അനിശ്ചിതത്വത്തിന്റെ സൌന്ദര്യം

നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞു. ചലിച്ചില്ലെങ്കിലും എന്നുമുണ്ടായിരുന്ന, എന്നും നിലനില്‍ക്കുന്ന അസ്തിത്വബോധമാണ് നിത്യത. (ബോധമില്ലെങ്കില്‍ നിത്യതക്ക് എന്തര്‍ത്ഥം?) ചലിച്ചില്ലെങ്കിലും അതുണ്ട്; പക്ഷേ, നാം ഉണ്ടായിരിക്കണമെന്നില്ല. ശൂന്യതയെ പരമമായ യാഥാര്‍ത്ഥ്യമായും അനന്തതയെ ശൂന്യതയുടെ നാനാവിധത്തിലുള്ള ആവിഷ്കാരമായും കാണാന്‍ ശ്രമിച്ചിരുന്ന ഒരു ഗണിതജ്ഞന്‍ ഇന്ത്യക്കുണ്ടായിരുന്നു: ശ്രീനിവാസ രാമാനുജന്‍. പൂജ്യത്തെ (ഒരു പൌരസ്ത്യ മനസ്സിന് മാത്രം ഭാവനയില്‍ മനനം ചെയ്യാനാവുന്ന, ശൂന്യതയെന്ന പരമമായ യാഥാര്‍ത്ഥ്യം) അനന്തതകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അന്ത്യമില്ലാത്ത സംഖ്യയിലെ ഓരോ അക്കങ്ങളാണ്‌ നാമും സൃഷ്ടിയിലെ ഓരോ കണികയും എന്ന് സാത്വികമായി ചിന്തിക്കാന്‍ അദ്ദേഹത്തിലെ പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നു.

നമ്മുടെ പൂര്‍വ്വികന്മാരുടെ പൂര്‍വ്വികര്‍ അനുദിനജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ മുഴുകി ജീവിച്ചു. വെറുതേയിരിക്കാനുള്ള സമയം ലഭ്യമായതോടെ, തന്റെ ഉള്ളിലേയ്ക്ക് നോക്കാനുള്ള ബൌദ്ധികവാസന കുരുത്ത്, പയ്യെ പുഷ്പിച്ചു. ആ ഒളിഞ്ഞുനോട്ടമാണവനെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ അദ്ഭുതത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. അതായത്, ഈ പ്രപഞ്ചവും ഈ ഞാനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ഒരേ പരമാണുക്കള്‍ കൊണ്ടാണെന്ന അറിവ്. ഏതു ഭാവനയെയും വെല്ലുന്നയത്ര വിദൂരതയില്‍ കത്തിജ്വലിക്കുന്ന നക്ഷത്രങ്ങളിലും എന്റെ ശരീരത്തിലും ചലിക്കുന്നത്‌ ഒരേ അണുതന്നെയാണെന്ന സത്യം. അതിസൂക്ഷ്മകണങ്ങളുടെ ഈ മഹാവിസ്തൃതിയില്‍ അതികൃത്യമായ ഊര്‍ജ്ജഭാവങ്ങള്‍ സങ്കലിതമാവുമ്പോഴും വെളിയില്‍ നിന്നുള്ള വീക്ഷണത്തില്‍ അനിശ്ചിതത്വമാണവിടെ ഭരിക്കുന്നതെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ കാഴ്ചപ്പാട്.

ഇതിന്റെ പരിണതിയായിരിക്കാം, ജീവിതത്തെ കൃത്യമായ രീതിസംവിധാനങ്ങളിലൂടെ (methodology) കെട്ടിപ്പടുക്കുക എന്നതിലും സന്തുഷ്ടവും ആരോഗ്യകരവും അതിനെ വരുന്നതുപോലെ സ്വീകരിക്കാനുള്ള തന്റേടവും ശുഭാപ്തിവിശ്വാസവുമാണ് എന്ന കണ്ടെത്തല്‍. Let go of planning and embrace not knowing what will happen. Let go of productivity and be open to new ideas and spontaneous creativity. എന്ത് നേടണം, എവിടെയെത്തണം എന്നൊക്കെ തീരുമാനിച്ചിട്ട്‌ പ്രവര്‍ത്തിക്കുന്നതിലും എത്രയോ സ്വാതന്ത്ര്യവും സന്തുഷ്ടിയും തരുന്നതാണ്, ഇപ്പോള്‍ ചെയ്യേണ്ടതും ചെയ്യാനാവുന്നതും ചെയ്യുക, ഫലമെന്തുമാകട്ടെ എന്ന കൂസലില്ലായ്മ. അതാണല്ലോ മഹത്തായ ഗീതാദര്‍ശനവും. എല്ലാ സൌന്ദര്യദര്‍ശനത്തിലും ഈ അനിശ്ചിതത്വം അനിവാര്യമാണ്. ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും, സംഖ്യകളുടെ സ്വഭാവ സവിശേഷതകളെ കണ്ടെത്താന്‍ രാമാനുജനുണ്ടായിരുന്ന കഴിവ് അനന്യമായിരുന്നു. അശിക്ഷണവും ക്രമരാഹിത്യവും നിലനില്‍ക്കെത്തന്നെ ഗണിതസിദ്ധാന്തങ്ങളുടെ സൌന്ദര്യത്തിലേയ്ക്ക് ചെന്നുപെട്ട വിശിഷ്ട ബുദ്ധികളായിരുന്നു ഐന്‍സ്റ്റയിനും (Albert Einstein) അദ്ദേഹത്തിന്‍റെ മുന്നോടി പ്വാന്‍ഗ്കരെയും (Henri Poincaré). രാമാനുജന്റെ കാര്യത്തിലെന്നപോലെ, ഇവരിരുവരുടെയും ഗണിതചേതനയുടെ ഭാഗമായി, പുതിയ ഗണിതസ്വത്വങ്ങള്‍ അബോധമനസ്സില്‍ ഉരുത്തിരിഞ്ഞ്‌, പ്രത്യക്ഷമനസ്സിലേയ്ക്ക് സംവേദനം നടത്തുകയായിരുന്നു. വിശദാംശങ്ങളെ അവഗണിക്കാനാകുക എന്നതാണ് ഗിരിശൃംഗങ്ങളുടെ ഭംഗിയാസ്വദിക്കാന്‍ വേണ്ടുന്ന ഒരു മാനസികഘടകം. ഏതാണ്ട് ഈ അര്‍ത്ഥത്തിലായിരിക്കണം ഫ്രീഡ്രിഹ് നീററ്ഷേ (Friedrich Nietzsche) പറഞ്ഞത് : അനിര്‍ണ്ണീത നിലങ്ങളില്‍ നിന്നാണ് നൃത്തം ചെയ്യുന്ന താരങ്ങള്‍ ജനിക്കുന്നത്.

യുവത്വത്തിന്റെ അതിപ്രസരങ്ങളെല്ലാം ശമിച്ച്, പലതും നേടിയശേഷം ജോലിയില്‍നിന്നു വിരമിച്ച്, മനസ്സില്ലാമനസ്സോടെ നാട്ടിലേയ്ക്ക് തിരിക്കുമ്പോഴും, അവിടെ ചെന്നിട്ട്, ഇനിയും, വരുമാനമുള്ള എന്തെങ്കിലും കളിച്ചുവയ്ക്കാന്‍ വെമ്പെല്‍കൊള്ളൂന്ന പല പ്രവാസികളെയും കണ്ടിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലാത്ത ഒരവസ്ഥയനുമാനിക്കാനേ അവര്‍ക്കാകുന്നില്ല. ഭൌതിക/സാമ്പത്തിക ലക്ഷ്യങ്ങളില്ലാത്ത മാനസിക സ്വസ്ഥതയോടെയുള്ള വിശ്രമജീവിതം എന്തോ പാപമാണെന്നതുപോലെയാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. പണ്ടില്ലാതിരുന്ന, എന്നാല്‍, ഏറ്റവും ക്രിയാത്മകവും അതേ സമയം ശ്രമരഹിതവുമായ സൌന്ദര്യാസ്വാദനത്തിനായി, ഉഴിഞ്ഞുവയ്ക്കാനുള്ള ഒരവസരം കൈവന്നതിന്റെ സന്തോഷം തിരിച്ചറിയാതെപോകുന്നത് എത്ര ദയനീയമാണ്!

ശ്രമരഹിതമായ സൌന്ദര്യാസ്വാദനത്തിന് ഇന്നെന്നെ സഹായിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത്, വെറും നിസ്സാരരായി കാണപ്പെടുന്ന കുറേ ചെറു പ്രാണികളാണ് - അവരില്പ്പെടുന്നു ചെറുതേന്‍ ഉണ്ടാക്കുന്ന ഈച്ചകള്‍. വെറുതേ ഒരു രസത്തിന്, ഒരു കലത്തില്‍ ഞാന്‍ സംഭരിച്ചുവച്ച തേനീച്ചക്കുടുംബം ഇന്ന് ആറായി പെരുകിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിശേഷിച്ച് ഒന്നുമറിഞ്ഞിട്ടല്ല, ആദ്യത്തെ കൂട്ടത്തെ പകുത്ത് ഞാനൊരു പരീക്ഷണം നടത്തിയത്. ഒരു ചിരട്ടയില്‍ കുറേ മുട്ടകള്‍ മാത്രമാണ് ഏതാനും ഈച്ചകളോടെ ഞാന്‍ മാറ്റിവച്ചത്. ബാക്കി കണക്കുകൂട്ടലുകളെല്ലാം, കൃതകൃത്യതയോടെ പരിശ്രമശാലികളായ ആ മിണ്ടാപ്രാണികള്‍ വളരെ ഭംഗിയായി ചെയ്തു - അനാവശ്യ വിടവുകള്‍ അടക്കുക, കയറിയിറങ്ങാന്‍ ഒരു വളച്ചുവാതിലുണ്ടാക്കുക, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറര വരെ പൂമ്പൊടി ശേഖരിക്കുക, സശ്രദ്ധം മുട്ട വിരിയിച്ച് പുതിയ ഒരു തലമുറയെ രൂപപ്പെടുത്തുക എന്നതെല്ലാം. അക്കൂടെ, നമുക്ക് സൌജന്യമായി എടുത്തുപയോഗിക്കാന്‍ അതിമധുരമായ, ഔഷധഗുണങ്ങള്‍ ഏറെയുള്ള തേനുണ്ടാക്കുകയും! അവരുടെ പോക്കും വരവും, വൈവിധ്യമാര്‍ന്ന ജോലിവിഭജനവുമൊക്കെ കണ്ടുകൊണ്ടിരിക്കുക എത്ര ധന്യമായ സൌന്ദര്യാരാധനയാണ്! ഗണിതത്തിന്റെ സരളതയും സങ്കീര്‍ണ്ണതയും അണുസമാനമായ ഈ ചെറുജീവികളില്‍ സംഗമിക്കുന്നതും അതിവിസ്മയനീയമായ അണുവിസ്ഫോടനങ്ങളിലൂടെ ആകാശഗംഗകള്‍ രൂപംകൊള്ളുന്നതും തമ്മില്‍ എന്തുണ്ട് വ്യത്യാസം?

മഹത്തമമായ കണ്ടെത്തല്‍

ഉണ്ടായിരിക്കുക എന്ന ബോധമാണ് അസ്തിത്വം. നാമെല്ലാം അതില്‍ പങ്കുപറ്റുന്നവരാണ്. നാം എന്ന് പറയുമ്പോള്‍, ബുദ്ധിയുള്ള സൃഷ്ടികള്‍ എന്ന സങ്കുചിതമായ അര്‍ത്ഥത്തിലേയ്ക്ക് ഇതിനെ ചുരുക്കാനുള്ള പ്രവണതയെ ബോധപൂര്‍വ്വം മറികടക്കേണ്ടിയിരിക്കുന്നു. എങ്കിലേ, ചരാചരങ്ങളെന്ന പൊതുസംജ്ഞയില്‍ വരുന്നവയെ ഒക്കെയും ബോധത്തിന്റെ ബ്രഹ്മാണ്ഡത്തിനുള്ളില്‍ കൊണ്ടുവരാന്‍ നമുക്കാവൂ. പക്ഷേ, അസ്തിത്വമെന്നത് എന്താണ് എന്ന സ്വന്തമായ കണ്ടെത്തല്‍ സംഭവിക്കാതെ, നമ്മുടെ അല്‍പബുദ്ധിക്ക് നിതാന്തമായ വിശ്രാന്തിയുടെ ആനന്ദം കൈവരില്ല. വിശ്രാന്തിയുടെ നേരേ എതിരാണ്‌ സംസാരം. ലൌകികജീവിതചക്രത്തിനാണ് സംസാരമെന്നു പറയുന്നത്. അതാകട്ടെ, തിക്കും തിരക്കുമല്ലാതൊന്നുമല്ല. ഈ തിക്കും തിരക്കും അതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ വ്യതിരിക്തതയുടെ മാത്രം സൃഷ്ടിയാണ്. വ്യക്തിത്വബോധമുള്‍പ്പെടെ, ജീവജാലങ്ങള്‍ തമ്മില്‍ അകല്‍ച്ചയെ ദ്യോതിപ്പിക്കുന്നതെന്തൊക്കെയുണ്ടോ, അതെല്ലാം വ്യതിരിക്തതയില്‍ ഉള്‍പ്പെടും. 

എല്ലാ ആത്മീയ ഗുരുക്കന്മാരും പറയുന്ന ഒരു കാര്യമുണ്ട്: സംശുദ്ധമായ ആനന്ദം നമുക്കുള്ളിലാണ്. എല്ലാം കൈയെത്തും ദൂരത്തുണ്ട്‌. കണ്ടെത്തുക എന്നത് മാത്രമാണ് മനുഷ്യന്‍ ചെയ്യേണ്ടത്. അതിന്, പക്ഷേ, നിതാന്തമായ നിശബ്ദത അത്യാവശ്യമാണ്. നിശബ്ദതയുടെ ഇടവേളകളെങ്കിലും ഇല്ലാതെ ഏകവും ആത്യന്തികവുമായ സത്യത്തിന്റെ ഉള്ളറയിലേയ്ക്ക് എത്തിനോക്കാന്‍ പോലും നമ്മുടെ ബുദ്ധിക്ക് ആവില്ല. എന്നാല്‍ ഒരിക്കല്‍ അതിനുള്ള ആവേശം ഒരു ശീലമായാല്‍, മഹത്തമമായ ആ ഉള്‍ക്കാഴ്ച അനിവാര്യമാണ്: അതായത്, പരമാത്മാവ്‌ അതിന്റെ സത്താസവിശേഷതകൊണ്ടുതന്നെ എല്ലാറ്റിലും ഒരുപോലെ സന്നിഹിതമായിരിക്കേണ്ടതുണ്ട് എന്ന സംശയാതീതമായ അവബോധം. കാരണം, അനന്തമായതിന് ഒന്നിലും ഒതുങ്ങാനോ നുറുങ്ങാനോ ആവില്ല എന്നത് പഴുതില്ലാത്ത യുക്തിയാണ്. പ്രകാശിതമായ ആത്മനിശബ്ദതയില്‍ സാധകന്റെയുള്ളില്‍ ജ്വലിച്ചുതുടങ്ങുന്ന ഈ സത്യജ്ജ്വാല തുടര്‍ന്ന് വെളിപ്പെടുത്തുന്നത് ഇതായിരിക്കും: സത്യം ഒന്നേയുള്ളൂ, അതാകട്ടെ, ഉണ്ടായിരിക്കുക എന്ന അനന്തമായ ഉണ്മയുടെ, എല്ലായിടത്തും, എല്ലാറ്റിലും ഒരേപോലെയായിരിക്കുന്ന അത്ഭുതമല്ലാതെ മറ്റൊന്നുമല്ല.

അസ്തിത്വമെന്നത് ഒന്നാണ്, ഒന്നേയുള്ളൂ, ഒന്നായിരിക്കാനേ സാദ്ധ്യതയുള്ളൂ എങ്കില്‍, അത് ഇപ്പോള്‍, ഇവിടെ ആണ്. ഉള്ളത് എന്ന് പറയുമ്പോള്‍ ഇന്ന്, ഇപ്പോള്‍, സമ്പൂര്‍ണ്ണമായും ഇവിടെയുള്ളത് എന്നാണര്ത്ഥം. അപ്പുറത്ത് എന്നൊരു വാക്ക് ഉപയോഗിക്കേണ്ടിവരുന്നതുതന്നെ, ഇപ്പോള്‍ ഇവിടെയുള്ളതിന്റെ വ്യാപ്തി നാം കാണുന്നില്ല എന്നതിന്റെ തെളിവാണ്. ഇതും അതും, ഇപ്പുറവും അപ്പുറവും, ഇന്നലെയും നാളെയുമൊക്കെ നമ്മുടെ മനസ്സിന്റെ കാല്‍പനിക സൃഷ്ടികളാണ്. സൃഷ്ടലോകമെന്നും സൃഷ്ടാവെന്നും വ്യത്യാസപ്പെടുത്തി (വ്യതിരിക്തത കല്‍പ്പിച്ചു) പറയുന്നതും അനുഭവിക്കുന്നതുമെല്ലാം, വാസ്തവത്തില്‍ ഈ ഒന്നില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന അറിവാണ് പരമമായ ജ്ഞാനം. അതിലെത്തിച്ചേരുന്നതുവരെയുള്ളതൊക്കെയും മായ എന്ന ഒഴുക്കന്‍ സംജ്ഞയില്‍ ഒതുക്കാം. നാമൊരാളില്‍ ഉള്ളതിനേക്കാള്‍ ഒരു തരിപോലും കുറവോ കൂടുതലോ അല്ല മറ്റൊരാളിലോ, മറ്റൊരു  വസ്തുവിലോ കണ്ടെത്താവുന്ന ഉണ്മ (പരമാത്മാവ്‌) എന്നുള്ളത് ഏറ്റവും സംശുദ്ധമായ യുക്തിയില്‍ തന്നെ തെളിഞ്ഞുവരേണ്ട സത്യമാണ്. വ്യത്യസ്തതകള്‍ (വിവിധ വിഭാഗങ്ങളില്‍പെടുന്ന ചരാചരങ്ങള്‍ ഉണ്ടെന്നുള്ള സാധാരണയനുഭവം ഉള്‍പ്പെടെയുള്ളവ) മായ എന്ന വിഭ്രാന്തിയുടെ ഫലമാണെന്നും, അവയില്‍നിന്നുള്ള മോചനം 'ഏകം സത്'  (എല്ലാം ഒന്നാണ്) എന്ന അവബോധത്തിലേയ്ക്ക് കൊണ്ടെത്തിക്കും എന്നുമാണ് വേദാന്തത്തിന്റെ സാരം. അതുള്‍ക്കൊള്ളാനാണ് നാമിവിടെ ശ്രമിക്കുന്നത്. ഏറ്റവും വലിയ തമാശ, അത് മനസ്സിലാകുംവരെ, അതില്‍പ്പരം ഒരു ഭോഷത്തമില്ലെന്നേ ആരും കരുതൂ എന്നതാണ്. കാരണം, അത്രകണ്ട് ദയാഹീനമായി അവിദ്യ നമ്മെ വിഴുങ്ങിയിരിക്കുന്നു.

നിത്യമായ ഒന്ന് ഉണ്ടെന്നറിയുക, എല്ലാം നിത്യമാണെന്നറിയുന്നതിനു തുല്യമാണ്. അതോടേ, അന്ധകാരം അവസാനിക്കേണ്ടതാണ്. അതായത്, സ്വന്തം ആത്മസത്ത പരമസത്തയുടെ തന്നെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ ഒരാള്‍, കഴിഞ്ഞുപോയ, താത്ക്കാലികമായ, വിലയേ ദ്രവ്യലോകത്തിന് നല്‍കൂ. അചരമായതൊന്നും പ്രപഞ്ചത്തിലില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ചലനമുള്ളതെല്ലാം ആരംഭമുള്ളതാണ്. ആരംഭമുള്ളതിന് അന്ത്യവുമുണ്ടായിരിക്കും. ഈ അറിവാണ് തുടക്കം. അതില്‍ പിടിച്ച്, ആദ്യാന്തങ്ങള്‍ ഇല്ലാത്ത കാതലായ അസ്തിത്വം അനാദിയും അനന്തവുമായിരിക്കണം എന്നും നമുക്കറിയാം.

തെളിച്ചു പറഞ്ഞാല്‍, വ്യക്തിപരമായ വീക്ഷണത്തിന്റെ പരിണതഫലമാണ് എല്ലാ വ്യത്യാസങ്ങളും വ്യതിരിക്തതകളും. ഇപ്പറഞ്ഞത്‌ അല്പമൊന്ന് വിശദീകരിക്കാന്‍ നമുക്ക് നിറങ്ങളുടെ അനുഭവമെടുത്തൊന്നു പരിശോധിക്കാം. അഭിരാമമായ വര്‍ണ്ണവൈവിദ്ധ്യങ്ങളോടെ സസ്യജീവജാലങ്ങളും സായംസന്ധ്യയും പ്രഭാതങ്ങളും ഈ പ്രകൃതിയെ അലങ്കരിക്കുന്നു. എന്നാല്‍, നിറങ്ങളെപ്പറ്റി ഇന്ന് നമുക്കുള്ള ശാസ്ത്രീയമായ അറിവുവച്ച് നോക്കിയാല്‍ അവയെല്ലാം നമ്മുടെ കണ്ണിന്റെയും തലച്ചോറിന്റെയും അനുനിമിഷ സൃഷ്ടി മാത്രമാണ്. നാം കാണുന്ന വസ്തുക്കളിലല്ല നിറങ്ങള്‍ സ്ഥിതി ചെയ്യുന്നത് എന്നാണ് അതിന്റെ പൊരുള്‍. പിന്നെയെവിടെയാണവ? ഒരു ചറിയ പരിധിക്കുള്ളില്‍ അലനീലമുള്ള പ്രകാശതരംഗങ്ങളെ മാത്രം കണ്ണുകളിലൂടെ സ്വീകരിച്ച്, അവയെ വിവിധ നിറങ്ങളായി വ്യാഖ്യാനിച്ച്, തലച്ചോറ് നമുക്ക് തരുന്ന തോന്നല്‍ മാത്രമാണ് നാം കാണുന്ന നിറവൈവിധ്യങ്ങള്‍. മേശപ്പുറത്തു വച്ചിരിക്കുന്ന ചുവന്ന റോസാപ്പൂവ് വെളിച്ചത്തിരുന്നാല്‍ മാത്രമേ ചുവന്നതാകുന്നുള്ളൂ; ഇനി, വെളിച്ചത്തിരുന്നാലും, അന്ധനായ ഒരാളുടെ സന്നിധിയില്‍ ആ പൂവിന് ഒരു നിറവും ഇല്ലതന്നെ. എല്ലാ ഇന്ദ്രിയാനുഭവങ്ങളിലും ഈ കബളിപ്പിക്കല്‍ നടക്കുന്നുണ്ട്.  

അപ്പോള്‍, പ്രകാശം നമ്മില്‍ നിറങ്ങളുടെ ഭ്രമം ഉണ്ടാക്കുന്നതുപോലെ, ഊര്‍ജ്ജത്തിന്റെ ഘടനാവ്യത്യാസങ്ങള്‍ നമ്മിലുണ്ടാക്കുന്ന ഭ്രമമാണ് ദ്രവ്യാനുഭവം. അങ്ങനെയെങ്കില്‍ ബാക്കിയുള്ള ലോകാനുഭവങ്ങളും ഭ്രമാത്മകമാണ്‌ എന്ന് സംശയിക്കേണ്ടതില്ല. ഇങ്ങനെയുള്ള എല്ലാ ഭ്രമാനുഭവങ്ങളുടെയും ആകെത്തുകയാണ് ഞാന്‍. അനുഗ്രഹീതമായ ഒരു ധ്യാനനിമിഷത്തില്‍, ചിലര്‍ക്ക്, ഒരു പക്ഷേ, ഈ 'ഞാന്‍' ഇല്ലാത്ത, അതേ സമയം, ഒന്നും എല്ലാവുമായ, ഉണ്മയുടെ (ആയിരിക്കുക എന്ന) സംശുദ്ധമായ അനുഭവത്തിലെത്താനാവും. അത്തരം ധന്യാനുഭവമാണ് ഭ്രാമാത്മകവും അങ്ങേയറ്റം പരിമിതവുമായ അഹംബോധത്തിനപ്പുറത്തുള്ള അനന്തമായ ഉണ്മയുടെ ബോധോദയം. അതാണ്‌ ബ്രഹ്മജ്ഞാനം. സംഗ്രഹിച്ചു പറഞ്ഞാല്‍, അറിവിന്റെ മൂന്ന് അടുക്കുകളിലൂടെയാണ് ഒരാള്‍ അവിടെയെത്തുക. ഒന്നാമത്തേത് ദ്രവ്യശരീരത്തെ അറിയുന്നത്. രണ്ടാമത്തേത്, ഊര്‍ജ്ജശരീരത്തെ അറിയുന്നത്. മൂന്നാമത്തേതാണ് അല്പമായ സ്വന്തം ആത്മസത്തയെ അനന്തബോധം തന്നെയായി തിരിച്ചറിയുക.     

ഊര്‍ജ്ജതന്ത്രത്തിലെ ഏറ്റവും ആധുനിക കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതുപോലെ, ക്ഷരപ്രപഞ്ചമായ സകലതും ഊര്‍ജ്ജം മാത്രമാണ്. ഊര്‍ജ്ജത്തിന്റെ അതിവേഗചലനങ്ങളാണ് ഘനത്വം എന്ന ഭ്രമത്തെപ്പോലും സൃഷ്ടിക്കുന്നത് എന്നാണ് ഭൌതികശാസ്ത്രം ഇന്ന് മനസ്സിലാക്കുന്നത്. വേദാന്തമാകട്ടെ, ഒരു പടികൂടി കടന്ന്, ഊര്‍ജ്ജത്തിന്റെ സ്ഥാനത്ത് ബോധത്തെയാണ് അംഗീകരിക്കുന്നത്. ഈ ലോകം ഭ്രമാത്മകമാണെന്നു പറയുന്നതിന്റെ അര്‍ത്ഥം അത് നമ്മുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനം മാത്രമാകുന്നു എന്നാണ്. അനുദിനചര്യകളില്‍ ഈ വ്യാഖ്യാനങ്ങള്‍ നമുക്കു മുന്നില്‍ സത്യങ്ങളായി വേഷമിടുന്നു. അതിനാല്‍, ശരീരം ദ്രവ്യപരമായ കാഴ്ചപ്പാടിനുള്ളില്‍ വരുന്നു. അതിനപ്പുറത്താണ് മനശ്ശരീരം. മൂന്നാമത്തെ അടുക്കാണ്‌ നമ്മുടെ ബോധം. മറ്റ് രണ്ടുംപോലെ ചലനാത്മകമായതിനാല്‍, അതും ഒരിക്കല്‍ നിലക്കും. എന്നാല്‍ അതോടേ അത് ശൂന്യമാകുകയല്ല; നിശ്ചലമായ അനന്തബോധത്തിലേയ്ക്ക് അലിഞ്ഞുചേരുകയുമല്ല. മറിച്ച്, അവിച്ഛിന്നമായ അനന്തബോധം മാത്രമേയുള്ളൂ, അത് മാത്രമേ എന്നും ഉണ്ടായിരുന്നുള്ളൂ എന്ന തിരിച്ചറിവില്‍ എത്തുകയാണ് ചെയ്യുക. നിമിഷാര്‍ദ്ധങ്ങള്‍ തൊട്ട്‌ ബ്രഹ്മയുഗങ്ങള്‍ വരെ കുറുക്കിയും നീട്ടിയും അളക്കപ്പെട്ടിരുന്ന സമയസാഗരങ്ങളുടെ മിഥ്യ സമൂലം തകര്‍ന്ന്, ഞാനും ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ സര്‍വ്വവും ഒരേയൊരസ്തിത്വമായി സ്പന്ദിക്കുന്ന ദിവ്യാദ്ഭുതമായിരിക്കും അത്.   

"വരാനിരിക്കുന്ന ലോകത്തിന്റെ നിഗൂഡതയാണ് മൌനം. സംസാരമാകട്ടെ ഈ ലോകത്തിന്റെ ഉപകരണവും. ഉത്സാഹത്തോടെ അന്വേഷിക്കുന്നവര്‍ പലരുമുണ്ട്, പക്ഷേ, നിതാന്ത നിശബ്ദതയില്‍ നിലനില്‍ക്കുന്നവര്‍ മാത്രമാണ് കണ്ടെത്തുന്നവര്‍." (നിനവേയിലെ ഇസഹാക്ക്)  The deep calls to the deep. (psalm 42,7) 

അത്തിമരത്തിലെ വേദാന്തം


ഈ ഞാനും എനിക്ക് ചുറ്റുമുള്ളതും സത്യത്തില്‍ ഉള്ളതാണോ, അതോ, ഇതെല്ലാം ആരുടെയോ സ്വപ്നമാണോ? ഈ സംശയം വച്ചുപുലര്‍ത്തിയിരുന്നവര്‍ എന്നുമുണ്ടായിരുന്നു. റെനെ ദെക്കാര്‍ത്ത് എന്ന ഫ്രഞ്ച് ചിന്തകനും അക്കൂട്ടത്തില്‍പ്പെടുന്നു. പടിഞ്ഞാറ് തത്ത്വചിന്തക്ക് അടിക്കല്ലിട്ടത് അദ്ദേഹമാണല്ലോ. അടിക്കല്ലിടുന്നത് ഉറച്ച നിലത്താകണമെന്നതുകൊണ്ട്, അത് തേടി അദ്ദേഹം ചെന്നെത്തിയത് "ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്" എന്ന യുക്തിയിലാണ്. എന്നാല്‍, പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയോടെ അമ്പത്തിനാലാമത്തെ വയസില്‍ മരണമടഞ്ഞ അദ്ദേഹത്തെക്കാള്‍ ഉള്‍ക്കാഴ്ച തെളിഞ്ഞവര്‍, സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ്, ഹിമാലയത്തിന്റെ താഴ്വരകളിലെ ഗുഹകളിലിരുന്ന്, അതിലും ശരിയായിരിക്കാനിടയുള്ള വേറൊരു യുക്തിയില്‍ എത്തിയിരുന്നു. "ഞാനും എന്റെ അനുഭവജ്ഞാനവും സ്ഥിരതയില്ലാതെ പാറിപ്പറക്കുന്ന ഏതോ ചിന്താതരംഗങ്ങളുടെ സൃഷ്ടിയാണ്, അതുകൊണ്ട് ഞാനില്ല, എന്നെ ചുറ്റിപ്പറ്റിയുള്ളതുമില്ല." പോരെ പൂരം! ഭൂഗോളത്തിന്റെ കിഴക്കും പടിഞ്ഞാറും മനുഷ്യബുദ്ധി സഞ്ചരിച്ചത് നേരേ എതിര്‍ധ്രുവങ്ങളിലേയ്ക്കാണ്! ഇന്ന് എല്ലാ ജീവിതവ്യാപാരങ്ങളിലും നാം പടിഞ്ഞാറന്‍ ബുദ്ധിക്കൊത്തവിധം പെരുമാറുന്നു. അതായത് ഞാനും എന്റെ ലോകവും അപ്പടി യഥാര്‍ത്ഥമാണെന്ന ബോധ്യത്തോടെ. 'കിറുക്കു'പിടിച്ച ചുരുക്കം ചിലര്‍ മാത്രം ഋഷികളുടെ കണ്ടെത്തലാണ് സത്യമെന്ന ബോദ്ധ്യത്തോടെ, മായയെന്ന ആഴക്കടലിലൂടെ, ഏത്‌ സമയത്തും തകരാവുന്ന ജീവിതവഞ്ചി തുഴയുന്നു. എന്നാല്‍ അവര്‍ക്കതില്‍ ഭയമില്ല. കാരണം, വഞ്ചി തകര്‍ന്നാല്‍ വീഴുന്നത് ആഴക്കടലിലേയ്ക്കാണ്, പരമമായ സത്യം എന്ന ആഴക്കടലിലേയ്ക്ക്. മായയെന്തെന്ന് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇത്രയേയുള്ളൂ: ഞാനും ഇന്ദ്രിയേന ഞാനനുഭവിക്കുന്നതും, താല്‍ക്കാലികമായ ഏതൊ ബുദ്ധിഭ്രമത്തിന്റെ പ്രത്യക്ഷങ്ങള്‍ മാത്രമാണ്.

ഭാരതത്തിന്റെ തനതു കണ്ടെത്തലായ വേദാന്തമനുസരിച്ച്, പരമമായ സത്തയുടെ ഏതോ പ്രച്ഛന്നഭ്രമത്തില്‍പ്പെടുന്നു അഹവും (ഞാന്‍) അതിന്റെ അനുഭവലോകവും. എന്നെത്തന്നെ ഞാന്‍ ഭ്രമമായി തിരിച്ചറിയുന്നത് വിദ്യയും തിരിച്ചറിയാതിരിക്കുന്നത് അവിദ്യയുമാണ് എന്നാണ് വേദാന്തപാഠം. 

നാമും നമ്മുടെ വ്യക്തിത്വങ്ങളും തീര്‍ത്തും ഭ്രമാത്മകമാണെങ്കില്‍, വ്യക്തികളെന്ന നിലക്ക് നാം നേടുന്ന അറിവുകളും ഭ്രമാത്മകമാണ്. പക്ഷേ, ഈ ഭ്രമത്തിനും വേണമല്ലോ ഒരാധാരം? അത് പ്രച്ഛന്നമാണ്, എന്നാണ് വേദാന്തവ്യാഖ്യാനം. ഒരു പൂവിന്റെ നിറം മഞ്ഞയാണെന്നോ ചുകപ്പാണെന്നോ പറയുന്നത് അസ്തിത്വതലത്തില്‍ തികച്ചും അയാഥാര്‍ഥ്യമാണെന്നതുപോലെ (കാരണം, നിറങ്ങളെ കാണുന്നത് കണ്ണിന്റെയും തലച്ചോറിന്റെയും ചില ഒത്തുകളികളിലൂടെയാണ്.) അയാഥാര്‍ഥ്യമാണ് ഞാനുണ്ട് എന്ന് പറയുന്നതും. നിത്യജീവിതത്തില്‍ നമുക്കുപകരിക്കുന്ന സത്യമെന്നത്, ഓരോരുത്തരും എന്തിനെയെങ്കിലുംപറ്റി നടത്തുന്ന വ്യാഖ്യാനം മാത്രമാണ്. അവയെല്ലാം വ്യക്തിപരവും ആപേക്ഷികവുമാണ്. പരമമായ സത്യം നമ്മുടെ ഐന്ദ്രികലോകത്തിന്റെ പരിധിയിലല്ലതന്നെ. നിറത്തിന്റെ കാര്യം തന്നെയെടുക്കുക. ഞാന്‍ കാണുന്ന പച്ചനിറം തന്നെയാണ് എന്റെ സുഹൃത്ത് കാണുന്ന പച്ചയും എന്നതിന് ഒരു സ്ഥിരീകരണവും സാധ്യമല്ല. അതങ്ങനെയാണെന്ന്‌ ഇരുവരും ധരിച്ചുവയ്ക്കുന്നത്, ജീവിതത്തെ സുഗമാമാകാന്‍ വേണ്ടിയുള്ള ഒരൊത്തുതീര്‍പ്പ് മാത്രമാണ്. ഇത് തന്നെ മറ്റ് മാനുഷിക സത്യങ്ങളെപ്പറ്റിയും പറയാം. ഓരോ അറിവും ഓരോരുത്തരുടെയും സ്വന്തമാണ്. വ്യക്തിഗതമായ അറിവുകള്‍ വേദത്തില്‍ പെടുന്നു. വേദാന്തമാകട്ടെ, ഇത്തരം അറിവുകളുടെ കാതലില്ലായ്മയെപ്പറ്റിയുള്ള ബോധമാണ്. അതായത്, വേദങ്ങളുടെ അറുതി, അവയ്ക്കപ്പുറത്തുള്ളത്.

ഏതാണ്ട് മൂന്ന് വര്‍ഷമേ ആയുള്ളൂ, ഞാനൊരു അത്തിച്ചെടി നട്ടിട്ട്. അവള്‍ ശക്തിയാര്‍ജ്ജിച്ചു വളര്‍ന്ന്, ഇതിനോടകം ഒരു സുന്ദരിയായിരിക്കുന്നു. വിരിഞ്ഞു പടര്‍ന്ന ശിഖരങ്ങള്‍ നിറയെ കടുംപച്ച പൊതിഞ്ഞ, വിസ്തൃതിയേറിയ, വട്ടയിലകള്‍. മുറ്റത്തിന്റെ ഒരു നല്ല ഭാഗത്തവള്‍ കുളിര്‍മ്മയുടെ നിഴല്‍ വിരിച്ചിരിക്കുന്നു. ഒരാഴ്ചയായി എനിക്കൊരു തോന്നല്‍, ഇവള്‍ ഋതുമതിയാകേണ്ട സമയമായില്ലേ, എന്നായിരിക്കുമോ അത്? എന്റെ തോന്നല്‍ വളരെ ശരിയായിരുന്നു. രണ്ട് ദിവസം മുമ്പ് (17.2.2012) പെട്ടെന്നാണ് ഞാനത് കണ്ടത് - ഏറ്റവും താഴെ, മണ്ണോടു തൊട്ട്‌ അതാ ഒരിളംതണ്ടും അതില്‍ കൊച്ചു കായ്കളും! തായ്ത്തടിയില്‍, പലേടത്തായി വീണ്ടും മുലഞെട്ടുപോലെ വേറെയും മുകുളങ്ങള്‍. ജീവന്റെ ഈ പ്രഫുല്ലത അവിരാമം സാദ്ധ്യമാക്കുന്ന ഈ ഭൂമി എത്ര കരുണാമയി! എന്തൊരു ധാരാളിത്തം! എന്റെ അത്തിമരത്തോടെനിക്ക് വല്ലാത്തയൊരു സ്വരുമയും സ്നേഹവും തോന്നി. ഈ ആഹ്ലാദത്തോടെയാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തെക്കാള്‍ ഉന്മേഷം അവളുടെ സാമീപ്യത്തില്‍ ലഭിക്കുമെന്നറിഞ്ഞ്, എഴുന്നേറ്റുപോയി, ഏറെ നേരം വീണ്ടും ഞാനവളുടെ അടുത്തിരുന്നു. 


ചിന്തകള്‍ വന്നും പോയുമിരുന്നു. എന്താണ് ഈ അടുപ്പത്തിന്റെയര്‍ത്ഥം? അത്തിയെന്നു പേരുള്ള, വട്ടയിലകളുള്ള, ഉരുണ്ട കായ്കളുണ്ടാകുന്ന ഈ മരത്തിന്റെയും എന്റെയും സാന്നിദ്ധ്യം ഇഴുകിച്ചേരുന്നതിലെ നിര്‍വൃതിയാണോ അത്? ഞാന്‍ നട്ടുവളര്‍ത്തിയില്ലെങ്കിലും, ഈ സസ്യത്തെപ്പോലെ മറ്റെന്തും ഏതും ഈ ഭൂമിയില്‍ ജനിച്ചുവളരുന്നില്ലേ. ഞാനും അങ്ങനെ വളര്‍ന്നുവന്നതല്ലേ? അപ്പോള്‍പിന്നെ ഈ മമതയുടെ പൊരുളെന്താണ്? 

ഈ ഭൂമിയില്‍ ഒരിടത്തും അത്തി എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ആരോ ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കുരു കിട്ടി - അത്തിപ്പഴത്തിനുള്ളില്‍ അടുക്കിയിരിക്കുന്ന കടുകുമണിപോലുള്ള ആയിരത്തിലേറെ അരികളില്‍ ഒന്ന്. അയാളത് കുഴിച്ചിട്ടു. അത് മുളച്ചുവളര്‍ന്ന്, പുഷ്പിണിയായി. ആയിരക്കണക്കിന് കായ്കള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം കിളികളും മറ്റ് വാഹകരും വഴി പലേടത്തും ചെന്നുവീണ് മണ്ണിലായി, എല്ലാ അരികളും കിളിര്‍ത്തു. അവയെല്ലാം വീണ്ടും എണ്ണമില്ലാത്തത്ര അത്തിപ്പഴങ്ങള്‍ക്കും അവയിലെ എണ്ണിയാലൊടുങ്ങാത്ത അരികള്‍ക്കും ജന്മം നല്‍കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍മാത്രം അത്തിമരങ്ങള്‍ ഉണ്ടായി. അവയെ ഒന്നും തടയാനില്ലെങ്കില്‍, ഓരോ ചെടിയുടെയും മൃഗത്തിന്റെയും കാര്യത്തില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിനുള്ള ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കുരുവില്‍, എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ ആദ്യകുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ബോധാവസ്ഥയിലല്ലാതെ, ജൈവാവസ്ഥയില്‍ ഇങ്ങനെയൊരു നിക്ഷേപം അസാദ്ധ്യമാണ്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്ക് തീര്‍ത്തുപറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ പ്രച്ഛന്നബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികസിത രൂപത്തില്‍നിന്ന് നാം പടിപടിയായി പിന്നോട്ടുപോയാല്‍, ബോധത്തിന്റെ ആ ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്‍ക്കും - അതിസാന്ദ്രമായ ഒരൊറ്റ ബിന്ദുവില്‍. അതിനെ നമുക്കു പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. ഒരു പേരും അനുയോജ്യമല്ലാത്തതിനാല്‍, വേദാന്തികള്‍ അതിന് 'തത്' (അത്) എന്ന് മാത്രം പറയുന്നു. എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ എന്നയറിവ്. 

ഞാനെന്ന വ്യക്തി, അല്ലെങ്കില്‍ എണ്ണമറ്റ, വ്യത്യസ്തമായ, അസ്തിത്വങ്ങള്‍ ഇല്ലെന്നു പറയുന്നതും എല്ലാ അസ്തിത്വവും ഒന്നുതന്നെയാണ് എന്ന് പറയുന്നതും ഒരേ അര്‍ത്ഥത്തിലാണ്. ഏകം സത് എന്ന് വേദാന്തം പറയുന്നതിന്റെ പൊരുള്‍ പിടികിട്ടിയാല്‍ മാത്രമേ ഇത് മനസ്സിലാകൂ.

എന്റെ മുറ്റത്തെ അത്തിമരത്തോടെനിക്ക് എന്തെന്നില്ലാത്ത ഒരടുപ്പവും അഭിനിവേശവും തോന്നുമ്പോള്‍, അത് മറ്റൊന്നുമല്ല, ഈ പരാശക്തിയോടുള്ള അവാച്യമായ ബന്ധം തന്നെയാണത്. ആദിയില്ലാത്ത എന്റെ ആദിയിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാണത്. അതുകൊണ്ടല്ലേ അതിനിത്ര വശ്യതയും?

മൌനസുന്ദരം!

മൌനസുന്ദരം! സന്തുഷ്ടമായ ജീവിതത്തെ ഏറ്റവും നന്നായി വാഴ്ത്താനുള്ള പദങ്ങളാണിവ. സ്വന്തം ജീവിതാനുഭവങ്ങളെപ്പറ്റി  ഇങ്ങനെ പറയാനായാല്‍, എല്ലാമായി. അങ്ങനെയുള്ളയൊരാള്‍ക്ക് ചില ഗുണങ്ങള്‍ സ്വായത്തമെന്നപോലെയാണ്. ഉദാ: ഒന്നിലും എടുത്തുചാടാതിരിക്കുക, അധികം ചെയ്തുകൂട്ടാനുള്ള ആഗ്രഹമില്ലാതിരിക്കുക, അത്യാവശ്യമില്ലാത്തവ ആഗ്രഹിക്കാതിരിക്കുക, ചെയ്യേണ്ടവ തന്നെ പതിയെ ചെയ്യുക എന്നതൊക്കെ. ഈ ഗുണങ്ങള്‍ ജീവിതത്തെ ലളിതസുന്ദരമാക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്ങനെയെന്നു നോക്കാം.

ആധുനിക സാങ്കേതികകണ്ടുപിടുത്തങ്ങള്‍ നമുക്ക് വലിയ സ്പീഡും അതോടൊപ്പം വളരെ ഒഴിവുസമയവും തരുന്നുണ്ട്. സ്പീഡ് കൂടുന്നത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഉപകരിക്കുമെന്നത്‌ ശരിയാകാം. പക്ഷേ, ചെയ്യുന്നതെന്തും അറിഞ്ഞും അനുഭവിച്ചും ആയിരിക്കണമെന്നത് തടയാനും ഇത് കാരണമാകാം. ഇന്ന് മനുഷ്യന്റെ ജീവിതം മുഴുവന്‍ സ്വിച്ചുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒന്ന് ഓഫ്‌ ചെയ്യുമ്പോള്‍ മറ്റൊന്ന് നമ്മള്‍ ഓണ്‍ ആക്കിയിരിക്കും. അതിന് അധികം ശ്രദ്ധ വേണ്ടിവരുന്നില്ല. എന്നാല്‍, ഒന്ന് നാം മറക്കുന്നു. അതായത്, അത്യാവശ്യത്തിനു ശ്രദ്ധയില്ലാതെ ചെയ്തുപോകുന്നതൊന്നും നമുക്ക് ആസ്വദിക്കാനാവില്ല എന്നത്. അക്കൂടെ, പോക്കറ്റിലും ചെവിയിലും ഒക്കെയായി കൊണ്ടുനടക്കാവുന്ന സങ്കീര്‍ണ്ണ ഉപകരണങ്ങള്‍ നാമറിയാതെ നമ്മില്‍ നിന്ന് നമ്മെ അപഹരിക്കുകയാണ്. iPhone ഉപകാരപ്രദമാണ്, എന്നാല്‍ അതിന്റെ നിരന്തരമായ ഉപയോഗം പ്രകൃതിയിലെ സ്വരങ്ങളെ കാലക്രമേണ നമുക്ക് അപരിചിതങ്ങളാക്കാം. അറിവുശേഖരവും ലോകമൊട്ടുക്ക് കൂട്ടായ്മയും ഇന്റര്‍നെറ്റ്‌ വഴി ഇന്ന് സാദ്ധ്യമായിരിക്കുന്നു. എന്നാല്‍, ആവശ്യത്തിലധികം ബന്ധങ്ങളെയും അവ സൃഷ്ടിക്കുന്നു. Facebook, Twitter, Orkut തുടങ്ങിയവയിലേയ്ക്കുള്ള നിലക്കാത്ത ക്ഷണങ്ങള്‍ നിരസ്സിക്കാനറിയാതെ വരുമ്പോള്‍, ചിലന്തിവലയില്‍ പെട്ടുപോയ പറവയെപ്പോലെയാകുന്നു നമ്മുടെ വ്യക്തിത്വം.
ഇന്നത്തെ ചുറ്റുപാടുകളില്‍, നമ്മുടെ പ്രവര്‍ത്തനങ്ങളെ സാവധാനമാക്കുക എന്നത് മനപ്പൂര്‍വം പരിശീലിക്കേണ്ട ഒരു ഗുണമായി കാണേണ്ടതുണ്ട്. സാവകാശമില്ലാതെ ചെയ്തുപോകുന്നവ നമ്മെ ഒരിടത്തും നിലയുറക്കാത്ത ഒരു പരുവത്തിലെത്തിക്കുമെന്നത് തീര്‍ച്ചയുള്ള കാര്യമാണ്. ആന്തരികമായ വിശ്രാന്തിയില്ലാതെ വരുമ്പോള്‍, നമുക്ക് തന്നെ നാം കൈവിട്ടുപോകുന്നു. കാരണം, എന്തിന്റെയുമെന്നപോലെ, നമ്മുടെയും ഉള്ളിന്റെയുള്ള് വിശ്രാന്തിയാണ്. വിശ്രാന്തിയില്ലാത്തിടത്ത്‌ ഉള്ളില്ല എന്നും പറയാം. ഭൌതികമായവ്യ്ക്ക് ആയിരിക്കാനുള്ള അവസ്ഥയെ space  എന്ന് വിളിക്കുന്നതുപോലെ, ആത്മാവിന്റെ, അഭൌമമായതിന്റെ, അസ്തിത്വത്തിനുള്ള condition ആണ് മൌനം അല്ലെങ്കില്‍ വിശ്രാന്തി. space എന്താണോ അതുപോലെതന്നെ മൌനവും ഒരു വസ്തുവല്ല, ഒരവസ്ഥയാണ്. ഈ വരികള്‍ വായിക്കുമ്പോള്‍ അവയ്ക്ക് അര്‍ത്ഥം ഉണ്ടാക്കുന്നത്‌ വായനക്കാരന്റെയുള്ളിലെ മൌനമാണ്. അതില്ലാതെ വാക്കുകള്‍ വെറും സ്വരമോ കടലാസിലെ വരകളോ മാത്രമാണ്. ഈ ലോകം മുഴുവന്‍ ഇത്തരം തുടര്‍സ്വരങ്ങളും വരകളുമാണ്. അവയ്ക്ക് അര്‍ത്ഥം നല്‍കുന്നത് നമുക്കുള്ളിലെ മൌനമാണ്.

 ഏത്‌ തരത്തിലുള്ള ആസ്വാദനവും, ഓരോന്നിനുമുള്ളിലുള്ള സാന്ദ്രമായ, ധന്യമായ, ഈ മൌനത്തെ കണ്ടെത്തുകയല്ലാതെ മറ്റൊന്നുമല്ല. അങ്ങനെയാണ് മുമ്പിലുള്ളതെന്തോ അതുമായി നാം താദാത്മ്യം പ്രാപിക്കുന്നത്. പ്രൌഢമായ ആകാരമുള്ള ഒരു മരത്തിന്റെ മുമ്പില്‍ നിന്ന് അതിന്റെ ഗാംഭീര്യം അനുഭവിക്കുക എന്നാല്‍ എന്താണ്? എങ്ങനെയോ അതിന്റെ ജീവോര്‍ജ്ജം നമ്മിലേയ്ക്ക് പ്രവഹിക്കാന്‍ അനുവദിക്കുക എന്നല്ലേ അതിന്റെയര്‍ത്ഥം? എന്തുകൊണ്ടാണ് ഒരു പൂവിന്റെ സാമീപ്യം നമ്മെ ആഹ്ലാദിപ്പിക്കുന്നത്? തീര്‍ച്ചയായും, അതിന്റെ രൂപവും ഗന്ധവും മൃദുത്വവും നിറങ്ങളുമെല്ലാം നമ്മുടെ ആത്മാവിന്റെ ഭാഗമായിത്തീരുന്നതായി തോന്നുന്നതുകൊണ്ട്. അത് അന്യന്റെ തോട്ടത്തിലാണല്ലോ, അറുത്തെടുക്കാന്‍ എനിക്കാവില്ലല്ലോ തുടങ്ങിയ സ്വാര്‍ത്ഥചിന്തകള്‍ അലട്ടുവോളം, ഒരു പൂവും നമ്മെ വശീകരിക്കാന്‍ പോകുന്നില്ല. എന്റെ ആത്മാവിന്റെയുള്ളില്‍ വിരിയാത്ത ഒരു പൂവിനേയും എനിക്ക് ആസ്വദിക്കാനാവില്ല എന്നതാണ് അതിനര്‍ത്ഥം. ജീവിതത്തിലെന്നെങ്കിലും സ്നേഹത്തില്‍ നമ്മെ കുടുക്കിയ ഒരാളെപ്പറ്റിയുള്ള ഓര്‍മ്മ നമ്മെ ആനന്ദിപ്പിക്കുന്നത് എപ്പോഴാണ്, അല്ലെങ്കില്‍ എന്തുകൊണ്ടാണ്? ഒരുമിച്ചിരുന്നു പങ്കുവച്ച കഥകള്‍ ഓര്‍ക്കുമ്പോഴാണോ? ഇപ്പോള്‍ അവന്‍/അവള്‍ അടുത്തില്ലല്ലോ എന്ന ചിന്തയില്‍ മനസ്സ് വിരഹനോവനുഭവിക്കുമ്പോഴാണോ? അതോ, അവന്റെ/അവളുടെ വശ്യമായ അംഗവിഹാരങ്ങള്‍ ഭാവനയില്‍ ഇക്കിളികളെ ഉണര്‍ത്തുമ്പോഴാണോ? ഒരിക്കലുമല്ല. മറിച്ച്, ഒരിക്കല്‍ അവള്‍/അവന്‍ എന്റെയാത്മാവിന്റെ മൌനതീരങ്ങളില്‍ കുളിര്‍മ്മയുടെ സാന്നിദ്ധ്യമായിരുന്നു എന്നതുകൊണ്ടാണ്. ആത്മാവുകള്‍ തമ്മില്‍ തൊട്ടറിയുന്നത് മൌനത്തിന്റെ കരവലയങ്ങളിലാണ്, അവിടെ മാത്രമാണ്. 

വിശ്വസിക്കാനാവില്ലെങ്കിലും, ഭാഷയും ചിന്തയും നമ്മെ അന്യോന്യം അകറ്റുന്നു. എവിടെയും എല്ലാറ്റിലും, മൌനമാണ് ഒരുമിപ്പിക്കുന്ന ഘടകം. എന്ത് സംഭവിച്ചു, എന്ത് സംഭവിക്കും എന്നതൊക്കെ ആത്മാവിന്റെ ലാഘവത്വത്തെ നശിപ്പിക്കുന്നു. അനശ്വരതയാണ് ആത്മാവിന്റെ സൌന്ദര്യം. അതാണ്‌ ഒരുമിച്ചനഭവിക്കുന്ന മൌനത്തിലൂടെ, ഹൃദയത്തിന്റെ ഭാഷയിലൂടെ, യഥാര്‍ത്ഥ പ്രേമികള്‍ പരസ്പരം കണ്ടെത്തുന്നത്. അതുകൊണ്ടാണ് ഏറ്റുവും വലിയ സംഗീതാസ്വാദകരാകാനും അവര്‍ക്കാകുന്നത്.           

അങ്ങനെയെങ്കില്‍, സംഗീതത്തിന്റെ ആത്മാവെന്താണ് എന്ന ചോദ്യം അസ്ഥാനത്തല്ലല്ലൊ? വളരെ കഴിവുള്ള ചെറുപ്പക്കാര്‍ വിസ്മയകരമായ കൃതകൃത്യതയോടെ പാടുന്നത് റിയാലിറ്റി ഷോകളില്‍ നാം കാണുന്നു. എന്നാല്‍ അവിടെ സംഗീതം ആസ്വദിക്കപ്പെടുന്നില്ല, കേള്‍ക്കപ്പെടുന്നേയുള്ളൂ, അല്ലെങ്കില്‍, കാണപ്പെടുന്നേയുള്ളൂ. സംഗീതത്തിന്റെ സാരാംശം മുഴുവന്‍ ചുറ്റും വിലസുന്ന നര്‍ത്തകരുടെ കാടന്‍ ചലനങ്ങളും സ്റ്റേയ്ജിലെ നിറപ്പകിട്ടും ചിതറിച്ചുകളയുകയാണ് ചെയ്യുന്നത്. എന്തെന്നാല്‍,  സംഗീതം കണ്ണിന്റെയും കാതിന്റെയും അനുഭവമല്ല, ആത്മാവിന്റേതാണ്. ചിന്തയും കാഴ്ചയും ആത്മാനുഭവത്തെ അസ്സാദ്ധ്യമാക്കുമെന്നു പറഞ്ഞു. സ്വരരാഗങ്ങള്‍ താളലയമായി ആത്മാവില്‍ തൊടണമെങ്കില്‍ അവ മൌനത്തില്‍ പൂണ്ടിരിക്കണം. സംഗീതത്തിന്റെ കാതല്‍ മൌനമില്ലാതെ നിലനില്‍ക്കില്ല എന്നുതന്നെ. 

ഗ്രിഗോറിയന്‍ സംഗീതം എന്തെന്ന് അറിയുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും, അതില്‍ വാദ്യോപകരണങ്ങളുടെ ഉപയോഗം നന്നേ കുറവാണ്. നിറഞ്ഞൊഴുകുന്ന ഒരു നദി പോലെ ഘനഗംഭീരമായ സ്വരങ്ങള്‍ തമ്മില്‍ ലയിച്ച് ചുറ്റും വ്യാപിക്കുന്ന അനുഭവമാണ് അതിന്റേത്. ഇന്നും, നമ്മുടെ നാട്ടില്‍ പോലും, ഈ ശൈലിയില്‍ ആകൃഷ്ടരായവര്‍ അതുപയോഗിച്ചുള്ള സംഗീതരചന നടത്തുന്നുവെന്ന് ഈയിടെ പരിചയപ്പെട്ട ഒരു പാലാക്കാരന്‍ സുഹൃത്ത് വെളിപ്പെടുത്തി.* സംഗീതത്തിലെ മൌനത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാനും അല്പമായെങ്കിലും എഴുതാന്‍ ശ്രമിക്കാനും അദ്ദേഹമാണ് ഉത്തേജനമായത്. അങ്ങനെയാണ് ഞാന്‍ Eckhart Tolle യുടെ Stillness Speaks എന്ന പുസ്തകം പുനര്‍വായനക്കെടുക്കുന്നത്..** നമ്മുടെ മനസ്സിന്റെ ഒച്ചപ്പാടുകളില്‍ നിന്ന് രക്ഷനേടാന്‍ ഒരു വഴിയേയുള്ളൂ - പ്രകൃതിയെ കണ്ടു പഠിക്കുക - എന്നദ്ദേഹം പറയുന്നു. ചിന്തകളുടെയും ഓര്‍മ്മകളുടെയും, ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളുടെയും സങ്കീര്‍ണ്ണസാഗരത്തില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍, പാറകളും പര്‍വ്വതങ്ങളും മരങ്ങളും മൃഗങ്ങളും ഏറ്റവും അധികം ചെയ്യുന്നതെന്തോ അത് നാമും ചെയ്യാന്‍ പഠിക്കണം - വെറുതേയിരിക്കുക, വിശ്രാന്തിയെന്തെന്നു കണ്ടെത്തുക. ഒരു കല്ലിനെയോ ചെടിയെയോ ജീവിയെയോ ശ്രദ്ധിക്കുക എന്നാല്‍, അതിനെപ്പറ്റി ചിന്തിക്കുക എന്നല്ല, വെറുതേ അതിന്റെ സാന്നിദ്ധ്യത്തെപ്പറ്റി ബോധമുണരുക എന്ന് മാത്രമാണ്. അത് മാത്രം മതി, അതിന്റെയും നമ്മുടെയും അസ്തിത്വം ഒന്നാണെന്നും അത് തന്നെയാണ് ഉണ്മയുടെ മഹത്വമെന്നുമുള്ള തിരിച്ചറിവുണ്ടാകാന്‍ എന്ന് റ്റോളെ എഴുതുന്നു. മൌനമായി ഏതൊന്നിന്റെയും സാന്നിദ്ധ്യത്തെ ശ്രദ്ധിക്കുമ്പോള്‍, അതിന്റെ ഉണ്മ, ആത്മാവ്, നമ്മുടേതുമായി താദാത്മ്യം തേടുന്നു, കണ്ടെത്തുന്നു. അതിന്റെ ധന്യമായ വിശ്രാന്തി നമ്മുടേതായിപ്പരിണമിക്കുന്നു. അനന്യമായ ഒരു പാരസ്പര്യം ഉടലെടുക്കുന്നു. കാരണം, അസ്തിത്വത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി, മനുഷ്യരെപ്പോലെ, ഇവയൊന്നും യുദ്ധത്തിലല്ല, മറിച്ച്, അങ്ങേയറ്റം ഐക്യത്തിലാണ്. അതുകൊണ്ടുതന്നെ മൌനസുന്ദരമായ ഒരനുഭൂതിയില്‍  നമ്മെ കൊണ്ടെത്തിക്കാന്‍ അവയ്ക്കാകുന്നു.        

അവനവനായിരിക്കുന്നതില്‍ സന്തുഷ്ടി കണ്ടെത്തുക എന്നതാണ് നാം പ്രകൃതിയില്‍ നിന്ന് പഠിക്കേണ്ടത്. അതില്ലാത്തതാണ് മനുഷ്യന്റെ എല്ലാ വ്യഗ്രതകള്‍ക്കും കാരണം. അവന്റെ വ്യഗ്രത മുഴുവന്‍ സ്വന്തമല്ലാത്ത ഭാവവും ഭംഗിയും അന്യര്‍ക്ക് മുമ്പില്‍  പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുക എന്നതിലാണ്. ഒരിക്കലും തീരാന്‍ സാദ്ധ്യമല്ലാത്ത കഷ്ടപ്പാട് തന്നെയാണത്. അതുകൊണ്ടുതന്നെ ആന്തരികമായ വിശ്രാന്തിയുടെ നേരിയ അനുഭവം പോലും അത്തരക്കാര്‍ക്ക് കൈവരുന്നില്ല. ആസ്വാദനശേഷിയുടെ ആദ്യ നിബന്ധന തന്നെ സ്വയം അംഗീകരിക്കാനാവുക എന്നതാണ്.  ഒരു നല്ല ഉദാഹരണമാണ് മനുഷ്യന്റെ ഏറ്റവും ആത്മാര്‍ത്ഥ സുഹൃത്തായ നായക്ക് അതിന്റെ യജമാനനോടുള്ള ബന്ധം. തന്റെ എല്ലാ ശ്രദ്ധയും യജമാനന്റെ സേവനത്തിനായി ഉഴിഞ്ഞു വയ്ക്കാന്‍ അതിനെ പ്രേരിപ്പിക്കുന്നത് അതിന്റെ സ്വായത്തമായ, ഒട്ടും സ്വാര്‍ത്ഥത കലരാത്ത, നന്ദിയും സ്നേഹവും നിരന്തരമായ കേളീഭാവവുമാണ്. യജമാനന്‍ ആകുലനോ വിഷാദിയോ സന്തുഷ്ടണോ എന്നതൊന്നും നായയുടെ സേവനത്തെ ബാധിക്കില്ല. നല്ല ഉറക്കത്തിലും അവന്റെയുള്ളില്‍ യജമാനന്റെ നന്മയാണ്, അയാളോടുള്ള അടുപ്പവും വിശ്വാസവുമാണ് പ്രഥമം. മുറ്റത്ത് ഗാഢനിദ്രയില്‍ ആണ്ടുകിടക്കുന്ന എന്റെ പട്ടി ഞാനുണ്ടാക്കുന്ന കാലൊച്ചയൊ മറ്റ് സ്വരമോ കേട്ടാല്‍ കണ്ണൊന്നു തുറക്കുകയോ ചെവി കൂര്‍മ്പിക്കുകയോ പോലുമില്ല. എന്നാല്‍ മറ്റാരെങ്കിലുമാണ് നടന്നടുക്കുന്നത് എങ്കില്‍ അവനത് ക്ഷണത്തില്‍ തിരിച്ചറിയുകയും ചെയ്യും. അതാണ്‌ മൌനസാന്ദ്രമായ ശ്രദ്ധയില്‍ നിന്ന് രൂപംകൊള്ളുന്ന താദാത്മ്യം. 

മിക്ക മനുഷ്യര്‍ക്കും ഇത് സ്ഥിരപരിശ്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട ഗുണമാണ്. എന്നാല്‍, മനുഷ്യനൊഴിച്ചുള്ളതിനെല്ലാം ഈ സംശുദ്ധി, ഈ നിഷ്ക്കളങ്കത സ്വാഭാവികമാണ്. പ്രകൃതിയുമായി അത്തരമൊരു പാരസ്പര്യം കണ്ടെത്തിയ ചുരുക്കം ചിലര്‍ക്ക് ഒന്നിനോടും ഭയമില്ലാതാകുന്നതു ശ്രദ്ധേയമാണ്. ഇതിന് ഒന്നാന്തരം ഉദാഹരണമായിരുന്നു ചട്ടമ്പിസ്വാമികള്‍. വന്യമൃഗങ്ങളും ക്ഷുദ്രജീവികളും അദ്ദേഹത്തിന്‍റെ സാമീപ്യം തേടിയിരുന്നു പോലും. സസ്യങ്ങളോടും മൃഗങ്ങളോടും എറുമ്പുകളോട് പോലും അദ്ദേഹം സുഹൃത്തുക്കളോടെന്നപോലെ സംസാരിക്കുകയും അവയ്ക്ക് അദ്ദേഹത്തെ മനസ്സിലാകുകയും ചെയ്തിരുന്നു. വി. ഫ്രാന്‍സിസും അങ്ങനെയായിരുന്നല്ലോ. പ്രകൃതിക്ക് പൊതുവായ ഒരു ഭാഷയുണ്ടെന്നല്ലേ ഇതിനര്‍ത്ഥം? വാക്കുകള്‍ ആവശ്യമില്ലാത്ത ഒരു ഭാഷ. സാന്ദ്രസുന്ദര മൌനം എന്നതിനെ വിളിക്കാം.

The deep calls to the deep. Ps. 42,7 
വരാനിരിക്കുന്ന ലോകത്തിന്റെ നിഗൂഡതയാണ് മൌനം. 
സംസാരമാകട്ടെ ഈ ലോകത്തിന്റെ ഉപകരണവും. 
ഉത്സാഹത്തോടെ അന്വേഷിക്കുന്നവര്‍ പലരുമുണ്ട്, 
പക്ഷേ, നിതാന്ത നിശബ്ദതയില്‍ നിലനില്‍ക്കുന്നവര്‍ മാത്രമാണ് 
കണ്ടെത്തുന്നവര്‍. 
(നിനവേയിലെ ഇസഹാക്ക്)

* ജോജോ, Vayalil Spices,   ** Yogi Impressions, Mumbai, 2003

പ്രൊഫൈല്‍

മറ്റാരേയുംപോലെ മുഖമ്മൂടിക്കുപിന്നില്‍
ഒളിച്ചിരിക്കുന്നവനാണ് ഞാനും.
അത് പൊക്കി ആരെങ്കിലും നോക്കിയാല്‍
നാണിച്ചു നാണിച്ചു ഞാനുരുകിപ്പോകും. 

മടിച്ചു മടിച്ചു  ഞാനെഴുതുന്നതെന്തും
അധികമധികമാളുകള്‍ വായിക്കണമെന്ന്
ആരുമറിയാതെ കൊതിക്കുന്ന
മഹാവിരാഗിയാണ് ഞാന്‍.  

അര്‍ഹിക്കാത്ത പുകഴ്ത്തലിന്റെ
ഓറാ  പുറമെയും
അര്‍ഹിക്കുന്ന നാണത്തിന്റെ നനവ്‌
ഉള്ളിലും എന്നെ മഥിച്ചുകൊണ്ടിരിക്കുന്നു.      

ഏവരോടും കരുണ പ്രസംഗിക്കുന്ന ഞാന്‍
സ്വന്തം തൊലിയില്‍ ചെളി പുരളാതെയും
ഉള്ള ഫ്രീറ്റൈം കുറഞ്ഞു പോകാതെയും
നിത്യജാഗ്രത പുലര്‍ത്തുന്നു.

എന്റെയിഷ്ടവിനോദങ്ങളില്‍ ചിലവ:
തിരിച്ചു തോണ്ടാന്‍ കെല്‍പ്പില്ലാത്തവരെ
നീണ്ട തോട്ടിയിട്ടു കുത്തിവലിക്കുക,
ഉത്തരമില്ലാത്ത ചോദ്യമെറിഞ്ഞ് മനസ്സ് മുറിക്കുക.
അന്യന്റെ കണ്ണിലെ പൊടി-
യെനിക്കു വല്ലാത്ത ശല്യമാണ്.
എന്റെ കണ്ണിലെ തടി - അതെനിക്ക്
ഫൂ! പുല്ലാണ്.

ഈ വരികള്‍ എന്നെപ്പറ്റിയല്ല,
ഇത് വായിക്കുന്നവരെപ്പറ്റിയാണ്.
എന്നെപ്പറ്റി ഇങ്ങനെയെഴുതിയാല്‍ 
പിന്നെയെന്നെ ആരു ശ്രദ്ധിക്കാന്‍?

കാപ്പിപ്പൂവ്

പെട്ടെന്നാണ് കൌമാരം വ-
ന്നെത്തിനോക്കിയത്.
വീടിനു താഴെ ഈണ്ടിയില്‍ ചവുട്ടി-
ക്കയറാവുന്ന കാപ്പിമരങ്ങള്‍ 
ചില്ലകളെല്ലാം നിറഞ്ഞു പൂക്കുന്ന ചെടി!
ഹാ,യെന്‍ സര്‍വ്വാസ്വാദന-
ശേഷിയും കവരുന്ന ഗന്ധം!
കരിയിലപ്പിടകളും അടക്കാ-
ക്കുരുവിയും, ചെമ്പനെന്ന-
യെന്റെ ഇഷ്ടനായയും
കുളിര്‍ക്കുന്നു മന-
മി
ന്നുമതോര്‍ക്കുമ്പോള്‍. 

സ്വാര്‍ത്ഥ ത - പുരോഹിതരുടെ സഹജഭാവം.

കാര്യങ്ങള്‍  തെളിഞ്ഞുവരുന്നത് വളരെ വൈകിയാണ്. നാം അതിരുകടന്നു വിശ്വസിക്കുന്നവര്‍ നമ്മെക്കൊണ്ട് കാര്യം കാണുകയും അത് വഴി നമ്മെ സാരമായി ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍, അത് നാം അറിയുന്നേയില്ലെങ്കില്‍, തെറ്റ് ഇരട്ടി ഗൌരവമുള്ളതാകുന്നു. അച്ചന്മാരെന്നു പറയുന്നവര്‍, വിശേഷിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും കണ്ണില്‍, ഒരിക്കലും ചതിക്കില്ലാത്തവരാണ്. അങ്ങനെയുള്ളവര്‍ വല്ലാതെ ചതിച്ചു എന്ന് ഒരിക്കല്‍ അറിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി!
എന്റെ അനുഭവം കുറിക്കട്ടെ. സ്ക്കൂളില്‍ ഒന്നാന്തരം വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. മിഡില്‍ സ്ക്കൂളില്‍ നിന്ന് TC യും വാങ്ങി മാന്നാനത്തുള്ള സെന്റ്‌ എഫ്രേംസ് ഹൈസ്കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ അവിടെയുള്ള ബോര്‍ഡിങ്ങില്‍ തങ്ങേണ്ടിവന്നു. കാര്യങ്ങളൊക്കെ നന്നായി മുന്നേറി.

അസിസ്റ്റന്റ്‌ ബോര്‍ഡിംഗ് റെക്ടര്‍ (ഫാ. റുഡോള്‍ഫ്) പുസ്തകമെഴുത്തുകാരനായിരുന്നു. എന്റെ കൈയ്യക്ഷരം ഒന്നാന്തരം. അച്ഛനെഴുതുന്ന പുസ്തകങ്ങള്‍ പ്രിന്റിങ്ങിനു കൊടുക്കാന്‍ മാന്യുസ്ക്രിപ്റ്റ്  തയ്യാറാക്കുന്നതിന്, വായിച്ചെടുക്കാന്‍ പറ്റാത്ത കൈപ്പടയില്‍ അച്ചനെഴുതുന്നതെല്ലാം എന്നെ ഏല്പിക്കും. ആ കാലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച ആദര്‍ശബാലന്‍ തുടങ്ങിയ സാമാന്യം വലിയ കൃതികള്‍. പലപ്പോഴും താളുകള്‍ എഡിറ്റു ചെയ്തു ശേഷം വീണ്ടും എഴുതണം. എന്റെ പഠനസയമെല്ലാം ഇങ്ങനെ നഷ്ടപ്പെടുന്നതില്‍ അച്ഛന് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല! അച്ഛനല്ലേ ആവശ്യപ്പെടുന്നത്, പറ്റില്ലെന്ന് പറയാമോ? തന്നെയല്ല, കൈയ്യക്ഷരത്തെ പുകഴ്ത്തി ഇടയ്ക്കിടയ്ക്ക് സോപ്പിടുമ്പോള്‍ പക്വതയില്ലാത്ത ഏത്‌ കിട്ടിയും വീണുപോകില്ലേ? ക്ലാസില്‍ ഞാന്‍ പുറകോട്ടായി. വളരെ കഷ്ടിച്ചാണ് ഞാന്‍ SSLC നേടിയത്. ഞാനന്ന്‍ തോറ്റുപോയിരുന്നെങ്കിലോ? ഫസ്റ്റ്ക്ലാസ്സോടെയോ റാങ്കോടെയോ ജയിച്ച് ഒന്നാന്തരം ഉപരിപഠനത്തിനു വഴിയുണ്ടായിരുന്ന എന്റെ ഭാവിതന്നെ ഇയാള്‍ മാററിക്കുറിച്ചു.  

എത്ര സ്വാര്‍ത്ഥമതികളാകാം ഈ വൈദികര്‍ എന്നതിന് മറ്റൊരുദാഹരണം. ബോര്‍ഡിംഗ് റെക്റ്റര്‍ക്ക് (ഫാ. ക്ലെയോഫാസ്) അതിരാവിലെ എഴുന്നേറ്റു കുര്‍ബാന ചൊല്ലണം. അതിന് സഹായിക്കാന്‍ അച്ചന്‍റെ രണ്ടുമൂന്നു പൂച്ചക്കുട്ടികളെ നാല് മണിയാകുമ്പോള്‍ തട്ടിവിളിച്ച്‌ എഴുന്നേല്‍പ്പിക്കും. അക്കൂടെ ഞാനുമുണ്ട്. ഞങ്ങള്‍ കുര്‍ബാന കഴിഞ്ഞ് വരുമ്പോളാണ് ബാക്കി കുട്ടികള്‍ എഴുന്നേല്‍ക്കുക. ഉറക്കം ശരിയാകാത്ത ഞങ്ങളിരുന്നു പഠിക്കാന്‍ ശ്രമിച്ചാലും പറ്റില്ല. thoongitthuങ്ങിയിരിക്കും. മൂന്ന് വര്‍ഷം ഇതായിരുന്നു കളി. അന്ന് ഇതിന്റെയൊന്നും ഭവിഷ്യത്തുകള്‍ അറിഞ്ഞിരുന്നില്ല. എത്ര ക്രൂരമായിട്ടാണ് ഈ പാതിരികള്‍ ഞങ്ങള്‍ കുഞ്ഞുങ്ങളെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ദുരുപയോഗിച്ചിരുന്നത്!            

സ്വാര്‍ത്ഥത പുരോഹിതരുടെ കൂടെപ്പിറപ്പാണ്. അവരുടെ ട്രെയിനിംഗ് അങ്ങനെയാണ്. മനുഷ്യരെല്ലാം അവരുടെ സേവനത്തിനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാണ്. എന്റെയടുത്തുള്ള പള്ളിയിലെ ചെറുപ്പക്കാരനായ വികാരി ചെയ്യുന്നത് കേട്ടോടൂ. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അടുത്തുള്ള വീടുകളിലെ കുട്ടികളെ വിളിച്ച്‌ ഓരോ പണി കൊടുക്കും. പിള്ളേരല്ലേ, അവര്‍ക്കും രസം. പക്ഷേ, ഇയാള്‍ അറിയുന്നുണ്ടോ, മാതാപിതാക്കളുടെ ആവലാതികള്‍? വീട്ടില്‍ പലതുമുണ്ട് മക്കളുടെ സഹായത്തോടെ ചെയ്തു തീര്‍ക്കേണ്ടവ. പിള്ളേര്‍ പള്ളിമുറിയിലും ചുറ്റുവട്ടത്തുമാണ്, ദിവസം മുഴുവന്‍. എന്തു ചെയ്യാന്‍? പറഞ്ഞാല്‍ അച്ഛന്‍ പിണങ്ങിയാലോ? പയ്യെപ്പയ്യെ കുട്ടികള്‍ ഇതൊരു ലാക്കായി കാണും, വീട്ടില്‍ നിന്ന് രക്ഷപ്പെടാം, അച്ചന്‍റെ നിഴലില്‍ നല്ല കുട്ടി ചമഞ്ഞുനടക്കാം. മാതാപിതാക്കള്‍ ഇതെന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്.