വെളിച്ചം വിതറുന്ന യാമം

ഉറക്കത്തിനു തൊട്ടുമുമ്പോ ഉണരാറാകുമ്പോഴോ ഉള്ളില്‍ ചിതറിക്കിടന്ന ചില ആശയകോശങ്ങള്‍ തമ്മിലുരുകിച്ചേര്‍ന്ന് ഒന്നാകുന്നയനുഭവം ചിലര്‍ക്കെങ്കിലും ഉണ്ടാകാറുണ്ട്. ഇതാ അങ്ങനെ ചിലത്.

വിളയിക്കുക (പഞ്ചാരപ്പാനിയിലിട്ടു പലഹാരത്തെ മധുരിപ്പിക്കുക);വിളയുക (ഫലങ്ങള്‍ സൂര്യതാപമേറ്റ്); വിലയിക്കുക (പ്രാണനില്‍ നിന്നെല്ലാം ജനിക്കുന്നു, അതില്‍ത്തന്നെ വിലയിക്കുന്നു); വിളക്കുക (പൊട്ടിയ ആഭരണം); വിളക്ക്  (ദീപം - പ്രകാശം തെളിക്കുന്നയുപകരണം) എന്നീ വാക്കുകളിലെല്ലാം മൂലശബ്ദമൊന്നാണല്ലോ. ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ 'വില'യേറുന്ന രീതിയാണ് ഇതിലോരോന്നിലും തെളിഞ്ഞു വരുന്നത്. ചുറ്റുമുള്ളവയില്‍ വിലയിക്കുകയെന്നാല്‍ വീണ്ടും വിളയുകയാണ്, അതായത്, പക്വമാകുക. വിലയില്ലാത്തതൊന്നുമില്ല എന്നയറിവിലേയ്ക്ക് ചെന്നെത്തുന്നതും വിളയുകയാണല്ലോ. അങ്ങനെ വിളഞ്ഞു തെളിഞ്ഞ ഒരാളാണല്ലോ എഴുതിയത്:


സര്‍വ്വ ഭൂതവുമാത്മാവി-
ലെന്നപോല്‍ സര്‍വ്വഭൂത-
 

ത്തിലുമാത്മത്തെയും കാണുവ-
നെന്തുള്ളൂ പിന്നെ നിന്ദ്യമായ്?


കണ്പോളകളെ ബാധിച്ചുതുടങ്ങിയ ഗുരുത്ത്വാകര്‍ഷണം വകവയ്ക്കാതെ, ഇത്തരമവസരങ്ങളില്‍ ചെയ്യാറുള്ളതുപോലെ, എഴുന്നേറ്റിരുന്ന് ഈ ശബ്ദവിന്യാസങ്ങള്‍ കുറിച്ചുവച്ചു. നേരത്തേ എപ്പോഴോ എഴുതിയ ഒരാശയാങ്കുരത്തെ ഒന്നുകൂടി വികസിപ്പിക്കാന്‍ ഉള്ളിലെ ഭാഷാപ്രേമം ശ്രമിച്ചതാണെന്ന്‌ വഴിയേ മനസ്സിലായി. 
എല്ലാ നല്ല ഭാഷാപ്രയോഗങ്ങളും ഓരോ തരം ബിംബനിമ്മിതിയാണ്. ഒരു വാക്കില്‍ വല്ലാത്തൊരര്‍ത്ഥം അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തിയാല്‍, ആ വാക്ക് പിന്നെയൊട്ടും അടങ്ങിയിരിക്കാത്ത ഒരു പവിഴമായി ഉള്ളില്‍ തിളങ്ങാന്‍ തുടങ്ങുന്നു. അത് വാക്കിനുള്ളിലേയ്ക്കിറങ്ങി ചെല്ലുകയാണോ, അതോ വാക്കിനപ്പുറത്തേയ്ക്ക് കടന്നു പോകുകയാണോ? രണ്ടുമാണ് എന്നതാണ് വിചിത്രം. ഒന്നിന്റെയും ഉള്ളിലിറങ്ങാതെ അതിനപ്പുറം കടക്കാനാവില്ലെന്നല്ലേ ഇതിനര്‍ത്ഥം? മരണം നിത്യവിസ്മൃതിയാണ്. ഉറക്കമാകട്ടെ, അതിലേയ്ക്കുള്ള അല്പനേരത്തെ ഇറക്കമാണ്. എങ്കില്‍, പൂര്‍ണമായ വിസ്മൃതിയിലേയ്ക്കിറങ്ങുമ്പോള്‍ നാമതിനപ്പുറത്ത്  ചെന്നെത്തുകയാണെന്നതില്‍ എന്തിനു സംശയിക്കണം? അത് വിസ്മൃതിയല്ല, മറിച്ച് സുഷുപ്തിയാവാം.  

നേരത്തേ ഒരിക്കലെഴുതിയത് ഇങ്ങനെയായിരുന്നു:
വെറുതേ നടന്നുപോകവേ, വഴിയില്‍ കിടന്നൊരു രത്നത്തരി കിട്ടുമ്പോലെ, വായിച്ചുചെന്നപ്പോള്‍ ഒരു നല്ല ചൊല്ല്:
ജല്‍ സെമീന: "ഞാനെന്തിനു ജനിച്ചു; എന്നെക്കൊണ്ട് ആര്‍ക്കെന്തു പ്രയോജനം?"
വിദൂഷകന്‍: "എല്ലാറ്റിനുമുണ്ട് എന്തെങ്കിലും പ്രയോജനം; ഈ ചരലിനുപോലും."
ജല്‍ സെമീന: "ഈ ചരലിനോ? അതുകൊണ്ടെന്തു പ്രയോജനം?"

വിദൂഷകന്‍: "അതിനതിന്റേതായ ഉദ്ദേശ്യമുണ്ട്, എനിക്കോ നിനക്കോ അതറിയില്ലെങ്കിലും. അതുപയോഗശൂന്യമാണെങ്കില്‍, മറ്റെല്ലാവും ഉപയോഗശൂന്യമാവും, നക്ഷത്രങ്ങള്‍ പോലും."
(ഫെല്ലീനിയുടെ La strada (The Path) എന്ന സിനിമയില്‍ ഒരു നാടോടി സര്‍ക്കസ്ട്രൂപ്പിലെ ജോലിക്കാരി ജല്‍ സെമീനയെ അവളുടെ മേധാവി ഉപദ്രവിച്ചുകൊണ്ടിരുന്നു. എന്നാല്‍ ട്രൂപ്പിലെ വിദൂഷകന്‍ അവളോട്‌ വളരെ കരുണയോടെ ഇടപെടുന്നു. - ക്ലാസ്സിക്കുകളുടെ ലോകം.)

അത്യഗാധമായ സത്യമാണ് വിദൂഷകന്റെ വായില്‍നിന്ന് വീണത്‌. ഏറ്റവും ചെറുതിന് അതിന്റെ വില നിരസിക്കാമെങ്കില്‍, അത് ഉപയോഗശൂന്യമാണെന്ന് തെളിയിക്കാമെങ്കില്‍, അതോടെ, ഏറ്റം പ്രധാനമെന്ന് നാം കരുതുന്നതും ലക്ഷ്യവിഹീനവും അപ്രധാനവുമായിത്തീരും. ഏറ്റം വലുതിനോളം തന്നെ പ്രാധാന്യമില്ലാത്ത ഒന്നുമില്ല, ചെറുതും വലുതുമില്ല എന്നല്ലേ അപ്പോള്‍ അതിനര്‍ത്ഥം? എതെന്നുമെന്തെന്നും നിര്‍ണയിക്കാനുള്ള വിവരം ആര്‍ക്കാണുള്ളത്? താത്ത്വികമായി പഴുതില്ലാത്ത ഈ സത്യം എവിടേയ്ക്കും വ്യാപിപ്പിക്കാം.
വ്യക്തികളടക്കം, നാമറിയുന്ന നല്ലതും തീയതുമൊക്കെ അതിന്റേതായ കളി കളിക്കേണ്ടതുണ്ട്. നമ്മെ വെറുപ്പിക്കുന്ന, ദു:ഖിപ്പിക്കുന്ന, നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പോലും. ഇഷ്ടവും വെറുപ്പും ദു:ഖവും അരിശവുമെല്ലാം അതനുഭവിക്കുന്നവരുടെ പ്രതികരണങ്ങളാണ്. ഇന്നത്‌ ഇന്നതിനു കാരണമാകുന്നു എന്ന് ചിന്തിച്ചുപോകുന്നത് നമ്മുടെ പരിമിതവലയത്തിലെ മാത്രം കഥയാണ്‌. മുഴുവന്‍ കഥ പ്രപഞ്ചത്തോളം വ്യാപ്തിയുള്ള അരങ്ങിലാണ് കളിക്കപ്പെടുന്നത്. നാം കാണുന്നതല്ല ആരുടെയും ഒന്നിന്റെയും നാടകഭാഗം (role). "ആകമാനത്തില്‍ നിന്നൊറ്റതിരിച്ചു കാണുന്നതൊന്നും സത്യമായ വസ്തുതയല്ല." എന്ന് പറഞ്ഞത് മസനോബു ഫുക്കുവോക്കയാണ്.

ആകമാനം പോയിട്ട്, "സ്വയമറിയാന്‍ (പോലും) ഒരാള്‍ നൂറു ജന്മമെങ്കിലും കടന്നുപോകണം" എന്ന ചൊല്ലുണ്ടല്ലോ. നൂറു ജന്മമെന്നാല്‍ അനന്തമായ സമയമെന്നേ അര്‍ത്ഥമുള്ളൂ. സ്വയമറിയാന്‍ എന്നതുകൊണ്ട്‍, ആകമാനപ്രപഞ്ചത്തില്‍ തന്റെ സ്ഥാനമെന്തെന്നറിയാന്‍ എന്നുവേണം മനസ്സിലാക്കാന്‍. എന്നാല്‍ അത്ഭുതമതല്ല, ഈ നൂറു ജന്മങ്ങളും, ഭാഗ്യമുള്ളവര്‍ക്ക് മറ്റൊരാളുടെ ഒരു വിരല്‍സ്പര്‍ശത്താല്‍ മറികടക്കാനായെന്നു വരാം. ഇത് വായിക്കുന്നവരില്‍ ചിലരെങ്കിലും ഇങ്ങനെയുള്ള ഒരനുഭവം ഉണ്ടായിട്ടുള്ളവരായിക്കൂടെന്നില്ല. ചിലപ്പോളതിനു നിമിത്തമാകുന്നത്, ഏറെനാള്‍ കൂടെ കഴിഞ്ഞവര്‍ കാണാതെ പോയ, അല്ലെങ്കില്‍, കണ്ടിരുന്നെങ്കിലും അംഗീകരിക്കാനറിയാതെ പോയ, നന്മയുടെ ഒരംശമാകാം - ആത്മീയമോ, ബൌദ്ധികമോ ആയ ഒരു കഴിവാകാം - അതംഗീകരിക്കപ്പെടുകയെന്നത് ഈ പറഞ്ഞ വിരല്‍സ്പര്‍ശമായിത്തീരാം. അതുണ്ടാക്കുന്ന തരംഗങ്ങള്‍ ഔഷധിയായി പരിണമിക്കാം, ആത്മാവിന്റെ ചെറിയ മുറിവുകള്‍ക്കും തീരാവ്യാധിക്ക് പോലും. സ്വയമറിയാന്‍ അതൊരു വെളിച്ചമാകാം. നഷ്ടജന്മങ്ങളില്‍ പുനര്‍ജന്മത്തിന്റെ നാമ്പായിത്തീരാം.

ഒരാളുടെയുള്ളിലെ പ്രകാശം മറ്റൊരാള്‍ക്ക് പങ്കുവയ്ക്കുന്നതിലെ അത്ഭുതമാണിത്. "ഒരാളുടെ സാന്നിധ്യം നിങ്ങളെ പൂര്‍ണമാക്കുന്നു എന്നയറിവ് സംജാതമായാല്‍, ഉള്ളിലപ്പോള്‍ കടലിരമ്പുന്നെങ്കില്‍, മനസ്സില്‍ ആയിരം പൂക്കള്‍ വിടരുന്നെങ്കില്‍; മറ്റൊന്നും വേണ്ടാ, ഈയടുപ്പം മതിയെന്ന് തോന്നുന്നെങ്കില്‍, എങ്കില്‍ നിങ്ങള്‍ അയാളുടെ പ്രകാശവലയത്തിലാണ്. ഏത്‌ പ്രായത്തിലും ഏത്‌ പ്രായത്തിലുള്ളവരില്‍ നിന്നും ഇത് വന്നുഭവിക്കാം. എന്നാല്‍, ഒരേയൊരു വ്യവസ്ഥയുണ്ട്; ഉള്ള് നിര്‍മലമായിരിക്കണം. പ്രകാശം സുതാര്യതയിലൂടെയേ കടന്നുപോകൂ.

അടുത്ത യാമത്തിലേയ്ക്ക് ബോധം മറയുന്നത് ഇങ്ങനെയാവാം:

അകലെയകലെയെവിടെയോ
അലിയുമോര്‍മ്മതന്നോളങ്ങളില്‍
അറിയാതെ വീണു മയങ്ങുമെ-
ന്നരികത്തു വന്നിടാന്‍ നീ കനിയുകില്‍

വ്യഥിതനാമെന്‍ മാനസച്ചരടില്‍
നിന്‍ വിരലൊന്നുരസിപ്പോകണേ!

അതു മതിയൊരു നവ കിരണമെന്നില്‍
പുതുജീവനേകി സ്ഫുരിക്കുവാന്‍  -
അതു മതി സരസ്വതീ, ദേവീ, യെന്‍
വീണതന്‍ തന്തികള്‍ മീട്ടുവാന്‍‍!

എന്തൊരു മനസ്സ്!

നോവലും കഥയും രസത്തോടെ വായിക്കാനുള്ള സഹൃദയത്വം വികസിപ്പിച്ചെടുക്കാന്‍ എനിക്കായിട്ടില്ലെങ്കിലും, വായിച്ചതുകൊണ്ട് എനിക്ക് നഷ്ടബോധം തോന്നിയിട്ടില്ലാത്ത രചനകള്‍, എം.റ്റി. വാസുദേവന്‍ നായരുടെയാണ്. അനുഭവവും അനുകമ്പയും സ്വരുമിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ രചനകള്‍ അനന്യമെന്നു തന്നെ പറയണം. 'അയല്‍ക്കാര്‍' എന്ന കഥയിലെ സന്ദര്‍ഭങ്ങള്‍ ആരുടേയും മനസ്സലിയിക്കും. അഞ്ചാറു കുഞ്ഞുങ്ങളുമായി ഒരു കുടുംബം വിശപ്പിനും അത്യാവശ്യങ്ങള്‍ക്കുമായി പേറുന്ന പ്രയാസങ്ങള്‍ നല്ല നിലയില്‍ കഴിയുന്ന അയല്‍ക്കാര്‍ അറിയുന്നേയില്ല! അനുദിനജീവിതത്തില്‍ ഈ വിടവ്, ഇന്നുമെത്രയോ അധികമാണ്, കേരളത്തില്‍. നാട്ടില്‍ പോയി വന്നിട്ട്, കൂട്ടുകാരുടെ മുമ്പില്‍ ചിലര്‍ വിളമ്പുന്ന നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്: 'നാട്ടിലിപ്പോള്‍ എല്ലാര്‍ക്കും ഇഷ്ടം പോലെ കാശാന്നേ. പട്ടിണിക്കാരാരും ഞങ്ങളുടെ ആ ഭാഗത്തൊന്നും ഇല്ല.' കൈയിലൊരു മൊബൈല്‍ ഫോണ്‍ കണ്ടെന്നു വച്ച്, പട്ടിണിയും നിറവേറ്റാനാവാത്ത അത്യാവശ്യങ്ങളും ഇല്ലാത്തവരാണവര്‍ എന്നു തീരുമാനിക്കുക മനുഷ്യത്വത്തിന്റെ ഉറവ വറ്റിപ്പോയതിന്റെ ലക്ഷണമാണ്. അവനവന്റെ കാര്യങ്ങള്‍ ഗംഭീരമായി നടക്കുമ്പോള്‍, മറ്റുള്ളവരെ മറന്നുപോകുന്നതിനെപ്പറ്റിയാണ്‌ 'അയല്‍ക്കാര്‍' പ്രതിപാദിക്കുന്നത്.


കഥയില്‍ തിരുകിയിരിക്കുന്ന വ്യക്തിബന്ധങ്ങള്‍, കൌമാരചാപല്യങ്ങള്‍, ആദ്യപ്രണയത്തിന്റെ നിഷ്ക്കളങ്ക മാധുര്യം എന്നിവയൊക്കെ എത്ര തന്മയത്വത്തോടെയും കലാഭംഗിയോടെയുമാണ് അദ്ദേഹം ആവിഷ്ക്കരിച്ചിരിക്കുന്നത്. ഓര്‍മ്മയില്‍ ബാക്കിനില്‍ക്കുന്നതിലും ആസ്വാദ്യകരമാകേണ്ടിയിരുന്ന എത്രയോ മുഹൂര്‍ത്തങ്ങള്‍ കൌമാരകാലത്ത് നഷ്ടപ്പെട്ടുപോയെന്ന നൈരാശ്യം എന്നെപ്പോലെ പല വായനക്കാര്‍ക്കും ബാക്കി നിന്നേക്കാം. "വാടിക്കരിഞ്ഞു നില്‍ക്കുന്ന പെണ്കിടാവേ, പ്രേമംകൊണ്ട് പന്താടി, എല്ലാം നഷ്ടപ്പെട്ട്, ഒരു പിടിയോര്‍മ്മകളുമായി നില്‍ക്കുന്ന ഞാന്‍ ഒരു സത്യം നിശബ്ദമായി പ്രഖ്യാപിക്കുന്നു. എന്റെ മനസ്സില്‍ കോരിത്തരിപ്പിക്കുന്ന വികാരങ്ങളുണര്‍ത്തിയ ആദ്യത്തെ സ്ത്രീ നീയാകുന്നു." ഇങ്ങനെയോരാളോട് പറയാന്‍ എനിക്കവസരമുണ്ടാകാതിരുന്നതില്‍ ദു:ഖം അസ്ഥാനത്തല്ലെ? കൂടുതല്‍ പക്വമായ ഒരു സമയത്ത് ഇത് പറയാനും, ആദ്യത്തെ ആ സ്ത്രീ തന്നെ തുടര്‍ന്നും അത് ചെയ്യാനുള്ള അടുപ്പം നിലനിര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ ആരുണ്ട്‌? ഇവ രണ്ടിനും ഇനിയൊരവസരമില്ലെങ്കിലോ?എങ്കില്‍ ജീവിതം ഇനിയും തുടങ്ങിയിട്ടില്ല എന്നുംകൂടി ഈ കഥ വിരല്‍ചൂണ്ടിപ്പറയുന്നു.


എം.റ്റി.യുടെ മറ്റൊരു സുകൃതരചനയാണ് 'വാരാണസി'. മലയാളം സമകാലിക വാരികയില്‍ വന്നപ്പോള്‍ വായിച്ചെങ്കിലും, ഡസന്‍കണക്കിന് തെറ്റുകളോടെയുള്ള അതിന്റെ പതിനൊന്നാമത്തെ മുദ്രണത്തില്‍ നിന്ന് മറക്കാനാവാത്ത ഏതാനും വികാരകുസുമങ്ങള്‍: "അവള്‍ പതുക്കെ ചിരിച്ചു. ആ ചിരി ചെറിയ ഓളങ്ങളായി നുണക്കുഴിയില്‍ ചെന്നൊളിക്കുന്നത് നോക്കിനിന്നു."


"മനസ്സില്‍ കുറിച്ചിട്ടു: എന്റെ നനുത്ത ചുംബനം നിന്റെ ജീവിതരേഖയിലെ ഒപ്പും മുദ്രയുമാണ്. എന്റെ കരവലയത്തില്‍ നീയൊതുങ്ങിനിന്ന നിമിഷംതൊട്ട്‌ ഞാന്‍ നിന്റെ രക്ഷകനായി."


"ഭാവനാശീലമുള്ളതുകൊണ്ട് ചില താളക്കേടുകളുണ്ടാവുമെന്നു സൈകയാട്രിസ്റ്റു പറഞ്ഞു. ഭയപ്പെടേണ്ടതില്ല. ഭാവനക്കുള്ള സ്വാതന്ത്ര്യം ഭ്രാന്തിനുള്ള അവകാശമാണ്. സാല്‍വഡോര്‍ ദാലിയാണത്‌ പറഞ്ഞത്. അല്പം ഭ്രാന്തുള്ളതുകൊണ്ടല്ലേ, സുധാകര്‍, ഞാനിങ്ങനെ എന്റെകൂടെ കിടക്കാന്‍ നിന്നെയനുവദിക്കുന്നത്. എന്റെ ഭ്രാന്തിഷ്ടമല്ലേ നിനക്ക്, അല്ലേ?, അല്ലേ?"


"ഗംഗയുണരുന്നത് കണ്ടിട്ടുണ്ടോ? ആദിപ്രകാശത്തിന്റെ കുഞ്ഞിക്കൈകള്‍ തട്ടിവിളിക്കുന്നു, അമ്മയുണരുന്നു. അലകളിളകാന്‍ തുടങ്ങുന്നു. ഉടയാടകളൊതുക്കുകയാണ്."


"ഓടിയാലുമോടിയാലും മനുഷ്യന് ഒളിക്കാന്‍ സ്ഥലമെവിടെ? തഥാഗതന്‍ പറഞ്ഞില്ലേ? സ്വര്‍ഗ്ഗത്തിലോ കടലിന്റെ മദ്ധ്യത്തിലോ പര്‍വ്വതങ്ങളുടെ വിള്ളലുകളിലോ ഭൂമിയില്‍ത്തന്നെയോ മനുഷ്യര്‍ സ്വന്തം കര്‍മ്മങ്ങളുടെ ഫലത്തില്‍ നിന്നു രക്ഷപ്പെടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുകയില്ല."


അനുബന്ധം: കൂട്ടുകാരന്‍ നാട്ടില്‍ നിര്‍മ്മിച്ച, അരയേക്കര്‍ നിറഞ്ഞുനില്‍ക്കുന്ന, ബ്രഹ്മാണ്‍ഡന്‍ ബംഗ്ലാവിന്റെ ഫോട്ടോ അയച്ചുതന്നിട്ട്, വിദേശത്തുള്ള ഒരു സുഹൃത്ത് ചോദിച്ചു: മലയാളികളെന്തുകൊണ്ടാണ് ഇത്തരം അശ്രീകരങ്ങള്‍ പടുത്തുയര്‍ത്താന്‍ മാത്രം വിഡ്ഢികളാവുന്നത്? ഒരു പക്ഷേ, അവരുടെ അളിഞ്ഞുനാറുന്ന മനസ്സാക്ഷിക്ക് ഒരൊളിസ്ഥലം ഒരുക്കുന്നതാവാം...

ആവാം!

അഹന്തയുടെയഭാവമാണ് ആത്മീയത

ഏതാനും അടിസ്ഥാനതത്ത്വങ്ങള്‍ അംഗീകരിക്കാതെ ഒരു വിഷയവും വിശകലനം ചെയ്യാനാവില്ലല്ലോ. അതുകൊണ്ട്:

1. ദൈവം എല്ലാ വിപരീതങ്ങള്‍ക്കും അതീതനായിരിക്കണം.
2. ദൈവത്തോടടുക്കുക എന്നതാണ് ആത്മീയത. 
3. അഹന്ത ആത്മാവിന്റെ ശത്രുവാണ്. 

ഈ അടിത്തറയില്‍ നിലയുറയ്ക്കുന്നവര്‍ക്ക് ഇനി മുകളിലേയ്ക്ക് കയറാം. എന്താണ് നന്മ, എന്താണ് നന്മയല്ലാത്തത് എന്നത് വ്യക്തിപരമായ കാഴ്ചപ്പാടനുസരിച്ചുള്ള വിലയിരുത്തലാണ്. രണ്ടുതരത്തിലുള്ള മനുഷ്യരുണ്ട്‌. പുറത്തേയ്ക്ക് നോക്കുന്നവരും ഉള്ളിലേയ്ക്ക് നോക്കുന്നവരും. ആദ്യത്തെ കൂട്ടര്‍ക്ക് അംഗീകാരമാണാവശ്യം. അവര്‍ വളരെയെളുപ്പം ഭൂരിപക്ഷാഭിപ്രായത്തിനു വഴങ്ങും. ഇവര്‍ക്ക് നന്മതിന്മകള്‍ എന്നത് തങ്ങളുടെ ബാഹ്യലോകത്ത് എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാര്യങ്ങളുടെ അന്ത:സത്തയില്‍ അവര്‍ക്ക് താപര്യമില്ല. സ്വന്തം സുസ്ഥിതിയാണവര്‍ക്ക് നന്മ. മറ്റെല്ലാം തിന്മയും.

മറിച്ച്, ഉള്ളിലേയ്ക്ക് കാഴ്ചയുള്ളവര്‍ക്ക് പ്രധാനം വ്യക്തതയും ശാന്തിയുമാണ്. വ്യക്തതക്ക് തടസ്സം വരുത്തുന്നത് അവര്‍ തിന്മയായി കാണുന്നു. അന്യരുടെയംഗീകാരത്തി‌ന്‌ ഇവിടെ പ്രസക്തിയില്ല. അതുകൊണ്ട്, ശരിയല്ലെന്ന് തോന്നുന്നവയെ ചോദ്യംചെയ്യാന്‍ ധൈര്യപ്പെടുന്നത് ഇത്തരക്കാരാണ്. അവരുടെ മനോഗുണം വിരക്തിയാണ്. എന്ത് സംഭവിച്ചാലും അതിന് മുകളില്‍ നില്‍ക്കാനാവുമെന്ന മനോധൈര്യം അതോടൊത്തു പോകുന്നതാണ്. എന്നാല്‍ ഈ വിരക്തിയും അഹന്തക്കൊരു മൂടുപടമായിത്തീരാം. തനിക്കു മനസ്സിലാകുകയും മനസ്സിന് തൃപ്തി തരികയും ചെയ്യാത്തതിനെ നിരസ്സിക്കാനുള്ള പ്രവണതയാണത്. വിരക്തിക്ക് പലപ്പോഴും പരിത്യാഗത്തിന്റെ പരിവേഷമണിയാം. പരിത്യാഗം നിരസിക്കലിന് തുല്യമാവുമ്പോള്‍ അവിടെ ദൈവം സന്നിഹിതനല്ല. കാരണം, ദൈവം, ആത്മീയത എന്നീ ആശയങ്ങളില്‍ നിരസിക്കലല്ല, ഉള്‍ക്കൊള്ളലാണുണ്ടാവുക. സകലതിനെയും ആശ്ലേഷിക്കുന്ന സമഗ്രതയാണ് ദൈവികത. പൂര്‍ണതക്ക് മറ്റൊരു വ്യാഖ്യാനവും ചേരില്ല. ദ്വൈതത്തെ പിന്താങ്ങുന്നതൊക്കെ ദൈവത്തില്‍ നിന്നകലെയാണ്. സമസ്ത മാനങ്ങളും ഉള്‍ക്കൊള്ളാനാകുക എന്നതുപോലെ തന്നെ തന്റേതായ യാതൊരു മാനവും ആവശ്യമില്ലെന്ന് വരുന്നതും ദൈവമനസ്സിനോടടുക്കുകയാണ്. 

പരിഹാസമാണ് ആത്മീയതക്ക് വന്നുഭവിക്കാവുന്ന മറ്റൊരപകടം. പരിഹാസം ആന്തരികശൂന്യതയുടെ ലക്ഷണമാണ്. എന്നാല്‍  കര്‍മ്മനിരതയും നര്‍മ്മബോധവും ആന്തരികാന്വേഷണത്തിനു വിഘാതമാകണമെന്നില്ല. ബാഹ്യമായ പ്രതിഫലനങ്ങള്‍ വേഗം തെറ്റിദ്ധരിപ്പിക്കും. ഉദാ. ഉള്‍ക്കാഴ്ചയുള്ള ധനികനും പരിത്യാഗിയായി ജീവിക്കാനാകുമെന്ന് എത്രപേര്‍ അംഗീകരിക്കുന്നുണ്ട്? അതേ സമയം, എകാന്തവാസിയായ സന്യാസി സ്വാര്‍ത്ഥനും ദുരാഗ്രഹിയുമായിക്കൂടെന്നില്ല. യഥാര്‍ത്ഥ സുകൃതം, ഭൌതികമായ മൂടുപടങ്ങള്‍ക്ക് പിന്നിലും നന്മയുണ്ടെന്ന തിരിച്ചറിവാണ്. ഒരാളുടെ വിശ്വസ്തത ആന്തരികഫലത്തോടാണോ ബാഹ്യഫലത്തോടാണോ എന്നതാണ് ഇവിടെയൊക്കെ ശരിയായ മാനദണ്ഡം.

ദൈവികമായ കാഴ്ചപ്പാട് ശരി, തെറ്റ് എന്നിവയ്ക്കതീതമാണ്. അത്തരമൊരു മാനസികാവസ്ഥയില്‍ ചെന്നെത്തുക ശരാശരി മനുഷ്യനുള്ളതല്ല. കാരണം, വേദനാജനകമായ സത്യങ്ങളെ ഒഴിവാക്കാനാണ് അധികമാളുകളും അവരുടെ സമയത്തിലധികവും ചെലവിടുന്നത്. സത്യമെന്തോ, അതിനെ, അത് നോവിക്കുന്നതായാലും, നിഷ്പക്ഷമായി സ്വാഗതം ചെയ്യാനാകുക എന്നതാണ് ആത്മീയ ഉള്‍ക്കാഴ്ചയുടെ പൊരുള്‍. ആത്മീയതക്കുതകുന്ന ഉള്‍ക്കാഴ്ചയുടെ സമുച്ചയത്തില്‍ എന്തെല്ലാമുള്‍ക്കൊള്ളുന്നുവെന്ന് ദീപക് ചോപ്ര (How to know God) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

1. എല്ലാം നന്നായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. 
2. 'ആകസ്മിക സംഭവങ്ങള്‍' കൂടുതലുന്നതമായ ജ്ഞാനത്താല്‍ നിയന്ത്രിക്കപ്പെടുന്നു.
3. ക്രമരഹിതമായ അവസ്ഥയെന്നത് നമ്മുടെ മിഥ്യാധാരണയാണ്. സംഭവങ്ങള്‍ക്ക്, നാം കാണാത്ത, പൂര്‍ണമായ ക്രമമുണ്ട്. 
4. കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല. (ഇക്കൂടെ എന്റേതായി, ഇതുകൂടി ചേര്‍ക്കുന്നു: അദ്ഭുതം എന്നൊന്നില്ല; ഉണ്ടെങ്കില്‍, സംഭവിക്കുന്നതെല്ലാം അദ്ഭുതങ്ങളാണ്.) 

ഈ ആശയങ്ങളെല്ലാം ഓരോന്നായും സമഗ്രമായും ഒരുവന്റെ സാമാന്യഭാവമായിത്തീരുക എന്നതാണ് ദൈവാവബോധമെന്നു പറയുന്നത്. പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും ഈ സ്ഥിതിയില്‍ എത്താമെന്ന് പറയുന്നത് ഒരു ഭാഷാശൈലിയെന്നു മാത്രം കരുതിയാല്‍ മതി. ഒരിക്കലും അങ്ങനെ സംഭവിക്കുന്നില്ല. കാരണം, ദൈവത്തെ രീതിശാസ്ത്രത്തിലൂടെ കണ്ടെത്താനാവില്ല. നമ്മെ സംബന്ധിച്ചിടത്തോളം, അതൊരു സാന്നിധ്യമാണ്; ആ സാന്നിധ്യം നമ്മില്‍ സംഭവിക്കുന്നത്‌ നാം പോലുമറിയാതെയായിരിക്കും. അതുണ്ടായിക്കഴിഞ്ഞവര്‍ ഉച്ചരിക്കുന്ന ഏത്‌ വാക്കിനും ഏറ്റം മഹത്വമാര്‍ന്ന ഒരര്‍ത്ഥം കൈവരും. അവര്‍ക്ക് ഒരില പഴുത്തുവീഴുന്നത്, പൂര്‍ണതയുടെ പ്രകടനമായി കാണാനാവും. അനിവാര്യതകളില്‍, പ്രശ്നങ്ങള്‍ക്ക് പകരം, അവര്‍ ഉത്തരങ്ങള്‍ കണ്ടെത്തിത്തുടങ്ങും. അവിടെവരെ എത്താത്തവര്‍ക്കോ, ഇതൊക്കെ വ്യര്‍ത്ഥഭാഷയാണ്‌.

മനുഷ്യചേതനയുടേതായി വ്യക്തിശരീരങ്ങളെ സ്വാധീനിക്കുന്ന മനസ്സിന്റെ ഒരു സാധാരണ മണ്ഡലവും അതിനതീതമായ സാര്‍വലൌകികമായ ഒരു മണ്ഡലവുമുണ്ട്. വ്യക്തിത്വം ആദ്യത്തേതിനോടും ഈ പ്രപഞ്ചം മൊത്തത്തില്‍ രണ്ടാമത്തേതിനോടും ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ സ്വത്വം അവനവന്റെ ചെറിയ ലോകത്തിന്റെ സൌകര്യാര്‍ത്ഥം ഓരോരുത്തരും നിര്‍മിക്കുന്ന ഒരാശയം മാത്രമാണ്. എന്നിട്ടതിനെ കാതലുള്ള പ്രപഞ്ചസത്യങ്ങളിലൊന്നായി കാണുക എന്നതാണ്, മായ എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ആത്യന്തികമായി അത് മിഥ്യയാണ്. നമ്മുടേതെന്ന് നാം അഭിമാനിക്കുന്ന വ്യക്തിത്വം ഒരു പുറംപൂച്ചാണ്. മായ ആ വ്യക്തിത്വത്തിന്റെ ഒളിച്ചുകളിയും. ഭക്തിമാര്‍ഗമുള്‍കൊള്ളുന്ന മതങ്ങളിലെല്ലാം മറ്റു മാനുഷഭാവങ്ങളോടൊപ്പം വ്യക്തിഭാവവും ഈശ്വരനില്‍ ആരോപിക്കുക സര്‍വസാധാരണമാണ്. ഈയിടെ ഒരു ഷാലോം പ്രഭാഷകന്‍ വിളിച്ചുപറയുന്നത് കേട്ടു: പരിശുദ്ധാരൂപിയേ, ത്രീത്ത്വത്തില്‍ മൂന്നാമനേ, അങ്ങയെ ഒരു വ്യക്തിയായി അറിയാനും സ്നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കേണമേ എന്ന്! ദൈവജ്ഞരെന്നു സ്വയം കരുതുന്ന ഇത്തരക്കാരെ അവരുടെ ദൈവശാസ്ത്ര മിമിക്രികളുമായി വെറുതേ വിടുക. 

എന്താണ് മായ എന്ന് വിശദീകരിക്കുക പ്രയാസമാണ്. പൊതുജനത്തിന്റെ സംസാരഭാഷയില്‍ ധാരാളം പദങ്ങള്‍ക്ക് അവയുടെ ശുദ്ധമായ അര്‍ത്ഥം മാറി മറ്റൊന്ന് പറ്റിച്ചേര്‍ന്നിട്ടുണ്ട്. താത്ത്വികമായ വിചാരങ്ങളില്‍ അര്‍ത്ഥവ്യതിയാനത്തോടെ ഒരു വാക്കുപയോഗിക്കുക എന്നയപകടം പതിയിരിപ്പുണ്ട്. അതിലൊന്നാണ് 'മായ'.

ഭാരതീയ ചിന്തയില്‍ ഈ ശബ്ദം അതിപ്രധാനമായ ഒരാശയത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. പ്രപഞ്ചാസ്തിത്വത്തെയും പരിപൂര്‍ണ്ണത തന്നെയായ ഈശ്വരനെന്ന ശബ്ദത്തിലുള്‍ക്കൊണ്ടിരിക്കുന്ന പരമസത്തയെയും ഒരുമിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുന്ന യുക്തി ഋഗ്വേദഭാഷയില്‍ ഇങ്ങനെ ഒരു ശ്രമം നടത്തുന്നു. "That which is the finest essence - that is the soul of this whole reality. That is Atman. And that is you." (Translated by Fritjof Capra in his book, The Tao of Physics)

നിരന്തരമായ ഈശ്വരാവബോധത്തില്‍ എത്താത്തവര്‍ക്ക് ഇത് യുക്തിവൈരുദ്ധ്യമാണ്. അപൂര്‍ണമായതിനെ സമ്പൂര്‍ണതയുടെ ഭാഗമായി കരുതുക യുക്തിവൈരുദ്ധ്യം തന്നെയാണ്. എന്നാല്‍, ഈ വൈരുദ്ധ്യം നമ്മുടെ മനസ്സിലാണെന്ന് പറയാനാണ് 'മായ' എന്ന പദം സൃഷ്ടിക്കപ്പെട്ടത്. അതായത്, അനുഭവപ്രപഞ്ചത്തെ ആത്മത്തിന്റെ ഭാഗമായല്ലാതെ, അതില്‍ നിന്ന് വ്യത്യസ്തമായി കരുതുന്ന മനസ്സിന്റെ അവസ്ഥയെയാണ് 'മായ' കൊണ്ട് വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്. "Maya does not mean that the world is an illusion, as is often wrongly stated. The illusion lies in our point of view, if we think that the shapes and structures, things and events, around us are realities of nature, instead of realizing that they are concepts of our measuring and categorizing minds. Maya is the illusion of taking these concepts for reality, of confusing the map with the territory." (The Tao of Physics, p.100) 

ഉപനിഷത്തുകളുടെ ഭാഷയില്‍ രണ്ട് അടിസ്ഥാനപദങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് 'തത്' ആണ്. അത് പരമമായ സത്തയെ ദ്യോതിപ്പിക്കാനുപയോഗിക്കുന്നു. രണ്ടാമത്തേത് 'മായ'യാണ്. പരമസത്തയെ വാക്കിനുള്ളിലാക്കുന്നതോടെ, അതുമായി കലരുന്ന പ്രച്ഛന്നതയെ ദ്യോതിപ്പിക്കുന്നു, 'മായ'. പരാശക്തിക്ക് പേരിടരുതെന്നു എല്ലാ പ്രാചീനമതങ്ങളും പറയുന്നെങ്കിലും മനുഷ്യരതുതന്നെ ചെയ്യും, വീണ്ടും വീണ്ടും. അവര്‍ക്ക് വേണ്ടത് കൈയിലൊതുങ്ങുന്ന ഒരീശ്വരനെയാണ്! ആരംഭവും അവസാനവുമില്ലാത്ത പരമസത്തയില്‍, പരിധിക്കു പര്യായമായ വ്യക്തിത്വം ആരോപിക്കുന്നതില്‍ക്കവിഞ്ഞ അയുക്തിയില്ല. അങ്ങനെയെങ്കില്‍, ഭക്തിയുടെ പേരിലാണെങ്കിലും, ദൈവം പിതാവും മാതാവും അങ്ങനെ പലതുമാണെന്ന് സങ്കല്പിക്കുന്നത് പരിതാപകരം തന്നെയാണ്.

നമുക്ക് മനുഷ്യവ്യക്തിയിലേയ്ക്ക് തിരിച്ചു പോകാം. വ്യത്യസ്തനായി, വേര്‍തിരിഞ്ഞു നില്‍ക്കുന്നയാളാണ് വ്യക്തി. പ്രാകൃത ജനസമൂഹങ്ങളില്‍ വ്യക്തിബോധം ഒട്ടുംതന്നെയില്ലായിരുന്നു. പൊതുനന്മയില്‍ കവിഞ്ഞതൊന്നും അവിടെ പ്രബലമായിരുന്നില്ല. ഇന്നും പല ആദിവാസിസമൂഹങ്ങളിലും ഇതാണ് സ്ഥിതി. പരിഷ്കൃത മനുഷ്യര്‍ സംസ്കാരമെന്ന് ഓമനിച്ചുവിളിക്കുന്ന ഏച്ചുകെട്ടുകള്‍ കണ്ടുപിടിച്ചതിന്റെകൂടെയാണ് വ്യക്തിവിചാരവും വികസിച്ചുവന്നത്. പാശ്ചാത്യഭാഷകളില്‍ person അല്ലെങ്കില്‍ തത്തുല്യമായ മറ്റൊരു വാക്കാണ്‌ വ്യക്തി എന്നതിനുപയോഗിക്കുന്നത്. അവയുടെ മൂലശബ്ദം 'persona' ആണ്. അതിനര്‍ത്ഥം മുഖാവരണമെന്നാണ്. അഭിനയകലയില്‍ character എന്നയാശയത്തോടാണ് ഇതിനു ബന്ധം. ലത്തീനില്‍ per എന്നാല്‍ 'അതിലൂടെ', 'sonare' എന്നാല്‍ ശബ്ദിക്കുക. അഭിനേതാക്കള്‍ ഏതിലൂടെ സംസാരിക്കുന്നോ, അതാണ്‌ persona (മുഖംമൂടി). ഗ്രീസില്‍ ഓരോ കഥാപാത്രവും തനിക്കു ചേരുന്ന മുഖംമൂടി ധരിച്ചാണ് നാടകം കളിച്ചിരുന്നത്. ഈ മൂലാര്‍ത്ഥം പിന്നീട് 'പരസ്പരം ബന്ധപ്പെടാന്‍ മനുഷ്യര്‍ ധരിക്കുന്ന, അല്ലെങ്കില്‍ ധരിക്കേണ്ട മുഖാവരണം' എന്ന സാമൂഹിക ആശയത്തിലേയ്ക്ക് വ്യാപിച്ചു. ഇന്ന് നമ്മള്‍ personality അല്ലെങ്കില്‍ വ്യക്തിത്വം എന്ന് പറയുമ്പോള്‍ ഈ അര്‍ത്ഥപരിണാമം അറിഞ്ഞിരിക്കണം. 

വ്യക്തിത്വം കൃത്രിമമാണെന്നാണ് പറഞ്ഞുവരുന്നത്. മനുഷ്യബന്ധങ്ങളില്‍ ഓരോ ഇടപെടലിലും നമ്മള്‍ ഓരോരോ മുഖംമൂടികള്‍ ധരിക്കുന്നുണ്ട്. എത്ര കിണഞ്ഞു പരിശ്രമിച്ചാലും എല്ലാവരോടും ഒരേപോലെ പെരുമാറാന്‍ കഴിയുന്നവര്‍ വിരളമാണ്; അത്രമാത്രം സത്യസന്ധതയും സ്വാവബോധവും ഉള്ളവര്‍ ഇല്ലെന്നു തീര്‍ത്തുപറയാനാവില്ലെങ്കിലും. അനുദിനജീവിതത്തില്‍, നൂറില്‍ തൊണ്ണൂറ്റിയൊന്‍പതു പേരും സ്വന്തമായ സ്ഥിരമുഖമില്ലാത്തവരാണ്. ആരോടിടപെടുന്നു എന്നതിനനുസരിച്ച്, നാം മുഖാവരണം മാറ്റുന്നു. സ്വന്തം മുഖം മറച്ചുവച്ചുള്ള ഒരൊളിച്ചുകളിയാണത്. ഇതേ ഒളിച്ചുകളി ഈശ്വരനുമുമ്പിലും നടത്താന്‍വേണ്ടിയാണ് ഈശ്വരനിലും വ്യക്തിത്വമുണ്ടെന്നു വരുത്തുന്നത്. എന്നിട്ട് അത് ആത്മീയതയായി തെറ്റിധരിക്കുന്നു. 

ഈ പരിചിന്തനങ്ങളില്‍ കാര്യമുണ്ടെങ്കില്‍, വ്യക്തിത്വമെന്ന കപടതയുടെ നിരാകരണത്തിലൂടെയല്ലാതെ ദൈവവുമായോ, മറ്റ് മനുഷ്യരുമായിപോലുമോ സത്യസന്ധമായ ബന്ധം സാധ്യമേയല്ല. പ്രാര്‍ത്ഥനയും ധ്യാനവും തമ്മിലുള്ള വ്യത്യാസവും ഇതിലൂടെ മനസ്സിലാക്കാം. മതങ്ങള്‍ പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കുന്നു. ഒരു വ്യക്തിയായി, അല്ലെങ്കില്‍ മദ്ധ്യസ്ഥനൊ/മദ്ധ്യസ്ഥയൊ ആയി അപ്പുറത്ത് നമുക്ക് മുമ്പില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഇഷ്ടമൂര്‍ത്തിയുമായുള്ള ബന്ധപ്പെടലാണത് എന്നാണ് പൊതുവായ ധാരണ. എപ്പോഴുംതന്നെ ഇത് അനുഗ്രഹങ്ങള്‍ക്കായുള്ള യാചനയല്ലാതെ മറ്റൊന്നുമല്ലതാനും. ഇന്നത്തെ ഭക്തിക്കച്ചവടത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അത്ഭുതങ്ങളില്‍ കുറഞ്ഞതൊന്നും വിശ്വാസികള്‍ക്ക് വേണ്ട! 

എന്നാല്‍, ഈശ്വരസ്പര്‍ശത്തിനായി ഉപനിഷത്തുക്കളും ബുദ്ധനും നിര്‍ദ്ദേശിക്കുന്നത് ധ്യാനമാണ്. പ്രകൃതിയുടെ അല്ലെങ്കില്‍ ഈശ്വരന്റെ മുമ്പില്‍ ഞാനും നീയും ഇല്ലാതാകുന്നതാണ് ധ്യാനം. ഞാനും നീയും അഹത്തിന്റെ ഭാവങ്ങളാണ്. അഹങ്ങള്‍ തമ്മില്‍ ഒരു ബന്ധവും സാധ്യമല്ല. ഒരഹം മറ്റൊരരഹത്തിന്റെ വിപരീതധൃവമാണ് എന്നതാണതിനു കാരണം. ധ്യാനത്തില്‍ സംഭവിക്കുന്നതെന്താണ്? എല്ലാ മുഖാവരണങ്ങളുമുപേക്ഷിച്ച്, അസ്തിത്വവുമായി ഒന്നുചേരുന്നതിനാണ് ധ്യാനമെന്നു പറയുന്നത്. അതുമാത്രമേ ആനന്ദം തരൂ. അതൊരു പൂവിന്റെ, പ്രണയിക്കുന്ന ആളിന്റെ, സാന്നിധ്യം തൊട്ട്‌ ദൈവസാന്നിധ്യം വരെയാകാം. ഇവിടെയെല്ലാം അടുപ്പം അല്ലെങ്കില്‍ തന്മയീഭാവം സാദ്ധ്യമാകുന്നത് സ്വയം മറക്കുന്നതിലൂടെയാണ്. നമ്മുടെ വ്യക്തിത്വം എപ്പോള്‍ വീണ്ടും തെളിയുന്നുവോ, അപ്പോള്‍ ബന്ധം തകരുന്നു. അസ്തിത്വം ഒന്നേയുള്ളൂ എന്നറിയുകയാണ് ധ്യാനത്തിന്റെ ഫലം. നിലനില്‍ക്കുന്നയാനന്ദം അങ്ങനെ മാത്രമേ ലഭ്യമാകൂ.

'ഞാന്‍' എന്ന ബോധത്തോടെ ഒരാള്‍ക്ക്‌ ഒരിക്കലും ഒരു പൂവിന്റെയദ്ഭുതം അനുഭവിക്കാനാവില്ല. 'ഞാന്‍' നിലനില്‍ക്കുവോളം ഒരാള്‍ക്ക്‌ മറ്റൊരാളെ പ്രണയിക്കാനാവില്ല. 'ഞാന്‍' എന്ന ഭാവേന, ഒരിക്കലും നമുക്ക് വിശുദ്ധിയുടെ സൌരഭ്യം കൈവരില്ല. അഹന്തയും ആത്മീയതയും വൈരുദ്ധ്യങ്ങളാണെന്ന്‌ പറയുന്നതും അതിനാല്‍ തന്നെ.

എന്റെ വാക്ക്

"എന്റെ വാക്ക് എന്റെ മനസ്സില്‍ ഉറച്ചിരിക്കുന്നു. പരമചൈതന്യമേ, നീയെനിക്ക് വെളിച്ചപ്പെട്ടാലും. പ്രജ്ഞാനത്തെ  ഉറപ്പിച്ചുനിറുത്തുന്ന ആണികളാകട്ടെ എനിക്കു വാക്കും മനസ്സും. ഞാന്‍ പഠിച്ചത് എന്നെ വിട്ടുപോകാതിരിക്കട്ടെ. ആ പഠിപ്പിന് വേണ്ടിയാണ് ഞാന്‍ രാവും പകലും കഴിച്ചുകൂട്ടുന്നത്‌. ഞാന്‍ പറയുന്ന പരമാര്‍ത്ഥവും സത്യവും എന്നെ രക്ഷിക്കട്ടെ." 

അതിസുന്ദരമായ ഈ പ്രാര്‍ത്ഥന 'പ്രജ്ഞാനം ബ്രഹ്മ' എന്ന മഹാവാക്യമുള്‍ക്കൊള്ളുന്ന ഐതരെയോപനിഷത്തിലുള്ളതാണ്. ജീവജ്ഞാനംതന്നെയാണ് ദൈവികത എന്നു പ്രഘോഷിക്കുന്ന ഋഗ്വേദമാണ് മനുഷ്യമഹത്വത്തെപ്പറ്റിയും ഗര്‍ഭത്തെപ്പറ്റിയും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്ന വേദകൃതി. ജ്ഞാനത്തെ ഉള്ളില്‍ വഹിക്കുന്നതും ജീവനെ ഉള്ളില്‍ വഹിക്കുന്നതുപോലെയാണ് എന്നാണതിന്റെ മതം. 

മലയാളത്തിലും സംസ്കൃതത്തിലും ശബ്ദമെന്നാല്‍ വാക്കെന്നും അര്‍ത്ഥമുണ്ട്. വാക്കുകളുടെ അദ്ഭുത്ത്തിലേയ്ക്ക് വായനക്കാരെ ഒരിക്കല്‍ കൂടി വഴിനടത്തട്ടെ. സംസ്കൃതത്തില്‍ ഭൂതകാലക്രിയയുണ്ടാക്കാന്‍ വര്‍ത്തമാനത്തോട് 'അ' ചേര്‍ത്താല്‍ മതി. ഉദാ: കരോതി = ചെയ്യുന്നു, അകരോത് = ചെയ്തു. എത്ര അഗാധമായ തത്ത്വചിന്തയാണ് ഭാഷയില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധിക്കുക. 'അ' നിഷേധധ്വനിയുള്ള ഉപസര്‍ഗ്ഗമാണ്. ചെയ്യുന്നു അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുക വര്‍ത്തമാനാനുഭവമാണ്. അതു പൂര്‍ത്തിയാകുക എന്നാല്‍ വര്‍ത്തമാനം ഭൂതത്തിലേയ്ക്ക് മറഞ്ഞുപോയി എന്നാണല്ലോ. അതായത്, വര്‍ത്തമാനത്തെ ഇല്ലായ്മ ചെയ്യാന്‍, സംഭവിച്ചുകൊണ്ടിരുന്നത് ഇതാ സംഭവിച്ചുകഴിഞ്ഞു എന്ന ധ്വനിയുണ്ടാക്കാന്‍, ക്രിയാപദത്തോട് 'അ' ചേര്‍ക്കുക. ഭൂതം ഇല്ലായ്മക്ക് (മരണത്തിനു) പര്യായമാണ്. ജീവനാകട്ടെ വര്‍ത്തമാനത്തിലൂടെ തുടര്‍പ്രക്രിയയാകുന്ന ഒരു പ്രതിഭാസമാണ്. 

തീര്‍ന്നില്ല, വാക്കുകളിലെ വിസ്മയം. 'ഭൂത'ത്തില്‍ നിന്നുണ്ടാകുന്ന വാക്കാണ് അദ്ഭുതം. അത് - എന്തെങ്കിലും പുതിയത് - ഭവിക്കുന്നതാണ്‌ അദ്ഭുതം. ഈ വാക്കിലെ 'ത' ഘോഷാക്ഷരമായ 'ഭ'ക്കു മുമ്പില്‍ മൃദുവാകണമെന്ന വ്യാകരണപ്രകാരം 'ദ' ആകുന്നു. അതുകൊണ്ട്, അത്ഭുതം എന്നെഴുതുന്നത് അത്ര ശരിയല്ല. അദ്ഭുതം തുടരാനാവില്ല, കാരണം, ഉണ്ടായത്, അതോടേ ഭൂതമായിക്കഴിഞ്ഞു. സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം അദ്ഭുതങ്ങളാണെന്ന് മറ്റൊരു ലേഖനത്തില്‍ (അഹന്തയുടെ അഭാവമാണ് ആത്മീയത) പറഞ്ഞത് ഈയര്‍ത്ഥത്തിലാണ്. 

ഇന്നലെയും നാളെയും ഒരറ്റമടഞ്ഞ പാലങ്ങളാണ്. ഓര്‍മ്മകളുടെയും (കഴിഞ്ഞവ) സങ്കല്പങ്ങളുടെയും (സംഭവിക്കാത്തവ) ഈ പാലങ്ങളിലൂടെ മാത്രം നടക്കുന്നവര്‍ ഇന്നുകൊണ്ട് തൃപ്തരല്ലാത്തവരാണ്. സ്വര്‍ഗ്ഗരാജ്യം ഒരദ്ഭുതമാണെന്നും അത് നമുക്കുള്ളിലാണെന്നും അത് ഇപ്പോള്‍ ഇവിടെയാണെന്നും യേശു പറഞ്ഞത് എത്ര കണിശമായിട്ടാണ്! അന്നദ്ദേഹത്തെ കേട്ടവര്‍ക്കോ, ഇന്ന് അദ്ദേഹത്തിന്‍റെ വചനം ഘോഷിക്കുന്ന അനുയായികള്‍ക്കോ ഇതൊന്നും ഇതുവരെ തിരിഞ്ഞിട്ടില്ല എന്നത് അതീവ കഷ്ടംതന്നെ. 

ഓരോ വാക്കും ഒരു വിസ്മയം തന്നെ. 'വിസ്മയം' എന്ന വാക്ക് തന്നെ രൂപപ്പെട്ടത് എങ്ങനെയെന്നു നോക്കുക. 'സ്മയ' എന്ന സംസ്കൃത ശബ്ദത്തിനര്‍ത്ഥം ഗര്‍വ്, അഹങ്കാരം എന്നൊക്കെയാണ്. അതില്ലാത്ത അവസ്ഥയാണ് 'വിസ്മയം'. നമ്മെ അതിശയിക്കുന്ന (നമ്മുടെ മാനസ്സസീമകള്‍ക്കപ്പുറത്ത് ശയിക്കുന്ന) എന്തും വിസ്മയഹേതുവാണ്. അതായത്, 'അമ്പേ, ഞാന്‍' എന്ന പമ്പരവിഡ്ഢിത്തത്തില്‍നിന്ന് നമ്മെ മുക്തരാക്കുന്ന അനുഭൂതിയാണ് വിസ്മയിക്കാനുള്ള കഴിവ്. നമുക്കുള്ളിലും പുറത്തും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം വാസ്തവത്തില്‍ നമ്മെ വിസ്മയിപ്പിക്കേണ്ടവയാണ്.

നാമുച്ചരിക്കുന്ന ഓരോ വാക്കിന്റെയും ശബ്ദം ഒരിക്കലും നശിക്കുന്നില്ല. എത്ര നേര്‍ത്തതായിരുന്നാലും അതുണ്ടാക്കുന്ന തരംഗങ്ങള്‍ വിഹായസില്‍ എന്നെന്നും മുഴങ്ങിക്കൊണ്ടിരിക്കും എന്നറിയുന്നത് തന്നെ എന്തൊരു വിസ്മയമായിരിക്കേണ്ടതാണ്! ഓരോ വാക്കും അനന്തതയിലേയ്ക്ക് നീളുന്ന ഒരോളം സൃഷ്ടിക്കുന്നുണ്ട്. 

Soeren Kierkegaard ന്റെ ഈ വാക്യം ശ്രദ്ധിക്കൂ. "Die Ruhe der Natur hat ihren Grund darin, dass die Zeit gar keine Bedeutung für sie hat. Erst mit der Augenblick beginnt die Geschichte." അത് ഞാനിങ്ങനെ സ്വതന്ത്രതര്‍ജ്ജമ ചെയ്യട്ടെ:
"പ്രകൃതിയുടെ കാര്യത്തില്‍ സമയത്തിന് യാതൊരര്‍ത്ഥവുമില്ല. ഈ നിമിഷം മുതലാണ്‌ ചരിത്രം തുടങ്ങുന്നത്. പ്രകൃതിയിലെ സ്വച്ഛന്ദശാന്തതയുടെ പൊരുളതാണ്‌."
ഈ സത്യമറിഞ്ഞവന്റെ ഹൃദയത്തില്‍നിന്നുയരുന്ന ഗദ്ഗതം ഇങ്ങനെയായിരിക്കും:     

ഒരു നിശ്വാസ,മൊരേങ്ങല്‍, നിന്‍ 
കണ്ണിമകളുടെയൊരു വിതുമ്പല്‍ -
ഒരു തൂവലായെന്‍ നെഞ്ഞിടത്തില്‍ 
വന്നു പതിക്കൂ, സര്‍വ്വസ്വമേ!

സ്വപ്നവും നിര്‍വചനവും

സമയത്തെപ്പറ്റി ആരെഴുതിയാലും വായിക്കുക എന്നുമെന്റെ താല്പര്യമായിരുന്നു. ഭാരതത്തിന്റെയഭിമാനമായ കവി ഠാക്കൂര്‍  (ഇംഗ്ലണ്ട്കാര്‍ അദ്ദേഹത്തെ Tagore - റ്റാഗോര്‍ - ആക്കി.) എഴുതി. "ചിത്രശലഭമെണ്ണുന്നത് മാസങ്ങളെയല്ല, നിമിഷങ്ങളെയാണ്; എന്നാലുമതിന് ആവശ്യത്തിനു സമയമുണ്ട്, അതിലധികം സൌന്ദര്യവും." ഏതാണ്ട് അഞ്ചുകൊല്ലംമുമ്പ് അതോടുചേര്‍ത്ത്, ഇങ്ങനെയൊരു കുറിപ്പ് ഞാനെഴുതിവച്ചിരുന്നു. "നിര്‍വചി'ക്കേണ്ടതിനേ വിലയുള്ളൂ. ബാക്കിയുള്ളവയ്ക്ക് വ്യാഖ്യാതാവ് കല്പിക്കുന്ന വിലയേയുള്ളൂ. മൌലികമായതൊന്നും വ്യാഖ്യേതമല്ല."

'നിര്‍വചിക്കുക' എന്നു പറയുന്നതുതന്നെ വചനത്തെ ഒഴിവാക്കുക എന്നാണ്. 'നിര്‍' എന്നയുപസര്‍ഗം ചേര്‍ക്കുമ്പോള്‍ ഇല്ലായ്മയാണ് ശബ്ദത്തില്‍ ആദേശിക്കപ്പെടുന്നത്. അപ്പോള്‍ 'നിര്‍'വചനം എന്നാല്‍ മൌനം ചെലുത്തുകയെന്നാണ്. അതായത്, വചിക്കാതിരിക്കല്‍. എന്നാല്‍, സാമാന്യ പ്രയോഗത്തില്‍, നന്നായി വിചാരിച്ച് പറയുക, അര്‍ത്ഥം വ്യക്തമാക്കാന്‍ ശ്രമിക്കുക, എന്നൊക്കെയാണ് ആ വക്കുകൊണ്ടുദ്ദേശിക്കുന്നത്. ആ അര്‍ത്ഥത്തില്‍, എത്ര ശ്രമിച്ചാലും നിര്‍വചിക്കാനാവാത്ത സമസ്യകളാണ് ജനനവും മരണവും, സ്നേഹവും ക്രൂരതയുമൊക്കെ. ഇവയെപ്പറ്റി പറയുന്നതൊക്കെയും നിരുക്തിയിലേയ്ക്കാണ് നയിക്കുക. കവിയെഴുതിയത് തന്നെ ഇതിനു തെളിവാണ്. ഏതാനും നിമിഷങ്ങള്‍കൊണ്ട് എണ്ണാവുന്ന ചിത്രശലഭത്തിന്റെയും മണിക്കൂറുകള്‍കൊണ്ട് എണ്ണാവുന്ന പൂവിന്റെയും ജീവനു ലഭ്യമായ അതേയര്‍ത്ഥംതന്നെയല്ലേയുള്ളൂ  ഒരു മനുഷ്യനും നൂറ്റാണ്ടുകള്‍ക്കുശേഷം മണ്ണായിത്തീരുന്ന ഒരു മരത്തിനും? പക്ഷേ, എന്താണ് ഈയര്‍ത്ഥം? ലഭ്യമായ സമയം മുഴുവന്‍ ജീവിക്കുക, അത്രതന്നെ. അതിനപ്പുറത്തുള്ളതെല്ലാം വെറും 'നിര്‍'വചനങ്ങളല്ലേ? ജീവിതത്തിനു വെറും ഒരു നിമിഷത്തിന്റെ വിലയേയുള്ളൂ; ആ ഓരോ നിമിഷത്തിനുമെന്നാല്‍, ഒരു മുഴുവന്‍ ജീവന്റെതന്നെ വിലയുണ്ട്‌ താനും!

വാക്കുകളും ആശയങ്ങളും ഒന്നില്‍നിന്ന് മറ്റൊന്ന് ഉരുത്തിരിഞ്ഞു വരുന്നതിനെപ്പറ്റിയുള്ള അന്വേഷണം എപ്പോഴും രസാവഹമാണ്. ഉദാഹരണത്തിന്, 'ആപേക്ഷികം'. ഒന്നിനെ അപേക്ഷിച്ച്, അല്ലെങ്കില്‍ ആശ്രയിച്ച്, മാത്രം മറ്റൊന്നിന് അസ്തിത്വം കല്പിക്കുന്നതിനെയാണ് ആപേക്ഷികം എന്നു പറയുന്നത്. പ്രപഞ്ചമെന്നത് തന്നെ മനുഷ്യമനസ്സിന്റെ ആപേക്ഷികതകൊണ്ടാണ് നിര്‍ണ്ണയിക്കപ്പെടുന്നത് എന്നു തെളിയിക്കാനുംകൂടിയാണ് Einstein തന്റെ Relativity Theory ഉണ്ടാക്കിയത്. അതനുസരിച്ച്, സമയം, ഇടം (space) എന്നീ മാനങ്ങള്‍ക്ക് ആപേക്ഷികമായിട്ടല്ലാതെ ഭൌതികതലത്തില്‍ ഒന്നിനും ഒരര്‍ത്ഥവുമില്ല. അതായത്, ദ്രവ്യമില്ലെങ്കില്‍ ഇടത്തിനോ, ചലനമില്ലെങ്കില്‍ സമയത്തിനോ പൊരുളൊന്നുമില്ല. എവിടെയെങ്കിലും സ്ഥിരമായും വ്യത്യസ്തമായും നിലകൊള്ളുന്ന എന്തെങ്കിലുമായി തട്ടിക്കാനാവുന്നില്ലെങ്കില്‍, വേഗംപോലും അനുഭവപ്പെടുകയില്ലെന്നു വിമാനയാത്രയില്‍ നിന്ന് ഏവര്‍ക്കുമറിയാം. സമയവും ഇടവുമില്ലെങ്കില്‍ വേഗവുമില്ല. ആത്യന്തികമായ വിലയിരുത്തലില്‍ ഇവ മൂന്നും, യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍വേണ്ടി മനസ്സുണ്ടാക്കുന്ന സങ്കല്‍പ്പങ്ങള്‍ മാത്രമാണ്. മനസ്സില്ലാതായാല്‍, ഇവ മൂന്നും പിന്നെയില്ല. ഇവ മൂന്നുമില്ലെങ്കില്‍, പിന്നെ നമുക്ക് പ്രപഞ്ചമെവിടെ? അനുദിനജീവിതത്തില്‍ അധികമാരും ഇതൊന്നും ചിന്തിക്കുന്നില്ലെങ്കിലും, സംഗതി വളരെ ഗൌരവമാണ്; ഗഹനീയവുമാണ്. കാരണം, നമ്മുടെ തന്നെ ഉണ്മയെയും ഇല്ലായ്മയെയും നിശ്ചയിക്കുന്ന വിവക്ഷകളാണിവ! ഞാനില്ലെങ്കില്‍ പിന്നെയാരുടേതാണ് ഈ വിവക്ഷകള്‍? ആകെ കുഴഞ്ഞില്ലേ കാര്യങ്ങള്‍? കുഴഞ്ഞുമറിഞ്ഞ ഈ ആശയക്കുഴമ്പിനാണ് 'മായ' എന്നു പേരിട്ടിരിക്കുന്നത് എന്നു വേണമെങ്കില്‍ പറയാം.

തത്ത്വചിന്തയുടെ ഉത്ഭവംതന്നെ 'ഞാന്‍' ആണ്. പടിഞ്ഞാറ്, ദെകാര്‍ത്തിന്റെ (René Descartes) 'ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്' - Cogito, ergo sum. - എന്ന ലത്തീന്‍ സമവാക്യത്തിലാണ് അതിന്റെ തുടക്കം. ഒന്നുകൂടി കടത്തിച്ചിന്തിച്ചാല്‍, എന്റെയെന്നല്ല, എല്ലാ അസ്തിത്വവും 'ഞാന്‍' എന്ന ചിന്തയിലാണ് ഉറപ്പിച്ചിരിക്കുന്നത്. എനിക്ക് വെളിയില്‍, തനതായി ('സ്വന്തം കാലില്‍' നില്‍ക്കുന്ന) അസ്തിത്വങ്ങളുണ്ടെങ്കില്‍തന്നെ, അവയും എന്റെ ബോധത്തില്‍ സ്ഥലംപിടിക്കുന്നത്‌, എന്റെ സൃഷ്ടിയായിട്ടാണ്. അല്ലാതെ പറ്റില്ലതന്നെ. ഇതിനു വേറൊരു തെളിവും വേണ്ടാ. - ഞാനെന്ന ബോധം നഷ്ടമാകുന്നതോടെ, എല്ലാ അസ്തിത്വവും എന്നെ സംബന്ധിച്ചിടത്തോളം ഇല്ലായ്മയായിത്തീരുകയാണല്ലൊ.

അപ്പോള്‍, ഞാനെന്ന ചിന്തയാണ് സ്വന്തം അസ്തിത്വമായി എനിക്കനുഭവപ്പെടുന്നത്. ബാക്കിയെല്ലാം എനിക്ക് ആപേക്ഷികമായും. ഓരോ 'ഞാനും' മറ്റൊന്നുപോലെയല്ലാത്തതുകൊണ്ട്, ഓരോ 'ഞാനും' മറ്റെല്ലാം കാണുന്നത് വ്യത്യസ്തമായിട്ടയിരിക്കും. ഓരോരുത്തര്‍ക്കും അവരുടെ സ്വന്തം ലോകമുണ്ടെന്നര്‍ത്ഥം. അങ്ങനെ, എന്തിലെങ്കിലും രണ്ടുപേര്‍ ഒരേയര്‍ത്ഥം കാണുക വിരളമായതിനാല്‍ അടിപിടി ധാരാളമാകുന്നു എന്നതും നിത്യാനുഭവം. ചിന്തയല്പംകൂടി വികസിപ്പിച്ചാലോ? അനന്തവും സ്ഥിരവുമായ മറ്റൊന്നിന് ആപേക്ഷികമായിട്ടല്ലാതെ, ഞാന്‍ എന്ന എന്റെ ബോധപ്രക്രിയപോലും നിലനില്‍ക്കുകയില്ല. അല്പാസ്തിത്വമായ എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് വസ്തുത. പക്ഷേ, കാതലുള്ള (ആപേക്ഷികമല്ലാത്ത) അസ്തിത്വം (അനന്തബോധം) സ്വാശ്രിതവും മങ്ങലില്ലാത്തതുമായിരിക്കണം എന്നത് നഗ്നമായ യുക്തി. എന്നുവച്ചാല്‍, അത് (തത്)  തനിക്ക് ഉപോദ്ബലനമാകേണ്ട മറ്റൊന്നിന്റെയും ആസ്തിത്വം അനുവദിക്കുന്നില്ല.


കാരണം, ആപേക്ഷികത അല്പാസ്തിത്വങ്ങളുടെ മാത്രം നിയമമാണ്; അനന്തബോധത്തില്‍ അലിയുക എന്നൊന്ന്  സാദ്ധ്യമാണെങ്കില്‍, അതിനര്‍ത്ഥം ആപേക്ഷികതയെ മറികടക്കുക എന്നാണ്. അതാകട്ടെ സ്വത്വത്തിന്റെ തന്നെ നിരാകരണമല്ലാതെ വേറൊന്നുമല്ല താനും. അതുകൊണ്ടാണ്  പരമസത്തക്ക് വെളിയില്‍ ഒന്നുമില്ലായെന്ന വേദാന്തസത്യം ഭാരതീയചിന്ത പ്രഘോഷിച്ചത്. 

ഈ ചിന്ത ഒരു തരത്തില്‍ മഹത്തരമാണെങ്കിലും, അതില്‍ നമുക്ക് സായൂജ്യത്തിന് വകയൊന്നുമില്ല. കാരണം, അനന്തമായത് ഉണ്ടെങ്കില്‍ അതു സംപൂര്‍ണ്ണവുമാണ്. എല്ലാ വിധത്തിലും സമ്പൂര്‍ണ്ണമായതിലേയ്ക്ക് അപൂര്‍ണ്ണമായ ജീവാത്മാവിന് ലയിക്കാനാവില്ല എന്നു മാത്രമല്ല, യുക്ത്യാനുസരണം, അപൂര്‍ണ്ണമായ മറ്റൊരസ്തിത്വവും പരമമായ സംപൂര്‍ണ്ണതക്കു വെളിയില്‍ അനുവദിക്കാനേ ആവില്ല. അതുകൊണ്ട്, ഈ വിഷയത്തോട് ചേര്‍ത്ത് പരക്കെ പറയാറുള്ള, 'നദി സമുദ്രത്തില്‍ ലയിക്കുന്നതുപോലെ' എന്നത് കാതലില്ലാത്ത ഒരുപമയാണ്. രണ്ടിലൊന്നേ ബുദ്ധിക്കു മുമ്പിലുള്ളൂ: ഒന്നുകില്‍ ഇപ്പോള്‍തന്നെ നാം (ഞാന്‍) അനന്തസത്തയുടെ ഭാഗമാണ്. അല്ലെങ്കില്‍ നമ്മുടെ അസ്തിത്വം വെറും ശൂന്യതയാണ്. 'ഞാന്‍' ഉണ്മയുടെ നിരാകാരമായ ഒരു കുളിര്‍മ മാത്രമാണ്. അനാദിയും അനന്തവുമായ സംശുദ്ധബോധത്തിന്റെ വെറും സ്വപ്നമാണ് നാം (നമ്മുടെ ബോധതലത്തിലുള്ളതെല്ലാം ഉള്‍പ്പെടെ). മുമ്പ് സൂചിപ്പിച്ചയര്‍ത്ഥത്തില്‍ നിര്‍വചിക്കാന്‍ നമ്മുടെ കൈയില്‍ മറ്റൊന്നുമില്ലാത്തതുകൊണ്ട് മാത്രം പ്രയോഗിക്കുന്ന ഒരുപമയാണ് സ്വപ്നമെന്ന വാക്ക്. സ്വപ്നത്തെ നിയന്ത്രിക്കാനാവാത്തതുപോലെ, നമ്മുടെ ഈ ജീവിതത്തിനും ഒരൊറ്റ സാദ്ധ്യതയേ ഉള്ളൂ, ശൂന്യമായി ഇരിക്കുക, ശൂന്യമായി അവസാനിക്കുക!
പ്രത്യക്ഷത്തില്‍ ഒരു കഴമ്പുമില്ലാത്ത ഇത്തരം മുന്‍വിധികളും ആപേക്ഷികമായ അഭ്യൂഹങ്ങളും അടിസ്ഥാനമാക്കിയുള്ള തത്ത്വചിന്തക്കും മന:ശാസ്ത്രത്തിനും എതിരായിട്ടെന്നോണം ഉയിര്‍കൊണ്ട ദാര്‍ശനികവിചാരമാണ് അസ്തിത്വവാദം (Existentialism). സന്മാര്‍ഗചിന്തകള്‍ക്കെന്നല്ല, യാതൊരാപേക്ഷീയതക്കും ഇടംനല്‍കാതെ, ചേതനയില്‍ അങ്കുരിക്കുന്നതെല്ലാം പ്രതിഭയുടെ അര്‍ത്ഥശൂന്യമായ പ്രകാശനമെന്നു വകവച്ചുകൊടുക്കുന്ന രീതിയാണ് അതിന്റേത്. ഭാവിഭൂതങ്ങള്‍ക്ക് അതില്‍ പ്രാധാന്യമില്ല. ഇപ്പോള്‍ ഇവിടെയുള്ളതും അനുഭവേദ്യമാകുന്നതുമെന്തോ, അതു മാത്രമാണ് ശ്രദ്ധേയം. അതായത്, ഈ നിമിഷം മാത്രമാണ് വിലയുള്ളത്. പക്ഷേ, ഈ നിമിഷമെന്നത് പോയതിന്റെയും വരാനുള്ളതിന്റെയുമിടയിലെ ഇല്ലായ്മയായതിനാല്‍ , ജീവിതം ശൂന്യതയിലേയ്ക്കുള്ള ഒരാക്കം, ചലനമില്ലാത്ത പ്രയാണം മാത്രമാണ്.  

എല്ലാറ്റിന്റെയും തന്നെ നിരാകരണമെന്നതിനേക്കാള്‍, മനുഷ്യബുദ്ധിയിലുള്ള വിശ്വാസമാണ് ഈ ചിന്താരീതിയെ താങ്ങിനിറുത്തിയത്. അതേ സമയം, യാഥാര്‍ത്ഥ്യത്തെ പിടിച്ചുവച്ചു വിശകലനം ചെയ്യാനും നിത്യസത്യങ്ങളില്‍ അവയെ ഒതുക്കാനും മനുഷ്യനാവില്ല എന്നയെളിമയും അസ്തിത്വവാദികള്‍ക്കുണ്ട്. അവര്‍ക്ക് മതത്തിന്റെ പിടിവാശികള്‍ തുലോം തരാംതാഴ്ന്ന ജല്പനങ്ങളാണ്. മനുഷ്യന് പ്രപഞ്ചത്തില്‍ സവിശേഷമായ ഒരു സ്ഥാനവും പദവിയുമില്ല. ഇവ്വിധ പിടിവാശികളെല്ലാം പൊള്ളയായ അഹന്തയും മിഥ്യയുമാണ്‌. ശാശ്വതമെന്ന പരിവേഷത്തിന് അര്‍ഹതയൊന്നിനുമില്ല എന്നാണതിന്റെ പൊരുള്‍.

തേന്‍ നുകരുന്നതിനിടക്ക്, മനോഹരിയായ ഓരോ പൂവും അല്പപ്രാണനായ പൂമ്പാറ്റയും തമ്മില്‍ ഈ സന്ദേശം കൈമാറുന്നുണ്ടാവാം. എന്തുകൊണ്ട് നമുക്കുമാതായിക്കൂടാ?

ഇരട്ടിമധുരം

എന്റെ വല്യമ്മയ്ക്കുവേണ്ടി ഇടയ്ക്കിടയ്ക്ക് എണ്ണകാച്ചുന്നത് കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊന്നാണ്. പലതരം പച്ച- അങ്ങാടിമരുന്നുകള്‍ പലയിടത്തുനിന്നും വന്നെത്തും. അതിലൊന്ന്, ഒരു തരം വേരാണെന്നാണറിവ്, അല്പം മുറിച്ചു തന്നിട്ട് വല്യമ്മ പറയും, നന്നായി ചവച്ചരച്ചുകൊണ്ട് അതിന്റെ രുചിയറിയാന്‍. ഹായ്! ചവയ്ക്കുന്തോറും, രുചി കൂടും. മധുരം തന്നെ, പക്ഷേ, ഒരു പ്രത്യേകതരം. ഇരട്ടിമധുരമെന്നായിരുന്നു അതിന്റെ പേര്. ഇന്നും ജീവിതത്തില്‍ പലതുമെനിക്ക് ഇരട്ടിമധുരം പോലെയാണ്. ചവച്ചിറക്കുന്തോറും മധുരം കൂടുന്ന ചില അനുഭവങ്ങള്‍. എന്തുകൊണ്ടാണിത്?

അര്‍ത്ഥങ്ങളെ സൃഷ്ടിക്കുക എന്നതാണ് മനസ്സിന്റെ നിരന്തര ജോലി. ഓരോരോ ഇന്ദ്രിയത്തിന്റെയറിവും ഉടനടി ഒരര്‍ത്ഥത്തെ ഉണ്ടാക്കണമെന്നില്ല. അല്പം കഴിഞ്ഞ് തിരിച്ചു വന്നാല്‍ ഒരു പക്ഷേ, വിപരീതാര്‍ത്ഥം തന്നെ കണ്ടെത്തിയെന്നും വരാം. തിരിച്ചുവരാനുള്ള ഈ ശീലം വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാനം. ചില പുസ്തകങ്ങള്‍ ഇങ്ങനെയാണ്. ഓരോ തവണ വായിക്കുമ്പോളും പുതിയ അര്‍ത്ഥങ്ങളുരുത്തിരിഞ്ഞു വരുന്ന വാക്യങ്ങള്‍ അവയില്‍ കണ്ടെത്തിയെന്നിരിക്കും. അത്തരം ചിലവ ഇവിടെ കുറിക്കട്ടെ:

നിത്യചൈതന്യയതി: "ഒരാരാമത്തിലേയ്ക്ക് പുതുതായി പറിച്ചുനടുന്ന ഇളംചെടിപോലെയാണ് ഒരു സ്ത്രീ ഭാര്യയാകുന്നത്. അവളില്‍ തളിരിലകളെയും പൂമൊട്ടുകളെയും വിരിയിക്കാന്‍ കഴിയുക എന്നതാണ് ഭര്‍ത്താവിനുണ്ടായിരിക്കേണ്ട കലാവൈഭവം. ആ കലയറിയാത്തവര്‍ തന്റെ പൂന്തോട്ടത്തില്‍ പൂവില്ലെന്നു പറഞ്ഞിട്ട് കാര്യമില്ല." ഇതോര്‍ത്താണ് ഓരോ പിണക്കവും ഞാനതിജീവിക്കുക.

ലെവിനാസ്: "എത്ര സൌന്ദര്യമുണ്ടെന്നു പറഞ്ഞാലും, ജീവിതത്തെപ്പറ്റി ഒരല്‍പമെങ്കിലും സാര്‍വ്വലൌകികബോധമില്ലെങ്കില്‍, ഒരു സ്ത്രീ ബഹുമാനിതയാവുന്നില്ല, ഭര്‍ത്താവിന്റെ മുമ്പില്‍ പോലും ."

"ജീവിതകാലം മുഴുവന്‍ പഠിക്കാനുള്ളതല്ല. പഠിച്ചത് ജീവിക്കുമ്പോഴാണ് ജീവിതം സഫലമാകുന്നത്."

"ഞാനടുത്തു നില്‍ക്കേ, 'എനിക്കാരുമില്ല' എന്നൊരാള്‍ പറയുന്നെങ്കില്‍, ഞാന്‍ പരത്തുന്നത് പ്രകാശമല്ല, ഇരുട്ടാണ്‌."

ബാലാമണിയമ്മ: "ഏറ്റവും നല്ല കവിത എഴുതപ്പെട്ടതല്ല, ജീവിക്കപ്പെട്ടതാണ്." ഓരോ പുതിയ കവിതാസമാഹാരം കൈയിലെത്തുമ്പോഴും ഇതാണ്‌ ഞാനോര്‍ക്കാറ്. ഈ രചയിതാവ് കവിത ജീവിക്കുകയും അല്പംകൂടി ഭാഷ പഠിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്നാശിക്കുകയും ചെയ്തിട്ടുണ്ട്.

അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഒരു വിചാരവും സാധ്യമല്ല. എത്ര പുസ്തകം വായിച്ചാലും പ്രഭാഷണങ്ങള്‍ കേട്ടാലും, ധ്യാനത്തില്‍ പങ്കെടുത്താലും, ആത്മാവിനുപകരിക്കുന്ന അറിവുണ്ടാകണമെങ്കില്‍, അത് ഉള്ളില്‍നിന്ന് തന്നെ വരണം. ജീവന്‍ അനശ്വരമാണെന്നും, അത് എല്ലാറ്റിലും ഒന്നാണെന്നും, അതറിയുകയാണ് ദൈവികത അല്ലെങ്കില്‍ ഈശ്വരസ്പര്‍ശം എന്നുമൊക്കെ ഓരോരുത്തരും തനിയെ കണ്ടെത്തേണ്ട സത്യങ്ങളാണ്. ദൈവം അതാ മുകളിലുണ്ട്, എല്ലാം കാണുന്നുണ്ട്, ദൈവത്തെ ഭയക്കണം, സ്നേഹിക്കണം എന്നൊക്കെ എത്ര തവണ നാം കേട്ടിട്ടുണ്ട്. ജീവിതത്തെപ്പറ്റി ഏതോ ഒരനിശ്ചിതത്വവും ഭയവും സൃഷ്ടിക്കാനല്ലാതെ എന്തെങ്കിലും സ്ഥായിയായ മാറ്റം അതുകൊണ്ടു ജീവിതത്തില്‍ വന്നിട്ടുണ്ടോ? സത്യസന്ധമായി സ്വയം നിരീക്ഷിച്ചിട്ടു പറയുക, ഉണ്ടോ? എന്നാല്‍ നേരേ മറിച്ച്, കാണുന്നതിലെല്ലാം നമ്മോടു പ്രതികരിക്കുന്ന എന്തോ ഉണ്ട്, അതു നമ്മെ സന്തോഷിപ്പിക്കുന്നതിനുള്ളതാണ്; നമുക്ക് സൌന്ദര്യമായി പ്രത്യക്ഷപ്പെടുന്നതെന്തോ, ആനന്ദം തരുന്നതെന്തോ, അതു തന്നെയാണ് ദൈവപ്രഭാവത്തിന്റെ മിന്നലാട്ടങ്ങള്‍ എന്ന് സ്വയം ചിന്തിച്ചും അനുഭവിച്ചും തുടങ്ങുമ്പോള്‍ ജീവിതത്തില്‍ പച്ചപ്പുണ്ടാകുന്നു. അപ്പോള്‍ ദൈവമൊരു നിത്യസാന്നിദ്ധ്യമായിത്തീരുന്നു. പള്ളികളിലും പ്രാര്‍ത്ഥനക്കൂട്ടങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും വിശ്വാസികള്‍ മുട്ടിവിളിക്കുമ്പോള്‍ മാത്രം ചെവികൊടുക്കുന്ന ഒരു പുരുഷസത്തയായിട്ടല്ല, മറിച്ച്, ഓരോ നിമിഷവും നമ്മോടിടപെടുന്ന, അല്ലെങ്കില്‍ നാമിടപെടുന്ന കൊച്ചു കാര്യങ്ങളിലാണ് ദൈവം തന്റെ സ്നേഹസാന്നിദ്ധ്യമറിയിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍, സംഗതിയാകെ മാറുന്നു. പിന്നെ എവിടെയും വെളിച്ചമാണ് കാണാനാവുക. അതോടെ, സ്വര്‍ഗവും നരകവും നമ്മെ അലട്ടുന്ന വിഷയങ്ങളേ അല്ലാതാകും.

ഇവിടെയൊരു വലിയ യുക്തി ഒളിഞ്ഞിരിപ്പുണ്ട്. പ്രകൃതിയില്‍ നിന്ന് വ്യത്യസ്തമായ വ്യക്തിപ്രഭാവത്തോടെ മാറി നില്‍ക്കുന്ന ഒരു സത്തയാണ് ദൈവമെങ്കില്‍, എല്ലാ സൃഷ്ടിയും അതോടെ അര്‍ത്ഥശൂന്യമാണ്. കാരണം, ദൈവത്തില്‍ നിന്ന് വേറിട്ടുള്ളതിനൊക്കെ അസ്തിത്വം കിട്ടുന്നത് എവിടെനിന്ന്, അത്തരം അസ്തിത്വങ്ങള്‍ എന്തിനുവേണ്ടി, എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വരും. അതൊരിക്കലും മനുഷ്യബുദ്ധിയില്‍ ഒതുങ്ങുന്ന സംഗതിയേ അല്ല. അദ്വൈതമെന്ന വേദാന്തപാഠത്തിന്റെ പൊരുള്‍ അതാണ്‌. ഇതുവരെയുള്ള ഒരു മതത്തിന്റെയും ദൈവശാസ്ത്രം അത്രകണ്ട് വളര്‍ന്നിട്ടില്ല. അന്ധമായ വിശ്വാസവും അതിന്റെ സാന്ത്വനങ്ങളും തികച്ചും മറ്റൊന്നാണ്. അത് മതിയാകുന്നവരെ ശല്യപ്പെടുത്തേണ്ടതുമില്ല.

പക്ഷേ, ഉറച്ചുപോയ വിശ്വാസങ്ങള്‍ വരുത്തിവയ്ക്കുന്ന വിനാശങ്ങള്‍ അനല്പമാണ്. പരാശക്തി ഇങ്ങനെയാണ്, അങ്ങനെയാണ്, ആ മൂര്‍ത്തി അവിടെയുണ്ട്, ഈ മൂര്‍ത്തി ഇവിടെയുണ്ട് എന്നൊക്കെയുള്ള ഒരേ പല്ലവി ചെറുപ്പംമുതല്‍ കേട്ടുകേട്ട്, ദൈവത്തെ മറ്റെവിടെയെങ്കിലും തെരയാന്‍ ആരും ധൈര്യപ്പെടുന്നില്ല. എല്ലാ മൂല്യച്യുതികള്‍ക്കും കാരണം അതുതന്നെയാണ്. നീ പാപിയാണ്, നമ്മളൊക്കെ പാപികളാണ്, എന്നുമാത്രം ഏതുനേരവും കേള്‍ക്കുന്നവര്‍, മടുത്തുപോകും. അത്തരം ചിന്തകള്‍ ഏകാകിതയെ സൃഷ്ടിക്കും. അപ്പോള്‍ മനുഷ്യര്‍ കുടിച്ചു ബോധംകെട്ട് നടക്കാന്‍ നോക്കും. കടുത്ത ഭക്തിജ്വരം ബാധിച്ചവര്‍ പള്ളികളിലും ധ്യാനക്കൂട്ടങ്ങളിലും മറ്റും അലറിക്കൊണ്ട്‌ നടത്തുന്ന വാചകക്കസര്‍ത്തുകള്‍ കേട്ടിട്ട് ഇന്നൊരാള്‍ക്ക് വട്ടുപിടിക്കുന്നില്ലെങ്കില്‍, അതിനര്ത്ഥം, അയാള്‍ക്ക്‌ പണ്ടേ വട്ടായിട്ടുണ്ട് എന്ന് തന്നെ. ആരുടേയും സുബോധം നശിപ്പിക്കാനുള്ളതെല്ലാം ഇന്ന് പ്രാര്‍ത്ഥനാലയങ്ങളെന്നു പറയപ്പെടുന്നിടത്തൊക്കെ കരുതിവച്ചിട്ടുണ്ട്. പാപം, ബലി, പുക, തിരി, കൂദാശകള്‍, നേര്‍ച്ചകള്‍ എന്നിവയിലൊക്കെ ഊന്നിയൂന്നി മനുഷ്യരുടെ സ്വൈരം കെടുത്തുന്നവര്‍ ഒരിക്കലെങ്കിലും വിശ്വാസികളെ ക്ഷണിക്കുന്നത് കണ്ടിട്ടുണ്ടോ, പ്രകൃതിയിലെവിടെയും എല്ലായിടത്തുമുള്ള ദൈവസാന്നിദ്ധ്യം കണ്ടെത്തുവാന്‍? ജീവന്റെ എല്ലാ ഭാവങ്ങളിലും ഈശ്വരനെ കണ്ടെത്താന്‍? അകത്തും പുറത്തും ഐശ്വരസ്പര്‍ശം അനുഭവിക്കാന്‍? ജീവസന്ധാരണത്തിനാവശ്യമായതില്‍ കവിഞ്ഞതിനായി പ്രകൃതിയെയും അന്യനെയും ദ്രോഹിക്കുന്നതാണ് പാപമാണെന്നു മനസ്സിലാക്കാന്‍?

സഹജമായ മൌലികപ്രകൃതിയെ മാറ്റാന്‍ എങ്ങനെ സാധിക്കുമെന്ന് പഠിക്കാത്തിടത്തോളം, സദ്വൃത്തനായി ജീവിക്കേണ്ടത് എങ്ങനെയെന്നും മറ്റുമുള്ള പ്രസംഗങ്ങള്‍ കൊണ്ട് പ്രയോജനമൊന്നുമില്ല. ധര്മപദത്തിലും വേദപുസ്തകങ്ങളിലും എഴുതിയിരിക്കുന്നവ ദൈവവാക്യമെന്നു പുകഴ്ത്തി ഏവരും വായിക്കുന്നുണ്ട്, പഠിപ്പിക്കുന്നുണ്ട്. പക്ഷേ, മനുഷ്യന്‍ പണ്ടു നിന്നിടത്തു തന്നെ ഇപ്പോഴും നില്‍ക്കുന്നു. എന്തായിരിക്കാം ഇതിനു കാരണം?

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചോദിച്ച ശിഷ്യനോട് ഒരു സെന്‍ഗുരു പറഞ്ഞയൊരു കഥയുണ്ട്. പല തുരംഗങ്ങളുള്ള ഒരു പെട്ടിയിലേയ്ക്ക് ഒരെലിയെ വിട്ടു. നാലാമത്തെ തുരംഗത്തില്‍ ഒരു കഷണം പാല്‍ക്കട്ടി വച്ചിരുന്നത് എലി കണ്ടുപിടിച്ചു. പിറ്റേദിവസവും എലിയെ അതിലിറക്കി. ഒട്ടും സംശയിക്കാതെ അതു നേരിട്ട് നാലാം തുരംഗത്തിലെത്തി, പാല്‍ക്കട്ടി പ്രതീക്ഷിച്ച്. പക്ഷേ, ഇത്തവണ അതു വച്ചിരുന്നത് രണ്ടാം തുരംഗത്തിലായിരുന്നു. പലതവണ നാലാം തുരംഗം പരിശോധിച്ചിട്ടും പാല്‍ക്കട്ടി കാണാഞ്ഞതിനാല്‍, എലി മറ്റുള്ളവയില്‍ കയറിയിറങ്ങി. പാല്‍ക്കട്ടി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഗുരു പറഞ്ഞതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍, എലിക്കു പകരം ഒരു മനുഷ്യനെ അതേ സാഹചര്യത്തില്‍ സങ്കല്പ്പിക്കുക. നാലാം തുരംഗം വിട്ട് മറ്റൊരിടത്തും അവന്‍ തെരയുകയില്ല, മരണം വരെ! ദൈവം ഇന്ന മതത്തിലാണെന്നോ, ഇന്ന പള്ളിയിലോ ഇന്നയമ്പലത്തിലോ ആണെന്നോ ഒരിക്കല്‍ തോന്നിയാല്‍, മരിക്കുംവരെ അതുതന്നെ വിശ്വസിക്കും. അതും ഒരിക്കലെങ്കിലും ദൈവത്തെ അവിടെ കണ്ടുമുട്ടിയശേഷമല്ല, അവിടെയുണ്ടെന്ന് മറ്റാരോ പറഞ്ഞതിന്റെ ബലത്തില്‍! അതുപോലെ, 'ദൈവവചനം' വായിപ്പിക്കാനും മന:പാഠമാക്കാനും  എന്തെല്ലാം പരിപാടികള്‍ ഈയിടെയായി ആസൂത്രണം ചെയ്യപ്പെടുന്നു! എന്നാല്‍ ഈ കൃതികളുടെ രചനപ്രക്രിയകളെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ വേണ്ട ഗവേഷണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍, ഇപ്പറഞ്ഞതില്‍ അധികവും വ്യര്‍ഥവ്യായാമങ്ങളാണെന്ന് ബോദ്ധ്യം വരുമായിരുന്നു.

വിത്തിലുറങ്ങിക്കിടക്കുന്ന ജീവന്റെ ഉണരലാണ് വൃക്ഷം. നമ്മോടു രക്ഷ പ്രസംഗിക്കുന്നവര്‍ അതിന് മുമ്പ്, നാം അപകടത്തിലാണെന്ന് പറഞ്ഞ് ഫലിപ്പിക്കണം. എന്തപകടം? ജൈവസമ്പന്നതയുടെയും ആത്മസൌന്ദര്യത്തിന്റെയും മദ്ധ്യത്തിലേയ്ക്കാണ് മനുഷ്യനെ ദൈവം ഇറക്കിവിട്ടിരിക്കുന്നത്. ദൈവമാണ് നമുക്കുള്ളിലും ചുറ്റുമെങ്കില്‍, പിന്നെയെന്തില്‍ നിന്നാണ് ഒരാള്‍ രക്ഷതേടേണ്ടത്? ജീവന്റെ കണികകള്‍ തമ്മില്‍ എവിടെയും ഒരു ചൈതന്യവൃത്തമുണ്ട്. അത് പരസ്പരം പൂര്‍ത്തീകരിക്കുന്നതാണ് എല്ലാ തേജസ്സിന്നുമുറവിടം. അതിനുള്ള സാദ്ധ്യതകളെ തെരയുക എന്നതാണ് ഏറ്റവും രസകരമായ ബോധപ്രക്രിയ. അത് സംഭാവിക്കാത്തിടത്താണ് വിരസതയനുഭവപ്പെടുന്നത്. ഉള്‍ക്കണ്ണു തുറന്നുവച്ചാല്‍ മാത്രം മതി, അതൊരു ശീലമാകാന്‍. അതുതന്നെയാണ് ധ്യാനം. അത് ഏതാനും സമയത്തേയ്ക്ക് പരിശീലിക്കാനുള്ള ഒരു മാനസ്സികവ്യായമാമാകരുത്. ഇരട്ടിമധുരം പോലെ എപ്പോഴും കൂടുതല്‍ രുചിയനുവദിക്കുന്ന ഒരു തഴക്കമായി അത് മാറണം. ജീവിതത്തിന്റെ ബഹളങ്ങളില്‍ ചില ഇടവേളകളെങ്കിലും ആന്തരിക മൌനത്തിനായി മാറ്റിവയ്ക്കാനാകുന്നവര്‍ക്ക് ഇതെന്തെന്നു മനസ്സിലാകും. ബാക്കിയുള്ളവര്‍ക്ക് ഈ ജീവിതം എന്നും നാലാം തുരംഗം (പള്ളിയമ്പലങ്ങള്‍) കയറിയിറങ്ങല്‍ മാത്രമായിപ്പോകും.


http://www.youtube.com/watch?v=hYLaCaVbmxs

ഈ ലിങ്കില്‍ കൊടുത്തിരിക്കുന്ന കീര്‍ത്തനം അതിന്റെ അര്‍ത്ഥലാളിത്യംകൊണ്ട് മനോഹരമാണ്. അതേ സമയം, ആവര്‍ത്തിച്ചുള്ള അതിന്റെ ആലാപനം ധ്യാനാത്മകമായ ഒരു ചുറ്റുപാടില്‍ മനസ്സിനെ കൊണ്ടെത്തിക്കുകയും നമുക്കുള്ളിലും വെളിയിലുമായി പ്രകൃതി നിറച്ചിരിക്കുന്ന വൈവിധ്യമേറിയ മധുരത്തെ കണ്ടെത്താന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും.


അധരം മധുരം
വദനം മധുരം
നയനം മധുരം
ഹസിതം മധുരം
ഹൃദയം മധുരം
ഗമനം മധുരം
മധുരാധിപതേ,രഖിലം മധുരം.
            അധരം മധുരം........ഹസിതം മധുരം.



വചനം മധുരം
ചരിതം മധുരം
വസനം മധുരം

വലിതം മധുരം
ചലികം മധുരം
ഭ്രമികം മധുരം
മധുരാധിപതേ,രഖിലം മധുരം.
            അധരം മധുരം........ഹസിതം മധുരം.



വേണോര്‍ മധുരോ
രേണോര്‍ മധുരാ
പാണേ മധുരാ
പാദൌ മധുരൌ 
മൃത്യം മധുരം
സഖ്യം മധുരം
മധുരാധിപതേ,രഖിലം മധുരം.
            അധരം മധുരം........ഹസിതം മധുരം.



ഗീതം മധുരം
ഭേദം മധുരം
ഭുക്തം മധുരം
സുപ്തം മധുരം
രോപം മധുരം
തിലകം മധുരം
മധുരാധിപതേ,രഖിലം മധുരം.
            അധരം  മധുരം.......ഹസിതം മധുരം.

സമയമെത്ര ബലഹീനം!

"ഒരു ജന്മം മുഴുവന്‍ ശ്രമിച്ചാലും തിരിച്ചുനല്കാനാവാത്തത്ര  പ്രേമവാത്സല്യത്തോടെ എന്റെയുച്ചിയിലവള്‍ ഉമ്മവച്ചു" എന്നയോര്‍മ്മയുടെ മധുരിമയില്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന ഞാന്‍ സമയം നോക്കി. ആറരയാകാന്‍ പോകുന്നേയുള്ളൂ. പെട്ടെന്നൊരു ചായയുണ്ടാക്കി പതുക്കെപ്പതുക്കെ രുചിച്ചിറക്കി. 'ജലസ്രോതസിലെ ആത്മഹര്‍ഷങ്ങള്‍' എന്ന് ശീര്‍ഷകം കൊടുത്ത് പത്ത്പന്ത്രണ്ട് വര്‍ഷം മുമ്പ് ഞാനുണ്ടാക്കിയ കൊച്ചു കൈയെഴുത്തുപുസ്തകത്തിലെ വാക്യമായിരുന്നു ഓര്‍മ്മയില്‍ പൊന്തിവന്നത്. ആ കൃതിയെടുത്തു മറിച്ചുനോക്കി. പാലസ്തീന്‍ പെണ്‍കിടാങ്ങള്‍ സ്തനങ്ങള്‍ക്കിടയില്‍ സൂക്ഷിക്കുന്ന മീറപ്പൊതിപോലെ അവളെന്നെ താലോലിച്ചു എന്ന വരികള്‍ എന്റെയാത്മാവിനെ വീണ്ടും മത്തുപിടിപ്പിച്ചു. അപ്പോളതാ, ചിത്രഭംഗി തുന്നിപ്പിടിപ്പിച്ച വെളുത്ത വിശറികള്‍ പോലുള്ള ചിറകുകളടിച്ചുകൊണ്ട് ഒരു നിശാശലഭം മേശപ്പുറത്തു കിടന്ന ഒരു പഴയ സ്വാച്ചില്‍* വന്നിരുന്നു. അറിയാതെ ഞാനതിലേയ്ക്ക് നോക്കിയപ്പോള്‍ സൂചികള്‍ പന്ത്രണ്ടിനോടും രണ്ടിനോടും തൊട്ടിരിക്കുന്നു. പാതിരാത്രി കഴിഞ്ഞിട്ടേയുള്ളൂ! നേരേ തിരിച്ചുപിടിച്ചായിരുന്നു നേരത്തേ നോക്കിയത്. ഒരിളിഭ്യതയും തോന്നിയില്ല. "സമയം ബലഹീനവും യുക്തിഹീനവുമാണെന്ന്‌ ഞാനെന്നേ അറിഞ്ഞിട്ടുണ്ട്, ഓരോ തവണയും സ്ത്രീയവളുടെ സ്നേഹസാന്നിദ്ധ്യം പ്രകടിതമാക്കുമ്പോള്‍" എന്ന് അതില്‍ കുറിച്ചിരുന്നത്‌ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു, അത്ര തന്നെ.

ഉറങ്ങാനല്ല, തുടര്‍ന്ന് വായിക്കാനാണെനിക്ക്‌ താല്പര്യം തോന്നിയത്. "ഒരുദ്യാനധാര, ജീവജലമുള്ള കിണര്‍, മലയിടുക്കുകളിലൂടെയൊഴുകുന്നയരുവി" - ഇവയുടെ ഹൃദയഹാരിത ഒരിക്കല്‍കൂടി എന്റെയനുഭവമായി. ഞാന്‍ തുടര്‍ന്ന് വായിച്ചു: "അവളുടെ കവിള്‍ത്തടങ്ങള്‍ സ്വര്‍ണപ്രഭയേറ്റപോലെ മനോജ്ഞമായിരുന്നു. അവളുടെ മിഴികള്‍ അരിപ്രാവുകളെപ്പോലെ നിഷ്ക്കളങ്കമായി സ്ഫുരിച്ചിരുന്നു. തന്റെ തൂമന്ദഹാസത്താല്‍ എന്റെ സര്‍വമാനങ്ങളെയും വലയംചെയ്ത്, നിറഞ്ഞുതുളുമ്പി, പ്രകാശപൂരിതയായി അവള്‍ അടുത്തുനിന്നു." ആ അനുഭൂതികളിലേയ്ക്ക് ഞാന്‍ ഒരു നിമിഷം തിരിച്ചുപോയി.

ഒരു മൂങ്ങാ പലവട്ടം മൂളി. ഇണയെ വിളിക്കുകയാവാം. ആരുടെയോ വളര്‍ത്തുനായ എന്തോ ഗൌരവമായത് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഒരു ഗൌളി നാല് തവണ തന്റെ കുഞ്ഞുങ്ങളുടെ പേരുവിളിച്ചു. അടുത്ത വരിയില്‍ എന്റെ കണ്ണുകള്‍ തടഞ്ഞു.  - "സമുദ്രങ്ങളുടെ ആഴങ്ങളെ വെല്ലുന്നു വിഹായസിന്റേത്. അതിനെയും ചെറുതാക്കുന്നു മനുഷ്യഹൃദയങ്ങളുടെ പാരസ്പര്യം." - സമയം ബലഹീനമാണെന്ന്‌ എന്റെയുള്ളില്‍ വീണ്ടും മന്ത്രണമുണ്ടായി. ഞാനൊന്നുകൂടി ഉറങ്ങാന്‍ കിടന്നു.

മടക്കിവച്ച കൊച്ചു പുസ്തകത്തിന്റെ താളുകള്‍ അര്‍ദ്ധബോധത്തില്‍ വീണ്ടും മറിഞ്ഞുകൊണ്ടിരുന്നു. ആരോ അതില്‍നിന്നു വായിക്കുന്നതുപോലെ എനിക്ക് തോന്നി. "പൂവിതളുകള്‍ പോലെ മൃദുലമായ അവളുടെ കവിളില്‍ എന്റെ കരതലം സ്പര്ശിച്ചതേ, ജലപ്പരപ്പില്‍ വീണ കടലാസ് കുതിര്‍ന്നലിഞ്ഞു താഴുന്ന ശാന്തതയോടെ, എന്റെ തോളിലേയ്ക്കമര്‍ന്നു, അവളുടെ ശിരസ്സ്‌. 'മരണത്തിനു മുമ്പുള്ള ഒരു വെപ്രാളം, അത് മാത്രമല്ലേ ഈ ജീവിതം?' അനവധി ദൈന്യവിനാഴികകളെ അര്‍ത്ഥശൂന്യമാക്കിയതെല്ലാം മറന്ന്, ഈ ചോദ്യത്തിലേയ്ക്കവള്‍ മയങ്ങിപ്പോയി." 

ഉറങ്ങൂ, കുട്ടീ, നീ ഉണരുമ്പോള്‍, തീര്‍ച്ചയായും, ഉദയസൂര്യനും നിന്റെയീ ഞാനും ഇവിടെത്തന്നെയുണ്ടാവും, നിന്നെക്കാത്ത്!

* Swatch - a cheap sort of Swiss wrist-watch