Shvaasochvaasam pole

അറിവ് നടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്ന-
യല്പാര്‍ത്ഥങ്ങളും അര്‍ത്ഥമില്ലായ്മയും
കേട്ടാണ് ഞാന്‍ വളര്‍ന്നത്‌ -
ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നു വച്ചു.

അതിരില്ലാതെ സ്നേഹിച്ചയമ്മയാകട്ടെ
ഒന്നുംതന്നെ മിണ്ടിയിരുന്നില്ല.
കിട്ടാത്തതിനെപ്പറ്റിയും കിട്ടിയിട്ട് കൈവിട്ടു-
പോയതിനെപ്പറ്റിയും.

ഇത്രയും പറഞ്ഞു:
ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,
കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ
ഇഷ്ടവും നഷ്ടവും നോക്കരുത്.

"അന്യരെ നടുക്കാനല്ല,
സ്വയം നിവര്‍ന്ന് നടക്കാനാണ് നട്ടെല്ല്",
അച്ഛന്‍ പറഞ്ഞു;
നടന്നും കാണിച്ചു.

ആരോടുമൊന്നും മിണ്ടാതെ
കൂട് നെയ്യുന്ന കുരുവികളെ
നോക്കി ദിവസം മുഴുവന്‍
മുറ്റത്തെ മുരിങ്ങച്ചുവട്ടില്‍
ഞാനൊരു മണ്ടനായി
ചടഞ്ഞിരുന്നപ്പോൾ
അച്ഛന്‍ ചിരിച്ചതേയുള്ളൂ;

തല്ലിയില്ല.
മറ്റു കുട്ടികള്‍ ചെയ്യുന്നത് ചൂണ്ടിക്കാണിച്ചില്ല.
തന്നെത്തന്നെയും മുമ്പില്‍ നിറുത്തിയില്ല.
കൈയിലിരുന്ന 'മാതൃഭൂമി' എറിഞ്ഞുതന്നില്ല.

ഘോഷയാത്രക്കാര്‍ക്കാണ് പെരുവഴിയാവശ്യം,
തനിയേ നടക്കാന്‍ ഒറ്റയടിപ്പാതതന്നെ ധാരാളം.
നിങ്ങളുടെ പഴമകളില്‍ ഞാന്‍ ഒന്നും കാണുന്നില്ല,
ഒരിക്കല്‍ ഞാന്‍ പറഞ്ഞുപോയി.

അമ്മ നോക്കി നില്‍ക്കേ,
തോളിലൊന്നു തട്ടിയിട്ട്
പുറത്തേയ്ക്കുള്ള വാതില്‍ തുറന്ന്
അച്ഛനെന്നെ തള്ളിവിട്ടു.

ഞാനെന്തോ പറയാനോങ്ങിയപ്പോള്‍
അടുത്താരും ഇല്ലായിരുന്നു.
നടന്നു നടന്ന് ഞാനങ്ങ് മലയുടെ-
യുച്ചിയിലായിക്കഴിഞ്ഞിരുന്നു.

കൈവിടർത്തി കുരിശുപോലെ നിന്ന്
നീട്ടി ശ്വസിച്ചു. അത്രയും നിശ്വസിച്ചു.
ആകെയുണ്ടായിരുന്ന കള്ളിമുണ്ടും
അതോടേ എനിക്ക് ഭാരമായി.

അതഴിച്ചു ഞാന്‍ തലയില്‍ കെട്ടി.
അന്നുതൊട്ട് ഒരു കവചവും
ഞാനിഷ്ടപ്പെട്ടില്ല. ഒരു സഞ്ചിപോലു-
മില്ലാതെ കൈവീശി നടന്നു.

ആരോടും മത്സരിക്കാത്തയെന്നോട്
കയര്‍ക്കാനാരും വന്നില്ല.
ആർക്കുവേണ്ടിയുമൊന്നും
സൂക്ഷിച്ചുവയ്ക്കാന്‍ പറഞ്ഞില്ല.

ഓ, ജീവിതം ധന്യമാകാന്‍
എത്ര കുറച്ചു മതി!
അവയിലൊന്നുപോലും
ദേഹത്ത് ചുമക്കേണ്ടതുമില്ലെങ്കിലോ?

വായിച്ചെടുക്കേണ്ടതൊന്നും
ഒരു പുസ്തകത്തിലും
ആരോടെങ്കിലും പറയേണ്ടത്
മനസ്സിലും ഇല്ലെന്നറിയും.

കൈയിലൊന്നുമില്ലെങ്കില്‍ ഇഷ്ടപ്പെടാനും
ഇഷ്ടം ചോദിച്ചുവരാനും ആളില്ലാതാകും.
അപ്പോള്‍ വെറുതേ നടന്നു പോകുന്നത്
എത്ര സുഖകരം!

വഴി ചോദിക്കാന്‍പോലും
ഒരാള്‍ വേണ്ടെന്നു വരും.
കണ്ടതൊക്കെ എനിക്ക് ധാരാളം,
കേട്ടതൊക്കെ മതിയാവോളം.

എന്‍റെപോലും ഭാരം ഞാനറിയുന്നില്ല.
ശ്വാസോഛ്വാസം സ്വാതന്ത്ര്യമാണെങ്കിൽ
അതു ഞാനാണ്.
ഭാരമില്ലായ്മയാണ് ജീവിതം.

അങ്ങനെയിരിക്കേ ഞാൻ പെണ്ണുകെട്ടി -
പാരതന്ത്ര്യമെന്തെന്ന് ഞാനറിഞ്ഞു.

സുധയും ഞാനും

മുംബൈയിലെ ചർച്ച്ഗെയ്റ്റിൽനിന്ന് നാരിമാൻ പോയിന്റിലേയ്കൊരു കുറുക്കുവഴിയുണ്ട്‌. അവിടെ, പഴയകാല ബോംബെയിലെ ഒരു തിരുശേഷിപ്പായി അവശേഷിച്ചിരുന്ന പോലീസ് ബാരക്കിൽ പല ഓഫീസുകളും പ്രവർത്തിക്കുന്ന കാലമായിരുന്നത്. Association for Moral and Social Hygiene in India (AMSHI) അതിലൊന്നായിരുന്നു.

വേശ്യാവൃത്തിക്കും ലൈംഗിക രോഗങ്ങൾക്കുമെതിരെയുള്ള ബോധവത്ക്കരണത്തിനും ആവശ്യക്കാർക്ക് സൗജന്യ ചികിത്സക്കുമായി ഒരു ഡസനോളം ഡോക്ടർമാർ ചേർന്ന് നടത്തുന്ന സ്ഥാപനമായിരുന്നു AMSHI. അതിന്റെ ഓഫിസ് സെക്രെട്ടറിയായി ഞാൻ ജോലി നോക്കുന്ന കാലം!

പത്തുമുതൽ നാലു വരെ മാത്രമാണ് ജോലിസമയമെങ്കിലും, കിടക്കാനൊരു സ്ഥലത്തിനുംകൂടെ കൊടുക്കാനുള്ള വരുമാനമില്ലാതിരുന്നതുകൊണ്ട് എന്റെ രാത്രികളും ആ ഓഫീസിൽ തന്നെയായിരുന്നു എന്ന് പറയാം. മനശാസ്ത്രത്തിൽ ബി. എ. കഴിഞ്ഞ്, ജോലിസമയം കഴിഞ്ഞുള്ള ഇടവേളയിൽ പിജിക്ക് തയ്യാറെടുക്കാൻ പണിപ്പെടുകയായിരുന്നു ഞാൻ.
ഒത്തിരി പഠിക്കാനുണ്ട്, താമസിക്കുന്നിടത്ത്‌ യാതൊരു സൗകര്യവുമുണ്ടായിരുന്നില്ല. ഭാഗ്യത്തിന്, ഓഫീസിലിരുന്നു തന്നെ പഠിക്കാനുള്ള അനുവാദം കിട്ടി! രാത്രി മുഴുവൻ കെട്ടിടത്തിനു കാവൽ നിൽക്കുന്ന പോലീസുകാരെയും ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാൽ
പഠനം കഴിഞ്ഞ് നേരം വെളുപ്പിക്കുന്നത് അവിടെ മേശപ്പുറത്തൊരു പുതപ്പു വിരിച്ചു കിടന്നാണെന്ന കാര്യം ആരും അറിയുന്നുണ്ടായിരുന്നില്ല.
ഓഫീസിൻറെ തന്നെ ബാത്റൂം അകത്തുണ്ടായിരുന്നതുകൊണ്ട് കുളിയും അവിടെ തരപ്പെടുത്തി.

AMSHI യുടെ ഓഫീസെന്നു പറഞ്ഞാൽ പ്രധാനമായും ഒരു ഹാളും രോഗികളെ പരിശോധിക്കാനുള്ള മുറിയും ഓഫിസ് സെക്രെട്ടറിക്കുള്ള എഴുത്ത് സാമഗ്രികളും ടൈപ് റൈറ്റർ, ഫോൺ തുടങ്ങിയവയുമുള്ള ചെറിയ മുറിയും ആയിരുന്നു. ഹാളിൽ ഈടുറ്റ പുസ്തകങ്ങൾ, കൂടുതലും മെഡിക്കൽ ബുക്ക്സ്, അടുക്കിവച്ചിരിക്കുന്ന രണ്ടു വലിയ അലമാരകൾ, മീറ്റിംഗിനു വരുന്ന മാന്യാതിഥികൾക്കുള്ള സോഫകൾ. Havelock Ellis ൻറെ Studies in the Psychology of Sex, The Task of Social Hygiene തുടങ്ങിയ കൃതികൾ ഞാനാദ്യമായി കാണുന്നതും വായിക്കുന്നതും അവിടെവച്ചാണ്‌. തൊട്ടടുത്ത് ഒരു മറാഠി/ഹിന്ദി ലൈബ്രറിയായിരുന്നു. അത് ഉച്ചകഴിഞ്ഞേ തുറക്കൂ; ലൈബ്രറിയിൽ പുസ്തകങ്ങൾ എടുത്തുകൊടുക്കാൻ നില്ക്കുന്ന സുധയെന്ന് പേരുള്ള സുന്ദരി പെൺകുട്ടി ചായ മേടിക്കാൻ പോകുന്ന വഴിക്ക് എനിക്കൊരു നല്ല പുഞ്ചിരി സമ്മാനിക്കുമായിരുന്നു.

അഞ്ചു മണി കഴിഞ്ഞാൽ പുറത്തു ബാരക്കിൽ പൊലീസും, അകത്ത് നേരിയയൊരു സ്വരം പോലും കേൾപ്പിക്കാതെ വായനയിൽ മുഴുകിയ ഞാനുമേ ഉണ്ടാകുമായിരുന്നുള്ളൂ. അങ്ങനെ സസുഖം കഴിഞ്ഞിരുന്ന കാലത്ത് നടന്ന ഒരു സംഭവം കേട്ടോളൂ. ഒരു ദിവസം രാത്രി പത്തുമണി കഴിഞ്ഞുകാണും. ഞാനകത്തിരുന്ന് വായിക്കുകയാണ്. പുറത്ത് വലിയ ഒച്ചയും കാല്പെരുമാറ്റവും! ആരോ കതകിൽ തട്ടിയത് കൊണ്ട് ഞാൻ വാതിൽ തുറന്നു. പോലീസിനെയും കുറേ മറാഠികളെയും കണ്ട് ഞാൻ ഭയന്നുപോയി എന്ന് പറയാം. അന്ന് പതിവിനു വിപരീതമായി സുധ വീട്ടിലെത്തിയില്ല. അവളെ തിരക്കി വന്നവരായിരുന്നു അവർ എന്ന് മനസ്സിലായപ്പോഴാണ്‌ ശ്വാസം നേരെ വീണത്.
ബാരക്കിൽ എന്റെ മുറിയിൽനിന്ന് മാത്രം വെളിച്ചം കണ്ടതുകൊണ്ടാണ് അവരവിടെ വന്നതെന്നെനിക്ക് മനസ്സിലായി. വേറാരും അവിടില്ലെന്ന് ഞാൻ പറഞ്ഞിട്ടും അവർ ഹാളിൽ കടന്നു. അവിടെ കണ്ട കാഴ്ച എന്നെയും തെല്ലൊന്നുമല്ല അൽഭുതപ്പെടുത്തിയത്. ഒരു സോഫയിലിരുന്നു സുധമോങ്ങുന്നു!
ഏവരും അന്തംവിട്ടു നിന്നുപോയി!
മൺപാത്രത്തുണ്ട് പറ്റിപ്പിടിക്കുംപോലെ എന്റെ അണ്ണാക്ക് വരണ്ടുപോയി.
അവളെ വിളിച്ചിറക്കി അവർ ചോദ്യം ചെയ്തു തുടങ്ങി. സുധയുടെ അപ്പനായിരിക്കണം, ഒരാളെന്റെ അടുത്തു വന്ന് 'സബ് ഠീക് ഹേ സാബ്' എന്നു പറഞ്ഞിട്ട് അവളെയുംകൊണ്ട് സ്ഥലം വിട്ടു.

പിന്നീടൊരിക്കലും സുധ ലൈബ്രറിയിൽ ജോലിക്ക് വന്നിട്ടില്ല.
ഞങ്ങളുടെ പ്യൂൺ ലക്ഷ്മൺ പാണ്ഡെയാണ് പിന്നീടെന്നോടു പറഞ്ഞത്, 'സുധ ആപ് കെ പീച്ചെ ധീ (സുധ താങ്കളുടെ പിന്നാലെയായിരുന്നു)' യെന്ന്.
എന്നെ കാണുമ്പോഴൊക്കെയുള്ള ആ പാവം പെൺകുട്ടിയുടെ മധുരമായ ചിരിയുടെ അർഥവിതാനങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തിയോ പരിജ്ഞാനമോ അതുവരെ പഠിച്ച മന:ശാസ്ത്രത്തിൽനിന്ന് എനിക്ക് കിട്ടിയിരുന്നില്ല.
ഒരു വാക്കുപോലും എന്നോടു ചോദിക്കുകയോ സംശയം തുടിക്കുന്ന കണ്ണൂകൾകൊണ്ട് എന്നെ തിരിഞ്ഞു നോക്കുകയോ പോലും ചെയ്യാതിരുന്ന ആ മറാഠികൾ ഇന്നുമെന്നെ വിസ്മയിപ്പിക്കുന്നു. അതിന്റെ കാരണം ആരുമെന്നോട് ഇന്നേവരെ പറഞ്ഞിട്ടുമില്ല, മാർഗ്ഗഭ്രംശികളുടെ സുവിശേഷമായ Havelock Ellisൻറെ കൃതികളിൽപ്പോലും ഞാനതിനുത്തരം കണ്ടെത്തിയുമില്ല.

അനുബന്ധം: കാലവും സ്ഥലവും മാറ്റുക. ഇന്നത്തെ കേരളത്തിൽ ഒരന്യസംസ്ഥാന തൊഴിലാളിക്കായിരുന്നു ഈ അനുഭവമുണ്ടായതെങ്കിൽ, അതെഴുതിവയ്ക്കാൻ അയാൾക്ക്‌ ജീവൻ ബാക്കിയുണ്ടാവുമായിരുന്നോ!

ദൈവവും പ്രപഞ്ചവും നാമും (complete article)

"ദൈവവും മനുഷ്യനും - (21.10. 2015)

സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. ദൈവം തന്റെ സ്വന്തം ച്ഛായയിലും രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നത് മനുഷ്യമനസ്സിന്റെ അഹന്തയിൽ കുരുത്ത 'ദിവ്യ'(പടു) ചിന്തയാണ്. കാരണം, ദൈവത്തിന്റെ ച്ഛായയും രൂപവും മറ്റെന്തിനെങ്കിലും അതിനോടുള്ള സാദൃശ്യവും എന്താണെന്ന് ഒരുവിധത്തിലും അറിയാൻ കെല്പില്ലാത്തെ ഒരു കൃമിയാണ് ഇങ്ങനെ മാനസ്സികഭോഗം നടത്തുന്നത്. എത്ര സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇതെല്ലാം 'വേദ'പുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞാലും ഓക്കത്തരം സത്യമാവില്ല.
പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമല്ല എന്നുള്ള വാദം ശരിയാകാൻ പോകുന്നില്ല. പ്രപഞ്ചത്തിന്റെ അനന്തതകളിലെവിടെയോ ഇരുന്ന് നമ്മുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒരസ്സാധാരണ ശക്തി എന്ന് ദൈവത്തെപ്പറ്റിയുള്ള പൊതുകാഴ്ചപ്പാടിനെ വിലയിരുത്തുമ്പോൾ അതിൽ പ്രപഞ്ചസൃഷ്ടിയും ഉൾപ്പെടും. ആ ദൈവത്തിന് പല രാജ്യങ്ങളിലും പല മതങ്ങളിലും പല നാമങ്ങളാണ്, പല ഭാവങ്ങളാണ്. എന്നിരുന്നാലും പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന കാര്യത്തിൽ ഭൂരിപക്ഷത്തിനും സംശയമില്ല. പക്ഷേ, പ്രപഞ്ചസൃഷ്ടിയുടെ ലക്ഷ്യം മനുഷ്യമനസ്സിന് ഉള്ക്കൊള്ളാനാകുമോ എന്നത് എന്നും സംശയാസ്പദമാണ്. അവനെ വളര്ത്തുന്ന പ്രകൃതിയിൽ മനുഷ്യൻ മാത്രം കാട്ടിക്കൂട്ടുന്ന വികൃതികൾ ശ്രദ്ധിക്കുമ്പോൾ, ദൈവത്തിന് ഈ വര്ഗ്ഗത്തിനുമേൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോയെന്നു ചോദിക്കേണ്ടിവരുന്നു. ദൈവവും മനുഷ്യനും തമ്മിൽ എന്തെങ്കിലും ബന്ധം വേണോ വേണ്ടയോ എന്നത് നമ്മൾ തന്നെ തീരുമാനിക്കേണ്ടിവരുന്നു. ആ തീരുമാനത്തെ അനുസരിച്ചിരിക്കും അവന്റെ ഈ ലോകത്തിലെ സന്തുഷ്ടി. ബുദ്ധചിന്തയൊഴിച്ചുള്ള (അതൊരു മതമല്ല) എല്ലാ മതങ്ങളും പരലോകത്തെപ്പറ്റി പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്നുണ്ടെങ്കിലും ഇതിനപ്പുറത്തുള്ള ഒരു ലോകത്തെ തത്ക്കാലം മറക്കുന്നതാണ് സന്തുഷ്ടമായ ജീവിതത്തിന് ഏറ്റവും ഉതകിയ വഴിത്താര. മറിച്ചുള്ളത് വെറും ജലരേഖയായി കലാശിക്കും."

ദൈവവും പ്രപഞ്ചവും നാമും 
മുകളിലത്തെ കുറിപ്പ് എഴുതിയിട്ട് ഇന്ന് (21.10. 2016) കൃത്യം ഒരു വർഷമാകുന്നു. ചിന്ത വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനാൽ ഇതിനോട് പലതും ചേർത്തെഴുതേണ്ടതുണ്ട് എന്ന ആഗ്രഹം കലാശാലാണ്. ദൈവമെന്താണെന്നും ലോകമെന്താണെന്നും ഒരിക്കൽ നമുക്ക് തോന്നുന്നത് - ആ തോന്നൽ എത്രകാലം നീണ്ടുനിന്നാലും - വീണ്ടും വീണ്ടും തിരുത്തേണ്ടിവരുന്നു. അവ്യക്തമായത് കൂടുതൽ വ്യക്തമായിത്തീരുന്ന ആ പ്രക്രിയയാണ് നമ്മെ മനുഷ്യരാക്കുന്നത്. ഈ മാനസ്സികപ്രക്രിയയിൽ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടിൽനിന്ന് അതൊരു ആന്തരികതയാണെന്ന സത്യം തെളിഞ്ഞുവരും. 

നമ്മൾ, നമ്മുടെ ലോകം, ഈ പ്രപഞ്ചംതന്നെ എന്താണെന്ന് നമുക്ക് തോന്നുന്നുവോ അതല്ല അത് എന്ന യാഥാർഥ്യത്തിലേക്കാണ് ആധുനികമായ ശാസ്ത്രീയാന്വേഷണങ്ങൾ നമ്മെ കൊണ്ടുചെന്നിരിക്കുന്നത്. അണു ഒരു വസ്തുവേയല്ല, മറിച്ചു്, ശൂന്യതയാണ് എന്നാണ് ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തൽ. എല്ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നത് അണുക്കളും അവയുടെ ഉപകണങ്ങളുംകൊണ്ടാണെങ്കിൽ നമ്മൾ 'കാണുന്ന' പ്രപഞ്ചം ഒരു നിഗൂഢത തന്നെയാണ്. നിരന്തരം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതാണ് നമ്മുടെ പ്രപഞ്ചം. പരമമായ സത്യം ചിത്ത് ആണെന്നാണ് ഭാരതത്തിന്റെ തനതായ ഉപനിഷത് സംസ്‌കൃതിയിൽ നമ്മൾ കേട്ട് ശീലിച്ചിട്ടുള്ളത്. ആ ചിത്താകട്ടെ, സർവവ്യാപകവും സർവാന്തര്യാമിയുമായ, നമുക്ക് നേരിട്ട് ഗോചരമല്ലാത്ത, ബോധമാണ്. "രൂപം കാണുമ്പോൾ, കാണുന്നവൻ കണ്ണാണ്; കണ്ണിനെ കാണുന്നവൻ മനസ്സാണ്; മനസ്സിലെ രൂപാന്തരങ്ങളെ കാണുന്നവൻ അനശ്വര സാക്ഷിയായ ആത്മാവാണ്. ആത്മാവാകട്ടെ, കാണുന്നവനാണ്, കാണപ്പെടുന്നവനാകില്ല." (ദൃക് ദൃശ്യവിവേകം)

ഓർത്തിരിക്കുക: വേദാന്ത തത്ത്വചിന്തയിൽ ആത്മാവ്, പരമാത്മാവ്, ബോധം എന്നീ പദങ്ങൾക്ക് ഒരേ അർത്ഥമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. ആത്മാവായി ശരീരത്തെ വഹിക്കുന്നതും, പരമാത്മാവായി പ്രപഞ്ചത്തെ വഹിക്കുന്നതുമായ ഈ ഭാവത്തെയാണ് ഭാരതചിന്തയിൽ ബ്രഹ്മമെന്ന് വിളിക്കുന്നത്. (ശരീരത്തിൽ ആത്മാവ് കുടികൊള്ളുന്നു; പ്രപഞ്ചത്തിൽ പരമാത്മാവ് വസിക്കുന്നു എന്ന ചിന്തകൾ തലതിരിഞ്ഞതാണ്. അവയെ നേരേ തിരിച്ചിടേണ്ടതുണ്ട്.)

ദൃശ്യമായ എന്തിന്റെയും പിന്നിൽ അനിവാര്യമായി നിലനിൽക്കുന്ന അദൃശ്യമായതിനെ അംഗീകരിക്കാൻ ഭൗതികചിന്തക്ക് സാദ്ധ്യമല്ല. മതങ്ങളും ആ വഴിയിലൂടെ സഞ്ചരിച്ചതിന്റെ ഫലമാണ് ദൈവത്തെ നമുക്ക് വെളിയിലുള്ള ഒരു ശക്തിയായി കരുതാനും ആരാധിക്കാനും ഇടയാക്കിയെന്നത്. ശരിയായ ആദ്ധ്യാത്മികതയുടെ പാതയിലേക്കെത്തണമെങ്കിൽ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടിൽനിന്നും അതൊരു ആന്തരികബോധമാണെന്ന അറിവിലേക്കും അനുഭവത്തിലേക്കും നമുക്ക് മാറാൻ കഴിയണം. ബാഹ്യമായ എല്ലാ മതാനുഷ്ഠാനങ്ങളും വാച്യമായ പ്രാർത്ഥനാബാഹുല്യവും ഈ അറിവിന്റെ അഭാവംമൂലം വളർന്നുവന്നവയാണ്. ആന്തരികമായ ആത്മാന്വേഷണം ഇന്നത്തെ രീതിയിലുള്ള മതപരമായ എല്ലാ മദ്ധ്യവർത്തികളുടെയും ആവശ്യം ഇല്ലാതാക്കും; അവയെ തീർത്തും അസ്സാധുവാക്കും. നമ്മുടെയും ഈ ലോകത്തിന്റെയും ഉപരിതലത്തിൽ സ്ഥാനീയനായ ദൈവം എന്ന സങ്കല്പം (സ്വർഗ്ഗസ്ഥനായ പിതാവ്) പഴകിപ്പോയ മതചിന്തയുടെ സൃഷ്ടിയാണ്. ഇന്നത്തെ നമ്മുടെ മനസ്സിന് യോജിച്ചത്, നിരാകാരവും അദൃശ്യവും സർവാന്തര്യാമിയും സർവജ്ഞനുമായ ഒരു ദൈവമാണ്. മതചിഹ്നങ്ങളെല്ലാം പ്രാകൃതസങ്കല്പങ്ങളുടെ താത്‌ക്കാലിക ബിംബങ്ങൾ മാത്രമായിരുന്നു എന്നതാണ് വാസ്തവം. അറിവിന്റെയും ആന്തരികതയുടെയും മഹിമാവിലേക്കു വളരാൻ ഭയപ്പെടുന്നവരാണ് ഇന്നും അവയെ കെട്ടിപ്പുണർന്നുകൊണ്ടിരിക്കുന്നത്.

സംഘടിതമതങ്ങളുടെ മാറ്റമില്ലാത്ത സിദ്ധാന്തങ്ങളുടെയും ആഴമില്ലാത്ത വിശ്വാസപ്രമാണങ്ങളുടെയും ഊന്നലുകൾ ആത്മസാക്ഷാത്ക്കാരത്തിലേക്കു നയിക്കുകയില്ലെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മനസ്സിലാകും. എല്ലാം കാഴ്ചക്കും കാണിക്കലിനുമായി മാത്രമായുള്ള ഒച്ചപ്പാടുകളായി കെട്ടടങ്ങുമ്പോൾ ബാക്കിയൊന്നും നിലനിൽക്കുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ആന്തരികമായ ശൂന്യതയാണ് ഫലം. 

അസ്തിത്വമുള്ള എല്ലാറ്റിലും - ജൈവമോ അജൈവമോ,ചരമോ അചരമോ, ദൃശ്യമോ അദൃശ്യമോ ആയതിലെല്ലാം ദൈവം അല്ലെങ്കിൽ അനന്തബോധം നിറഞ്ഞിരിക്കുന്നു എന്ന ആന്തരികാനുഭവമാണ് ആദ്ധ്യാത്മികതയുടെ കാതൽ. പരമമായ അറിവാണിത്. മനുഷ്യന്റെ ശാസ്ത്രാന്വേഷണം തന്നെ ജൈവപരിണാമത്തിലൂടെ ഈ സത്യത്തിലേക്കാണ് വന്നുചേരുന്നത് എന്ന് പറയാം. ശാസ്ത്രം സത്യാന്വേഷണമാണെങ്കിൽ ആദ്ധ്യാത്മകത ആ സത്യത്തിന്റെ സാക്ഷാത്ക്കാരമാണ്. ഭൗതിക-നിരീശ്വരവാദികളും അജ്ഞേയതാവാദികളും ഈ വഴിത്താരയിൽനിന്ന് ഇടറിമാറുന്നത് എങ്ങനെയെന്നത് മറ്റൊരു വിഷയമായതിനാൽ ഇവിടെ പരാമർശവിധേയമാക്കുന്നില്ല.

ഈ ചിന്തകളുടെ തുടർച്ചയായി വീണ്ടുമൊരിക്കൽ വികസിപ്പിക്കാനുള്ള വിഷയങ്ങൾ ഇവിടെ കുറിക്കുക മാത്രമേ തത്ക്കാലം ചെയ്യുന്നുള്ളൂ.
1. ഒരൊറ്റ ആദിമാണുവിൽനിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തിൽനിന്ന് ഒരു പുതുജീവി വികസിക്കണമെങ്കിൽ രണ്ടിടത്തും ബോധവൃത്തി ഉണ്ടായിരിക്കണം.
2. ജീവനിൽനിന്നേ ജീവൻ വരൂ എന്നതിനാൽ അത് അനന്തമാണ്.
3. സത്ത = അസ്തിത്വം = ജീവൻ = ബോധം = പ്രകൃതി/ദൈവം
4. നമ്മെ സംബന്ധിച്ചിടത്തോളം ജനനവും മരണവും ജീവന്റെ അവസ്ഥാന്തരത്തിലേക്കുള്ള ഒരു വഴി മാത്രമാണ്. 
തുടരും.

ദൈവവും പ്രപഞ്ചവും നാമും എന്ന ലേഖനത്തിന്റെ തുടർച്ച -

ഭൗതിക ശാസ്ത്രജ്ഞാനം അനുമാനിക്കുന്നതുപോലെ ഒരൊറ്റ ആദിമാണുവിൽനിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തിൽനിന്ന് ഒരു പുതുജീവി വികസിക്കണമെങ്കിൽ രണ്ടിടത്തും പശ്ചാത്തലത്തിൽ ബോധവൃത്തി ഉണ്ടായിരിക്കണം.

ജീവശാസ്ത്രത്തിൽ വിഭേദനം (differentiation) എന്നൊരു പ്രക്രിയ ഉണ്ട്. (പി.കേശവൻനായരുടെ 'ആസ്തികനായ ദൈവം' എന്ന കൃതി കാണുക.) നമുക്ക് നമ്മുടെ മനുഷ്യാനുഭവം ഒന്ന് പരിശോധിക്കാം. എവിടെനിന്നാണ് ഒരു പുതിയ മനുഷ്യക്കുഞ്ഞുണ്ടാകുന്നത്? മാതാപിതാക്കൾ ആകെ ചെയ്യുന്നത് ഒരണ്ഡത്തെയും ഒരു ബീജത്തെയും സന്ധിപ്പിക്കുക എന്നത് മാത്രമാണ്. അങ്ങനെ ഉണ്ടാകുന്ന ഭ്രൂണം ഒരൊറ്റകോശ ജീവിയാണ്. അതിനുള്ള വാസസ്ഥലം മാത്രമാണ് ഗർഭാശയം. ആ ഏകകോശം വിഭജിച് രണ്ടായി, പിന്നെ നാലായി, എട്ടായി വളരുകയാണ്. ഇങ്ങനെ കോശങ്ങളുടെ എണ്ണം കൂടുന്നതുകൊണ്ട് മാത്രം ഒരു പുതിയ മനുഷ്യജീവി ഉണ്ടാവില്ല. ആയിരങ്ങളും ലക്ഷങ്ങളുമായി പെരുകുന്ന കോശങ്ങൾ ആംഗോപാംഗങ്ങളുള്ള ഒരു ജീവി ആയിത്തീരണമെങ്കിൽ ഇവയിൽ ഏതുകോശം ശരീരത്തിന്റെ ഏതവയവത്തിന്റെ ഏതുഭാഗമായി - ചർമം, അസ്ഥി, മജ്ജ, രക്തം, മാംസം, നാഡി, രോമം എന്നിങ്ങനെ - പ്രവർത്തിക്കാൻ തുടങ്ങണം എന്നത് ഓരോ കോശവും സ്വയം കൃത്യമായി അറിഞ്ഞിരിക്കണം. എവിടെനിന്നാണ് ഈ അറിവ് വരുന്നത്? ഈ അറിവുകൾ നൽകാൻ ഗര്ഭധാരണത്തിന് ശേഷം മാതാപിതാക്കൾ ഒന്നും ചെയ്യുന്നില്ല. അതിനർത്ഥം, ഈ കോശ സമൂഹങ്ങളുടെയെല്ലാം ഉദ്ദേശ്യം ആരംഭത്തിലെ ഭ്രൂണത്തിൽ തന്നെ ഉണ്ടായിരുന്നു എന്നല്ലേ? ജീവൽപ്രക്രിയയുടെ ഭൗതികാടിസ്ഥാനമായ ജീൻ വെറും രാസവസ്തുക്കൾകൊണ്ട് നിർമ്മിതമാണെങ്കിലും അതിൽ അറിവ് അല്ലെങ്കിൽ ബോധംകൂടെ ഉണ്ടെങ്കിലേ ഇന്നയിന്ന അവയവങ്ങൾ അതാതിന്റെ സമയത്ത് രൂപപ്പെടുവാൻ സാദ്ധ്യതയുള്ളൂ. അതായത്, എല്ലാ ജീവികളുടെയും ആവിർഭാവത്തിൽ നടക്കുന്നത് ബോധപൂർവമുള്ള വിഭേദനമാണ്. അതുകൊണ്ട് അത് ഭൗതികാതീതമാണ് എന്ന് സമ്മതിക്കാതെ പറ്റില്ല.
പ്രാചീനമായ ഭൗമാന്തരീക്ഷത്തിൽ ചില രാസപദാർത്ഥങ്ങൾ യാദൃശ്ചികമായി കൂടിച്ചേർന്നപ്പോൾ ഉണ്ടായ പ്രതിഭാസമാണ് ജീവൻ എന്ന ഭൗതിക കാഴ്ചപ്പാട് ശരിയാകാൻ പോകുന്നില്ല. ചില അമ്ലസൂപ്പുകളിൽ വൈദ്യുതിപ്രസരം നടത്തി ജീവന്റെ ആവിർഭാവം കണ്ടെത്തിയതായി പ്രചരിപ്പിക്കുന്നവർ ഉണ്ടെങ്കിലും ഉണ്മയിൽ നിന്നല്ലാതെ ഉണ്മ ഉണ്ടാവില്ല എന്നതുപോലെ, ജീവനിൽ നിന്നല്ലാതെ ജീവൻ ഉണ്ടാവില്ല എന്നതിൽ സംശയത്തിനു സ്ഥാനമില്ല.
നാം കാണുന്ന പ്രപഞ്ചത്തിന്റെ ഉത്ഭവവും ഇതേ യുക്തിക്ക് അധീനമാണ്. The big bang എന്ന സിദ്ധാന്തമനുസരിച്, അതിസാന്ദ്രമായിരുന്ന ഒരു ആദിമാണുവിൽനിന്ന് ഒരുഗ്രൻ പൊട്ടിത്തെറിയിലൂടെ രൂപംകൊണ്ടതാണ് ഈ മഹാപ്രപഞ്ചം എന്ന് പറയുമ്പോൾ അതിന്റെ സത്ത മുഴുവൻ ആ ആദിമാണുവിൽ ഉൾക്കൊണ്ടിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അവിടെയില്ലാത്തത് പിന്നീട് ഉണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല. ശൂന്യതയിൽ (അസത്തിൽ) നിന്ന് സത് ഉണ്ടാവില്ല. സത്തിൽ നിന്നേ സത് ഉണ്ടാവൂ. അങ്ങനെയെങ്കിൽ ഭാവി പരിണാമത്തിനുള്ള ബോധം ആ ആദിമാണുവിൽ സന്നിഹിതമായിരുന്നു എന്നത് സംശയാതീതമാണ്.
ഏറ്റവും മൗലികമായ സത്യത്തെയാണ് നാം സത്ത അല്ലെങ്കിൽ ഉണ്മ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. "ജീവപരിണാമത്തിൽനിന്ന് ദശലക്ഷക്കണക്കിനു ജീവരൂപങ്ങൾ വികസിച്ചുവന്നിട്ടുണ്ട്. ഇങ്ങനെ രൂപംകൊണ്ട സസ്യ- ജന്തുവർഗങ്ങൾ ക്ഷീരപഥങ്ങളിലെ താരങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് നമുക്ക് തോന്നുമെങ്കിലും അവ തമ്മിൽ ഉണ്മയുടെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ല. ഇവയുടെയെല്ലാം നിർമിതി ഒരേ മൂലഘടകങ്ങൾകൊണ്ടും അവക്ക് പിന്നിൽ പ്രവർത്തിക്കുന്ന ബോധപ്രക്രിയകൊണ്ടുമാണ് എന്നേ യുക്തിക്ക് അംഗീകരിക്കാനാവൂ. ഇവയിലെല്ലാം പ്രവർത്തിക്കുന്നത് അപാരമായ ജീവന്റെ ഊടും പാവുമാണ്. ഉപാണവകണമായ ഓരോ എലെക്ട്രോണിനും ബോധമുണ്ടെന്നും സ്ഥലകാല പരിധികൾക്കപ്പുറത്തേക്ക് ഒന്ന് മറ്റൊന്നിനെ അറിയുന്നുണ്ടെന്നുമാണ് ഏറ്റവും ആധുനികമായ ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തൽ." ജൈവപരിണാമത്തിന്റെ മുന്നോടിയായിട്ടുള്ള ദ്രവ്യപരിണാമം പ്രപഞ്ചാരംഭം മുതൽ ഉള്ളതാണെന്ന് മൂലകങ്ങളുടെ പാചകം എന്ന കൃതിയിൽ ശാസ്ത്രസാഹിത്യകാരനായ ജോർജ് ഗാമോവ് പറയുന്നു.
കണങ്ങളുടെ ഭാഗമായ പ്രോട്ടോണുകളും ന്യൂട്രോണുകളും നിർമിച്ചിരിക്കുന്നത് ക്വാർക്കുകൾ കൊണ്ടാണ്. അവക്കും ഏകകോശബാക്ടീരിയകൾ വിഭജിച്ചു രണ്ടാകുന്നതുപോലെ പെരുകാൻ കഴിയും. ഈ പ്രക്രിയയും ബോധത്താൽ നിയന്ത്രിക്കപ്പെടുന്നതായി വേണം കരുതാൻ. ബോധമുള്ളിടത്ത് ജീവനുണ്ട്. ജീവനില്ലാത്ത പല ഘടകങ്ങളുടെ ഏതോ സവിശേഷമായ കൂടിച്ചേരൽ വഴിയാണ് ജീവൻ പ്രപഞ്ചത്തിൽ വന്നുചേർന്നതെന്നുള്ള ചിന്ത യുക്തിസഹമല്ല. കാരണം, നേരത്തെ സൂചിപ്പിച്ചതുപോലെ, ഉണ്മയിൽ നിന്നേ ഉണ്മ ഉണ്ടാവൂ. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, ഫോസ്ഫറസ്, സൾഫർ എന്നിവ കൂടിചേർന്നാണ് അമിനോ ആസിഡുകളും പഞ്ചസാരയും കൊഴുപ്പും ഉണ്ടായി അവയിൽനിന്നും ജീവന്റെ ആദിരൂപം ഉടലെടുത്തെന്ന് ഇനിയും പറയാം, എന്നാൽ ഇതൊക്കെ നമുക്ക് മനസ്സിലാവാത്ത വിധത്തിലുള്ള ബോധപ്രവർത്തനത്തിന്റെ പരിണതഫലമാണെന്നത് വിസ്മരിക്കാനാവില്ല. ജീവൻ എപ്പോഴും ഇവിടെ ഉണ്ടായിരുന്നു എന്നത് ഒരു ആദ്ധ്യാത്മക വീക്ഷണമാണ്; എന്നാൽ അത് ശാസ്ത്രീയമായും യുക്തിസഹമാണെന്ന് കൂടുതൽ ചിന്തകർ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.
സത്ത = അസ്തിത്വം = ജീവൻ = ബോധം = പ്രകൃതി/ദൈവം എന്നത് അതിമനോഹരമായ ഒരു ചിന്തയാണ്. എന്നാൽ അതേസമയം അക്കൂടെ ഉത്തരമില്ലാത്ത ഒരേയൊരു ചോദ്യം എപ്പോഴും ഉയർന്നവരുന്നു - ആധുനിക ഭൗതികശാസ്ത്രത്തിലൂടെയും (ക്വാണ്ടം ഫിസിക്സ്) വേദാന്തത്തിലൂടെയും മതവിശ്വാസത്തിലൂടെയുമൊക്കെ ദൈവം, പ്രപഞ്ചം, മനുഷ്യൻ എന്നിവയെ ബന്ധിപ്പിച് അദ്വൈതവും ഏകം സത്തും ഒക്കെ കണ്ടെത്താം. എന്നാൽ അവിടെയെല്ലാം ഒഴിയാബാധയായി ഈ ഒരു പ്രശനം മനുഷ്യബുദ്ധിയെ അലട്ടുന്നു - എന്തുകൊണ്ട് ജൈവലോകത്ത് ഇത്രയധികം വേദനകൾ, എന്തുകൊണ്ട് ഇത്രമാത്രം ക്രൂരതകൾ? ഈ സമസ്യ വിലയേറിയ എല്ലാ നല്ല ബൗദ്ധിക കണ്ടെത്തലുകളെയും അനാകർഷകവും അസാധുവുമാക്കുന്നു. എക്കാലവും മനുഷ്യർ ഇതിനുത്തരം അന്വേഷിക്കുന്നു, എന്നാൽ ഇതുവരെ അതിൽ വിജയിച്ചിട്ടില്ല എന്നതാണ് സത്യം.

Post Traumatic Stress Disorder

Post Traumatic Stress Disorderന് (PTSD) മലയാളത്തിൽ ദുരന്താനുഭവാനന്തര മനോവിഭ്രാന്തി എന്ന് നീട്ടിയോ കുറുക്കിയോ പറയാം. കൊല്ലാനും കൊല്ലപ്പെടാനുമായി ഏതൊരു രാഷ്ട്രവും ഒരുക്കിവിടുന്ന പച്ച മനുഷ്യർക്ക്‌ യുദ്ധഭൂമിയിൽ നിന്ന് തിരികെവരാൻ ഭാഗ്യം ലഭിച്ചാൽ, പിന്നീട് ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ ഭ്രാന്താവസ്ഥക്കാന് ഈ പേരിട്ടിരിക്കുന്നത്. അമാനുഷമായ ക്രൂരതകൾ ചെയ്യേണ്ടിവരികയോ, മരണഭയത്തിൽ കഴിയേണ്ടിവരികയോ ചെയ്തിട്ട് തുടര്ന്നുള്ള ജീവിതത്തിൽ പട്ടാളക്കാർക്ക് ഇടക്കിടക്കുണ്ടാകുന്ന ദുസ്വപ്നങ്ങളും മനസ്സാക്ഷിക്കുത്തും എല്ലാം ചേർന്ന വിഷാദ രോഗമാണിത്. വിയെറ്റ്നാം യുദ്ധത്തിൽ 58'000 അമേരിക്കർ മരിച്ചെങ്കിൽ, ആ യുദ്ധത്തിലെ അത്രയും തന്നെ വിമുക്ത ഭടന്മാർ ഈ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തു. ഓരോ യുദ്ധത്തിലും ഇങ്ങനെ അനേകായിരങ്ങൾക്ക് സംഭവിക്കുന്നുണ്ട്.
നമ്മുടെ നാട്ടിലെ പല പോലീസുകാർക്കും നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കേണ്ട ദുരവസ്ഥ ഉണ്ടാകുന്നുണ്ട്. അത് ആസ്വദിക്കാനാണ് അവരെ പഠിപ്പിക്കുന്നതെന്ന് നമുക്ക് തോന്നിപ്പോകും. പലപ്പോഴും അങ്ങനെയാവണമെന്നില്ല. എത്രയോ പാവം മനുഷ്യർ നമ്മുടെ നാട്ടിൽ കഴിഞ്ഞ വർഷങ്ങളിൽ തന്നെ ഒരു കാരണവും ഇല്ലാതെ പിടിക്കപ്പെടുകയും മരണതുല്യമായ രീതിയിൽ കസ്റ്റഡിയിൽ കഴിയേണ്ടിവരികയും പലരും പോലീസിന്റെ അതിക്രമം മൂലം കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നിർദോഷികളോട് ഇത്ര വികൃതമായി പെരുമാറുന്ന ഒരു പോലീസ് സ്ഥാപനം ഈ രാജ്യത്തുള്ളത് അപമാനകരമാണ്. നക്സലൈറ്റ് എന്താണെന്നുപോലും അറിയില്ലാത്ത ഗ്രാമീണരെ ഇന്ത്യൻ പട്ടാളം ഏറ്റുമുട്ടൽ എന്നും പറഞ്ഞ് കൊല്ലുന്നതിനെതിരെയാണല്ലോ ഇറോം ഷർമിള പതിറ്റാണ്ടിലേറെയായി നിരാഹാരം അനുഷ്ടിക്കേണ്ടിവന്നത്.

സ്വേശ്ചാധിപതികളുടെ പട്ടാളം ഇങ്ങനെയൊക്കെ ചെയ്യുക സാധാരണമായിരുന്നു എന്നതിന് എത്രയോ തെളിവുകൾ ഉണ്ട്. ദസ്തയേവ്‌സ്കിയുടെ ഐവാൻ കരംസോവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: "ഇത്ര ക്രൂരമായി, ഇത്ര പണിക്കുറ തീർന്ന വിധത്തിൽ, പെരുമാറാൻ മനുഷ്യാധമന്മാർക്കല്ലാതെ ആർക്ക് കഴിയും?" അവരിൽ പലരും ശിഷ്ടജീവിതത്തിൽ PTSDക്ക് അധീനരായി തീർന്നിട്ടുണ്ട് എന്നുവേണം അനുമാനിക്കാൻ. യുദ്ധഭാഷ്യങ്ങളുടെ എഴുത്തുകാരിയും സാഹിത്യത്തിന് നോബേൽ സമ്മാനം നേടിയവളുമായ സ്വെറ്റ് ലാന  അലെക്സേവിച് ഇത്തരം സംഭവങ്ങൾ ധാരാളം കുറിച്ചിട്ടിട്ടുണ്ട്‌.

എന്റെ ഒരു സുഹൃത്ത്‌ കുറേ നാൾ പോലീസിൽ ആയിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞ ഒരു ചെറിയ അനുഭവം. കഥയിത്രയേ ഉള്ളൂ. എന്നും ഏതൊക്കെയോ ദുസ്വപ്നം കണ്ടാണ്‌ അങ്ങേർ ഉണരുന്നത്. ഏതു സ്വപ്നവും അവസാനിക്കുന്നത് left, right, left, right....about turn! കൊണ്ടാണ്. നീണ്ട് പരേട്‌ കഴിഞ്ഞ് എല്ലാം അവസാനിക്കുന്ന about turn കേൾക്കുന്നതോടെ അദ്ദേഹം കട്ടിലിൽ നിന്ന് താഴെ വീണിരിക്കും. ഇതും മുകളിൽ പറഞ്ഞതും തമ്മിൽ ഞാനായിട്ട് ബന്ധിപ്പിക്കുന്നില്ല. പക്ഷേ, സംഗതി അത്ര രസകരമല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുമ്പോൾ ഞാനെന്താണ് ചിന്തിക്കേണ്ടത്? 

ദൈവനിഷേധവും ദൈവാഭിമുഖ്യവും

ദൈവനിഷേധികളുടെ എണ്ണം ഫെയ്സ്ബുക്കിൽ മാത്രമല്ല നാട്ടിലും കൂടിക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകൾ തന്നെയുണ്ട്‌. സ്വന്തം വാക്യങ്ങളും ഉദ്ധരണികളുംകൊണ്ട് പലരും അവരുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കാൻ ശ്രമിക്കുന്നുണ്ട്. അവയിൽ സമകാലികമായ ചിലത് പേര് വയ്ക്കാതെ താഴെ ചേർക്കുന്നു:
"നീ വിശ്വസിക്കുന്ന ശക്തി നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഇനിയുമതിനെ നീ പേറണോ?"

"ആരാണ് ദൈവം? ക്ഷേത്രമുറ്റത്ത് പൊട്ടിത്തെറിച്ചവർ അലറിവിളിക്കുമ്പോഴും ശ്രീകോവിലിന്റെ ഇരുട്ടുമറയിൽ ഒളിഞ്ഞിരിക്കുന്ന കല്പ്രതിമയോ?"

"പൂരം കാണാൻ പോയ അച്ഛനിനിയും വന്നില്ല...
കമ്പക്കെട്ട് കഴിഞ്ഞപ്പോൾ,
ദൈവങ്ങളെല്ലാം നിശ്ശബ്ദർ!

ആ രാത്രി, അച്ഛൻ മോർച്ചറിയിലും
ദൈവം ശ്രീകോവിലിലും പള്ളിയുറങ്ങി!"

"അറിയില്ല എന്ന് പറയാൻ ധൈര്യമില്ലാത്തവർ പകരം ഉപയോഗിക്കുന്ന വാക്കാണ്‌ ദൈവം."

"ആനക്ക് മദം കൊടുക്കുന്നത് പ്രകൃതിയാണ്. മതമാകട്ടെ പ്രകൃതിവിരുദ്ധമായ മദമാണ്. അത് മനുഷ്യപ്രകൃതിയിലെ വികൃതചിന്തകളുടെ ഉല്പ്പന്നമാണ്."

"നിങ്ങൾക്ക് ദൈവത്തെ വില്ക്കാം. എന്നാൽ എല്ലാവരും അത് വാങ്ങണമെന്ന് നിബന്ധമരുത്."

"Be an atheist, be a humanist."

"If one says, 'God speaks to me', either he's lying or he's schizophrenic."

പ്രകൃതിശക്തികളുടെയെല്ലാം പിന്നിൽ അമാനുഷികമായ എന്തോ പ്രതിഷ്‌ഠിച്ചിട്ട്, സ്തുതിയും പൂജയും ബലിയുമൊക്കെയായി അതിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിലെ വിഡ്ഢിത്തത്തെയാണ് മേല്ക്കുറിച്ച പ്രതികരണങ്ങൾ നിന്ദിച്ചുതള്ളുന്നത്. എന്നാൽ ഇവരെല്ലാം ദൈവമെന്ന സങ്കല്പത്തെ തള്ളിപ്പറയുകയല്ല ചെയ്യുന്നത്. യുക്തിവാദികളും നിരീശ്വരവാദികളും പോലും വിമർശിക്കുന്നത് അനാശാസ്യങ്ങളിലേക്ക് നയിക്കുന്ന തെറ്റായ ദൈവസങ്കല്പങ്ങളെയാണ്. ദൈവസങ്കല്പം ബാലിശവും സ്വാർഥപരവും ആകുമ്പോഴാണ് മനുഷ്യൻ വഴിതെറ്റുന്നത്. അത്തരം ദൈവത്തെ നിരാകരിച്ചവരാണ് മുഖ്യധാരയിലുള്ള ശാസ്ത്രജ്ഞരെല്ലാം തന്നെ. സ്റ്റീവൻ ഹോക്കിംഗിനെപ്പോലെ കടുത്ത നിരീശ്വരവാദികൾ ഉണ്ടെങ്കിലും മിക്ക ശാസ്ത്രപ്രതിഭകളും അനാചാരങ്ങളുടെ ബലഹീനതകളിൽ ആണ്ടുപോകാത്ത ഒരീശ്വരസങ്കല്പത്തെ ഉള്ളിൽ  കൊണ്ടുനടക്കുന്നുണ്ട്. ആ ദൈവം മനുഷ്യന്റെ വ്യക്തിപരമായ വ്യാപാരങ്ങളിൽ ഇടപെടാതെ, പ്രപഞ്ചത്തിന്റെ അനുദിന നടത്തിപ്പ് അതിന്റെ അടിസ്ഥാന നിയമങ്ങൾക്ക് വിട്ടുകൊടുക്കുന്ന ഒരമൂർത്ത ശക്തിയാണ്. ഈ ശക്തിയുമായി മനുഷ്യന് ഹൃദയംകൊണ്ട് സമ്പർക്കം പുലർത്താം. ഇവിടെ ഹൃദയമെന്ന് പറയുന്നതാകട്ടെ, ഓരോ മനുഷ്യനിലും വികസിച്ചുവരേണ്ട, ചിന്താശക്തിയും പ്രപഞ്ചാഭിമുഖ്യവും ഒന്നുചേരുമ്പോഴുണ്ടാകുന്ന, ആന്തരികതയാണ്. എത്രമാത്രം അറിവുണ്ടായാലും ജീവനെയും അതിനെ നിലനിർത്തുന്ന പ്രപഞ്ച സംവിധാനത്തെയും സമഭാവനയോടെ കാണാനാകുന്നില്ലെങ്കിൽ - സ്നേഹമെന്തെന്ന് അനുഭവിച്ചറിയുന്നില്ലെങ്കിൽ - ഇത്തരമൊരു ഈശ്വരസങ്കൽപം സാദ്ധ്യമല്ല. എത്ര വലിയ ശാസ്ത്രവിജ്ഞാനത്തിനും അപ്പുറത്താണ് ആ ഈശ്വരാനുഭവം.

എന്റെ സുഹൃത്ത് തോമസ്‌ പെരുമ്പള്ളിൽ സംക്ഷിപ്തമായി ഒരിക്കൽ കുറിച്ചത് ഇങ്ങനെ: ഞാൻ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സർവവ്യാപിയാണ്‌, പരിപൂർണ്ണമാണ്. സകല ചരാചരത്തെയും അതാക്കിതീർക്കുന്ന ചൈതന്യമാണ്. ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല. രോഗങ്ങൾ കൊടുക്കുന്നില്ല, സുഖപെടുതുന്നില്ല. പരീക്ഷണങ്ങൾ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല. സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നില്ല, നരകത്തിൽ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്.

Stephen Hawkingൻറെ വിശ്വവിഖ്യാതമായ പുസ്തകം A brief History of Time ന് ഒരു ചെറിയ അവതാരിക എഴുതിയത് Carl Sagan ആണ്. അസ്തിത്വമുള്ളതെല്ലാം ദൈവത്തിന്റെ ഒത്താശയില്ലാതെ തനിയെ ഉണ്ടായി നിലനില്ക്കുന്നു എന്ന് പറയുന്ന ഹോക്കിങ്ങിന്റെ കൃതിയെക്കുറിച്ച് സാഗൻ പറഞ്ഞു നിർത്തുന്നത് രസമുള്ള ഒരു വ്യാജോക്തി (irony) യോടെയാണ്. മലയാളത്തിലാക്കിയാൽ അതിന്റെ ഭംഗി നഷ്ടപ്പെടും. "This is also a book about God . . . or perhaps about the absence of God. The word God fills these pages. Hawking embarks on a quest to answer Einstein's famous question about whether God had any choice in creating the universe. Hawking is attempting, as he explicitly states, to understand the mind of God. And this makes all the more unexpected the conclusion of the effort, at least so far: a universe with no edge in space, no beginning or end in time, and [with] nothing for a Creator to do."

സൃഷ്ടാവെന്നോ പരിപാലകനെന്നോ ഉള്ള നിലയിൽ ദൈവത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ദൈവാസ്തിത്വം മനുഷ്യയുക്തിയിൽ ഒരസ്സാദ്ധ്യതയായി പരിണമിക്കുന്നു. ദൈവമെന്ന ശബ്ദംപോലും ഒരാവശ്യമല്ല. 'ഒരു നല്ല (സന്തുഷ്ട) മനുഷ്യനായിരിക്കുവാൻ ദൈവത്തിൽ വിശ്വസിക്കണമെന്നില്ല' എന്ന് പോപ്‌ ഫ്രാൻസിസ് പറയുമ്പോൾ അതിലിതെല്ലാം സംഗ്രഹിച്ചിരിക്കുന്നു എന്ന് പറയാം.

നിൻറെ സ്വരൂപം

നീ മറ്റെല്ലാവരിലുംനിന്ന് വ്യത്യസ്തനാണെന്ന് സ്വയം കരുതുന്നത് അഹത്തിന്റെ ഒരു രക്ഷാകവചം മാത്രമാണ്. നിന്റെ ദേഹീദേഹങ്ങൾ ആണ് നീ എന്ന ചിന്തയും അങ്ങനെത്തന്നെ. തന്നെപ്പറ്റി പറഞ്ഞും എഴുതിയും അന്യരെ ബോദ്ധ്യപ്പെടുത്താൻ ചിലതൊക്കെ ഉണ്ടെന്നു കരുതുന്നവൻ ആത്മീയപരിവേഷത്തെ പൂച്ചാക്കുകയാണ്. എകാന്തതയേയും സ്വകാര്യതയേയും നഷ്ടപ്പെടുത്തുന്ന പ്രശസ്തി അപടകത്തെ വിളിച്ചുവരുത്തുന്നു.

"എന്റെ ചിന്തയെ ക്രമീകരിക്കാനായാൽ മാത്രമേ എനിക്ക് വിലയുള്ളൂ. പ്രപഞ്ചത്തിന്റെ വിസ്തൃതി എന്നെ ഉൾക്കൊണ്ട്, അതിലെ ഒരു തരിമാത്രമായി ഞാൻ മാറുമ്പോഴും എന്റെ ചിന്തയിൽ അതിനെ ഉൾക്കൊള്ളാൻ എനിക്കാകുന്നു എന്നതാണ് എൻറെ  മഹിമ" (Blaise Pascal (Pensées).

ഒരു വ്യക്തി പ്രപഞ്ചത്തിലെ ഒരു വെറും ബിന്ദുവല്ല. മറിച്ച്, പ്രപഞ്ചം മുഴുവൻ അതിലുണ്ട്: അതിന്റെ അഗാധതയിൽ ജീവശാസ്ത്രപരവും വർഗ്ഗപരവുമായ വാസനകളെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. അവയെ കണ്ടെത്തുകയും അതേ സമയം അവയെ മറികടക്കുകയും എന്നതാണ് ഈ ജീവിതത്തിന്റെ പരമമായ സന്തുഷ്ടി. ചിന്തയെ ക്രമീകരിക്കുക എന്നാൽ മനസ്സിനെ സ്വതന്ത്രമാക്കുക എന്നാണ്. സ്വന്തം തന്ത്രങ്ങളാൽ (സ്വന്തം തീരുമാനങ്ങളനുസരിച്ച്) നയിക്കപ്പെടുന്ന മനസ്സിന് പരിധികളില്ല. പണം, അധികാരം, ജനപ്രീതി എന്നിവകൊണ്ട് സംതൃപ്തമാകുന്ന മനസ്സ് വളർച്ചയില്ലാത്തതാണ്. കാരണം, അകത്തുള്ള ധന്യതയൊഴിച്ച് മറ്റെല്ലാം ഏതു സമയത്തും നഷ്ടപ്പെടാം. ആദ്ധ്യാത്മികതയുടെ ഏകാഗ്രതയിൽ മാത്രമാണ് ഈ തിരിച്ചറിവുണ്ടാവുക. അവിടെ മാത്രമേ 'ഞാൻ' ഇല്ലാതാകാനുള്ള സാദ്ധ്യതയുള്ളൂ. എകാഗ്രതയെന്ന ഏകാന്തതയിൽ മാത്രമേ ഒരാൾക്ക്‌ ഓർമകളുടെ ധാരാളിത്തത്തിൽനിന്ന് രക്ഷപ്പെടാനാവൂ.  ഇവിടെ ഓർമകളെന്നു വിവക്ഷിക്കുന്നത് പാരമ്പര്യമായ ഇന്നലെകൾക്ക് നമ്മിലുള്ള സ്വാധീനത്തെയാണ്. കാലാകാലങ്ങളായി നമ്മുടെ DNA ആർജ്ജിച്ച എല്ലാ അറിവുകളും അവനവൻറെ ജീവനഘട്ടത്തിലെ താത്ക്കാലികമായ വിദ്യാഭ്യാസവും അതില്പ്പെടും. ഇവയെല്ലാം ഒരാളുടെ അസ്തിത്വത്തിൽ ഉടനീളം വളരെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ഈ ശബ്ദങ്ങൾ നിലയ്ക്കണമെങ്കിൽ സ്ഥലകാലങ്ങൾ നിലയ്ക്കണം, താത്ക്കാലികമായിട്ടെങ്കിലും. കാലത്തിനു വെളിയിൽ ഇവയെല്ലാം രാവും പകലും പോലെ അപ്രത്യക്ഷമാകും. ഊർജ്ജം ഘനീഭവിക്കുന്നിടത്താണ് കാലവും സ്ഥലവും ഉണ്ടാകുന്നത്. അതായത്, ദ്രവ്യമാണ്‌ കാലത്തെ സൃഷ്ടിക്കുന്നത്. ഊർജ്ജവും ദ്രവ്യവും സ്ഥലകാലങ്ങളും ഉണ്മയുടെ പ്രത്യക്ഷഭാവങ്ങളാണ്. പ്രത്യക്ഷമെന്നാൽ നമ്മുടെ ബുദ്ധിക്ക് പ്രവർത്തിക്കാൻ വേണ്ടുന്ന ഭൌമമൗലികത. അതായത്, ആർക്കോ പ്രത്യക്ഷീഭവിക്കാവുന്ന ദ്രവ്യത്തിന്റെ ഒരവസ്ഥയാണത്. ഈ 'ആര്' ഇല്ലാതായാൽ പിന്നെയുള്ളത് ശുദ്ധമായ ഉണ്മയാണ്. അതിനെയാണ് വേദാന്തികൾ ആത്മീയമായ ശൂന്യതയെന്നു വിളിക്കുന്നത്. (ആത്മീയം = അവനവനെ ബാധിക്കുന്നത്). അങ്ങനെയൊരവസ്ഥ ഉണ്ടെന്നറിയാനും അവിടെയെത്താനും ഒരാൾ മറ്റെന്തിനെക്കാളുപരി തന്നെപ്പറ്റി അങ്ങേയറ്റം നിർഭയനായിരിക്കണം. അതിനുള്ള സാദ്ധ്യതയാണ് യഥാർഥത്തിൽ സ്നേഹമെന്ന് പറയുന്നത്. ഈ അർഥത്തിൽ അത് ഒരാളോടോ വസ്തുവിനോടോ തോന്നുന്ന ആകർഷണവും അതിന്റെ സഫലീകരണവുമല്ല. മറ്റു വാക്കുകളിൽ, ഈ സ്നേഹം എല്ലാറ്റിൽനിന്നുമുള്ള വിടുതലാണ്. അത് അങ്ങേയറ്റത്തെ സ്വാതന്ത്ര്യമാണ്. അത് എല്ലാ സ്ഥല-കാല പരിധികൾക്കും അപ്പുറത്താണ്. അത് കാലാതീതമാണ്. വ്യക്ത്യാതീതവുമാണ്. അതിന് ഓർമകളില്ല, അതുകൊണ്ട് മറവിയും. ഓർമയില്ലാത്തിടത്ത് നാശവുമില്ലല്ലോ.

ഭാഗം രണ്ട് 
തുടർച്ചയെ - ബന്ധങ്ങളുടെ, പാരമ്പര്യത്തിന്റെ, അനുകരണത്തിന്റെ, കലയുടെ, അറിവിന്റെ, അറിയപ്പെടുന്നതിന്റെ, അക്ഷരങ്ങളുടെ ... - ആഗ്രഹിക്കുന്നതാണ് ദുഃഖത്തിനാധാരം. ഈ പറഞ്ഞവയെല്ലാം മനുഷ്യമനസ്സിൽ മുദ്രണം ചെയ്യുന്നത്   പൊള്ളയായ തുടർക്കഥകളാണ്. മരണം ഈ തുടർക്കഥകളിലെ കാപട്യത്തിന്റെ അന്ത്യമാകുന്നതുകൊണ്ട് അത് മനോഹരമാണ്. മനോഹരമെന്നാൽ മനസ്സിന് ഹരം കൊണ്ടുവരുന്നത് എന്നതിനോടൊപ്പം മനസ്സിനെ ഹരിക്കുന്നത് - ഇല്ലാതാക്കുന്നത് - എന്നും ആണ്.

കാലപ്രവാഹം എന്നൊന്നില്ല. കാരണം, കാലം ചലനത്തെ കല്പിച്ചെടുക്കുന്ന മനസ്സിന്റെ സൃഷ്ടിയാണ്. അപ്പോൾ പ്രപഞ്ചം നമ്മിലൂടെ ഉരുത്തിരിയുന്നുവോ, അതോ നാം പ്രപഞ്ചത്തിലൂടെയോ എന്ന ചോദ്യം സയുക്തമാണ്. ഒരാളുടെ താഴെക്കൊടുത്തിരിക്കുന്ന അനുഭവം ശ്രദ്ധിച്ചു വായിക്കൂ. "എന്റെ ജീവിതത്തിലെ ഏറ്റവും അസ്സാധാരണമായ ഒരനുഭവം ഇങ്ങനെ: ഒരു മനുഷ്യൻ റോഡുപണി ചെയ്യുന്നതായി ഞാൻ കാണുന്നു. എന്നാൽ സൂക്ഷ്മവീക്ഷണത്തിൽ അത് ഞാൻതന്നെയായിരുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായി. അയാൾ ഉപയോഗിച്ചിരുന്ന കൂന്താലിയും ഞാനായിരുന്നു. അയാൾ ഉടച്ചിരുന്ന കല്ലും ഞാനായിരുന്നു. അവിടെ മൃദുവായി വീശിയിരുന്ന കാറ്റും ഞാൻ തന്നെ. അവിടെയൊരു പുൽത്തുമ്പിൽ കയറിയിറങ്ങുന്ന എറുമ്പും ചുറ്റും ചിലച്ചുകൊണ്ടിരുന്ന പക്ഷികളും ഞാനായിരുന്നു. ആ പക്ഷികളുടെ ശബ്ദംപോലും ഞാനല്ലാതെ മറ്റൊന്നുമായിരുന്നില്ല! അപ്പോൾ അവിടേയ്ക്കുവന്ന കാറും അതിന്റെ ഡ്രൈവറും മോട്ടോറും ചക്രങ്ങളും ഞാൻ തന്നെയായിരുന്നു. അവിടെനിന്നുകൊണ്ട് കാണാമായിരുന്ന പർവ്വതം എനിക്കുള്ളിലായിരുന്നു. ജീവനുള്ളതും ഇല്ലാത്തതുമെല്ലാം എനിക്കുള്ളിൽ!" 1922ൽ തനിക്കനുഭവപ്പെട്ട ആത്മീയോണർവിനെ ജെ. കൃഷ്ണമൂർത്തി വിവരിച്ചത് ഇങ്ങനെയായിരുന്നു. ഇങ്ങനെയൊരനുഭവം രമണ മഹർഷിക്കും ഒഷോയ്ക്കും സദ്‌ഗുരു Jaggi Vasudevനും ഉണ്ടായിട്ടുള്ളതായി അവർതന്നെ പറയുന്നുണ്ട്.

"കറുനീലപ്പുടവയിൽ
സുഗമനാം മയിലും നീ
ഇളം പച്ചത്തൂവലാട്ടും
ചെങ്കണ്ണൻ തത്തയും നീ
പിഞ്ചു കുഞ്ഞിന്നോമനത്തം
നിന്നുള്ളിൽ തുടിക്കുന്നു
കാലാന്തരങ്ങളും മഹാ
സമുദ്രങ്ങളും നീ ..."
('അന്ധന്റെ ആവൃതികൾ' - സ്വന്തം കവിതാസമാഹാരം, മൾബറി, 2000)

അറിവും അഹങ്കാരവും പരസ്പരവിരുദ്ധമാണ്. ചിന്തയും അറിവും ആവശ്യമേയില്ലാത്ത അവസ്ഥയാണ് ആത്മസാക്ഷാത്ക്കാരം. അവിടെയെത്തുമ്പോൾ, തനിക്കു മുമ്പിൽ കാണുന്നതെന്തോ അത് സത്യമായി ഒരാൾ തിരിച്ചറിയുന്നു. 'നീതന്നെയാണ് നിന്റെ സഞ്ചാലകശക്തി. നിന്റെ ഇച്ഛയെന്തോ, അതാണ്‌ നീ. നിന്റെ ഇച്ഛപോലെ നിന്റെ കർമം; നിന്റെ കർമംപോലെ നിന്റെ വിധിയും' എന്ന് കഠാേപനിഷത്ത്. "എല്ലാ തേടലുകളുടെയും ഒടുവിൽ നാം തുടങ്ങിയിടത്ത് വന്നുചേരുന്നു; അപ്പോൾ ആദ്യമായി നാം ആ സ്ഥലത്തെ അറിയുന്നു!" (റ്റി. എസ്. എലിയറ്റ്)

ഭാഗം മൂന്ന് 
മരണമെന്ന അന്ത്യാനുഭവത്തെ ഇപ്പോഴത്തെ നിമിഷത്തിലേക്ക് കൊണ്ടുവരുന്ന ഒരു കഴിവ് നിശിതാർത്ഥത്തിൽ ധ്യാനത്തിലൂടെ ആർജ്ജിക്കാവുന്നതാണ്. മരണം തലച്ചോറിന്റെ നാശമാണല്ലോ. ബോധത്തിന്റെ സ്ഥാനമായ തലച്ചോറാണ് മനുഷ്യന്റെ ഏറ്റവും വലിയ ഉപകരണം. എന്നാൽ അതേ സമയം, യഥാർഥ സ്വാതന്ത്ര്യത്തെ ഇച്ഛിക്കുന്നവർക്ക് അതൊരു ബന്ധനവുമാണ്. സഹസ്രാബ്ദങ്ങളുടെ തുടർച്ചയായ ഈ ബന്ധനത്തിൽനിന്നുള്ള വിടുതലാണ് മരണം. കാരണം, നമ്മൾ സ്വന്തമെന്നും വലുതെന്നും കരുതി സൂക്ഷിച്ചിരുന്നവയേയും (പേര്, പാരമ്പര്യം, സ്ഥാനം, സമ്പാദ്യം, ബന്ധങ്ങൾ, പ്രശസ്തി), അഭിമുഖീകരിക്കേണ്ടി വരരുത് എന്ന് ഭയപ്പെട്ടിരുന്നവയേയും (നഷ്ടം, വിരഹം, ദുഃഖം, വേദന) ആണ് മരണം പാടേ മായിച്ചുകളയുന്നത്. അതേ ഫലമുണ്ടാകും ബോധത്തിന്റെ നിരന്തര ധാരയെ നിലയ്ക്കാനനുവദിക്കുമെങ്കിൽ. കാരണം, 'ഞാൻ' എന്ന ഭാവവും അതോടനുബന്ധിച്ചുള്ള ഇച്ഛാശക്തി, അധികാരക്കൊതി, അഭിമാനക്ഷതം, വെറുപ്പ്,  ദുരാഗ്രഹം, അസൂയ എന്നിവയും ബോധത്തിലാണ് ഉടലെടുക്കുന്നതും നിലകൊള്ളുന്നതും. ഈ ബോധത്തെ പിടിച്ചുനിറുത്തി ശുദ്ധീകരിക്കലാണ് ധ്യാനം എന്നയവസ്ഥ. ധ്യാനത്തിലൂടെ എല്ലാ വിധത്തിലും മുക്തനാകുന്നവന് പ്രകൃതിയുടെ ഭാഷ വശമാകും. അതാണ്‌ മുകളിൽ കുറിച്ച കൃഷ്ണമൂർത്തിയുടെ അനുഭവം പഠിപ്പിക്കുന്നത്. ആ അവസ്ഥയിൽ കിട്ടുന്ന തിരിച്ചറിവിൽ ഭാര്യ ഭര്ത്താവിനും മറിച്ചും, ജോലി ഉദ്യോഗസ്ഥനും എന്നപോലെതന്നെ ഭക്തന്/ഭക്തക്ക് നിരന്തരം സംപ്രീതനാക്കി കൊണ്ടുനടക്കേണ്ട ദൈവവും അസ്വാതന്ത്ര്യമാണ് നല്കിയിരുന്നത് എന്ന് മനസ്സിലാകും. പ്രകൃതിയുടെ ഭാഷയറിയുമ്പോൾ, ആ ഭാഷയിൽ അനുവാദം ചോദിച്ചിട്ടല്ലാതെ, ഒരിലയെ അതിന്റെ ഔഷധാംശം ഉപയോഗിക്കാനായിപ്പോലും നാം മുറിച്ചെടുക്കില്ല. ഒരു ജീവനുമേലും നാം മേല്ക്കൊയ്മയോ അധികാരമോ ചെലുത്തുകയില്ല. എന്നാൽ വളരെ ആശ്ചര്യകരമായി തോന്നുന്നതെന്തെന്നാൽ, മനുഷ്യൻറെ ധർമശാസ്ത്രങ്ങളെല്ലാംതന്നെ മിണ്ടാപ്രാണികളോടുള്ള ക്രൂരതയെപ്പറ്റി മൗനം പാലിക്കുന്നു!

ശ്രീമതി സുഗതകുമാരിയുടെ കാവ്യസ്വത്വത്തെ ഹൃദ്യമായി അപഗ്രഥിക്കുന്ന ഒരു ലേഖനം 2016 ജനുവരി അവസാനത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. അതിൽനിന്നൊരു ഭാഗം സംക്ഷിപ്തമായി താഴെ കൊടുക്കുന്നു: സകല ചരാചരങ്ങളുടെയും നിലനില്പിനെയും സമാധാനപരമായ സഹവർത്തിത്വത്തെയും സുസാധ്യമാക്കുന്ന ലോകാനുരാഗമാണ് ധർമം. ഈ ലോകാനുരാഗമാണ് പ്രപഞ്ചഘടനകളെ രജ്ഞിപ്പിക്കുന്ന മനുഷ്യനിലെ ശക്തിവിശേഷം. അത് സർവഭൂതസമഭാവനയാണ്. അതാണ്‌ മാനവസംസ്കാരത്തിന്റെ അന്തഃസത്ത. പരിപാലനയാണ് അതിന്റെ ധർമം. മനുഷ്യകർമം ധർമവിരുദ്ധമായാൽ സർവനാശമാകും ഫലം.

ഇന്നാകട്ടെ സ്വന്തം സുരക്ഷക്കായി എന്ന വ്യാജേന മറ്റു മനുഷ്യരെയും ഒരു സമൂഹത്തെത്തന്നെയും അകറ്റി നിറുത്തുകയും വേണ്ടിവന്നാൽ ഇല്ലാതാക്കുകയും ചെയ്യാനുള്ള പ്രവണത ഏറിവരികയാണെന്ന് നമുക്കറിയാം. മനുഷ്യന്റെ ഈ ധാർഷ്ട്യമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ലജ്ജാകരമായ ജീർണത. ദളിതർ, സവർണർ, സ്വദേശികൾ, പരദേശികൾ, അന്യസംസ്ഥാനക്കാർ, അഭയാർഥികൾ, സ്വന്തക്കാർ, അപരിചിതർ എന്നുതുടങ്ങി നൂറുനൂറു വേര്തിരിവുകളുടെ ഉപയോഗം ഒഴിവാക്കാനാവാത്ത ഒരവസ്ഥയാണ് ഇന്നുള്ളത്. വ്യത്യസ്തമായി ജനിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും തങ്ങളുടെ ജീവിതസാഹചര്യങ്ങൾ ഇടയാക്കുന്നവരെ അസ്പൃശ്യരാക്കുന്ന രീതി അധമമാണ്. ഈ ഗ്രഹത്തിന് വെളിയിൽനിന്ന് മനുഷ്യരാശിയെ നിരീക്ഷിക്കുന്ന ഒരു ബുദ്ധിജീവിക്ക് മേല്പ്പറഞ്ഞ വ്യത്യസ്തതകൾ കണ്ണിൽപെടുകപോലുമില്ല. ബുദ്ധി വികസിച്ച ജീവികൾ ഈ പ്രപഞ്ചത്തിന്റെ പലേടങ്ങളിലും പരിണമിച്ച് ഉണ്ടായിട്ടുണ്ടാവാം. എന്നാൽ പരിണാമപ്രക്രിയ വച്ച് നോക്കിയാൽ നമ്മുടേതുപോലുള്ള മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ മാത്രമേ ഉണ്ടാവാൻ സാദ്ധ്യത തെളിയുന്നുള്ളൂ. അങ്ങനെയെങ്കിൽ അന്യംനിന്നുപോകാൻ വളരെ സാദ്ധ്യതയുള്ള ഒരു കൂട്ടമാണ്‌ നമ്മുടേതും. അതുകൊണ്ട്, എത്ര വ്യത്യസ്തനെന്നു തോന്നിയാലും, ഓരോ മനുഷ്യവ്യക്തിയും അനന്യനും അനർഘനുമാണ്. സഹസ്രകോടി സൗരയൂഥങ്ങളിൽ ഒന്നിൽപോലും നമ്മിൽ ആരുടെയെങ്കിലും മറ്റൊരു കോപ്പി ഉണ്ടാവില്ല. അപ്പോൾ ആരെന്നുമെന്തെന്നും കരുതാതെ, ഓരോ വ്യക്തിയും അങ്ങേയറ്റത്തെ ബഹുമാനത്തിന് അർഹനാണ്. എന്നാൽ സ്വന്തം ധിഷണയിൽ മതിമറന്ന്, അന്യചരാചരങ്ങളെ ഉപഭോഗദൃഷ്ടിയോടെ കാണുന്ന മനുഷ്യന് വഴിതെറ്റുന്നു. പ്രകൃതിയിലെല്ലാം താളാത്മകവും സ്വതസിദ്ധവുമായ ചൈതന്യപ്രവാഹത്തിന്റെ ഭാഗമാണ്. സ്വയം താളബദ്ധമായിത്തീർന്ന് ഈ പ്രവാഹത്തെ കണ്ടെത്തി അതിൽ പങ്കുചേരാനനുവദിക്കുന്ന അന്തർമാപിനികൾ നമ്മിൽ പ്രവർത്തിക്കുന്നതിനെയാണ് ഐശ്വരസ്പർശം എന്ന് പറയാവുന്നത്.  

ഭാഗം നാല് 
ഈശ്വരൻ എന്ന് പറയുമ്പോൾ എന്താണ് പ്രത്യക്ഷമാക്കപ്പെടുന്നതെന്ന് നോക്കാം. സങ്കുചിതമായ അർഥത്തിൽ, "മനുഷ്യന് ഇപ്പോഴുള്ള ദൈവസങ്കല്പത്തിലേക്ക് നയിച്ച വഴികളിലേക്ക് കണ്ണോടിച്ചാൽ കാണുന്നതിതാണ്: നമ്മുടെ ദൃശ്യാനുഭവത്തിനപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന കാരണങ്ങളുടെയെല്ലാം പിന്നിലെ ആദികാരണം എന്ന പൊതുനിഗമനമാണ് നമുക്ക് ദൈവം. അതിനൊരു ബഹുമാന്യസ്ഥാനം നല്കുമ്പോഴും, മനുഷ്യന് ഒരാന്തരിക മാർഗദർശിയായി അത് പരിണമിക്കുന്നില്ല. അതുവഴി സ്വന്തം അജ്ഞതക്കും ആത്മാന്ധകാരത്തിനും പേരിടുക മാത്രമാണ് നാം ചെയ്യുന്നത്." (Paul Heinrich Dietrich). അതുകൊണ്ടാണ്   "അദൃശ്യനായ ഒരു ദൈവത്തിന് ഉപാസന ചെയ്യുന്നതോടൊപ്പം മനുഷ്യൻ ദൃശ്യമായ പ്രകൃതിയെ ഉപദ്രവിച്ചുകൊണ്ടുമിരിക്കുന്നത്. അവൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിതന്നെയാണ് അവനാരാധിക്കുന്ന ദൈവം എന്ന് തിരിച്ചറിയാത്ത ഈ ജീവവർഗ്ഗമാണ് ഏറ്റവും കൂടിയ ബുദ്ധിഭ്രമത്തിന് വശംവദമായി പെരുമാറുന്നത്." (Herbert Reeves)

വിപുലമായ അർഥത്തിലാകട്ടെ, ആകാശം, സമുദ്രം, മണലാരണ്യം, വന്മരങ്ങൾ, സുന്ദരീസുന്ദരന്മാരായ നാനാജാതി ജീവജാലങ്ങൾ, മനുഷ്യർ ... ഇവയുടെയെല്ലാം ആകെത്തുകയാണ് ഈശ്വരൻ എന്ന് പറയാം. ഈശ്വരനെന്ന പ്രകാശത്തെ അന്വേഷിക്കുകയും വിശ്വപ്രപഞ്ചത്തിലെ മധുരോദാരഭാവങ്ങളെ കാണാതിരിക്കയും ചെയ്യുക കാപട്യമാണ് എന്ന് ജി. കൃഷ്ണമൂർത്തി പറഞ്ഞിട്ടുണ്ട്. ശരീരത്തിലെ ഓരോ ഭാഗത്തിനും അതിന്റെ കർത്തവ്യം അറിയാവുന്നതുപോലെ, പ്രപഞ്ചത്തിലെ ഓരോ കണികയ്ക്കും അതിന്റെ സ്ഥാനവും ചലനവുമറിയാം. അതാണ് പ്രപഞ്ചമനസ്സ്. പ്രപഞ്ചമനസ്സിന്റെ സ്വാവബോധമാണ് ദൈവം എന്ന സത്യം മറക്കുമ്പോൾ നമ്മൾ അരക്ഷിതരാകുന്നു. എന്തുകൊണ്ടാണ് ഗ്രഹങ്ങൾ അവയുടെ ഭ്രമണപഥത്തിൽനിന്ന് തെറിച്ചുപോകാത്തതും സൂര്യനിൽ ചെന്നിടിച്ച് ചാമ്പലാകാത്തതും? അവയുടെ ഭ്രമണം ഉളവാക്കുന്ന കേന്ദ്രപരാങ്മുഖശക്തി (centrifugal force) കാരണം. നമ്മിൽ പ്രവർത്തിക്കുന്ന centrifugal force ആണ് നമുക്ക് ഈശ്വരൻ.

നമ്മൾ തിരിച്ചറിയേണ്ടതും എന്നാൽ പൊതുവേ തിരിച്ചറിയാതെ പോകുന്നതുമായ മറ്റൊരു സത്യമുണ്ട്. അതിതാണ്: ജീവജാലങ്ങളുടെ സമത്വത്തെ അംഗീകരിക്കാത്ത ഏത് സ്വാതന്ത്ര്യവും ഈ ഈശ്വരസങ്കല്പത്തിന് നിരക്കുന്നതല്ല. പ്രപഞ്ചത്തിന്റെയും സമൂഹത്തിന്റെയും വ്യക്തിയുടെയും നിലനില്പിന് അനിവാര്യമായ പരക്ലേശവിവേകം സ്വായത്തമാകണമെങ്കിൽ വ്യക്തിമനസ്സ് എന്നപോലെ സമഷ്ടിമനസ്സും സംശുദ്ധമായിത്തീരണം.

മഹത്തായ മനസ്സെന്നു പറയുന്നത് ഏറ്റവും മൃദുലമായതാണ്. അത് വളരെ വേഗം കളങ്കിതമാകാം. ദിനപ്പത്രത്തിന്റെ അല്ലെങ്കിൽ റ്റിവിയുടെ മുമ്പിലിരുന്ന് അതിൽ പടച്ചുവിടുന്ന കോമാളിത്തരങ്ങൾ കണ്ടും കിംവദന്തികൾ കേട്ടും സമയം ചെലവഴിക്കുന്നവർ ആത്മശൂന്യതയിൽ ആണ്ടുപോകുകയാണ് ചെയ്യുന്നത്. ആൾക്കൂട്ടത്തിന്റെ ഉപരിപ്ലവതയിൽ പെട്ടുപോകുന്നതിലൂടെ അവരുടെ മനസ്സ് അശുദ്ധമാക്കപ്പെടുന്നു. പക്വമായ അവബോധത്തിലെത്താൻ വ്യക്തിക്കേ കഴിയൂ. കാരണം, ഓഷോ ഓർമിപ്പിക്കുന്നതുപോലെ, ജനക്കൂട്ടം പരത്തുന്നത് ഇരുട്ടും സംഭ്രാന്തിയുമാണ്.

പ്രപഞ്ചത്തിന്റെ സ്വായത്തമായ പരിണാമം കാഠിന്യത്തിൽ നിന്ന് ലോലതയിലേക്കും സങ്കീർണതയിൽ നിന്ന് സരളതയിലേക്കുമാണ്. എന്നാൽ ആധുനിക മനുഷ്യന്റെ കാര്യം നേരേ തിരിച്ചാണ്. സത്തയിൽ നാം മറ്റെല്ലാറ്റിനോടും ബന്ധപ്പെട്ടിരിക്കുന്നു എന്നറിയുമ്പോപോഴും അതിനനുസരണമുള്ള  ജീവിതോന്നമനത്തിന് ആ അറിവ് ഉത്തേജനമാകുന്നില്ല. അശുദ്ധമായ മനസ്സ് നിരന്തരം സർവസത്തസമഭാവനയെ നിഷേധിച്ചുകൊണ്ടിരിക്കും. ശുദ്ധമായ മനസ്സെന്നത് അധിക വായനയും യുക്തിവിചാരവും നടത്തുന്നവരുടേതല്ല. അത്തരക്കാരുടെ അതിബുദ്ധി കൂർമ്മതയുള്ളതായിരിക്കാം. പക്ഷേ, മൂർച്ചയുള്ളത് മൃദുലമായ സത്തയെ മുറിപ്പെടുത്തും, നശിപ്പിക്കും.

ഉപസംഹാരം: ആറ്റിങ്കരയിലിരുന്ന് കാലുകൾ വെള്ളത്തിലാഴ്ത്തി, ഒഴുക്കിനോടൊത്ത് അൽപനേരം മൂളിക്കൊണ്ടിരിക്കൂ. തലപുകഞ്ഞ് ഒന്നും പഠിക്കേണ്ടതില്ല; മനഃശുദ്ധിയുണ്ടായാൽ മതി. അപ്പോൾ അവിടെ നിറയേണ്ടത്‌ നിറയും എന്നാണ് ശ്രീബുദ്ധൻ കണ്ടെത്തിയത്.

'കൂട്ട്'

പണ്ടത്തെ പ്രണയാനുഭവങ്ങൾ ഓടിയെത്തുമ്പോൾ എങ്ങനെ ഞാനവയെ തടയും? പ്രിയേ, നിന്നെക്കൊണ്ട് എന്റെയുള്ള് നിറയുന്നില്ല. അത് വികസിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ പ്രണയിക്കപ്പെടുന്നതുകൊണ്ട് മാത്രം, ആഴമളക്കാനാവാത്ത പുഴപോലെ നീ ഒഴുകിക്കൊണ്ടിരുന്നു. 'സമയമായിട്ടും' യഥാർഥ പ്രണയത്തെയുണർത്താൻ നമ്മൾ ഇരുവർക്കുമായി കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും ഒന്നും പഠിക്കാത്തവരെപ്പോലെ നമ്മൾ പിരിഞ്ഞു. ഇത്രയും അഴകും ആഴവുമുള്ള ഒരാളെന്ന് ഇരുവർക്കും അന്യോന്യം ബോദ്ധ്യമുണ്ടായിരുന്നിട്ടും ഒന്നും മാറ്റിവയ്ക്കാതെ നമ്മുടെ ജീവിതകുംഭങ്ങളെ ഉടച്ചുകളയുന്ന പ്രക്രിയയായിത്തീർന്നു നമുക്ക് പ്രണയം. ഇനിയൊരു മധുചഷകം നിറക്കാൻ നമ്മൾ തമ്മിൽ കണ്ടെത്തുമോ? 
(ബോബിയച്ചന്റെ 'കൂട്ട്'വായിച്ചപ്പോൾ വന്നെത്തിയ വിരഹത്തിൻറെ ഓർമ്മകൾ.)