എന്നെ തേടിയുള്ള യാത്ര (3)

ഉപനിഷദീയം


ആത്മാവുമൊത്ത്   ഞാന്‍  നടക്കാനിറങ്ങി.  വഴിയില്‍ ശ്രദ്ധിച്ചവ കുറിച്ചുവച്ചു. അവയെ മറ്റാരെങ്കിലുമായി പങ്കുവയ്ക്കുവാന്‍ കൊതിച്ചു. ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരാളുണ്ടെങ്കില്‍, "എല്ലാം ചെന്നെത്തുകയും എല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പൂര്‍ണതയില്‍ നീയും ഞാനുമുണ്ട്, വളരെ അടുത്തു തന്നെ" എന്ന് പറഞ്ഞുകൊണ്ട്  തുടങ്ങട്ടെ.

ഒരു മുട്ട വിരിയുന്നു, ഒരു പൂവ് വിടരുന്നു, ഒരു സ്നേഹമുദിക്കുന്നു: യഥാക്രമം ജീവന്‍, സൌന്ദര്യം, സൌരഭ്യം. ഇവിടെയെല്ലാം ആസ്വാദകനായി ആരോ അരികെയുണ്ട്, നാം കാണുന്നും അറിയുന്നും  ഇല്ലാത്തപ്പോഴും.  ഈ സൃഷ്ടിതാളങ്ങളെല്ലാം ആത്മ-ബ്രഹ്മസംയോഗത്തിന്റെ പ്രകടനങ്ങളാണ്. അതുകൊണ്ടാണ്  ഇവിടെയെല്ലാം ജീവോത്സവവും ആനന്ദവും അനുഭവവേദ്യമാകുന്നത്. 

ഹൃദയാഹ്ളാദത്തിലേയ്ക്കും സൌഹൃദത്തിലേയ്ക്കും നയിക്കുന്ന ഒറ്റ വഴിയേ ഉള്ളൂ - അദ്വൈതത്തിന്റേത് - എന്ന സത്യമാണ് ഉപനിഷത്തുകളിലൂടെ ഉരുത്തിരിയുന്നത്.  വ്യാഖ്യാനങ്ങള്‍ സഹായകമാകാമെങ്കിലും, മൂല്യവാക്യങ്ങളിലൂടെ പരതിനടന്നാല്‍, ചില  വെളിപാടുകള്‍ നമുക്കും ലഭ്യമാകണം എന്ന ധൈര്യമവലംബിച്ച്,  ഞാനും വായന തുടങ്ങി. പലയിടങ്ങളിലും സ്തബ്ധനായി നിന്ന്   വിചാരം പൂണ്ടു. നേരിട്ട്   ഇടപെടുന്നില്ലാത്തിടത്തും എനിക്കും നിനക്കും പങ്കുണ്ട്,  നന്മയായതും പുളകമണിയിക്കുന്നതും എവിടെയായിരുന്നാലും, അതു നമ്മുടേതുകൂടിയാണ്  എന്നൊക്കെയാണ്  ഉപനിഷദ്ജ്ഞാനത്തിന്റെ പൊരുള്‍ എന്നിടം വരെയെത്തി. ഇവ്വിധ ചിന്താകിരണങ്ങള്‍ ജീവിതസമസ്യകളില്‍ പ്രകാശവും ആത്മധൈര്യവും പകരുമെന്ന്  അനുഭവിച്ചറിയുകയും ചെയ്തു.

എന്നാല്‍,  ഉള്ളില്‍ ഗ്രഹിക്കുന്നവയും ആഗ്രഹിക്കുന്നവയും വര്‍ത്തമാനവൃത്തികളില്‍ കൊണ്ടുവരുവാന്‍ തടസ്സമേറുമ്പോള്‍, തിന്മയെപ്പറ്റി ബോധമുണരുന്നു. ഒഴുക്കാണ് നന്മയുടെയും പ്രകാശത്തിന്റെയും  പ്രഥമ ഗുണം. ഒഴുക്കിനെ തടയുന്നതെല്ലാം അഴുക്കാകുന്നു. അതുകൊണ്ടാണ്  പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടാതെ, എന്റേത്,  നിന്റേത് എന്ന ചിന്ത ഉറച്ചുപോയിടത്ത്  മനുഷ്യത്വം മുരടിച്ചുപോകുന്നത്. "അയം നിജ: പരോവേതി ഗണനാ ലഘു ചേതസാം." (എന്റേത് അപരന്റേത്  എന്ന ചിന്ത ചെറിയ മനസ്സിന്റേതാണ്.) ഒരാള്‍ക്ക്‌ മാത്രമായി എന്തെങ്കിലും മാറ്റിവയ്ക്കുക നന്മയായി ഉപനിഷത്തുകള്‍ അംഗീകരിക്കുന്നില്ല. എന്നില്‍ വന്നുനിറയുന്നവ കവിഞ്ഞൊഴുകി അന്യരിലേയ്ക്കും പ്രവഹിക്കുമ്പോള്‍ മാത്രമേ സമ്പന്നതയും സന്തുഷ്ടിയും സംജാതമാകൂ. കൂട്ടിവയ്ക്കുക ആത്മനിഗ്രഹത്തിനു തുല്യമാണ്.

വിഭജനമാണ് , വേദനകള്‍ക്കെല്ലാം നിദാനമെന്ന് ഉപനിഷത്തുകള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു.  എല്ലാ ധര്‍മത്തിന്റെയും അന്തിമലക്ഷ്യം സംയോജനമാണ്. ഈ രഹസ്യത്തിലേയ്ക്ക് ഉള്‍ക്കാഴ്ച ലഭിക്കുന്നതോടെയാണ്  വിശുദ്ധിയുടെ ആരംഭം. ഈ വിശുദ്ധിയിലൂടെ ഭാവഭേദങ്ങളെല്ലാം ഒരേയൊരു പൂര്‍ണതയുടെ ഭാഗമായിത്തീരുന്നു. ഇപ്രകാരം വിഭാവനം ചെയ്യപ്പെടുന്ന പൂര്‍ണതയെയാണ്  ദിവ്യത അല്ലെങ്കില്‍ ദൈവം എന്ന സംജ്ഞകൊണ്ട്  മനസ്സിലാക്കേണ്ടത്.  ഈ ഏക ദൈവികത്വത്തില്‍നിന്നു വ്യതിചലിച്ച്  , ഇതിലല്ലെങ്കില്‍ മറ്റൊന്നിലാണ് നന്മ, മേന്മ, സന്തോഷം എന്നുള്ള വേര്‍തിരിവിനു വഴിപ്പെടുന്നതിനെയാണ് വിഗ്രഹാരാധനയായും പാപമായും ആത്മീയഗുരുക്കന്മാര്‍ അപലപിചിട്ടുള്ളത്. എല്ലാ വേദനകളുടെയും ഉദ്ഭവം ഈ വക വേര്‍തിരിവുകളിലാണ്. വേര്‍തിരിവുകളെ സൃഷ്ടിക്കുന്ന പ്രധാന ഘടകം നമ്മുടെ വല്ലാത്ത ശരീരാവബോധമാണ്  -  " ഞാന്‍ ഈ ശരീരമാണ് " എന്ന  അപക്വവും എന്നാല്‍ വിട്ടുമാറാത്തത്തതുമായ ചിന്തയാണ്.

എല്ലാ വേദനകളില്‍ നിന്നും മുക്തി തേടിയലഞ്ഞ പൂര്‍വസൂരികള്‍ നമുക്ക്  കാണിച്ചുതന്നതാണ്  ഉപനിഷത്തിന്റെ വഴി. അറിഞ്ഞവരുടെയടുത്തിരുന്ന്, ശ്രദ്ധിച്ചുകേട്ടു പഠിക്കുക എന്നാണല്ലോ ഉപനിഷത്ത് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  അടുപ്പം അനുവദിക്കുക, അന്യോന്യമുരിയാടുന്ന വാക്കുകളുടെ അര്‍ത്ഥസാന്ദ്രതയിലേയ്ക്ക് അലിഞ്ഞിറങ്ങി അവയെ ഉള്‍ക്കൊള്ളുക എന്നതിലാകുന്നു അന്വേഷിയുടെ വിജയരഹസ്യം. രാഗാനുരാഗങ്ങളിലൂടെയുള്ള ലയവും ഒഴുക്കുമാണ് സ്നേഹം എന്ന്  പറയുമ്പോഴും,  ശരീരങ്ങളല്ല, ആത്മങ്ങളാണ്  ഇവിടെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. പരസ്പരം ഇതനുഭവിക്കുന്നവര്‍ പറയുന്നു: "നീ അടുത്തുള്ളപ്പോള്‍, എന്റെ ബുദ്ധിയും ഹൃദയവും ഒന്നായിത്തീരുന്നു. ഇവ രണ്ടുകൊണ്ടും ഞാന്‍ കെട്ടിപ്പുണരുന്ന നീയും ഞാനും മറഞ്ഞുപോയി, (ശരീരങ്ങള്‍ സൃഷ്ടിക്കുന്ന  ബന്ധനങ്ങളില്‍ നിന്നു സ്വതന്ത്രരായി) ആത്മാവില്‍ നാം ഒന്നായിത്തീരുന്നു."

തൈത്തിരിയോപനിഷത്തില്‍ ഭൃഗു എന്ന യുവാവ്  ബ്രഹ്മത്തെ തേടിയിറങ്ങുന്നു. അന്നം, മനസ്സ്, ജ്ഞാനം എന്നിവയൊക്കെയാണ്  ബ്രഹ്മം എന്ന് ധരിച്ചുവശായി, അയാള്‍ തന്റെ പിതാവും ഗുരുവുമായ വരുണന്റെ അടുത്തെത്തുമ്പോള്‍ , പോയി ഇനിയും തിരയുക എന്ന ഉപദേശവുമായി അവന്‍ തിരിച്ചയയ്ക്കപ്പെടുകയാണ്. അവസാനം, ആനന്ദമാണ് ബ്രഹ്മം എന്ന ബോദ്ധ്യത്തോടെ വരുമ്പോള്‍ മാത്രമാണ് , അച്ഛന്‍ സംതൃപ്തനാകുന്നത്. (തൈത്തി. III, അ.1-6)

ഈ പറയുന്ന ആനന്ദത്തിന്റെ  ഉറവിടമെവിടെ? അസ്തിത്വമെന്നത് വെറുമൊരു ജഡപ്രക്രിയ മാത്രമല്ല. ശ്രദ്ധിക്കുമെങ്കില്‍, "അതിനപ്പുറത്ത് എന്തുണ്ട്?" എന്ന് പ്രശ്നോപനിഷത്തില്‍ പിപ്പിലാദന്‍ എടുത്തെറിയുന്ന  ചോദ്യം നമ്മെയും അലട്ടുന്നുണ്ട്  എന്ന് നാം മനസ്സിലാക്കും. എല്ലാറ്റിലും ജീവന്‍ നിറച്ചുകൊണ്ടിരിക്കുന്ന ആത്മത്തെ നാം ഒരിക്കലും മുഴുവനായി ഉള്‍ക്കൊള്ളുന്നില്ലെങ്കിലും, അതിനുവേണ്ടിയുള്ള ഒരു ദാഹം നമ്മില്‍ എരിയുന്നുണ്ട്.  നിഷ്ക്കാമസുരഭിലമായ ഒരനുഭൂതിയുടെ രസം, അല്ലെങ്കില്‍ , ക്ഷണികവും അവ്യക്തവുമായ ഏതോ ആനന്ദത്തിന്റെ ആന്ദോളങ്ങള്‍ നമ്മെ തലോടുന്ന അസുലഭ നിമിഷങ്ങള്‍ നമുക്കുണ്ടാകാറില്ലേ? ഒരിക്കലും തീരാത്ത ഒരു ജ്ഞാനദാഹം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം? വിരാമമില്ലാതെ അത്  തുടര്‍ന്നിരുന്നെങ്കില്‍ , പണ്ടേ നാം ഈ പ്രപഞ്ചവുമായി ഒരഗാധവാത്സല്യത്തില്‍ ലയിച്ചുപോയേനേ. കാരണം, മനസ്സിനെ വിജ്രുംഭിപ്പിക്കുന്നതും ചിന്തയെ അലട്ടുന്നതും ബുദ്ധിയെ അതിശയിക്കുന്നതുംകൊണ്ട് നിറഞ്ഞിരിക്കുന്നു ഈ പ്രപഞ്ചം. എന്നാല്‍ ,  സ്നേഹമില്ലാതെ, ഇവയെ പരാമര്‍ശിക്കുന്ന ഒരറിവും നമ്മെ സായൂജ്യത്തിലെത്തിക്കുന്നില്ല. മനുഷ്യാനുഭവങ്ങളെ ദീപ്തമാക്കുന്നത് പുരുഷപ്രകൃതികളുടെ പരസ്പരാകര്‍ഷണവും തുടര്‍ന്നുണ്ടാകുന്ന സംയോജനവുമാണ്. ഏതെങ്കിലും തലത്തില്‍ ഇഷ്ടത്തിന്റെ തീപ്പൊരി ഊതി ജ്വലിപ്പിക്കാനാവില്ലെങ്കില്‍ ജീവതൃഷ്ണതന്നെ കെട്ടടങ്ങുന്നു.  "അനശ്വരതക്കുവേണ്ടിയുള്ള ഓട്ടമാണിത്. ലക്ഷ്യമില്ലാതെയല്ല നാം ഓടുന്നത്. കാറ്റിനോട് മുഷ്ടിയുദ്ധം നടത്തുകയല്ല നാം" എന്ന് പോള്‍ കൊറീന്ത്യക്കാര്‍ക്ക്  എഴുതിയത്   (1 കൊറീ. 9, 26-27)  ആത്മജ്ഞാനത്തിന്റെയും നിര്‍വ്യാജസ്നേഹത്തിന്റെയും വഴിയില്‍ അവരെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയായിരുന്നുവല്ലോ.

"നിന്റെ അനന്തമായ സ്നേഹവായ്പിലൂടെ ഞാന്‍ എന്നെ കവിഞ്ഞുള്ളതിനെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു" എന്നാണ് അഗാധമായ സ്നേഹത്തിലായവര്‍ അറിയാതെ തന്നെ അന്യോന്യം ഉരുവിട്ടുപോകുക. "നിന്റെ സാമിപ്യത്തിലെനിക്കു ലഭ്യമാകുന്നത്  കറകളഞ്ഞ ആനന്ദമാകുമ്പോള്‍,  എനിക്കത്  ബ്രഹ്മാനുനഭവമാണ്" എന്നാണ്  അതിനര്‍ത്ഥം. എല്ലാ തിരയലിന്റെയും ലക്ഷ്യം ഈ ആനന്ദമാണ്. സമുന്നതമായ, ഉണ്മയെ ആകെ നിറയ്ക്കുന്നയാനന്ദം എവിടെനിന്നു ലഭ്യമാകുന്നുവോ, അവിടെ ബ്രഹ്മസാന്നിദ്ധ്യമുണ്ട്.  നൈമിഷികമായിട്ടാണെങ്കില്‍ പോലും അപ്പോള്‍ നാം ബ്രഹ്മാംശങ്ങളായി സ്വയം തിരിച്ചറിയുന്നു. സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയെ അല്പമെങ്കിലും രുചിച്ചറിയാതെ ആന്തരികാനന്ദം സാദ്ധ്യമല്ല.

ഇഷ്ടപ്പെടുന്നതുമായി ഒന്നായിത്തീരുന്നതോടെ, വിപരീതാര്‍ത്ഥങ്ങളും വ്യത്യസ്തതകളും തകര്‍ന്നുവീഴുന്നു. അല്പത്വങ്ങളില്‍ ഒതുങ്ങിപ്പോകുന്ന  ഇഷ്ടങ്ങള്‍ സ്വാര്‍ത്ഥതല്പരമാണെന്ന്  അവയെ അനുഗമിക്കുന്ന വേദനകള്‍ നമുക്ക്  സൂചന നല്‍കിക്കൊണ്ടിരിക്കും. സ്നേഹത്തെ ശുദ്ധീകരിക്കാനുള്ള വ്യഗ്രത ഇതില്‍നിന്നുളവാകണം. അദ്വൈതാനുഭവത്തിലേയ്ക്ക്  മറ്റൊരു  വഴിയില്ല. മണ്‍കട്ടയെ അറിഞ്ഞുകഴിഞ്ഞാല്‍ അതുകൊണ്ട് ഉണ്ടാക്കുന്ന എല്ലാറ്റിനെയും അറിയുന്നതിന് തുല്യമായി എന്ന് തുടങ്ങുന്ന അനുശാസനത്തിന്റെ അന്ത്യത്തിലാണ്  ഉദ്ദലകന്റെ വിശ്വപ്രസിദ്ധമായ "തത്  സത്യം, സ ആത്മാ, തത്ത്വമസി, ശ്വേതകേതോ," (അതാണ്‌ സത്യം, അതാണ്‌ ആത്മാവ്, നീ അതാണ്‌, ശ്വേതകേതൂ!) എന്ന സൂക്ഷ്മസത്യപ്രഖ്യാപനം നടക്കുന്നത്. (ച്ഛാന്ദോ. VI, 1, 2-6)
 ***                                         ***                                         ***
 താത്പര്യമുള്ള ഉപാസകര്‍ക്കായി മനോഹരമായ ഒരു പ്രാര്‍ത്ഥന ചുവടേ ചേര്‍ക്കുന്നു.
 (എന്റെ സുഹൃത്ത്  എം.ദേവാനന്ദിനോട്  കടപ്പാട്)


സച്ചിദാനന്ദ സ്വരൂപനായ സര്‍വ്വേശ്വരാ,   
അനാദിയും അഖണ്ഡവും പൂര്‍ണവും, സര്‍വ്വാതിശായിയെങ്കിലും    
അന്തര്യാമിയുമായ നിന്നെ ഞാന്‍ വന്ദിക്കുന്നു. ഓം ശാന്തി. 
യുഗയുഗാന്തരങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പ്രകാശിക്കുന്ന നിന്റെ തേജസ്സിനെ ഞാന്‍ വന്ദിക്കുന്നു.
നിന്റെ കാല്‍പ്പാടുകളും കരവേലകളും എങ്ങുമെവിടെയും വിവേചിച്ചറിയുവാന്‍  എന്നെ സഹായിക്കൂ.
എന്റെ ജീവിതത്തിന് നേരും നെറിവും നല്‍കി അതിനെ സമ്പന്നമാക്കേണമേ.
നിന്റെ സ്വരത്തിന് എന്റെ ചെവിയും ഹൃദയവും തുറക്കേണമേ.
നീ മാത്രം എന്റെ മാതാവ്, നീ മാത്രം എന്റെ പിതാവ്
നീ മാത്രം എന്റെ വിദ്യ, നീ മാത്രം എന്റെ ധനം.
സമ്പത്തും പേരും ഞാനാഗ്രഹിക്കുന്നില്ല
നിന്റെ സാന്നിദ്ധ്യമാണ് എന്റെ സുഖം.

വന്ദേ സച്ചിദാനന്ദം വന്ദേ
വന്ദേ സച്ചിദാനന്ദം വന്ദേ
പൂര്‍ണം ഭവതു സര്‍വ്വേശാം
സര്‍വേ ഭവന്തു സുഖിന:
അസതോമാ സത്ഗമയ:
തമസോമാ ജ്യോതിര്‍ഗമയ:
മൃത്യോര്‍മാ അമൃതംഗമയ:
ഓം ശാന്തി! ശാന്തി! ശാന്തി!
(തുടരും)

എന്നെ തേടിയുള്ള യാത്ര (2)


എല്ലാം വേണ്ടതുപോലെ ആയിരിക്കുന്നു എന്ന അറിവാണ് ആനന്ദം.

ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്, ചേരുവകളും മറിമായങ്ങളും ഇല്ലാതെയുള്ള " ഞാന്‍ " എന്നാല്‍ എന്താണെന്നും അതിനെ അംഗീകരിക്കാനാവുക അനുദിനജീവിതത്തിന്  സാരാംശത്തെ സമ്മാനിക്കുന്ന ഒരു വലിയ നേട്ടം തന്നെയാണെന്നും കണ്ടു. എന്നാല്‍ നീണ്ട കാലത്തേയ്ക്ക്  ഒരാള്‍ ഞാന്‍ എന്ന ബിംബത്തിന്  ഇട്ടുശീലിച്ച മേയ്ക്കപ്പുകളൊക്കെ മാറ്റിയെടുക്കുക  അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ശാന്തമായി, നിശബ്ദതയില്‍, നിതാന്ത പരിശ്രമത്തിലൂടെ സ്വയം വിലയിരുത്താന്‍ കെല്പുള്ളവര്‍ക്ക്  മാത്രമേ അങ്ങനെയൊന്ന് സാദ്ധ്യമാകൂ. ' ഇതല്ല ഞാന്‍ , അതുമല്ല ഞാന്‍ ' എന്ന് വളരെ കൃത്യമായി നിരീക്ഷിച്ചു വേണം, ശരിക്കുള്ള ഞാന്‍ എന്താണോ, അതിനെ കണ്ടെത്താന്‍ . അങ്ങനെയൊരു ശ്രമം, മിക്കവരുടെ കാര്യത്തിലും,  ഭയപ്പെടുത്തുന്ന വലിയ ഒരു ഇല്ലായ്മയില്‍ ചെന്നവസാനിച്ച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍ , ഇവിടെ " ഞാന്‍ " ആയിരിക്കുന്നതെന്തോ, അതില്‍ സംതൃപ്തി തോന്നാന്‍ അസാമാന്യ ഹൃദയശുദ്ധത ആവശ്യമുണ്ട്. അങ്ങനെ ശുദ്ധമാക്കിയെടുത്തതു മാത്രമേ അനന്തസത്യവും ശിവവും സുന്ദരവുമായതിന്റെ ഭാഗമാകാനുള്ള ഔന്നത്യം നേടുന്നുള്ളൂ.

ഏറ്റവും വലിയ അദ്ഭുതം എന്ത് ? സംശയത്തിനിടയില്ലാതെ പറയാം, അത്  അസ്തിത്വം തന്നെയാണ്. അസ്തിത്വത്തെ പല പല മുഖഭാവങ്ങളില്‍  കണ്ടുശീലിച്ച നമുക്ക്  ആത്യന്തികമായി അത് ഏകമായിരിക്കേണ്ടതുണ്ട്  എന്ന യുക്തി അംഗീകരിക്കുക അത്രയൊന്നും എളുപ്പമല്ല. തല്‍ക്കാലം, നമ്മുടെ ബുദ്ധിയുള്‍പ്പെടെ നമ്മുടെ അവബോധത്തില്‍ വരുന്നതൊക്കെയും  നമുക്കറിയാവുന്ന ഈ  പ്രപഞ്ചത്തിന്റെ ഭാഗമാണ്. അതില്‍ നമുക്ക്  മനസ്സിലാകാത്തതിനെ ദ്രവ്യമെന്നും, മനസ്സിലാകുന്നതിനെ ആത്മം അല്ലെങ്കില്‍ വെളിച്ചമെന്നും വിളിക്കാം. മൌലികമായ അര്‍ത്ഥത്തില്‍ , വെളിച്ചം എന്നാല്‍ , ഒന്നാമത്, ആയിരിക്കുക എന്ന സത്യം ഏറ്റവും വലിയ അദ്ഭുതമായും, രണ്ടാമത്, അത് ആ സത്യത്തെ കണ്ടെത്തുന്ന തന്നെയും ഉള്‍ക്കൊള്ളുന്ന സമഗ്രതയായും ഉള്ളില്‍ തെളിയുക എന്നാണ്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ , എന്റെ ഉണ്മയെ ഏതെങ്കിലും തരത്തില്‍ പരിമിതപ്പെടുത്തുന്ന എല്ലാ നിഴലുകളില്‍ നിന്നും സ്വതന്ത്രമായ അവസ്ഥയില്‍ അതിനെ ഉള്‍ക്കൊള്ളാനാവുക എന്നാണ്.  അങ്ങനെയൊരു ആന്തരീകാവസ്ഥയെ മങ്ങാത്ത വെളിച്ചം, അല്ലെങ്കില്‍  പരമമായ ആത്മബോധമെന്ന്  മനസ്സിലാക്കാം.  

സംശുദ്ധമായ ഈ  അവബോധത്തില്‍ എത്തിച്ചേര്‍ന്നാല്‍ , പിന്നെ മനസ്സില്‍ യാതൊരു തരത്തിലുളള  രൂപങ്ങളും ഉണ്ടാവില്ലെന്നു മാത്രമല്ല, സംശുദ്ധമായ അസ്തിത്വമല്ലാതെ ആകാരമുള്ള എന്തെങ്കിലും ഉണ്ട് എന്ന  ആശയം പോലും നിലനില്പ്പില്ലാതെ മറഞ്ഞുപോകും. ബാക്കിയാവുന്നത്  പ്രകാശം മാത്രം. ഒരു സ്വപ്നത്തിനു ശേഷം "ഞാന്‍ സ്വപ്നം കാണുകയായിരുന്നു" എന്നതിലെ "ഞാന്‍ " മാത്രം ബാക്കിയാകുന്നതുപോലെ, അവബോധമുണ്ടാവുമ്പോള്‍ , ബാക്കിയെല്ലാം അപ്രത്യക്ഷമായി, "ഞാന്‍ ആകുന്നു" എന്നതുമാത്രം നിലനില്‍ക്കുന്നു. അവിടെവരെ എത്തിയാല്‍ , ഞാന്‍ ആകുന്നു എന്നതും ഞാന്‍ എല്ലാമാകുന്നു എന്നതും ഒന്നുതന്നെയാണെന്ന്  യുക്തിയോടൊത്ത്  അന്തരാത്മാവും പറയുമ്പോള്‍ , അതു ശരിവയ്ക്കാന്‍ നമുക്കെളുപ്പമാകും. അല്ലാ, അതിന് നാം നിര്‍ബന്ധിതരാവും.  

ഞാനും എന്റേതും എന്നത്  വെറും മനോസൃഷ്ടിയാണ് എന്ന്  ഒരിക്കല്‍ അറിഞ്ഞുകഴിഞ്ഞാല്‍ , അതുതന്നെയാണ്  ആശാപാശങ്ങളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട എല്ലാ ഭയങ്ങളില്‍നിന്നുമുള്ള രക്ഷയിലേയ്ക്കുള്ള പാത. ഞാനും എന്റേതും ഇല്ലെങ്കില്‍ , പിന്നെ എന്തുമായിട്ടാണ് എനിക്ക്  കെട്ടുപിണഞ്ഞു കിടക്കേണ്ടി വരിക? ഞാനും എന്റേതുമില്ലെങ്കില്‍ , പിന്നെ എന്താണ് ഞാന്‍ ഏതെങ്കിലുമൊരു ലക്ഷ്യത്തിലെത്താന്‍ വേണ്ടി ത്യജിക്കേണ്ടി വരിക? ഒന്നും. സമ്പൂര്‍ണ സ്വാതന്ത്ര്യമാണ്  ഈ തിരിച്ചറിവിന്റെ ഫലം. അതോടേ, എല്ലാറ്റിന്റെയും സ്രോതസ്സ്  ഒന്നുതന്നെയാണെന്നും എല്ലാം അതുതന്നെയാണെന്നുമുള്ള ബോധം ഉള്ളില്‍ തെളിഞ്ഞുനില്‍ക്കും. അതോടേ, അവനവനെപ്പറ്റിയുള്ള പരമമായ അറിവിലെത്തി എന്ന്  തീര്‍ത്തു പറയാം. സത്യമായ സത്യം ഒന്നാണെന്നും ബാക്കിയെല്ലാം, അതായത്, ശരീരവും മനസ്സും അവയുമായി ബന്ധപ്പെട്ടതൊക്കെയും - ഞാന്‍ അതാണ്‌, ഞാന്‍ ഇതാണ് എന്നു തോന്നിക്കുന്നതൊക്കെയും - അസത്യമാണെന്നും അറിയുക തന്നെയാണ് മോക്ഷം അല്ലെങ്കില്‍ പരമമായ മുക്തി. ഏകം സത്  എന്ന ഒരേയൊരു സത്യത്തിന്റെ തെളിമയില്‍ ബാക്കിയെല്ലാം അപ്രത്യക്ഷമാകുന്നു.   

ഏകവും അനാദിയുമായതിന്റെ ഭാഗമാണ് നാമോരോരുത്തരും, ഇവിടെയുള്ള ഓരോന്നും, എന്നയനുഭൂതിയാണ്  ഈ അറിവിലേയ്ക്കുള്ള  ആദ്യ പടി. അതുവരെ മാത്രമേ ജനനമരണങ്ങളെ നിര്‍മ്മിക്കുന്ന സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികള്‍ നമ്മെ ബാധിക്കുന്നുള്ളൂ. സമയത്തില്‍  കുരുത്തതിന് , അതില്‍ തുടരുവോളം, സമയാതീതമായതിനെ പൂര്‍ണമായി അറിയുക എന്നതു അസാദ്ധ്യമാണ്. ഞാന്‍ , എന്റേത് എന്നിവ സമയത്തില്‍ കുരുത്തവയാണ്. സമയത്തില്‍  കുരുത്തത്  സമയത്തോടെ ഇല്ലാതാകും. സമയബോധം തീരുന്നിടത്ത്‌ മനസ്സും, മനസ്സ്  തീരുന്നിടത്ത്‌  സമയബോധവും ഇല്ലാതാകണം. എല്ലാ ജീവജാലങ്ങളിലും അവയ്ക്ക് സമയത്തിലൂടെ കൈവന്ന അനുഭവങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്തുക അതിജീവനത്തിന്  ആവശ്യമാണ്‌. എന്നാല്‍ അതില്‍നിന്ന് , ഞാനും എന്റേതും എന്ന സ്വരൂപം ഉരുത്തിരിയുകയും അവ സ്ഥിരമാണെന്ന വ്യാജേന, ചുറ്റുമുള്ളതിനെയെല്ലാം തന്റെ സുഖദു:ഖങ്ങളുമായി താത്ക്കാലികമായി ബന്ധിക്കുകയും ചെയ്യുമ്പോള്‍ , ശരീരം എന്റെ അവിഭാജ്യഘടകമാണെന്ന തോന്നല്‍ ജനിക്കുന്നു. ജീവിതചുറ്റുപാടുകള്‍ക്കനുസരിച്ച്  ഓരോ വ്യക്തിയുടെയും സമയാസമയമുള്ള ജീവിതപരിവേഷവും വികാരങ്ങളും മാറിക്കൊണ്ടിരിക്കും. ഭൌതികമായവയുടെ (പഞ്ചഭൂതങ്ങളുടെ) ഒടുക്കത്തോടെ, വ്യക്തിതലത്തില്‍ ഉണ്ടായിരുന്നിന്റെയെല്ലാം അന്ത്യമായി എന്നാണ്  പ്രത്യക്ഷാനുഭവങ്ങള്‍ നമ്മെ ധരിപ്പിക്കുക. ശൂന്യമായ ഒരു അവ്യക്തത മാത്രമേ അതിനപ്പുറത്ത്  നമുക്ക്  സങ്കല്‍പ്പിക്കാനാവുന്നുള്ളൂ. ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്: ശരീരത്തിന്റെയും മനസ്സിന്റെയും ഇടപെടല്‍ നമ്മില്‍ ജീവന്റെ സ്രോതസ്സില്‍ നിന്നുള്ള വേര്പാടുണ്ടാക്കുന്നു. വ്യാജമായ  ആ  അസ്തിത്വത്തില്‍ നിന്ന്   മൌലികമായ    സ്രോതസ്സിലേയ്ക്ക്  തിരികെ ചെന്നെത്തണമെങ്കില്‍ , ഇപ്പോള്‍ത്തന്നെ ഞാന്‍ ഈ ശരീരമല്ല എന്ന ഉള്‍ക്കാഴ്ച ആവശ്യമായിത്തീരുന്നു. അങ്ങനെയൊരാവശ്യം വിട്ടുമാറാതെ തോന്നുന്നതുകൊണ്ടാണ് , മതങ്ങള്‍ രംഗത്ത്  വരുന്നത്. എന്നാല്‍ ,  നമ്മുടെ ശ്രദ്ധയില്‍ അകത്തും പുറത്തും, രൂപങ്ങളും നാമങ്ങളും പ്രഥമസ്ഥാനത്തു നിലനില്‍ക്കുവോളം ഒരു മതത്തിനും നമ്മെ രക്ഷിക്കാനാവില്ല. മതങ്ങളിലൂടെയോ അല്ലാതെയോ ഉള്ള ഏത്‌ വഴിയെടുത്താലും, മായാലോകത്തുനിന്ന്  രക്ഷപ്പെടുന്നത്, മനസ്സിന്റെ സൂത്രങ്ങളെ അറിയുകയും അവയെ മറികടക്കാന്‍ വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നവര്‍ മാത്രമാണ്. എല്ലാ നല്ല ഗുരുക്കന്മാരും മനസ്സിനെ അസ്തിത്വത്തിന്റെ എതിരാളിയായി തിരിച്ചറിഞ്ഞ്,  അതിനെ കീഴ്പ്പെടുത്താനുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് . സാധാരണ ഗതിയില്‍ , തീര്‍ത്തും താത്ക്കാലികമായവയെ നമ്മുടെ മൌലികമായ അസ്തിത്വവുമായി ബന്ധപ്പെടുത്തി, അവയെ അതിപ്രധാനമായി കാണാനും അവയുമായി ബന്ധം സ്ഥാപിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്  പഴയതിന്റെയെല്ലാം സ്റ്റോര്‍ ഹൌസ് ആയ മനസ്സും  ശരീരവുമാണ്. അതുകൊണ്ടാണ്  അവയെ കീഴടക്കാന്‍ ഗുരുക്കന്മാര്‍ ഉപദേശിക്കുന്നത്. മനസ്സിന്റെ മരണത്തിലാണ്  ജ്ഞാനത്തിന്റെ ജനനം എന്ന ഉള്ക്കാഴ്ചയില്‍ എല്ലാ ഗുരുക്കന്മാരും യോജിക്കുന്നു.



ഇതെങ്ങനെ സാദ്ധ്യമാകും? ആരംഭമുള്ളതിനെല്ലാം അവസാനവുമുട്ണ്ട്. ഞാനും എന്റേതും എന്നതാണ് എല്ലാ അപകര്‍ഷതക്കും അത്യാര്‍ത്തിക്കും പിന്നിലുള്ള എക ഘടകം. ഈ അസ്തിത്വത്തില്‍ എല്ലാം ചഞ്ചലമായതിനാല്‍ , അവയോടുള്ള ബന്ധം അനിശ്ചിതത്വത്തെയും ഭയത്തെയും ഉണ്ടാക്കും. ശരീരവും മനസ്സും നിലനില്‍ക്കുന്നത് ആഗ്രഹങ്ങളിലൂടെയാണ്. അത് അല്ലെങ്കില്‍ ഇത് എനിക്ക്  ഇല്ലെന്നുള്ള തോന്നലാണ് ആഗ്രഹങ്ങളെ സൃഷ്ടിക്കുന്നത്. വെറും താത്ക്കാലികമായ അനുഭവങ്ങള്‍ ഓര്‍മ്മകളെയും ഓര്‍മ്മകള്‍ തുടര്‍ഭാവനകളെയും ഭാവനകള്‍ പുതിയ  ആഗ്രഹങ്ങളെയും ഉണ്ടാക്കുന്നു. ഇവയില്‍ ഓരോന്നിനെയും തിരിച്ചറിഞ്ഞും അവയോടു വിരക്തി പരിശീലിച്ചും,  അസ്തിത്വത്തിന്റെ കാതലില്‍ ഞാനും ഉള്‍പ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ , ഞാന്‍ എല്ലാമാണ്, എനിക്കെല്ലാം ഉണ്ട് എന്ന പരമമായ സത്യത്തെ ഉള്‍ക്കൊള്ളുകയാണ്  പൂര്ണതയിലേയ്ക്കുള്ള ആദ്യത്തെ ചുവട്. അതുതന്നെയാണ്  നിത്യതയിലേയ്ക്കുള്ള വഴിയും. അതിലേ ചരിക്കാനാഗ്രഹിക്കുന്നവര്‍ അകത്തെ നിരന്തരം  വീക്ഷിച്ചുകൊണ്ടിരിക്കണം.    

അകം ഏകമാണ്. ബാഹ്യമാകട്ടെ, പലതാണ്. അതങ്ങനെ സംഭവിച്ചു? മനസ്സ് എന്നാണതിനുത്തരം. ജൈവപരിണാമത്തിലെ ഒരു പടിയായി രൂപപ്പെട്ടു വന്നതാണ് മനസ്സെന്ന ഉപകരണം. അനുഭവങ്ങളുടെ ഓര്‍മ്മകളെ സൂക്ഷിക്കാനുള്ള ഒരിടം. ഈ ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ പെരുമാറുക അതിജീവനത്തിനു ആവശ്യമായിരുന്നു. സംഭവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പേരിടാനും അവയെ പ്രതീകങ്ങളായി തരം തിരിക്കാനും മനസ്സ് സാവധാനം പഠിച്ചെടുത്തു. ആ വഴിയില്‍കൂടി സഞ്ചരിക്കവേ, വാക്കുകളും അവയെ കോര്‍ത്തിണക്കുന്ന ഭാഷകളും മനുഷ്യന്റെ കൈയില്‍ പ്രധാന ഉപകരണങ്ങളായിത്തീര്‍ന്നു. പ്രതീകങ്ങള്‍ പയ്യെപ്പയ്യെ വാസ്തവികതയുടെ സ്ഥാനം പിടിച്ചെടുത്തു. പ്രവര്‍ത്തിക്കാനുള്ളിടത്തും വാചകമടിച്ച് പിടിച്ചുനില്‍ക്കാനുള്ള കളികളും രംഗത്ത് വന്നു. വാക്കുകള്‍ കൊണ്ട്  സത്യത്തെ മറച്ചുവയ്ക്കുന്ന ശീലവും മനുഷ്യജീവിതത്തിന്റെ ഭാഗമായി. അങ്ങനെ, ഏറ്റവും കൂടുതല്‍ വികാരങ്ങളും ആശയങ്ങളും ബിംബങ്ങളും സൂക്ഷിക്കാനുള്ള ഒരു വലിയ സംഭരണിയായിത്തീര്‍ന്നു "ഞാന്‍ " . വ്യക്തിയുടെ അസ്തിത്വത്തിന്റെ ആണിക്കല്ലാണത്. ഓരോ നിമിഷവും മനസ്സില്‍ തെളിഞ്ഞുവരുന്നതു എന്റെ പ്രത്യക്ഷത്തെ വിപുലീകരിക്കുന്ന നിറക്കൂട്ടുകളും എന്റെ അസ്തിത്വത്തെ തകിടം മറിക്കാനിടയുള്ള ഭയങ്ങളുമാണ്. എന്നാല്‍ ഇവയില്‍ എത്രമാത്രം  യഥാര്‍ഥ്യവുമായി സ്വരുമപ്പെടുന്നു എന്ന്  വിവേച്ചിച്ചറിയാന്‍ കഴിയുന്നവര്‍ വിരളമാണ്. അവിടെയാണ് ജീവിതത്തിന്റെ ഈട് നിര്‍ണ്ണയിക്കപ്പെടുന്നത്.

"ഞാന്‍ " എന്നത്   ഒരു സാങ്കല്പിക സൃഷ്ടിയാണെന്നും അതിന്റെ സ്രോതസ്സെവിടെയെന്നും നാം കണ്ടു. അതുപോലെ തന്നെയുള്ള  മറ്റ്  സാങ്കല്‍പിക സൃഷ്ടികളാണ്   "നീ",  "അവര്‍ " എന്നിത്യാദികളും.  ഉണ്ടായിരുന്നതും ഉണ്ടാകാനിരിക്കുന്നതും എന്ന തരംതിരിവുതന്നെ സമയബന്ധിതമായവയ്ക്ക്  നിലനില്‍പ്പ്‌ സാദ്ധ്യമാക്കാന്‍ വേണ്ടി  മനസ്സ്  സൃഷ്ടിക്കുന്ന പ്രതിഭാസമാണ്. ഇതെല്ലാംകൂടി ഒറ്റ വാക്കില്‍ പറയുന്നതാണ്  മായ. ചുരുക്കിപ്പറഞ്ഞാല്‍ , ജനനമരണങ്ങള്‍ എന്ന അസത്യത്തില്‍ മുഴുകിപ്പോകുക എന്നാണ് മായയുടെ അര്‍ത്ഥം. 

അങ്ങനെയെങ്കില്‍ , സന്തോഷമോ ദുഖമോ ജനിപ്പിക്കേണ്ട  അനുഭവങ്ങളല്ല ജനനവും മരണവും. കാരണം, നിത്യമായതാകട്ടെ ശാശ്വതമാണ്  . അത് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. എന്നാല്‍ ഈ ഭൂമിയില്‍ നാമവയെ സൂര്യോദയവും അസ്തമയവും പോലെയാണ്  അനുഭവിക്കുക.  എപ്പോഴും ഒരേപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ ഹ്രസ്വാനുഭവമാണല്ലോ നിത്യവെളിച്ചത്തിനു പകരം ഉദിച്ചുയര്‍ന്നു മറയുന്ന സൂര്യനെ കാണാന്‍ നമുക്കിടവരുത്തുന്നത്. ശാശ്വതമായത്തിന്റെ  ഹ്രസ്വാനുഭവത്തില്‍ ഒതുങ്ങിപ്പോകുന്നതുമൂലമാണ്  ജനനമരണങ്ങളുടെ ഇടയ്ക്ക്  അറുതിയില്ലാത്ത നന്മതിന്മകളുടെ മായാപ്രപഞ്ചം നമ്മെ കഷ്ടപ്പെടുത്തുന്നത്  .  പരിമിതമായ ജീവനും ആ  ജീവന്റെ ഭാഗമായ അല്‍പബോധവും മാത്രം ആസ്വദിക്കുന്ന നാം അവയെ നിലനിര്‍ത്താന്‍വേണ്ടി രൂപങ്ങളും അവയ്ക്ക്  പേരുകളും ഉണ്ടാക്കുന്നുവെന്നും  അവയില്‍ കുടുങ്ങി കിടക്കുവോളം സമയാതീതമായതുമായി ബന്ധം സ്ഥാപിക്കുക ദുഷ്ക്കരമാണെന്നും കണ്ടുവല്ലോ. ഇവിടെ കര്‍മ്മഫലം (karma) എന്ന പദംകൊണ്ട് ലളിതമാക്കാന്‍ സാധിക്കുന്നവ പലതുമുണ്ട് . അതൊരു ധനാത്മക നിയമത്തിലേയ്ക്ക്  വിരല്‍ചൂണ്ടുന്നു എന്ന് പറയാം. നന്മതിന്മകളെ സന്തുലനമാക്കുന്ന ഒരു  തുലാശു പോലെയാണത്  പ്രവര്‍ത്തിക്കുക. സംഭവിക്കുന്നത്‌ എന്തുമാകട്ടെ, നമ്മെ വേദനിപ്പിക്കുന്നതോ നിരാശപ്പെടുത്തുന്നതോ നശിപ്പിക്കുന്നതോ പോലുമാകട്ടെ, അത് താത്ക്കാലികതയെ മറികടന്ന്, നന്മയിലേയ്ക്ക്  മാത്രമേ നയിക്കൂ എന്നതാണ് ആ നിയമം.  വരാനിരിക്കുന്ന ഒരു വര്‍ത്തമാനത്തില്‍ ,  ഭൂതകാലത്തിലെ  സകല  കടംകഥകളുടെയും കുരുക്ക്  ശുഭമായി അഴിക്കപ്പെടും എന്നാണതിനര്‍ഥം. പ്രകാശത്തിന്  ദ്രവ്യം തടസ്സമാകുമ്പോള്‍ സംഭവിക്കുന്നതെന്തോ, അതുതന്നെയാണ് ഞാന്‍ ഈ ശരീരമാണ് എന്ന തെറ്റുധാരണ അവബോധത്തെ കളങ്കപ്പെടുത്തുമ്പോള്‍ വ്യക്തിക്ക്  സംഭവിക്കുക. ആ ഇരുട്ടിനെ, ആ  കളങ്കത്തെ, തൂത്തു വൃത്തിയാക്കാന്‍ വഴിയൊരുക്കുന്നതാണ് കര്‍മ്മഫലം.  

എന്നെ തേടിയുള്ള യാത്ര തുടരട്ടെ. നമ്മുടെ പരിചിന്തനങ്ങള്‍ തത്ക്കാലം ഉപസംഹരിക്കാം. എല്ലാ സംഭവങ്ങളും സമഗ്രമായതുമായി സ്വരുമയിലാണ്. പലതായി കാണപ്പെടുന്നതൊക്കെയും അല്പബുദ്ധിയുടെ വിചിത്രകാഴ്ചകള്‍ മാത്രമാണ്.  നമുക്ക്  അസ്തിത്വം എന്നാല്‍ , 1. മഹദാകാശ - (matter - energy).  2. ചിദാകാശ  - (consciousness).  3. പരമാകാശ -  (pure spirit) എന്നതെല്ലാം ഉള്‍പ്പെടുന്നു. അതില്‍ വ്യക്തിത്വമായി നാം അനുഭവിക്കുന്നത്  മഹദാകാശം ചിദാകാശത്തില്‍ ഉണ്ടാക്കുന്ന   അടിസ്ഥാനമില്ലാത്ത ഒരു മുഴക്കം ആത്രമാണ്. അത്  being അല്ല, മറിച്ച് ഒരു തരം മായാരൂപം (existence) മാത്രമാണ്. കാരണം, ഏകമായിരിക്കുന്നത്  ഒരിക്കലേ സംഭവിക്കൂ, പലപ്പോഴായി സംഭവിക്കില്ല. അതുപോലെതന്നെ യുക്തിസഹമാണ്,  ഉള്ളത്  എന്നുമുണ്ടായിരുന്നു, എന്നുമുണ്ടായിരിക്കുകയും ചെയ്യും എന്നതും. ഇതാകട്ടെ, നമ്മെയും ഉള്‍പ്പെടുത്തിയുള്ള ഏക സത്യമാണ്.  (തുടരും)


എന്നെ തേടിയുള്ള യാത്ര (1)

എന്റെ അയല്‍വാസി തൂങ്ങാമ്പറമ്പില്‍ പപ്പന് ഒരേ ഒരു പ്രശ്നമുള്ളത്, വൈകീട്ട് രണ്ടു ലാര്‍ജ് വീശിക്കഴിഞ്ഞാല്‍ , പിന്നെ സ്വന്തം വീടെവിടെ എന്നറിയില്ല എന്നതാണ്. ആരെങ്കിലും വീട്ടില്‍ കൊണ്ടാക്കിയാലോ, അപ്പോള്‍ തുടങ്ങും അടുത്ത സംശയം - അങ്ങേര്‍ക്കു താനാരാണെന്നറിയില്ല. പപ്പന്‍, പപ്പന്‍ എന്ന് ഭാര്യ തുടരെത്തുടരെ പറഞ്ഞുകൊണ്ടിരിക്കണം. എന്നാലിത് പപ്പന്റെ മാത്രം പ്രശ്നമാണോ? തൊണ്ണൂന്റൊന്പതു ശതമാനം മനുഷ്യരും സുബോധാവസ്ഥയിലും ഇങ്ങനെയാണ് എന്നത് നാം കാണാതെ പോകുന്ന ഒരു വലിയ സത്യമാണ്. തങ്ങള്ക്ക്  പേരും  വിലാസവും ഉണ്ടാക്കുന്ന ജോലി അന്യര്‍ക്കുള്ളതാണെന്ന മട്ടിലല്ലേ നമ്മുടെയും സാധാരണ പെരുമാറ്റം? നമ്മെപ്പറ്റിയുള്ള അന്യരുടെ അഭിപ്രായങ്ങള്‍‍ക്കാണ് നമ്മള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ , താനാരാണെന്ന് നാം സ്വയം അറിയുന്നില്ല എന്നല്ലേ അര്‍ത്ഥം? സ്വയം വിലയിരുത്തുന്നത് മറ്റുള്ളവരുടെ അഭിപ്രായത്തെ ആശ്രയിച്ചായാല്‍ അതെത്രമാത്രം തെറ്റാകാനിടയുണ്ട് എന്ന് ആരും ചിന്തിക്കുന്നേയില്ല. "അവരുടെ അഭിപ്രായങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ്, ഞാനാരാണ് എന്നതിലേയ്ക്ക് അവ ഒരു വെളിച്ചവും വീശുന്നില്ല" എന്ന വിവേകത്തിലേയ്ക്കെത്താന്‍ എത്ര പേര്ക്കാകുന്നുണ്ട്? തീര്‍ച്ചയായും വളരെ കുറവായിരിക്കും അവരുടെയെണ്ണം.

നാമോരോരുത്തരുടെയും കാര്യത്തില്‍ , സംശയരഹിതമായ ഒരേയൊരു സത്യം ഞാന്‍ ഉണ്ട് എന്നതാണ്. അതാണ്‌ അടിസ്ഥാനപരമായ അവബോധം, ആത്മജ്ഞാനം. അത് പുറത്തുള്ള ഒന്നില്‍നിന്നും, ആരില്‍നിന്നും അല്ല, മറിച്ച്, അകത്തുനിന്നു മാത്രമേ ലഭ്യമാകൂ. എന്നാല്‍ , ഞാന്‍ ആരാണ്, എന്താണ് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഞാന്‍ ഇന്ന രാജ്യത്ത് ജനിച്ചു, ഇന്ന സമൂഹത്തില്‍ പെടുന്നു, ഇന്നയാളുടെ ഭാര്യയോ ഭര്‍ത്താവോ, മകനോ മകളോ ആണ്, ഇന്ന ജോലി ചെയ്യുന്നു എന്നതൊക്കെ എന്റെ അടിസ്ഥാന സ്വത്വത്തിലേയ്ക്ക് കൂട്ടിചേര്ക്കപ്പെടുന്ന വിശേഷണങ്ങളാണ്. എന്നാല്‍ ഇവ അടിസ്ഥാനപരമായ ആത്മജ്ഞാനത്തെ കളങ്കിതമാക്കുകയും ഞാന്‍ ഉണ്ട് എന്ന സത്യത്തെ മൂടിക്കളയുകയും ചെയ്യുന്നു. ഞാന്‍ ആകുന്നു (I am) എന്നത് സംശുദ്ധമായ being ആണ്; ഞാന്‍ അതാണ്‌ അല്ലെങ്കില്‍ ഇതാണ് (I exist as) എന്നത് അത്ര സാരമല്ലാത്ത existence മാത്രമാണ്. ആദ്യത്തേത് സാര്‍വത്രികവും സ്വതന്ത്രവുമാണ്; രണ്ടാമത്തേതാകട്ടെ, വ്യക്തിഗതവും ഇടുങ്ങിയതുമാണ്. 

ആത്മജ്ഞാനം നേടിയവനും നേടാത്തവനും തമ്മിലെന്താണ് വ്യത്യാസം?

കൂടുതലാള്‍ക്കാരും സ്വത്വബോധമില്ലാത്തവരായതിനാല്‍, അവരെപ്പറ്റി ആദ്യം ചിന്തിക്കാം. അവര്‍ പൊതുജനാഭിപ്രായത്തെയും ചുറ്റുപാടുകളെയും ഗൌരവമായി കാണുകയും അവയില്‍ ഒന്ന് മറ്റൊന്നിന് കാരണമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവയ്ക്കനുസരിച്ച് പെരുമാറാനാണ് അവര്‍ ഊര്‍ജ്ജമെല്ലാം ചെലവാക്കുന്നത്. അവര്‍ അന്യര്‍ക്ക് സ്വീകാര്യമായ രീതിയില്‍ തന്നെപ്പറ്റിയും അന്യരെപ്പറ്റിയുമുള്ള അഭിപ്രായങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. എന്നിട്ട്, സ്വയം ഈ അഭിപ്രായങ്ങളുടെ ആകെത്തുകയായി കരുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

നേരേ മറിച്ച്, സ്വയം കണ്ടെത്തിയവന്‍, അതായത്, ആത്മജ്ഞാനിയായവന്‍, ഏത്‌ സാഹചര്യത്തിലും ഇളക്കമില്ലാതെ നിലകൊള്ളും. അയാള്‍ സംഭവങ്ങളുടെ പരമ്പരയില്‍ (ഓര്‍മ്മകളില്‍ )കുടുങ്ങിപ്പോകുന്നില്ല. ഓരോന്നും കണ്ടിട്ട്, അതില്‍നിന്നു വിട്ടുനില്‍ക്കുന്നു. ചുറ്റും എന്തുതന്നെ സംഭവിക്കട്ടെ, "ഞാന്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ്" എന്ന സത്യം അറിയുന്നതുകൊണ്ട്, അയാളെ അതൊന്നുംതന്നെ സാരമായി ബാധിക്കുന്നില്ല. താന്‍ സര്‍വ്വസ്വതന്ത്രനാണ് എന്ന സത്യത്തെ നേരിട്ടറിയുന്ന അവന്റെ അസ്തിത്വം സ്ഥിരതയുള്ളതാണ്. അന്യര്ക്ക് മുമ്പില്‍ തന്റെ ചെയ്തികള്‍ ശരിയോ തെറ്റോ എന്ന വിശകലനത്തിനായി അവന്‍ തല മരപ്പിക്കുന്നില്ല. ശാന്തിയും സന്തുഷ്ടിയുമാണ് ഈ മനോവ്യാപാരത്തിന്റെ ഫലം.

എന്റെ തനിമയെ എനിക്കെങ്ങനെ കണ്ടെത്താം?

ഒരു സത്യത്തെയും നമുക്ക് നേരിട്ട് എത്തിപ്പിടിക്കാനാവില്ല. അതല്ലാത്തത് എന്തൊക്കെ എന്ന് തെരഞ്ഞു ചെന്നുമാത്രമേ, ഒരു സത്യത്തിലേയ്ക്ക് നമുക്ക് പ്രവേശനം കിട്ടൂ. അതുപോലെതന്നെ, ഞാനല്ലാത്തതെന്തൊക്കെ എന്ന് അരിച്ചുപെറുക്കി വേണം ഞാന്‍ എന്താണ് എന്ന് തിരിച്ചറിയാന്‍. . നിതാന്ത ജാഗ്രതയിലൂടെ ത്രമേ ഇത് സാദ്ധ്യമാകൂ. എന്റെ അനുഭവപ്രപഞ്ചത്തില്‍ വന്നുപെടുന്നവയൊന്നും - എന്റെ ശരീരം, അതുപയോഗിക്കുന്ന ഇടം, എന്റെ ചിന്തകള്‍ , വികാരങ്ങള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, സമയബോധം, എന്നപോലെതന്നെ അന്യരുടെ വിചാരവികാരങ്ങളും സ്ഥാവരസംഗമങ്ങളുമൊന്നും - ഇവയെ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്ന ഞാന്‍ ആയിരിക്കാന്‍ ഒരിടയുമില്ല. എങ്കില്‍ പിന്നെയെന്താണ് എന്റെ സത്ത?

ഈ തെരയല്‍ നമുക്ക് ഇങ്ങനെ തുടങ്ങാം. എന്തുകൊണ്ടാണ് ഞാന്‍ എപ്പോഴുംതന്നെ മേല്പ്പറഞ്ഞ ബാഹ്യതലവ്യഗ്രതകളില്‍ കുടുങ്ങിപ്പോകുന്നത്? ശ്രദ്ധയുടെ തെറ്റായ കേന്ദ്രീകരണമാണ് തെറ്റായ കാഴ്ചപ്പാടിനെയും ബന്ധങ്ങളെയും ഉണ്ടാക്കുന്നത്. മേല്‍പ്പറഞ്ഞ, നമ്മള്‍ നമുക്ക് ചുറ്റും അനുഭവിക്കുന്നവയില്‍,‍ ശ്രദ്ധചെലുത്തുകയും എന്റെ സത്തക്ക് അവയുമായി അഭേദ്യമായ ബന്ധമുണ്ടെന്നു ധരിച്ചുപോകയും ചെയ്യുന്നതോടേ, ശരിയായ, ഞാനെന്ന സത്ത അവയ്ക്കുള്ളില്‍ കുരുങ്ങിപ്പോകുന്നു. അതുകൊണ്ട്, ശരിക്കും ഞാനല്ലാത്തവ എന്തെല്ലാമെന്നു കണ്ടെത്തി, അവയില്‍ നിന്നു സ്വയം വേര്‍പെടുത്തുക എന്നതിലൂടെ മാത്രമാണ് എനിക്ക് എന്നെ കണ്ടെത്താനാവുക. ശ്രീ നിസര്‍ഗദത്ത മഹാരാജയുടെ അതിഗഹനമായ ഒരുവാക്യമിങ്ങനെ: എന്റെ അസ്തിത്വം ഈ ലോകത്തെ വിശദീകരിക്കുന്നു; എന്നാല്‍ ഞാന്‍ ഈ ലോകമല്ല. (The world is there because I am. But I am not the world.) അതുതന്നെ സാധാരണക്കാര്‍ക്കുവേണ്ടി യേശു ലളിതമായ ഭാഷയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: നിങ്ങള്‍ ഈ ലോകത്തിലാണ്, എന്നാല്‍ ഈ ലോകത്തിന്റേതല്ല.

സാധാരണ ഗതിയില്‍ നമ്മുടെ അനുഭവലോകത്ത് ശരീരം മേല്‍ക്കൈ നേടുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ളതൊക്കെ "എന്റെ" ഭാഗമായി കരുതപ്പെടുന്നു. മനുഷ്യര്‍ അവരുടെ ശരീരത്തിന്റെ വിശേഷണങ്ങളിലൂടെയും ബാഹ്യ ചേഷ്ടകളിലൂടെയും വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് അവരുടെ ശരിയായ സത്ത കൈവിട്ടുപോകാന്‍ ഇടയാക്കുന്നത്. ശരീരത്തിന്റെ ജനനം, അതിന്റെ പ്രായം, രൂപം, നിറം, ആംഗ്യങ്ങള്‍, ഉടയാടകള്‍, ആരോഗ്യം, അനാരോഗ്യം എന്നതൊന്നും കാതലായ എന്റെ ഉണ്മയെ ബാധിക്കുന്ന കാര്യങ്ങളേയല്ല. എന്നാല്‍ , ശ്രദ്ധ അവയിലാകുമ്പോള്‍ , ശരിക്കുള്ള "ഞാന്‍" അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത്‍, എന്റെയും അന്യരുടെയും അനുമാനങ്ങളുടെ ആകെത്തുക ഞാനായി വിരാജിക്കുകയും ചെയ്യുന്നു. ഞാന്‍ സ്ഥിരതയില്ലാത്ത വെറുമൊരു താത്ക്കാലിക പ്രത്യക്ഷമായിത്തീരുന്നു. എന്നാല്‍ , ഞാന്‍ ഉണ്ട് എന്ന ആന്തരികബോധത്തിലെ ഞാന്‍ സ്ഥിരതയുള്ള ഒരു നിത്യസത്യമായിരിക്കേണ്ടതുണട്. ഈ സത്യത്തെ അനുഭവവേദ്യമാക്കാന്‍, ഞാനല്ലാത്തവയില്‍ നിന്നെല്ലാം ഞാന്‍ സ്വതന്ത്രനാകണം. അതുമാത്രമാണ് എന്നെ കണ്ടെത്താനുള്ള ഏക വഴി. സ്വന്തം മനസ്സിന്റെ നിരൂപണങ്ങള്‍‍ക്കോ, സൗകര്യംപോലെ മാറിക്കൊണ്ടിരിക്കുന്ന അന്യരുടെ അഭിപ്രായങ്ങള്‍ക്കോ, അതിനെ മെനയാനാനുള്ള പണി കൊടുത്താല്‍ ഫലം വികൃതമായിരിക്കും.

മനസ്സിന്റെ വികൃതികള്‍

എല്ലാ ഗുരുക്കന്മാരും പറയുന്നു, മനസ്സാണ് മനുഷ്യനെ വഴിതെറ്റിക്കുന്നതെന്ന്. പക്ഷേ, എന്താണ് ഈ സാധനം? ഇഷ്ടമുള്ളതൊക്കെ (സുഖം തരുന്നവ) ആഗ്രഹിക്കുകയും ഇഷ്ടമില്ലാത്തവയില്‍ (വേദനിപ്പിക്കുന്നവ) നിന്ന് ഓടിയകലുകയും ചെയ്യാന്‍, ഓര്‍മ്മകളുടെ ശേഖരങ്ങള്‍ കാട്ടി നമ്മെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന അന്തക്കരണമെന്ന് അതിനെ വിളിക്കാം. മനസ്സിന്റെ ഈ സ്വഭാവം തന്നെയാണ് അതിന്റെ കുഴപ്പവും. കാരണം, ജീവിതമെന്നത് നാം തിരഞ്ഞെടുക്കാതെതന്നെ, സ്വമേധയാ നമ്മെ വഹിച്ചുകൊണ്ടുപോകുന്ന ഒരൊഴുക്കാണ്. അതില്‍ സുഖവും വേദനയും തമ്മില്‍ വേര്‍തിരിച്ചും തിരഞ്ഞെടുത്തും ഒഴുക്കില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ ഓരങ്ങളില്‍ തടഞ്ഞുപോകുന്നു. അതിനിടയാക്കുന്നത് മനസ്സാണ്. കാരണം, എല്ലാം വരുന്നതുപോലെ എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മുന്നോട്ടുള്ള ഒഴുക്കിന് ഗതിയുണ്ടാകൂ. അതിനാകണമെങ്കില്‍, ഞാന്‍ തിരിച്ചറിയേണ്ട അതിപ്രധാനമായ ഒരു കാര്യം ഇതാണ്: ഒഴുകിക്കൊണ്ടിരിക്കുന്നതൊന്നുമല്ല ഞാന്‍‍, ആ ഒഴുക്ക് കണ്ടുനില്‍ക്കുകയും കൂടെയൊഴുകുകയും മാത്രമാണ് ഞാന്‍ ചെയ്യുക. ഭയമോ വെറുപ്പോ ആഗ്രഹങ്ങളോ ഒന്നും എന്റെ ഉണ്മയെ ചഞ്ചലിതമാക്കേണ്ടതില്ല. എന്നാല്‍ മനസ്സാകട്ടെ, ഈ സുസ്ഥിതിയെ അസ്സാധ്യമാക്കാന്‍ വേണ്ടതൊക്കെയും ചെയ്തുകൊണ്ടേയിരിക്കുന്നു.

എങ്ങനെ? ഞാന്‍ സത്യത്തിലെന്താണോ, അതിനും എന്റെ ശരീരത്തിനുമിടയ്ക്ക്, എന്റെ ഉണ്മക്ക് ഒരു ഗുണവും ചെയ്യാത്ത നൂറായിരം അസ്ഥിരമായ ചിന്തകളും ഭാവങ്ങളും മനസ്സില്‍ കൂടി മാറിമറഞ്ഞുകൊണ്ടിരിക്കുന്നു. ‌മൂടല്‍മഞ്ഞുപോലെ അവ എന്റെ കാഴ്ച്ചയെ മറയ്ക്കുന്നു. എന്തിന്റെ കാഴ്ച്ചയെ? എനിക്കു തൊട്ടറിയാനാവുന്ന ഒരേയൊരു സത്യമായ ഈ നിമിഷത്തിന്റെ കാഴ്ച്ചയെ. കാരണം, മനസ്സിന്റെ വിഹാരരംഗം കഴിഞ്ഞുപോയതും വരാന്‍ സാദ്ധ്യതയുള്ളതുമായ കാര്യങ്ങളാണ്. എനിക്കാകട്ടെ, ഇവ രണ്ടും തീര്‍ത്തും അപ്രസക്തമായ ശല്യങ്ങള്‍ മാത്രമാണ്. കാരണം, എന്നെ സംബന്ധിച്ചിടത്തോളം വാസ്തവികമായത് ഇപ്പോള്‍ , ഈ ഒറ്റ നിമിഷത്തില്‍ , എനിക്ക് സംഭവിക്കുന്നതെന്തോ, അതു മാത്രമാണ്. അതില്‍ ശ്രദ്ധ ചെലുത്താനാകുന്നില്ലെങ്കില്‍ , എല്ലാമെനിക്ക് നഷ്ടമാകുകയാണ്. അതിനിടയാക്കുന്നത് അസ്ഥിരമായ എന്റെ മനസ്സാണ്.

എന്തുകൊണ്ടാണ് മനസ്സിന് സ്ഥിരതയില്ലാത്തത്?

മനസ്സിലുള്ളതെല്ലാം ഓര്‍മ്മകളാണ്. വ്യഷ്ടിതലത്തിലും സമഷ്ടിതലത്തിലുമായി ഉറഞ്ഞുകൂടുന്ന അനുഭവങ്ങളില്‍ നിന്നാണ് മനസ്സ് രൂപംകൊള്ളുന്നത് ... ഒന്നുകില്‍ ഒരിക്കല്‍ അനുഭവിച്ച സുഖത്തോടുള്ള ആഗ്രഹം അല്ലെങ്കില്‍ അറിഞ്ഞിട്ടുള്ള വേദനയോടുള്ള ഭയം. അവിടെയാണ് അസ്ഥിരതയുടെ ഉറവിടം. ഭാഗികമായത് മാത്രം കാണിക്കുന്ന ഒരുപകരണമാണ് മനസ്സ്. ഭാഗികമായത് അപൂര്‍ണ്ണമായതിനാല്‍ , സമ്പൂര്‍ണ്ണതയുടെ സൌന്ദര്യത്തെ വെളിപ്പെടുത്താന്‍ അതിനാകില്ല. അങ്ങനെ വേദനയും ദു:ഖവും സംജാതമാകുന്നു. പ്രപഞ്ചം ആത്യന്തികമായി അതില്‍ത്തന്നെ സമ്പൂര്‍ണ്ണവും അതുകൊണ്ട് പോരായ്മകളെയും വേദനയെയും ഉള്‍ക്കൊള്ളാത്തതും ആണെന്നത് മനസ്സിനെത്തിപ്പെടാവുന്ന ഒരു സത്യമല്ല. ഉണ്മയുടെ സമഗ്രതയെ ദര്ശിക്കാന്‍ അനിതരസാധാരണമായ ഒരുള്‍‍ക്കാഴ്ച്ചയുടെ ആവശ്യമുണ്ട്. അതില്ലാത്തിടത്തോളം, സാരമില്ലാത്ത വിശദാംശങ്ങളില്‍ ദൃഷ്ടിയുറച്ചുപോകുന്ന മനസ്സിന്റെ പ്രലോഭനങ്ങളില്‍ കിടന്നുഴലുന്നവരാണ് ഭൂരിപക്ഷവും.‍ അവയില്‍നിന്നു രക്ഷപ്പെടാതെ അവര്‍ ഒരിക്കലും സന്തുഷ്ടിയുടെ പാരമ്യത്തിലെത്തുകയില്ല.

ഞാന്‍ ഇരിക്കേണ്ടിടത്തു അഹന്ത കയറിയിരുന്നാല്‍

മനസ്സിന്റെ നിര്‍മ്മിതിയാണ്‌ അഹന്ത. നമുക്കൊരന്വേഷണം നടത്താം. അജ്ഞതയോടൊപ്പം നിലനില്‍ക്കുന്നതെല്ലാം അനാവശ്യമായിരിക്കും. അജ്ഞതയില്‍ കഴിയുന്നവര്‍ ചെയ്യുന്നതെന്തായിരുന്നാലും അവയൊക്കെ നിസ്സാരങ്ങളും അനാവശ്യങ്ങളുമായിരിക്കും. അവയെ വിട്ടുകളഞ്ഞാല്‍ ഒന്നും സംഭവിക്കുന്നില്ല, ഒന്നും നഷ്ടപ്പെടുന്നില്ല, എന്നാണതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ , സ്വന്തം ജീവിതത്തിന്റെ നിസ്സാരതയിലേയ്ക്ക് നോക്കാന്‍ മനുഷ്യര്‍ക്ക്‌ ഭയമാണ്. പകരം, സ്വന്തം വ്യക്തിത്വത്തിന് മാറ്റ് കൂട്ടാനാകും എന്ന് തോന്നിപ്പിക്കുന്ന എല്ലാ സൂത്രങ്ങളും കള്ളക്കളികളും മനുഷ്യര്‍ കണ്ടുപിടിക്കും. അതിന്, ആദ്യത്തെ പടി, അതില്‍ത്തന്നെ തീര്‍ത്തും അപ്രധാനമെങ്കിലും മനസ്സില്‍ കടന്നുകൂടിയ ഇഷ്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും അതിപ്രധാനമായ സ്ഥാനം കല്‍പ്പിച്ചുകൊടുക്കുകയാണ്. എന്നിട്ട് സ്വന്തം അഭിമാനം, കുടുംബമഹിമ, സമൂഹനന്മ തുടങ്ങിയവയെ അവയുമായി ബന്ധപ്പെടുത്തി ചിന്തിക്കും. അങ്ങനെ, അലംകൃതമായ വീട്, തേച്ചുമിനുക്കിയ ഉടയാടകള്‍, വിലയേറിയ ഉപകരണങ്ങള്‍, ചായംകൊടുത്തും ആഭരണങ്ങളില്‍ പൊതിഞ്ഞും ഗമ വരുത്തിയ ശരീരങ്ങള്‍  തുടങ്ങിയവ  ചേര്‍ത്ത് കൂട്ടി, എന്റെ യഥാര്‍ത്ഥ സത്തയുടെ സ്ഥാനത്ത് ഒരു വമ്പന്‍ അഹത്തെ സ്ഥാപിക്കുന്നു. അകം പൊള്ളയായ ഇത്തരം അഹന്തകളുടെ പ്രളയമാണ് ഇന്നത്തെ സമൂഹം. അഹന്തകളില്ലാതെ സമൂഹത്തിനും സമൂഹമില്ലാതെ അഹന്തക്കും നിലനില്‍പ്പില്ല.

എന്നാല്‍, ജീവിതത്തിന്റെ അടിത്തട്ടില്, ഹൃദയത്തിന്റെ പരമമായ അന്തര്‍ഭാഗത്ത്, ഞാന്‍ എപ്പോഴും തനിച്ചാണ് എന്ന് തിരിച്ചറിയുന്നവരിലെ ഞാന്‍ എല്ലാ നിബന്ധനകള്‍ക്കും പുറംപൂച്ചുകള്‍ക്കും അതീതനായിത്തീരുന്നു. അതായിരുന്നു ബുദ്ധന്റെയും യേശുവിന്റെയും ആഴങ്ങളുടെ രഹസ്യം. ഞാന്‍ ആരാണെന്ന് എനിക്കറിയില്ലെങ്കില്‍ , എനിക്കെന്ത് ആഴമാണുള്ളത്‌? എനിക്കാഴമില്ലെങ്കില്‍ , എന്റെ കെട്ടിനും മട്ടിനും എന്റെ പ്രവൃത്തികള്‍ക്കും എങ്ങനെ ആഴമുണ്ടാകും? ഞാന്‍ എന്നത് അനന്യമാണ്. അത് മറ്റൊന്നിന്റെയും മറ്റാരുടെയും അനുകരണമല്ല. ഒരു തരത്തിലുമുള്ള അനുനയനത്തിനും വഴിപ്പെടേണ്ടതില്ലാത്ത ഒരു സത്തക്ക് മാത്രമേ പരമമായ സ്വാതന്ത്ര്യാനുഭവം സാദ്ധ്യമാകൂ. അതിന്റെ അല്പമായ രുചിപോലും അഹന്തകൊണ്ട് നിറഞ്ഞവര്‍ക്ക് കിട്ടില്ല. പരമമായ ഈ മോചനത്തിന് മഹാവീര്‍ കൈവല്യം എന്നാണ് പേരിട്ടത്. കൈവല്യമെന്നാല്‍ പൂര്‍ണമായ ഏകത, പരിപൂര്‍ണ തനിമ, എന്നാണര്‍ത്ഥം. എന്നെ തേടിയുള്ള ഈ യാത്ര തത്ക്കാലം ഇവിടെ നിറുത്താം. (തുടരും)

ഞാനെന്ന ഫലിതം

ഹെര്‍മന്‍ ഹെസ്സെയെഴുതിയ 'Demian - The story of Emil Sinclair's youth' എന്ന കൃതിയില്‍ ഏതാണ്ടിങ്ങനെ ഒരാശയമുണ്ട്. സാമാന്യബുദ്ധിയുള്ള ഒരൊറ്റ കുട്ടിയെ മാത്രം ബാക്കിയാക്കി, മനുഷ്യകുലം മൊത്തത്തില്‍ നശിച്ചുപോയാലും, പരിണാമത്തിന്റെ മുഴുവന്‍ സഞ്ചാരഗതിയും വീണ്ടും കണ്ടെടുക്കാനും, പുനര്നിര്‍മ്മിക്കാനും വേണ്ട കോപ്പ് അവനില്‍ ഉണ്ടായിരിക്കും. ദൈവങ്ങളെയും പിശാചുക്കളെയും പറുദീസകളെയും, അവ യവനരുടെയോ ഇന്ത്യാക്കാരുടെയോ ചീനക്കാരുടെയോ സുലുകളുടെയോ ആകട്ടെ, അവന്‍ വീണ്ടും കണ്ടെത്തും. ഗീതയും ബൈബിളും ഖുറാനും അവന്‍ വീണ്ടും എഴുതിയുണ്ടാക്കും. ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് മറ്റൊന്നുമല്ല, പ്രപഞ്ചത്തിലുള്ളതിന്റെയെല്ലാം ഒരംശം, വന്നുപോയിട്ടുള്ളതിന്റെയെല്ലാം ആത്മാംശം, നമ്മിലോരോരുത്തരിലും പ്രകൃതി സംഗ്രഹിച്ചുവച്ചിട്ടുണ്ട്; ആഗ്രഹങ്ങളും സാദ്ധ്യതകളുമായി അവ എന്നും നമുക്കുള്ളിലുണ്ട് എന്നാണ്.

പക്ഷേ, ഇത്ര വിപുലമായ സാദ്ധ്യതകളെ നാമോരോരുത്തരും ചുമന്നുകൊണ്ടു നടക്കുന്നു എന്നതും അതേപ്പറ്റി അല്പമെങ്കിലും ബോധമുണ്ടായിരിക്കുക എന്നതും അസ്തിത്വത്തിന്റെ രണ്ട് തലങ്ങളാണ്. ആദ്യത്തേതില്‍ ഒരാള്‍ ഒരു കല്ലോ മരമോ മൃഗമോ വരേയെ ഉയരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ മനുഷ്യനായിരിക്കുക എന്നത് രണ്ടാമത്തെ തലത്തില്‍ മാത്രമാണ് സംഭവിക്കുക. അങ്ങനെയെങ്കില്‍, നാം കാണുന്ന മനുഷ്യരില്‍ ഏറെയും മനുഷ്യരല്ല എന്നതാണ് തമാശ പിടിച്ച സത്യം. തനിക്കു ലഭ്യമായ സാദ്ധ്യതകളെ പ്രാവര്‍ത്തികമാക്കാത്തവര്‍ മാനുഷിക തലത്തിലേയ്ക്ക് ഉയരുന്നേയില്ല.
 
ദൈവമേ, ഞാന്‍ നിന്നെപ്പറ്റി പറയുന്ന കൊച്ചു കൊച്ചു തമാശകള്‍ പൊറുക്കണേ; എങ്കില്‍, നീ തൊടുത്തുവിട്ട ഞാനെന്ന ഈ വലിയ തമാശ ഞാനും ക്ഷമിക്കാം എന്ന് റോബര്‍ട്ട് ഫ്രോസ്റ്റ് നര്‍മ്മബുദ്ധ്യാ എഴുതിയിട്ടുണ്ട്. സ്രഷ്ടാവ് നമ്മെ സാദ്ധ്യതകളുടെ നിറകുടമായിട്ടാണ് പടച്ചതെങ്കിലും, നാമാകട്ടെ സ്വന്തം താത്ക്കാലിക ലാഭനഷ്ടങ്ങളുടെയും സുഖാസുഖങ്ങളുടെയും മുകളില്‍ ഒട്ടിനിന്നിട്ട് പൊടുന്നനെ പൊട്ടിപ്പോകുന്ന കുമിളകളായി സ്വയം തരംതാഴ്ത്തുകയാണ്. എന്നെ വികൃതമായ ഒരു ഫലിതമോ നര്‍മ്മം നിറഞ്ഞ സുകൃതമോ ആക്കിത്തീര്‍ക്കുന്നത് ഞാന്‍ തന്നെയാണ്.

അഹങ്കരണത്തിന്റെ നിറം കൊടുത്ത കണ്ണാടിയില്‍കൂടിയല്ലാതെ, സ്വന്തം വക്തിത്വത്തെ നേര്‍ക്കുനേര്‍ നോക്കി വിലയിരുത്താന്‍ മാത്രം ആര്ജ്ജവമുള്ളവര്‍ക്ക് രസകരമായതും, എന്നാല്‍ പലപ്പോഴും ലജ്ജിപ്പിക്കുന്നതുമായ പലതും കണ്ടെത്താനാവും. സാധാരണ ഗതിയില്‍, അന്യരില്‍ നിന്ന് നമ്മെ വ്യതിരിക്തരാക്കുന്ന ശീലങ്ങളെയാണ് നമ്മുടെ തനതായ അടയാളങ്ങളായി നാം ഓര്‍മ്മയില്‍ വയ്ക്കുക. അവയില്‍ എളിമപ്പെടുത്തുന്നവയെ മറച്ചുവയ്ക്കാനും നല്ലത് മാത്രം അന്യരെക്കൊണ്ട് അംഗീകരിപ്പിക്കാനുമാണ് ഏവരും ഏത്‌ നേരവും കിണഞ്ഞുപരിശ്രമിക്കുന്നത്. വാസ്തവത്തില്‍ ഓരോരുത്തരിലും ഏറെയുള്ളത് തനി നോണ്‍സെന്‍സും അനിശ്ചിതത്വങ്ങളുമാണ്.

തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തില്‍ സാങ്ഗ്ക്ലേയറിന്റെ ഒരു സ്വപ്നമുണ്ട്. അവന്‍ പറക്കുകയാണ്. ഇടയ്ക്ക്, സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെടുന്ന ഒരു നിമിഷം വരുന്നു. താഴേയ്ക്ക് വീഴുമെന്ന ഭയം ബോധനഷ്ടത്തില്‍ കലാശിക്കുമെന്നായപ്പോള്‍, പെട്ടെന്നാണവന്‍ കണ്ടുപിടിക്കുന്നത്, ശ്വാസത്തിന്റെ നിയന്ത്രണത്തിലൂടെ ശരീരത്തിന്റെ ഉയര്‍ച്ചയും താഴ്ചയും സ്വയം തീരുമാനിക്കാനാകുമെന്ന്! പറക്കണമെന്ന ആഗ്രഹം എല്ലാ മനുഷ്യരിലും ജന്മസിദ്ധമായി കുടികൊള്ളുന്നുണ്ട് എന്നപോലെതന്നെ ഒരു സത്യമാണ്, സ്വയം നിയന്ത്രിക്കാനുള്ള ശ്വാസകോശമെന്ന ഉപകരണവും, മത്സ്യങ്ങളുടെ പരിണാമദശതൊട്ട്‌, ജൈവാസ്തിത്വത്തിന്റെ ഭാഗമാണ് എന്നതും. എന്നാല്‍ മനുഷ്യചൈതന്യത്തിന്റെ അനന്ത സാദ്ധ്യതകളെപ്പറ്റി പറയുമ്പോള്‍, ശ്വാസകോശത്തിനു പകരം ധാര്‍മികബോധം എന്ന് മനസ്സിലാക്കണം. അതെടുത്തുപയോഗിക്കുന്നതിലെ സാഹസികതയെ സ്വാഗതം ചെയ്യാന്‍ തയ്യാറുള്ളവര്‍ ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്നു. ഈ ഭയമാണ് സ്വയം ഭരിക്കാനുള്ളയവസരങ്ങളെ പാടേ ഉപേക്ഷിച്ചിട്ട്, മനുഷ്യരില്‍ ഏറെ ഭാഗവും, അന്യരുടെ സങ്കുചിത വീക്ഷണങ്ങളുടെയും അവയെ താലോലിക്കുന്ന താത്ക്കാലിക നിയമങ്ങളുടെയും വരുതിയില്‍ ജീവാന്ത്യംവരെ നിന്നുകൊടുക്കാന്‍ ഇടയാക്കുന്നത്. വ്യക്തിത്വത്തിന്റെ ആഴത്തില്‍ പലര്‍ക്കും സ്വന്തമായി ഒന്നുമില്ല എന്നത് ഒരു പച്ചസത്യമാണ്. അങ്ങനെയുള്ളവര്‍ കഴമ്പില്ലാത്ത ഒരു തമാശയായി ഒടുങ്ങാന്‍ സ്വയം അനുവദിക്കുന്ന പാവങ്ങളാണ്, വട്ടപ്പൂജ്യങ്ങളാണ്.

പ്രകാശം തൂകിയ പൈതല്‍

കഴിഞ്ഞ ദിവസം (൨൩.൩.൧൨) ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട പൈതലിന്റെ ഓര്‍മ്മയാണ് ഇതെഴുതിപ്പിക്കുന്നത്. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, അവള്‍ വല്യപ്പനെ ചുറ്റിപ്പറ്റി ഓടിനടന്നതേയുള്ളൂ. എന്നാലും മറ്റെല്ലാ പൈതങ്ങളെയും പോലെ അവളും മായാത്ത ഒരു പ്രകാശം എന്റെ മനസ്സില്‍ വിരിച്ചുകൊണ്ടിരുന്നു. അവളുടെ പേര് ദിയാ. ആ പേരാണ് എന്നെ ഈ വഴിക്ക് തിരിച്ചുവിടുന്നത്. ദിവ്, ദ്യോവ്, ദേവി, ദൈവം എന്നതെല്ലാം പ്രകാശത്തെയും വിശുദ്ധിയെയും ദ്യോതിപ്പിക്കുന്ന ദിവ് എന്ന മൂലത്തില്‍ നിന്നാണല്ലോ. മൂലത്തെപ്പറ്റി പറയിപ്പിക്കുന്നത് ദിയ (വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരുന്നത്) ആണ്. അവള്‍ക്കൊരു കൂട്ടുകാരിയുണ്ട്, ഗൌരി. ഗൌരിയെ രണ്ടര വയസ്സുകാരി ദിയാ വല്യ ഇഷ്ടത്തോടെ വിളിക്കുമ്പോള്‍ ഗവരിഎന്നാകും - ഗ-വ-രി. ഗൌരി തിരിച്ച് ദീ-യാ എന്നുകൂടി നീട്ടി വിളിച്ചാല്‍ പിന്നെ അവിടെല്ലാം നിഷ്കളങ്കതയുടെ പ്രകാശമായി. അതോടേ, മണ്ണും ചിരട്ടയും കടലാസും ഇലകളുമെല്ലാം അവരുടെ തകൃതികളില്‍ പങ്കെടുക്കുന്നു. അവര്‍ തൊടുന്ന എല്ലാ കൊച്ചു സാധനങ്ങളും ആ ശിശുക്കളുടെ ആത്മപ്രകാശത്തില്‍ പങ്കുചേരുന്നു. അവ ജീവനുള്ളവയായിത്തീരുന്നു. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളുടെ കളികളെല്ലാം എപ്പോഴും അവരുടെ സ്വന്തമാകുന്നത്. വസ്തുക്കളെ അചേതനങ്ങളായി കാണുന്ന മുതിര്‍ന്നവര്‍ക്ക് അവിടെ പ്രവേശനമില്ല.  
    
കുഞ്ഞുങ്ങള്‍ നിശ്ചയമായും പ്രകാശകിരണങ്ങളാണ്. പക്ഷേ, നാം മറന്നു പോകുന്നത്, അവരുടെ നിഷ്ക്കളങ്കതയിലൂടെ, അവര്‍ തൊടുന്ന എല്ലാ വസ്തുക്കളും പ്രകാശം ചൊരിയുന്നവയായിത്തീരുന്നു എന്ന സത്യമാണ്. സ്ഫുലിംഗം തീപ്പൊരിയാണ്. ഉള്ളതെല്ലാം, ഒരു മണല്‍ത്തരിപോലും, പരാശക്തിയുടെ സ്ഫുലിംഗത്തില്‍ നിന്നുണ്ടായി, അതിന്റെ പ്രചോദനത്തോടെ പരിണമിക്കുന്നതായി അറിയുന്നവര്‍ക്ക് ഇത് മനസ്സിലാക്കാനാവും. അവര്‍ക്ക് എവിടെയും എന്തിലും എപ്പോഴും പ്രകാശമാണ് കാണാന്‍ കഴിയുക. അവയെല്ലാം ആദിസ്ഫുലിംഗത്തിന്റെ നിത്യസ്ഫൂരണത്തിന്റെ (തിളങ്ങല്‍) അടയാളങ്ങളാകുന്നു. സ്ഫൂശബ്ദം വികാസത്തെ, വിടര്ച്ചയെ സൂചിപ്പിക്കുന്നു. എന്നാല്‍, സമയത്തിലൂടെ സ്വാര്‍ത്ഥതയിലേക്ക് സഞ്ചരിക്കുന്ന മനുഷ്യജീവിക്ക് അതിന്റെ ശൈശവത്തിലെ ചൈതന്യം നഷ്ടമാകുന്നു. അങ്ങനെ നഷ്ടപ്പെട്ടുപോയ ചൈതന്യവും ലാളിത്യവും വീണ്ടെടുക്കുക എന്നാണ് 'നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍' എന്ന് പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത്; പ്രകാശത്തിന്റെ വഴിയിലേയ്ക്കു തിരിച്ചുവരിക എന്ന്.  

ഇതൊരു രഹസ്യമാണ്, അതായത്, പ്രത്യക്ഷമല്ലാത്ത അറിവ്. എന്നാല്‍, അങ്ങനെയൊന്നുണ്ടെന്നറിയുകയും, അതിനായി കൊതിക്കുകയും, അത് പരിശീലിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യുന്ന വിജ്ഞാനദാഹികള്‍ അത് സുഖദായകമായി അനുഭവിക്കുന്നു. അതിലേയ്ക്ക് സഹായകരമായ താത്ത്വികവിചാരം വളരെ ലളിതമാണ്. ഈ പ്രപഞ്ചത്തില്‍ ഓരോ ഉരുവും വ്യത്യസ്തമാണ്. ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ പ്രകാശം. കുഞ്ഞുങ്ങളെപ്പോലെ, ഈ പ്രാഥമിക സത്യത്തെ അംഗീകരിക്കുമ്പോള്‍, ഓരോന്നിനും അതിന്റേതായ ശ്രേഷ്ഠത കല്പിച്ചുകൊടുക്കാനും, ഒന്നിനെയും ദുരുപയോഗപ്പെടുത്താതിരിക്കാനും, അതോടൊപ്പം, അവനവനെയും മറ്റാരെയും, ഇല്ലാത്ത പൊരുള്‍ നല്‍കി പൊലിപ്പിച്ചുകാട്ടാതിരിക്കാനും നാം ശ്രദ്ധാലുക്കളാകും. അങ്ങനെയെങ്കില്‍ നമ്മുടെ ഈശ്വരസങ്കല്‍പം ഏതെങ്കിലും നാമത്തിലോ രൂപത്തിലോ അവതാരത്തിലോ മാത്രമായി ചുരുങ്ങുകയില്ല. കാരണം, എല്ലാറ്റിലും ഒരുപോലെയുള്ള പരമാത്മാവ്‌ ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുക അസ്സാദ്ധ്യമാണല്ലോ. ദൈവത്തില്‍ മാനുഷപ്രകൃതി ആരോപിക്കുകയും പ്രീണിപ്പിക്കാനാകുന്ന ഒരു ശക്തിയാണ് പരമാത്മാവ്‌ എന്ന് ധരിക്കുന്നതും മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വൈകല്യമാണ്. അതുകൊണ്ടുതന്നെ ദേവാലയകേന്ദ്രീകൃതമായ ആരാധനക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ പ്രയാസമാണ് എന്നും സാന്ദര്‍ഭികമായി പറയേണ്ടിവരുന്നു.

അഹമാത്മാ സവ്വഭൂതാശയസ്ഥിത: എന്ന് ഗീതയില്‍ (4,20). ഈ വാക്യവും അതിന്റെ തുടര്‍ച്ചയായ 'അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച' എന്ന തുടര്പാദവും സി. രാധാകൃഷ്ണന്‍ വ്യക്തമായി വ്യാഖ്യാനിച്ചിരിക്കുന്നത് ഇങ്ങനെ:

ജീവനുള്ളവയിലെ ജീവനും വിശ്വജീവനും ഒരേ സത്തയുടെ വിവിധരൂപങ്ങളെന്ന് കരുതാമെങ്കിലും അചേതനങ്ങളെന്നു അറിയപ്പെടുന്നവയില്‍ പരമാത്മാവ്‌ പൊരുളായി ഇരിക്കുന്നതെങ്ങനെ? സജീവം നിര്‍ജീവം എന്നിവയ്ക്കിടയില്‍ സയന്‍സ് കല്‍പ്പിക്കുന്ന വിഭജനരേഖയാണ് ഈ സംശയത്തിനാധാരം. ഇങ്ങനെയൊരു വിഭജനരേഖ വേദാന്തദര്‍ശനത്തില്‍ ഇല്ല. ജീവനില്ലാത്തതൊന്നും പ്രപഞ്ചത്തിലില്ലെന്നാണ് ഗീതാമതം. പഞ്ചഭൂതങ്ങള്‍ സജീവങ്ങളല്ലെങ്കില്‍ അവയില്‍നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എങ്ങനെയുണ്ടാകാന്‍? ഓരോ ഊര്‍ജ്ജതരംഗവും പരമാണുകണവും പ്രവര്‍ത്തിക്കുന്നത് സ്വന്തമായ ബുദ്ധി ഉള്ളത് പോലെയാണ്. ഏറ്റവും ചെറിയ പദാര്‍ത്ഥകണികയും സജീവമാണ്. താരതമ്യേന വലിയ ക്ഷേത്രങ്ങളെന്ന താല്‍ക്കാലിക കൂട്ടായ്മകളെയാണ് വ്യത്യസ്ത ജീവികളായി നാം കാണുന്നത് എന്ന് മാത്രം. (ഗീതാദര്‍ശനം 168-169)

സ്ത്രീകള്‍ക്ക് വീണ്ടും ഹാര്‍ദ്ദമായ ക്ഷണം


ഓര്‍മ്മപ്പെടുത്തലുകളും ശാസനകളും നവീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും ശക്തമായ സംവാദങ്ങളുമായി കത്തിപ്പടരുന്ന അല്മായശബ്ദം ഒരു തനി male club  ആയി തുടരുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കാനും, എന്തെങ്കിലും എഴുതാന്‍ തയ്യാറുള്ള മഹിളകളെ അതിലേയ്ക്ക് ഒന്നുകൂടി ക്ഷണിക്കാനും വേണ്ടിയാണ് ഇതെഴുതുന്നത്. തീര്‍ച്ചയായും പുരുഷന്മാര്‍ മാത്രമായിരിക്കില്ല അല്മായശബ്ദം വായിക്കുന്നത്. വായിക്കുമ്പോള്‍ എന്തെങ്കിലും പ്രതികരണം മനസ്സിലുദിക്കാത്തവര്‍ വിരളമായിരിക്കും. സ്ത്രീകളുടെ കാഴ്ചപ്പാടില്‍ നിന്നുള്ള പ്രതികരണങ്ങളും പുതിയ ആശയങ്ങളും കൂടി ബ്ലോഗില്‍ വായിക്കാനാവുക ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും, സംശയമില്ല. ഞാന്‍ പലരെയും വ്യക്തിപരമായി ക്ഷണിച്ചു, ഇതുവരെ ആരും വന്നില്ല. ഇനി എന്താണ്  മറ്റൊരു പോംവഴി എന്നാലോചിച്ചപ്പോള്‍ തോന്നിയതിങ്ങനെ. സഭയിലെ സ്ത്രീകളെ അല്മായശബ്ദത്തിലെ പുരുഷശിരോമണികള്‍ വളരെ വിലമതിക്കുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട് എന്നൊക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്ഥിരീകരിച്ചു പറഞ്ഞാലെങ്കിലും അവരില്‍ ചിലര്‍ എഴുതാന്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയോടെ ഏതാനും കാര്യങ്ങള്‍ കുറിക്കുന്നു. 

ഹൈസ്കൂളിനു ശേഷം കുറേനാള്‍ എന്നെ പഠിപ്പിചിരുന്ന, നര്‍മബോധമുള്ള ഒരദ്ധ്യാപകന്‍ ബൈബിളിനെ ആധാരമാക്കി തമാശകള്‍ പറയുമായിരുന്നു. അതിലൊന്ന്: എന്തുകൊണ്ടാണ് ആദാമിന് ശേഷം ദൈവം മറ്റൊരു മനുഷ്യജീവിയെക്കൂടി നേരിട്ട് സൃഷ്ടിച്ചത്? ഉത്തരം: ആദ്യത്തേതിലെ തെറ്റുകള്‍ തിരുത്തിയാണ് രണ്ടാമത്തേതിനെ (ഹവ്വയെ) കര്‍ത്താവ് ഉണ്ടാക്കിയത്. സ്ത്രീയാണ് എല്ലാ വിധത്തിലും പൂര്‍ണമായ ജീവി എന്നാണല്ലൊ അതിനര്‍ത്ഥം. ഈ ആശയത്തെ സാധൂകരിക്കാന്‍ അദ്ദേഹം വേറെയും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉദാ: എന്തുകൊണ്ടായിരുന്നു സോളൊമന്‍ ഏറ്റവും ബുദ്ധിമാനായ രാജാവായിരുന്നത്? ഉപദേശം തേടാന്‍ അദ്ദേഹത്തിന് ധാരാളം ഭാര്യമാരുണ്ടായിരുന്നതുകൊണ്ട്. സ്ത്രീകളുടെ ഏറ്റം വലിയ കഴിവിനെ പുകഴ്ത്തിയും ഇതാ ഒരു തമാശ. ദൈവം കണ്ടെത്തിയ ഏറ്റവും വലിയ സാങ്കേതിക കണ്ടുപിടുത്തം? ഒരെല്ലില്‍ (ആദത്തിന്റെ വാരിയെല്ല്) നിന്ന് ഒരു ലൌഡ്സ്പീക്കര്‍ ഉണ്ടാക്കുക! പ്രിയമുള്ള മഹതികളേ, സഭക്ക് നേരേ തിരിച്ചുവച്ചിരിക്കുന്ന ലൌഡ്സ്പീക്കറുകള്‍ ആകാന്‍ മുന്നോട്ടു വരിക! അവയിലൂടെ ഞങ്ങള്‍ സഭയിലെ തെമ്മാടികളോട് രണ്ട് വാക്ക് പറയട്ടെ. നിങ്ങളെക്കൂടാതെ ഞങ്ങളുടെ ദൌത്യം വിജയിക്കുകയില്ല. 

ഇത് വായിച്ച്, ധൈര്യത്തോടെ മുന്നോട്ടു വരുന്ന മാന്യ മഹിളകള്‍ ഈ കവിതയെ ഒരുപഹാരമായി സ്വീകരിക്കുക. 


ZachNed's Blog: സ്ത്രീ!:

'via Blog this'

സ്ത്രീ!


പുരുഷ  സൌന്ദര്യത്തെച്ചുറ്റിപ്പുണരും 
സ്ത്രൈണലതപോലെയും
വിടരാന്‍ വെമ്പും പൂമൊട്ടിനെ
പൊതിഞ്ഞു  കൂമ്പിനില്‍ക്കു-
മരിദലങ്ങള്‍ പോലെയും
ആകര്‍ഷാനുരാഗസമൃദ്ധമാ-
ണോരോ ജീവകണികയുമെന്നും
മിഴികളടച്ചും കാണാനാവുന്ന-
യഴകുണ്ടെന്നും എന്നെ പഠിപ്പിച്ചതാര്? 
മറ്റാരുമല്ല, 
ജീവനെടുക്കയും കൊടുക്കയും
ചെയ്യുന്നയീ ഭൂമിയും
അവളോടോപ്പമഴകും 
ക്ഷമയും നിറഞ്ഞ സ്ത്രീയും.

ഭൂമിയാണീ പ്രപഞ്ചത്തിന്‍ 
മാദകത്വമെങ്കില്‍
പുരുഷവല്ലിയിലെ പുഷ്പ-
കനകമല്ലോ, സ്ത്രീ!
അവള്‍ക്കായുമവള്‍വഴിയുമല്ലോ 
പുരുഷന്‍ കോമളനും ശക്തനുമാവുക! 

സ്ത്രീ!
ആരോരുമറിയാതെ മൊട്ടിടുന്ന-
യവളുടെ താരുണ്യം;
അടിപ്പുടവയിലമര്‍ന്നു വിടരു-
മവളുടെയമൃതകുംഭങ്ങള്‍ ;
രാമച്ചസൌഗന്ധികങ്ങളാ-
മവളുടെ രോമരാജികള്‍ ;
ഏതൊന്നിനായി പുരുഷശക്തികള്‍
തമ്മില്‍ പൊരുതിത്തുലയുകയും
ഏതൊന്നിനായി വിസ്തൃത സാമ്രാജ്യങ്ങള്‍
നിലംപരിശാകുകയും ചെയ്തുവോ
ആ അവളുടെയദ്ഭുത കവാടങ്ങള്‍ !

ഈ മണ്ണിലെയിടവേള - 
എന്റെയീ ഹൃസ്വവിശ്രമം
സരളസുരഭിതമാക്കിയ
അദ്ഭുതസൃഷ്ടിയവള്‍ - സ്ത്രീ!

അനിഷ്ടതകളുടെ വേലിയേറ്റങ്ങളെ-
യതിജീവിച്ച ഞങ്ങളുടെ കണ്ണിണകള്‍ ;
വൈചിത്ര്യ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ
ഞങ്ങളുടെ ജീവിതസന്ധികള്‍ ;
ജീവന്‍മരണങ്ങളെ സ്വരുമിപ്പിച്ചിരുന്ന-
യെത്രയെത്രയോ അതുല്യ നിമിഷങ്ങള്‍ !

മഴയോ മഞ്ഞോ തടസ്സമായിടാതെ
സുഖാസുഖങ്ങള്‍  വഴിതടയാതെ
സായാഹ്നച്ചെരുവുകളിലെയിളങ്കാറ്റും കൊണ്ട്, 
ലതകളും മരങ്ങളും കിളികളുമായി സല്ലപിച്ച്‌
അന്ധനെയെന്നപോലെന്നെ കൈ
പിടിച്ചുനടത്തിയ ജീവിതസഖിയവള്‍ - സ്ത്രീ!

***          ***        ***        ***
നിന്റെ ഗന്ധങ്ങളെ ഞാന്‍ 
വേര്‍തിരിക്കുന്നില്ല. അവയില്‍ മുഖ-
മൊളിപ്പിക്കുമ്പോള്‍ തളര്‍-
ന്നുറങ്ങിടുന്നു ഞാന്‍.
പ്രഭാതാഗമാനം കാത്തുകിടക്കുന്ന
വാഗമണ്‍ ചെരിവുകള്‍ പോലെ.

നിന്റെ ചലനങ്ങള്‍, ശബ്ദങ്ങള്‍
സ്വപ്നത്തിലെ നിന്റെ ഞരക്കങ്ങള്‍
എല്ലാം നിന്റെയന്തരാത്മാവിലേയ്ക്കുള്ള 
കവാടങ്ങളാക്കുന്നു ഞാന്‍. 

നിന്റെ ചിരിയുടെയോളങ്ങളെനിക്ക്
ഉഷ്ണവിഷണ്ണമായ ശരത്ക്കാല- 
സന്ധ്യകളിലെ കുളിര്കാറ്റാകുന്നു.
നിന്റെ നിശ്വാസങ്ങളെനിക്കു നിര്‍വൃതിയും.

നിന്റെയിന്ദ്രിയങ്ങളെന്റേതാകുമ്പോള്‍
ആയിരം കണ്ണുള്ള  വിഷ്ണുവാകുന്നു ഞാന്‍.