ നടക്കും. ഒരുമാസം കഴിഞ്ഞ് വത്തിക്കാനിൽ നടക്കുന്ന സാധാരണ സിനഡ് അല്ലെങ്കിൽ (മൂന്നാം വത്തിക്കാൻ) കൗണ്‍സിലോടെ ഈ പഠനം പൂർത്തിയാക്കാനാണ് പോപ്‌ ആഗ്രഹിക്കുന്നത്. എല്ലാം അങ്ങേയറ്റം സുതാര്യമാക്കാൻവേണ്ടി, അതിനോടിടക്ക് സിനഡിൽ നടന്ന ചർച്ചകൾ ആഗോളസഭയിൽ ഏവർക്കും വായിച്ചറിയാനും പുനർചിന്തനത്തിനുമായി പ്രസിദ്ധീകരിക്കപ്പെടും. ഇവിടെയും മെത്രാന്മാർ അതിനുള്ള മുൻകരുതലുകൾ എടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ധീരനും ബുദ്ധിമാനുമാണ് പോപ് ഫ്രാൻസിസ്. ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധയൂന്നിയ ഒരാളെ ധീരൻ എന്നാണ് ഉപനിഷത്തുകൾ വിളിക്കുന്നത്‌. ധീരൻ എന്നാൽ 'ധീ' (ബുദ്ധി)യുള്ളവൻ. ധൃ എന്ന ധാതുവിൽനിന്നു വരുന്നതുകൊണ്ട് ധൈര്യവാൻ (ധൃതിമാൻ) എന്ന അർഥവും അതിനുണ്ട്. സഭയിൽ ഒരു നവോഥാനയുദ്ധത്തിനു സമയമായി എന്നദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അതാകട്ടെ, ഗീതാദർശനത്തിനനുസൃതമായി, ആരെയും കീഴടക്കാനുള്ളതല്ല, മറിച്ച്, നമ്മോടുതന്നെയുള്ള യുദ്ധമാണ്. ആത്മതത്ത്വം ഗ്രഹിച്ച്, ഇന്ന് സഭയിൽ വ്യാപകമായിരിക്കുന്ന അനാത്മതത്ത്വത്തെ അതിന്റെ ചെയ്തികളോടെ തള്ളിക്കളയുകയെന്നതാണ് ഈ യുദ്ധത്തിന്റെ പൊരുൾ. അതിന്റെ അടുത്ത ഘട്ടത്തിനായി ഒരുങ്ങാനും പ്രവർത്തിക്കാനും തത്ഫലങ്ങളിൽ ഭാഗഭാക്കുകളാവാനും ഇനിയും നമുക്കവസരമുണ്ട്. നമ്മുടെ സഭാസാരഥികൾ അക്കാര്യത്തിൽ എത്രമാത്രം സഹകരണം കാഴ്ച്ചവയ്ക്കുമെന്നത് അല്മായരെ ആശങ്കാകുലരാക്കുന്നത്ര ഗാഢമായ പര്യാലോചനയർഹിക്കുന്നു. ഇവിടുത്തെ സഭാനേതൃത്വത്തിന് കാലത്തിന്റെ അടയാളങ്ങൾ വായിച്ചുകൊടുക്കാൻ മാത്രം ആന്തരികപ്രഭയുള്ള ദാനിയേലുമാർ ഇവിടെ ഇല്ലെന്നുണ്ടോ? 'ഞാൻ നിന്നെ അളന്നു, നിക്ക് കുറവുണ്ട്' എന്ന മൃദുമന്ത്രണം അവർ കേൾക്കാതിരിക്കുന്നെങ്കിൽ നാശം ഈ സഭയുടേതായിരിക്കും. വളരുന്നതനുസരിച്ച് സഭയുടെ ദൈവസങ്കല്പത്തിനും ദൈവവിശ്വാസത്തിനും തെളിമയുണ്ടാവണം. വിശ്വാസികളെ അതിലേയ്ക്ക് നയിക്കാനാകുന്നവർ മാത്രമാണ് അഭിഷിക്തർ. അവരിൽ മാത്രമാണ് ക്രിസ്തുവിന്റെ ആത്മമുദ്രയുള്ളത്.
Comment:
The word 'catholic' has an etymological meaning and an accepted conceptual meaning in connection with the Roman Catholic church. the first meaning is liberal, including most things etc. A man with catholic tastes, for example. This word of positive implications has been distorted by its use with the Roman Church, which therefore is a mis-nomer. Roman and Catholic ca't go together at all. In this usage the word denotes all that is conservative, self-centered, and restricted to a special group. As far as I understand, it is in that sense that the Pope said 'my God is not a Catholic God'. Thereby he has opted for a God that is all embracing, loving and impartial to the whole of creation or existence. This notion is not acceptable to a Roman Catholic Christian. So your statement "But He is the God of Catholics too" is false. If it were otherwise, all this clamor for change in the church wouldn't have been necessary. 

തോന്ന്യാസങ്ങൾ ഇത്രക്കാകാമോ?

പോട്ടെ, മിണ്ടണ്ടാ, തലയിൽ നിറയെ കച്ചി തിരുകി നടക്കുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം എന്നോർത്തതാണ്. എന്നാലും കോലാഹലത്തിന്റെ വഷളത്തരം നേരിട്ട് അനുഭവിക്കേണ്ടിവന്നപ്പോൾ മിണ്ടാതിരിക്കുന്നതെങ്ങനെ? പാലായുടെ മദ്ധ്യത്തിൽ പൊതുസ്ഥലത്ത് വഴിക്ക് തടസ്സമായി പടുത്തു വച്ചിരിക്കുന്ന കൂറ്റൻ കുരുശുപള്ളി മാതാവിന്റെ നാമത്തിലാണെന്ന് ഇന്നാണ് മനസ്സിലായത്‌. ഇന്ന് (ഡിസംബർ 8 ന് അമലോത്ഭവ തിരുനാൾ) അതിന്റെ ഏതോ ജൂബിലിയാണ് പോലും. ഒന്നാമതേ ഉത്ഭവപാപവും ഒരാളുടെ കാര്യത്തിൽ മാത്രം അത് ഒഴിവാക്കി ദൈവം മുൻകൂട്ടി മേരിയെ അമലോത്ഭവയാക്കിയതും ഒരു യുക്തിക്കും ചേരാത്ത കെട്ടുകഥകളാണ്.  അത് കണ്ടുപിടിച്ചതുതന്നെ എട്ടാം നൂറ്റാണ്ടിലെ ഏതോ ഭക്തശിരോമണിയാണ്! അതിനുമുമ്പ്  പുത്രൻ തമ്പുരാനുള്പ്പെടെ ഒരാളും അങ്ങനെയൊരു സംശയം പോലും ഉയർത്തിയില്ല. തോമസ്‌ അക്വീനാസ് തുടങ്ങിയ പണ്ഡിതർ അതിനെ ചേദ്യം ചെയ്തിട്ടുള്ളതാണ്. ഫലമുണ്ടായില്ല. ആ വിഷയത്തെക്കുറിച്ച് പാപ്പാമാർ വരെ നോവലുകൾ എഴുതിത്തുടങ്ങി.


ഏതായാലും പാലായിലെ ആ കുരിശുപള്ളിയുടെ ജൂബിലിക്കായി ഇന്ന് പാലാ ടൌൻ മൊത്തം സാധാരണ യാത്രക്കാർക്ക് ദുർഗതമാക്കിയിരിക്കുകയാണ്. കിളച്ചുമുടിചിട്ടിരിക്കുന്ന വേറൊരു വഴിയിലൂടെ ഒരു മല കയറി കറങ്ങി ഒരു മണിക്കൂറോളം നഷ്ടപ്പെടുത്തിയാണ് വണ്ടികളെല്ലാം ട്രാസ്പോര്ട്ട്  സ്റ്റാന്റിൻറെ പരിസരത്തെത്തുന്നത്. ഇതെന്നാ, പാലാ മൊത്തത്തിൽ കത്തോലിക്കർക്ക് എഴുതിക്കിട്ടിയതാണോ? അന്യ ജാതിക്കാരും ഇത്തരം ഊളത്തരത്തിൽ വിശ്വസിക്കാത്തവരും എന്തിന് കണ്ണടച്ച് ഈ ഒച്ചപ്പാടും ബഹളവും യാത്രതടസ്സവും സഹിക്കണം, ഈ തോന്ന്യാസങ്ങൾ വകവയ്ക്കണം? മാണിയും കൂണിയും ആൻറോ ആന്റണിയുമൊക്കെ പാട്ടിലുണ്ടെന്നു വച്ച് പാലാ മെത്രാന് ഇടയ്ക്കിടയ്ക്ക് ഇത്തരം തോന്ന്യാസം കാണിക്കാമോ? ചോദിക്കാനല്ല, തല്ലാൻ ആളില്ലാഞ്ഞിട്ടാണെന്നേ ഞാൻ പറയൂ.

ആഘോഷം വേണമെങ്കിൽ സ്റ്റേഡിയമോ ഫുട്ബോൾ ഗ്രൌണ്ടോ വാടകക്കെടുത്ത് അവിടെ ടാബ്ലോയോ നാടകമോ എന്ത് കുന്തമോ നടത്താമല്ലോ? വേണ്ടവർക്ക് പോയിരുന്ന് ആർത്തുവിളിച്ച് രസിക്കാം. താത്പര്യമില്ലാത്തവർക്ക് ശല്യമില്ലാതെ പൊതുവഴി ഉപയോഗിക്കാം. അതൊരൗദാര്യമല്ല, അവകാശസംരക്ഷണമാണ്. സംസ്കാരമുള്ള സമൂഹത്തിൽ അങ്ങനെയാണ് മനുഷ്യർ പെരുമാറുക. പൊതുശല്യമാകും വിധം മൈക്കുവച്ചും യാത്രക്കാരെ ബുദ്ധിമുട്ടിച്ച് വഴി തടഞ്ഞും ഒരു കോപ്രായവും കാട്ടിക്കൂട്ടരുതെന്ന് ഇവിടെയും നിയമമുണ്ട്. അവയൊക്കെ എല്ലാവരെയും ബാധിക്കുന്നവയാണ്. പക്ഷേ, ഉണ്ടാക്കുന്നവർ തന്നെ നിയമങ്ങൾ ലഘിക്കാനുള്ള അനുമതിയും കൊടുക്കുന്നു. കള്ളും കോഴയും കോഴിക്കാലും കൊടുത്താൽ കിട്ടാത്ത വകയൊന്നും ഈ നാട്ടിലില്ലല്ലോ. അവയ്ക്ക് മുമ്പിൽ കൂര വളയ്ക്കാത്ത മാന്യന്മാരുമില്ല.

പാലാമെത്രാന്മാരുടെ ആശീർവാദത്തോടെ അച്ചന്മാർ കാട്ടിക്കൂട്ടുന്നത് പരമ പോക്രിത്തരമാണ്. ഇതിനെതിരായി പൊതുജനം പ്രതികരിക്കണം. ഓരോ സമുദായവും അതാതിന്റെ ഓരോ വിശ്വാസത്തിന്റെ ഉമ്മാക്കി കാണിച്ച് സാധാരണ ജനത്തെ ഇങ്ങനെ അലട്ടരുത്. ആവശ്യത്തിനു വിവരമില്ലാത്ത മെത്രാനെയും മന്ത്രിയെയും നിലക്ക് നിർത്താൻ ജനാധിപത്യത്തിൽ വഴികളുണ്ട്. അതുപയോഗിക്കണം. അത് ആരംഭിക്കേണ്ടത് ഇത്തരം തോന്ന്യാസങ്ങൾക്കെതിരെ പൊതുജനാഭിപ്രായം രൂപികരിക്കുക വഴിയാണ്. ഏതു ഊളനും പൂളനും എന്ത് ഓക്കത്തരവും കാട്ടിക്കൂട്ടാവുന്ന ഒരേർപ്പാടല്ല ജനാധിപത്യവും അതിനെ ബഹുമാനിക്കുന്ന ജനങ്ങളുടെ പൊതുജീവിതവും. ഇന്നേദിവസം പാലായിൽ യാത്രാക്ഷീണവും സമയനഷ്ടവും അനുഭവിച്ച പൌരന്മാരെങ്കിലും ശക്തമായി പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നു.


ശുദ്ധമാന തട്ടിപ്പ്!

വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവും ആവശ്യമില്ല എന്നാണു കത്തോലിക്കാ സഭ എല്ലായിടത്തും വെളിപ്പെടുത്തുന്നത്. ഇന്ന് ഞാൻ അരുവിത്തുറ പള്ളിയുടെ ചുറ്റുമൊന്നു നടന്നു. കണ്ടതെല്ലാം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കന്നവ മാത്രം. കുരിശിന്റെ മുകളിൽ എണ്ണയൊഴിക്കൽ, പള്ളിയുടെ തന്നെ കടയിൽനിന്ന് ഓരോ കൂട് മെഴുകുതിരി വാങ്ങി ദഹിപ്പിക്കൽ തുടങ്ങിയവ. മെഴുകുതിരികൾ നാട്ടി നിറുത്താൻ സ്ഥലമില്ലാത്തതിനാൽ കെട്ടോടെ അവ ആളിക്കത്തുന്ന തിരികളുടെ മുകളിൽ ഇടുകയാണ് എല്ലാവരും തന്നെ ചെയ്യുക. ഇതെന്തിന്റെ പ്രതീകമാണ്, ആ! ഒരഴിക്കുള്ളിൽ ഒരു കന്യാസ്ത്രീ കുര്ബാനക്കും നേര്ച്ചകൾക്കും മറ്റുമുള്ള കാശ് വാങ്ങാൻ ഇരിക്കുന്നു. പുറത്ത്, വിവിധ തരം കുര്ബാനകളുടെ വില എഴുതിയ ബോര്ഡ് ഉണ്ട്. സാധാരണ കുര്ബാനക്ക് 75 രൂപാ, പാട്ട് കുര്ബാനയ്ക്ക് 150. നടതുറന്ന് പന്ത്രണ്ടു തിരികത്തിച്ചുള്ള കുര്ബാനക്ക് 250. ആദ്യത്തേതും മൂന്നാമത്തേതും തമ്മിൽ ഫലത്തിൽ എത്ര വ്യത്യാസം വരും എന്ന് ഞാൻ കന്യാസ്ത്രീയോടു ചോദിച്ചു. അതെനിക്കറിയില്ല, അച്ഛനോട് ചോദിക്കാനാണ് എന്ന് തുറിച്ചു നോക്കി അവർ പറഞ്ഞത്. 

ഓരോ കുര്ബാനക്കും അതിരില്ലാത്ത വിലയാണെന്ന് വേദപാഠം. അപ്പോൾ ഈ പല കുർബാനതന്നെ ഓരോരുത്തരും കാശുകൊടുത്ത് ചൊല്ലിക്കുന്നത് എന്തിനാണ്? കാശ് മേടിക്കുന്നതല്ലാതെ ഇതിന്മാത്രം കുർബാനകൾ ഇവർ ചൊല്ലുന്നുണ്ടോ എന്ന് ആരറിഞ്ഞു? അതോ നൂറു പേർ ആവശ്യപ്പെട്ടാലും ഒറ്റ ഒരെണ്ണം ചൊല്ലിയിട്ട്‌ എല്ലാവരുടെയും പേരില് എന്നങ്ങ് കാച്ചുകയാണോ ഇവരുടെ സൂത്രം? പോപ്‌ ഈയിടെയാണ് പറഞ്ഞത്, കൂദാശകൾക്കൊന്നും കാശ് വാങ്ങരുത്, അത് വൈദികപാപമാണ്, വിശ്വാസികൾ പരമ്പരാഗതമായ ഈ തട്ടിപ്പിനെ എതിർത്ത് തോൽപ്പിക്കണമെന്ന്. ഒരു വിശ്വാസിക്കും അതിനുള്ള വെളിവോ ധൈര്യമോ ഇല്ല. എന്നുവച്ച്, പോപ്പിന്റെ പോലും അനുശാസനങ്ങളെ അവഗണിച്ച്, രാപകലില്ലാതെ മനുഷ്യരെ വഞ്ചിച്ച് ഇങ്ങനെ കാശുണ്ടാക്കുന്നവർ ഏതു സുവിശേഷത്തെ അല്ലെങ്കിൽ ഏതു യേശുവിനെയാണ് അരുവിത്തുറ പള്ളിയിലെയും മറ്റും വികാരിമാർ വിലമതിക്കുന്നത്? ഇതൊക്കെ പകല്ക്കൊള്ളയും മറയില്ലാത്ത കവര്ച്ചയുമല്ലേ? ക്രിസ്ത്യാനികൾ ഇത്ര വലിയ ഉമ്മാക്കികളാണോ. ഇതൊക്കെ ചെയ്യാൻ പുരോഹിതരുടെ പുറകിൽ ക്യൂ നില്ക്കുന്ന മനുഷ്യർക്ക്‌ ചിന്താശാക്തി ഒട്ടുമില്ലേ? ക്രിസ്ത്യാനികൾ ചെയ്യുന്ന ഏതെങ്കിലും കർമ്മങ്ങളിൽ എവിടെയാണ് വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധം? ശുദ്ധമാന തട്ടിപ്പ് നടക്കുന്ന ഒരു പ്രസ്ഥാനം എന്നല്ലാതെ കത്തോലിക്കാ സഭയെപ്പറ്റി എന്ത് പറയാൻ! 

താലികെട്ട് ഇങ്ങനെയും?


താലികെട്ട് ഇങ്ങനെയും?


പാലായില്‍ നിന്നിറങ്ങുന്ന താളിയോല മാസികയില്‍ (എഡിറ്റര്‍ - ശ്രീ പി.വി. എബ്രഹാം) രണ്ടായിരത്തിയെട്ടില്‍ പ്രസിദ്ധീകരിച്ച ഒരഭിമുഖമാണ് താഴെ കാണുന്നത്.

റിപ്പോര്‍ട്ടര്‍:  വളരെ വ്യത്യസ്തമായ രീതിയില്‍ ഒരു കല്ല്യാണം ഇന്നിവിടെ ആഘോഷിക്കപ്പെടുന്നു എന്നറിഞ്ഞതുകൊണ്ട് വന്നതാണ്. ഞാന്‍ താളിയോലമാസികയുടെ റിപ്പോര്‍ട്ടറാണ്. ദയവായി ഏതാനും ചോദ്യങ്ങള്‍ക്കുത്തരം തരണം.

 ചാക്കോച്ചേട്ടന്‍‍:  അതിനെന്താ? വധുവിന്റെ പിതാവാണ് ഞാന്‍. എന്തൊക്കെയാണറിയേണ്ടത്?

റിപ്പോര്‍ട്ടര്‍:  
ചിലതൊക്കെ ഇതിനകം നിങ്ങളെപ്പറ്റി ഞാന്‍ ചോദിച്ചറിഞ്ഞു. അതായത്, ഈ പ്രദേശത്ത് അറിയപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന, കുടുംബങ്ങളാണ് വധൂവരന്മാരു
ടേത്‌. ഇരുവരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ജോലിക്കാരുമാണ്.  ഈ കല്ല്യാണച്ചടങ്ങ്‌  വളരെ വ്യത്യസ്തമായിരിക്കുമെന്നുള്ള സൂചന പലര്‍ക്കും കിട്ടിയിരുന്നു. എന്നാല്‍ അതിത്രയും ലളിതമായിരിക്കുമെന്നോര്‍ത്തില്ല. എന്താണിതിനു പിന്നിലെ കാഴ്ചപ്പാടുകള്‍?

ചാക്കോച്ചേട്ടന്‍‍:  ഈ ചടങ്ങ് ഇങ്ങനെയായത് എന്റെ മകളുടെയും അവളുടെ വരന്റെയും ആഗ്രഹപ്രകാരമാണ്. ധൂര്‍ത്ത് ഒട്ടുമില്ലാതെയും ഒരു വിവാഹം ഭംഗിയായി നടത്താമെന്ന് ഈ നാട്ടുകാര്‍ക്ക് മനസ്സിലാക്കികൊടുക്കുക എന്നൊരുദ്ദേശ്യം  അവര്‍ക്കുണ്ടായിരുന്നു. അവരിരുവരുടെയും കുടുംബങ്ങള്‍ക്കും, വിശേഷിച്ച് ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് അതിനോട് ഏറ്റവും അനുകൂലമനോഭാവമാണുണ്ടായിരുന്നത്.

റിപ്പോര്‍ട്ടര്‍:  അതു വളരെ നല്ല കാര്യമാണ്. ഞാന്‍ ശ്രദ്ധിച്ചതിലൊന്ന്, സുന്ദരമെങ്കിലും വളരെ ലളിതമായ നാടന്‍ വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്‌ എന്നതാണ്. വധുവിന്റെ കഴുത്തില്‍ ഒരു ചെറിയ മാല മാത്രമേ കാണുന്നുള്ളൂ. ഒരു വിവാഹത്തെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വളരെയപൂര്‍വമാണല്ലോ.

ചാക്കോച്ചേട്ടന്‍‍:  ശരിയാണ്. വിവാഹമൊരു പ്രത്യേകാവസരം തന്നെ. എന്നാല്‍ അതിന്റെ പേരില്‍, പിന്നീടൊരിക്കലുമുപകരിക്കാന്‍ പോകുന്നില്ലാത്ത, വിലക്കൊഴുപ്പും മോഡിയും കാണിക്കുന്ന ഡ്രെസ്സിനും ആഭരണങ്ങള്‍ക്കുമായി പണം ചെലവാക്കുന്നത് ദുര്‍വ്യയമാണ്. തന്നെയല്ലാ, എപ്പോഴും തന്നെ, ഇത്തരമവസരങ്ങളില്‍ കാണുന്നതെന്തെന്നാല്‍, പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ശരീരഭംഗിയെല്ലാം കളഞ്ഞുകുളിക്കുന്ന വിധത്തിലുള്ള മേയ്ക്കപ് ചെയ്താണ് പെണ്‍കുട്ടികള്‍ വിവാഹത്തിനെത്താറുള്ളത് - കൈത്തണ്ടയും കാലും, എന്തിന്, മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന സ്വാഭാവികമായ ലോമമുദ്രകള്‍ പോലും വടിച്ചുകളഞ്ഞ്, പപ്പുപറിച്ച കോഴിപോലെ.  ലാളിത്യമാണ് സൌന്ദര്യമെന്നു ചെറുപ്പം മുതല്‍ ഞാനെന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിരുവരുടെയും ഈ തീരുമാനം എന്നെ വളരെ സന്തുഷ്ടനാക്കിയെന്നു പറയാതെ വയ്യ.

റിപ്പോര്‍ട്ടര്‍:  അതു മാത്രമല്ലല്ലോ, ഇത്തരമവസരങ്ങളില്‍ കാണാറുള്ളതുപോലെയുള്ള പൂമാലകളും ചെണ്ടുകളും പോലും ഇവിടെ ഉപയോഗിക്കുന്നില്ലെന്ന് തോന്നുന്നു.

ചാക്കോച്ചേട്ടന്‍‍:  അതേ. അതും ഒരു നല്ല കാഴ്ചപ്പാടിന്റെ ഫലമാണ്. പൂക്കള്‍ ഏറ്റം ഭംഗിയായി നില്കുന്നത് തള്ളച്ചെടിയിലാണ്. അവയെ അറുത്തുമാറ്റുക ഒരുതരം വിവരമില്ലായ്മ തന്നെയല്ലേ? അതൊക്കെ വെറും അന്ധമായ അനുകരണത്തിന്റെ രീതികളില്‍പെടുന്നു. 

റിപ്പോര്‍ട്ടര്‍: മറ്റൊരു വിഷയം. ധാരാളം അതിഥികളെ ക്ഷണിച്ചിട്ടുണ്ടല്ലോ. എന്നാല്‍ ഇവരെല്ലാം നേരിട്ട് ഈ ഹാളിലെത്തുകയാണ് ചെയ്തിട്ടുള്ളത് എന്നറിഞ്ഞു. അതായത്, പള്ളിയിലെ ചടങ്ങിനാരും ചെന്നില്ലെന്നാണോ?

ചാക്കോച്ചേട്ടന്‍‍:  ഓ, അങ്ങനെയല്ല. പള്ളിയിലെ ചടങ്ങ്തന്നെ വേണ്ടെന്നുവയ്ക്കുകയായിരുന്നു. അങ്ങനെയൊന്ന്   ആവശ്യമില്ലെന്ന്, ഞങ്ങള്‍ ഇരുകുടുംബാംഗങ്ങളും തീരുമാനിച്ചു. താലികെട്ട് എന്ന കര്‍മ്മം ഇവിടെ, ഈ ഹാളില്‍വച്ചുതന്നെയങ്ങ് നടത്തി.   

റിപ്പോര്‍ട്ടര്‍: അതും അസ്സാധാരണമാണല്ലോ. പക്ഷേ, ക്രിസ്ത്യന്‍ സമുദായം വിവാഹത്തെ ഒരു കൂദാശയായിട്ടാണല്ലോ കരുതുക?

ചാക്കോച്ചേട്ടന്‍‍:  അതിനെന്ത്? വിവാഹമെന്ന കൂദാശയിലെ കാര്‍മ്മികര്‍ വധൂവരന്മാര്‍തന്നെ ആണെന്നാണല്ലോ സഭ പഠിപ്പിക്കുന്നത്. അപ്പോള്‍, ഒരു വൈദികന്റെ സേവനം അതിനാവശ്യമേയില്ല. പ്രായപൂര്‍ത്തിയായ ആണും പെണ്ണും പരസ്പരം വാക്ക്കൊടുത്ത് ഭാര്യാഭര്‍ത്താക്കന്മാരാകുകയാണ് വിവാഹത്തില്‍ സംഭവിക്കുന്നത്‌. സാക്ഷികളുടെ മുമ്പില്‍വച്ച് അതു നടക്കുമ്പോള്‍ അത്, കൂദാശ എന്നതിനൊപ്പം, സമുദായവും അംഗീകരിച്ച ഒരു ബന്ധമായിത്തീരുന്നു. അത്രയല്ലേ വേണ്ടൂ? അതിന് ഒരു വൈദികന്റെ സാന്നിദ്ധ്യം ഒട്ടുമാവശ്യമില്ലതന്നെ. ഇതൊക്കെ താത്ത്വികമായി ഏവര്‍ക്കുമറിയാം. എന്നാലും പള്ളിയിലെ വിപുലമായ ചടങ്ങും കഴിയുന്നത്ര വൈദികരുടെ സാന്നിദ്ധ്യവും മറ്റും പള്ളിതന്നെ പ്രോത്സാഹിപ്പിക്കുന്നു. എവിടെയും ഒരു പിടുത്തം അവര്‍ക്ക് വേണമെന്നതുകൊണ്ടാണത്. ഇതൊന്നും ഒഴിച്ചുകൂടാനാവാത്തതല്ല. പള്ളിയില്‍വച്ച് കെട്ടിയില്ലെങ്കിലും വിവാഹം ഒരു കൂദാശതന്നെയാണെന്ന കാര്യം ഇന്നും പലര്‍ക്കും അറിയില്ലെന്നത് കഷ്ടമാണ്. അത്തരം കാര്യങ്ങള്‍ പറയാനും പഠിപ്പിക്കാനും പള്ളിക്ക് ഭയമാണെന്നതാണ് സത്യം.

റിപ്പോര്‍ട്ടര്‍: അപ്പോള്‍, നിങ്ങളാരുമിന്നു പള്ളിയില്‍ എത്തിയതേയില്ല?

ചാക്കോച്ചേട്ടന്‍‍:  ഈ ചടങ്ങുമായി ബന്ധപ്പെട്ടാണെങ്കില്‍‍, ഇല്ല. അതിഥികളെല്ലാമെത്തിയപ്പോള്‍, നിങ്ങള്‍ കണ്ടതുപോലെ, വരന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടുകയും, ഞങ്ങള്‍ മാതാപിതാക്കള്‍ അവരെ തലയില്‍ കൈവച്ചനുഗ്രഹിക്കുകയും ചെയ്തു, അത്ര തന്നെ. എല്ലാം വളരെ ഹൃദ്യമായും ഭംഗിയായും നടന്നു എന്നുതന്നെ പറയാം. ഇനി, ഇന്നുതന്നെയോ, നാളെയോ, എന്റെ മകളും അവളുടെ വരനും രണ്ടുമൂന്നു പേരുമായി പഞ്ചായത്ത് ഓഫീസില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യും. അതോടേ, എല്ലാം ശുഭം!

റിപ്പോര്‍ട്ടര്‍: ഞാനുമതിനോട് വളരെ യോജിക്കുന്നു. നാട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നുകൂടി പറയുമോ?

ചാക്കോച്ചേട്ടന്‍‍:  അതു നിങ്ങള്‍ നേരിട്ട് കണ്ടതാണല്ലോ. ഏവരും നീണ്ട കൈയടിയോടെ സംഭവം വളരെ നന്ന് എന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്‌, വീഡിയോക്കാരുടെ വെറുപ്പിക്കുന്ന ഇടപെടലില്ലാതെ, നാട്ടുകാരും സുഹൃത്തുക്കളും ഇരുന്നുണ്ണുന്നു, സ്വസ്ഥമായി സംഭാഷണം നടത്തുന്നു. 

റിപ്പോര്‍ട്ടര്‍: വളരെ ശരിയാണത്. അവസാനമായി, ഒന്നുകൂടി ചോദിക്കട്ടെ. ഒത്തുകല്യാണവും  ഇതുപോലെ ലളിതമായിരുന്നോ?

ചാക്കോച്ചേട്ടന്‍‍: അതല്ലേ ഞങ്ങളുടെ മക്കളുടെ ഏറ്റം ബുദ്ധിയുള്ള തീരുമാനം.  ഒത്തുകല്യാണം പാടേ ഉപേക്ഷിക്കാനാണവര്‍  ആഗ്രഹിച്ചത്‌. അതുകൊണ്ടുണ്ടാകുന്ന ധൂര്‍ത്ത് ഒഴിവാക്കി, പാവപ്പെട്ട ഒരു കുടുംബത്തില്‍ ഒരു വിവാഹം നടത്തിക്കൊടുക്കാമെന്നാണ്  അവരുടെ പ്ലാന്‍. അതും ഞങ്ങള്‍ അഭിമാനത്തോടെയംഗീകരിച്ചു. ഓ, അതൊന്നും ഒഴിവാക്കാനാവില്ലെന്നേ എന്ന്  മിക്കവരും മേനിപറയുന്ന പലതും ബാലിശമായ കോലാഹലങ്ങളാണെന്ന് ഞങ്ങളുടെ മക്കള്‍ ഇതോടെ തെളിയിച്ചിരിക്കുന്നു. ഈ രീതി കണ്ടുപഠിക്കാന്‍ ഇന്നാട്ടിലെ ചെറുപ്പക്കാര്‍ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ വലിയ പ്രതീക്ഷ. 

റിപ്പോര്‍ട്ടര്‍:  ഞാനും അതാഗ്രഹിക്കുന്നു, സാറേ.  ഇങ്ങനെയൊരു വിശേഷ ചടങ്ങില്‍ പങ്കുചേരാനായതില്‍ വളരെ സന്തോഷിക്കുന്നു. ഈ റിപ്പോര്‍ട്ട് ഇന്നാട്ടിലെ ജനം നന്നായി സ്വീകരിക്കുമെന്നുതന്നെയാണെന്റെയും പ്രതീക്ഷ. വളരെ നന്ദി.