ആത്മം

(വൃത്തം കേക)
എത്ര നാമറിഞ്ഞാലു,മറിഞ്ഞു തീരാത്തൊരു
ചിത്തത്തിന്‍ ബ്രഹ്മാണ്ഡത്തെയെത്രയോ പുകഴ്ത്തണം (1)
വേദവ്യാസനോ പതജ്ഞലിയോ കൊതിച്ചതും
വേദാന്തമറിയാത്ത പാമരന്‍ തേടുവതും

ആത്മത്തിലൊളി പെയ്യും ബ്രഹ്മത്തെയറിയുവാന്‍
ബ്രഹ്മത്തെയറിഞ്ഞാലോ ജീവിതസാഫല്യമായ്.
പ്രപഞ്ചപ്രതിഭാസം സ്വപ്നമായ്ക്കരുതുന്നോ-
നതില്‍നിന്നുണരേണ,മുറവിടത്തിലെത്താന്‍.

ഒന്നുമറിയാതെയീ സാഗരപ്രാന്തങ്ങളില്‍
വന്നുപോയിടാനല്ലീ ജന്മമെന്നോര്‍ത്തീടേണം.
ഭവ്യമായതെന്തെല്ലാ,മൊളിഞ്ഞുകിടക്കുമ്പോ-
ളവ്യക്തകാഴ്ചകളില്‍ തൃപ്തരായ് മടങ്ങാനോ?

അറിയാന്‍ കഴിയുന്നോന്‍ പുരുഷനെന്നു പാഠം (2)
അറിയപ്പെടുന്നതോ പ്രകൃതിയെന്നു
സാരം. (3)
ആകാശേ (4) വിന്യസിക്കുമൂര്‍ജ്ജത്തിന്‍ തരംഗങ്ങള്‍
ജീവോല്പത്തിയായ് ഭവിപ്പതത്രേ നാദബ്രഹ്മം.
(5)

ബ്രഹ്മനാദത്തിന്‍ ഭ്രൂണം ഭാഷയായ് വളരുന്ന-
തോര്‍മ്മയി,ലതില്ലെങ്കില്‍ ഭാഷയുമില്ല തന്നെ!
(6)
ചിന്തിക്കാന്‍ മനുജനു ഭാഷകള്‍ വേണ്ടുംപോലെ
ചിന്തക്കു കൂട്ടുനില്‍ക്കാനുള്ളതു വികാരങ്ങള്‍.

ജീവന്റെ ശ്രേണികളില്‍ സ്ഥായിയായ് രൂപംകൊള്ളും
ജനകവിഭാനത്തെ വിഷ്ണുവായ്ത്തൊഴുക നാം
(7)
രേതസും (8) ശോണിതവു,മന്യോന്യം ചേരുന്നേര-
മൂര്‍ജ്ജത്തിന്‍ ഭാവഭേദമായവ ത്രസിച്ചീടും.

ഈ ഭാവഭേദങ്ങളില്‍ രതിയും
(9) ശക്തിയും ചേ-
ര്‍ന്നദ്വൈതാനുഭൂതിയായ്പ്പടരും ചിദ്വിലാസം;
ചിജ്ജടസമ്മിശ്രത്തില്‍ സഞ്ചരിക്കുന്ന ജീവന്‍
ജിജ്ഞാസുവായീടുകില്‍
(10) പ്രാപിക്കും സമാധിയെ.

ആത്മാവുമഹന്തയുമര്‍ത്ഥത്തിലൊന്നു തന്നെ-
യാത്മജ്ഞാനമില്ലാത്തയാത്മംതന്നെയഹന്ത.
(11)
പരംഭൂവിന്റെ സത്ത പടരും തരംഗമായ്
തരംഗമെന്നാല്‍ വിദ്വുത്പ്രവാഹമെന്നു തന്നെ.

ആത്മാവിന്‍ ത്രണനങ്ങളാനന്ദരാഗങ്ങളാ-
യാന്ദോ
ളനങ്ങളായി, സ്വരാനുഭൂതിയായി
ആരോഹാവരോഹണങ്ങളിലായ് നൃത്തം ചെയ്യേ
ആ രാഗതാളങ്ങളില്‍ യുഗ്മങ്ങളിണങ്ങീടും.

അന്യോന്യമടുക്കുമീ ജീവന്റെ തന്മാത്രക-
ളനാഹത
(12)പ്രേമത്തിന്‍ പ്രളയം തുടരുന്നു.
തല്‍ബോധം ലയമായിട്ടദ്വൈതമാകുന്നതേ-
(13)
യാത്മനിര്‍വൃതിയായി, നിത്യതയുമതുതാന്‍! (14)                          
  
അര്‍ത്ഥസൂചിക 
1. ബ്രഹ്മാണ്ഡം - ദൃശ്യാദൃശ്യങ്ങളും സ്ഥൂലസൂക്ഷ്മങ്ങളുമായ സര്‍വ്വതുമുള്‍ക്കൊള്ളുന്ന പ്രപഞ്ചസഞ്ചയം. 
2. പുരുഷന്‍ - മഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയില്‍നിന്ന് ഉത്ഭവിക്കുകയും അവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ചിദ്വിലാസം. ബൈബിളില്‍ വാഴ്ത്തപ്പെടുന്ന ആദികാരണമായ വചനം. സ്വയംപ്രകാശനത്തിലൂടെ അറിവിനെ പ്രദ്യോതിപ്പിക്കുന്നതെല്ലാം. (നാദബ്രഹ്മം കാണുക.)    
3. പ്രകൃതി - മനസ്സും ശരീരവുമടങ്ങിയ ഏകത്വത്തെ ഭരിക്കുന്നതും അറിവിന്‌ വിധേയമാകുന്നതുമായതെല്ലാം. മനുഷ്യാസ്തിത്വം പുരുഷപ്രകൃതികള്‍ തമ്മിലുള്ള ബന്ധനമാണ്. പ്രകൃതിയില്‍ നിന്നും മുക്തമാകുമ്പോള്‍ ആത്മം പുരുഷനാകുന്നു. (ഇവിടെ ലിംഗവ്യത്യാസധ്വനിയില്ല.)   
4. ആകാശം - ഭൂതഭൌതികമായവക്കെല്ലാം ഉണ്ടായിരിക്കുക, വര്‍ത്തിക്കുക എന്നീ സാധ്യതകള്‍ നല്‍കുന്ന സ്ഥിതിവിശേഷം - space -  ഇത് അനന്തമാണ്‌. ആകാശത്തില്‍ സ്ഥൈതികമായതെല്ലാം ഊര്‍ജ്ജസ്വഭാവമുള്ളതും അതിനാല്‍ ചലനാത്മകവും തരംഗപ്രകൃതവുമാണ്. 
5. 6. നാദബ്രഹ്മം, ഭാഷ, സ്വരം - ഊര്‍ജ്ജം, തരംഗം, ശ്രുതി, നാദം എന്നിവ ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു. വാക്കിനെ മെനയുന്ന അക്ഷരങ്ങളും നാദത്തില്‍നിന്ന് ഉണ്ടാകുന്നു; അവയില്‍ നിന്ന് ഭാഷകളും. ജഗത് മുഴുവന്‍ നാദാധീനമാണെന്നു പറയാം. മേല്‍പ്പറഞ്ഞ ശൃംഖലയിലെ അടുത്ത കണ്ണിയാണ് സ്വരം - "കേള്‍ക്കുന്നവന് രസത്തെ നല്‍കുന്നത്. ശ്രുതിയെത്തുടര്‍ന്നുണ്ടാകുന്ന അനുരണനമാണ് രസജന്യമായ സ്വരം" എന്ന് നിത്യചൈതന്യ യതി. ഭാരതീയ മനശാസ്ത്രത്തിനു ഒരാമുഖം, താ. 98.        
7. വിഷ്ണു, ശിവന്‍ - പ്രപഞ്ചത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിജ്ഞാനസമ്പത്തിനെ ജനിതകമായ അനുസ്മരണത്തിലൂടെ തുടര്‍ന്നുകൊണ്ടുപോകുന്ന പ്രതിഭാസം. ഓരോ ജൈവ ഏകകത്തിന്റെയും വിലയനത്തിലുള്‍ക്കൊണ്ടിരിക്കുന്ന പൂര്‍വ്വാര്‍ജ്ജിത വാസനയ്ക്ക് ദേവതാരൂപം നല്കിയിരിക്കുന്നതാണ് വിഷ്ണു. വിഷ്ണു ഓര്‍മ്മയുടെയും ശിവന്‍ മറവിയുടെയും ദേവനായി കരുതപ്പെടുന്നു. സ്ത്രീക്കാണ് വിഷ്ണുഗുണം കല്‍പ്പിച്ചിരിക്കുന്നത്.      
8. 9. രേതസ്, ശോണിതം, രതി, ശക്തി - ഇഷ്ടമെന്നത് ഒരാത്മാവിലോ ശരീരത്തിലോ പൂര്‍ണമായി അനുഭവേദ്യമാകില്ല. രണ്ട് ഹൃദയങ്ങളുടെയിടയില്‍ ഉണ്ടാകുന്ന ആന്ദോളനമായിട്ടാണത് പൂര്‍ണതയിലെത്തുക. പങ്കുവയ്ക്കലും അതില്‍നിന്നുത്ഭൂതമാകുന്ന പാരസ്പര്യവും രസാനുഭൂതിയുമാണിവിടെ ഉദ്ദേശിക്കുന്നത്. രതി, പ്രാണന്‍, ശക്തി എന്നിവയുടെ വൃത്തിസംവേദനങ്ങള്‍ രത്യാനന്ദത്തിലേയ്ക്ക് നയിക്കുമെങ്കിലും, ഇവയെ കടന്ന്  ശാന്തിയില്‍ വിലയിക്കുകയാണ് ജിജ്ഞാസുവിന്റെ ലക്ഷ്യം.     
10. ജിജ്ഞാസു - ജ്ഞാനസമ്പാദനം (മോചനം) ഇഛിക്കുന്നവന്‍.   
11. ആത്മാവ്, അഹന്ത - ഒരേ അറിവിന്റെ രണ്ട് ഭാവങ്ങളാണിവ. ആത്മാവ് = self / അഹന്ത = ego. വികലവും അപൂര്‍ണവുമായ അറിവ് അഹന്തയെ വളര്‍ത്തുന്നു. ദൃഢവും സ്വഛവുമായ അറിവ് ഒരുവനെ സുപ്രസന്നമായ ആത്മാവാക്കുന്നു.   
12. അനാഹത - ആഹനിക്കപ്പെടാത്ത, അകൃത്രിമമായ.
13. അദ്വൈതം - ഈ ആശയം ഉള്‍ക്കൊള്ളുന്നതില്‍ അടങ്ങിയിരിക്കുന്നു, ഭാരതീയ ചിന്തയുടെ കാതല്‍. വെറും ഏകം (എല്ലാം ഒന്ന്) എന്നര്‍ത്ഥം ദ്യോതിപ്പിക്കാന്‍വേണ്ടി സൃഷ്ടിച്ച ഒരു സംജ്ഞയല്ല അദ്വൈതം. നിന്നെപ്പോലെ നിന്റെ സഹജീവിയെയും എന്ന യേശുവചനത്തെ ബ്രഹ്മാണ്ഡത്തോളം വിപുലീകരിക്കുന്നതാണ് അദ്വൈതം. തന്നിലേയ്ക്കുതന്നെ ഒളിഞ്ഞിറങ്ങി പൂര്‍ണ വിരക്തിയെ വരിക്കുന്നവന്‍ ജ്ഞാനിയാകുന്നില്ല. കാരണം, ദ്വൈതമില്ലാതെ അദ്വൈതമില്ല. ദ്വൈതമുണ്ടാകുന്നത് ആത്മാവും അതിന് വെളിയിലുള്ള മറ്റെല്ലാവും ചേര്‍ന്നാണ്. ഈ മറ്റെല്ലാവും തന്നില്‍ത്തന്നെയാണെന്നും താന്‍ എല്ലാറ്റിന്റെയും ഭാഗമാണെന്നുമുള്ള ക്രിയാത്മകമായ ബോദ്ധ്യത്തിലെത്തുന്നതാണ് അദ്വൈതം. ഈ പരമജ്ഞാനത്തിലൂടെ വിരക്തിയും നിര്‍ഭയവും ദയയും ആനന്ദവും വ്യക്തിയില്‍ പ്രശോഭിതമാകുന്നു. അപ്പോള്‍ മാത്രമേ അദ്വൈതം വേദങ്ങളില്‍ നിന്നിറങ്ങി ആത്മത്തില്‍ രൂഢമൂലമാകൂ.  
14. നിത്യത, അനന്തത - സാധാരണ ധരിച്ചുവച്ചിരിക്കുമ്പോലെ നീട്ടിനീട്ടി കിട്ടുന്ന സമയം അനന്തതയാകുന്നില്ല. കാരണം, ദീര്‍ഘിപ്പിക്കാവുന്ന എന്തോ ഒന്നല്ല, സമയം. ഇപ്പോഴത്തെ ഈ നിമിഷത്തിന്റെ പ്രസക്തിയേ അതിനുള്ളൂ. കഴിഞ്ഞത് കഴിഞ്ഞു; അടുത്ത നിമിഷം പിറന്നെങ്കിലായി. രണ്ടും ആര്‍ക്കും അവകാശപ്പെടാവുന്നതല്ല എന്നതാണ് സമയത്തിന്റെ പ്രതിഭാസം. അപ്പോള്‍, അനന്തതയെന്നു പറയാന്‍ കഴിയുക, ഈ നിമിഷത്തെ അതിന്റെ വര്‍ത്തമാനസത്തയില്‍തന്നെ തുടര്‍ന്നുകൊണ്ടുപോകാനായാല്‍ മാത്രമാണ്. താത്ത്വികമായി അസ്സാദ്ധ്യമെന്നു പറയണമെങ്കിലും, അനുഭവതലത്തില്‍ സാദ്ധ്യമാണിത്. നമ്മുടെ അനുഭവപരിധിയിലുള്ള സമയം (ഈ നിമിഷം) മുഴുവന്‍ നിറഞ്ഞുനില്ലുന്ന ഓരോ ജീവിതാനുഭവവും സമയത്തെ (ഈ നിമിഷത്തെ) പിടിച്ചുനിറുത്തുകയാണെന്നു പറയാം. ഇത്തരത്തില്‍ പെടുന്നു അതിതീവ്രമായ സ്നേഹാനുഭവം, ഒരു സത്യത്തിലേയ്ക്കുള്ള ഉള്‍ക്കാഴ്ച, തീക്ഷ്ണമായ കലാനുഭൂതി തുടങ്ങിയവ. മര്‍ത്ത്യാനുഭവങ്ങളുടെ പാരമ്യമാണിതൊക്കെയും. ഋഷികളും മറ്റും എത്തിച്ചേര്‍ന്ന പരബ്രഹ്മത്തിലുള്ള ജീവാത്മാവിന്റെ ഈ വിധ ലയാനുഭവങ്ങള്‍ക്ക് എല്ലാ മതങ്ങളിലും സാക്ഷ്യങ്ങളുണ്ട്. അതിനോട് സാമ്യമുള്ള രസാനുഭവങ്ങളാണ് മരണപ്രായമായ ക്ഷണികതയെ അമര്‍ത്ത്യതയുടെ മിന്നലാട്ടംകൊണ്ട് നീട്ടിക്കൊണ്ടുപോകാനുള്ള ഏക മാര്‍ഗ്ഗം.

e-mail: znperingulam@gmail.com
tel. 9961544169

അന്നുമിന്നും

അമ്മതന്‍ തോളിലെന്‍ കവിളമര്‍ത്തി
ചെമ്മേയെന്‍ കണ്ണിണ പൂട്ടി, യെല്ലാം
ഉണ്മയില്‍ പൊട്ടിക്കിളിര്‍ക്കുംവരെ-
യങ്ങനെയെത്രനാള്‍ രമിച്ചുവോ ഞാന്‍!



പാങ്ങോടെ കൈകളാല്‍ മെല്ലെത്തലോടി
താങ്ങുവതെന്നെയീ നന്മകൂമ്പാരം;
എങ്ങുമെങ്ങാനുമെന്‍ മെയ്യൊന്നനങ്ങിയോ
അംഗുലി പത്തുമേ താളം പിടിക്കയായ്.


ആ താളലയനത്തിലാമഗ്നനാ-
യാവോളം ലാളനയേറ്റുവാങ്ങി;
ഉണരുവാനിഷ്ടമില്ലൊട്ടുമേയമ്മയൊ-
രണയാത്ത നാളമായ് ജ്വലിച്ചുനില്‍ക്കേ.


മതിവരാസന്തുഷ്ടി, യാനന്ദശാന്തിയു-
മതിയായിരുന്നെന്‍ സുഭഗസ്ഥിതി;
ശല്യമായ്ത്തീരുവാനില്ലയൊന്നും, കൈ-
വല്യംതന്നെ ഹാ, നുകര്‍ന്നതെത്ര!


ബാല്യത്തിലീസ്വര്‍ഗ്ഗമമ്മയില്‍നിന്നെങ്കി-
ലില്ലിന്നുമെനിക്കതിന്‍ നൂനമൊട്ടും;
അന്നെന്നപോലിന്നുമെന്നുമെന്നു-
മൊന്നത്രേ മാനസ്സാനന്ദലബ്ധി!


ചിത്രത്തെപ്പറ്റി
സര്‍വ്വസംഗ്രാഹിയായ പരബ്രഹ്മത്തില്‍ സുഷുപ്തിയണയുന്ന
പ്രാണാത്മാവിന്റെ  ഉത്തമ പ്രതീകമാണ് അമ്മയെന്ന
സര്‍വ്വസംരക്ഷണ വലയത്തില്‍ സ്വച്ഛന്ദവിലയം കൊള്ളുന്ന
ശിശുവിന്റേത്. ഈ ശൈശവദശയില്‍ തിരിച്ചെത്തുക
എന്നതിലടങ്ങിയിരിക്കുന്നു, സര്‍വ്വജ്ഞാനവും അന്തിമമോക്ഷവും. 

അറിഞ്ഞതില്‍നിന്നുള്ള മോചനം

ഇലെക്ട്രോണുകള്‍ പ്രകാശവുമായി എപ്രകാരം പ്രതിപ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച സിദ്ധാന്തമായ Quamtum Electrodynamics വികസിപ്പിച്ചെടുത്തതിനു നൊബേല്‍സമ്മാനം ലഭിച്ച റിച്ചാര്‍ഡ്‌ ഫെയ്ന്‍മന്‍ (Richard P. Feynman) ഒരിക്കല്‍ പറഞ്ഞു: "ഒരു ശരാശരി വ്യക്തിയോട് എനിക്കിത് വിശദീകരിക്കാന്‍ കഴിഞ്ഞാല്‍, നൊബേല്‍ സമ്മാനത്തിനുള്ള അര്‍ഹതയെനിക്കില്ല." മനസ്സിലാക്കാനായാല്‍ തന്നെ, സാധാരണക്കാരാരും അംഗീകരിക്കുമെന്നു കരുതാനാവാത്തവയാണ് സുഖദുഃഖങ്ങളെപ്പറ്റിയും അറിവിനെയും സ്നേഹത്തെയും പറ്റിയുമൊക്കെ ജിദ്ദു കൃഷ്ണമൂര്‍ത്തി അവതരിപ്പിച്ചയാശയങ്ങള്‍. അത്രയേറെ അസ്സാധാരണങ്ങളാണവ. മധുരം ഗായതിയിലെ ഒരു കഥാപാത്രത്തെക്കൊണ്ട് ഒ.വി.വിജയന്‍ പറയിപ്പിക്കുന്നുണ്ട്, എല്ലാ അറിവും ഭാരമാണ്, അതേസമയം മോചനവും എന്ന്. നന്ദിനി പറഞ്ഞു: "അറിവിലേയ്ക്കുള്ള പ്രവേശം സുഗമമല്ല; മകളേ, ധ്യാനിക്കൂ." നേരേമറിച്ചാണ് ജെ. കൃഷ്ണമൂര്‍ത്തി തറപ്പിച്ചുപറയുന്നത്: അറിഞ്ഞതില്‍നിന്ന് വിടുതല്‍ നേടുകയാണ്‌ സ്വതന്ത്രവും ആനന്ദകരവുമായ ജീവിതത്തിനാധാരം. "അറിഞ്ഞതില്‍നിന്നുള്ള മോചനത്തിനായി ഓരോ വ്യക്തിയും കിണഞ്ഞു ശ്രമിക്കണം; ഒരു വഴിയേ അനിനായിട്ടുള്ളൂ - അതാണ്‌ ധ്യാനം.

ചിന്തകരും ഗുരുക്കന്മാരും എഴുത്തുകാരും ഇതുവരെ ആവര്‍ത്തിച്ചുകൊണ്ടിരുന്നതു തന്നെയാണ് എഴുത്തുകാരില്‍ തന്നെ ഒരപവാദമായിരുന്ന ഒ.വി വിജയനും അറിവിനെക്കുറിച്ച് മുന്നോട്ടുവച്ചത്. എന്നാല്‍ കൃഷ്ണമൂര്‍ത്തി മറ്റെല്ലാ ആധുനിക ചിന്തകരില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. 1920 മുതല്‍ 1986 ല്‍ തന്റെ 91 വയസ്സുവരെ അദ്ദേഹം ലോകത്തെല്ലായിടത്തുംതന്നെ പ്രഭാഷണങ്ങള്‍ നടത്തി. ഏത്‌ മതവും അതിരുകളെയും ദേശീയവികാരങ്ങളെയും ഉള്‍ക്കൊള്ളുമെന്നതിനാല്‍, എല്ലാ മതങ്ങള്‍ക്കും അതീതമായ ഒരു മനോവികാസത്തിലെത്തിയാലേ മനുഷ്യന് അവന്റെ ദുഃഖം, ഭയം, ഹിംസാത്മകത, സ്വാര്‍ത്ഥത എന്നിവയില്‍നിന്ന് മോചനം കൈവരൂ എന്നദ്ദേഹം വിശ്വസിച്ചു. അദ്ദേഹം പറഞ്ഞതെല്ലാം സ്വന്തം ഉള്‍ക്കാഴ്ച്ചകളില്‍ നിന്നായിരുന്നു എടുത്തിരുന്നത്. അതിങ്ങനെ സംഗ്രഹിക്കാം: അഖണ്ഡബോധം നിശ്ചലമാണ്; അതിനു സ്ഥലകാലമില്ല. അതുകൊണ്ടതിന് അതിരുകളുമില്ല.


തന്റെ ഡയറിക്കുറിപ്പുകളില്‍ അദ്ദേഹം സ്വയം വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക: തനിക്കും മരങ്ങള്‍ക്കും മലകള്‍ക്കും പുഴകള്‍ക്കുമിടയില്‍ അകലമില്ലെന്നുള്ള അപൂര്‍വ്വാനുഭവം എപ്പോഴുമുണ്ടായിരുന്നു. അത് വളര്‍ത്തിയെടുത്തതായിരുന്നില്ല. തനിക്കും മറ്റുള്ളവര്‍ക്കുമിടയിലും മതിലുണ്ടായിരുന്നില്ല. അവര്‍ ചെയ്യുന്നതോ പറയുന്നതോ തന്നെ വേദനിപ്പിച്ചിരുന്നില്ല. മുഖസ്തുതികള്‍ തന്നെ സ്പര്‍ശിച്ചതേയില്ല. ഉള്‍വലിയുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യാതെ നദിയിലെ ജലം പോലെ ഒഴുകുന്നവനായിരുന്നു. ധ്യാനാത്മകമായ, സ്പര്‍ശനാതീതമായ ഒരു നിലപാട് അദ്ദേഹത്തിനു സഹജമായിരുന്നു എന്ന് ചുരുക്കം.  

എല്ലാ അറിവും ആവര്‍ത്തനമാണ്. അതായത്, അവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരമ്പരാഗതമായതില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്നതാണ്. അതിലൊന്നാണ്, സ്വന്തം നിലനില്പിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത വ്യക്തികളാണ് നാമോരോരുത്തരും എന്നത്. എല്ലാ മുനുഷ്യ ബന്ധങ്ങള്‍ക്കും അവയെ ബാധിക്കുന്ന അസംബന്ധങ്ങള്‍ക്കും കാരണം ഈ ചിന്തയാണ്. മുന്‍കാലസംഭവങ്ങളുടെ ഓര്‍മ്മകളാണ് ഏത് ചിന്തയെയും സൃഷ്ടിക്കുന്നതും പൊലിപ്പിക്കുന്നതും. അതുകൊണ്ട്, അറിവിന്റെ വഴിത്താരയില്‍ പ്രഥമപ്രധാനം ഓര്‍മ്മയാണ്. അനുഭവം, ഓര്‍മ്മ, ചിന്ത, അറിവ്, പ്രവൃത്തി എന്നിങ്ങനെ ക
ങ്ങിത്തിരിയുന്നു ജീവിതം. ഇതെല്ലാം സമയവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഓര്‍മ്മകളെ ചുറ്റിപ്പറ്റിയുള്ള ചിന്തയാണ് സമയബോധത്തിനുമാധാരം. കുറേ മുമ്പ് നടന്ന സംഭവത്തെ ഇന്നത്തെ പ്രവൃത്തിക്കുതകുംവിധം വ്യാഖ്യാനിച്ച് അതിലൂടെ നാളയെ രൂപപ്പെടുത്തുക എന്നതായിത്തീരുന്നു മനുഷ്യന്റെ ജീവിതചക്രം.  

കാലവും ഭയവും ഭവിതവ്യതയുടെ സങ്കീര്‍ണ്ണതയെ സൃഷ്ടിക്കും. അതാണ്‌ സംഘര്‍ഷങ്ങള്‍. സംഘര്‍ഷങ്ങള്‍ നഷ്ടബോധത്തിലേയ്ക്കും നഷ്ടബോധം അശാന്തിയിലേയ്ക്കും നയിക്കും. ഇപ്പോള്‍ ഞാന്‍ ഇതാണ്, ഇങ്ങനെയാണ്. എന്നാല്‍, അതു പോരാ, എനിക്ക് അങ്ങനെയായിത്തീരണം എന്ന മാനസിക നിലപാടാണ് അശാന്തിയുടെയടിവേര്. ഇത് മനുഷ്യന്റെയാരംഭം മുതല്‍ അവനെ പിടികൂടിയിട്ടുള്ള രോഗമാണെന്ന് കാണുന്നു. ദൈവം പറഞ്ഞു, അറിവിന്റെ വൃക്ഷത്തില്‍ നിന്ന് നീ കായ്‌ പറിച്ചു തിന്നരുത് എന്ന്. എന്നാല്‍ മനുഷ്യന്‍ ആ കനിതന്നെ ആഗ്രഹിച്ചു, അത് പറിച്ചുതിന്നുകയും ചെയ്തു. പിന്നെയിങ്ങോട്ടുള്ളതാണല്ലോ നമ്മുടെ ചരിത്രം. ആ ചരിത്രത്തിലെ വികൃതികളാണ് നമ്മുടെ ജീവിതങ്ങള്‍. അറിഞ്ഞതില്‍നിന്നുള്ള മോചനം മനുഷ്യനെ അവന്റെ ഏറ്റവും വലിയ സന്തുഷ്ടിയിലേയ്ക്ക് നയിക്കും എന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി ആവര്‍ത്തിച്ചു പറയുമ്പോള്‍, അത് മനുഷ്യചരിത്രത്തിലെ ആദ്യപാഠത്തിലേയ്ക്ക് തിരിച്ചുപോകാനുള്ള ഒരാഹ്വാനമാണ്.  

ബൈബിളിലെ ഉല്പത്തിക്കഥയിലെന്നതുപോലെ മറ്റ് പല മതസംസ്കൃതികളിലും മാനവബോധത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്ന പിശാച് എന്ന ദുര്‍ശക്തി ഒരസ്തിത്വമല്ല, മറിച്ച്,  അസ്തിത്വത്തിന്റെയഭാവമാണ്. അതായത്, സുബുദ്ധിയുടെ അഭാവം. സുബുദ്ധിയുടെയഭാവത്താലാണ് മനുഷ്യന്‍ തനിക്ക്  ആവശ്യമില്ലാത്തവയെയൊക്കെ ആഗ്രഹിക്കുന്നത്. സ്വന്തം പ്രതി
ച്ഛായ, അന്യന്റെ പ്രതിച്ഛായ, ഇവ തമ്മിലുള്ള സംഘര്‍ഷം, അതിന് പരിഹാരം കണ്ടെത്താനായി സ്വന്തം പ്രതിച്ഛായയെ മെച്ചപ്പെടുത്താനുള്ള ത്വര, ഇതൊക്കെയാണ് മനുഷ്യനെ നയിക്കുന്ന ഘടകങ്ങള്‍. ഏത്‌ പ്രതിച്ഛായയെയും സൃഷ്ടിക്കുന്നത് അനുഭവങ്ങളും അവയുടെ ഓര്‍മ്മകളും അവയിലൂടെ കരുപ്പിടിപ്പിക്കുന്ന അറിവുകളുമാണ്. അടുത്തും അകലെയുമുള്ള അനുദിനസംഭവങ്ങളെ തേടിപ്പിടിച്ചും വിശകലനം ചെയ്തും മനസ്സു നിറക്കുക എന്ന വ്യായാമത്തിനായിട്ടാണല്ലോ ഇന്ന് മിക്കവരും അവരുടെ സമയത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കുന്നത്. ഇങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുന്ന സഞ്ചിതസ്മരണകള്‍ ജീവിതത്തില്‍ ഒരു താങ്ങുപോലെ പ്രവര്‍ത്തിക്കുന്നു. ഓരോരുത്തരും തങ്ങളുടേതായി ഉണ്ടാക്കിയെടുക്കുന്ന പ്രതിബിംബത്തിനുള്ള ഊടും പാവുമാണ് ഓര്‍മ്മകള്‍. വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, ഓരോ സംഘടനയുടെയും കൂട്ടായ്മയുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നതും പഴയ ഓര്‍മ്മകളും അവയെയുപയോഗിച്ച് നെയ്തെടുക്കുന്ന ബിംബങ്ങളുമാണ്. ഇവയുടെയെല്ലാം ഭാരംകൊണ്ടു നിവര്‍ന്നു നടക്കാനാവാതെ നാം പെട്ടെന്ന് പടുവൃദ്ധരായിത്തീരുന്നു. 


ഇതിനൊക്കെ പരിഹാരമായി എന്തെങ്കിലുമുണ്ടോ? ഉണ്ട്, അതാണ്‌ ശ്രദ്ധ എന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. ഭൂതകാലത്തിന്റേതായതൊന്നും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടയാവശ്യം തോന്നാത്ത അവസ്ഥക്കാണ്‌ അദ്ദേഹം ശ്രദ്ധയെന്നു പറയുന്നത്. ചിത്തവൃത്തിയുടെ നിരോധം - നിര്‍മ്മമനാവസ്ഥ (no-mind) - എന്നതാണ് ധ്യാനംകൊണ്ട് കൃഷ്ണമൂര്‍ത്തി വിവക്ഷിക്കുന്നത്. പല ഗുരുക്കന്മാരും നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള എകാഗ്രതക്കുള്ള തത്രപ്പെടലും മന്ത്രോച്ചാരണവുമൊന്നും അദ്ദേഹം ധ്യാനത്തിനായി നിഷ്കര്‍ഷിക്കുന്നില്ല. നമുക്കുപകരിക്കാത്ത അറിവുകളെയും ഓര്‍മ്മകളെയും നിര്‍വ്വിശ്ശങ്കം വിട്ടുകളയുക എന്നതിലൂടെ ഒരാള്‍ക്ക്‌ മനസ്സിനെ ശുദ്ധമാക്കി സൂക്ഷിക്കാം. ഓര്‍മ്മയില്ലാത്തിടത്തു വിശദീകരണങ്ങള്‍ വേണ്ടിവരുന്നില്ല. ഇപ്പോള്‍ നാം കാണുന്നവയില്‍നിന്ന്തന്നെ തല്‍ക്ഷണം ജീവിതത്തിനാവശ്യമായ ഉള്‍ക്കാഴ്ച കൈവരുന്നു. അങ്ങനെയാവുമ്പോള്‍, എല്ലാം എപ്പോഴും നൂതനമായിരിക്കും. എന്നാല്‍, സാധാരണയാര്‍ക്കും ഇത് സ്വാഗതാര്‍ഹമാവില്ല. കാരണം, പരിചയമുള്ളവയില്‍ ഊന്നിനില്‍ക്കാനാണ് ഏവര്‍ക്കുമിഷ്ടം. പഴയ ചട്ടക്കൂടുകള്‍, ചിന്താരീതികള്‍, മുന്‍കരുതലുകള്‍, വിലക്കുകള്‍ എന്നിങ്ങനെ. അതാണെളുപ്പം. അറിയപ്പെടുന്നവയിലാണ് സുരക്ഷിതത്വം. ഈ സുരക്ഷിതത്വത്തിനുവേണ്ടിയാണ് അനുഭവിക്കുന്നതെല്ലാം നമ്മള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. മതങ്ങളും അവയോടു സാധര്‍മ്മ്യമുള്ള തത്ത്വസംഹിതകളും നിര്‍ബന്ധബുദ്ധ്യാ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസങ്ങളും ഇക്കൂടെക്കൂട്ടാം. ഇവയെല്ലാം വിലയേറിയ അറിവുകളാണെന്നു തെറ്റിദ്ധരിച്ച്‌, അവയുടെ വലിയ ഭാരം ചുമക്കുക എന്നതാണ്, പറഞ്ഞതുപോലെ, മനുഷ്യനെ ബൌദ്ധികവും ശാരീരികവുമായ അകാലവാര്‍ദ്ധക്യത്തിനിരയാക്കുന്നത്. ഒന്നുംതന്നെ ഓര്‍മയില്‍ വയ്ക്കേണ്ടതില്ല, അല്ലെങ്കില്‍, ഓര്‍മ്മയില്‍ വയ്ക്കേണ്ടവയുടെ വ്യാപ്തിയെ അങ്ങേയറ്റം കുറയ്ക്കുക എന്ന തീരുമാനം ഉള്‍ക്കരുത്താവശ്യപ്പെടുന്നയൊന്നാണ്. അങ്ങനെയൊരു ശീലം പരിപോഷിപ്പിച്ചെടുക്കാനുള്ള വെല്ലുവിളിയാണ് കൃഷ്ണമൂര്‍ത്തി തന്റെ പ്രഭാഷണങ്ങളിലൂടെ നടത്തിയിരുന്നത്.
       
സ്നേഹം - എന്താണത്? വളരെ ദുഷിച്ചുപോയ ഒരു വാക്കാണിത്. നാം സ്നേഹമെന്ന് കരുതുന്നവയില്‍ എന്തൊക്കെ സത്യത്തില്‍ സ്നേഹമല്ല എന്നൊരാത്മശോധന ഇടക്കൊക്കെ നല്ലതാണ്. ദൈവസ്നേഹം, മനുഷ്യരോടുള്ള സ്നേഹം, പ്രകൃതിയോടുള്ള സ്നേഹം എന്നിങ്ങനെ എവിടെയും നാം സ്നേഹത്തെപ്പറ്റി വാചാലരാവുന്നു. പക്ഷേ, എന്താണത്? ഒരു വികാരം? ഒരാശയം? മേല്പ്പറഞ്ഞിടത്തെല്ലാം നമ്മുടെതന്നെ ചിന്തയില്‍ കുരുത്ത, നമ്മള്‍ മനസ്സില്‍ സ്വയമോ അന്യസ്വാധീനങ്ങളിലൂടെയോ രൂപപ്പെടിത്തിയ ഒരു സങ്കല്പത്തോടാണ് വാസ്തവത്തില്‍ നമുക്കടുപ്പം തോന്നുന്നത്. ആത്യന്തികമായി അത് നമ്മോടുതന്നെയുള്ള ഇഷ്ടമാണ്. അതായത്, ഇവിടെയെല്ലാം നിഗൂഢമായി നമ്മള്‍ നമ്മെത്തന്നെ സ്നേഹിക്കുന്നു. മറ്റൊരു വ്യക്തിയോടുള്ള പ്രണയത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്‌. ആ വ്യക്തിയെ ചുറ്റിപ്പറ്റി നമുക്കുതകും വിധം കാല്പനികവും യുക്തിപരവും ബൌദ്ധികവും വികാരപരവുമായ ഗുണവിശേഷങ്ങളോടുകൂടിയ ഒരു ബിംബത്തെ സൃഷ്ടിച്ചിട്ട് അതിനെ സ്നേഹിക്കുക, അല്ലെങ്കില്‍, സുന്ദരമായി പറഞ്ഞാല്‍, പ്രണയിക്കുക! മുകളില്‍ പറഞ്ഞ 'സ്നേഹ'പ്രക്രിയകളിലെല്ലാം അല്പമെങ്കിലും വിദ്വേഷവും അക്രമവും ഒളിഞ്ഞിരുപ്പുണ്ടാവും. നമ്മള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി, നമ്മള്‍ സ്വന്തമെന്നു കരുതുന്ന സ്വത്തുക്കള്‍ക്കായി, നമ്മുടെ ദേശത്തിന് വേണ്ടി, എന്തിന്, നമ്മള്‍ ആരാധിക്കുന്ന പരമകാരുണികനായ ദൈവത്തിന്റെ പേരില്‍ പോലും, എന്തും ചെയ്യാന്‍, അന്യരെ കൊല്ലാന്‍വരെ നാം സന്നദ്ധരാകുന്നു. ഇങ്ങനെ സ്നേഹത്തൊടോത്ത് ഭയവും അസൂയയും ഉല്‍ക്കണ്‍ഠയും പകയും, അന്യരെയും അന്യമായതും അധീനപ്പെടുത്താനുള്ള ത്വരയും ഉണ്ടെങ്കില്‍ അതെങ്ങനെ സുഖകരമാകും? അതെങ്ങനെ ആനന്ദത്തെ തരുന്ന ഒരു പ്രവൃത്തിയാകും?    

സുഖകരമല്ലാത്തതാണ് ദുഃഖം. അതായത്, സുഖത്തിന്റെയഭാവം. സ്വയംനിര്‍മ്മിത ബിംബങ്ങള്‍ ഉടയുമ്പോള്‍ വന്നുചേരുന്ന മാനസികാഘാതമാണ് ദുഃഖം.
ദുഃഖാനുഭവങ്ങളുണ്ടാകുമ്പോള്‍, വീണ്ടും പരിക്ക് പറ്റാതിരിക്കാന്‍ നാം നമുക്കുചുറ്റും വേലികെട്ടുന്നു. ഇത്തരം വേലികള്‍ മനുഷ്യരെ ഒറ്റപ്പെടുത്തുന്നു. കൂടുതല്‍ വ്യഥയാണ് ഫലം. സ്നേഹവും ദുഃഖവും ഒരുമിച്ച് സ്ഥിതിചെയ്യുമോ? ചെയ്യില്ലെന്നതാണ് സത്യമെങ്കിലും, ഏവരും കരുതുന്നത് അത് സാദ്ധ്യമാണെന്നാണ്, സ്നേഹമുള്ളതുകൊണ്ടാണ് താന്‍ ദുഃഖമനുഭവിക്കുന്നത് എന്നാണ്. ഒരുദാഹരണം: കണ്ണിലെ കൃഷ്ണമണിപോലെ ആവുന്നത്ര കരുതലോടെ, ഏത്‌ ത്യാഗത്തിനും മടിക്കാത്ത വാത്സല്യത്തോടെ വളര്‍ത്തിയെടുക്കുകയും പഠിപ്പിച്ചു മിടുക്കനാക്കുകയും ചെയ്ത പുന്നാരമോന്‍ നമ്മോടാലോചിക്കാതെ പോയി ഒരു പെണ്ണിനെ കൂട്ടുപിടിച്ച് കൊണ്ടുവരുന്നു. അവളാകട്ടെ, നമ്മളുടെയഭിരുചികള്‍ക്ക് ചേരാത്ത ശീലങ്ങളും തഴക്കങ്ങളുമുള്ളവള്‍. അവന്റെ സമയവും സമ്പാദ്യങ്ങളുമെല്ലാം അവളനുഭവിക്കുന്നു. നാളിതുവരെ അവന്‍ വച്ചുപുലര്‍ത്തിയിരുന്ന മൂല്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും പോലും അവളുടെ മനോധര്‍മ്മത്തിനൊത്ത് മാറ്റിമറിക്കപ്പെടുന്നു. ഇതൊക്കെയനുഭവിക്കുന്ന അപ്പനുമമ്മയ്ക്കും ദുഃഖം തോന്നുന്നെങ്കില്‍ അതില്‍ അസാധാരണമായിട്ടൊന്നുമില്ല. എന്നാല്‍ ആ ദുഃഖം നിര്‍വീര്യമാക്കാവുന്നതാണോ? അതേയെങ്കില്‍, എങ്ങനെ?

ഇവിടെ പലതും തിരിച്ചറിയേണ്ടതുണ്ട്. ഒന്നാമത്, തങ്ങളുടെ വാത്സല്യത്തിനും കഷ്ടപ്പാടുകള്‍ക്കും മക്കളില്‍ നിന്ന് പ്രതിസ്നേഹവും കടപ്പാടും പ്രതീക്ഷിക്കുന്നത് പൌരസ്ത്യനാടുകളില്‍ ഒരു തഴക്കമാണെങ്കിലും അത് ന്യായീകരണമില്ലാത്ത, അപക്വമായ ഒരേര്‍പ്പാടാണ്. ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുല്ലതുപോലെ, കുഞ്ഞുങ്ങള്‍ നമ്മിലൂടെ ജനിക്കുന്നെങ്കിലും അവര്‍ നമ്മുടേതല്ല. എങ്കില്‍, പക്വപ്രായമായ ശേഷം, അവരുടെ പ്രവൃത്തികളുടെ നന്മതിന്മകളെ തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് എന്താണര്‍ഹത? നമ്മള്‍ നമ്മുടെ ജീവിതം സ്വയം ചിട്ടപ്പെടുത്തിയതുപോലെ അവര്‍ അവരുടേതും ചിട്ടപ്പെടുത്തട്ടെ. എന്റെ സുഖവും ദുഃഖവും മറ്റൊരാളുടെ ചെയ്തികളെ ആശ്രയിക്കാന്‍ വിടുന്നത് എന്റെ പക്വതയില്ലായ്മകൊണ്ടാണ്. അനുവദനീയമല്ലാത്ത, എന്റെ അസ്തിത്വവുമായി ചേര്‍ച്ചയില്ലാത്ത, ഒരു
പ്രതിച്ഛായയെ എന്റേതായി സൃഷ്ടിച്ച്‌, അതിനെ വച്ചുപൂജിക്കുന്നു എന്നതാണ് എനിക്ക് വന്നുചേര്‍ന്ന ദുരിതം. എന്റെ പ്രതിച്ഛായക്ക്‌ കോട്ടം സംഭവിക്കുന്നു എന്നതാണ് എന്റെ ദുഃഖത്തിനു പിന്നിലെ കാരണം. അത് സ്നേഹത്തില്‍നിന്നുണ്ടാകുന്ന വേദനയല്ല, മറിച്ച്, സ്വാര്‍ത്ഥതയുടെ സ്വാഭാവികമായ തിരിച്ചടിയാണ്. നേരെചൊവ്വേ നോക്കാന്‍ ഞാന്‍ ഭയപ്പെടുന്ന അല്ലെങ്കില്‍ വിസമ്മതിക്കുന്ന പ്രശ്നങ്ങള്‍ എന്നില്‍ നിലനില്‍ക്കുന്നതാണ് ഇതിനെല്ലാം പിറകില്‍. അത്രയും അംഗീകരിക്കാനാവുമ്പോള്‍ എന്റെ മനസ്സ് ശന്തമാകേണ്ടതാണ്.  

യഥാര്‍ത്ഥത്തില്‍, തെറ്റിദ്ധരിച്ച സ്നേഹമാണ് ദുഃഖത്തിന് കാരണമാകുന്നത്. നാം സ്നേഹത്തെയും ദുഃഖത്തെയും ഒരുമിച്ച് കാണുന്നു, തമ്മില്‍ ബന്ധിപ്പിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ സ്നേഹിക്കുന്നയൊരാള്‍ മരിക്കുമ്പോള്‍ നാം ദുഃഖിക്കുന്നത്. അയാളുടെ ജീവിതാന്ത്യമല്ല, നമ്മുടെ നഷ്ടമാണ് നമ്മെ ദുഃഖിപ്പിക്കുന്നത്. മരിച്ചയാള്‍ അല്ലെങ്കില്‍ നമ്മള്‍ സ്നേഹിക്കുന്നയാള്‍ സ്നേഹത്തിന്റെ ബലത്തില്‍ നമ്മുടെ കൈവശവസ്തുവാണോ? ആണെന്നാണ്‌
ശീലങ്ങള്‍ നമ്മെ പഠിപ്പിച്ചതും നാം ചിന്തിച്ചുപോരുന്നതും. അത് മനുഷ്യന്റെ സഞ്ചിതമായ ഓര്‍മ്മകളുടെ ഭാഗമാണ്. സ്നേഹം നമ്മുടെ മനസ്സിലുള്ള ഒരു ബിംബത്തോടുള്ള (എന്റെ മകന്‍, എന്റെ മകള്‍, എന്റെ പ്രേയസി, എന്റെ സുഹൃത്ത്, മാതാപിതാക്കള്‍, പോരാ, എന്റെ ദൈവം പോലും) മമതയല്ലെങ്കില്‍, അതൊരു നിമിത്തത്തിന്റെ, പ്രേരണയുടെ, അല്ലെങ്കില്‍ ആഗ്രഹത്തിന്റെ ഫലമായി ജനിച്ച വികാരമല്ലെങ്കില്‍, സ്നേഹത്തില്‍നിന്ന് ദുഃഖം ഉളവാകേണ്ടതില്ല. സ്നേഹം നമുക്ക് വിഷയസുഖമോ ആശ്രിതത്വമോ തരുന്നെങ്കില്‍ അതിനര്‍ത്ഥം അത് കളങ്കിതമാണെന്നാണ്. കടമയുടെ പേരില്‍ എന്തെങ്കിലും ചെയ്യുന്നത് സ്നേഹമല്ല, കര്‍ത്തവ്യമാണ്. അതായത്, ഏതെങ്കിലും വിധത്തിലുള്ള മോഹമോ പ്രേരണയൊ ഉള്ളിടത്ത് സ്നേഹമില്ലെന്ന് തീര്‍ച്ചപ്പെടുത്താം, മാനുഷികതലത്തിലായാലും ദൈവികതലത്തിലായാലും. തീര്‍ത്തും മാനുഷിക ബലഹീനതയായ മുഖസ്തുതിപ്രിയവും ശുപാര്‍ശാദൌര്‍ബല്യവും ആരോപിച്ചുണ്ടാക്കുന്ന ഒരു ദൈവബിംബത്തെ അരാധിക്കുന്ന വിചിത്രരീതികള്‍ കാണണമെങ്കില്‍ വെറും അഞ്ചു മിനിട്ട് നേരം ശാലോം റ്റി.വി. നോക്കുക. എല്ലാ മതമന്ദിരങ്ങളിലേയ്ക്കും തീര്‍ത്ഥാടനകേന്ദ്രങ്ങളിലേയ്ക്കും ഭക്തരെയാകര്‍ഷിക്കുന്നത് ഈവിധ പ്രീണനതല്പരതയല്ലെന്നുണ്ടോ?  

ദുഃഖങ്ങളില്‍ നിന്ന് വിടുതല്‍ നേടാന്‍ കൃഷ്ണമൂര്‍ത്തി മുന്നോട്ടു വയ്ക്കുന്ന വളരെ പ്രധാനമായ ഒരാശയമിതാണ്: തന്റെ പ്രജ്ഞ വ്യതിരിക്തമല്ല, മറിച്ച്, മനുഷ്യരാശിയുടെ മുഴുവന്‍ പ്രജ്ഞയാണ് എന്ന്
ഓരോരുത്തരും തിരിച്ചറിയുക. അത്തരമൊരവബോധത്തിലെത്തിച്ചേരുക ശരാശരിക്കാര്‍ക്കുള്ളതല്ല. പരിമിതമായ പ്രജ്ഞയോടൊപ്പം ഓരോരുത്തര്‍ക്കും ജൈവലോകത്തിന്റെ സഞ്ചിതപ്രജ്ഞയില്‍ ഭാഗഭാഗിത്വമുണ്ട്. തനതും വേറിട്ടതുമായ ഒരസ്തിത്വം പ്രകൃതിയില്‍ ഒന്നിനും സാദ്ധ്യമല്ല. വേറിട്ടുനില്‍ക്കല്‍ മിഥ്യാബോധമാണ്. അത് യുക്തിരഹിതവും അനാരോഗ്യകരവുമാണ്. ഈ തിരിച്ചറിവുണ്ടായാല്‍, മുമ്പില്ലാതിരുന്ന ഒരുത്തരവാദിത്വബോധം ഉടലെടുക്കുന്നു. അതോടെ, വ്യക്തിഗതമായ പരിധികളില്‍നിന്നുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് വഴി തുറക്കപ്പെടുന്നു. മരണത്തിനുപോലും അപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരര്‍ത്ഥതലമുണ്ടാകുന്നു. മറ്റു വാക്കുകളില്‍, ജീവിതത്തിന് അര്‍ത്ഥമുണ്ടാകുമ്പോള്‍ മരണത്തിന് അതിന്റെ ദുഃഖാര്‍ത്ഥം നഷ്ടപ്പെടുന്നു.                            

എന്റെയസ്തിത്വം എന്നാല്‍ എന്താണ്? അത് മുഴുവന്‍ വെറും ഓര്‍മ്മയാണ് എന്നതാണ് വാസ്തവം. "ഞാന്‍" എന്ന ബോധം ഒരോര്‍മ്മയുടേതാണ്. വ്യക്തിത്വവും അതിന്റെ ഘടനകളും ഓര്‍മ്മയില്‍നിന്നുണ്ടാകുന്നതാണ്. അതുപോലെ തന്നെയാണ് "നീ" എന്നതും. ഇവയൊക്കെ നമ്മില്‍ വന്നുവീണുമുളച്ചിട്ടുള്ള വിശ്വാസങ്ങളുടെ വിത്തുകളാണ്. അവയില്‍ സത്യമുണ്ടെന്ന് നാം വെറുതേ ധരിച്ചുപോകുന്നതാണ്. എന്റെ പേര്, എന്റെ രൂപം, എന്റെ കഴിവുകള്‍, എന്റെ വീട്, എന്റെ ബന്ധങ്ങള്‍, സമ്പാദ്യങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് "ഞാന്‍". എന്നാല്‍ ഇവയൊക്കെ എന്നെ എകാകിതനാക്കുന്നു. അതുകൊണ്ട് ഞാന്‍ ബന്ധങ്ങളെ അന്വേഷിക്കുന്നു; ഓര്‍മ്മകളിലൂടെ അവയെ പരിപോഷിപ്പിക്കുന്നു. അങ്ങനെ, എന്റെ ജീവിതകാലത്ത് കൈവന്ന എല്ലാ ഓര്‍മ്മകളുമായുള്ള എന്റെ ബന്ധമാണ് എന്റെ അസ്തിത്വം. ഈ ബന്ധങ്ങളില്‍ നിന്ന് വിശ്വാസങ്ങള്‍ ജനിക്കുന്നു. അവയെ നഷ്ടപ്പെടുമെന്ന ഭയത്താല്‍, അവയെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കാന്‍ ഞാന്‍ തയ്യാറാകുന്നില്ല. അറിഞ്ഞതിനെ വിട്ടുപോകുക എനിക്ക് മരണതുല്യമാകുന്നു. സംഭരിച്ചതൊന്നും കൈയൊഴിയാന്‍ എനിക്കാവില്ല എന്നെനിക്കറിയാം. എന്റെയോര്‍മ്മയുടെ ഭാണ്‍ഡക്കെട്ടുമായി ഞാന്‍ പുനര്‍ജനിക്കുമെന്നുവരെ ഞാന്‍ വിശ്വസിക്കുന്നു. കാരണം, എനിക്കായി നീക്കിവച്ചിരിക്കുന്ന ഒരുതുണ്ട് ജീവന്റെ മിഥ്യയിലാണ് ഞാന്‍ കഴിഞ്ഞുകൂടുന്നത്. ബന്ധങ്ങള്‍ അവയുടെ നഷ്ടത്തെപ്പറ്റി ഭയമുണ്ടാക്കുന്നതിനാല്‍, ഇന്നലത്തെ അനുഭവങ്ങള്‍, സുഖാനുഭൂതികള്‍, ഭയാശങ്കകള്‍ എന്നിവയുമായി "ഞാന്‍" നെട്ടോട്ടമോടുകയാണ്, എവിടേയ്ക്കെന്നറിയാതെ! 

ഏത്‌ വിശ്വാസവും ശാശ്വതമായതിനെക്കുറിച്ചുള്ള - കാലത്തിനും പരിണാമത്തിനുമതീതമായ എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ചുള്ള -
അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. നിസ്പക്ഷമായ അന്വേഷണത്തിന് ഒരാള്‍ പരിപൂര്‍ണ്ണമായും സ്വതന്ത്രനായിരിക്കണം. നൂറുകണക്കിന് ന്യൂസ്ചാനലുകളും ദിനപ്പത്രങ്ങളും വിളമ്പുന്ന ഊതിപ്പെരുപ്പിച്ച സംഭവപരമ്പരകള്‍ കണ്ടിരിക്കാനും വായിക്കാനും അവയെ അയവിറക്കി വാചാലരാകാനും എന്തൊരുഷാറാണ് ഇന്ന് ജനത്തിന്! അക്കൂടെ ഓരോരോ മതാന്ധര്‍ നിറുത്താതെ പ്രഘോഷിക്കുന്ന അബദ്ധജടിലമായ കോപ്രായങ്ങളും. ഇവയെല്ലാം ലോകത്തെവിടെയും അങ്ങേയറ്റത്തെ ക്രമരാഹിത്യത്തിനു കാരണമാകുന്നുണ്ട്. ഇവയില്‍നിന്നൊക്കെ മുക്തമാവുക അങ്ങേയറ്റത്തെ ഇച്ഛാശക്തികൊണ്ടേ സാദ്ധ്യമാകൂ. ഒരു സിദ്ധാന്തവുമില്ലാതെ, ഒരു പരിശീലനവുമില്ലാതെ, യാതൊരു നിയന്ത്രണവുമില്ലാതെ സ്വതന്ത്രമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഒരു മനസ്സാണ് ഏറ്റവും വിലപ്പെട്ട നിധി. അപ്പോള്‍ നിയന്താവും നിയന്ത്രിതവും ഇല്ലാതാവും. അപ്പോള്‍ സംഘര്‍ഷമില്ല. കാണുന്നവനും കാണപ്പെടുന്നതും തമ്മില്‍ ഭിന്നതയില്ലാത്ത അവസ്ഥയാണത്. അതുതന്നെയാണ് ധ്യാനം. ലോകത്തിന്റെ വ്യഗ്രതകളില്‍ നിന്ന് മുക്തമായ മനസ്സില്‍ ധന്യമായ മൌനം വന്നു നിറയുന്നു. കഠിനാദ്ധ്വാനം ആവശ്യപ്പെടുന്ന മാനസ്സിക കസര്‍ത്തുകളും സാധനയും ഒരിക്കലും ധ്യാനത്തിലേയ്ക്ക് നയിക്കുകയില്ല. ഓര്‍മ്മകളും ചിന്തകളും ചെയ്യുന്നതുപോലെ അവയൊക്കെ ഉള്ളിലെയിടത്തെ നശിപ്പിക്കുകയേയുള്ളൂ. പഠിച്ചതും അനുഭവിച്ചതുമെല്ലാം മറന്നുകളയുന്നതാണ്, യാതൊന്നും തടയാനില്ലാത്ത സ്വച്ഛന്ദതയുടെയനുഭവമാണ്, ധ്യാനം. അത് അറിഞ്ഞതില്‍ നിന്നെല്ലാമുള്ള മോചനമാണ്.


ഇതോടുചേര്‍ത്തു വായിക്കാവുന്ന ഒരു ശ്ലോകശകലമാണ് ശ്രീനാരായണഗുരുവിന്റെ ദൈവദശകത്തിലെ ഈ ഭാഗം:


ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍,
നിന്നിടും ദൃക്കുപോലുള്ളം 
നിന്നിലസ്പന്ദമാകണം.  
(ശ്രീനാരായണ ഗുരുദേവകൃതികള്‍, ജി. ബാലകൃഷ്ണന്‍ നായര്‍, .വാ. 1, താ. 24)


വ്യാഖ്യാനം: ചുറ്റും സംഭവിക്കുന്നവയെ വെറും കാഴ്ചകളായി കണക്കാക്കി, ഒന്നൊന്നായി അവയെ മനസ്സില്‍ നിന്ന് മാറ്റാനാവണം. അങ്ങനെ ദൃശ്യങ്ങളുടെ കാഴ്ചക്കാരന്‍ (സാക്ഷി) മാത്രമായി സ്വയമറിഞ്ഞ്, എല്ലാറ്റിന്റെയും സത്തയെന്തോ, അതുമായി ഏകീഭാവം വന്നുചേരണം.
     
References: 
Books by J. Krishnamurti
The Network of Thought
Freedom from the Known
Krishnamurti's Journal




Not to include in the book.
Comments: What intrigues me - as always- is this: why "many are called, but few are chosen"? Has it something to do with our biotonics, DNA? For the sake of theory, we can say that every human being can share the bliss, if only he tries. My contention is exactly there. Can we substantially transform the 'fundamental project', no matter however ardently one strives for? Or, should one
wait for a master, a guru, who will get you right? And what if one does not encounter a guru
nor encounter a traumatising experience?


Jiddu said that we should first make a 'table rase' (tabula rasa = vacant writing board).Very
fine.    Inasu Thalak -  poetinasu@gmail.com


There's no such thing as calling or choosing by God. Nature works on its own way - some get more - that's all. But the fundamental principle to get this 'more' is to get detached from every desire to get and possess. I don't believe in any 'gurujis' like Osho, Goenke, Trivedi or even Jesus. Even without going after them or following their ways, one can, with luck, get to where they reached, I think. The 'tabula rasa' JK speaks of is nothing but this mental detachment - freedom from the known, freedom from the greed for knowledge. Thereafter comes in the true knowledge or intuition.


The human brain is a fantastic product of nature - in some individuals it has demonstrated unusual capabilities like photo-memory, mathematical or musical genius, deep intuition etc. No explanation yet to such phenomena.
Zacharias Nedunkanal

പിറവിയെന്ന വിസ്മയം

"Enjoy being yourself in your beloved surroundings!" A good friend wished me in a mail. What esle do I do?

രണ്ടായിരത്തി പതിനൊന്നിലെ ജൂണ്‍മാസാരംഭം. ഒളിച്ചും മടിച്ചും വീഴുന്ന മണ്‍സൂണ്‍. ഏതാണ്ട് ഇരുപതു മാസം മുമ്പ് ഞാന്‍ മുറ്റത്ത് കുഴിച്ചുവച്ച പത്തു തെങ്ങിന്‍തൈകളില്‍ ഒന്നിന് കടിഞ്ഞൂല്‍ പ്രസവം. പൊടുന്നനെയാണ് നിശയുടെ തിരശീലക്കു പിന്നില്‍, തഴച്ച ധന്യതയുടെ നാഭിയില്‍ നിന്ന്, ഒരു തൊട്ടില്‍ പോലെ പുറംതള്ളിവരുന്ന ചൊട്ട കണ്ണില്‍പ്പെട്ടത്. നാലഞ്ചുദിനങ്ങള്‍ കഴിഞ്ഞതേ, ജീവദാഹത്തോടെ അതില്‍നിന്ന് എത്തിനോക്കുന്നു, പ്രകാശത്തിന്റെ നൂറുനൂറു കുഞ്ഞുങ്ങള്‍!


ദിവസത്തില്‍ പലതവണ ഞാനവളുടെയടുത്തു ചെല്ലും. ആ നവപുഷ്പിണിയില്‍ ജീവന്റെയും സ്നേഹത്തിന്റെയും നിറവ്കണ്ട് മനംകുളിര്‍ക്കും. വരുംവാരങ്ങളില്‍ പാലും തേനും നിറഞ്ഞ്‌ ഉരുണ്ടുകൊഴുക്കേണ്ട ആ പവിഴമുത്തുകള്‍ക്ക് ആര്‍ക്കുമേ ചെന്നുമ്മവച്ചീടുവാന്‍ തോന്നിക്കുന്ന ശൈശവകോമളത്തം. അവയുടെ വെണ്മയില്‍ ചുറ്റുപാടെല്ലാം പ്രകാശചിത്തമായതുപോലെ. എന്റെ വീടും ഈ പിറവിയുടെ അദ്ഭുതത്തില്‍ കുളിച്ചുനില്‍ക്കുന്നു. ഉറവയില്‍ നിന്ന് നീരൊഴുക്ക് പോലെ, ആദിമവും അരൂപവുമായ ആനന്ദത്തിന്റെ ധാരാളിത്തം ആ കതിര്‍ക്കുലയിലൂടെ എന്നിലേയ്ക്ക് വര്ഷിക്കപ്പെടുന്നു. ഭൌമമായ സൌന്ദര്യത്തിന്റെ വശ്യതയില്‍ സന്തോഷിക്കേണ്ടതെങ്ങനെയെന്നു ഞാന്‍ പഠിക്കുന്നു.
 
ഇനിയങ്ങോട്ടും, നിശാകാലനിലാവും പുലര്‍കാലകിരണങ്ങളും സാന്ധ്യവര്‍ഷപാതവും ചേര്‍ന്ന് ഈ കതിരുകളില്‍ നന്മയുടെ നിറകുടങ്ങളെ പരുവപ്പെടുത്തട്ടെ; ജീവനുവേണ്ടി ജീവനുരുവാക്കുന്ന പ്രകൃതിയുടെ സാഫല്യങ്ങളെ ഊട്ടിവളര്‍ത്തട്ടെ. മലയാളികള്‍ക്ക് പാലിന്റെയും തേനിന്റെയും അമൃതകുംഭം പേറുന്ന ഈ കല്പദാരുവിനെ, ഈ ജൈവതേജസിനെ, നമ്രശിരസ്സനായി നമിക്കുന്നേന്‍!

Shame on the Indian Railway


From                                                                                                   To
A study-tour-group of 22 pupils and                                               Smt. Mamatha Banerji
5 accompanying teachers                                                                Minister
St. Augustin's school                                                                        Indian Railway
Peringulam P.O.                                                                                New Delhi                     
Kottayam Dt.,
Kerala - 686582                                                                                  26.04.2011
           
                                                                                                           
             

Respected Madam,

We, 22 pupils of St. Augustin’s School, Peringulam and five teachers planned to conduct a study tour covering Delhi and Jalandhar, starting on the 19th of April 2011. With prior sanction from the Southern Railway, the kids got tickets at concession rates, booked from Kottayam to Jalandhar and the return journey on the 24th of April from Jalandhar to reach Kottayam on the 26th

We started off, catching the Kerala Express (Train Nr. 12625), at 2:00 p.m. at Kottayam on the 19th,  to reach Jalandhar on the 21st of April.  But something unfortunate happened on the way. Three of the kids got sick, one of them with serious breathing problem. Whatever medicine we had on hand didn’t suffice. Already at Nagapur we had approached the security, as the superintendent was absent, to call a physician to come to our aid. He said it was not possible in the train, but we had to seek it outside. So we were forced to break the journey at Agra at around 11:00 am to see a doctor.

As we were ready to proceed further at 13:30, we went to the station master to check if we needed to buy new tickets, as we’d  broken the journey. As he learned that we were continuing to travel on the same day mentioned on the tickets, though after a short break, he consented us to use the same tickets we had. Accordingly we caught the Vishakapatnam-Nizamuddin, train nr. 12807 at 14:00. Because of the unexpected loss of time, we cancelled our trip to Jalandhar.     

We were happy as the TT in this train also was satisfied with our travel documents. But then all of a sudden, we were circled by a three-men-squad in white uniforms asking to see the tickets. Our explanations about the station master as well as the TT finding them alright were turned off and they threatened to fine us over thirteen thousand rupees for violation of the rules. As we were not ready nor able to come up with the amount, nor understood what the violation was, they came down to ten thousand and five hundred rupees.  As we still defended ourselves and requested them to call the station master at Agra, which they refused to do, they finally gave us three receipts .- each showing Rs. 720.- fare Agra-Delhi and Rs. 1'500.- excess fare. That amounted to a total of Rs. 6660.- How they calculated it is not clear at all. The number of passengers fined were shown as 6 on each sheet, though we were 22 in total. As we hesitated to sign them, they threatened to compel us to break off our journey and send the leader of the group to jail. The kids were naturally shocked by all this rude and arrogant behaviour of the so called railway squad. Most of the kids were boarding a train for the first time in their life, and the first impression they got of the Indian Railway was so devastating, indeed. Those who have seen it in any civilized part of the world around us know for sure, that no personnel of any public transport system treat the passengers, especially wehn it deals with school kids, with such lack of manners as in our country. And in writing the fine, they totally forgot that the kids were travelling on concession tickets. This is a real shame on all concerned.

We strongly suspect this blitz action to be a prearranged coup, perhaps with the knowledge of the afore said station master of Agra. How could they otherwise spot us with such precision? We beg the higher authorities to make an enquiry and reinstate our rights, doing the needful to refund to us the amount collected from us through a round about, mean and very suspicious manner. We had acted honestly all through.

Attached herewith please find a copy of all the travel documents, including the unused tickets from Delhi to Jalandhar and back, the receipts of the heavy fine so brutally imposed on us, as well as proof of seeking help from the RMO at Ernakulam, on our way back, as the situation of one of the sick kids got worse. Strangely enough, neither of the doctors we consulted at Agra and Delhi obliged us with giving a receipt for the money paid to them for consultation and medicine. Both of them must have been fakes, too!

Yours respectfully,
The  teachers and the pupils of
St. Augustin’s School
Peringulam. Kerala – 686582

Names and signatures:
                                  ...................................................    ................................................
                                  ...................................................    ................................................

വ്വീലില്ലാതെയും വ്വീല്‍ച്ചെയറോ?

എട്ടു മുതല്‍ പതിനഞ്ചു വയസ്സുവരെയുള്ള പതിനേഴു വിദ്യാര്‍ഥികളുമായി നടത്തിയ ഒരു പഠനയാത്രയുടെ പരിസമാപ്തിയില്‍, ഞങ്ങള്‍ രണ്ടദ്ധ്യാപകരും ഒരദ്ധ്യാപികയും ഡല്‍ഹിയില്‍ നിന്ന് തിരിച്ച്, രണ്ട് ദിവസം മംഗള എക്സ്പ്രെസ്സില്‍ കഴിച്ചുകൂട്ടിയശേഷം, 2011 ഏപ്രില്‍ 26ന് പതിനൊന്നു മണിയോടെ എറണാകുളം ജംഗ്ഷനില്‍ എത്തുന്നു. കുട്ടികളെല്ലാംതന്നെ വശക്കേടിലായിരുന്നു. ഒരു പയ്യന്‍ ഒന്നരദിവസമായി ശര്‍ദ്ദിമൂലം ഒന്നും കഴിക്കാനാവാതെ ആകെ പരിതാപകരമായ സ്ഥിതിയിലും. അവനെ ഉടന്‍തന്നെ റെയില്‍വ്വേ മെഡിക്കല്‍ ഓഫീസറെ കാണിക്കണം. അതിനായി ആദ്യം സ്റ്റേഷന്‍മാനേജരുടെ കത്ത് കിട്ടണം. ആള്‍ സ്ഥലത്തില്ല. ഡെപ്യുട്ടി മാനേജരുടെ പക്കല്‍ ചെന്ന് അത് വാങ്ങി. കുട്ടികള്‍ ഇറങ്ങിയത്‌ പ്ലാറ്റുഫോമിന്റെ അങ്ങേ തലയ്ക്കലാണ്. അവിടെനിന്ന് അവശനായ കുട്ടിയെ എക്സിറ്റ് വരെയും പിന്നെ ഡോക്ടറുടെയടുത്തേയ്ക്കുമെത്തിക്കാന്‍ ഒരു വ്വീല്‍ചെയര്‍ വേണം. രണ്ടെണ്ണം പ്ലാറ്റുഫോമില്‍ കിടക്കുന്നുണ്ട്, രണ്ടിനും മുമ്പിലത്തെ ചെറിയ ചക്രങ്ങളില്ല; വലിയ ചക്രങ്ങളില്‍ ഒന്നു മാത്രമേ കറങ്ങുന്നുള്ളൂ താനും! എന്ത് ചെയ്യാന്‍! 

ഉപയോഗയോഗ്യമായ ഒന്ന് കിട്ടുമോയെന്ന് റെയില്‍വ്വേഗാര്‍ഡിനോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞു, സ്റ്റേഷന്‍മാനേജറാണ് വ്വീല്‍ചെയര്‍ നല്‍കേണ്ടത് എന്ന്. വീണ്ടും ഞാന്‍ മുമ്പ് ചെന്ന മുറിയിലെത്തി. "സാറേ, പുറത്ത് കിടക്കുന്ന രണ്ട് വ്വീല്‍ചെയറിനും ചക്രങ്ങളില്ല, വേറൊരെണ്ണം തരാമോ?" ആള് പെട്ടെന്ന് ചൂടായി. "ഞാനെന്നാ നിങ്ങള്‍ക്ക് പുതിയ ഒരെണ്ണം വാങ്ങിത്തരണോ?", അയാള്‍ കയര്‍ത്തു. അവിടെയത്ര പരിചയമില്ലാത്ത ഞാന്‍ റെയില്‍വ്വേ മെഡിക്കല്‍ ഓഫീസറുടെ മുറിയെവിടെയെന്നു ചോദിച്ചതും ഡെപ്യൂട്ടി മാനേജര്‍ക്ക് ശല്യമായി തോന്നി. പുറത്തേയ്ക്കിറങ്ങി നോക്കിയാല്‍ കാണാം എന്നാണ് അങ്ങേര് വഴി പറഞ്ഞു തന്നത്! വീണ്ടും വല്ലതും ചോദിച്ചാല്‍ തല്ലിയാലോ എന്ന് ഭയന്ന്, പുറത്ത് കടന്ന്, ഞങ്ങള്‍ രണ്ട് വാദ്ധ്യാന്മാരും കൂടി പയ്യനെ എടുത്ത്‌, കൊടുംവെയിലത്ത്, ഇരുന്നൂറ്റമ്പതു മീറ്ററോളം ദൂരെയുള്ള ഡോക്ടറുടെ ആസ്ഥാനത്തേയ്ക്ക് നടന്നു. തൊണ്ണൂറു കഴിഞ്ഞ, മുട്ട് നിവര്‍ക്കാനാവാത്ത മുത്തശിമാരെപ്പോലെ രണ്ടു വ്വീലില്ലാവ്വീല്‍ച്ചെയറുകള്‍ പ്ലാറ്റുഫോമിലെവിടെയോ കിടന്ന് ഞങ്ങളെ അനുതാപപൂര്‍വം നോക്കുന്നുണ്ടായിരുന്നു.
 
നമ്മുടെ നാട്ടില്‍ സാധാരണ ഏത്‌ ഗവ. ജോലിക്കാരനും കാണിക്കാറുള്ള ഗര്‍വ് ആ റെയില്‍വേയുദ്യോഗസ്ഥനും കാണിച്ചുവെന്നേയുള്ളൂ. എന്നാലും, വ്വീല്‍ചെയറിന്റെ കാര്യത്തില്‍ അയാള്‍ ചോദിച്ച ആ ചോദ്യം അര്‍ത്ഥശൂന്യമാണെന്നും, മനുഷ്യത്വവും മാന്യതയുമുള്ള നാട്ടിലാണെങ്കില്‍ അതുമതി അയാളുടെ കസേര തെറിക്കാനെന്നും കഴിവതും താഴ്മയോടെ ചൂണ്ടിക്കാണിക്കാന്‍വേണ്ടിയാണ് ഞാനിതെഴുതുന്നത്. ഇത്ര പൊങ്ങിയ ജോലിയിലിരിക്കുന്ന ഒരാള്‍ക്ക്‌ സാമാന്യബുദ്ധിയെങ്കിലും വേണ്ടേ? പുതിയതല്ലെങ്കിലും, കറങ്ങുന്ന രണ്ട് ചക്രമെങ്കിലുമില്ലാതെ ഒരു ചെയര്‍ വ്വീല്‍ച്ചെയറാകുമോ, സാറേ? ചുരുങ്ങിയത് അത്തരം ഒരേയൊരു ചെയറെങ്കിലും അത്യാവശ്യക്കാരുടെ ഉപയോഗത്തിനായി ഇത്രയും വലിയ ഒരു സ്റ്റേഷനില്‍ ഉണ്ടെന്ന് വരുത്തേണ്ടത് സ്റ്റേഷന്‍മാനേജരുടെയല്ലെങ്കില്‍ പിന്നെയാരുടെ കടമയാണ്? റെയില്‍വ്വേ നന്നായി പ്രവര്‍ത്തിപ്പിക്കാനല്ലേ താങ്കളെ അവിടെയിരുത്തിയിരിക്കുന്നത്? അതിനാവശ്യമുള്ളവ വാങ്ങാന്‍ കാശുമുടക്കുന്നത് താങ്കളല്ലല്ലോ, ഇന്ത്യന്‍ റെയില്‍വ്വേയല്ലേ? ഞങ്ങള്‍ക്ക് പകരം ഒരു സ്ത്രീയായിരുന്നു നീണ്ട യാത്ര കഴിഞ്ഞ്, ഇങ്ങനെയൊരടിയന്തിരാവസ്ഥയില്‍ സ്റ്റേഷനില്‍   വന്നിറങ്ങുന്നതെങ്കില്‍, ഒട്ടും നടക്കാനാവാത്ത ഒരാള്‍ക്ക് അവര്‍ എങ്ങനെ അത്യാവശ്യസഹായം ഉറപ്പുവരുത്തും? തന്റെ യൂണിഫോമില്‍ ബാബു ജോസഫ്‌ എന്ന പേര് കുത്തിയിരുന്ന ആ ഡെപ്യൂട്ടിയാഭാസന്റെ സ്വന്തത്തില്‍പെട്ട ഒരാള്‍ക്കാണ് ഇത്തരമൊരു സാഹചര്യം വന്നുഭവിക്കുന്നതെങ്കില്‍, അയാള്‍ ചോദിച്ച ചോദ്യംകൊണ്ട് കാര്യങ്ങളോടുമോ?

ആദായനികുതിയടക്കുകയും റെയില്‍വ്വേയുടെ സേവനങ്ങള്‍ക്കു നിശ്ചയിച്ചിരിക്കുന്ന ഫീ കൊടുക്കുകയും ചെയ്തിട്ട്, ഇത്തരക്കാരുടെ തലക്കനവും കൂടി പാവം യാത്രക്കാര്‍ ചുമക്കേണ്ടതുണ്ടോ? വേണ്ടതായ എല്ലാ സാമഗ്രികളും സാങ്കേതികമായ അറിവുമുണ്ടായിരുന്നിട്ടും നമ്മുടെ തീവണ്ടികളില്‍ ശുചിത്വമോ, നല്ല ഭക്ഷണമോ കുടിവെള്ളമോ അടിസ്ഥാനപരമായ മറ്റ് സൌകര്യങ്ങളോ ഇന്നും ലഭ്യമല്ല. അകത്തും പുറത്തേയ്ക്ക് നോക്കുന്നിടത്തുമെല്ലാം മനം മടുപ്പിക്കുന്ന വൃത്തികേട്. ഓരോ സ്റ്റേഷനടുക്കുന്തോറും സഹികെടുത്തുന്ന നാറ്റം. പാളങ്ങള്‍ നിറയെ തീട്ടം! ഇതിനെല്ലാം പുറമേ, മേല്പ്പറഞ്ഞപോലുള്ള ചുറ്റുപാടുകളില്‍പോലും ഉത്തരവാദിത്തമോ സഹായമനസ്ഥിതിയോയില്ലാത്ത ഏമാന്മാരുടെ കാലുപിടിക്കേണ്ട ഗതികേടും. സീറ്റുണ്ടെങ്കിലും വഴിക്ക് ഒരു റിസര്‍വേഷന്‍ കിട്ടാനും യാത്ര നീട്ടിക്കിട്ടാനും TT ക്ക് ഉദാരമായ കൈനീട്ടം വേണം. ഇതൊക്കെയായിട്ടും, നാം സഹസ്രാബ്ദങ്ങളുടെ സംസ്കാരത്തില്‍ അഭിമാനിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ ശമ്പളക്കാരില്ലായിരുന്നു, സംസ്കാരികളുണ്ടായിരുന്നു; ഇന്ന് ശമ്പളക്കാരുണ്ട്, പക്ഷേ, നിലയും വിലയും മാനവും എന്തെന്നറിയാത്തവര്‍. മുഴുത്ത ശമ്പളം പറ്റിയിട്ട്, ചെയ്യുന്നതൊക്കെയും അവരുടെ ഔദാര്യസേവനമാണെന്ന് ചിന്തിക്കാന്‍മാത്രം ധാര്‍ഷ്ട്യം നാറുകയും വ്വീല്‍ ഇല്ലാത്ത ചെയറും വ്വീല്‍ച്ചെയര്‍ ആകാമെന്ന് വാശി പിടിക്കുകയും ചെയ്യുന്ന ഇത്തരം ബാബുമാരെ വച്ചുപൊറുപ്പിക്കരുത്.

രണ്ടു കൈപിടി മാത്രം വിളക്കിച്ചേര്‍ത്ത, തുരുമ്പിച്ച ഒരു ചതുരപ്പെട്ടി, അവശനെങ്കിലും അന്തസ്സുള്ള ഒരിന്ത്യന്‍കുഞ്ഞിനെ തള്ളിക്കൊണ്ടുപോകാനുള്ള വ്വീല്‍ച്ചെയര്‍ ആയി ഉപയോഗിച്ചുകൂടേ എന്നു ചോദിക്കുന്ന ഇയാള്‍, പിടിപ്പുകെട്ട ഒരധികാരശ്രേണിയിലെ ക്ലാവുപിടിച്ച ഒരു കണ്ണി മാത്രമാണ്.
ഞങ്ങള്‍ ഡല്‍ഹിക്ക് പോയത് കേരള എക്സ്പ്രെസ്സില്‍ ആണ്. ഡല്‍ഹിയിലെ മെട്രോയും ഞങ്ങള്‍ കണ്ടു. വികസിത രാജ്യങ്ങളിലെ നിലവാരം പുലര്‍ത്തുന്ന ഒരു സംരംഭമാണ് ഇപ്പറഞ്ഞത്‌. ബാക്കി ഇന്ത്യയിലെ ഏതു ട്രെയിനില്‍ സഞ്ചരിച്ചാലും ഒരു പൌരന് നാണം തോന്നും. സ്പീഡില്‍ പോകുന്നു എന്നതൊഴിച്ചാല്‍, കാളവണ്ടിയുടേതുപോലെ കുടുക്കമാണ് എല്ലാത്തിനും. ഉറങ്ങാന്‍ കിടന്നാല്‍ പേറ്റുന്ന മുറത്തില്‍ കിടക്കുന്ന അരിയുടെയനുഭവം! എന്തുകൊണ്ടാണ് മറ്റു നാടുകളിലെപ്പോലെ സ്വരമില്ലാതെയും ഒട്ടും കുടുക്കമില്ലാതെയും പാഞ്ഞുപോകുന്ന ട്രെയിനുകള്‍ നമുക്കില്ലാത്തത്? ഒത്തിരി വടക്കന്മാരുടെ കാലുപിടിച്ചുകഴിയുമ്പോള്‍, കേന്ദ്രത്തില്‍ നിന്ന് ഒരു പുതിയ ട്രെയിന്‍ അനുവദിക്കും. അതോടെ, മറ്റു സംസ്ഥാനങ്ങളില്‍ ഇടിച്ചുചളുങ്ങി തുരുമ്പെടുത്തു കിടക്കുന്ന കുറെ ബോഗികള്‍ ഇങ്ങോട്ട് കൊണ്ടുവന്നിട്ട്, കേട്ടാല്‍ സുഖമുള്ള ഒരു പുതിയ പേരും നല്‍കും. ഇ. അഹമ്മദും നമ്മുടെ എംപിമാരും കുറേക്കാലം വീരവാദം മുഴക്കും. ജനം സന്തോഷിക്കും. എന്നാല്‍ പുതിയ ഒരൊറ്റ ലൈന്‍ പാളമോ, നടത്തിപ്പിനാവശ്യമായ കൂടുതല്‍ ജോലിക്കാരോ ഉണ്ടാകുന്നില്ലാത്തതിനാല്‍‍, മൊത്തം ശൃംഖലയുടെ പ്രവര്‍ത്തനം പഴയതിലും മോശമായിപ്പോകുന്നു. ഞങ്ങള്‍ കയറിയ രണ്ടു സൂപര്‍ഫാസ്റ്റും മറ്റുള്ളവയ്ക്ക് (അവയില്‍ കൂടുതലും ഗുഡ്സ്ട്രെയിനുകള്‍!) വഴി കൊടുക്കാനായി പത്തുമുപ്പതു തവണയെങ്കിലും ഏറെ നേരം നിറുത്തിയിടേണ്ടിവന്നു. അല്ലെങ്കില്‍ യാത്രയുടെ നീളം ഒരഞ്ചുമണിക്കൂറെങ്കിലും കുറഞ്ഞേനെ. അപ്പോള്‍ പിന്നെ സൂപര്‍ഫാസ്റ്റെന്നു പറയുന്നതെന്തിന്? വിവരമുള്ളവര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പ്രാമുഖ്യം നല്‍കും. ഈ നാട്ടില്‍ മനുഷ്യരേക്കാള്‍ വിലയുള്ളത് ചരക്കിനാണല്ലോ. 

മറ്റൊരു നിരീക്ഷണം. കൊങ്കണ്‍ റെയില്‍വ്വേയിലൂടെ പോയിട്ടുള്ളവര്‍ക്കറിയാം, എത്രയിടത്താണ് വിലയേറിയ പാളങ്ങളും മറ്റു സാമഗ്രികളും തുരുമ്പെടുത്ത് നശിക്കാനായി കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നതെന്ന്. ഇതൊക്കെയും നാമോരോരുത്തരുടെയും പണമാണെന്ന് എത്ര ഇന്ത്യക്കാര്‍ ചിന്തിക്കുന്നുണ്ട്? പ്രതികരിക്കുന്നുണ്ട്? വഷളത്തവും ഉത്തരവാദിത്തമില്ലായ്മയും അനീതിയും കണ്ണില്‍പെട്ടാല്‍ ഉടനടിയുള്ള (ഉടന്‍ ജനത്തിന്റെ അടി കൊള്ളുന്നയനുഭവമുണ്ടാക്കുന്ന) പ്രതികരണം ജനാധിപത്യത്തിന്റെ ജീവധാരയാണ്. അതുണ്ടായാലേ, വ്വീലില്ലാത്ത വ്വീല്‍ച്ചെയര്‍ പോലത്തെ കാര്യശേഷിയില്ലാത്ത മാനെജര്‍മാര്‍ മനുഷ്യരെ ഉപദ്രവിക്കുന്നത് നിറുത്തൂ. 

ഇതിന്റെ കോപ്പി എറണാകുളത്തുള്ള ഡെപ്യൂട്ടിബാബുതൊട്ട്‌ ബഹുമാന്യയായ റെയില്‍വേമന്ത്രി മമതാ ബാനര്‍ജിവരെയുള്ളവര്‍ കൈപ്പറ്റുന്നതായിരിക്കും, പോസ്റ്റ്വഴിയും ഇമെയില്‍വഴിയും.           



ഹലോ ശ്രീ നെടുങ്കനാല്‍,
ഒരു പാവം സ്റ്റേഷന്‍മാനെജര്‍ക്കെതിരെ ഇത്തരം ഒരു പരാതികൊടുക്കാനുള്ള ദുര്‍ബുദ്ധി താങ്കള്‍ക്ക് തോന്നിയ സ്ഥിതിക്ക്, താങ്കള്‍ ഏതോ യൂറോപ്യന്‍നാട്ടില്‍നിന്നും ഇന്ത്യയില്‍ തിരികെയെത്തിയ ആളാണെന്ന് വല്ലവരും സംശയിച്ചാല്‍ പിണങ്ങരുത്, സത്യമതല്ലെങ്കിലും. കാരണം, ഒരു സാധാരണ ഭാരതീയന് ഇതൊക്കെ കര്മ്മഫലത്തില്‍പെടുന്ന കാര്യങ്ങളാണ്.

എനിക്ക് പറയാനുള്ളത് പരമാവധി ചുരുക്കാം.
   
1. "വീണ്ടും വല്ലതും ചോദിച്ചാല്‍ തല്ലിയാലോ" എന്ന് ഭയന്ന് നിങ്ങള്‍ പുറത്ത് കടന്നത് ഒരു വിധത്തില്‍ നന്നായി. കാരണം, ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേശൃംഖലകളില്‍ ഒന്നിന്റെ ഒരു മൂലയില്‍ കുത്തിയിരിക്കുന്ന സ്റ്റേഷന്‍ (ഡെപ്യൂട്ടി) മാനേജരാണ് ബാബു ജോസഫ്, ഇന്ത്യയിലെ പാവപ്പെട്ട ലക്ഷങ്ങളുടെ നിത്യജീവിതം പരുവപ്പെടുത്തുന്നവരിലൊരാള്‍അയാളും റെയില്‍വേ സെക്യൂരിറ്റിക്കാരും ചേര്‍ന്ന് തല്ലിയാല്‍ കൊള്ളാനുള്ള സാഹചര്യത്തിലായിരിന്നില്ലല്ലോ നിങ്ങള്‍. എന്നാലും ഒരു സംശയം ചോദിച്ചോട്ടെ? ഭയന്ന് ഇറങ്ങിറിപ്പോയത് ഇവരെപ്പോലെയുള്ള കുഴിയാനകള്‍ വളരാന്‍ സാഹായിക്കുമെന്നു താങ്കള്‍ തിരിച്ചറിയാതിരുന്നത് എന്തുകൊണ്ട്? ഉടനുടി-ക്രമത്തില്‍ പ്രതികരിക്കാനാണ് ഈ നാട്ടിലെ ജനം ആദ്യം പഠിക്കേണ്ടത്. എങ്കിലേ റെയില്‍വേ, വൈദ്യുതി, മരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഇത്തരം "സാറ"മ്മാരെ മര്യാദ പഠിപ്പിക്കാനാവൂ. അതാരും ചെയ്യാത്തതിനാലല്ലേ, എല്ലാ കോന്തനും പൊതുജനത്തിന്റെ തലയില്‍ കയറി നിരങ്ങുന്നത്.

2.  ചുരുങ്ങിയത് അത്തരം ഒരു ചക്രമില്ലാക്കസേരയല്ല, രണ്ടെണ്ണം അത്യാവശ്യക്കാരുടെ മസ്സിലുറപ്പിക്കാനായി ആ സ്റ്റേഷനില്‍ ഉണ്ടെന്ന് നമ്മുടെ സ്റ്റേഷന്‍മാനേജര്‍മാര്‍ വരുത്തിയിട്ടുണ്ടല്ലോ. അതിലൂടെ അവരുടെ പോക്കറ്റുകള്‍ വീര്‍ത്തിട്ടുമുണ്ടാകും.  അവര്‍ക്കും ജീവിക്കണ്ടേ?

3.  ഒരു സ്ത്രീയായിരുന്നു നീണ്ടയൊരു യാത്രകഴിഞ്ഞ്, ഇങ്ങനെയൊരു അടിയന്തിരാവസ്ഥയില്‍ വന്നിറങ്ങുന്നതെങ്കില്‍ സ്റേഷന്‍ മാസ്റ്റര്‍ക്കും അതുപോലെയുള്ളവര്‍ക്കും വളരെ സന്തോഷമായിരുന്നെനേയെന്നും അവരുടെ മുറിയില്‍ ക്ഷണിച്ചുകൊണ്ടുപോയി വേണ്ട രീതിയില്‍ പ്രശ്നം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമായിരുന്നുവെന്നും ആര്‍ക്കാണറിയാന്‍ വയ്യാത്തത്? അതിനവസരം കിട്ടാഞ്ഞിട്ടാണവര്‍ക്ക് എന്തു ചോദിച്ചാലും ദേഷ്യം. സാറ് പോയി ഇച്ചിരെ മന:ശാസ്ത്രമൊക്കെ പഠിച്ചിട്ട് ഇനി ഇന്ത്യന്‍ റെയില്‍ ഉപയോഗിച്ചാല്‍ മതി. 

4
. പേറ്റുന്ന മുറത്തില്‍ കിടക്കുന്ന അരിയുടെയനുഭവമല്ലേ ട്രെയിന്‍യാത്രക്കാര്‍ക്ക്
ഉണ്ടാകുന്നുള്ളൂ, പെറുന്ന നാരിയുടെ കാലിനടിയില്‍ കിടക്കുന്ന അനുഭവം അതിലും എത്രയോ കഷ്ടമായിരുന്നെനേ! 

5.
  കാളവണ്ടിയിലും റിക്ഷയിലും മനുഷ്യര്‍ ചുമക്കുന്ന പല്ലക്കിലും യാത്ര ചെയ്തിട്ടുള്ള സവര്‍ണ്ണ കേരളീയന്/ഇന്ത്യാക്കാരന് സൂപ്പര്‍‍ഫാസ്റ്റെന്നു പറയുന്നത് എന്താണെന്ന് മനസ്സിലാകുമെന്ന് ഒരു റയില്‍വേയുദ്യോഗസ്ഥനും കരുതുന്നില്ല സാറേ!  മാത്രമല്ല ദരിദ്രരുടെ രഥം, സുവര്‍ണ്ണവാഹനം എന്നുംമറ്റുമുള്ള ഉഗ്രന്‍ പേരുകള്‍ പോലും
തീവണ്ടിക്ക് അവര്‍ കൊടുത്തിട്ടുണ്ടല്ലോ. ആദ്യം ലാലുപ്രസാദ് യാദവ്ജിയും ഇപ്പോള്‍ മമതാ ബാനര്‍ജിയും കൂടി കേരള/ഇന്ത്യന്‍ റെയില്‍വേ ഡിപ്പാര്‍ട്ടുമെന്റിനെ ലാഭകരമാക്കുകയും ചെയ്തു കഴിഞ്ഞു. (ആരുടെ ലാഭമെന്ന് ചോദിക്കരുതേ!) ആ സ്ഥിതിക്ക് സാര്‍ സൂചിപ്പിച്ച ഡെപ്യൂട്ടി സ്റ്റേഷന്‍മാസ്റ്ററും അതുപോലെയുള്ളവരും ഇങ്ങനെ വല്ലതുമൊക്കെ കാട്ടിയാലെന്താ തരക്കേട്? ജനത്തിനുവേണ്ടിയാണ് ഇവര്‍ ഓരോന്ന് ചെയ്യുന്നതെന്ന് കരുതണമെന്ന് അവര്‍ പറയുന്നില്ലല്ലോ. 
  
6. മറ്റു പല നാടുകളിലെയുംപോലെ സ്വരമില്ലാതെയും ഒട്ടും കുടുക്കമില്ലാതെയും  വണ്ടി ഓടത്തക്കവിധം ചൊവ്വേനേരെ പാളങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നത് നമ്മുടെ നാടിന്റെ കാലാവസ്ഥയില്‍ പ്രായോഗികമല്ല എന്ന സത്യം നാം മറക്കരുത്. നമ്മള്‍ ഇച്ചിരെയൊക്കെ കുടുക്കം ഇഷ്ട്ടപ്പെടുന്നവരുമാണല്ലോ. അതൊക്കെ കണക്കിലെടുത്ത് ആ സാറന്മാര്‍ ഇത്രയുമൊക്കെ ചെയ്യുമ്പോള്‍ കുറ്റം മാത്രം പറയുന്നത് ഹൃദയശൂന്യതയാണ്.

ബാബു പാലത്തുംപാട്ട്, ജര്‍മ്മനി  

മനുഷ്യന് ഒരാമുഖം

അന്യന്റെ തന്ത്രങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതാണ് പാരതന്ത്ര്യം, അടിമത്തം. മൂന്നാല് പതിറ്റാണ്ടുകളായി നമ്മുടെ നാടിനെ ഭരിക്കുന്നവര്‍ അവരുടെ നാറുന്ന സ്വാര്‍ത്ഥതന്ത്രങ്ങള്‍കൊണ്ട് ജനത്തെ വഞ്ചിക്കുന്ന ദുഷ്കൃത്യം നിര്‍ലജ്ജം തുടരുകയാണ്. അത് ജനദ്രോഹമാണ്. ജനദ്രോഹത്തിനുള്ള ശിക്ഷ തൂക്കുകയറാണ്. നിഷ്ക്രിയത്വത്തിന്റെയും വഞ്ചനയുടെയും അടുത്തയൂഴം കൊതിച്ച് വളരെയേറെ കോമാളികള്‍ രംഗത്തിറങ്ങിയിരിക്കുന്ന ഈയവസരത്തില്‍ ഇങ്ങനെയെഴുതിത്തുടങ്ങാന്‍ പ്രേരിപ്പിച്ചത് ഇതുവരെ ഞാന്‍ വായിച്ച ആധുനിക കൃതികളില്‍ ഏറ്റവും മെച്ചമെന്ന് തോന്നിയ ഒന്നിന്റെ തുടക്കത്തില്‍ കഥാകൃത്ത്‌ കുറിച്ച ഈ വാക്യമാണ്. "ധീരനും സര്‍വോപരി സര്‍ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്ക്ക്കുവേണ്ടി മാത്രം ചെലവിട്ട്, ഒടുവില്‍ വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല."
ജിതേന്ദ്രന്‍ ആന്‍മേരിക്കയച്ച ഒരു കത്തില്‍നിന്ന്.
     

ശ്രീ സുഭാഷ് ചന്ദ്രന്റെ ഈ നോവലിനെ എത്ര പുകഴ്ത്താനും ഞാന്‍ മടിക്കില്ല. ഭാഷയേയും നര്‍മ്മത്തേയും ചിന്തയേയും ഉണര്‍ത്തുന്ന കൃതി എന്നാണ് ഏറ്റം ചുരുങ്ങിയ വാക്കുകളില്‍ എനിക്കതിനെപ്പറ്റി പറയാനാകുന്നത്. നാല്‍പ്പതു വയസ്സുപോലുമില്ലാത്ത ഈ എഴുത്തുകാരന്‍, കഥയിലെ മദ്ധ്യബിന്ദുവായ ജിതേന്ദ്രനെക്കൊണ്ട് തന്റെ ഭാവിവധുവാകാനിരിക്കുന്ന ആന്‍മേരിക്ക് ആറു വര്‍ഷത്തിനിടെ എഴുതിക്കുന്ന  പ്രണയലിഖിതങ്ങളാണെന്നെ അങ്ങേയറ്റം ആകര്‍ഷിച്ചത്. കാരണം, ഏതാണ്ടിതേ രീതിയില്‍, സുഭാഷ് ചന്ദ്രന്റെ ജന്മവര്‍ഷമായ 1972 മുതല്‍ ഞാനും ഇത്തരം പ്രണയലിഖിതങ്ങളുടെ ബലത്തില്‍ മാത്രമാണ് "മന്വന്തരം പോലെ ദീര്‍ഘിച്ച" അഞ്ചാറു വര്‍ഷങ്ങളെ അതിജീവിച്ചത്. നോവലിന്റെ മിക്കവാറും അദ്ധ്യായങ്ങള്‍ ജിതേന്ദ്രനെഴുതിയ ഈ പ്രണയലിഖിതങ്ങളില്‍ ഒന്നുകൊണ്ടാണ് തുടങ്ങുന്നത്. അവയുടെ തനിമയില്‍ അവ ആന്‍മേരിയുടെ കൈവിരലുകളെയും കരളിനെയും ഒരുപോലെ കോരിത്തരിപ്പിച്ചിരുന്നു. മനുഷ്യാന്തസിനെ സംബന്ധിച്ച് ഒരു യുവാവെഴുതിവച്ച കത്തിയൊടുങ്ങാത്ത ചില ആധികളായിരുന്നു അവ നിറയെ. "മനുഷ്യന് ഒരാമുഖം" എന്ന ഈ കൃതി വാങ്ങി വായിക്കാന്‍ എന്റെയനുവാചകരെ പ്രചോദിപ്പിക്കാനായി കൃതിയിലെ ഏതാനും ഭാഗങ്ങള്‍ ഇവിടെ പകര്‍ത്തുന്നു.



29 മാര്‍ച്ച്, 1999

"...പുതിയ കാലത്തിന്റെ ഒരു വിശേഷം കേള്‍ക്കണോ? സവര്‍ണ്ണരുടെ കൂട്ടത്തില്‍ വലിയ പുരോഗമനവാദികളായി നടിക്കുന്നവര്‍പോലും ഒരു പുതിയ പരിചയക്കാരനെ കിട്ടിയാല്‍ ആദ്യത്തെ അഞ്ച് വാചകങ്ങള്‍ക്കുള്ളില്‍ തന്റെ ജാതി വ്യംഗ്യമായി വെളിപ്പെടുത്തും. നിനക്കറിയാമോ, വ്യക്തിപരമായി ഒരു മേന്മയും ഒരാള്‍ക്ക്‌ അവകാശപ്പെടാനില്ലാതെ വരുമ്പോള്‍, അയാള്‍ തന്റെ ജാതിമിടുക്കുമായി രംഗത്തുചാടുന്നു. ഒന്നുമില്ലെങ്കിലെന്താ, ഞാനൊരു സവര്‍ണ്ണനല്ലേ എന്ന് ആ പാവത്തിന് വിളിച്ചു പറയേണ്ടിവരുന്നു. നമ്മുടെ നാട് അത്തരം ശപ്പന്മാരെക്കൊണ്ട് നിറയാന്‍ പോവുകയാണ്. മട്ടും മാതിരിയും കണ്ടിട്ട് ഞാന്‍ ഒരു നായരാണെന്ന് തോന്നുന്നു എന്ന് നീ എഴുതിയല്ലോ. നിന്നോടുള്ള മുഴുവന്‍ ഇഷ്ടത്തോടെ പറയട്ടെ, അങ്ങനെ നിന്നെക്കൊണ്ടു തോന്നിപ്പിച്ച എന്നെ ഞാന്‍ വെറുക്കുന്നു."   
                
15 ഏപ്രില്‍, 1999

"... ഇവിടെ എല്ലാക്കാര്യങ്ങളുമായും ഞാന്‍ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. വെറ്റിലകൂട്ടി മുറുക്കുന്ന എന്റെ മേലുദ്യോഗസ്ഥനെക്കാണുമ്പോള്‍ എനിക്കു ലോകത്തിലെ മുഴുവന്‍ ഭരണാധികാരികളേയും ഓര്‍മ്മവരും. ഭരിക്കുന്നവന്റെ മുഖം അടുത്തുനിന്നു നോക്കിയിട്ടുണ്ടോ? ദൈവത്തിന്റെ ഒരു കണികപോലും അതിലുണ്ടാവുകയില്ലെന്നുമാത്രമല്ല, പലപ്പോഴും അതില്‍ ചെകുത്താന്റെ അമര്‍ത്തിപ്പിടിച്ച മന്ദഹാസം കാണുകയും ചെയ്യാം. കുടുംബനാഥന്മാര്‍ മുതല്‍ക്ക്‌ അമേരിക്കന്‍ പ്രസിഡെന്റുവരെ ബാധകമായ ഈ കണ്ണില്ലാമുഖമ്മൂടി നാളെ നിന്റെ ഭര്‍ത്താവായിത്തീരുമ്പോള്‍ എന്റെ മുഖത്തും പ്രത്യക്ഷപ്പെട്ടേക്കുമോ?"

ജിതേന്ദ്രന്റെ വധുവിനെപ്പറ്റി ഒരു വാക്ക് കൂടി ചേര്‍ക്കട്ടെ. ദൈവത്തിന്റെ മുഖവും ഹൃദയവുമുള്ള ഒരുവളായിരുന്നു ആന്‍മേരി. ഒരേസമയം അവള്‍ അയാളുടെ ജീവിതത്തെ സങ്കീര്‍ണ്ണവും ജീവിതവ്യവുമാക്കി. ഒരു ജോടി വസ്ത്രങ്ങള്‍കൊണ്ട് ഒരു വര്‍ഷം കഴിച്ചുകൂട്ടാന്‍ കഴിയുന്ന തരത്തിലുള്ള ലാളിത്യവും വെറും പച്ചവെള്ളം മാത്രമുപയോഗിച്ച് പൈദാഹങ്ങള്‍ ശമിപ്പിക്കാനുള്ള അദ്ഭുതസിദ്ധിയുംകൊണ്ടാണ് ആന്‍മേരി വന്നത്. ജിതേന്ദ്രനെപ്പോലുള്ള ഒരാള്‍ക്ക്‌ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ത്രീധനമായിരുന്നു അത് രണ്ടും.  
 
സര്‍ഗാത്മഗതയുടെ ദൈവികതയെന്തെന്നും കണ്ണീരിനെ ചിരിയായും മറിച്ചും അതിനെങ്ങനെ പരിവര്‍ത്തിപ്പിക്കാനാവുമെന്നും, പ്രിയ വായനക്കാരേ, ഈ കഥയിലൂടെ അനുഭവിച്ചറിയുക. മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രന്‍,  ആദ്യമുദ്രണം - ഒക്ടോബര്‍ 2010, DC Books, Kottayam.
പെരിങ്ങുളം, ഏപ്രില്‍ 1, 2011